'ഈ തറവാടിത്ത ഘോഷണം ബ്രാഹ്‌മണ്യ ദാസ്യം ഊട്ടി ഉറപ്പിക്കാന്‍ '

'ഈ തറവാടിത്ത ഘോഷണം ബ്രാഹ്‌മണ്യ ദാസ്യം ഊട്ടി ഉറപ്പിക്കാന്‍ '

തറവാടിനകത്ത് ദുരിതാവസ്ഥയും സംബന്ധം എന്ന വ്യവസ്ഥയിൽ സ്ത്രീകളുടെ അടിമ തുല്യ ജീവിതവുമാണ് നിലനിന്നിരുന്നതെന്നാണ് യാഥാര്‍ഥ്യം

ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന് വ്യക്തമായി തരം തിരിക്കാവുന്ന വിധത്തില്‍ കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനിന്നിരുന്നില്ല . അതിനു കാരണം സങ്കീര്‍ണമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജാതീയ വ്യവസ്ഥിതിയാണ് കേരളത്തില്‍ നിലനിന്നിരുന്നത് എന്നതുകൊണ്ടാണ്. ക്ഷത്രിയര്‍ എന്നു പറയാന്‍ തക്കവിധത്തില്‍ കേരളത്തില്‍ നാടുവാഴികളോ ക്ഷത്രിയരോ ഉണ്ടായിരുന്നില്ല. ക്ഷത്രിയ പദവി ലഭിക്കാന്‍ ഹിരണ്യ ഗര്‍ഭം നടത്തിയ രാജാക്കന്‍മാര്‍ ജീവിച്ച നാടായിരുന്നു കേരളം . പലപ്പോഴും ക്ഷത്രിയര്‍ എന്നവകാശപ്പെട്ടവരുടെ ക്ഷത്രിയത്വം ആരോപിതമായിരുന്നു .

ഒരേ സമയം നാടുവാഴികളായി ബ്രാഹ്‌മണരും നായന്‍മാരും കേരളത്തിലുണ്ടായിരുന്നു . ബ്രാഹ്‌മണരാകട്ടെ നായന്‍മാരെ ശൂദ്രരായാണ് പരിഗണിച്ചിരുന്നത്. ഇവര്‍ ക്ഷത്രിയാധികാരം കൈക്കലാക്കി നാടു വാഴാന്‍ ആരംഭിച്ചു . ഇത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ലംഘനമായിരുന്നു. ഇതെല്ലാം ക്ഷത്രിയ പദവിയെ കേരളത്തില്‍ സങ്കീര്‍ണാവസ്ഥയിലാക്കി . വൈശ്യരുടെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി . മണിഗ്രാമം അഞ്ചുവണ്ണം, നാനാദേശികള്‍, നാല്പത്തിയെണ്ണായിരവർ തുടങ്ങിയ വര്‍ത്തക സംഘങ്ങളാണ് കേരളത്തില്‍ ഉണ്ടായിരുന്നത് . ഇതു കൂടാതെ അറബികളും ചീനരുമെല്ലാം കേരളത്തില്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു . പിന്നീട് ഡച്ചുകാരും പോര്‍ച്ചുഗീസുകാരും യൂറോപ്യന്‍മാരുമെല്ലാം കച്ചവടത്തിനായെത്തി . ഇതാകട്ടെ ഹിന്ദു ബ്രാഹ്‌മണ മര്യാദ അനുസരിച്ചുള്ള വൈശ്യ വിഭാഗത്തെ സൃഷ്ടിക്കുന്നതില്‍ വിഘാതമായി തീര്‍ന്നു .

ബ്രാഹ്‌മണരാകട്ടെ നായന്‍മാരെ ശൂദ്രരായാണ് പരിഗണിച്ചിരുന്നത്

ബ്രാഹ്‌മണരുടെ വര്‍ണാശ്രമ സിദ്ധാന്തമനുസരിച്ച് ചാതുര്‍വര്‍ണ്യം രൂപപ്പെടുത്തിയെടുക്കന്‍ സാധിച്ചില്ലെങ്കിലും ഒരു ദ്വൈവര്‍ണ്യം സൃഷ്ടിക്കുന്നതില്‍ ബ്രാഹ്‌മണര്‍ വിജയിച്ചു . കേരളത്തിലെ ആ ദ്വൈ വര്‍ണ്യര്‍ ബ്രാഹ്മണരും ശൂദ്രരുമായിരുന്നു. കാണിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കേരളത്തിലെ ചാതുര്‍വര്‍ണ്യത്തില്‍ ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, ശൂദ്രര്‍, വൈശ്യര്‍ എന്നിങ്ങനെ നാല് ജാതിയായി ഉണ്ടായിരുന്നില്ല . ദ്വൈ വര്‍ണ്യർ എന്ന രണ്ട് ജാതികള്‍ മാത്രമാണ് ഉണ്ടായിരുന്നത് . അത് ബ്രാഹ്‌മണരും ശൂദ്രരും മാത്രമാകുന്നു എന്ന് ആര്യന്‍മാരുടെ കുടിയേറ്റം എന്ന കാണിപ്പയൂരിന്റെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ബുദ്ധികൊണ്ട് ചെയ്യേണ്ടതെല്ലാം ബ്രാഹ്‌മണരും ദേഹം കൊണ്ട് വേണ്ടതെല്ലാം ശൂദ്രരും നിറവേറ്റി പോന്നു . ഇങ്ങനെയാണ് ക്ഷത്രിയരും വൈശ്യരുമില്ലാതെ സമൂഹത്തെ ചിട്ടപ്പെടുത്തിയതെന്നും ആര്യന്‍മാരുടെ കുടിയേറ്റത്തില്‍ കാണിപ്പയ്യൂര്‍ വിശദീകരിക്കുന്നുണ്ട് .

