മനുഷ്യരില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത മനുഷ്യർ

മനുഷ്യരില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത മനുഷ്യർ

പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാനാവാതെ കാലം വിറങ്ങലിച്ചു നിൽക്കുന്ന സ്ഥിതിയിലാണ് പലസ്തീൻ. അധിനിവേശത്തിൻ്റെയും, പുറംതള്ളലിന്റെയും ജീവിതങ്ങൾ ആവിഷ്ക്കരിക്കുന്ന സൃഷ്ടികളെക്കുറിച്ച് എഴുതുകയാണ് ലേഖകൻ
Updated on
11 min read

1

ചരിത്രാതീത കാലം തൊട്ടേ പലായനമെന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാഗമായിത്തീര്‍ന്നതാണ്. സ്വത്വം, വര്‍ഗം, മതം, രാഷ്ട്രീയം, ലിംഗവിവേചനം എന്നിങ്ങനെ സകല സംവര്‍ഗങ്ങളും പലായനവുമായി ഇടകലര്‍ന്നു സ്ഥിതി ചെയ്യുന്നു. ഒരു സംസ്‌കാരത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരം പോലെ തന്നെ സങ്കീര്‍ണമാണ് ഒരു ഭൂപ്രദേശത്തേക്ക് കുടിയേറുന്നവരും അവിടെ നിന്ന് പലായനം ചെയ്യുന്നവരും സംബോധന ചെയ്യേണ്ട വെല്ലുവിളികള്‍. ഇന്നത്തെ ഇസ്രയേലും പലസ്തീനും അടങ്ങിയ ഭൂവിഭാഗത്തില്‍ ജൂതര്‍ 1500 BCE മുതല്‍ക്കേ ജീവിച്ചിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജെറുസലേം കീഴടക്കിക്കൊണ്ട് പലസ്തീനെ റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ കൊണ്ടുവന്നത് 64 BCE-യിലായിരുന്നു.135-CE-ല്‍, റോമന്‍ സാമ്രാജ്യത്വ ഭരണകൂടത്തിനെതിരെ കലാപക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജൂതര്‍ ആ ഉദ്യമത്തില്‍ പരാജപ്പെട്ടു. അതിനു ശേഷം അവര്‍ പലയിടങ്ങളിലേക്ക് ചിതറിപ്പോയി. 1881-ല്‍ റഷ്യയിലെ ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ സാര്‍ രണ്ടാമന്റെ വധവുമായി ബന്ധപ്പെട്ട ജൂതര്‍ പ്രതിക്കൂട്ടിലാവുകയും സ്വഭാവികമായി അവര്‍ക്ക് പലായനം ചെയ്യേണ്ടി വരുകയും ചെയ്തു. അക്കൂട്ടത്തില്‍ അരലക്ഷത്തോളം അഭയാര്‍ത്ഥികള്‍ പലസ്തീനില്‍ എത്തിച്ചേരുന്നുണ്ട്. ഇസ്രായേല്‍ എന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പ്രയാണം ജൂതരുടെ സ്വപ്നങ്ങളില്‍ ആവര്‍ത്തിച്ചു കാണപ്പെട്ടു. ആലിയ എന്ന പേരിലറിയപ്പെട്ട ജൂതരുടെ ഇസ്രായേല്‍, പലസ്തീന്‍ ദേശങ്ങളിലേക്കുള്ള കുടിയേറ്റങ്ങളും ഇതിനിടയില്‍ ആരംഭിച്ചു.

ഏഴാം നൂറ്റാണ്ടോടെ അറബ് മുസ്ലിങ്ങള്‍ ആധിപത്യം പുലര്‍ത്തിയ, മെഡിറ്ററേനിയന്‍ കടലിനും ജോര്‍ദാന്‍ നദിക്കുമിടയിലെ കരയായ പലസ്തീനില്‍ അറബിഭാഷയും ഇസ്ലാം മതവും ആയിരുന്നു പ്രചാരത്തിലുണ്ടായത്. പതിനാറാം നൂറ്റാണ്ടോടെയാണ് ഓട്ടോമന്‍ സാമ്രാജ്യം അവിടെ അധികാരമുറപ്പിച്ചത്. അറബി സംസാരിച്ചിരുന്ന മുസ്ലിങ്ങള്‍ അക്കാലവും ഭൂരിപക്ഷ സമൂഹമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും മുസ്ലിങ്ങള്‍ ഏതാണ്ട് 85% വും ക്രിസ്ത്യാനികള്‍ 10%വുമായി. യൂറോപ്പ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധങ്ങള്‍ വര്‍ധിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്. പലസ്തീനിലെ വിശുദ്ധയിടങ്ങളിലേക്കുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ തീര്‍ത്ഥാടനവും പ്രസിദ്ധിയാര്‍ജിച്ചു.

തിയോഡര്‍ ഹെര്‍സല്‍
തിയോഡര്‍ ഹെര്‍സല്‍

ഏകദേശം ഇതേ കാലത്തു തന്നെയായിരുന്നു അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായ തിയോഡര്‍ ഹെര്‍സല്‍, ജൂത രാജ്യം ( The Jewish State, 1896) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയത് . ജര്‍മനിയോ ഫ്രാന്‍സോ പോലെയുള്ള രാഷ്ട്രം രൂപീകരിക്കാന്‍ ജൂതരെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു ഹെര്‍സലിന്റെ ലക്ഷ്യം. ഏറെ വൈകാതെ, ഹെര്‍സലിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തിലാണ് ലോക സയണിസ്റ്റ് സംഘടനാ രൂപം കൊണ്ടത്. അതിനനുബന്ധമായി പുതിയ ചില ആലോചനകള്‍ ജന്മമെടുത്തു. 1901-ല്‍ സ്ഥാപിച്ച 'Jewish National Fund' പലസ്തീനില്‍ സ്ഥലം വാങ്ങുക എന്ന പദ്ധതി നടപ്പിലാക്കാനായി തുടങ്ങിവെച്ചതാണ്. ഇതേ അവസരത്തില്‍ വികസിച്ച ആശയങ്ങളും രാഷ്ട്രീയമായ പ്രസ്താവനകളും ജൂത കുടിയേറ്റത്തിനു ആക്കം കൂട്ടി. 'ജനങ്ങളില്ലാത്ത രാജ്യമാണ് പലസ്തീന്‍; ജൂതന്മാര്‍ രാജ്യമില്ലാത്ത ജനതയാണ്' എന്ന വാക്യം ഇസ്രായേല്‍ സാങ്വില്‍ എന്ന ജൂത എഴുത്തുകാരന്റെ സംഭാവനയാണ്. പിന്നീട് അതൊരു മുദ്രാവാക്യമായി മാറി.

