ഒരു മാധ്യമ പ്രവര്‍ത്തകന്റെ  സത്യാന്വേഷണ പരീക്ഷണങ്ങള്‍

ഒരു മാധ്യമ പ്രവര്‍ത്തകന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ, പി പി ബാലചന്ദ്രനെഴുതിയ 'എകെജിയും ഷേക്‌സ്പിയറും' എന്ന അനുഭവക്കുറിപ്പുകള്‍ അസാധാരണമായ സത്യസന്ധതയോടെ താന്‍ ഇടപഴകിയ കാലത്തെയും ദേശത്തെയും നോക്കിക്കാണുന്ന പുസ്തകമാണ്

എം പി നാരായണ പിള്ള എഴുതിയതാണ്. ഒരാള്‍ക്ക് ഒരേ സമയത്ത് ഒരു പോലെ ഭംഗിയായി ഒരു കൈ കൊണ്ടൊരു വൃത്തവും മറ്റേ കൈ കൊണ്ടൊരു ചതുരവും വരയ്ക്കാന്‍ പറ്റുമോ? രണ്ടില്‍ ഒന്നേ ശരിയാവൂ. ഒന്നു ശരിയാകാന്‍ മറ്റതുപേക്ഷിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം എഴുതുക അസാധ്യമാണെന്നാണ് ഇതിലൂടെ നാരായണപിള്ള പറഞ്ഞുവച്ചത്.

നാണപ്പന്റെ ഈ സിദ്ധാന്തം പത്രപ്രവര്‍ത്തനത്തില്‍ തെറ്റാണെന്ന് തെളിയിച്ച, ഒരാളാണ് ഇംഗ്ലീഷിലെഴുതുന്ന പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ്. അദ്ദേഹം വര്‍ഷങ്ങളായി മലയാളത്തില്‍ മനോഹരമായി എഴുതുന്നു. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് ' ഘോഷയാത്ര', ഒരു പത്രപ്രവര്‍ത്തകന്‍, അതും ഇംഗ്ലീഷിലെഴുതുന്ന ഒരാള്‍ മലയാളത്തിലെഴുതിയ ഏറ്റവും മികച്ച മാധ്യമ ചരിത്രമാണ്.

1960കളില്‍, ഹോങ്കോങ്ങില്‍ 'എഷ്യാ വീക്ക് വാരിക' എഡിറ്റ് ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ അദ്ദേഹമുണ്ടാക്കിയ ചില പ്രയോഗങ്ങള്‍ വായിച്ച് സായിപ്പുമാരുടെ കണ്ണ് തള്ളിയിട്ടുണ്ടെന്ന് അന്ന് അവിടെയുണ്ടായിരുന്ന എം പി നാരായണ പിള്ള സാക്ഷ്യപ്പെടുത്തുന്നു.

വാഷിങ്ടണ്‍ പോസ്റ്റ്, ഏഷ്യാ വീക്ക്, ഗള്‍ഫ് ന്യൂസ്, ദ പെനിസുല, അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയ വിദേശ മാധ്യമങ്ങളിലും, ഹിന്ദുസ്ഥാന്‍ ടൈംസ്, മെയിന്‍ സ്ട്രീം, ഇന്ത്യാ ടുഡെ തുടങ്ങിയ മുന്‍ നിര ഇന്ത്യന്‍ മാധ്യമങ്ങളിലും ലേഖകനായി വര്‍ഷങ്ങളോളം പത്രപ്രവര്‍ത്തനത്തില്‍ നിറഞ്ഞുനിന്ന ഡല്‍ഹി മലയാളിയാണ് ബാലചന്ദ്രന്‍.

