രാമു കാര്യാട്ട്: ദൈവം കൈയൊപ്പ് ചാർത്തിയ പ്രതിഭ  

രാമു കാര്യാട്ട്: ദൈവം കൈയൊപ്പ് ചാർത്തിയ പ്രതിഭ  

മലയാള സിനിമാലോകത്തെ കൾട്ട് ഫിഗർ എന്ന് വിശേഷിപ്പിക്കാവുന്ന രാമു കാര്യാട്ടിന്റെ ഓർമദിനമാണ് ഇന്ന്

മദ്രാസിൽ ഒരു ചടങ്ങിൽ വെച്ച് തകഴി ശിവശങ്കര പിള്ളയോട് ഊർജസ്വലനായ ആ ചെറുപ്പക്കാരൻ പറഞ്ഞു ''ചെമ്മീൻ എനിക്ക് ചിത്രമാക്കാൻ തരണം. ഞാൻ അത് കൊണ്ട് ഒരുപക്ഷേ, വലിയവനാകും ഇല്ലെങ്കിൽ നശിക്കും'' എന്നിട്ടയാൾ കൈ രണ്ടും ഇരുവശത്തേക്ക് നീട്ടി എങ്ങനെയാണ് 'വലിയവനാകുന്നതെന്ന് കാണിച്ചു. പറഞ്ഞതുപോലെ തന്നെ പിന്നീട് വലിയവനായി. തന്റെ ആകാരം പോലെ തന്നെ രാമു കാര്യാട്ട് എന്ന ആ ചെറുപ്പക്കാരൻ എല്ലായ്പ്പോഴും ചിന്തിച്ചതും പ്രവർത്തിച്ചതും ജീവിച്ചതും വലുതായിട്ടായിരുന്നു; വളരെ വലുതായിട്ട്!

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് രാമു കാര്യാട്ട് ‘ചെമ്മീൻ' എന്ന ക്ലാസിക്ക് ചിത്രത്തിലൂടെ 1965-ൽ ഇന്ത്യയിലെ മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സുവർണ കമലം നേടുന്നത്. മലയാളത്തെ ലോക സിനിമയുടെ വേദിയിലെത്തിച്ച ആഗോള പ്രശസ്തമായ 'ചെമ്മീൻ' എന്ന ചിത്രത്തിന്റെ ആരംഭം തൃശൂരിലെ കൺമണി ഫിലിംസിൽ നിന്നായിരുന്നു. നോവൽ മലയാളത്തിൽ സിനിമയാക്കാനുള്ള അവകാശം അതിന്റെ ഉടമ വൈദ്യനാഥ അയ്യർക്കായിരുന്നു.

ഈ നോവൽ ഹിന്ദിയിലെടുക്കാൻ സുനിൽ ദത്തിന് പ്ലാനുണ്ടായിരുന്നു. അത് തകഴിയുമായി സംസാരിച്ച് ഏതാണ്ട് ഉറപ്പായതുമായിരുന്നു. പക്ഷേ, നിർമാണ ചെലവും വിഷയത്തിന്റെ സങ്കീർണതയും കാരണം സുനിൽ ദത്ത് ആ പദ്ധതി ഉപേക്ഷിച്ചു. അങ്ങനെ ചലച്ചിത്ര രംഗത്തെ വെല്ലുവിളിയായി ചെമ്മീൻ നിൽക്കുമ്പോഴാണ് രാമു കാര്യാട്ട് കളത്തിലിറങ്ങുന്നത്.

സിനിമയുടെ അവകാശമുൾപ്പെടെ കൺമണി ഫിലിംസ് വിലയ്ക്ക് വാങ്ങി ചെമ്മീൻ സിനിമയുടെ ബാനറാക്കി

ഇത്രയും വലിയ ഒരു ചിത്രം നിർമിക്കാൻ മലയാള ചലച്ചിത്ര നിർമാതാക്കൾ ആരും തയ്യാറായില്ല. ഫിലിം ഫിനാൻസ് കോർപ്പറേഷന്റെ ധനസഹായം ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും അത് ആവശ്യമായ മൂലധനത്തിന്റെ കാൽ ഭാഗമേ ആകുകയുള്ളൂ. തന്റെ സ്വപ്നവുമായി തേടിയലയുമ്പോഴാണ് കൊച്ചിയിലെ ധനികനായ ഖാൻ സാഹിബ് ഇസ്മായേൽ ഹാജി ഈസാ സേട്ടിന്റെ മകൻ ബാബുവിനെ കാര്യാട്ട് പരിചയപ്പെടുന്നത്. മലയാള സിനിമാരംഗത്ത് അയാൾ പിന്നിട് കൺമണി ബാബു എന്നറിയപ്പെട്ടു.