1908-ല്‍ ഇസ്താംബൂളിലെ ഭരണകൂടത്തിന് മാറ്റം വരുകയും അറബിക്ക് പകരം ടര്‍ക്കിഷ് ഭാഷ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ തീരുമാനം അറബ് ദേശീയവികാരത്തെ സങ്കടത്തിലാഴ്ത്തി. കൂടാതെ ജൂതന്മാരുടെ പലസ്തീനിലേക്കുള്ള കുടിയേറ്റവും അറബ് വംശജരില്‍ അലോസരം സൃഷ്ടിച്ചു. കുടിയൊഴിപ്പിക്കലിന്റെയും അവകാശം നഷ്ടപ്പെടുന്നതിന്റെയും ഭയം പലസ്തീനില്‍ സയണിസ്റ്റ് വിരുദ്ധ വികാരത്തിന് വഴിമരുന്നിട്ടു. ക്രമേണ അതിന്റെ വളര്‍ച്ചയ്ക്ക് കൈത്താങ്ങാവുന്ന സംഭവവികാസങ്ങള്‍ അവിടെ അരങ്ങേറി. 1914 ആവുമ്പോഴേക്കും അറബ്-ജൂത വൈരം സ്പഷ്ടമായ തലത്തിലേക്ക് നീങ്ങി. മാത്രമല്ല, ഭൂമിക്ക് വേണ്ടിയുള്ള ഉടമസ്ഥാവകാശ തര്‍ക്കം രൂക്ഷമായി. ഇതിനു ശേഷം മൂന്നു കൊല്ലം കഴിയുമ്പോഴേക്കും ബ്രിട്ടീഷ് അധികൃതര്‍ ബാല്‍ഫര്‍ ഡിക്ലറേഷന്‍ എന്ന പൊതു പ്രസ്താവന ഔദ്യോഗികമായി പുറപ്പെടുവിച്ചു. ആര്‍തര്‍ ബാല്‍ഫര്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആയിരുന്നു. അക്കാലത്ത് ഒട്ടോമാന്‍ പ്രദേശമായ പലസ്തീനിലെ ജനസംഖ്യയില്‍ ന്യൂനപക്ഷമായ ജൂതജനതയ്ക്ക് അധികാരം ഊട്ടിയുറപ്പിക്കാനുള്ള പിന്തുണ ഇതുവഴി പ്രഖ്യാപിക്കപ്പെട്ടു. ഒന്നാം ലോകയുദ്ധം തീരുന്നതോടെ, ഓട്ടോമന്‍ ഭരണത്തെ അപ്രസക്തമാക്കിക്കൊണ്ട് ബ്രിട്ടന്‍ പലസ്തീന്റെ ആധിപത്യം ഏറ്റെടുത്തു. എണ്ണത്തില്‍ കുറവുള്ള ജൂതര്‍, ഏഴുലക്ഷത്തോളം അറബികളെ പിന്തള്ളിക്കൊണ്ട്, ആസന്ന ഭാവിയില്‍ ഒരു രാജ്യത്തിന്റെ മുഖ്യധാരയില്‍ വിശേഷമുദ്രകള്‍ പതിച്ചേക്കാവുന്നതിനെ കുറിച്ച് ബാല്‍ഫര്‍ ലോര്‍ഡ് കഴ്സണ് എഴുതിയ ഒരു കുറിപ്പില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. 1920-ല്‍ സംയുക്തമായി എടുത്ത തീരുമാനത്തിന്മേല്‍ ഒന്നാം ലോകയുദ്ധത്തില്‍ പരാജയപ്പെട്ട ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശങ്ങളെ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുക്കാന്‍ ധാരണയായി. പ്രസ്തുത കരാറിനനുസൃതമായി പലസ്തീന്‍ ബ്രിട്ടന്റെ അധീനതയിലായി.

ബാല്‍ഫര്‍ ഡിക്ലറേഷന്‍
ബാല്‍ഫര്‍ ഡിക്ലറേഷന്‍

ബാല്‍ഫറിന്റെ കരാര്‍ ഒരുപക്ഷേ പ്രശ്‌നങ്ങള്‍ അധികരിക്കാനേ ഉതകിയുള്ളു. 1920-ലെ അറബ്- ജൂത കലാപത്തില്‍ ഇരുനൂറ് ജൂതര്‍ക്കും നൂറ്റിയിരുപത് അറബ് വംശജര്‍ക്കും ആളപായമോ ഗുരുതരമായ പരുക്കോ സംഭവിച്ചു എന്നാണു രേഖപ്പെടുത്തിയ വിവരം. ഇതിനു ശേഷം ജൂതരുടെ കുടിയേറ്റം താത്കാലികമായി തടഞ്ഞിരുന്നു. 1920 മുതലുള്ള പതിറ്റാണ്ടില്‍ ഒരു ലക്ഷത്തോളം ജൂതര്‍ മാത്രമേ പലസ്തീനിലേക്ക് കുടിയേറിയിട്ടുള്ളു. മാത്രമല്ല, അവിടത്തെ ജൂതരില്‍ മുഴുവന്‍ പേരും സയണിസത്തില്‍ വിശ്വസിക്കുന്നവരുമായിരുന്നില്ല. അക്കാലത്ത് 'Jewish Agency' എന്ന പേരിലറിയപ്പെട്ട സംഘടനയാണ് ജൂതജനതയുടെ ഭരണത്തിന് ചുക്കാന്‍ പിടിക്കുകയും ബ്രിട്ടനുമായി നയപരമായ ബന്ധം സൂക്ഷിക്കുകയും ചെയ്തത്. അതുപോലെ ജൂതവിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ക്ക് പിന്തുണ കൊടുക്കുന്നതിനായി ഹിസ്റ്റാഡ്രട്ട് 1920-ല്‍ സ്ഥാപിക്കപ്പെട്ടു.

എന്നാല്‍ അറബ് ജനതയ്ക്ക് ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വികസിപ്പിക്കുവാന്‍ ബ്രിട്ടീഷ് ഭരണം അനുവാദം നല്‍കിയില്ല. രാഷ്ട്രീയ അവകാശങ്ങള്‍ക്കായി പൊരുതാനോ ശബ്ദം ഉയര്‍ത്താനോ അവര്‍ക്ക് ഫലപ്രദമായി സാധിച്ചില്ല എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഈ പശ്ചാത്തലത്തില്‍ മുസ്ലിം സമൂഹവുമായി സമവായത്തില്‍പ്പെടാനായി ബ്രിട്ടന്റെ ആശീര്‍വാദത്തോടെ സുപ്രീം മുസ്ലിം കൗണ്‍സില്‍ രൂപീകൃതമായി. കൂട്ടിലടയ്ക്കപ്പെട്ട ജനതയായി അവരെ നിലനിര്‍ത്താനായിരുന്നു ബ്രിട്ടന്റെ നീക്കം. അടിച്ചമര്‍ത്തപ്പെട്ട അറബ് ജനതയുടെ ദേശീയവാദം സ്വാഭാവികമായും ഈ തീരുമാനത്തെ എതിര്‍ത്തു. തങ്ങളുടെ സമൂഹത്തിന്റെ വംശപാരമ്പര്യം ഏതു ദിശയിലാണു പോകുന്നതെന്ന് നിര്‍ണയിക്കുന്നത് ദേശീയതയുടെ വിവിധ ആഖ്യാനങ്ങളാണെന്ന റോമിലാ ഥാപ്പറുടെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. യൂറോപ്പില്‍ ജൂതര്‍ അനുഭവിച്ച വംശീയ പീഡനവും വിവേചനവും അറബികള്‍ നിഷേധിച്ചില്ല. എങ്കിലും അറബ് അവകാശങ്ങളേക്കാള്‍ മുന്‍ഗണന ജൂതര്‍ക്ക് നല്‍കുന്നതില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു.