ഇതേ ഭാവത്തില്‍ എഴുതി വിജയിച്ച മലയാളിയായ ഇംഗ്ലീഷിലെഴുതുന്ന മറ്റൊരു പത്രപ്രവര്‍ത്തകനാണ് കെ ഗോവിന്ദന്‍കുട്ടി. ടി എന്‍ ശേഷന്റെയും ബിസ്‌ക്കറ്റ് രാജാവ് രാജന്‍ പിള്ളയുടെയും ലീഡര്‍ കെ കരുണാകരന്റെയും ഒന്നാന്തരം ജീവിത കഥകള്‍ ഇംഗ്ലീഷില്‍ എഴുതിയ ആള്‍. സാധാ പുളിമരത്തിന്റെ വിശേഷം തൊട്ട് എം വി രാഘവനെ പാര്‍ടി പുറത്താക്കിയ ചരിത്രം വരെ അദ്ദേഹം അസാധ്യമായി, മനോഹരമായി മലയാളത്തില്‍ ലേഖനങ്ങളായി എഴുതിയിട്ടുണ്ട്.

നാല്‍പ്പത് വര്‍ഷത്തെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ പറയുന്ന, ഡല്‍ഹിയിലെ ഇംഗ്ലീഷിലെഴുതുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ, പി പി ബാലചന്ദ്രനെഴുതിയ 'എകെജിയും ഷേക്‌സ്പിയറും' എന്ന അനുഭവക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ നാണപ്പന്റെ സിദ്ധാന്തം മറികടന്ന ഒരാള്‍ കൂടി ഈ തുറയില്‍ ഉണ്ടെന്ന് മനസിലായി.

വാഷിങ്ടൺ പോസ്റ്റ്, ഏഷ്യാ വീക്ക്, ഗള്‍ഫ് ന്യൂസ്, ദ പെനിസുല, അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയ വിദേശ മാധ്യമങ്ങളിലും, ഹിന്ദുസ്ഥാന്‍ ടൈംസ്, മെയിന്‍ സ്ട്രീം, ഇന്ത്യാ ടുഡെ തുടങ്ങിയ മുന്‍ നിര ഇന്ത്യന്‍ മാധ്യമങ്ങളിലും ലേഖകനായി വര്‍ഷങ്ങളോളം മാധ്യമപ്രവര്‍ത്തനത്തില്‍ നിറഞ്ഞുനിന്ന ഡല്‍ഹി മലയാളിയാണ് ബാലചന്ദ്രന്‍.

ബാലചന്ദ്രന്റെ തട്ടകം ഡല്‍ഹിയായിരുന്നു. മലയാളത്തില്‍ എഴുതി തുടങ്ങിയത് പതിനാല് കൊല്ലം മുന്‍പ്, കലാകൗമുദി വാരികയുടെ നല്ല കാലത്ത്. കോളത്തിന്റെ പേര് 'കലികാലം'. സമകാലിക മലയാളത്തില്‍ 'എഴുതാപ്പുറങ്ങള്‍' എന്നൊരു പംക്തി പിന്നീട് വന്നു. ടി ജെ എസും ഗോവിന്ദന്‍കുട്ടിയും ബാലചന്ദ്രനും ഇംഗ്ലീഷില്‍ എഴുതുന്നവരാണെന്ന് മലയാളത്തില്‍ അവരെഴുതിയത് വായിക്കുമ്പോള്‍ തോന്നുകയേയില്ല. ആംഗലേയത്തിന്റെ ലാഞ്ചന തീരെയില്ല എന്നതാണ് വായനാനുഭവം.

നാല്‍പ്പതാണ്ടുകളായി പത്രം, റേഡിയോ, ടി വി, ന്യൂസ് എജന്‍സി എന്നീ വ്യത്യസ്ത മാധ്യമങ്ങളില്‍ പയറ്റിയ ബാലചന്ദ്രന്റെ അനുഭവ സമ്പത്തിലെ ഒരു ഭാഗമാണ് മുന്നൂറില്‍ താഴെ പേജുള്ള ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഡല്‍ഹിയിലെ താരങ്ങളായിരുന്ന സി പി രാമചന്ദ്രന്‍ പറയാത്ത, വി കെ മാധവന്‍ കുട്ടി എഴുതാത്ത, അറിയാക്കഥകളുടെ ചുരുളാണ് ബാലചന്ദ്രന്‍ മനോഹരമായി അഴിക്കുന്നത്.

