ഒളിംപിക് മെഡൽ അത്ലറ്റിന്റേത്

ഒളിംപിക് മെഡൽ അത്ലറ്റിന്റേത്

ഒളിംപിക്സിൽ വ്യക്തിഗത ഇനമായാലും ടീം ഇനമായാലും മത്സരം അത്ലറ്റുകൾ തമ്മിലെന്നാണ് വ്യാഖ്യാനം, അഥവാ രാജ്യങ്ങൾ തമ്മിൽ അല്ല

ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങൾ ഒളിംപിക്സിൽ ഉൾപ്പെടെ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാതിരുന്നതിൽ രാജ്യം ആശ്വസിക്കുകയാണ്. മെഡലുകൾ രാജ്യത്തിൻ്റെ സ്വത്ത് എന്ന വാദങ്ങളും ഉയർന്നു. പക്ഷേ, അല്ല. താരങ്ങളെ രാജ്യത്തിന് ദേശീയ സ്വത്തായി പ്രഖ്യാപിക്കാം. എന്നാൽ ഒളിംപിക് മെഡലുകൾ രാജ്യത്തിന്റേതെന്ന് അവകാശപ്പെട്ടാൽ അത് ഒളിംപിക് ചാർട്ടറിന്റെ (Olympic Charter) ലംഘനമാകും.

ഒളിംപിക്സിൽ വ്യക്തിഗത ഇനമായാലും ടീം ഇനമായാലും മത്സരം അത്ലറ്റുകൾ തമ്മിലെന്നാണ് വ്യാഖ്യാനം, അഥവാ രാജ്യങ്ങൾ തമ്മിൽ അല്ല. അതുകൊണ്ടാണ് ടീം ഇനങ്ങളിൽ വിജയിക്കുന്ന രാജ്യത്തിന് ട്രോഫി നൽകാതെ കളിക്കാർക്ക് മെഡൽ സമ്മാനിക്കുന്നത്. ഒരു രാജ്യം വിലക്ക് നേരിടുമ്പോഴും അവിടുത്തെ താരങ്ങൾക്ക് ഒളിംപിക് പതാകയുടെ കീഴിൽ മത്സരിക്കാൻ അവസരം നൽകുന്നു. അഭയാർഥികൾക്കായി റഫ്യൂജി ടീം തന്നെ രൂപവത്കരിച്ചു.

രാജ്യത്തെയല്ല താരം പ്രതിനിധാനം ചെയ്യുന്നതെങ്കിൽ പകരം ഒളിംപിക് പതാക ഉയരും

ഒളിംപിക്സിലും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന മറ്റ് രാജ്യാന്തര കായിക മേളകളിലും സമ്മാന വിതരണ വേളയിൽ മെഡൽ ജേതാക്കൾ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിൻ്റെ പതാക ഉയർത്തും. സ്വർണം നേടുന്ന താരത്തിൻ്റെ ദേശീയ പതാക മധ്യത്തിൽ അല്പം ഉയരത്തിലും വെള്ളിയും വെങ്കലവും നേടുന്ന താരങ്ങളുടെ രാജ്യങ്ങളുടെ പതാക യഥാക്രമം ഇടത്തും വലത്തുമായി അല്പം താഴ്ത്തി, എന്നാൽ ഒരേ ഉയരത്തിലും ആണ് ഉയർത്തുക. രാജ്യത്തെയല്ല താരം പ്രതിനിധാനം ചെയ്യുന്നതെങ്കിൽ പകരം ഒളിംപിക് പതാക ഉയരും.

സ്വർണം നേടുന്ന അത്ലറ്റിന്റെ രാജ്യത്തിന്റെ ദേശീയ ഗാനം മാത്രമാണ് മുഴങ്ങുക. ദേശീയ ഗാനം മുഴങ്ങുമ്പോഴായിരിക്കും പതാക ഉയരുന്നതും. രണ്ട് അത്‍ലറ്റുകൾ സ്വർണം നേടിയാൽ (ഒന്നാം സ്ഥാനം പങ്കുവച്ചാൽ ) രണ്ടു രാജ്യങ്ങളുടെയും ദേശീയ ഗാനം കേൾപ്പിക്കും. അക്ഷരമാലക്രമത്തിൽ ആദ്യം വരുന്ന രാജ്യത്തിന്റെ ദേശീയ ഗാനം ആയിരിക്കും ആദ്യം കേൾക്കുക.

വിജയം നേടുന്ന താരങ്ങൾ പോഡിയത്തിൽ ദേശീയ പതാക തോളിൽ ചുറ്റി ചിത്രം എടുപ്പിക്കുന്നതും ദേശീയ പതാകയുമായി വിക്ടറി ലാപ് നടത്തുന്നതുമൊക്കെ പതിവാണ്. കാരണം തങ്ങളെ ഇത്രത്തോളം എത്തിച്ച രാജ്യത്തോടുള്ള കടപ്പാട് അത്ലറ്റുകൾ പ്രകടിപ്പിക്കുന്നു. ഒപ്പം, രാജ്യം അത് ദേശീയ വിജയമായി ആഘോഷിക്കുന്നു. പക്ഷേ, അവരുടെ മെഡൽ അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുവഴി ഒളിംപിക് പ്രസ്ഥാനം വലിയൊരു സന്ദേശമാണ് ലോകത്തിന് നൽകുന്നത്.

ബജ്റങ് പൂനിയയും സാക്ഷി മാലിക്കും നേടിയ ഒളിംപിക് മെഡലും വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് മെഡലുമൊക്കെ അവരുടേതാണ്. അവരുടേത് മാത്രം. അവർ രാജ്യത്തിനായി നേടിയത് എന്നതുകൊണ്ട് നമുക്കും അഭിമാനിക്കാം. നമ്മുടേതെന്ന് കരുതാം.

ഒളിംപിക് മെഡൽ രാജ്യത്തിന്റെ നേട്ടവും അഭിമാനവുമായി നമുക്ക് ആഘോഷിക്കാം. മെഡൽ ജേതാക്കളെ നമുക്ക് ഹൃദയത്തിലേറ്റാം. മെഡൽ പട്ടികയിൽ രാജ്യത്തിന്റെ പേരാണ് വരിക എന്നും ആശ്വസിക്കാം; ആഹ്ളാദിക്കാം; ആഘോഷിക്കാം.

logo
The Fourth
www.thefourthnews.in