സത്യാന്വേഷണമല്ല, മാധ്യമ നിശബ്ദത
തന്നെയാണ് ഈ പടപ്പുറപ്പാടിന്റെ ലക്ഷ്യം

സത്യാന്വേഷണമല്ല, മാധ്യമ നിശബ്ദത തന്നെയാണ് ഈ പടപ്പുറപ്പാടിന്റെ ലക്ഷ്യം

മാധ്യമപ്രവർത്തകരെ സാക്ഷിയായി ചേർത്താൽ അവരെ നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നോ ചെയ്തിരുന്നത്? തൻ്റെ അനുഭവം വിശദീകരിച്ച് ഇപ്പോഴുണ്ടായ മാറ്റം എന്തെന്ന് പറയുന്നു 'ദ ഫോർത്ത്' ന്യൂസ് ഡയറക്ടർ ബി ശ്രീജൻ

മാധ്യമ പ്രവർത്തകർക്കെന്താ കൊമ്പുണ്ടോ? പോലീസ് വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരായാൽ എന്താ? വാർത്തയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സാക്ഷിയായി ചേർത്താൽ ഹാജരായി മൊഴി കൊടുക്കുകയെന്നത് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തമല്ലേ? 

സാമൂഹിക മാധ്യമങ്ങൾ ഈ ചോദ്യങ്ങളാൽ മുഖരിതമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ഗൂഢാലോചന കേസിൽ പ്രതിയാക്കപ്പെട്ടതും മനോരമ ന്യൂസ് കൊല്ലം ബ്യൂറോ ചീഫ് ജയചന്ദ്രൻ ഇലങ്കത്തിനെ അദ്ദേഹം രണ്ടു വർഷം മുൻപ് റിപ്പോർട്ട് ചെയ്‌ത ഒരു അഴിമതിക്കേേസുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് സാക്ഷിയാക്കിയതുമാണ് ഇത്തരം വാദങ്ങൾ ഇടത് - നിഷ്പക്ഷ ഹാൻഡിലുകളിൽനിന്ന് ഉയർന്നുകേൾക്കാൻ ഇടയാക്കിയിരിക്കുന്നത്. അതിനൊപ്പം 2020-ൽ റജിസ്റ്റർ ചെയ്‌ത ഒരു അപകീർത്തി കേസിൽ ആ കേസുമായി ബന്ധപ്പെട്ട പ്രസംഗം ഏഷ്യാനെറ്റിന് വേണ്ടി റിപ്പോർട്ട് ചെയ്ത പി ആർ പ്രവീണ, ആ റിപ്പോർട്ട് അടങ്ങുന്ന വാർത്ത അവതരിപ്പിച്ച അബ്‌ജ്യോത് വർഗീസ് എന്നിവരെയും മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് മാതൃഭൂമി ന്യൂസ് കണ്ണൂർ റിപ്പോർട്ടർ ഫെലിക്സിന്റെയും കാമറമാൻ ഷാജു ചന്തപ്പുരയുടെയും ഫോണുകൾ ഒരു വാർത്ത ചെയ്തതിനു പിന്നാലെ പോലീസ് പിടിച്ചെടുക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്ന പോലീസിന്റെ കൃത്യനിർവഹണം തടഞ്ഞെന്ന പേരിൽ ഇവർക്കും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസ് എടുത്തിട്ടുമുണ്ട്. 

സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന സർക്കാരുകൾ സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിനുവേണ്ട സൗകര്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയിരുന്നു