സാഹിത്യം തൊട്ട് നയതന്ത്രം വരെയുണ്ട്, പഞ്ചാബ് ഭീകരന്‍ ബിന്ദ്രന്‍വാലയുണ്ട്, പാവങ്ങളുടെ അമ്മ മദര്‍ തെരേസയുണ്ട്, ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണക്കാരെ ഇന്ത്യന്‍ ഭരണകൂടം തന്നെ രക്ഷിച്ച കഥയുണ്ട്, ഒരു ഇന്ത്യന്‍ സൈന്യാധിപന്‍ നടത്താന്‍ ശ്രമിച്ച അലസിപ്പോയ പട്ടാള വിപ്ലവവുമുണ്ട് ബാലചന്ദ്രന്റെ റിപ്പോര്‍ട്ടേഴ്സ് ഡയറിയില്‍. യേശുദാസ് മുഖത്ത് പുരട്ടാന്‍ ക്രീം കിട്ടാതെ ഗാനമേളയ്ക്ക് പാടാന്‍ സ്റ്റേജില്‍ കയറാതെ വാശി പിടിച്ച സംഭവം ഇതില്‍ വായിക്കാം. മാര്‍ഗറ്റ് താച്ചറും ക്രൂഷ്‌ചേവും ആവശ്യപ്പെട്ടിട്ടും താന്‍ വരച്ച അവരുടെ കാരിക്കേച്ചര്‍ കൊടുക്കാന്‍ തയ്യാറാവാത്ത ഒരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആരുമറിയാത്ത അപൂര്‍വ വ്യക്തിത്വം വാക്കുകളാല്‍ ബാലചന്ദ്രന്‍ വരയ്ക്കുന്നുണ്ട്.

ഇന്നത്തെ ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘത്തിന്റെ പത്രമായ ഡല്‍ഹിയിലെ 'മദര്‍ലാന്റില്‍' ജോലി ചെയ്ത ബാലചന്ദ്രന്‍ പിന്നീട് 'അല്‍ ജസീറ' വാര്‍ത്താ ചാനലിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു എന്ന വൈരുധ്യാത്മികത ഉള്‍ക്കൊണ്ട് വേണം ഈ പുസ്തകം വായിക്കാന്‍.

സാധാരണ മാധ്യമപ്രവര്‍ത്തകര്‍ അസൗകര്യപൂര്‍വം മറച്ചുവയ്ക്കുന്ന ചിലത് നേരിട്ട് തന്നെ അദ്ദേഹം പറയുന്നുണ്ട് 'അല്‍ ജസീറക്ക് അയിത്തം കല്‍പ്പിച്ചവര്‍' എന്ന അധ്യായത്തില്‍, താന്‍ എങ്ങനെ അല്‍ ജസീറയില്‍ എത്തി എന്ന് അദ്ദേഹം വിശദമായി എഴുതുന്നു.

ഡേവിഡ് ഫ്രോസ്റ്റ്, സ്റ്റീവ് കോള്‍ തുടങ്ങിയവര്‍ മുതല്‍ റീസ് ഖാനും റാനെ ഒമാറും വരെയുള്ള ടെലിവിഷന്‍ രംഗത്തെ നക്ഷത്ര പ്രതിഭകള്‍ അന്ന് മുതല്‍ അല്‍ ജസീറക്ക് സ്വന്തമായി. ഷെയ്ക്ക് ഹാമദിനോടുള്ള സ്‌നേഹം കൊണ്ടോ, അറബ് ജനതയോടുള്ള ഐക്യദാര്‍ഢ്യം കൊണ്ടോ ആയിരുന്നില്ല ഈ കുടിയേറ്റം. ബേക്കേഴ്സ് ഡസന്‍(Baker's Dozen) എന്ന് സായിപ്പിന്റെ ഭാഷയില്‍ പറയും പോലെ ചോദിച്ചതിലും ഒരു ഡോളറെങ്കിലും കൂടുതല്‍ കൊടുത്താണ് ഇവരെയെല്ലാം ദോഹയിലേക്ക് കൊണ്ടുവന്നത്. നക്ഷത്രത്തിളക്കമില്ലാത്ത എന്നെപ്പോലത്തെ ചുരുക്കം ചില ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കിട്ടി ഈ ബേക്കേഴ്സ് ഡസന്‍ എന്ന് അദ്ദേഹം എഴുതുന്നു. ദ പെനിസുല എന്ന ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ സ്ഥാനം വിട്ടാണ് ബാലചന്ദ്രന്‍ അല്‍ ജസീറയില്‍ ചേര്‍ന്നത്.

