ശരീരം തന്നെ ബാധ്യതയായി തോന്നുന്ന മുസ്ലീം സ്ത്രീകളുടെ സമകാലിക ജീവിതം

ശരീരം തന്നെ ബാധ്യതയായി തോന്നുന്ന മുസ്ലീം സ്ത്രീകളുടെ സമകാലിക ജീവിതം

'നിന്നെയൊക്കെ ശരിയാക്കിത്തരാമെടീ' എന്ന മട്ടിൽ മുസ്ലിം പെണ്ണിൻ്റെ ശരീരത്തെ ഒട്ടാകെ ചൂഴ്ന്നുള്ള ആക്രമോൽസുകമായ സംഘി നോട്ടങ്ങളെക്കുറിച്ച് ഈ രാജ്യത്ത് ഒരു സിനിമ പിറക്കുമോ?

ഗുജറാത്തിലെ ബിൽക്കീസ് ബാനുവിനെ അറിയാത്തവർ ആരുമുണ്ടാവാനിടയില്ല. അവർ അനുഭവിച്ചതിനെക്കുറിച്ചും അവർ ഇപ്പോൾ ഏതവസ്ഥയിലാണെന്നതിനെക്കുറിച്ചുമൊക്കെ പൊതുസമൂഹം മറന്നുപോയാലും ബിൽക്കീസ് ബാനു ഇന്ത്യൻ മുസ്ലിം ലോകത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമാണ്. ഗുജറാത്ത് വംശഹത്യാ വേളയിൽ, ഗർഭിണിയായ ആ മുസ്ലിം സ്ത്രീ നേരിട്ട സമാനതകളില്ലാത്ത ക്രൂരതകൾ സംഘ് പരിവാർ സേവകർ ഒരു ആവേശത്തിന്റെ പുറത്ത് പെട്ടെന്ന് ചെയ്തതല്ല. ഉലയിലിട്ട് പഴുപ്പിച്ചെടുത്ത ഇരുമ്പ് പാകമായപ്പോൾ പുറത്തെടുത്ത് പെരുമാറിയതാണ്. അത് തുടങ്ങുന്നത് പെട്ടെന്ന് ഒരു ദിവസവുമല്ല. ഏറെ നാളത്തെ നോട്ടങ്ങളിൽനിന്നും രഹസ്യവും പരസ്യവുമായ നിരീക്ഷണങ്ങളിൽ നിന്നുമുള്ളതിന്റെ പ്രതിഫലനമാണ്. ആ പ്രതികളെ വിട്ടയച്ചത് നൂറുകണക്കായി പെരുകി എല്ലായിടത്തും പരക്കാനല്ലാതെ മറ്റെന്തിനാണ്? ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ക്രൂരമായി ​കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ 'സംസ്കാരസമ്പന്നർ' എന്ന് വിശേഷിപ്പിച്ച ബി.ജെ.പി നേതാവ് നിയമസഭ തിരഞ്ഞെടുപ്പിൽ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് എന്തിന്റെ സൂചനയാണ്?  അതേ ഭരണവർഗത്തിന്റെ ഒത്താശയോടെ ആസൂത്രിത കലാപങ്ങൾക്ക് കോപ്പുകൂട്ടുന്ന സമകാലീന ഇന്ത്യയിൽ എവിടെയും ആയിരക്കണക്കിന് ബിൽകീസ് ബാനുമാർ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഏറിവരികയാണ്.