ഇതുപോലെ തന്നെ നമ്മൾ അടുത്തിടെ ഏറ്റവുമധികം കേട്ടിട്ടുള്ള ഒരു വാദം ഒരു സാധാരണ പൗരനില്ലാത്ത പ്രത്യേക അധികാരങ്ങളൊന്നും ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് ഇല്ലെന്നതാണ്. ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും ഉറപ്പുനൽകുന്ന തൊഴിൽ ചെയ്യാനുള്ള അവകാശവും അഭിപ്രായം പറയാനുള്ള അവകാശവും മാത്രമേ മാധ്യമപ്രവർത്തകർക്കും നൽകിയിട്ടുള്ളൂ. അമേരിക്കയിലെ ഫസ്റ്റ് അമെൻഡ്മെന്റ് പോലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിരക്ഷ നൽകുന്ന വകുപ്പുകളൊന്നും ഇന്ത്യൻ ഭരണഘടനയിലില്ലെന്നത് വസ്തുതയാണ്. എന്നാൽ സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന സർക്കാരുകൾ സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിനുവേണ്ട സൗകര്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയിരുന്നു. അടിയന്തരാവസ്ഥ കാലവും ചില സംസ്ഥാനങ്ങളിൽ ഏകാധിപത്യപ്രവണതയുള്ള മുഖ്യമന്ത്രിമാർ നടത്തിയിരുന്ന കടന്നുകയറ്റങ്ങളും മാത്രമായിരുന്നു ഇതിനൊരു അപവാദം.

കേരളത്തിൽ പോലീസും മാധ്യമപ്രവർത്തകരും തമ്മിലുള്ള ബന്ധം തീർത്തും ഊഷ്മളകരമായിരുന്നു കുറച്ചുകാലം മുൻപുവരെ. രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജൻസ് ബ്യൂറോയും സ്പെഷ്യൽ ബ്രാഞ്ചും നിരന്തരം ഇൻപുട്ടുകൾക്കായി ആശ്രയിക്കുന്ന ലേഖകർ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ട്. ക്രൈം/പോലീസ് ബീറ്റ് മാധ്യമങ്ങളുടെ നട്ടെല്ലായതിനാൽ ലോക്കൽ പോലീസും ക്രൈം ബ്രാഞ്ച് പോലുള്ള അന്വേഷണ ഏജൻസികളുമായും നിരന്തര ബന്ധം വാർത്താ ലേഖകർ പുലർത്താറുണ്ട്. എന്നാൽ, ഈ പ്രഫഷണൽ ബന്ധങ്ങൾ ഒരിക്കലും പോലീസിനെ വിമർശിക്കുന്ന വാർത്തകൾ നൽകുന്നതിനോ പോലീസിന്റെ അഴിമതികൾ തുറന്നുകാട്ടാനോ മാധ്യമങ്ങൾക്ക് തടസ്സമാകുകയും ചെയ്തിരുന്നില്ല. അത്തരം വാർത്തകൾ ചൂണ്ടിക്കാട്ടി പരിഭവം പറയുന്ന ഉദ്യോഗസ്ഥർ പോലും ആ വാർത്തകളുടെ പ്രാധാന്യം തിരിച്ചറിയുമ്പോൾ, ആ വാർത്ത നല്കാൻ നമ്മെ നയിച്ച വിശാല താല്പര്യം എന്തെന്ന് മനസിലാക്കി കഴിയുമ്പോൾ, പിണക്കം മറന്ന് സൗഹൃദത്തിന്റെ ആഴം വർധിപ്പിക്കുന്ന അനുഭവങ്ങളും ഫീൽഡ് റിപ്പോർട്ടിങ് ചെയ്തിട്ടുള്ള ആൾക്കാർക്ക് പുതുമയല്ല. 

സിസ്റ്റർ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ലേഖകൻ്റെ നിർണായക റിപ്പോർട്ട്. ഇത് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് ന്യൂഡൽഹിയിലെ സിബിഐ സംഘം ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ തിരുവനന്തപുരം ഓഫീസിലെത്തി ലേഖകനിൽനിന്ന് വിവരങ്ങൾ തേടിയത്
സിസ്റ്റർ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ലേഖകൻ്റെ നിർണായക റിപ്പോർട്ട്. ഇത് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് ന്യൂഡൽഹിയിലെ സിബിഐ സംഘം ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ തിരുവനന്തപുരം ഓഫീസിലെത്തി ലേഖകനിൽനിന്ന് വിവരങ്ങൾ തേടിയത്

തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ പോലീസ് കേസുകളിൽ ഉൾപ്പെടുന്ന അവസ്ഥ മാധ്യമപ്രവർത്തനത്തിന്റെ അനിവാര്യമായ ഒരു പ്രതിസന്ധിയാണ്. നിരവധി സങ്കീർണ കേസുകളിൽ വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകർ സാക്ഷിയാവുകയും കോടതിയിൽ മൊഴിനൽകുകയും ആ മൊഴികൾ വിധിന്യായത്തിന്റെ ഭാഗമാവുകയും ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയും പരസ്പര ബഹുമാനം കൈവിടാതെയാണ് നിയമപാലന, നീതി നിർവഹണ സംവിധാനങ്ങൾ മാധ്യമങ്ങളോട് ഇടപെട്ടിരുന്നത്. പോലീസ് കേസുകളിൽ പ്രതിയാവുകയും സാക്ഷിയാവുകയും രേഖകളിൽ ഒന്നും ഉൾപ്പെടാതെ കേസ് അന്വേഷണത്തിന്റെ ഭാഗമാവുകയുമൊക്കെ ചെയ്തത് എന്റെ പ്രൊഫഷണൽ ജീവിതത്തിന്റെയും ഭാഗമാണ്. 2007 എപ്രിലിലാണ് അഭയ കേസിലെ രാസപരിശോധനാ റിപ്പോർട്ട് തിരുത്തൽ വാർത്ത ഞാൻ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് കേസിൽ പുനഃരന്വേഷണത്തിന് ഇടയാക്കുകയും പ്രതികൾ ശിക്ഷിക്കപ്പെടാനും വഴിതെളിച്ച റിപ്പോർട്ട് ആയിരുന്നു അത്.

ആ വാർത്ത ദ ന്യൂ ഇന്ത്യൻ എക്സ് പ്രസ് പ്രസിദ്ധീകരിച്ച് നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ഡൽഹി സിബിഐ ആസ്ഥാനത്തുനിന്ന് ഒരു വിളി വരുന്നു. എന്നോട് വാർത്തയുടെ വിശദാംശങ്ങൾ തേടേണ്ടതുണ്ട്, ഡൽഹിയിലേക്ക് വരാമോ എന്നായിരുന്നു ചോദ്യം. ഞാൻ തിരുവനന്തപുരത്താണ്, ഉടനെ ഡൽഹി യാത്ര ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ച ഓഫീസർ വീണ്ടും വിളിച്ചു. തങ്ങൾ തിരുവനന്തപുരത്തെത്തിയെന്നും സർക്കാർ ഗസ്റ്റ് ഹൗസിലുണ്ട്‌ അങ്ങോട്ട് വരാമോയെന്നും തിരക്കി. ഞാൻ ഓഫിസിൽ ഉണ്ടെന്നും എന്നെ കാണണമെങ്കിൽ ഇങ്ങോട്ട് വരാമല്ലോയെന്നും പറഞ്ഞതോടെ അവർ ശാസ്തമംഗലത്ത് ഓഫിസിൽ വന്ന് വിശദമായി മൊഴി രേഖപ്പെടുത്തി. പിന്നീട്, രാസപരിശോധന റിപ്പോർട്ട് തിരുത്തലുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷിയായും എന്നെ വിസ്തരിച്ചിട്ടുണ്ട്. അന്ന് കേന്ദ്രം ഭരിക്കുന്ന യു പി എ സർക്കാരിനും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും മാധ്യമങ്ങളോടുള്ള തീർത്തും പോസിറ്റീവായ സമീപനം ഒന്നുകൊണ്ട് മാത്രമാണ് സിബിഐ ഉദ്യോഗസ്ഥർക്ക് ഒരു മാധ്യമ പ്രവർത്തകനെ അയാൾക്ക് സൗകര്യമായ ഇടത്ത് കണ്ട് മൊഴി രേഖപ്പെടുത്തണമെന്ന ബോധ്യമുണ്ടായത്. പിന്നീട് മൻമോഹൻ സിങ് സർക്കാർ പ്രതിരോധത്തിലായ 2ജി അഴിമതി, ആദർശ് ഫ്ലാറ്റ് അഴിമതി ഒക്കെ പുറത്തുകൊണ്ടുവരുകയും നിരന്തരം ഫോളോ അപ്പ് ചെയ്യുകയും ചെയ്ത റിപ്പോർട്ടർമാർക്ക് നിർഭയമായി ജോലി ചെയ്യാൻ അന്നത്തെ സർക്കാർ ഒരു തടസവും സൃഷ്ടിച്ചിരുന്നില്ല.