അപ്രിയമായ ഇത്തരം സത്യങ്ങള്‍ സാധാരണ പത്രക്കാര്‍ സൗകര്യപൂര്‍വം ഒഴിവാക്കാറാണ് പതിവ്. രാജ്യസ്‌നേഹം ഫാഷനായ ഈ കാലത്ത് മദര്‍ലാന്റിന്റെ ലേഖകനായിരുന്ന ഒരാള്‍ അല്‍ ഖായിദ സ്ഥാപകന്റെ ജാരസന്തതിയെന്ന് വിമര്‍ശകര്‍ വിളിക്കുന്ന അല്‍ ജസീറയില്‍ ജോലി ചെയ്തു എന്ന് പറയാന്‍ കാട്ടിയ തന്റെടം അഭിനന്ദനീയമാണ്. ഒരു പത്രപ്രവര്‍ത്തകന് തന്റെ ജോലിയില്‍ സ്വന്തം രാഷ്ട്രീയം അപ്രസക്തമാണ് എന്ന് ഉറപ്പിക്കുന്ന നിലപാടാണിത്. പുസ്തകം എഴുതിയ ആളിന്റെ രാഷ്ട്രീയം എന്താണ്? അത് ഈ പുസ്തകം വായിച്ച് കഴിയുമ്പോഴും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ബാലചന്ദ്രന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ അടയാളപ്പെടുത്തുന്ന വസ്തുത.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമായ അമേരിക്ക നിരാകരിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ അല്‍ ജസീറ ആദ്യം നിരാകരിക്കപ്പെട്ടതും ഭരണം മാറിയപ്പോള്‍ സ്വീകരിച്ചതും ബാലചന്ദ്രന്‍ രസകരമായി പറയുന്നുണ്ട്.

2006 ല്‍ ഇംഗ്ലീഷ് ചാനല്‍ തുടങ്ങുമ്പോള്‍ അല്‍ ജസീറയുടെ മുടക്ക് മുതല്‍ 50 കോടി ഡോളര്‍ (ഇന്നത്തെ 3000 കോടി രൂപ) ആയിരുന്നു. ബിബിസി, സിഎന്‍എന്‍ ചാനല്‍ 4 എന്നിവയെയൊക്കെ നിഷ്പ്രഭമാക്കാന്‍ പോന്ന സെറ്റപ്പ്. ലോകമെമ്പാടും 250 ബ്യൂറോകള്‍. സൂര്യനെ പിന്‍തുടരുന്ന പ്രക്ഷേപണമാണ്. കിഴക്ക് സൂര്യനുദിക്കുന്ന ക്വാലംപൂരില്‍ പ്രക്ഷേപണമാരംഭിച്ച് ഉച്ചയ്ക്ക് ദോഹ, വൈകീട്ട് ലണ്ടന്‍ രാത്രി വാഷിങ്ടണ്‍ ഇങ്ങനെ സൂര്യനസ്തമിക്കാത്ത പഴയ ബ്രിട്ടീഷ് സാമ്രാജ്യം പോലെ പടര്‍ന്ന് പന്തലിച്ച ആഗോള ഭീമന്റെ സാമാന്യ ചിത്രം ആദ്യമായി മലയാളത്തില്‍ ഈ ലേഖനത്തിലൂടെ ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നു.

