കോടിയേരി, ബീറ്റ് റിപ്പോർട്ടറുടെ ഡയറിയിൽ 

കോടിയേരി, ബീറ്റ് റിപ്പോർട്ടറുടെ ഡയറിയിൽ 

കാൻസർ ബാധിതനാവും വരെ തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ സ്വിമ്മിങ് പൂളിൽ ദിവസവും രാവിലെ ഏഴ്’മണിക്ക് നീന്താൻ വരുമായിരുന്നു കോടിയേരി

 2016 ഏപ്രിൽ 22 വൈകിട്ട് കവടിയാർ ഗോൾഫ് ക്ലബിന് മുന്നിൽ ഒരു സുഹൃത്തിനൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അന്ന് ഞാൻ ജോലിചെയ്തിരുന്ന  ടൈംസ് ഓഫ് ഇന്ത്യയുടെ പൊളിറ്റിക്കൽ എഡിറ്റർ കിങ്‌ഷുക് മുഖർജിയുടെ വിളി വരുന്നത്. തിരഞ്ഞെടുപ്പ് സീസൺ ആണ്, ഡാൻസ് ഓഫ് ഡെമോക്രസി എന്ന പേരിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാർത്തകൾ ഉൾപ്പെടുത്തി എല്ലാ എഡിഷനും ഉപയോഗിക്കാൻ പറ്റുന്ന പേജ് ഒരുക്കേണ്ട ചുമതല കിങ്‌ഷുക്കിന് ആയിരുന്നു. “ഒരു പ്രതിസന്ധിയുണ്ട്. നമ്മുടെ പേജ് ലീഡ് ഒന്നാം പേജിലേക്ക് പോയി. അടിയന്തരമായി പകരം ഒരു ലീഡ് വേണം. ഫസ്റ്റ് എഡിഷൻ പേജ് ഒൻപത് മണിക്ക് മുൻപ് പോകുകയും വേണം. എന്തേലും വഴിയുണ്ടോ?” എന്നായിരുന്നു ചോദ്യം. അന്നത്തെ പ്ലാൻ അനുസരിച്ചു ലീഡ് ബംഗാൾ ആയിരുന്നു നൽകേണ്ടത് എന്നതിനാൽ നാഷണൽ പേജിലേക്ക് കാര്യമായി ഒന്നും ഞങ്ങൾ കരുതിയിരുന്നില്ല. അപ്പോൾ സമയം 7.30. ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ മുഴുവനുള്ള വായനക്കാർക്ക് താല്പര്യം തോന്നുന്ന നല്ലൊരു തിരഞ്ഞെടുപ്പ് വാർത്ത കേരളത്തിൽ നിന്ന് കണ്ടെത്തണം എന്നതാണ് എന്റെ ടാസ്ക്. പെട്ടെന്ന് തോന്നിയത്, കോടിയേരിയെ വിളിക്കാം എന്നായിരുന്നു. അവിടെ നിന്ന് തന്നെ വിളിച്ചു, ഏതോ യോഗം കഴിഞ്ഞു അടുത്ത സ്ഥലത്തേക്ക് കാറിൽ പോകുന്ന സമയം ആയതിനാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ റിങ്ങിൽ തന്നെ ഫോൺ എടുത്തു. പ്രചാരണത്തെ പറ്റിയൊക്കെ ഉപചാരം പറഞ്ഞ ശേഷം, മടിച്ചു മടിച്ചു ചോദിച്ചു, “നമുക്ക് പറ്റിയ എന്തെങ്കിലും പുതിയ തീരുമാനങ്ങളുണ്ടോ? തിരഞ്ഞെടുപ്പ് പേജിൽ കൊടുക്കാൻ പറ്റിയ വർത്തയാക്കാനാണ്.” സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം, ‘സാധാരണ നിങ്ങൾ അങ്ങ് എഴുതുന്നതല്ലേ, ഞങ്ങളോട് ചോദിക്കാറൊന്നും ഇല്ലല്ലോ,’ എന്ന് മറുപടി പറഞ്ഞു. “അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നല്ലേ സഖാവ് എപ്പോഴും പറയാറുള്ളതെന്ന്,” ഞാൻ മറുപടി പറഞ്ഞു. ഒന്നുകൂടെ ചിരിച്ചു കൊണ്ട്, കോടിയേരി ചോദിച്ചു, “നിങ്ങൾ ഞങ്ങളുടെ ക്രൗഡ് ഫണ്ടിംഗ് തീരുമാനം അറിഞ്ഞിരുന്നോ?”. ഇല്ലെന്നു പറഞ്ഞപ്പോൾ വിശദമായി പറഞ്ഞു തന്നു.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട
ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട

ബൂത്ത് തലത്തിൽ നടന്നു പണം പിരിക്കുന്നതിന് പകരം അനുഭാവികളോട് തിരഞ്ഞെടുപ്പ് സംഭാവന ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ നിർദേശിക്കാൻ പോകുകയാണ് സിപിഎം. എത്ര ചെറിയ തുകയും സ്വീകരിക്കും. എന്റെ മനസ്സിൽ ആയിരം ലഡു ഒരുമിച്ചു പൊട്ടി. ‘ആപ് മാതൃകയിൽ സിപിഎം ക്രൗഡ് ഫണ്ടിങ്ങിലേക്ക്’ എന്നൊരു വാർത്ത അപ്പോൾ തന്നെ മനസ്സിൽ തയാറായി. “സഖാവെ, ക്വോട്ട് ചെയ്യാമല്ലോ,” എന്ന് ചോദിച്ചു ഞാൻ ഫോൺ വച്ചു. ഒൻപത് മണിക്ക് മുൻപായി ബൈലൈൻ കോപ്പി ഫയൽ ചെയ്തു കിങ്‌ഷുക്കും ഹാപ്പി.   കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കിങ്‌ഷുക് മുഖർജി മരിച്ചു. ഇപ്പോഴിതാ കോടിയേരിയും. ഇടക്ക് ഞങ്ങൾ വിളിക്കുമ്പോഴൊക്കെ അദ്ദേഹം കോടിയേരിയെ തിരക്കുമായിരുന്നു. ഡെസ്കിലെ വലിയൊരു പ്രതിസന്ധിയെ മറികടക്കാൻ ദേവദൂതനായി വന്ന ഒരാളായിട്ടാണ് കിങ്‌ഷുക് കോടിയേരിയെ കണ്ടിരുന്നതെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളോട് പാർട്ടി വിശേഷം പറയാൻ മടി കാട്ടാത്ത കോടിയേരി അല്ലാത്ത സമയങ്ങളിൽ സംസാരത്തിൽ കൃത്യമായി അതിരുകൾ വരച്ച നേതാവായിരുന്നു. എന്തെങ്കിലും പാർട്ടി രഹസ്യമാണ് ചോദിക്കുന്നതെങ്കിൽ, “നിങ്ങളോട് ഞാൻ അത് പറയുമെന്ന് കരുതുന്നുണ്ടോ?” എന്നാവും മറുപടി. അപ്പോഴും, പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് ചിരി വേർതിരിച്ച് അറിയാൻ പറ്റും; ഫോണിൽ സംസാരിക്കുമ്പോൾ പോലും. 2009-ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെ പ്രത്യേക അന്വേഷണ റിപ്പോർട്ട് ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്’ ബ്രേക്ക് ചെയ്യുന്നത്. തുടർച്ചയായി അഞ്ചു ദിവസം ഒന്നാം പേജിൽ 8 കോളം സൂപ്പർ ലീഡ് വർത്തകളായിട്ടാണ് റിപ്പോർട്ടിലെ സ്ഫോടനാത്മകമായ വിവരങ്ങൾ ഞാൻ പുറത്തുവിട്ടത്. ആദ്യ ദിവസം തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ദേഷ്യത്തിലാണെന്നും സീനിയർ ഉദ്യോഗസ്ഥരോടൊക്കെ കർശന സ്വരത്തിൽ സംസാരിച്ചുവെന്നും പൊലീസിൽ നിന്ന് വിവരം കിട്ടി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ മന്ത്രിയെ ഒന്ന് വിളിച്ചു. പ്രതികരണം ചോദിക്കുകയായിരുന്നു ഉദ്ദേശം. പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ഫോൺ വയ്ക്കും മുൻപ് ഒരുകാര്യം കൂടി പറഞ്ഞു: നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ഇത്രയും സെൻസിറ്റീവ് ആയ വിവരങ്ങൾ വാർത്തയാക്കുന്നതിലുള്ള നൈതികതയെ പറ്റി ഒന്നുകൂടെ ചിന്തിക്കണം. നിങ്ങൾ ചെയ്തത് നിങ്ങളുടെ ജോലിയാണ്, എനിക്കതിൽ പരാതിയില്ല. പക്ഷെ, ആ ജോലി സഹായകമാകുന്നത് ആർക്കാണെന്ന് കൂടെ ചിന്തിച്ചാൽ നന്ന്. 

കാൻസർ ബാധിതനാവും വരെ തിരുവനന്തപുരത്ത്  ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ സ്വിമ്മിങ് പൂളിൽ ദിവസവും രാവിലെ ഏഴ്’മണിക്ക് നീന്താൻ വരുമായിരുന്നു കോടിയേരി. ലൈൻ ഡിസിപ്ലിൻ കൃത്യമായി പാലിച്ച്, പൂളിൽ ചെലവഴിക്കുന്ന സമയം പരമാവധി നീന്താൻ മാത്രം ചെലവഴിച്ച്, 55 മിനിറ്റിലെ വാണിങ് ബെൽ മുഴങ്ങുന്നത് കേൾക്കുന്ന മാത്രയിൽ തന്നെ തിരിച്ചുകയറാൻ ഒരുങ്ങുന്ന കോടിയേരിയുടെ അച്ചടക്ക ബോധത്തെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട് ഞാൻ. ആ അച്ചടക്കവും നിശ്ചയദാർഢ്യവുമാന് പാർട്ടിയിലെ പടവുകൾ ചിട്ടയായി ചവിട്ടികയറാൻ അദ്ദേഹത്തിന് തുണയായത്; ഇപ്പോൾ പടിവാതിലിൽ വന്നു മുട്ടിവിളിച്ച മരണത്തെ മാസങ്ങളോളം കബളിപ്പിക്കാൻ സഹായിച്ചതും. 

logo
The Fourth
www.thefourthnews.in