ബുദ്ധികൊണ്ട് ചെയ്യേണ്ടതെല്ലാം ബ്രാഹ്‌മണരും ദേഹം കൊണ്ട് വേണ്ടതെല്ലാം ശൂദ്രരും നിറവേറ്റി പോന്നു

ഇത്രയും ആമുഖമായി വിശദീകരിക്കാന്‍ കാരണം ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈ "തറവാടിത്ത ഘോഷണം " അല്ലെങ്കില്‍ ആ വൈശ്യ വശ്യ മനോഹര സങ്കല്പത്തിനുള്ളില്‍ നിലനില്‍ക്കുന്നത് ബ്രാഹ്‌മണ്യ ദാസ മനോഭാവമാണെന്ന് പറയാന്‍ വേണ്ടിയാണ് . തറവാട് എന്ന ഒരു സങ്കല്പം ശൂദ്ര നായന്‍മാരുമായി ബന്ധപ്പെട്ട ഒരു സങ്കല്പമായിട്ടാണ് കേരളത്തില്‍ വളര്‍ന്നുവന്നത് . ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ ശൂദ്രര്‍ ആരാണെന്ന ഒരു ചര്‍ച്ചയിലേക്കു കൂടി കടന്നാല്‍ മാത്രമേ ഈ തറവാടിത്ത ഘോഷണത്തിന്റെ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ആന്തരിക പ്രത്യയ ശാസ്ത്രമെന്താണെന്ന് ബോധ്യപ്പെടുകയുള്ളൂ .

കാണിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കേരളത്തിലെ ചാതുര്‍വര്‍ണ്യത്തില്‍ ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, ശൂദ്രര്‍, വൈശ്യര്‍ എന്നിങ്ങനെ നാല് ജാതിയായി ഉണ്ടായിരുന്നില്ല

കാണിപ്പയ്യൂര്‍ നായർ ജാതി വിഭാഗത്തെ ശൂദ്രര്‍ എന്നാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പരാമര്‍ശിക്കുന്നത് . ചട്ടമ്പി സ്വാമികള്‍ അദ്ദേഹത്തിന്റെ പ്രാചീന മലയാളം എന്ന ഗ്രന്ഥത്തില്‍ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം , മലയാള ബ്രാഹ്‌മണ ശബ്ദവും മലയാള ശൂദ്ര ശബ്ദവുമാണ് ഇവിടുള്ള കുഴപ്പങ്ങള്‍ക്ക് പ്രധാന ഹേതുക്കള്‍ക്ക് കാരണമെന്നാണ് . "ഇവിടുള്ള " എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കേരളമാണ് . പിന്നീട് ചട്ടമ്പി സ്വാമികള്‍ വ്യക്തമാക്കുന്നത്, ബ്രാഹമ്ണര്‍ മലയാളി നായന്‍മാരെ ശൂദ്രര്‍ എന്ന് പറഞ്ഞു പോരുന്നു എന്നാണ് . അതായത് മലയാളി നായന്‍മാരെ മറ്റാരുമല്ല ശൂദ്രര്‍ എന്ന് വിശേഷിപ്പിക്കുന്നത് മറിച്ച് ബ്രാഹ്‌മണര്‍ തന്നെയാണെന്നാണ് ചട്ടമ്പി സ്വാമികള്‍ വ്യക്തമാക്കുന്നത്. ബ്രാഹ്‌മണര്‍ നായന്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലും ശൂദ്രർ എന്ന് പ്രയോഗിച്ചതായും നായന്‍മാര്‍ക്ക് ഇത് അംഗീകരിക്കേണ്ടി വന്നതായും ചട്ടമ്പി സ്വാമികള്‍ സൂചിപ്പിക്കുന്നുണ്ട് .