പടമെടുക്കാൻ ആവശ്യമായ 10 ലക്ഷം മുടക്കാൻ സിനിമയോട് ആഭിമുഖ്യമുള്ള അയാൾ തയ്യാറായി. ഗുജറാത്തിലെ കച്ചിൽ നിന്ന് വന്ന ധനികരായ വ്യാപാരി കുടംബമായിരുന്നു ബാബുവിന്റെത്. കൊച്ചി രാജാക്കന്മാർക്ക് പോലും പണം കടം കൊടുക്കാറുള്ള കുടുംബം. സിനിമയുടെ അവകാശമുൾപ്പെടെ കൺമണി ഫിലിംസ് വിലയ്ക്ക് വാങ്ങി ചെമ്മീൻ സിനിമയുടെ ബാനറാക്കി.

ചെമ്മീനിലെ നടന്മാരെ തിരഞ്ഞെടുത്തത് സംവിധായകനോ നിർമാതാവോ കഥാകൃത്തോ ആയിരുന്നില്ല

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ (1957) ആദ്യത്തെ മലയാള നോവലാണ് ചെമ്മീൻ. ഇതിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിൽ താൻ ഒരു കാര്യത്തിലും ഇടപെടില്ലെന്ന് തകഴി ആദ്യമേ ഉറപ്പിച്ച് പറഞ്ഞതിനാൽ അന്നത്തെ വളർന്നു വരുന്ന മികച്ച നാടകകൃത്തായ എസ് എൽ പുരം സന്ദാനന്ദനാണ് നോവലിന്റെ ആത്മാവ് ചോരാതെ തിരക്കഥ രചിച്ചത്. ഇത്രയും വലിയ ചലച്ചിത്രത്തിലെ നടന്മാരെ തിരഞ്ഞെടുത്തത് സംവിധായകനോ നിർമാതാവോ കഥാകൃത്തോ ആയിരുന്നില്ല.

തൃശൂരിലെ കറന്റ് തോമസിന് വേണ്ടി പുസ്തകത്തിന് കവറുകൾ വരയ്ക്കാൻ വരുന്ന ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി കാര്യാട്ടിന്റെ പദ്ധതിയെ കുറിച്ചറിഞ്ഞപ്പോൾ ചെമ്മീനിലെ കഥാപാത്രങ്ങൾക്ക് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളുടെ മുഖം മനോഹരമായി വരച്ച് കാര്യാട്ടിനയച്ചു. ചെമ്പൻ കുഞ്ഞായി കൊട്ടാരക്കര, പളനിയായ് സത്യൻ, കറുത്തമ്മയായി ഷീല എന്നിങ്ങനെ വേഷവിധാനങ്ങൾ സഹിതമാണ് ശങ്കരൻ കുട്ടി ഒരുക്കി അയച്ചത്. ചെമ്മീന്റെ ചലച്ചിത്ര സങ്കൽപ്പങ്ങൾക്ക് ഇതു കിറുകൃത്യമായി രാമു കാര്യാട്ടിന് തോന്നിയതിനാൽ അത് അപ്പടി അംഗീകരിക്കുകയായിരുന്നു. ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി അങ്ങനെ ചെമ്മീൻ ചിത്രത്തിന്റെ അനൗദ്യോഗിക കാസ്റ്റ് ഡയറക്ടറായി.

കഥ - തകഴി, ഗാനങ്ങൾ വയലാർ, സംഗീതം നൽകാൻ സലിൽ ചൗധരി, ക്യാമറ ജെമിനി സ്റ്റുഡിയോയിലെ എറ്റവും മികച്ച ഛായാഗ്രാഹകൻ ജർമൻകാരനായ മാർക്കസ് ബർട്ടലി, എഡിറ്റിങ് ഋഷികേശ് മുഖർജി. പടം കളറിലും സംവിധാനം രാമു കാര്യാട്ടും. ഇത്രയും പ്രതിഭകൾ ഒരുമിച്ച ഒരു ചിത്രം തെക്കെ ഇന്ത്യയിൽ ഒരു ഭാഷയിലും അണിനിരന്നിട്ടില്ല. നോവലിൽ കഥ നടക്കുന്ന ആലപ്പുഴയിലെ പുറക്കാട്ട് കടപ്പുറത്ത് വിപുലമായ രീതിയിൽ ഷൂട്ടിങ് ആരംഭിച്ചു. എന്നാൽ കടപ്പുറക്കാർ സഹകരിച്ചില്ല. മാത്രമല്ല, ഷൂട്ടിങ്ങിന് വേണ്ട നൂറോളം വള്ളങ്ങൾക്ക് കനത്ത വാടക വേണമെന്ന് വള്ളമുടമകൾ ആവശ്യപ്പെട്ടു. അങ്ങനെ ചിത്രീകരണം തടസപ്പെട്ടു.

കാര്യാട്ട് കുലുങ്ങിയില്ല. താൻ ജനിച്ച് വളർന്ന തൃശൂരിലെ നാട്ടികയിൽ വെച്ച് ചെമ്മീന്റെ ചിത്രീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ചേറ്റുവയിലേയും നാട്ടികയിലേയും മത്സ്യത്തൊഴിലാളികൾ കാര്യാട്ടിന് എല്ലാ സഹായ സഹകരണവും നൽകി. ജനകീയ പിന്തുണയോടെ അങ്ങനെ ചിത്രീകരണം പകുതിയോളം കഴിഞ്ഞപ്പോൾ കേരളത്തിൽ അസംബ്ലി ഇലക്ഷൻ വന്നു.

