സുസ്ഥിരവും സുരക്ഷിതവുമാകട്ടെ നമ്മുടെ സ്വപ്നപദ്ധതികള്‍

സുസ്ഥിരവും സുരക്ഷിതവുമാകട്ടെ നമ്മുടെ സ്വപ്നപദ്ധതികള്‍

ഏതൊരു പുഴയില്‍നിന്നും തോടിൽനിന്നും കിണറില്‍നിന്നും ഒരു ഭയവും കൂടാതെ വെള്ളം കോരിക്കുടിക്കാന്‍ പറ്റുന്ന രീതിയില്‍ ശുദ്ധമായിരിക്കുമെന്ന് ഉറപ്പാക്കുന്ന സ്വപ്നപദ്ധതി നമുക്കുണ്ടാവണം

ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക (#BeatPlasticPollution) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. അതാത് പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പ്രധാന പരിസ്ഥിതിപ്രശ്‌നങ്ങളെ ഒഴിവാക്കാനും അവയ്ക്ക് പരിഹാരം കാണാനും ഇന്നേ ദിവസം രാജ്യങ്ങളും സംഘടനകളും പ്രാദേശിക സര്‍ക്കാരുകളും കോര്‍പറേറ്റുകളും അത് പോലെ വ്യക്തികളും ശ്രമിക്കണം എന്ന ആഹ്വാനത്തോടെയാണ് പരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നത്.

കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥകളെയും ജലനിര്‍ഗമന സംവിധാനങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും തകര്‍ക്കുന്നതാവരുത് നമ്മുടെ ഒരു പദ്ധതിയും

ഒരു നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനത്തോടെ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കഴിഞ്ഞ മാസമായിരുന്നു. ഇനി മൂന്ന് വര്‍ഷം കൂടിയുണ്ട് ഈ നേട്ടത്തിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിക്കാന്‍. അതിനായി ഒട്ടേറെ സ്വപ്നപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ്. എന്നാല്‍ ഇതില്‍ പല പദ്ധതികളും കേരളത്തിന്റെ നിലനില്പിനെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന് ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥകളെയും ജലനിര്‍ഗമന സംവിധാനങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും തകര്‍ക്കുന്നതാവരുത് നമ്മുടെ ഒരു പദ്ധതിയും. നമുക്ക് വേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഉല്‍പ്പാദനക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായുള്ള സ്വപ്നപദ്ധതികളാണ്. കേരളത്തെ നവകേരളമാക്കാന്‍ സഹായകമാകുന്ന മൂന്ന് സ്വപ്നപദ്ധതികള്‍, വരുന്ന മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ പറ്റുന്നവ, ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കട്ടെ.

ലിറ്റര്‍ ഫ്രീ കേരള

ഇന്നും കേരളം ഒരു പ്ലാസ്റ്റിക് മാലിന്യ ചവറ്റുകുട്ടയാണ്. നമ്മുടെ നഗരസഭകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നല്ല രീതിയില്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചാല്‍പോലും നമ്മുടെ പ്ലാസ്റ്റിക് ഉപഭോഗസ്വഭാവവും വലിച്ചെറിയല്‍ സംസ്‌കാരവും മാറ്റാത്തിടത്തോളം ഈ ദുഷിച്ച അവസ്ഥയില്‍നിന്ന് നമുക്ക് മോചനമില്ല. അപ്പോള്‍ എന്താണ് വഴി? ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയാന്‍ വേണ്ടി മാത്രം ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചേ മതിയാകൂ. അവയുടെ ഉല്‍പ്പാദനവും ഉപയോഗവും നിരോധിക്കുന്നതിന്റെ കൂടെ, ബദലുകള്‍ക്ക് പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്. ചെറിയ പാക്കറ്റുകളില്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ വേണ്ടി വില്‍ക്കുന്ന സമ്പ്രദായം ഒരു വൃത്തികെട്ട വില്‍പ്പന തന്ത്രമാണെന്ന് തിരിച്ചറിയുകയും അതു നിരോധിക്കുകയും വേണം. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയാന്‍ പറ്റുന്ന കുപ്പികളിലല്ല വെള്ളം വില്‍ക്കേണ്ടത്.