ഇന്ന് അത്തരമൊരു സാഹചര്യം ചിന്തിക്കാൻ പോലും കഴിയില്ല. നോട്ടീസ് നൽകിയാൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉറപ്പാണ്.  2009-ൽ ദ ന്യൂ ഇന്ത്യൻ എക്സ് പ്രസിൽ ഞാൻ എഴുതിയ ഒരു വാർത്തയിൽ വ്യാജരേഖ ചമച്ച് ഉപയോഗിച്ചുവെന്ന് കാട്ടി അന്നത്തെ മന്ത്രി ജി സുധാകരൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമർശിച്ചതാണ് സന്ദർഭം. അന്ന് ചില മന്ത്രിമാർ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്നത് ഒരു സർക്കാർ ഫയൽ മാതൃകയിൽ ഗ്രാഫിക്സ് ചെയ്ത് മന്ത്രിമാരുടെ പേര് ചേർത്ത് വർത്തയ്‌ക്കൊപ്പം നൽകി. അതിൽ പേരുണ്ടായിരുന്ന മന്ത്രി സുധാകരൻ സർക്കാർ ഫയൽ വ്യാജമായി നിർമിച്ചുവെന്നാണ് പരാതി നൽകിയത്. റിപ്പോർട്ടർ, എഡിറ്റർ, പബ്ലിഷർ എന്നിവർ പ്രതികൾ. എന്നെ ചോദ്യം ചെയ്യാൻ സമയം തേടി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ വിളിക്കുന്നു. ഓഫീസിൽ വരാമോയെന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അവർ ശാസ്തമംഗലത്തെ ഓഫിസിൽ വന്ന്‌ മൊഴിരേഖപ്പെടുത്തി മടങ്ങുന്നു. അത് ഗ്രാഫിക്സ് ആണെന്ന് ബോധ്യപ്പെട്ടതോടേ പോലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട് ഞാൻ അറിഞ്ഞത് പരാതി നൽകിയപ്പോൾ തന്നെ അവരെ അന്വേഷണത്തിന്റെ പേരിൽ ഒട്ടും ബുദ്ധിമുട്ടിക്കരുതെന്ന പ്രത്യേക നിർദേശം ജി സുധാകരൻ നല്കിയിരുന്നതായാണ്. അന്നത്തെ എൽഡിഎഫ് സർക്കാരിന് കടുത്ത എതിർപ്പ് വാർത്തയോടുള്ളപ്പോഴും അത് എഴുതാനുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കാനുള്ള അവകാശത്തെ അവർ അംഗീകരിച്ചിരുന്നു.

സർക്കാരിനെ അതിനിശിതമായി വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് കൂടുതൽ കേസുകൾ എന്നത് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം തന്നെയാണ്.  ഇതൊക്കെ നിയമപരമായി നടക്കുന്ന സംഗതികളല്ലേ? തെറ്റ് ചെയ്യാത്തവർ എന്തിന് ഭയപ്പെടണമെന്ന് ചോദിക്കുന്ന കേരളത്തിലെ നിഷ്കളങ്കർ, ഇ ഡി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിലും തമിഴ്‌നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിലും എന്താണ് തെറ്റ് അവർ അഴിമതി കേസിൽ പ്രതിയായതിനാലല്ലേ എന്ന് ചോദിക്കുന്ന എന്റെ മൃദുസംഘി സുഹൃത്തുക്കളെ തന്നെയാണ് ഓർമിപ്പിക്കുന്നത്