ആയിടയ്ക്ക്, 1928-ല്‍, ജറുസലേമിലെ വിലാപ മതിലിന്റെ (Wailing Wall) പ്രവേശനം സംബന്ധിച്ച് ഒരു തര്‍ക്കം ഉയര്‍ന്നുവന്നു. സോളമന്‍ രാജാവിന്റെ പുരാതന ജൂത ആരാധാനാലയം അവിടെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മുസ്ലീങ്ങള്‍ ഹറാം അല്‍-ഷരീഫ് എന്നും ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്നും വിളിക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയാണ് ഇപ്പറഞ്ഞ മതില്‍. ഇതിന്റെ നിയന്ത്രണം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സംഘര്‍ഷത്തിലാണ് അവസാനിച്ചത്. 1930-കളുടെ തുടക്കത്തോടെ അറബ് ദേശീയവികാരം വ്യാപകമായി അലയടിക്കുകയും ബ്രിട്ടീഷ്‌കാര്‍ക്കും ജൂതര്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ കരുത്താര്‍ജ്ജിച്ചു. 1936 ഏപ്രിലില്‍ ടെല്‍ അവീവിലും ജാഫയിലും അറബികളും ജൂതന്മാരും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊതുസമൂഹത്തില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പല തരത്തിലുള്ള നിരോധനങ്ങള്‍ക്കും സമരങ്ങള്‍ക്കും വേദിയൊരുങ്ങുകയായിരുന്നു.

1947-ല്‍ ബ്രിട്ടന്റെ അധീനതയിലുള്ള ജര്‍മനിയിലേക്ക് നാലായിരത്തിയഞ്ഞൂറു ജൂതരെ കുടിയേറ്റം നടത്തിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന് ചീത്തപ്പേരുണ്ടാക്കി. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ ഇടപെടലിലൂടെ 1947 നവംബര്‍ 29-ന് പലസ്തീന്‍ പ്രദേശങ്ങളെ രണ്ടായി വിഭജിച്ചു

കലഹങ്ങള്‍ക്ക് വിരാമം വരുത്തുവാനായി പീല്‍ കമ്മീഷന്‍ രൂപീകരിച്ചു. പീല്‍ കമ്മീഷന്റെ 1937-ലെ വിഭജന കരാര്‍ പ്രകാരം ഒരു ജൂത രാഷ്ട്രവും അറബ് രാഷ്ട്രവും ആയി രാജ്യത്തെ വിഭജിക്കാന്‍ തീരുമാനിച്ചു. എന്നാലിത് ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചില്ല. അറബ് സമൂഹം ചുക്കാന്‍ പിടിച്ച വലിയ കലാപത്തില്‍ ജൂതരെ ബ്രിട്ടീഷ് ഭരണകൂടം പിന്തുണയ്ക്കുന്നതായി കാണാം. ഇതിനിടയിലും ജൂത കുടിയേറ്റം തുടര്‍ന്നു കൊണ്ടിരുന്നു. 1939 ആയപ്പോഴേക്കും പലസ്തീനിലെ ജനസംഖ്യയുടെ മുപ്പത് ശതമാനവും ജൂതരായിരുന്നു. 1947ല്‍ ജൂതരുടെ ജനസംഖ്യ ആറ് ലക്ഷവും അറബികളുടേത് 13 ലക്ഷവുമായി വര്‍ധിച്ചു. ഇതിനിടയില്‍ ഏകദേശം 15,000 ജൂതര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സൈനിക പരിശീലനവും ധനസഹായവും നേടി. ഇത് 1948-49ല്‍ അറബ് സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഇത് അവരെ സഹായിക്കുകയുണ്ടായി. മറുവശത്ത് അറബ് ദേശീയത പലമടങ്ങ് അധികരിക്കുകയും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസഷന്റെ ജനനത്തിനു വഴിയൊരുങ്ങുകയും ചെയ്തു.

Summary

ഹോളോകോസ്റ്റില്‍ നിന്ന് അതിജീവിച്ച ജൂതര്‍ ജര്‍മനിയിലേക്ക് മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. സര്‍വ്വതും നഷ്ടപ്പെട്ട അവസ്ഥയില്‍ ജര്‍മനിയുടെ ഓര്‍മ്മകള്‍ പോലും അവര്‍ക്ക് അസഹ്യമായിരുന്നു

മറുവശത്ത്, ഹോളോകോസ്റ്റില്‍ നിന്ന് അതിജീവിച്ച ജൂതര്‍ ജര്‍മനിയിലേക്ക് മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. സര്‍വ്വതും നഷ്ടപ്പെട്ട അവസ്ഥയില്‍ ജര്‍മനിയുടെ ഓര്‍മ്മകള്‍ പോലും അവര്‍ക്ക് അസഹ്യമായിരുന്നു. ഇങ്ങനെ സ്ഥാനചലനം വന്ന ജൂതരെ താമസിപ്പിക്കാന്‍ അനേകം ക്യാമ്പുകള്‍ വേണ്ടി വന്നു. ബെന്‍ ഗുറിയോനെ പോലെയുള്ള നേതാക്കള്‍ ഇത്തരം വാസസ്ഥലങ്ങള്‍ സയണിസം പ്രചരിപ്പിക്കുന്നതിന് വേദിയാക്കി. പലസ്തീനിലേക്ക് ഇവരുടെ കടന്നുകയറ്റം ബ്രിട്ടന്‍ അംഗീകരിച്ചില്ല. 1947-ല്‍ ബ്രിട്ടന്റെ അധീനതയിലുള്ള ജര്‍മനിയിലേക്ക് നാലായിരത്തിയഞ്ഞൂറു ജൂതരെ കുടിയേറ്റം നടത്തിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന് ചീത്തപ്പേരുണ്ടാക്കി. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ ഇടപെടലിലൂടെ 1947 നവംബര്‍ 29-ന് പലസ്തീന്‍ പ്രദേശങ്ങളെ രണ്ടായി വിഭജിച്ചു.

1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് പാലസ്തീനിലെ ജൂത നിവാസികളുടെ സംഘത്തെ 'യിഷുവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. 1920-കളില്‍ യിഷുവുകള്‍ കൂടുതല്‍ കരുത്ത് നേടി. ജൂതരുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇരട്ടിയായി.

കൂടുതല്‍ ഫലഭൂയിഷ്ഠമായ തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ താഴ്വരകളിലും അവര്‍ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. കിഴക്കേ യൂറോപ്പില്‍ നിന്ന് കുടിയേറിയ രണ്ടാം ആലിയയുടെ ഭാഗമായ ബെന്‍-ഗുറിയോണ്‍ യിഷുവിന്റെ സ്വാധീനശക്തിയായി മാറി. 1948-ല്‍ ഇസ്രായേല്‍ സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതും ഗുറിയോണ്‍ ആയിരുന്നു. ചരിത്രം വീണ്ടും കനല്‍വഴികളിലൂടെ തന്നെ നീങ്ങി. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രവും രാഷ്ട്രീയവും സാഹിത്യത്തിന്റെ അസംസ്‌കൃതപദാര്‍ത്ഥമായി തീര്‍ന്നു. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും ഒരു രാജ്യത്തിന്റെ ഭൂപടം വരയ്ക്കുന്ന കാഴ്ച അങ്ങനെ സംജാതമായി.