നാട്ടികയിൽ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച രാമു കാര്യാട്ട് ആറായിരം വോട്ടിന് ജയിച്ചു. പക്ഷേ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ പിരിച്ചു വിടുകയാണുണ്ടായത്. ഏതായാലും കേരള നിയമസഭയ്ക്ക് കാര്യാട്ടിന്റെ വാഗ്ദ്ധാരണി കേൾക്കാൻ ഭാഗ്യമുണ്ടായില്ല. തോപ്പിൽ ഭാസിക്ക് ശേഷം, രാഷ്ട്രീയരംഗത്ത്  എംഎൽഎ ആയ സിനിമാക്കാരൻ കാര്യാട്ടാണ്.

തിരഞ്ഞെടുപ്പിന് ശേഷം ബാക്കി ചിത്രീകരണം പൂർത്തിയാക്കി. സാങ്കേതിക മികവിന് വേണ്ടി  ലണ്ടനിലയച്ചാണ് പടം പ്രൊസസ്സ് ചെയ്തത്.

1965ൽ പത്ത് ലക്ഷം രൂപ നിർമാണ ചെലവ് വന്ന ചിത്രത്തിന് ആദ്യ റിലീസിന് 40 ലക്ഷം രൂപ ലാഭം കിട്ടിയെന്നാണ് കണക്ക്

പ്രസിഡന്റിന്റെ സുവർണ കമലം കിട്ടുമെന്ന് ഉറപ്പിച്ചതിനാൽ, അവാർഡ് പ്രഖ്യാപിച്ചതിന് ശേഷമാണ് ബാബു സേട്ട് പടം റിലീസ് ചെയ്തുള്ളൂ. പക്ഷേ, ഇതിനകം വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞിരുന്ന ചെമ്മീനിലെ ഗാനങ്ങൾ ഇടയ്ക്കിടെ പുറത്തുവിട്ട് ഒരു പുതിയ ട്രെൻഡും സൃഷ്ടിച്ചു. 1966 ഓഗസ്റ്റ് 16ന് കേരളത്തിലെ 14 കേന്ദ്രങ്ങളിൽ 'ചെമ്മീൻ' റിലീസായി. എല്ലായിടത്തും നൂറ് ദിവസം ഓടി. തുടക്കത്തിലേ, റെക്കോർഡ് കളക്ഷൻ നേടി. 1965ൽ പത്ത് ലക്ഷം രൂപ നിർമാണ ചെലവ് വന്ന ചിത്രത്തിന് ആദ്യ റിലീസിന് 40 ലക്ഷം രൂപ ലാഭം കിട്ടിയെന്നാണ് കണക്ക്.

നിരൂപകനായ സിനിക്ക് മാതൃഭൂമി ആഴ്ചപതിപ്പിൽ ചെമ്മീനെ നിരൂപണം ചെയ്തു എഴുതി, “ഒരു ഉൽകൃഷ്ട കലാശിൽപ്പം വാർത്തെടുക്കാൻ വേണ്ട കരുക്കളത്രയും അത്യന്തം നിഷ്ക്കർഷയോടെ സംഭരിച്ച സംവിധായകൻ അവ വഴി പോലെ ഉപയോഗപ്പെടുത്തി മലയാള സിനിമാവേദിക്ക് ഇന്നേവരെ നേടാനൊക്കാത്ത സൗഭാഗ്യം നേടിയെന്നതിൽ ഇന്നാട്ടിലെ സിനിമാ പ്രേമികളുടെയെല്ലാം അകമഴിഞ്ഞ അനുമോദനമർഹിക്കുന്നു.”

മോസ്കോവിലെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം,1968ലെ ആഫ്രോ ഏഷ്യൻ ചലച്ചിത്ര മേളയിലെ പ്രഥമ ചിത്രം എന്നിങ്ങനെ വിദേശത്ത് അംഗീകാരങ്ങൾ ചെമ്മീന്‍ വാരിക്കൂട്ടി

അക്കാലത്തെ കലാസാഹിത്യ രംഗത്തെ അവസാന വാക്കായ കൗമുദി വാരികയിൽ കെ ബാലകൃഷ്ണൻ വാഴ്ത്തിയത് ഇങ്ങനെ, 'സത്യാ ഷീലേ, ശ്രീധരൻ നായരെ ഹോളിവുഡൊക്കെ നിങ്ങളുടെ മുന്നിൽ തല കുനിക്കും!'

കലാപരമായും സാങ്കേതികമായും എക്കാലത്തേയും മികച്ച ചിത്രമെന്ന് ചെമ്മീൻ വാഴ്ത്തപ്പെട്ടു. ‘ചെമ്മീൻ' ഉത്തരേന്ത്യൻ മേലാളന്മാരുടെ വേലി പൊളിച്ച് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് മുന്നിൽ പ്രതിഷ്ഠിച്ച മലയാള സിനിമയായിരുന്നു. മാത്രമല്ല. വിശ്വചലച്ചിത്രത്തിൽ മലയാള സിനിമയ്ക്കും സ്ഥാനമുണ്ടെന്ന് സ്ഥാപിച്ചു.