നമുക്ക് ഇവിടയുള്ളത് Ecotourism ആണെന്നും Litter Tourism അല്ലായെന്നും ലോകത്തെ അറിയിക്കാനും അവര്‍ അതനുസരിച്ചു പെരുമാറാന്‍ പഠിച്ചിട്ട് വേണം ഇവിടെ വരാനെന്നും അവര്‍ക്കും നമുക്കും മനസ്സിലാകണം.
സുല്‍ത്താന്‍ ബത്തേരിയിൽ നിന്നുമുളള ഒരു കാഴ്ച
സുല്‍ത്താന്‍ ബത്തേരിയിൽ നിന്നുമുളള ഒരു കാഴ്ച

നഗരങ്ങളെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്നുള്ളതിന് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഒരു നല്ല മാതൃകയാണ്. താരതമ്യേന വലിയ പട്ടണമാണെങ്കിലും എവിടെയും ഒരു തുണ്ട് കടലാസോ മിഠായി പൊതിയുന്ന പ്ലാസ്റ്റിക്കോ ഒന്നും കാണാന്‍ കഴിയില്ല. അത് ഒരു നഗരസഭയുടെ പ്രതിജ്ഞയാണെങ്കിലും ജനങ്ങളുടെ ഉറച്ച തീരുമാനവും അവരും കൂടി പങ്കെടുത്തു നടപ്പാക്കുന്ന ഒരു പരിപ്രേക്ഷ്യവും കൂടിയാണ്. അതായത് വെറും പ്രചാരണം കൊണ്ട് മാത്രം വരുന്നതല്ല ഈ മാറ്റം. ഒരു സ്വപ്ന പദ്ധതി സുസ്ഥിരമായി നടപ്പാക്കുന്നതാണ് നമുക്ക് അവിടെ കാണാന്‍ കഴിയുന്നത്. ഒരു സുല്‍ത്താന്‍ ബത്തേരിയില്‍ ഇത് നടപ്പാകുമെന്നുണ്ടെകില്‍ സംസ്ഥാന സര്‍ക്കാരിന് കേരളം മുഴുവനായി ഇത് നടപ്പാക്കാന്‍ പറ്റുന്നതേയുള്ളു. അതിന് വേണം ഒരു സ്വപ്ന പദ്ധതി. കേരളത്തിലേക്ക് വരുന്ന ഓരോ സഞ്ചാരിക്കും മനസിലാകണം ഇവിടെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മലയാളികള്‍ സഹിക്കില്ലായെന്ന്, അത് കാണുന്ന ഏതൊരു മലയാളിയും തടയുമെന്ന്. നമുക്ക് ഇവിടയുള്ളത് Ecotourism ആണെന്നും Litter Tourism അല്ലായെന്നും ലോകത്തെ അറിയിക്കാനും അവര്‍ അതനുസരിച്ചു പെരുമാറാന്‍ പഠിച്ചിട്ട് വേണം ഇവിടെ വരാനെന്നും അവര്‍ക്കും നമുക്കും മനസ്സിലാകണം. Litter Free Kerala എന്നുള്ളത് മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന ഒരു സമഗ്ര സ്വപ്നപദ്ധതി തന്നെയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോൾ
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോൾ

നമ്മുടെ വ്യവസായ കേന്ദ്രമായ കൊച്ചിയിലെ ഏലൂര്‍-എടയാറിന്റെയും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെയും ഇരകളായത് പെരിയാറും ചിത്രപ്പുഴയും ഒക്കെയാണ്