എല്ലാ താത്വികാവലോകനങ്ങൾക്കും അപ്പുറത്ത്, പഴുപ്പിക്കപ്പെട്ട ഇരുമ്പുദണ്ഡുകൾ മുസ്ലിം സ്ത്രീകൾക്കു മേൽ ഓങ്ങി നിൽക്കുന്നുവെന്ന യാഥാർത്ഥ്യം അധികമാർക്കും മനസ്സിലാവില്ല. അതിൻ്റെ ഇരകളായി മാറി പിന്നീട് പാതിജീവനുമായി അവശേഷിക്കുന്നവർ സംഭവിച്ചത് വിളിച്ചു പറയുന്നതുവരെ. ഇത്രനാളും തങ്ങളൊന്നുമറിഞ്ഞതേയില്ല എന്ന 'ഞെട്ടൽ' രേഖപ്പെടുത്തി കേട്ടവർ കടന്നു പോവും. എല്ലാത്തിനും ബിൽക്കീസ് ബാനുവിൻ്റെ ജീവിതം സാക്ഷിയായുണ്ടല്ലോ!

നോട്ടത്തിന്റെ ഒരു പ്രത്യേകത, കണ്ടുനിൽക്കുന്ന മൂന്നാമതൊരാൾക്ക് അതിന്റെ ഉദ്ദേശ്യം മനസ്സിലാവണമെന്നില്ല എന്നതാണ്. പക്ഷെ, ഏറ്റുവാങ്ങുന്ന ആളിൻ്റെ ശരീരത്തിനും മനസ്സിനും അത് ആ നിമിഷാർധത്തിൽ തിരിച്ചറിയാനാവും.

തങ്ങളുടെ നേർക്കുള്ള ഇത്തരം നോട്ടത്തിൻ്റെ ധ്വനികൾ തിരിച്ചറിയുന്നതിന് മുസ്ലിം സ്ത്രീകൾ എത്രത്തോളം പാകമായിട്ടുണ്ടെന്നറിയില്ല. പക്ഷെ, പതിവില്ലാത്ത ക്രൗര്യമാർന്ന നോട്ടങ്ങൾ എത്രയും തവണ ഈയടുത്ത കാലത്തായി എൻ്റെ മേൽ പാറി വീണിട്ടുണ്ട്. വഴിയരികിൽ, പൊതുവിടത്തിൽ, പൊതു പരിപാടികളിൽ ഒക്കെ തലയിലെ തുണിയിലേക്ക് നീണ്ട് ശരീരത്തെ ഉഴിഞ്ഞ് ഇറങ്ങിപ്പോയിട്ടുണ്ട്. അന്നേരം ആസിഡ് വീണപോലെ ഒരു പൊള്ളലും കുറേ നേരത്തേക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതയും ഒപ്പം കൂടിയിട്ടുണ്ട്. ആർക്കും പറഞ്ഞാൽ മനസ്സിലാവാത്തത്. നോട്ടത്തിൻ്റെ ഒരു പ്രത്യേകത, കണ്ടുനിൽക്കുന്ന മൂന്നാമതൊരാൾക്ക് അതിന്റെ ഉദ്ദേശ്യം മനസ്സിലാവണമെന്നില്ല എന്നതാണ്. പക്ഷെ, ഏറ്റുവാങ്ങുന്ന ആളിന്റെ ശരീരത്തിനും മനസ്സിനും അത് ആ നിമിഷാർധത്തിൽ തിരിച്ചറിയാനാവും. അങ്ങനെത്തെ നോട്ടം ആദ്യം നേരിട്ടത് ഡൽഹിയിലെ രാജ്പഥിൽ നിൽക്കുന്ന വേളയിലാണ്.(അതെക്കുറിച്ച് മുമ്പെഴുതിയിട്ടുണ്ട്).

പൊതുവിലുള്ള പാട്രിയാർക്കിയെ പൊളിച്ചെഴുതുന്ന കാൽവെപ്പുകൾക്ക് ഇവിടെ ചെറുതായെങ്കിലും തുറസ്സുകൾ ഉണ്ടാവുകയും അതിനെ ആഘോഷിക്കാൻ അവസരം കൈവരുകയും ചെയ്യുമ്പോൾ തന്നെ, മുസ്ലിം സ്ത്രീയുടെ മേലുള്ള ഹിന്ദുത്വ ആശയാധികാരങ്ങളുടെ അധീശത്വം കാര്യമായ ചർച്ചകൾക്കോ കലാതലത്തിലടക്കമുള്ള പ്രതിരോധങ്ങൾക്കോ ഇടയാകാതെ പോവുന്നിടത്ത് മുല നോട്ടങ്ങളിലേക്കുള്ള പൊളിച്ചെഴുത്തുകൾ ഞങ്ങൾക്ക് ഒരു പ്രതീക്ഷക്കുമിടനൽകുന്നേയില്ല.