മോസ്കോവിലെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം,1968ലെ ആഫ്രോ ഏഷ്യൻ ചലച്ചിത്ര മേളയിലെ പ്രഥമ ചിത്രം എന്നിങ്ങനെ വിദേശത്ത് അംഗീകാരങ്ങൾ വാരി കൂട്ടി. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമാട്ടോഗ്രാഫിക്ക് മാർക്ക് സ്ബർട്ടിലിക്ക് അവാർഡ്. ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം തുടങ്ങിയവ നേടി. മികച്ച ചിത്രത്തിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സ്വർണ കമലം ആദ്യമായ് തെക്കെ ഇന്ത്യയിലേക്ക് എത്തുമ്പോൾ രാമു കാര്യാട്ട് എന്ന സംവിധായകൻ  ഇന്ത്യൻ സിനിമാരംഗത്ത് തന്നെ കൾട് ഫിഗറായി മാറി.

തൃശൂരിലെ ചേറ്റുവായിൽ ജനിച്ച രാമൻകുട്ടിയെന്ന രാമു കാര്യാട്ട്  സിനിമാ മോഹങ്ങളുമായി തൃശൂരിൽ 'സൗണ്ട്' എന്നൊരു ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്നു. അന്നത്തെ തൃശൂരിലെ സംസ്കാരിക പ്രവർത്തകരും കലാകാരന്മാരും സമ്മേളിക്കുന്ന കറന്റ് തോമസിന്റെ ബുക്ക് സ്റ്റാളിൽ രാമു കാരാട്ട് സ്ഥിരാംഗമായിരുന്നു. കാര്യാട്ടിന്റെ സിനിമാ ജീവിതത്തെ നിർണായകമായി സ്വാധീനിച്ച ശോഭന പരമേശ്വരൻ നായർ, പി ഭാസ്കരൻ തുടങ്ങിയവരുമായുള്ള സൗഹൃദം ആരംഭിക്കുന്നത് അവിടെ നിന്നാണ്. കാര്യാട്ടിന്റെതു പോലെ, സമാനമായ സാഹിത്യ കലാ സാംസ്കാരിക ചിന്തയുള്ളവരായിരുന്നു അവരും.

1953ൽ പി ആർ എസ് പിള്ള സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു കാര്യാട്ട്. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും കാര്യാട്ടിന്റെ ചലച്ചിത്ര മോഹങ്ങൾ കൂടുതൽ ദൃഢമായി.

ചിത്രത്തിലെ കലാകാരന്മാരെല്ലാം മലയാളികളാകണമെന്ന് രാമു കാര്യാട്ടിന് നിർബന്ധമായിരുന്നു. അങ്ങനെ പടത്തിന്റെ അണിയറയിൽ പ്രവർത്തിച്ച  പ്രധാന കലാകാരന്മാരെല്ലാരും മലയാളികളായി

ടി കെ പരീക്കുട്ടിയുടെ ചന്ദ്രതാര എന്ന നിർമാണ കമ്പനി ഒരു പുതിയ പടം എടുക്കാൻ രാമു കാര്യാട്ടിനെ ഏൽപ്പിച്ചതോടെ മലയാള സിനിമയുടെ സ്വഭാവം തന്നെ മാറ്റിമറിച്ച ഒരു ചലച്ചിത്രം  പിറവിയെടുത്തു. പി ഭാസ്കരനും കാര്യാട്ടും കൂടിയായിരുന്നു പ്രാരംഭ ചർച്ചകൾ. സിനിമയ്ക്കായ് ഉറൂബിന്റെ മൂന്ന് കഥകൾ കേട്ട് തിരഞ്ഞെടുത്ത രചനയ്ക്ക് പി ഭാസ്കരൻ പേരിട്ടു, ' നീലക്കുയിൽ'. ഭാസ്കരൻ മാഷുടെ വരികൾക്ക് കോഴിക്കോട് ആകാശവാണിയിൽ സംഗീത വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കെ രാഘവൻ ഈണമിട്ടപ്പോൾ മനോഹര ഗാനങ്ങളും പിറന്നു.

പിന്നീട് തലമുറകൾ ഏറ്റുപാടിയ ഈ ചലച്ചിത്ര ഗാനങ്ങൾ എല്ലാം തന്നെ അക്കാലത്തെ ഗാനങ്ങളുടെ ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. പൂർണമായും മലയാളി ഗാനങ്ങൾ. ചിത്രത്തിലെ കലാകാരന്മാരെല്ലാം മലയാളികളാകണമെന്ന് രാമു കാര്യാട്ടിന് നിർബന്ധമായിരുന്നു. അങ്ങനെ പടത്തിന്റെ അണിയറയിൽ പ്രവർത്തിച്ച  പ്രധാന കലാകാരന്മാരെല്ലാരും മലയാളികളായി.