ബിന്‍ ലാദന്റെ പ്രവര്‍ത്തികള്‍ക്ക്, പ്രത്യേകിച്ചും 9/11 സംഭവത്തിന് ഇസ്ലാമിനോ അറബ് ജനതയ്ക്കോ യാതൊരു പങ്കുമില്ലെന്നും ഒസാമ ബിന്‍ ലാദന്‍ തങ്ങളുടെ പ്രതിനിധിയല്ലായെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ ഖത്തറിന്റെ ഭരണാധികാരി, ഷെയ്ക്ക് ഹാമദ് ബിന്‍ കച്ചകെട്ടിയിറങ്ങിയതിന്റെ ഫലമാണ് അല്‍ ജസീറ. പതിവിന് വിപരീതമായി പരസ്യങ്ങള്‍ക്ക് നിയന്ത്രണമുള്ള ചാനലാണ്. കള്ള്, സിഗരറ്റ്, പെണ്ണുങ്ങളുടെ ആഭരണ വസ്ത്ര അലങ്കാര പരസ്യങ്ങള്‍ വഴിയുള്ള കാശ് വേണ്ടേ വേണ്ട. പകരമായി പെട്രോളിയം, ഗ്യാസ് ഉത്പ്പന്നങ്ങളുടെ പരസ്യം മാത്രം മതി. അങ്ങനെ മതപരമായ പരിവേഷം ചേര്‍ത്ത് ഉയര്‍ന്ന ചാനലിനെ യൂറോപ്പ് സ്വീകരിച്ചെങ്കിലും അമേരിക്ക മുഖം തിരിച്ചു. ഡോളറെറിഞ്ഞ് സെനറ്റര്‍മാരെ വിലക്ക് വാങ്ങിയെങ്കിലും, ബുഷ് ഭരണകൂടം എതിര്‍ത്ത്, പാറ പോലെ നിന്നു. അല്‍ ജസീറ അമേരിക്കയില്‍ കാണിച്ചാല്‍ അതിന് തുനിഞ്ഞ കേബിള്‍ കമ്പനിക്ക് ലൈസന്‍സ് ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ചു. അതോടെ അല്‍ ജസീറയുടെ അമേരിക്കന്‍ സ്വപ്നം പൊലിഞ്ഞു.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമായ അമേരിക്ക നിരാകരിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ അല്‍ ജസീറ ആദ്യം നിരാകരിക്കപ്പെട്ടതും ഭരണം മാറിയപ്പോള്‍ സ്വീകരിച്ചതും ബാലചന്ദ്രന്‍ രസകരമായി പറയുന്നുണ്ട്. 'കോടികള്‍ രൂപയിലായതിനാല്‍ ഡോളറിന്റെ ചിലവ് കൂടിയില്ല.' ഭരണകൂടത്തെ വിലയ്ക്കെടുത്ത കാര്യമാണ് ലളിതമായ ഈ ഡയലോഗില്‍ അദ്ദേഹം പറയാതെ പറഞ്ഞുവയ്ക്കുന്നത്.

ഭോപ്പാല്‍ ദുരന്തം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ബാലചന്ദ്രന്‍ ദുരന്ത ഭൂമിയിലെ കാഴ്ച തന്റെ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെയും തന്റെയും മനസിലുണ്ടാക്കിയ അശാന്തിയെപ്പറ്റി എഴുതുന്നുന്നുണ്ട്.