2

യുദ്ധവും ഹിംസയും ആവര്‍ത്തിക്കപ്പെടുന്ന പ്രവണതകളാവുന്ന സമകാല ലോകത്ത് രാഷ്ട്രീയ ഇച്ഛാശക്തി മനുഷ്യരുടെ പരമമായ സ്വാതന്ത്ര്യത്തെയാണ് ഉറപ്പിക്കേണ്ടത്. പക്ഷെ, നിക്ഷിപ്തവും സങ്കുചിതവുമായ രാഷ്ട്രവിചാരങ്ങള്‍ മാനവികതയെ തകര്‍ക്കുന്ന കാഴ്ചയാണ് സാമാന്യേന കാണാവുന്നത്. മാനവികസങ്കല്പവുമായി യോജിച്ചു പോകാത്ത വിധത്തില്‍ ഹിംസയും യുദ്ധവും നടപ്പിലാക്കപ്പെടുകയാണ്. പലസ്തീന്റെ കാര്യവും വ്യത്യസ്തമല്ല. സന്നിഗ്ദ്ധതകളും സങ്കീര്‍ണതകളും നടമാടുന്ന അന്തരീക്ഷത്തില്‍ ഭാവിയെ പ്രവചിക്കാനാവില്ല എന്നുറപ്പാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭാവനയും യാഥാര്‍ഥ്യവും കൂടിപ്പിണഞ്ഞു കിടക്കുന്നു. കാലുഷ്യം നിറഞ്ഞ നാളുകള്‍ എണ്ണിയാലൊടുങ്ങാത്ത സാഹചര്യത്തില്‍, സങ്കല്പലോകത്തിന്റെ വ്യാപ്തി കുറയുകയും യാഥാര്‍ഥ്യം ശക്തമായി നില നില്‍ക്കുകയുമാണ്. പരമ്പരാഗതമായ വേരുകളുള്ള ഇടത്ത്, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വ്യഥ അസഹനീയമാണ്.

എഡ്വേർഡ് സെയ്ദ്
എഡ്വേർഡ് സെയ്ദ്

ചിത്രത്തുന്നലുകളില്ലാത്ത ചുമരുകള്‍ ആശങ്കയുടെ മറകള്‍ മാത്രമേ തീര്‍ക്കുന്നുള്ളു. കമ്പിവേലികള്‍ക്കിടയില്‍ തങ്ങളുടെ സ്വകാര്യ ഇടങ്ങള്‍ അപ്രാപ്യമാവുന്ന ജനത ചിരിക്കാതെ ചിരിക്കുകയും കരയാതെ കരയുകയും ചെയ്യുന്ന കാഴ്ചയാണ് സംജാതമാവുന്നത്. എഡ്വേഡ് സെയ്ദ് 'The Question of Palestine' എന്ന പുസ്തകത്തില്‍ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടുന്ന ഹന്ന അരെന്‍ഡിന്റേതായ ഒരു നിരീക്ഷണമുണ്ട്. 'രണ്ടാം ലോകയുദ്ധത്തിനു ശേഷം, പരിഹരിക്കപ്പെടാതെ കിടന്ന വിഷയമായി കണക്കാക്കപ്പെട്ടിരുന്ന ജൂതവംശത്തിന്റെ പ്രശ്‌നം തീര്‍ത്തും പരിഹരിച്ചു - അതായത്, കോളനിവല്‍ക്കരിക്കപ്പെട്ടതും പിന്നീട് കീഴടക്കിയതുമായ ഒരു പ്രദേശം വഴി- എന്നാല്‍ ഇത് ന്യൂനപക്ഷങ്ങളുടെയോ രാജ്യമില്ലാത്തവരുടെയോ പ്രശ്നത്തിന് പരിഹാരമായില്ല. നേരെമറിച്ച്, നമ്മുടെ നൂറ്റാണ്ടിലെ മറ്റെല്ലാ സംഭവങ്ങളെയും പോലെ, ജൂത പ്രശ്‌നത്തിന്റെ പരിഹാരം അറബികള്‍ എന്ന ഒരു പുതിയ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചു, അതുവഴി രാജ്യമില്ലാത്തവരുടെ എണ്ണം ഏഴു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ വരെ വര്‍ദ്ധിച്ചു''.

അരെന്‍ഡിന്റെ വാദമുഖത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് പലസ്തീന്‍കാരോട് പൊതുവെ കാണിക്കുന്ന വിരോധം നിറഞ്ഞ മനോഭാവത്തെ സെയ്ദ് അപലപിക്കുന്നുണ്ട്. സാമാന്യേന സമൂഹത്തിന്റെ പാളികളില്‍ ഉടനീളം സയണിസം രൂപപ്പെടുത്തിയ സൂക്ഷ്മതന്തുക്കളാണെന്നു സെയ്ദ് വിശകലനം ചെയ്യുന്നു. അദ്ദേഹത്തെ പോലെ പലസ്തീന്‍കാരുടെ സ്ഥിതിഗതികള്‍ അനുഭാവപൂര്‍വം നോക്കിക്കാണുന്ന വിഖ്യാത ഇസ്രായേലി എഴുത്തുകാരനായ ഡേവിഡ് ഗ്രോസ്സ്മാന്‍ പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഇടപെടലുകളെ തുറന്നു വിമര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ 'The Yellow Wind' എന്ന അനുഭവഗ്രന്ഥത്തില്‍ അദ്ദേഹം ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.

'ഒരു പലസ്തീന്‍കാരന്‍ ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്യുന്നതിന്, ഒരു ഇസ്രായേലി പാതയിലൂടെ കടന്നുപോകണം. എല്ലാ പലസ്തീനിയന്‍ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും, നഗരങ്ങളുടെയും ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് ഇസ്രായേല്‍ നിശ്ചയിക്കുന്നു. ചരക്കുകളുടെ ഇറക്കുമതിയും കയറ്റുമതിയും ഇസ്രായേലാണ് നിയന്ത്രിക്കുന്നത്. പലസ്തീനികള്‍ സ്വയം വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ തടയുന്നത് തുടരുന്നു'. ''Politics' എന്ന വാക്കിനെ വക്രീകരിച്ചു എല്ലാം 'Bolitics' ആണെന്ന് ഉറക്കെ പറയുന്ന പലസ്തീന്‍ അഭയാര്‍ത്ഥികള്‍ വാക്കിന്റെ ഉച്ചാരണത്തിലും പ്രതിപ്രവര്‍ത്തനം നടത്തുകയാണെന്ന് ഗ്രോസ്സ്മാന്‍ കരുതുന്നു. അഭയാര്‍ത്ഥി ക്യാംപുകളില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് അഭാവമാണെന്ന അദ്ദേഹത്തിന്റെ വീക്ഷണം പൊതുവെയുള്ള ഒരു വസ്തുതയാണ്. ക്യാമ്പില്‍ ജീവിക്കുന്നവരില്‍ ഭൂരിഭാഗവും 'ഇരട്ട ജീവിതം' നയിക്കുന്നതായി അദ്ദേഹം കണക്കാക്കുന്നു. നിന്റെ മണ്ണിന്റെ രുചിയാണ് തേനിനേക്കാള്‍ എനിക്ക് ആസാദ്യകരം എന്ന് ചൊല്ലിയ പുരാതന കവി യെഹൂദാ ഹാലെവിയെ ഓര്‍ത്തുകൊണ്ട് ഗ്രോസ്സ്മാന്‍, തങ്ങള്‍ സന്ദര്‍ശിക്കാത്ത ജന്മനാടിന്റെ വൈശിഷ്ട്യത്തെ പറ്റി അയവിറക്കുന്ന പലസ്തീന്‍ ചെറുപ്പക്കാരോട് സംവദിച്ചതിനെ വിവരിക്കുന്നുണ്ട്. എല്ലാം നടക്കുന്നത് മറ്റെവിടെയോയാകുന്നു; മറ്റേതോ സ്ഥലത്തോ കാലത്തോ ആണ്. ഇതുതന്നെയാണ് 'Out of Place' എന്ന ആത്മകഥയുടെ ശീര്‍ഷകം കൊണ്ട് എഡ്വേഡ് സെയ്ദും ദ്യോതിപ്പിക്കുന്നത്.