ഇപ്പോൾ വീണ്ടും അവയൊക്കെ തികട്ടി വന്നത് മുല നോട്ടങ്ങളുടെ രാഷ്ട്രീയം സംസാരിക്കുന്ന മലയാള സിനിമയുടെ പശ്ചാത്തലത്തിലാണ്. അത്തരമൊരു മാറ്റത്തിൻ്റെ ചുവടുവയ്പ് സന്തോഷത്തോടെ ഏറ്റെടുക്കേണ്ട ഘട്ടത്തിൽ പോലും അതിനാവാതെ നിസ്സഹായയായിപ്പോവുമ്പോൾ മറഞ്ഞിരിക്കുന്ന ഈ യാഥാർത്ഥ്യങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? 'നിന്നെയൊക്കെ ശരിയാക്കിത്തരാമെടീ' എന്ന മട്ടിൽ മുസ്ലിം പെണ്ണിന്റെ ശരീരത്തെ ഒട്ടാകെ ചൂഴ്ന്നുള്ള ആക്രമോൽസുകമായ സംഘി നോട്ടങ്ങളെക്കുറിച്ച് ഈ രാജ്യത്ത് ഒരു സിനിമ പിറക്കുമോ? ഇന്ത്യൻ പൊതു സമൂഹത്തിലെ സ്ത്രീ ജീവിതവും മുസ്ലിം സ്ത്രീ ജീവിതവും കൃത്യം രണ്ടായി പകുക്കപ്പെട്ടിരിക്കുകയാണ്. പൊതുവിലുള്ള പാട്രിയാർക്കിയെ പൊളിച്ചെഴുതുന്ന കാൽവയ്പുകൾക്ക് ഇവിടെ ചെറുതായെങ്കിലും തുറസ്സുകൾ ഉണ്ടാവുകയും അതിനെ ആഘോഷിക്കാൻ അവസരം കൈവരുകയും ചെയ്യുമ്പോൾ തന്നെ, മുസ്ലിം സ്ത്രീയുടെ മേലുള്ള ഹിന്ദുത്വ ആശയാധികാരങ്ങളുടെ അധീശത്വം കാര്യമായ ചർച്ചകൾക്കോ കലാതലത്തിലടക്കമുള്ള പ്രതിരോധങ്ങൾക്കോ ഇടയാകാതെ പോവുന്നിടത്ത് മുല നോട്ടങ്ങളിലേക്കുള്ള പൊളിച്ചെഴുത്തുകൾ ഞങ്ങൾക്ക് ഒരു പ്രതീക്ഷക്കുമിടനൽകുന്നേയില്ല. കാരണം ഞങ്ങളുടെ ശരീരം മുഴുവനുമായി അധികാര പ്രയോഗത്തിൻ്റെ, വംശീയ വിദ്വേഷത്തിന്റെ, അക്രമോൽസുക ലൈംഗികതയുടെ കെട്ടിറക്കാനുള്ള പ്രതലമായി പരിവർത്തിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഖബറിൽ നിന്ന് മാന്തിയെടുത്ത് പോലും ബലാൽസംഗം ചെയ്യാനുള്ള ആഹ്വാനത്താൻ ആ ക്രൗര്യ രാഷ്ട്രീയം ചുട്ടുപഴുത്തിരിക്കുന്നു. അതെ, ഞങ്ങൾക്ക് ഞങ്ങളുടെ മുലകൾ മാത്രമല്ല, ശരീരം തന്നെ വലിയ ബാധ്യതയാണിന്ന്.

logo
The Fourth
www.thefourthnews.in