പഴയ നായര്‍ കുടുംബം
പഴയ നായര്‍ കുടുംബം

ബ്രാഹ്‌മണര്‍ ആരംഭിച്ച ശൂദ്ര പ്രയോഗം കാലക്രമത്തില്‍ നായര്‍ സമുദായം സ്വമേധയാ ഏറ്റെടുക്കുകയും ശൂദ്രരായി സമ്പൂര്‍ണമായി പരിണമിക്കുകയും ചെയ്തു എന്ന് പ്രാചീന മലയാളം വായിച്ചു നോക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും . ഈ വ്യവഹാരമിങ്ങനെ വര്‍ധിച്ച് ഇപ്പോള്‍ നായന്‍മാര്‍ തമ്മിലുള്ള സംഭാഷണങ്ങളിലും രേഖാ പ്രമാണങ്ങളിലും കൂടി ആ വിധം പ്രയോഗിക്കുന്നതിനോടൊപ്പം സ്ഥിര പ്രതിഷ്ഠിതമായിരിക്കുന്നു എന്നു കൂടി ഈ ശൂദ്ര പ്രയോഗത്തെ പറ്റി പ്രാചീന മലയാളത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശദീകരിക്കുന്നുണ്ട് . തന്നെയുമല്ല ശൂദ്ര ശബ്ദം നായന്‍മാരെ സൂചിപ്പിക്കാന്‍ വളരെ പിന്‍കാലത്താണ് ഉപയോഗിച്ചതെന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട് .

ബ്രാഹ്‌മണര്‍ ആരംഭിച്ച ശൂദ്ര പ്രയോഗം കാലക്രമത്തില്‍ നായര്‍ സമുദായം സ്വമേധയാ ഏറ്റെടുക്കുകയും ശൂദ്രരായി സമ്പൂര്‍ണമായി പരിണമിക്കുകയും ചെയ്തു എന്ന് പ്രാചീന മലയാളം വായിച്ചു നോക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും

ഈ ഗ്രന്ഥങ്ങളെ വായിക്കുമ്പോള്‍ ശൂദ്രര്‍ എന്ന് പറയുന്നത് കേരളത്തിലെ നായന്‍മാരെ ലക്ഷ്യമിട്ടാണെന്ന് മനസിലാക്കന്‍ സാധിക്കും .

നായന്‍മാര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത ജാതി വിഭാഗങ്ങളുള്ളതായും നമുക്കറിയാം . അതിൽ സ്വയം ഉന്നതമായ വിഭാഗമാണെന്ന് കിരിയത്ത് നായര്‍ വിചാരിച്ചു. പക്ഷേ അവരേയും ബ്രാഹ്‌മണര്‍ കണ്ടത് ശൂദ്രരായിട്ടാണ് . അതുപോലെ വെളുത്തേടത്ത് നായര്‍ വിളക്കിതല നായര്‍ തുടങ്ങിയവരെയെല്ലാം താണ ജാതിക്കാരായവരായാണ് ബ്രാഹ്‌മണര്‍ പരിഗണിച്ചിരുന്നത് . ഇവിടെ സൂചിപ്പിച്ച ഈ താണ ജാതി നായന്‍മാരുമായുള്ള സഹവാസം, എന്തിനധികം പറയുന്നു സ്പര്‍ശനം പോലും അശുദ്ധിയാക്കും എന്ന് ബ്രാഹ്‌മണ്യം വിശ്വസിച്ചിരുന്നു . ഇങ്ങനെ ഉയര്‍ന്ന നായര്‍, താണ നായര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നായര്‍ വിഭാഗങ്ങള്‍ ഓരോരോ ദ്വീപുകളായിട്ടാണ് കേരളത്തില്‍ ജീവിച്ചു പോന്നത് . അതേ സമയം ബ്രാഹ്‌മണരാകട്ടെ ഇവരെയെല്ലാം ഉയര്‍ന്ന ശൂദ്രര്‍ താഴ്ന്ന ശൂദ്രര്‍ എന്നിങ്ങനെയാണ് പരിഗണിച്ചത്.

ഈ ഗ്രന്ഥങ്ങളെ വായിക്കുമ്പോള്‍ ശൂദ്രര്‍ എന്ന് പറയുന്നത് കേരളത്തിലെ നായന്‍മാരെ ലക്ഷ്യമിട്ടാണെന്ന് മനസിലാക്കന്‍ സാധിക്കും

അങ്ങനെ ഈ തറവാട് എന്ന സങ്കല്‍പ്പത്തിനകത്ത് നിലനിന്നിരുന്ന ഒരു തരം പതിതാവസ്ഥയും അതേ സമയം സംബന്ധം എന്ന വ്യവ്യസ്ഥിതിയിലൂടെ സ്ത്രീകളുടെ ഒരു അടിമ തുല്യ ജീവിതമാണ് തറവാടുകളില്‍ നിലനിന്നിരുന്നതെന്നുമാണ് വെളിപ്പെടുന്ന ഒരു യാഥാര്‍ഥ്യം . തന്നെയുമല്ല ഒരേ സമയം ബ്രാഹ്‌മണര്‍ ഈ സംബന്ധത്തില്‍ ഏര്‍പ്പെടുകയും കുട്ടികളെ സൃഷ്ടിക്കുകയും ചെയ്യുമ്പോഴും കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ബ്രാഹ്‌മണര്‍ തയ്യാറായിരുന്നില്ല എന്ന വൈരുദ്ധ്യവും അതിന്റെ ഒരു സങ്കീര്‍ണാവസ്ഥയും നായര്‍ സമുദായം നേരിട്ടിരുന്നു