രണ്ടു വർഷത്തിനു ശേഷം ഒരു ക്രിമിനൽ മാനനഷ്ട കേസിൽ അഭിഭാഷകൻ ഹാജരാകാതെ ചതിച്ചതിനാൽ ജാമ്യം റദ്ദാക്കപ്പെടുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത സംഭവമുണ്ടായി. മ്യൂസിയം പോലീസ് വാറണ്ട് നടപ്പാക്കാൻ ഓഫിസിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഞാനും കൂട്ടുപ്രതികളായ എഡിറ്റർ ആദിത്യ സിൻഹയും പബ്ലിഷർ സുനിൽ നമ്പ്യാരും പിറ്റേന്ന് തന്നെ കോഴിക്കോട്ടെ കോടതിയിൽ കീഴടങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ പോലീസ് അത് കണക്കിലെടുത്ത് മടങ്ങുകയായിരുന്നു. പിന്നീട് കോടതി ഞങ്ങൾക്ക് വീണ്ടും ജാമ്യം അനുവദിച്ചു. ഇതേ കേസിൽ പരാതിക്കാരനായ അന്നത്തെ എം എൽ എ പി കൃഷ്ണപ്രസാദ്‌ നൽകിയ അവകാശലംഘന പരാതിയിൽ നിയമസഭാ സമിതി എന്നെ വിളിപ്പിച്ചിരുന്നു. ആരോപണങ്ങൾക്ക് വിശദമായ മറുപടി രേഖാമൂലം നൽകി. 

കേസന്വേഷണമാണ് ശരിയായ ലക്ഷ്യമെങ്കിൽ, സത്യം തെളിയിക്കാൻ മാധ്യമപ്രവർത്തകരുടെ കൈവശമുളള വിവരം സഹായിക്കുമെങ്കിൽ പോലീസ് ചെയ്യേണ്ടത് ആ വിവരം ഇരുകൂട്ടർക്കും സൗകര്യപ്പെടുന്ന രീതിയിൽ ശേഖരിക്കാൻ ശ്രമിക്കുകയെന്നതാണ്. അതായിരുന്നു മുൻപ് പിന്തുർടർന്നിരുന്ന രീതി. എന്നാൽ രണ്ടും മൂന്നും വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസുകൾ പൊടിതട്ടിയെടുത്ത്, പ്രതിയായും സാക്ഷിയായും മാധ്യമപ്രവർത്തകരെ മുദ്രകുത്തി അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് മിതമായ ഭാഷയിൽ മര്യാദകേടാണ്. ജനാധിപത്യസംവിധാനം ശക്തവും സജീവവുമായി നിലനിൽക്കണമെങ്കിൽ ആരോഗ്യകരമായ മാധ്യമപ്രവർത്തനനത്തിനുള്ള അന്തരീക്ഷം അത്യാവശ്യമാണ്. അത് ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നുതന്നെ കരുതേണ്ടി വരും. സർക്കാരിനെ അതിനിശിതമായി വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരെയാണ് കൂടുതൽ കേസുകളെന്നത് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം തന്നെയാണ്. 

ഇതൊക്കെ നിയമപരമായി നടക്കുന്ന സംഗതികളല്ലേ? തെറ്റ് ചെയ്യാത്തവർ എന്തിന് ഭയപ്പെടണമെന്ന് ചോദിക്കുന്ന കേരളത്തിലെ നിഷ്കളങ്കർ, ഇ ഡി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിലും തമിഴ്‌നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിലും എന്താണ് തെറ്റ് അവർ അഴിമതി കേസിൽ പ്രതിയായതിനാലല്ലേ എന്ന് ചോദിക്കുന്ന എന്റെ മൃദുസംഘി സുഹൃത്തുക്കളെ തന്നെയാണ് ഓർമിപ്പിക്കുന്നത്. അടിച്ചമർത്തൽ ലക്ഷ്യമിടുന്ന എല്ലാ ഭരണകൂടങ്ങളും നിലവിലെ നിയമങ്ങൾ തങ്ങൾക്ക് വേണ്ടവിധത്തിൽ ഉപയോഗിച്ചുതന്നെയാണ് അത് ചെയ്യുന്നത്. സാങ്കേതികമായി നിങ്ങൾക്ക് അതിൽ തെറ്റൊന്നും കണ്ടെത്താനാവില്ല. ഇത്തരം നടപടികൾ അളക്കേണ്ടത് ധാർമികതയുടെ തുലാസിലാണ്. അവിടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ തട്ട് എപ്പോഴും താഴ്ന്നു തന്നെയിരിക്കും. 

logo
The Fourth
www.thefourthnews.in