മലയാള ചലച്ചിത്ര രംഗത്തെ ആദ്യ ഇരട്ട സംവിധായകരായി രാമു കാര്യാട്ടും പി ഭാസ്കരനും ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

പരിപൂർണ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് നീലക്കുയിലിൽ (1954) നിന്നാണ്. കഥ, ജീവിതം, കഥാപാത്രങ്ങൾ, നാടൻ വേഷവിധാനം, സംഭാഷണം തുടങ്ങിയ എല്ലാ തുറയിലും റിയലിസ്റ്റിക്കായ ആദ്യ മലയാള ചലച്ചിത്രം. ചലച്ചിത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന ചെറിയ ആശങ്ക കാര്യാട്ടിനും പി ഭാസ്കരനും ഉണ്ടായിരുന്നെങ്കിലും, ആദ്യം ഒന്ന് സംശയിച്ചുനിന്ന പ്രേക്ഷകർ പിന്നീട് ആഘോഷത്തോടെ സ്വീകരിച്ചു. നാടൻ വേഷം, സാധാരണ കേരളീയ ഛായയിലുള്ള പരുക്കൻ മനുഷ്യർ, ലളിതമായ സംഭാഷണം, ശുദ്ധമായ മലയാളിത്വം, ഇമ്പമാർന്ന ഗാനങ്ങൾ ഇവയൊക്കെ ചേർന്നപ്പോൾ നമ്മുടെ നാട്ടിൽ നടന്ന സംഭവങ്ങളും ആൾക്കാരുമാണെന്ന വസ്തുത പ്രേക്ഷകർക്കനുഭവപ്പെട്ടു. അതായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.

നൂറ് ദിവസവും പടം കാണാൻ ഒരു കച്ചവടക്കാരൻ എത്തിയിരുന്നു.'കായലരികത്ത് വലയെറിഞ്ഞപ്പോൾ' എന്ന പാട്ട് വരുന്ന സമയമാകുമ്പോൾ തന്റെ കട പൂട്ടി അയാൾ തീയേറ്ററിൽ ടിക്കറ്റ് വാങ്ങി കേറും. പാട്ട് കഴിയുമ്പോൾ പോകും.

സാധാരണക്കാരനെ ഈ ചിത്രം എത്ര മാത്രം സ്വാധീനിച്ചു എന്ന് വെളിപ്പെട്ട ഒരു സംഭവം തൃശൂരിൽ ഉണ്ടായി. തൃശൂരിലെ ജോസ് തീയേറ്ററിൽ ഈ പടം 100 ദിവസം ഓടി. ഈ നൂറ് ദിവസവും പടം കാണാൻ ഒരു കച്ചവടക്കാരൻ എത്തിയിരുന്നു. 'കായലരികത്ത് വലയെറിഞ്ഞപ്പോൾ' എന്ന പാട്ട് വരുന്ന സമയമാകുമ്പോൾ തന്റെ കട പൂട്ടി അയാൾ തീയേറ്ററിൽ ടിക്കറ്റ് വാങ്ങി കേറും. പാട്ട് കഴിയുമ്പോൾ പോകും. പിന്നിട് ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചപ്പോൾ ഇയാളെ പ്രത്യേകം ക്ഷണിച്ച് വരുത്തി ആദരിക്കുകയുണ്ടായി.

തൃശൂരിലെ സാംസ്കാരിക സാഹിത്യ വൃത്തങ്ങളിൽ സജീവമായിരുന്നതിനാൽ സാഹിത്യകാരന്മാരും കലാകാരന്മാരുമായി അദ്ദേഹം മികച്ച സുഹൃദ്ബന്ധം നിലനിറുത്തിയിരുന്നു

അന്നത്തെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്ത നീലക്കുയിൽ അൻപത് വർഷം മുൻപത്തെ കേരളീയ ജീവിതത്തിന്റെ ദൃശ്യപരമായ ഡോക്യുമെന്റെഷനാണ്. ഈ ചലച്ചിത്രം മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി. കാര്യാട്ടിന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. പിന്നീട് തോപ്പിൽ ഭാസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം 'മുടിയനായ പുത്രൻ' സംവിധാനം ചെയ്തപ്പോഴും മികച്ച രണ്ടാമത്തെ ചിത്രമായി ദേശീയ തലത്തിൽ തിരഞ്ഞെടുക്കുകയും, രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടുകയും ചെയ്തു. അങ്ങനെ മലയാള സിനിമയുടെ വ്യാകരണം മാറ്റിക്കൊണ്ടായിരുന്നു രാമു കാര്യാട്ടിന്റെ ആദ്യ കാൽവെപ്പ്.

സാഹിത്യവും രാഷ്ട്രീയവും കലകളും മനുഷ്യ ജീവിതവും നല്ലതും ചീത്തയും നന്നായി മനസിലാക്കിയ ഒരാളായിരുന്നു കാര്യാട്ട്. തൃശൂരിലെ സാംസ്കാരിക സാഹിത്യ വൃത്തങ്ങളിൽ സജീവമായിരുന്നതിനാൽ സാഹിത്യകാരന്മാരും കലാകാരന്മാരുമായി അദ്ദേഹം മികച്ച സുഹൃദ്ബന്ധം നിലനിറുത്തിയിരുന്നു. ഇടതുപക്ഷ അനുഭാവിയായ കാര്യാട്ടിന് രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. അന്നത്തെ സംവിധായകരിൽ നിന്ന് കാര്യാട്ടിനെ വ്യത്യസ്തനാക്കിയതും ഇതൊക്കെ തന്നെ.