ശാങ്കര സ്മൃതി എന്ന പ്രാചീന സ്മൃതിഗ്രന്ഥം കേരളത്തില്‍ നിലനിന്നിരുന്നു. ബ്രാഹ്‌മണരുടെ ഭരണഘടന എന്ന വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമായിരുന്നു ഇത് . ഈ ശാങ്കര സ്മൃതിയില്‍ കേരളത്തിലെ ശൂദ്രര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് . പ്രസ്തുത ഗ്രന്ഥം കേരളത്തിന്റേതാണെന്ന പറയാന്‍ കാരണം ഈ ഗ്രന്ഥത്തിൽ "രാമക്ഷേത്രേ" എന്ന പരാമര്‍ശമുണ്ട് എന്നതിനാലാണ്. രാമ ക്ഷേത്രമെന്നതുകൊണ്ട് പരശുരാമ ക്ഷേത്രം എന്നാണ് സ്പഷ്ടമാവുന്നത്. ഭാര്‍ഗവ ക്ഷേത്രം എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട് . പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന വിശ്വാസം നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ് ഇത് എഴുതപ്പെട്ടതും .

കേരളത്തിലെ ശൂദ്രര്‍ക്ക് ഒരു അസ്ഥിത്വം പോലും ശാങ്കര സ്മൃതി കല്‍പ്പിച്ചു കൊടുക്കുന്നില്ല. ഈ ശാങ്കര സ്മൃതിയുടെ ഒരു ഭാഷാ വ്യാഖ്യാനമുണ്ട് . പി സി പരമേശ്വരന്‍ മൂസത് എന്ന പണ്ഡിതനാണ് ഇതെഴുതിയത്. അതില്‍ പറയുന്ന പ്രകാരം മലയാളത്തില്‍ ശൂദ്രന്‍ അഭിവാദനം ചെയ്യുന്ന പതിവില്ലായെന്നാണ്. ശൂദ്രന്‍ ആ സ്ഥാനത്ത് കൈകൂപ്പി തൊഴുതു നിന്നാല്‍ മതി എന്നും സ്മൃതി അനുശാസിക്കുന്നു. ആധുനിക അര്‍ഥത്തില്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍ കൈകൂപ്പി അഭിവാദ്യം ചെയ്യാന്‍ പോലുമുള്ള അനുവാദം ഈ വിഭാഗക്കാര്‍ക്ക് ശാങ്കര സ്മൃതി അനുവദിച്ചു കൊടുത്തിരുന്നില്ല എന്നാണ് ഭാഷാ വ്യാഖ്യാനത്തിലൂടെ കടന്നു പോകുമ്പോള്‍ മനസിലാകുന്ന വസ്തുത .

ആധുനിക അര്‍ഥത്തില്‍ വ്യാഖ്യാനിക്കുകയാണെങ്കില്‍ കൈകൂപ്പി അഭിവാദ്യം ചെയ്യാന്‍ പോലുമുള്ള അനുവാദം ഈ വിഭാഗക്കാര്‍ക്ക് ശാങ്കര സ്മൃതി അനുവദിച്ചു കൊടുത്തിരുന്നില്ല എന്നാണ് ഭാഷാ വ്യഖ്യാനത്തിലൂടെ കടന്നു പോകുമ്പോള്‍ മനസിലാകുന്ന് വസ്തുത