പലസ്തീനിലേക്കുള്ള സയണിസ്റ്റ് കുടിയേറ്റത്തിന്റെ ആദ്യ ചലനങ്ങള്‍ വിപുലമായ തരത്തിലുള്ള അതിന്റെ സ്വാധീനം, ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണം, 1948-ല്‍ പലസ്തീന്‍ ജനതയുടെ അക്രമാസക്തമായ ചിതറിപ്പോകല്‍ , പലസ്തീന്‍ ജനതയുടെ വിപ്ലവങ്ങളായ ഒന്നും രണ്ടും ഇന്‍തിഫാദ, തീവ്രമായ പലസ്തീന്‍ ദേശീയത എന്നിങ്ങനെയുള്ള പ്രവണതകളിലൂടെ കടന്നു പോയ ചരിത്രം ഇക്കാലയളവില്‍ പല കരാറുകളുടെയും ഒത്തുതീര്‍പ്പുകളുടെയും പരാജയവും കണ്ടു. പലസ്തീന്റെ ദേശീയതയും വിമോചനവും സംബന്ധിച്ച ഓര്‍മ്മകള്‍, തിക്തമായ അനുഭവങ്ങള്‍, വികാരസാന്ദ്രമായ നിശ്ശബ്ദതകള്‍ തുടങ്ങിയ വ്യവഹാരങ്ങളെ പ്രതിനിധീകരിക്കാന്‍ ഫിക്ഷന് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

ഹിംസയുടെ ഭീകരത വാക്കുകളിലൂടെ പുനരവതരിക്കപ്പെടുമ്പോള്‍, ബഹുസ്വരമായ സംവാദങ്ങളുടെ അനിവാര്യത വ്യക്തമാക്കപ്പെടുന്നു. പ്രാദേശികമായ ഓര്‍മകളെ സാങ്കല്‍പ്പിക ലോകത്തേക്ക് മാറ്റിയെഴുതുക വഴി എല്ലാ ആളുകളെയും ഉള്‍ക്കൊള്ളുന്ന ഒരു സാര്‍വലൗകിക ആഖ്യാനസന്ദര്‍ഭത്തിനാണ് ഫിക്ഷന്‍ മുന്‍കൈ എടുക്കുന്നത്. അനീതിയും അസമത്വവും നേരിടുന്ന സമൂഹത്തിന്റെ പ്രതിരോധപ്രവര്‍ത്തനം എഴുത്തിന്റെ വഴിയിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിസ്സഹായാവസ്ഥയുടെ ഭീകരതയില്‍ നിന്ന് കര കയറാനും ആഘാതങ്ങളുടെ തീവ്രതയില്‍ നിന്ന് പുറത്തെത്തെത്താനും സാഹിത്യം സഹായകമാവുന്നത് വിശേഷ സന്ദര്‍ഭങ്ങളിലൂടെ അത് പുനഃ'സൃഷ്ടിക്കുന്ന ഉള്‍പ്രവാഹങ്ങളിലൂടെയാണ്. ശബ്ദമില്ലാത്തവര്‍ക്ക് പ്രതീക്ഷയും പിന്തുണയും നല്‍കിക്കൊണ്ട് സാഹിത്യവും പ്രസ്തുതസമരത്തില്‍ പ്രത്യക്ഷമുന്നണിയാകുന്നു.

ഡേവിഡ് ഗ്രോസ്സ്മാൻ
ഡേവിഡ് ഗ്രോസ്സ്മാൻ

പ്രശസ്ത കവിയായ മുരീദ് ബര്‍ഗൂതി പറഞ്ഞത് പോലെ ഇസ്രായേല്‍ അധിനിവേശ പ്രദേശം എന്ന് കേള്‍ക്കുമ്പോള്‍ ഭൂമിയുടെ അറ്റത്തുള്ള ഇടമായി കരുതപ്പെടുന്ന എന്തോ ആണെന്ന് തോന്നും. പക്ഷെ അതാകട്ടെ കൈയെത്തും ദൂരത്തുള്ള സ്ഥലമാണ്. കെട്ട കാലത്ത് നിസ്വരായ മനുഷ്യര്‍ കവിതകളുടെ വലിയ ശബ്ദം ആഗ്രഹിക്കുന്നത് അവരുടെ ശബ്ദം ഉച്ചത്തില്‍ അലയടിക്കാത്ത കൊണ്ടാണെന്നും അദ്ദേഹം രേഖപ്പെടുത്തി. ഇസ്രായേല്‍ സൈന്യത്തിന്റെ തോക്ക് ഞങ്ങളെ കവിതയുടെ നാട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ഞങ്ങളില്‍ നാടിന്റെ കവിത അവശേഷിപ്പിക്കുകയാണ് എന്ന് മുരീദ് ബര്‍ഗൂതി 'I Saw Ramallah' എന്ന ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. പലസ്തീന്റെ സവിശേഷ ചുറ്റുപാടില്‍ വസ്തുതയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരത്തെ അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ മാനസികതലത്തെയും നിലപാടുകളുടെയും ആശ്രയിച്ചുകൊണ്ട് യാഥാര്‍ഥ്യം നിലനില്‍ക്കുന്നത് ബര്‍ഗൂതി സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, കലുഷകാലത്ത് അന്യവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് എഴുത്തിലൂടെയുള്ള അടയാളപ്പെടുത്തലുകള്‍ അനിവാര്യമാണ്.

