വേണം വിനോദസഞ്ചാരത്തിന് 
രാത്രിയാത്രാ വിലക്ക്

വേണം വിനോദസഞ്ചാരത്തിന് രാത്രിയാത്രാ വിലക്ക്

വിനോദത്തിനായുള്ള യാത്ര, സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാവുന്നത് ഒട്ടുംതന്നെ ആശാസ്യമായ പ്രവണതയല്ല

ഒരിക്കല്‍കൂടി കേരളം ഉണര്‍ന്നെണീറ്റത് കരളുലയ്ക്കുന്ന റോഡപകട വര്‍ത്തയിലേക്കാണ്. ഇന്നലെ അര്‍ധരാത്രി വടക്കഞ്ചേരിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കാരണം എന്തെന്ന് അത് പൂര്‍ത്തിയാകുമ്പോള്‍ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. മാധ്യമ വാര്‍ത്തകള്‍ പ്രകാരം വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയ ബസ് അപകടസമയത്ത് അമിതവേഗതയിലായിരുന്നുവെന്ന് മനസിലാക്കാം. അപകടം നടന്ന പാതയില്‍ അനുവദനീയമായ വേഗപരിധി 65 കിലോമീറ്ററാണ്. പക്ഷേ, ജിപിഎസ് വിശദാംശങ്ങള്‍ അനുസരിച്ച് അപകടസമയത്ത് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍ ആയിരുന്നു. അപകടസമയത്ത് ചാറ്റല്‍ മഴയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാത്രികളില്‍ താമസം തരപ്പെടുത്താനുള്ള പ്രായോഗിക, സാമ്പത്തിക ബുദ്ധിമുട്ടുകളാകാം രാത്രി യാത്രയ്ക്കുള്ള പ്രധാന കാരണം

ഇതാദ്യമല്ല വിനോദയാത്രാ സംഘങ്ങള്‍ റോഡ് അപകടത്തില്‍പ്പെടുന്നത്. അപകടം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടെ നമ്മള്‍ ഈ സംഭവം തന്നെ മറക്കുന്നതാണ് ശീലം. ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ അടിയന്തരമായി വേണ്ടത് വിനോദസഞ്ചാര യാത്രകള്‍ക്ക് കര്‍ശനമായി പാലിക്കേണ്ട ഒരു പ്രോട്ടോകോള്‍ ആണ്. വിനോദത്തിനായുള്ള യാത്ര, സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാവുന്നത് ഒട്ടുംതന്നെ ആശാസ്യമായ പ്രവണതയല്ല. കേരളത്തില്‍ കണ്ടുവരുന്ന ഒരു ശീലം സ്‌കൂള്‍, കോളേജ് വിനോദയാത്രകളില്‍ രാത്രികള്‍ യാത്രയ്ക്കായും പകല്‍ കാഴ്ചയ്ക്കായും മാറ്റിവെക്കുന്നതാണ്. രാത്രികളില്‍ താമസം തരപ്പെടുത്താനുള്ള പ്രായോഗിക, സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന് തോന്നുന്നു ഈ ഒരു രീതി വ്യാപകമാകാന്‍ പ്രധാന കാരണം. ഒപ്പം, നമ്മുടെ റോഡുകളുടെ ശോച്യാവസ്ഥ കാരണം ഉദ്ദേശിച്ച ദൂരം താണ്ടാന്‍ രാത്രിയാത്രകളാണ് നല്ലതെന്ന ചിന്തയും.

തീര്‍ത്തും അശാസ്ത്രീയവും അരക്ഷിതവുമാണ് രാത്രി യാത്രകള്‍; പ്രത്യേകിച്ചും വിനോദയാത്രകള്‍ പോലുള്ള ആഘോഷവേളകളില്‍

വിനോദ യാത്രയ്ക്ക് പോകുന്ന ബസുകള്‍ക്ക് രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം. കേരളത്തിലെ റോഡപകടങ്ങളുടെ പഠനം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം തെളിയിക്കുന്നത് രാത്രികാലങ്ങളില്‍ അപകടസാധ്യത വളരെ കൂടുതലാണെന്നാണ്. ഉല്ലാസയാത്രയുടെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടമാകാനിടയാക്കും. കൂടാതെ, ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ മദ്യപിക്കാനും അമിത വേഗത്തില്‍ വാഹനം ഓടിക്കാനുമെല്ലാമുള്ള സാധ്യതകളും കൂടുതലാണ്.