ശാങ്കര സ്മൃതിയുടെ പതിനൊന്നാമത്തെ അധ്യായത്തിലാണ് ശൂദ്ര ധര്‍മത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതില്‍ പറയുന്ന പ്രകാരം ബ്രാഹ്‌മണ ശുശ്രൂഷയാണ് ശൂദ്രന്റെ മുഖ്യ ധര്‍മമെന്നാണ് സ്മൃതി വ്യക്തമാക്കുന്നത്. ശൂദ്രന്‍ എല്ലാം സമയവും ബ്രാഹ്‌മണരുടെ കാര്യങ്ങള്‍ക്ക് വേണ്ടി തയ്യാറായി നിന്നുകൊണ്ട് ബ്രാഹ്‌മണരെ സന്തോഷിപ്പിക്കണം; അവര്‍ ശകാരിച്ചല്‍ പോലും മറുത്ത് പറയരുത് . തന്റെ അപരാദങ്ങള്‍ പൊറുക്കണേ എന്ന കൂടെ കൂടെ അവരോട് അപേക്ഷിക്കണം . ബ്രാഹ്‌മണര്‍ ഏതെല്ലാം കാര്യങ്ങള്‍ ചെയ്യരുതെന്ന് നിഷേധിക്കുന്നുവോ അതെല്ലാം വര്‍ജിക്കണം, അതിനെ കുറിച്ച് യാതൊരു ആലോചനക്കും ശൂദ്രന് അവകാശമില്ല എന്ന് ശാങ്കര സ്മൃതി വ്യക്തമാക്കുന്നു . ബ്രാഹ്‌മണരുടെ ദാസ്യ വൃത്തി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഏറ്റവും ക്രൂരമായ പതിതാവസ്ഥയിലെത്തിപ്പെട്ട ഒരു വിഭാഗമായിരുന്നു ശൂദ്രര്‍. കൂടാതെ ശൂദ്രന് ധര്‍മ്മാ ധര്‍മ്മങ്ങള്‍ അറിഞ്ഞു കൂടാ അവിടെയെല്ലാം ബ്രാഹ്‌മണ വാക്യം തന്നെ പ്രമാണം . നല്ലതെന്താണ് ചീത്തയെന്താണ് എന്ന് ചിന്തിക്കാന്‍ പോലുമുള്ള ബോധ്യമില്ലാത്തവരാണ് ശൂദ്രര്‍ എന്നാണ് ശാങ്കരസ്മൃതി അടയാളപ്പെടുത്തുന്നത് .

ബ്രാഹ്‌മണരുടെ ദാസ്യ വൃത്തി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഏറ്റവും ക്രൂരമായ പതിതാവസ്ഥയിലെത്തിപ്പെട്ട ഒരു വിഭാഗമായിരുന്നു ശൂദ്രര്‍

ഇതായിരുന്നു നായര്‍ വിഭാഗത്തിന്റെ അവസ്ഥയെന്ന് ചരിത്രപരമായ അന്വേഷണത്തില്‍ അറിയാൻ സാധിക്കും . പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥത്തില്‍ പി ഭാസ്‌ക്കരനുണ്ണി നായന്‍മാരായ ശൂദ്രരുടെ ദാസ്യ മനോഭാവത്തെ പറ്റി എഴുതുന്നുണ്ട് . നായരെ ചാതുര്‍വര്‍ണ്യത്തിലെ നാലാമത്തെ വര്‍ണമായ ശൂദ്രരായി താഴ്ത്തുകയും അതിന് രാജാധികാരം അരു നിൽക്കുകയും ചെയ്ത ശേഷവും നായര്‍ നാടിന്റെ സംരക്ഷകനും നമ്പൂതിരിയുടെ ഭൃത്യനുമെന്ന വിഭിന്ന ജീവിത ശൈലി ജാതി ഗര്‍വം വിടാതെ തന്നെ സ്വീകരിച്ചു എന്ന വൈചിത്രമായ കാഴ്ചയാണ് നായര്‍ സമുദായത്തെ കുറിച്ചോര്‍ക്കുമ്പോള്‍ നടാടെ മുന്നിലെത്തുക എന്ന് ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നു. അതായത് ഒരേ സമയം ബ്രാഹ്‌മണന്റെ ദാസ്യ വൃത്തിയും ബ്രാഹ്‌മണ സംരക്ഷകനുമായി തുടരുക എന്നതായിരുന്നു കേരളത്തിലെ നായന്‍മാരുടെ സാമൂഹിക ജീവിതമെന്നാണ് പി ഭാസ്‌ക്കരനുണ്ണി പ്രതിപാദിക്കുന്നത്

അതായത് ഒരേ സമയം ബ്രാഹ്‌മണന്റെ ദാസ്യ വൃത്തിയും ബ്രാഹ്‌മണ സംരക്ഷകനുമായി തുടരുക എന്നതായിരുന്നു കേരളത്തിലെ നായന്‍മാരുടെ സാമൂഹിക ജീവിതമെന്നാണ് പി ഭാസ്‌ക്കരനുണ്ണി പ്രതിപാദിക്കുന്നത്

നായന്‍മാര്‍ പല അവാന്തര ജാതികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും ഉള്ളതില്‍ ഉയര്‍ന്ന ജാതിക്ക് കിരിയം എന്നാണ് ബ്രീട്ടീഷ് മലബാറില്‍ പറഞ്ഞു വരാറുള്ളത് എന്നുമാണ്. അത് കൊച്ചിയില്‍ വെള്ളായ്മ എന്നും പറയുന്നു . പിന്നെയുള്ളതാണ് ശൂദ്ര നായന്‍മാര്‍ , അവര്‍ പലവിധത്തിലുള്ള ദാസ്യവൃത്തികള്‍ ചെയ്യുന്നതിനായി നമ്പൂതിരിമാരുടേയോ ക്ഷത്രിയരുടേയോ ഭവനങ്ങളോട് സംബന്ധപ്പെട്ട് നിലനില്‍ക്കുന്നവരാകുന്നു എന്ന്

പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം , പി ഭാസ്ക്കരനുണ്ണി

ഇതെല്ലാം ഇപ്പോള്‍ വിശദീകരിക്കാന്‍ കാരണം തറവാട് എന്നു പറയുന്നത് മുഴുവന്‍ ബ്രാഹ്‌മണ്യ ദാസ്യത്തിന്റെ ഈറ്റില്ലങ്ങളായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് . അത് മഹത്വ പൂര്‍ണമായ വ്യവഹാരമായിരുന്നില്ല . കേരളത്തിലെ അടിത്തട്ടു സമുദായങ്ങളിലും കേരളത്തിലെമ്പാടും ബ്രാഹ്‌മണ്യത്തെ വ്യാപിപ്പിക്കുന്നതിനും ജാതി വ്യവസ്ഥ ഇളക്കം തട്ടാതെ നിലനിര്‍ത്തി പോരുന്നതിനും പല വിതാനങ്ങളിൽ ഹേതുവായത് ഈ ശൂദ്ര വിഭാഗമാണ് . മാത്രവുമല്ല ടിപ്പു കേരളത്തിലേക്ക് വരുന്ന സമയത്ത് ടിപ്പു വന്നത് കേരളത്തെ മലിനമാക്കി എന്നെഴുതിയത് മറ്റാരുമല്ല ഏ ആര്‍ രാജരാജ വര്‍മയായിരുന്നു എന്നതും നമ്മള്‍ ഓര്‍മിക്കണം . അദ്ദേഹത്തിന്റെ ആംഗല സാമ്രാജ്യം എന്ന ഗ്രന്ഥത്തില്‍ ടിപ്പുവും മുസ്ലീങ്ങളും കേരളത്തില്‍ കാലു കുത്തിയപ്പോള്‍ കേരളം അശുദ്ധമായി തീര്‍ന്നുവെന്നാണ് എഴുതിയത് . ശൂദ്ര ധര്‍മത്തില്‍ മുസ്ലീം വിരോധവും ദളിത് വിരോധവും മറ്റ് പിന്നോക്ക വിഭാഗങ്ങളോടുള്ള വിരോധവും അന്തര്‍ലീനമായിരിക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നു.

ആധുനിക കാലഘട്ടത്തില്‍ ഈ ശൂദ്ര സമുദായം താണവര്‍ എന്നോ ഉയര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ജാതിക്കൂട്ടമായി മാറിയതോടു കൂടി കേരളത്തില്‍ ജാതി വ്യവസ്ഥ കൂടുതല്‍ പ്രബലമാകുകയാണ് ചെയ്തത്. ആധുനിക അര്‍ഥത്തില്‍ സമുദായ വത്കരിക്കപ്പെടുകയല്ല ചെയ്യുന്നത് മറിച്ച ശൂദ്രര്‍ ഉപജാതി വ്യത്യാസങ്ങള്‍ മറന്ന് സംഘടിക്കപ്പെട്ടതോടു കൂടി കേരളത്തിലെ ജാതി വ്യവസ്ഥ കൂടുതല്‍ ശക്തമായി മാറുകയായിരുന്നു . സമുദായവത്കരണത്തിനപ്പുറം ജാതിയുടെ മേല്‍ക്കോയ്മാ വത്കരണമാണ് കേരളത്തില്‍ യഥാര്‍ഥത്തില്‍ നടന്നത് . അതിന്റെ അനന്തര ഫലമായിട്ടാണ് ഈ തറവാടിത്ത ഘോഷണങ്ങളൊക്കെയുണ്ടാകുന്നതും നമ്മള്‍ അതില്‍ അകപ്പെട്ടിരിക്കുന്നതും .

കേരളത്തില്‍ ശബരിമല കലാപം നടന്ന സമയത്ത് പരമോന്നത കോടതി വിധിക്കെതിരെ ബ്രാഹ്‌മണ്യത്തെ സംരക്ഷിക്കാൻ റോഡിലേക്കിറങ്ങിയത് ആരാണെന്ന് നോക്കിയാല്‍ നമ്മുക്കത് ബോധ്യപ്പെടും.