പുഴകള്‍ക്കായ് ഒരുക്കാം പുണ്യവഴി

കേരളത്തിലൊഴുകുന്ന 44 പുഴകളില്‍ മിക്കതും മലിനമാണ്. നമ്മുടെ പുഴകളില്‍നിന്നും അമിതമായി മണല്‍വാരിയും വശങ്ങള്‍ കയ്യേറിയും തീരങ്ങളിലെ സ്വാഭാവിക പച്ചപ്പ് ഇല്ലാതാക്കിയും നമ്മള്‍ അവയെ കൊന്നുകൊണ്ടിരിക്കുന്നു. പുഴകള്‍ മാത്രമല്ല കേരളത്തിലെ കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും കിണറുകളുമൊക്കെ മലിനമായിരിക്കുന്നു. ശുദ്ധമായ ജലം ഒഴുകണമെങ്കില്‍ പുഴയിലേക്ക് ഒഴുകുന്ന മലിനജലത്തിന്റെ സ്രോതസ്സുകളെ തടയേണ്ടതുണ്ട്. നമ്മുടെ വ്യവസായ കേന്ദ്രമായ കൊച്ചിയിലെ ഏലൂര്‍-എടയാറിന്റെയും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെയും ഇരകളായത് പെരിയാറും ചിത്രപ്പുഴയും ഒക്കെയാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഇര പമ്പയാറും. അതുപോലെ ദുരിതത്തിലാണ് ആ വെള്ളം ഉപയോഗിക്കുന്ന ജനങ്ങളും മറ്റ് ജീവജാലങ്ങളും. ഇവിടെയാണ് നമുക്ക് അടുത്ത ബൃഹ്ത്തായ സ്വപ്നപദ്ധതി വേണ്ടത്. ഏതൊരു പുഴയില്‍നിന്നും തോടിൽനിന്നും കിണറില്‍നിന്നും ഒരു ഭയവും കൂടാതെ വെള്ളം കോരിക്കുടിക്കാന്‍ പറ്റുന്ന രീതിയില്‍ ശുദ്ധമായിരിക്കുമെന്ന് ഉറപ്പാക്കുന്ന സ്വപ്നപദ്ധതി നമുക്കുണ്ടാവണം. അപ്പോഴാണ് നവകേരളത്തിന്റെ മുദ്രാവാക്യങ്ങളായ 'Room for the Rivers', 'Living with the Water' യാഥാര്‍ഥ്യമാവുകയുള്ളു. കേരളത്തില്‍ ഒഴുകിവരുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പായാല്‍ പിന്നെയെന്തിന് കുപ്പിവെള്ളം, എന്തിന് പ്ലാസ്റ്റിക് കുപ്പികള്‍?

കാലാവസ്ഥ മാറ്റം കാരണമുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മുടെ കാടുകളുടെ പരിസരത്തും മലയോര മേഖലയിലും പുഴകളുടെ തീരങ്ങളിലും, തീരപ്രദേശങ്ങളിലും ജീവിക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് കരുതലായി ഒരു സംവിധാനം തന്നെ ഉണ്ടാക്കുകയും ചെയ്യേണ്ടത് ബൃഹത്തായ സ്വപ്നപദ്ധതിയിലൂടെ ആയിരിക്കണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം

കാലാവസ്ഥ പ്രതിസന്ധി കേരളത്തെ അതിരൂക്ഷമായാണ് ബാധിക്കുന്നത്. തീരാ ദുരന്തങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണ് കേരളത്തിന്റെ പ്രധാന ആവാസവ്യവസ്ഥകള്‍. അതില്‍ തന്നെ ഏറ്റവും അധികം നമ്മുടെ അശാസ്ത്രീയവും അവിവേകവുമായ ഇടപെടലുകള്‍ കൊണ്ട് നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് പശ്ചിമഘട്ട മലനിരകളും പുല്‍മേടുകളും കാടും അതിനോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസമുള്ള മലയോരപ്രദേശങ്ങളുമാണ്. അതുപോലെ നശിക്കുന്നത് നമ്മുടെ ഇടനാടന്‍ കുന്നുകളും പിന്നെ തീരപ്രദേശങ്ങളുമാണ്. പശ്ചിമഘട്ട മലനിരകളുടെയും കാടിന്റെയും ശോഷണവുമായി നേരിട്ട് ബന്ധമുള്ളതാണ് കാടിനോടുചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരും ആദിവാസികളും അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ കടന്നുകയറ്റം.