മുരീദ് ബര്‍ഗൂതി
മുരീദ് ബര്‍ഗൂതി

3

'ഞാന്‍ ഉറക്കത്തില്‍ നടക്കുകയും ഉറക്കത്തില്‍ തുറിച്ചു നോക്കുകയും ചെയ്യുന്നു എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് മുന്നില്‍ ആരെയും കാണുന്നുമില്ല. ഈ വെളിച്ചമെല്ലാം എനിക്കുള്ളതാണ്. ഞാന്‍ നടക്കുകയും ഞാന്‍ ഭാരം കുറഞ്ഞവനാകുകയും ഞാന്‍ പറക്കുകയുമാണ്. അപ്പോള്‍ ഞാന്‍ മറ്റൊരാളായി രൂപാന്തരപ്പെടുകയാണ്' 'ജെറുസലേമില്‍' എന്ന ദാര്‍വിഷിന്റെ കവിതയിലെ ഈ വരികള്‍ പലസ്തീനിലെ മനുഷ്യരെ ഓര്‍ത്ത് എഴുതിയതാണ്. സ്വരാജ്യത്ത് നിന്ന് സ്ഥാനഭ്രംശത്തിനു വിധേയമാവുന്നത് ആസ്ത്മ ബാധിക്കുന്നത് പോലെയാണെന്ന് ബര്‍ഗൂതി താരതമ്യം ചെയ്യുന്നുണ്ട്. ഇവ രണ്ടും ഭേദപ്പെടുത്താനാവില്ല. സ്ഥാനഭ്രംശം മരണത്തിനു സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നത് അവ രണ്ടും മറ്റുള്ളവര്‍ക്കേ സംഭവിക്കൂ എന്ന വിശ്വാസം നില നില്‍ക്കുന്നത് കൊണ്ടാണ്. പലസ്തീന്‍കാരായ മനുഷ്യരെല്ലാം അപ്രത്യക്ഷരാവുന്ന ഭയാനക സ്ഥിതിയെ കേവലം ഫിക്ഷനായി കാണാനാവുകയില്ല. ഇബ്തിസം അസെം എഴുതിയ 'The Book of Disappearance' എന്ന നോവലില്‍ ഇത്തരമൊരു സന്ദര്‍ഭത്തിന്റെ സാധ്യതകളെയാണ് ആരായുന്നത്. കാരണമെന്തെന്നറിയാതെ മനുഷ്യര്‍ തിരോധാനം ചെയ്യുന്നതിന്റെ സര്‍ഗ്ഗാത്മക ആവിഷ്‌കരണമാണ് ഈ നോവല്‍. സംഘര്‍ഷങ്ങള്‍ വ്യക്തിത്വത്തിന് പ്രതിലോമകരമായ ഭവിക്കുന്ന അന്തരീക്ഷത്തില്‍ ജീവിക്കേണ്ടി വരുന്ന ചുറ്റുപാടുകളില്‍ നിന്ന് മനുഷ്യര്‍ സ്വയം നിഷ്‌കാസിതരാവാന്‍ ആഗ്രഹിക്കുന്നു. 1948-ലെ കലാപവും ഹിംസയും ജനങ്ങളെ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു. അതേ പശ്ചാത്തലത്തിലാണ് നോവല്‍ വികസിക്കുന്നത്. ഓര്‍മകളെ അടക്കം ചെയ്ത ശ്മശാനഭൂമിയായി സ്വരാജ്യം പരിണമിക്കുന്ന കാഴ്ച അന്ന് സംജാതമായി. കണ്ണിന്റെയും ത്വക്കിന്റെയും നിറം പരമ്പരാഗതമായി ലഭിക്കുന്നത് പോലെ ഓര്‍മയും മനുഷ്യരിലേക്ക് എത്തിച്ചേരുന്ന വികാരമാണ്. മണ്ണിനോടും നഗരത്തോടും സംസ്‌കൃതിയോടും ലയിച്ചു ചേര്‍ന്ന് കിടക്കുന്ന ഓര്‍മയുടെ നിരാസം മനുഷ്യരെ മൃതതുല്യരാക്കുന്നു എന്ന് ഈ നോവലില്‍ സൂചിപ്പിക്കുന്നു. ഓരോരുത്തരുടെയും അനുഭവങ്ങള്‍ മറ്റുള്ളവരുടേതുമായി താദാത്മ്യം പുലര്‍ത്തുകയും എല്ലാവരുടെയും ഓര്‍മകളിലൂടെ ആഖ്യാനം ഉരുത്തിരിയുകയും ചെയ്യുന്ന വിധം ഇവിടെ അനാവൃതമാവുകയാണ്. ഓര്‍മകളുടെ വന്യമായ ശേഖരത്തില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരുടെ വ്യഥകളാണ് പലസ്തീനെ വ്യതിരിക്തമായ തരത്തില്‍ അടയാളപ്പെടുത്തുന്നത്. ഓര്‍മ നഷ്ടമാവുന്നരും നഷ്ടപ്പെട്ടവയെ കുറിച്ചുള്ള ഓര്‍മകളും അവിടെ പരസ്പരം പൊരുത്തപ്പെടുന്നു. ആഖ്യാനത്തിലെ സംഭവങ്ങള്‍ പ്രധാനമായും ജാഫ കേന്ദ്രീകരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. എല്ലാവരും പലായനം ചെയ്തിട്ടും ആല എന്ന കഥാപാത്രത്തിന്റെ മുത്തശ്ശി ജാഫ വിട്ടു പോകാന്‍ തയ്യാറായില്ല. ജീവിതത്തിന്റെ പ്രതീക്ഷയും രുചിയും നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മരിക്കുമെന്ന് ഒരിക്കല്‍ മുത്തശ്ശി പറഞ്ഞത് അയാള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 'അതുവഴി കടന്നുപോയവരുടെയും 1948-ല്‍ നടന്ന കൂട്ടക്കൊലയില്‍ അവശരായവരുടെയും മൃതശരീരങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ നടക്കുകയായിരുന്നോ? ജീര്‍ണിച്ച ശരീരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ദേശത്തിന് മുകളിലൂടെ ഞാന്‍ ചുവട് വെക്കുകയായിരുന്നോ? പലസ്തീനില്‍ നടക്കുമ്പോള്‍ ശവത്തിന് മുകളില്‍ നടക്കുന്നതായി എനിക്ക് തോന്നുന്നു. ഭയചകിതരായി രക്ഷപ്പെടുന്ന അനേകം ആളുകളുടെ ചിത്രങ്ങള്‍ എപ്പോഴും എന്റെ മനസ്സിലുണ്ട്' എന്ന ആലയുടെ ആത്മഗതം പലസ്തീനിന്റെ പൊതു സ്വരമാണ്. അതുപോലെ എങ്ങനെയെന്നോ എവിടേക്കെന്നോ അറിയാതെ അപ്രത്യക്ഷനായ തമീമിനെ കാത്തിരിക്കുന്ന അമ്മ, മകന്‍ എപ്പോള്‍ വേണമെങ്കിലും വരാമല്ലോ എന്ന് വിചാരിച്ച് വീട് പോലും അടയ്ക്കാറില്ല. കാത്തിരിപ്പിന്റെ വേഗം കൂട്ടാനാവില്ലെങ്കിലും നിശ്ചലമായ തലത്തിലേക്ക് അത് നീളുന്നു. മകനെ കുറിച്ചുള്ള ഓര്‍മയായി ഭൂതകാലം അമ്മയുടെ വര്‍ത്തമാനകാലത്തെ കൂടി വിഴുങ്ങുന്ന കാഴ്ചയാണ് പ്രസ്തുത സന്ദര്‍ഭത്തിലുള്ളതപ്രശസ്ത കവിയായ മുരീദ് ബര്‍ഗൂതി പറഞ്ഞത് പോലെ ഇസ്രായേല്‍ അധിനിവേശ പ്രദേശം എന്ന് കേള്‍ക്കുമ്പോള്‍ ഭൂമിയുടെ അറ്റത്തുള്ള ഇടമായി കരുതപ്പെടുന്ന എന്തോ ആണെന്ന് തോന്നും. പക്ഷെ അതാകട്ടെ കൈയെത്തും ദൂരത്തുള്ള സ്ഥലമാണ്. കെട്ട കാലത്ത് നിസ്വരായ മനുഷ്യര്‍ കവിതകളുടെ വലിയ ശബ്ദം ആഗ്രഹിക്കുന്നത് അവരുടെ ശബ്ദം ഉച്ചത്തില്‍ അലയടിക്കാത്ത കൊണ്ടാണെന്നും അദ്ദേഹം രേഖപ്പെടുത്തി. ഇസ്രായേല്‍ സൈന്യത്തിന്റെ തോക്ക് ഞങ്ങളെ കവിതയുടെ നാട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, ഞങ്ങളില്‍ നാടിന്റെ കവിത അവശേഷിപ്പിക്കുകയാണ് എന്ന് മുരീദ് ബര്‍ഗൂതി 'I Saw Ramallah' എന്ന ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. പലസ്തീന്റെ സവിശേഷ ചുറ്റുപാടില്‍ വസ്തുതയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരത്തെ അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ മാനസികതലത്തെയും നിലപാടുകളുടെയും ആശ്രയിച്ചുകൊണ്ട് യാഥാര്‍ഥ്യം നിലനില്‍ക്കുന്നത് ബര്‍ഗൂതി സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, കലുഷകാലത്ത് അന്യവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് എഴുത്തിലൂടെയുള്ള അടയാളപ്പെടുത്തലുകള്‍ അനിവാര്യമാണ്. 