കിട്ടുന്ന ബിസിനസ് നഷ്ടപ്പെടുത്തേണ്ടെന്ന ചിന്തയില്‍ ബസ് ഉടമകള്‍ പരമാവധി ബുക്കിംഗ് സ്വീകരിക്കും

വിനോദയാത്രകള്‍ ചില പ്രത്യേക സീസണുകളിലാണ് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. ബസ് ഡ്രൈവര്‍മാര്‍ക്ക് ഈ സീസണുകളില്‍ നിരന്തരമായി ഓട്ടമുണ്ടാകും. കിട്ടുന്ന ബിസിനസ് നഷ്ടപ്പെടുത്തേണ്ടെന്ന ചിന്തയില്‍ വിശ്രമം മാറ്റിവെച്ച് ബസ് ഉടമകള്‍ പരമാവധി ബുക്കിംഗ് സ്വീകരിക്കും. പലപ്പോഴും ഒരേ ഡ്രൈവര്‍ തന്നെ ഉറക്കമിളച്ച് തുടരെ ട്രിപ്പുകള്‍ ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കാണ് ഇത് നയിക്കുക.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തുന്നതും ഗുണം ചെയ്യും

മറ്റൊരു കാര്യം പല സ്‌കൂളുകളിലും യാത്രകള്‍ സംഘടിപ്പിക്കുന്ന അധ്യാപകര്‍ക്കുപോലും എന്തൊക്കെ സുരക്ഷയൊരുക്കണമെന്ന കാര്യത്തില്‍ മതിയായ ധാരണയില്ലാത്തതാണ്. ഒരു സ്‌കൂള്‍ ബസിന് വേണ്ട സുരക്ഷാ മുന്‍കരുതലുകളെല്ലാം സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെ, വിനോദ യാത്രക്കുള്ള ബസിനും വേണ്ടതാണ്. ഏത് ബസിനും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയ വിവരം ഓണ്‍ലൈനായി അറിയാന്‍ കഴിയും. തങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന ബസിന്റെ മുന്‍കാല നിയമ ലംഘനങ്ങളെ പറ്റി സ്‌കൂള്‍ അധികൃതര്‍ തന്നെ പരിശോധന നടത്തുന്നത് നല്ലതാണ്. ആര്‍ ടി ഒ ഓഫീസുകളുടെ സഹകരണത്തോടെയും ഈ പരിശോധന നടത്താവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തുന്നതും ഗുണം ചെയ്യും. വഴിയില്‍ ഡ്രൈവര്‍ മദ്യപിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ പരിശോധനയുണ്ടെന്നത് കുറെ പേരെയെങ്കിലും അത്തരം തെറ്റായ രീതികള്‍ പിന്തുടരുന്നതില്‍നിന്ന് വിലക്കും.

കഴിഞ്ഞ 20 വര്‍ഷമായി കിട്ടുന്ന അവസരങ്ങളിലൊക്കെ ഈ വാദങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, വേണ്ട ഗൗരവത്തില്‍ ആരും ഈ നിര്‍ദേശങ്ങള്‍ ആരും കണക്കിലെടുത്തിട്ടില്ലെന്നതാണ് വസ്തുത. വടക്കാഞ്ചേരിയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം ഈ അപകടമെങ്കിലും തിരുത്തലുകള്‍ക്ക് തുടക്കമിടട്ടെയെന്ന് മനംനൊന്ത് ആശിക്കുകയാണ് ഞാന്‍.

(ലോക ബാങ്കിലെ റോഡ് സുരക്ഷാ വിദഗ്ധന്‍ ആണ് ലേഖകന്‍)

logo
The Fourth
www.thefourthnews.in