2019ലെ പ്രള.കാലത്ത് കവളപ്പാറ ദുരന്തഭൂമിയായപ്പോൾ
2019ലെ പ്രള.കാലത്ത് കവളപ്പാറ ദുരന്തഭൂമിയായപ്പോൾ

വെസ്റ്റേണ്‍ ഗാട്‌സ് ഇക്കോളജി എക്‌സ്പര്‍ട്ട് പാനല്‍ റിപ്പോര്‍ട്ടിലെ (WGEEP ) നിര്‍ദ്ദേശങ്ങള്‍ സമഗ്രമായ പദ്ധതിയിലൂടെ നടപ്പാക്കേണ്ടതുണ്ട്. ഇത് പോലെതന്നെയാണ് തീരദേശമടക്കമുള്ള ആവാസവ്യവസ്ഥകളെയും പുനരുജ്ജീവിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത്. കാലാവസ്ഥ മാറ്റം കാരണമുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മുടെ കാടുകളുടെ പരിസരത്തും മലയോര മേഖലയിലും പുഴകളുടെ തീരങ്ങളിലും, തീരപ്രദേശങ്ങളിലും ജീവിക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് കരുതലായി ഒരു സംവിധാനം തന്നെ ഉണ്ടാക്കുകയും ചെയ്യേണ്ടത് ബൃഹത്തായ സ്വപ്നപദ്ധതിയിലൂടെ ആയിരിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ഇതില്‍ പങ്കാളികളാക്കി വേണം ഈ പദ്ധതികള്‍ നടപ്പാക്കേണ്ടത്.

2018-ലെ പ്രളയത്തെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസ്സെസ്‌മെന്റ് റിപ്പോര്‍ട്ടിലെ (PDNA) നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു വേണം സ്വപ്നപദ്ധതികള്‍ തയ്യാറാക്കേണ്ടത്. ഹരിതവും കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കാന്‍ വേണ്ടതുമായ (Green and Resilient Kerala) വികസന കാഴ്ചപ്പാടാണ് ആ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള ഭൂവിനിയോഗം, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമായ സമീപനം, പിന്നെ അറിവിന്റെയും അനുയോജ്യമായ സാങ്കേതികവിദ്യകളുടെയും നവീകരണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം പുനര്‍നിര്‍മാണെന്നും നിര്‍ദ്ദേശിക്കുന്നു.

കേരളത്തിന് വികസനം വേണ്ടത് തന്നെയാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം, ആവാസവ്യവസ്ഥകളുടെ തകര്‍ച്ച, അത് മൂലമുണ്ടാകു്ന്ന സാമൂഹികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍, വിഭവങ്ങളുടെ അമിത ചൂഷണം എന്നിവയെ കണക്കിലെടുക്കാതെ വികസിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പരിസ്ഥിതി വിരുദ്ധവും കാലാവസ്ഥ വിരുദ്ധവും ആവാസവ്യവസ്ഥ വിരുദ്ധവുമായ ഒരു വികസനവും ശാശ്വതമല്ലെന്ന് മാത്രമല്ല, അത് പൂര്‍ണമായും മനുഷ്യവിരുദ്ധവുമാകുമെന്ന് ഓര്‍മിക്കാനുള്ള അവസരംകൂടിയാണ് ലോക പരിസ്ഥിതി ദിനം.

നമുക്ക് വേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഉല്‍പ്പാദനക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായുള്ള സ്വപ്നപദ്ധതികളാണ്

We want eco friendly and sustainable dream projects

logo
The Fourth
www.thefourthnews.in