ഭോപ്പാല്‍ ദുരന്തത്തിന്റെ മരണ ലോഗോ ആയി പിന്നീട് കണക്കാക്കപ്പെട്ട, ലോക മനസാക്ഷിയെ ഞെട്ടിച്ച ദുരന്തത്തിലെ ഇരയായ ഒരു കൊച്ചുകുട്ടി മണ്ണിനടിയില്‍ മരിച്ച് കിടക്കുന്ന പടമെടുത്ത ലോക പ്രശസ്ത പാബ്ലോ ബെര്‍ത്തലോവിന്റെ ഉറക്കം വരും ദിവസങ്ങളില്‍ ആ ചിത്രം നഷ്ടപ്പെടുത്തിയിരുന്നു. ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ, അടയാത്ത കണ്ണുകളുമായി മരിച്ച് കിടക്കുന്ന ആ കുഞ്ഞിന്റെ ചിത്രത്തെ 'ലോക മനസാക്ഷിയുടെ ഉറക്കം കെടുത്തിയ പാപബോധത്തിന്റെ ശില' എന്നാണ് ബാലചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്.

ദുരന്തത്തിനുത്തരവാദികളായ യൂണിയന്‍ കാര്‍ ബെഡ് എന്ന അമേരിക്കന്‍ കമ്പനിയേയും ചെയര്‍മാന്‍, വാറന്‍ ആന്റഴ്‌സനേയും ഇന്ത്യന്‍ ഭരണകൂടവും രാഷ്ട്രീയ ഭിക്ഷാം ദേഹികളും ചേര്‍ന്ന് എങ്ങനെ രക്ഷപ്പെടുത്തി എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

''നെഹ്‌റുവുമായി നേരിട്ടൊരു എറ്റുമുട്ടലിനുള്ള കോപ്പൊന്നും രാജന്‍ ബാബുവിന്റെ കയ്യിലില്ലായിരുന്നു. അതുകൊണ്ടദ്ദേഹം, ശിഷ്ടജീവിതം രാഷ്ട്രപതി ഭവനിലെ ചെടികള്‍ക്ക് വെള്ളം നനച്ച് വിയര്‍ത്ത് തീര്‍ത്തു''

രാഷ്ട്രപതിമാരുടെ രാഷ്ട്രീയം എന്ന ലേഖനത്തില്‍ രാഷ്ട്രപതി പദവി തന്നെ തൃശൂര്‍ക്കാരന്‍ പറയുന്ന പോലെ, ഒരു 'ഡാവ് ' പരിപാടിയാണെന്ന് പറയുന്നു ബാലചന്ദ്രന്‍. ''ഇംഗ്ലണ്ടിലെ ജനാധിപത്യ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത് അവിടത്തെ രാജാവോ രാജ്ഞിയോ ആണല്ലോ. അതുകൊണ്ട് ഇവിടേയും ഭരണത്തിന്റെ ഔപചാരികമായ ഉത്തരവാദിത്വം പ്രസിഡന്റിന്റെ മേല്‍ കെട്ടിവച്ചു. അതായത് നിയമനിര്‍മാണവും നിയമ നടത്തിപ്പും നിയമ വ്യാഖ്യാനവുമെല്ലാം നടത്തുന്നത് വെറെ ആണുങ്ങളാണെങ്കിലും രാഷ്ട്രപതിയുടെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പ്രജകളെ കാണിക്കാനുള്ള ഒരു ഡാവ് പരിപാടി.''

അതും പോരാഞ്ഞ്, കാര്യം വളച്ചുകെട്ടാതെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി നിയമനത്തെ കുറിച്ച് ലളിതമായി ബാലചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ''വെറുതെ ഒച്ച വച്ച് ബഹളമുണ്ടാക്കുന്നവരാണ് ബീഹാറികള്‍ എന്ന് ഗാന്ധിയടക്കമുള്ള കാരണവന്മാര്‍ക്കറിയാം. അവരെ പിണക്കേണ്ട എന്ന് കരുതിയാണ് 1950ല്‍ രാജ്യം ഒരു റിപ്പബ്ലിക്കായപ്പോള്‍ രാജന്‍ ബാബുവിന് ആദ്യത്തെ രാജാ പാര്‍ട്ട് കിട്ടുന്നത്. ''പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവായുള്ള രാജേന്ദ്ര പ്രസാദിന്റെ ഉടക്ക് രഹസ്യമായ പരസ്യമായിരുന്നല്ലോ. പ്രധാനമന്ത്രിയാവാന്‍ രാജേന്ദ്ര ബാബുവിന് ആഗ്രഹം തോന്നിയത് മുതല്‍ തുടങ്ങിയതാണ് സംഭവം".