ചെമ്മീന്റെ വിജയത്തിന് ശേഷം അന്നത്തെ മലയാള ചിത്രങ്ങളുടെ ഈറ്റില്ലമായ മദിരാശിയിൽ സ്വന്തം ഓഫീസും കാറും പരിവാരങ്ങളുമായി രാമു കാര്യാട്ട് ഒരു ഫ്യൂഡൽ പ്രഭുവിനെപ്പോലെ വാഴാനാരംഭിച്ചു.  

ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാവുന്ന ആകാരം. ആജാനബാഹുവായ കാര്യാട്ട് ചുരുട്ട് കടിച്ചുപിടിച്ച് കോട്ടും സൂട്ടും ധരിച്ചാൽ തനി സായിപ്പ്. ടീ ഷർട്ടും പാന്റും ധരിച്ചാൽ ചെറുപ്പക്കാരൻ പയ്യൻ. നാടൻ വേഷമാണെങ്കിൽ തനി ചേറ്റുവക്കാരൻ. എത് ആൾക്കൂട്ടത്തിലും ശ്രദ്ധ നേടുന്ന കാര്യാട്ട് എവിടെയും നിഷ്പ്രയാസം മേധാവിത്വം നേടുമായിരുന്നു.

ചലച്ചിത്ര ലോകം കീഴടക്കി വലിയ സംവിധായകനായപ്പോഴും ചുറ്റുപാടുകളെയോ വന്ന വഴികളെയോ കാര്യാട്ട് എന്ന വ്യക്തി  മറന്നില്ല. ചെമ്മീന് മുൻപ്, ആദ്യ കാലത്ത് വറുതിയുടെ നാളുകളിൽ മദ്രാസിൽ തന്നെ പലപ്പോഴും സഹായിച്ചിരുന്ന എഴുത്തുകാരനും നാടക നിരൂപകനുമായിരുന്ന കാട്ടുമാടം നാരായണനെ ഒരു സ്വകാര്യ സദസിന് പരിചയപ്പെടുത്തിയത് ഇങ്ങനെ: “ഇവനെ അറിയാമോ? ഇവനാണ് സോഫോക്ലിസിന്റെ ഉദ്ധാരകൻ ! രാമു കാര്യാട്ട് എന്ന ജഗല്‍ പ്രസിദ്ധ സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം ഇവനെന്റെ അന്നദാതാവ്. ആറ് മാസം ഈ മനുഷ്യൻ എനിക്ക് ഉച്ചയ്ക്ക് വയറു നിറയെ ചോറ് വാങ്ങിത്തന്നു. പുല്ലും വൈക്കോലുമാണെങ്കിലും കിട്ടേണ്ടെ? തരാനൊരാൾ വേണ്ടേ? ആ ചോറ് അന്ന് കിട്ടിയില്ലായിരുന്നെങ്കിൽ രാമു കാര്യാട്ട് എന്ന ജഗൽ പ്രസിദ്ധൻ ജനിക്കാതെ സ്വർഗാരോഹണം ചെയ്തിരുന്നേനെ.”

പ്രതിഭകളുടെ നേരെ കണ്ണ് വെയ്ക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും രാമു കാര്യാട്ട് എന്നും ശ്രമിച്ചു. ഛായാഗ്രാഹകനായ ബാലു മഹേന്ദ്രയെ തന്റെ ചിത്രമായ 'നെല്ലി’ ലൂടെ അവതരിപ്പിച്ചു. സംവിധായകൻ കെ ജി ജോർജ് കാര്യാട്ടിന്റെ കൂടെ നിന്നാണ് സംവിധാന രംഗത്തേക്ക് വന്നത്.

മധുവും അടൂർ ഭാസിയും രാമു കാര്യാട്ടിന്റെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയരാകുന്നത്. നടന്മാരായ രാഘവൻ (അഭയം -1970) ജോസ് (ദ്വീപ്- 1977). ഇവരെല്ലാം അറിയപ്പെട്ടത് രാമു കാര്യാട്ട് ചിത്രങ്ങളിലൂടെ തന്നെ.

ചെമ്മീനിൽ വയലാറെഴുതിയ ഗാനങ്ങൾ സലിൽ ചൗധരി റെക്കോർഡ് ചെയ്തത് ബോംബെയിൽ വെച്ചാണ്. മന്നാഡെ ആദ്യമായി ആലപിച്ച 'മാനസമൈനേ വരൂ' എന്ന  ഗാനം ഇപ്പോഴും ഗാനാസ്വാദകർ ഏറ്റുപാടുന്നു. ലതാ മങ്കേഷ്കറെ കൊണ്ട് ഒരു ഗാനം പാടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അത് സാക്ഷാൽക്കരിച്ചത്  'നെല്ല്'(1974) ലാണ്.  മലയാളത്തിൽ ആദ്യമായി തലത്ത് മുഹമ്മദിനെ പാടിച്ചതും കാര്യാട്ടിന്റെ  'ദ്വീപ്' എന്ന ചിത്രത്തിലൂടെയാണ്. ചെമ്മീനിലൂടെയാണ് ട്യൂണിട്ട് പാട്ടെഴുതുക എന്ന രീതി ആദ്യമായി മലയാളത്തിൽ പ്രചാരത്തിൽ വരുന്നത്.