3 'ഞാന്‍ ഉറക്കത്തില്‍ നടക്കുകയും ഉറക്കത്തില്‍ തുറിച്ചു നോക്കുകയും ചെയ്യുന്നു എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് മുന്നില്‍ ആരെയും കാണുന്നുമില്ല. ഈ വെളിച്ചമെല്ലാം എനിക്കുള്ളതാണ്. ഞാന്‍ നടക്കുകയും ഞാന്‍ ഭാരം കുറഞ്ഞവനാകുകയും ഞാന്‍ പറക്കുകയുമാണ്. അപ്പോള്‍ ഞാന്‍ മറ്റൊരാളായി രൂപാന്തരപ്പെടുകയാണ്' 'ജെറുസലേമില്‍' എന്ന ദാര്‍വിഷിന്റെ കവിതയിലെ ഈ വരികള്‍ പലസ്തീനിലെ മനുഷ്യരെ ഓര്‍ത്ത് എഴുതിയതാണ്. സ്വരാജ്യത്ത് നിന്ന് സ്ഥാനഭ്രംശത്തിനു വിധേയമാവുന്നത് ആസ്ത്മ ബാധിക്കുന്നത് പോലെയാണെന്ന് ബര്‍ഗൂതി താരതമ്യം ചെയ്യുന്നുണ്ട്. ഇവ രണ്ടും ഭേദപ്പെടുത്താനാവില്ല. സ്ഥാനഭ്രംശം മരണത്തിനു സമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നത് അവ രണ്ടും മറ്റുള്ളവര്‍ക്കേ സംഭവിക്കൂ എന്ന വിശ്വാസം നില നില്‍ക്കുന്നത് കൊണ്ടാണ്. പലസ്തീന്‍കാരായ മനുഷ്യരെല്ലാം അപ്രത്യക്ഷരാവുന്ന ഭയാനക സ്ഥിതിയെ കേവലം ഫിക്ഷനായി കാണാനാവുകയില്ല. ഇബ്തിസം അസെം എഴുതിയ 'The Book of Disappearance' എന്ന നോവലില്‍ ഇത്തരമൊരു സന്ദര്‍ഭത്തിന്റെ സാധ്യതകളെയാണ് ആരായുന്നത്. കാരണമെന്തെന്നറിയാതെ മനുഷ്യര്‍ തിരോധാനം ചെയ്യുന്നതിന്റെ സര്‍ഗ്ഗാത്മക ആവിഷ്‌കരണമാണ് ഈ നോവല്‍. സംഘര്‍ഷങ്ങള്‍ വ്യക്തിത്വത്തിന് പ്രതിലോമകരമായ ഭവിക്കുന്ന അന്തരീക്ഷത്തില്‍ ജീവിക്കേണ്ടി വരുന്ന ചുറ്റുപാടുകളില്‍ നിന്ന് മനുഷ്യര്‍ സ്വയം നിഷ്‌കാസിതരാവാന്‍ ആഗ്രഹിക്കുന്നു. 1948-ലെ കലാപവും ഹിംസയും ജനങ്ങളെ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു. അതേ പശ്ചാത്തലത്തിലാണ് നോവല്‍ വികസിക്കുന്നത്. ഓര്‍മകളെ അടക്കം ചെയ്ത ശ്മശാനഭൂമിയായി സ്വരാജ്യം പരിണമിക്കുന്ന കാഴ്ച അന്ന് സംജാതമായി. കണ്ണിന്റെയും ത്വക്കിന്റെയും നിറം പരമ്പരാഗതമായി ലഭിക്കുന്നത് പോലെ ഓര്‍മയും മനുഷ്യരിലേക്ക് എത്തിച്ചേരുന്ന വികാരമാണ്. മണ്ണിനോടും നഗരത്തോടും സംസ്‌കൃതിയോടും ലയിച്ചു ചേര്‍ന്ന് കിടക്കുന്ന ഓര്‍മയുടെ നിരാസം മനുഷ്യരെ മൃതതുല്യരാക്കുന്നു എന്ന് ഈ നോവലില്‍ സൂചിപ്പിക്കുന്നു. ഓരോരുത്തരുടെയും അനുഭവങ്ങള്‍ മറ്റുള്ളവരുടേതുമായി താദാത്മ്യം പുലര്‍ത്തുകയും എല്ലാവരുടെയും ഓര്‍മകളിലൂടെ ആഖ്യാനം ഉരുത്തിരിയുകയും ചെയ്യുന്ന വിധം ഇവിടെ അനാവൃതമാവുകയാണ്. ഓര്‍മകളുടെ വന്യമായ ശേഖരത്തില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരുടെ വ്യഥകളാണ് പലസ്തീനെ വ്യതിരിക്തമായ തരത്തില്‍ അടയാളപ്പെടുത്തുന്നത്. ഓര്‍മ നഷ്ടമാവുന്നരും നഷ്ടപ്പെട്ടവയെ കുറിച്ചുള്ള ഓര്‍മകളും അവിടെ പരസ്പരം പൊരുത്തപ്പെടുന്നു. ആഖ്യാനത്തിലെ സംഭവങ്ങള്‍ പ്രധാനമായും ജാഫ കേന്ദ്രീകരിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. എല്ലാവരും പലായനം ചെയ്തിട്ടും ആല എന്ന കഥാപാത്രത്തിന്റെ മുത്തശ്ശി ജാഫ വിട്ടു പോകാന്‍ തയ്യാറായില്ല. ജീവിതത്തിന്റെ പ്രതീക്ഷയും രുചിയും നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മരിക്കുമെന്ന് ഒരിക്കല്‍ മുത്തശ്ശി പറഞ്ഞത് അയാള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 'അതുവഴി കടന്നുപോയവരുടെയും 1948-ല്‍ നടന്ന കൂട്ടക്കൊലയില്‍ അവശരായവരുടെയും മൃതശരീരങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ നടക്കുകയായിരുന്നോ? ജീര്‍ണിച്ച ശരീരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ദേശത്തിന് മുകളിലൂടെ ഞാന്‍ ചുവട് വെക്കുകയായിരുന്നോ? പലസ്തീനില്‍ നടക്കുമ്പോള്‍ ശവത്തിന് മുകളില്‍ നടക്കുന്നതായി എനിക്ക് തോന്നുന്നു. ഭയചകിതരായി രക്ഷപ്പെടുന്ന അനേകം ആളുകളുടെ ചിത്രങ്ങള്‍ എപ്പോഴും എന്റെ മനസ്സിലുണ്ട്' എന്ന ആലയുടെ ആത്മഗതം പലസ്തീനിന്റെ പൊതു സ്വരമാണ്. അതുപോലെ എങ്ങനെയെന്നോ എവിടേക്കെന്നോ അറിയാതെ അപ്രത്യക്ഷനായ തമീമിനെ കാത്തിരിക്കുന്ന അമ്മ, മകന്‍ എപ്പോള്‍ വേണമെങ്കിലും വരാമല്ലോ എന്ന് വിചാരിച്ച് വീട് പോലും അടയ്ക്കാറില്ല. കാത്തിരിപ്പിന്റെ വേഗം കൂട്ടാനാവില്ലെങ്കിലും നിശ്ചലമായ തലത്തിലേക്ക് അത് നീളുന്നു. മകനെ കുറിച്ചുള്ള ഓര്‍മയായി ഭൂതകാലം അമ്മയുടെ വര്‍ത്തമാനകാലത്തെ കൂടി വിഴുങ്ങുന്ന കാഴ്ചയാണ് പ്രസ്തുത സന്ദര്‍ഭത്തിലുള്ളത്.