''നെഹ്‌റുവുമായി നേരിട്ടൊരു എറ്റുമുട്ടലിനുള്ള കോപ്പൊന്നും രാജന്‍ ബാബുവിന്റെ കയ്യിലില്ലായിരുന്നു. അതുകൊണ്ടദ്ദേഹം, ശിഷ്ടജീവിതം രാഷ്ട്രപതി ഭവനിലെ ചെടികള്‍ക്ക് വെള്ളം നനച്ച് വിയര്‍ത്ത് തീര്‍ത്തു,''- ബാലചന്ദ്രന്‍ പറയുന്നു.

ഗാന്ധിയെ ഒരു വരയിലൊതുക്കി ലോകത്തെ കാണിച്ച രംഗയെന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഇനിയും ആരുമറിയാത്ത കഥ ബാലചന്ദ്രന്‍ പറയുന്നുണ്ട്. ഒരു ഒക്ടോബര്‍ 2ന് ഒറ്റ വരയിലൂടെ സൃഷ്ടിച്ച ഗാന്ധിയുടെ ചിത്രം ചരിത്രമായി മാറി ഒപ്പം കാര്‍ട്ടുണിസ്റ്റും. താനൊരു കാര്‍ട്ടൂണിസ്റ്റ് അല്ല എന്നവകാശപ്പെട്ട ഒരേയൊരു കാര്‍ട്ടൂണിസ്റ്റ് രംഗയാണെന്ന് ബാലചന്ദ്രന്‍ പറയുന്നു. കാരിക്കേച്ചറിസ്റ്റ് ആയിരുന്നു അദ്ദേഹം. അതില്‍ അയാളെ വെല്ലാന്‍ ആരുമില്ലായിരുന്നു. വിദേശ നേതാക്കളുടെ ഇന്ത്യന്‍ സന്ദര്‍ശനങ്ങളില്‍ അവരുടെ പത്രസമ്മേളനങ്ങളില്‍ അയാള്‍ വരഞ്ഞ കാരിക്കേച്ചറുകള്‍ എന്ത് വിലയ്ക്കും വാങ്ങാന്‍ തയ്യാറായവരില്‍ ഇറാനിലെ ഷായും, സോവ്യറ്റ് നാട്ടിലെ ക്രൂഷ്‌ച്ചേവും, ബ്രിട്ടീഷ് പ്രധാനമന്ത്രി താച്ചറും ഉണ്ടായിരുന്നു. 'അതൊന്നും വിറ്റ് കാശാക്കിയില്ല', അത്തരമൊരാളാണ് രംഗ.

ചോദിച്ച കാശ് കിട്ടുമായിരുന്നിട്ടും എന്തുകൊണ്ട് വിറ്റില്ല എന്ന ബാലചന്ദ്രന്റെ ചോദ്യത്തിന് അയാള്‍ പറഞ്ഞ മറുപടി, ''വിറ്റിരുന്നെങ്കില്‍ ഇന്ന് തന്റെ കൂടെ ഈ ക്ലബില്‍ ഇരുന്ന് വില കുറഞ്ഞ വിസ്‌കി കഴിക്കാന്‍ പറ്റുമായിരുന്നോ?'' എന്നായിരുന്നു.

രണ്ടായിരത്തിലേറെ ലോക നേതാക്കളുടെ കാരിക്കേച്ചര്‍ വരച്ച രംഗയെന്ന രംഗനാഥന്‍ ഇരുപതാണ്ടുകള്‍ക്ക് മുന്‍പ് എഴുപത്തിയാം വയസില്‍ ബെംഗളൂരുവില്‍ വച്ച് കഥാവശേഷനാകുമ്പോള്‍ ഒക്ടോബര്‍ 2 ന് എല്ലാ ഗാന്ധി ജയന്തിക്കും ഇന്ത്യയിലെ എതെങ്കിലുമൊരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരുന്ന തന്റെ ഗാന്ധി ചിത്രത്തെ പോലെ, കാരിക്കേച്ചറുകളുടെ ലോകത്ത് അനശ്വരനായിക്കഴിഞ്ഞിരുന്നു.