ചട്ടമ്പി സ്വാമി എഴുതിയ പുസ്തകത്തിലും ശൂദ്രര്‍ എന്ന് സൂചിപ്പിക്കുന്നത് നായന്‍മാരെ തന്നെയാണെന്നത് വ്യക്തമാണ്. ചട്ടമ്പി സ്വാമിയെ കേരളത്തിലെ നവോത്ഥാന നായകന്‍മാരുടെ പട്ടികയില്‍ ഉൾപ്പെടുന്ന മഹനീയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ രചനകളായ പ്രാചീന മലയാളവും വേദാധികാര നിരൂപണവും യഥാര്‍ഥത്തില്‍ കേരളത്തിലെ ശൂദ്രാധികാരത്തെ സഥാപിക്കുന്നതിനു വേണ്ടി രചിച്ച ഗ്രന്ഥങ്ങളാണ്. അതൊരു നവോത്ഥാന പ്രക്രിയയായി വിലയിരുത്തുന്നതിൽ പോരായ്മ വന്നിട്ടുണ്ട് എന്നത് പറയാതെ നിവ‍ൃത്തിയില്ല .

കേരളത്തില്‍ ശബരിമല കലാപം നടന്ന സമയത്ത് പരമോന്നത കോടതി വിധിക്കെതിരെ ബ്രാഹ്‌മണ്യത്തെ സംരക്ഷിക്കാൻ റോഡിലേക്കിറങ്ങിയത് ആരാണെന്ന് നോക്കിയാല്‍ നമ്മുക്കത് ബോധ്യപ്പെടും

മലയാള ബ്രാഹ്‌മണർ നായന്‍മാരില്‍ ആരോപിച്ച ശൂദ്രത്വം ഇല്ലായ്മ ചെയ്യുന്നതിനും മലയാള നാടിന്റ യഥാര്‍ഥ പ്രഭുക്കള്‍ നായന്‍മാരാണെന്ന് സഥാപിക്കുന്നതിനും വേണ്ടിയാണ് ചട്ടമ്പി സ്വാമികള്‍ പ്രാചീന മലയാളത്തില്‍ ശ്രമിക്കുന്നത് . ഇന്ത്യയുടെ മൊത്തം പശ്ചാത്തലത്തില്‍ ശൂദ്രര്‍ എന്നു പറയുമ്പോള്‍ ദളിതര്‍ പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ എന്നിവരെ ഉള്‍പ്പെടുത്തി ശൂദ്രര്‍ എന്ന വിപുല സംവര്‍ഗം സൃഷ്ടിക്കുന്ന ഒരു പതിവ് നിലനില്‍ക്കുന്നുണ്ട് . എന്നാല്‍ കേരളത്തെ സംബന്ധിച്ച് അത് ഒട്ടും ശരിയല്ല . കേരളത്തില്‍ ശൂദ്രര്‍ എന്നത് നായര്‍ വിഭാഗത്തെ തന്നെ ഉദ്ദേശിച്ചാണ് കാണിപ്പയൂരും ചട്ടമ്പി സ്വാമിയുള്‍പ്പെടെയുള്ളവരും രേഖപ്പെടുത്തിയിട്ടുള്ളത് .

മലയാള ബ്രാഹ്‌മണർ നായന്‍മാരില്‍ ആരോപിച്ച ശൂദ്രത്വം ഇല്ലായ്മ ചെയ്യുന്നതിനും മലയാള നാടിന്റ യഥാര്‍ഥ പ്രഭുക്കള്‍ നായന്‍മാരാണെന്ന് സഥാപിക്കുന്നതിനും വേണ്ടിയാണ് ചട്ടമ്പി സ്വാമികള്‍ പ്രാചീന മലയാളത്തില്‍ ശ്രമിക്കുന്നത്

ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന തറവാടിത്ത ഘോഷണം കേരളത്തിലെ ബ്രാഹ്‌മണ്യ ദാസ്യ മനോഭാവത്തെ ഊട്ടിഉറപ്പിക്കുന്ന രീതിയിലുള്ള ഒന്നാണ്. ശൂദ്രാധികാര വര്‍ഗം ആ രീതിയിലുള്ള ശ്രേണീകൃത അസമത്വത്തെ നിലനിര്‍ത്താനു ലക്ഷ്യത്തോടു കൂടിയാണ് ഈ തറവാടിത്ത ഘോഷണവുമൊക്കെ ഉയര്‍ത്തുന്നത് എന്ന് തീർത്തും സംശയിക്കാവുന്നതാണ് . ഹിന്ദുത്വ ഫാസിസം വലിയ രീതിയില്‍ കേരളത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തെ തന്നെ പിടിമുറുക്കിയിരിക്കുന്ന ഈ അവസരത്തില്‍ തറവാടിത്ത ഘോഷണങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല . തമാശ രൂപേണ പരിഗണിക്കേണ്ട കാര്യമല്ല ഇതെന്നാണ് മനസിലാക്കേണ്ടത് . ബ്രാഹ്‌മണ്യത്തെ തിരികെ കൊണ്ടുവരാനുള്ള കുടില ശ്രമത്തിന്റ ഭാഗമായിട്ടാണ് ഈ ശൂദ്ര മനോഭാവം കൂടുതല്‍ കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

ഹിന്ദുത്വ ഫാസിസം വലിയ രീതിയില്‍ കേരളത്തിന്റെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തെ തന്നെ പിടിമുറുക്കിയിരിക്കുന്ന ഈ അവസരത്തില്‍ തറവാടിത്ത ഘോഷണങ്ങളെ നിസാരമായി കാണാന്‍ സാധിക്കില്ല .