കുട്ടികൾക്ക് വേണ്ട ചലച്ചിത്രത്തിന് പൂർണമായ ധനസഹായം നൽകുമെന്ന് 1977ൽ പി ആർ ഡി പ്രഖ്യാപിച്ചപ്പോൾ തൃശൂരിലുള്ള രൂപവാണി ഫിലിംസിന്റെ ശോഭന പരമേശ്വരൻ നായർ കെ എസ് കെ തളിക്കുളത്തിന്റെ കാവ്യമായ 'അമ്മുവിന്റെ ആട്ടിൻകുട്ടി' സിനിമയാക്കാൻ തീരുമാനിച്ചു. ബാലു മഹേന്ദ്രയെ ഏൽപ്പിക്കാനായിരുന്നു പ്ലാൻ. ഇതറിഞ്ഞ കാര്യാട്ട് ചാടി വീണു: 'കെ എസ് കെ യുടെ കവിത ഞാനല്ലാതെ മറ്റാരെടുക്കാൻ? എന്റെ ദേശത്തെ കവിയുടെ രചന രാമു കാര്യാട്ടെടുക്കും.'

പടത്തിന്റെ ചിത്രീകരണമാരംഭിച്ചപ്പോൾ പി ആർ ഡിയുടെ സഹായമൊന്നും സിനിമയ്ക്ക് ലഭിച്ചില്ല. പടം പൂർത്തിയാക്കാനാകാതെ കാര്യാട്ടും പരമേശ്വരൻ നായരും വിഷമത്തിലായി. അവസാനം തൃശൂരിലെ ധനലക്ഷ്മി ബാങ്കിന്റെ ചെയർമാൻ മഹാദേവൻ എന്തോ ധാരണയിൽ കാര്യാട്ടുമായി സംസാരിച്ച് പണം നൽകി. കാര്യാട്ടിന്റെ വാചകത്തിൽ ആകൃഷ്ടനായ അദ്ദേഹം ആവശ്യപ്പെട്ട രൂപ മാത്രമല്ല രണ്ട് ആട്ടിൻകുട്ടികളേയും സൗജന്യമായി നൽകി. ഒരേ പോലത്തെ രണ്ട് ആട്ടിൻകുട്ടികൾ വേണമെന്ന് പടം ഷൂട്ട് ചെയ്യുമ്പോൾ കാര്യാട്ടിന് നിർബന്ധമായിരുന്നു. ആടിന് എന്തെങ്കിലും സംഭവിച്ചാൽ പടം മുടങ്ങരുതല്ലോ. അങ്ങനെ സിനിമ പൂർത്തിയാക്കി. പിറ്റേ വർഷത്തെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. പ്രശസ്തകഥാകൃത്ത് വിക്ടർ ലീനസ് ഈ ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു.

ഡൽഹിയിൽ ഫിലിം ഫെസ്റ്റിവലിന് എത്തിയ കാര്യാട്ട് തന്റെ സിനിമയൊക്കെ മാറ്റി വെച്ച് അരവിന്ദന്റെ 'കാഞ്ചന സീതയ്ക്ക് തീയേറ്റർ  ഏർപ്പാടാക്കാൻ ഓടി നടന്നു. 'നമുക്കത് നാലാളുടെ മുൻപിൽ കാണിക്കണം' കാര്യാട്ടിന്റെ ഭാഷ്യം അതായിരുന്നു

തനിക്ക് സിനിമയിൽ ചെയ്യാൻ പറ്റാത്ത കാര്യം ചെയ്ത പിൻമുറക്കാരനായ സംവിധായകൻ ജി അരവിന്ദനെ കാര്യാട്ട് കാര്യമായി തന്നെ പരിഗണിച്ചിരുന്നു. തനിക്കെടുക്കാൻ കഴിയാത്ത ചിത്രമാണ് ''കാഞ്ചനസീത'' എന്ന് പരസ്യമായി പ്രഖ്യാപിച്ച ഹൃദയവിശാലത കാര്യാട്ടിനുണ്ടായിരുന്നു. ഇതൊക്കെ ചലച്ചിത്ര ലോകത്ത് അപൂർവമായ സംഭവങ്ങളാണ്.