ഒരേയൊരു പത്രപ്രവര്‍ത്തകനെ കുറിച്ചേ ബാലചന്ദ്രന്‍ എഴുതിയിട്ടുള്ളൂ. അത് തന്റെ നാട്ടുകാരനായ എടത്തട്ട നാരായണനെ കുറിച്ചാണ്. താന്‍ ഒരിക്കല്‍ മാത്രം കണ്ട എടത്തട്ടയെ കുറിച്ച് ബാലചന്ദ്രന്‍ ഇങ്ങനെ പറയുന്നു. ''ഒരു മുഴുനീള കമ്മ്യൂണിസ്റ്റ് ദിന പത്രവും വാരികയും ഇംഗ്ലീഷില്‍ ഇറക്കി അതിലൂടെ തൊഴിലാളി ശാക്തീകരണം നേടാമെന്നും അങ്ങനെ ഒരു പാന്‍ - ഇന്ത്യാ കമ്മ്യൂണിസ്റ്റ് / തൊഴിലാളി വിപ്ലവം നടത്തിക്കളയാം എന്നൊക്കെയുള്ള കീ ഹോട്ടിയന്‍ സാഹസിക ബുദ്ധി കാണിച്ച ഈ മനുഷ്യന്‍ ചില്ലറക്കാരനായിരുന്നില്ല''. ആത്യന്തികമായി ആരായിരുന്നു എടത്തട്ട നാരായണന്‍ ? രാഷ്ട്രീയക്കാരനായ പത്രപ്രവര്‍ത്തകനോ ? പത്രപ്രവര്‍ത്തകനായ രാഷ്ട്രീയക്കാരനോ? കൃത്യമായി അളന്ന് മുറിച്ച ഒരു ഉത്തരം പറയാന്‍ വിഷമമായിരിക്കും.

എടത്തട്ട: എനിക്ക് മുൻപേ നടന്ന തലശ്ശേരിക്കാരന്‍ എന്നാണ് ബാലചന്ദ്രന്റെ ലേഖനത്തിന്റെ ശീര്‍ഷകം. എന്നാല്‍ ഇവര്‍ക്കൊക്കെ മുന്‍പ് നടന്ന മറ്റൊരു തലശ്ശേരിക്കാരനുണ്ട്. ബാലചന്ദ്രന്‍ വിട്ടുപോയതോ മറന്നുപോയതോ ആകാം. ഡല്‍ഹിയിലെ ആദ്യത്തെ മലയാളി പത്രപ്രവര്‍ത്തകന്‍ ഒരു തലശ്ശേരിക്കാരനാണ്. 1919ല്‍ 'ഡല്‍ഹി മെയില്‍' എന്ന പത്രത്തിലെ പത്രാധിപ സമിതിയിലുണ്ടായിരുന്ന ഇ പി മേനോന്‍ എന്ന, എടത്തട്ട പത്മനാഭമേനോന്‍. സാക്ഷാല്‍ എടത്തട്ട നാരായണന്റെ അമ്മാവന്‍.

ഈ പുസ്തകത്തിലെ മുപ്പതോളം അധ്യായങ്ങള്‍ പല അസത്യങ്ങളുടെയും പുറംതോട് പൊളിക്കുകയും, പല വിഗ്രഹങ്ങളും കളിമണ്ണിലുണ്ടാക്കിയതാണെന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. ഡല്‍ഹിയിലെ ഒരു മലയാള മാധ്യമപ്രവര്‍ത്തകന്റെ പത്രപ്രവര്‍ത്തനം എന്ന സഫലമായ യാത്ര കൂടിയാണിത്.

logo
The Fourth
www.thefourthnews.in