ഇത് അടിസ്ഥാനപരമായി നമ്മുടെ ഭരണഘടനാ ജനാധിപത്യത്തേയും സാഹോദര്യ മനോഭാവത്തേയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റ ഭാഗം കൂടിയാണ്. കാരണം ശ്രീജിത്ത് ഐ പി എസിന്റ സംഭാഷണം നോക്കിയാല്‍ നമ്മുക്കത് മനസിലാകും . ഒരു മുസ്ലീം കുട്ടിയോട് ചോദിച്ചത് തറവാടിനെ കുറിച്ചായിരുന്നു . വളരെ പരിഹാസത്തോടെ ചോദിക്കുന്നുണ്ട് നിങ്ങള്‍ക്കെന്നാണ് തറവാട് ഉണ്ടായതെന്ന്. നിങ്ങള്‍ക്കൊക്കെ എന്നാണ് വീടുണ്ടായതെന്നും നിങ്ങളൊയൊക്കെ ആരാണ് മനുഷ്യരായി പരിഗണിക്കുന്നത് എന്ന രീതിയില്‍ പരിഹസിക്കുന്ന, പൗര ശരീരത്തെ തന്നെ ഹീനമായി അവതരിപ്പിക്കുന്ന ഒരു സംഭാഷണ ശൈലി നമുക്ക് ആ വീഡിയോ ക്ലിപ്പിലൂടെ കാണാന്‍ കഴിയും .

ശ്രീജിത്ത് ഐ പി എസ്
ശ്രീജിത്ത് ഐ പി എസ്

നിങ്ങള്‍ക്കൊക്കെ എന്നാണ് വീടുണ്ടായതെന്നും നിങ്ങളൊയൊക്കെ ആരാണ് മനുഷ്യരായി പരിഗണിക്കുന്നത് എന്ന രീതിയില്‍ പരിഹസിക്കുന്ന പൗര ശരീരത്തെ തന്നെ ഹീനമായി അവതരിപ്പിക്കുന്ന ഒരു സംഭാഷണ ശൈലി നമ്മുക്ക് ആ വീഡിയോ ക്ലിപ്പിലൂടെ കാണാന്‍ കഴിയും

നരവംശ ശാസ്ത്രം ഉദ്ധരിച്ചുള്ള വിശദീകരണമല്ല ,മറിച്ച് നായര്‍ സമുദായത്തിലെ തറവാടുകളാണ് ഉത്തമമായ ഗൃഹമെന്നും മറിച്ചുള്ള മനുഷ്യരുടെ വീടുകളും ആവാസ വ്യവസ്ഥകളും ഹീനമാണ് എന്നൊരു ധ്വനി കലര്‍ന്നൊരു സംഭാഷണമാണ് അതിലുള്ളsങ്ങിയിരിക്കുന്നത്. നായര്‍ തറവാടുകളുടെ മഹത്വ പൂര്‍ണത ആഘോഷിക്കുന്നതുകൊണ്ടു തന്നെയാണ് ദളിതരുടേയും പിന്നാക്ക ജാതി വിഭാഗങ്ങളുടെയും ആവാസ സ്ഥലങ്ങള്‍ ഏറ്റവും മോശമാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനും കഴിയുന്നത്. ഇവരെല്ലാം ഹീന മനുഷ്യരാണ് എന്ന് കരുതുന്നതിന്റേയും പ്രധാന കാരണം ഈ തറവാടിത്ത മഹിമകളില്‍പ്പെട്ടു പോയതു കൊണ്ടാണ് .

തറവാടിത്ത മഹിമ പാടുന്നവര്‍ക്ക് ആധുനിക പൗരരായി മാറാന്‍ സാധിച്ചിട്ടില്ല , ഇവരാരും തന്നെ ഭരണഘടനാ ജനാധിപത്യം അംഗീകരിക്കുന്നവരല്ല.

തറവാടിത്ത മഹിമ പാടുന്നവര്‍ക്ക് ആധുനിക പൗരരായി മാറാന്‍ സാധിച്ചിട്ടില്ല , ഇവരാരും തന്നെ ഭരണഘടനാ ജനാധിപത്യം അംഗീകരിക്കുന്നവരല്ല. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന സാഹോദര്യത്തേയും സമത്വത്തേും സ്വാതന്ത്ര്യത്തേയും അംഗീകരിക്കുന്നവരല്ല എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അടിസ്ഥാനപരമായി ഈ തറവാടിത്ത ഘോഷണങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരായുള്ള സാംസ്‌ക്കാരിക സമരമായികൂടി കാണേണ്ടതുണ്ട്

logo
The Fourth
www.thefourthnews.in