ഒരിക്കൽ ഡൽഹിയിൽ ഫിലിം ഫെസ്റ്റിവലിന് എത്തിയ കാര്യാട്ട് തന്റെ സിനിമയൊക്കെ മാറ്റി വെച്ച് അരവിന്ദന്റെ 'കാഞ്ചന സീതയ്ക്ക് തീയേറ്റർ  ഏർപ്പാടാക്കാൻ ഓടി നടന്നു. 'നമുക്കത് നാലാളുടെ മുൻപിൽ കാണിക്കണം' കാര്യാട്ടിന്റെ ഭാഷ്യം അതായിരുന്നു. ഡൽഹിയിലെ ഉന്നതതലത്തിലേക്ക് രണ്ടോ, മൂന്നോ ഫോൺ കോൾ. തീയേറ്റർ റെഡി.

ചെമ്മീന്റെ വിജയം ആവർത്തിക്കാത്തതെന്ത് എന്ന വിമർശനത്തോടുള്ള കാര്യാട്ടിന്റെ മറുപടി ഇതായിരുന്നു. “എവറസ്റ്റിൽ ഒരു വട്ടം കയറിയാൽ പോരെ ? പലവട്ടം വേണോ?”

സ്വന്തം പടത്തിനേക്കാൾ താത്പര്യം അരവിന്ദന്റെ പടത്തിന് കൊടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു, “അരവിന്ദനും രാമു കാര്യാട്ടും കൂടി സിനിമാ രംഗത്ത് മത്സരമില്ല. ആ താടിക്കാരനവസരം കിട്ടിയാൽ റോസലിനിയേയും കുറോസവയെയും പോലൊരു ഡയറക്ടറാകുമെന്ന് തോന്നുന്നു. അവന്റെ പടം കാണിക്കാൻ അവസരമൊരുക്കൽ തന്നെ, മലയാളത്തിൽ നൂറ് പടമെടുക്കുന്നതിനേക്കാൾ വലിയ കാര്യമാണടൊ.” 

ചെമ്മീന് ശേഷം  കാര്യാട്ടിന്റെ വളർച്ചയുടെ ഗ്രാഫ് താഴോട്ടാണെന്ന വിമർശനത്തെ സഹിഷ്ണുതയോടെ ഉൾക്കൊണ്ട സംവിധായകനായിരുന്നു കാര്യാട്ട്. ചെമ്മീന്റെ വിജയം ആവർത്തിക്കാത്തതെന്ത് എന്ന വിമർശനത്തോടുള്ള കാര്യാട്ടിന്റെ മറുപടി ഇതായിരുന്നു. “എവറസ്റ്റിൽ ഒരു വട്ടം കയറിയാൽ പോരെ ? പലവട്ടം വേണോ?”

 “വിമർശനത്തിനു നേരെ വിളറിയിടുകയെന്ന സാമാന്യ നിയമത്തിന് തികച്ചും അന്തസുറ്റ അപവാദമായിരുന്നു രാമു കാര്യാട്ട്,” എന്നാണ് സിനിക്ക് ഒരിക്കൽ എഴുതിയത്.

രാമു കാര്യാട്ടിന്റെ നാട്ടികയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെറുതുരുത്തിയിൽ നടക്കുന്ന ഏതോ മലയാള പടത്തിലെ ഷൂട്ടിങ്ങിന് വന്നിരുന്ന താരങ്ങൾ എത്തി. പ്രേം നസീറും അടൂർ ഭാസിയുമുള്ള താര നിര. സിനിമക്കാരെ നേരിൽ കാണുന്നത് ദൈവം നേരിൽ പ്രത്യക്ഷപ്പെട്ടപോലെയുള്ള കാലമാണ്. കാര്യാട്ടിന്റെ പ്രചാരണ യോഗത്തിന് താരങ്ങളെ കാണാൻ ജനങ്ങൾ തടിച്ചുകൂടി.

ഇതുകണ്ട് ഹാലിളകിയ എതിർ കക്ഷിക്കാർ കാര്യാട്ടിനെ വ്യക്തിപരമായി ആക്രമിച്ചു. കാര്യാട്ട് മദ്യപാനിയും വ്യഭിചാരക്കാരനുമാണെന്ന് പ്രസംഗിച്ചു. ഒരു പ്രസിദ്ധ നടിയുടെ പേര് ചേർത്ത് മുദ്രവാക്യം വിളിച്ചു. കാര്യാട്ട് അക്ഷോഭ്യനായി പ്രസംഗത്തിലൂടെ മറുപടി പറഞ്ഞു, “ശരിയാണ് ഞാൻ മദ്യപിക്കാറുണ്ട്, വ്യഭിചരിച്ചിട്ടുണ്ട്. പക്ഷേ, പാവപ്പെട്ടവനെ ചൂഷണം ചെയ്തോ പൊതുമുതൽ അപഹരിച്ചിട്ടോ, ഇതൊന്നും ഇന്നോളം നടത്തിയിട്ടില്ല.” സദസിൽ നിന്ന് വൻ കയ്യടി!

ചെമ്മീൻ പോലെ മറ്റൊരു ചിത്രത്തിന്റെ വിജയം ഒരിക്കൽ കൂടി ആവർത്തിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കടലിലെ ഓളവും കരളിലെ മോഹവും ബാക്കിയാക്കി, 1979 ഫെബ്രുവരി 10ന് രാമു കാര്യാട്ട് യാത്രയായി.

logo
The Fourth
www.thefourthnews.in