ഗസ്സന്‍ സഖ്താന്‍
ഗസ്സന്‍ സഖ്താന്‍

പലസ്തീനിലെ അറബ് വംശജരെ സ്ഥിരമായി പുറത്താക്കാനുള്ള യത്‌നമായ 1948-ല്‍ സംഭവിച്ച നക്ബ എന്ന 'മഹാദുരന്തം' അറബ് ജനതയുടെ കുടിയൊഴിക്കലിന് കാരണമായി. പലസ്തീന്‍ എന്ന രാജ്യത്തെ ഭൂമിശാസ്ത്രപരമായി റദ്ദു ചെയ്യാനായി അനവധി ഗ്രാമങ്ങളെ ഇസ്രയേലിന്റെ സായുധ സേന ഛിന്നഭിന്നമാക്കി. പലസ്തീന്റെ മൂന്നിലൊന്നു ഭാഗവും ഇസ്രായേലായി ഔദ്യോഗികമായി അവരോധിക്കപ്പെട്ടതോടെ ഏഴു ലക്ഷത്തോളം പലസ്തീന്‍കാരെ പുറത്താക്കാനുള്ള തീരുമാനമുണ്ടായി. ഒരിക്കലും മടങ്ങിവരാത്ത തരത്തില്‍ മനുഷ്യരെ പൂട്ടിയിടാനായുള്ള ശ്രമങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതം മനുഷ്യരുടെ പ്രത്യാശ നശിപ്പിക്കുകയും രാഷ്ട്രത്തെയും ജീവിതത്തെയും കുറിച്ചുള്ള ചിന്തകളെ ഇല്ലാതാക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. 'പെഡ്രോപരാമോ'യിലെ കൊമാലയെന്ന പോലെ ശവപ്പറമ്പായി തീര്‍ന്ന ഒരു രാജ്യത്ത് മരണപ്പെട്ടവര്‍ ജീവിക്കുന്നവരെപ്പോലെ പെരുമാറുന്നതിന്റെ ചിത്രമാണ് കവിയായ ഗസ്സന്‍ സഖ്താന്‍ എഴുതിയ നോവെല്ലയായ 'Describing the Past' ല്‍ വിവരിക്കുന്നത്

1967 ലാണ് ഹൈഫയിലേക്ക് മടങ്ങുന്നതിന്റെ കഥ നടക്കുന്നത്. 1948-ലെ കൊടുംകലാപം മൂലം അഞ്ച് മാസം പ്രായമുള്ള മകന്‍ ഖല്‍ദിയൂണിനെ ഉപേക്ഷിച്ച് ഹൈഫിയില്‍ നിന്ന് പലായനം ചെയ്യാന്‍ സൈദും സഫിയ്യയും നിര്‍ബന്ധിതരായി. രണ്ടു പതിറ്റാണ്ടുകളായി അതിരുകള്‍ അടഞ്ഞു കിടന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അത് ഓര്‍മകളില്‍ മായാതെ കിടന്നിരുന്നു. അവരുടെ ഫ്‌ലാറ്റില്‍ ഇപ്പോള്‍, പോളണ്ടില്‍ നിന്ന് കുടിയേറിയ മിറിയം എന്ന സ്ത്രീയാണ് താമസിക്കുന്നത് . മിറിയം ഖല്‍ദിയൂണിനെ ഡോവ് എന്ന പേരില്‍ വളര്‍ത്തുകയാണ്. ഒരു ജൂതനായി വളര്‍ന്ന, ഇസ്രായേലി സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഡോവിനു പലസ്തീനികളായ യഥാര്‍ത്ഥ മാതാപിതാക്കളെ അംഗീകരിക്കാന്‍ പ്രയാസമുണ്ട്. സൈദിന്റെ രണ്ടാമത്തെ മകന്‍ ഖാലിദാകട്ടെ പലസ്തീന്‍ പ്രതിരോധമുന്നണിയില്‍ ചേര്‍ന്ന് പോരാടുകയാണ്.

'പെഡ്രോപരാമോ'യിലെ കൊമാലയെന്ന പോലെ ശവപ്പറമ്പായി തീര്‍ന്ന ഒരു രാജ്യത്ത് മരണപ്പെട്ടവര്‍ ജീവിക്കുന്നവരെപ്പോലെ പെരുമാറുന്നതിന്റെ ചിത്രമാണ് കവിയായ ഗസ്സന്‍ സഖ്താന്‍ എഴുതിയ നോവെല്ലയായ 'Describing the Past' ല്‍ വിവരിക്കുന്നത്

ഇബ്തിസം അസെം - ദി ബുക്ക് ഓഫ് ഡിസെപ്പിയറൻസിൻ്റെ  കർത്താവ്, നോവലിസ്റ്റ്
ഇബ്തിസം അസെം - ദി ബുക്ക് ഓഫ് ഡിസെപ്പിയറൻസിൻ്റെ കർത്താവ്, നോവലിസ്റ്റ്

സ്വദേശത്തിന്റെ നിര്‍വചനത്തെ കുറിച്ച് ചിന്തിക്കുന്ന സൈദ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഓരോ അഭയാര്‍ത്ഥിയും ചോദിക്കുന്നതാണ്. അടഞ്ഞു കിടന്നിരുന്ന വീട്ടിലെ സ്ഥാവര-ജംഗമ വസ്തുക്കളും ചുമരില്‍ തൂങ്ങിക്കിടക്കുന്ന ജെറുസലേമിന്റെ ചിത്രത്തിലും ചെമ്പിന്റെ പുറ്റിലും പ്രതിഫലിക്കുന്നതാണോ സ്വദേശമെന്ന വികാരം എന്ന ചോദ്യം അയാള്‍ ചോദിക്കുന്നുണ്ട്. ഇടം നഷ്ടപ്പെടുമ്പോഴുള്ള വേദനയുടെ ആഴം വ്യക്തിപരമായ വികാരവിക്ഷോഭങ്ങളായി തീരുന്നതിന്റെ ദൃഷ്ടാന്തമാണ് സൈദിന്റെ ജീവിതം. മന:പൂര്‍വ്വമല്ലെങ്കിലും അയാളുടെ രണ്ടു മക്കള്‍ വിഭിന്നമായ ചേരിയിലാവുന്നതിനു ആരുടെ മേലും കുറ്റം ചുമത്താനാവില്ല. പ്രതിരോധത്തിനായി സാഹിത്യത്തിന്റെ എത്രകണ്ട് പര്യാപ്തമാക്കാമെന്നു കാനഫാനി ബോധ്യപ്പെടുത്തുന്നു. മക്കള്‍ രണ്ടു പേര് വിരുദ്ധചേരിയില്‍ നിന്നുകൊണ്ട് പരസ്പരം പോരാട്ടത്തിലേര്‍പ്പെടുന്ന ദുഷ്‌കര സാഹചര്യത്തെയാണ് സൈദ് എന്ന അച്ഛന്‍ നേരിടുന്നത്. സംഭവിച്ചേക്കാവുന്ന കഥയെ വൈകാരികമായും ചിന്താപരമായും രാഷ്ട്രീയാശയവുമായി ചേര്‍ത്തുവെക്കുകയാണ് ഇവിടെ എഴുത്തുകാരന്‍. സാംസ്‌കാരികമാവും രാഷ്ട്രീയവുമായ ഉപരോധത്തെ പൊളിച്ചുകൊണ്ട് വിമോചനത്തിന്റെ തുറസ്സിലേക്ക് ആഖ്യാനത്തെ (ജീവിതത്തെ) നയിക്കുക എന്നതാണ് നോവലിസ്റ്റ് ഇവിടെ ചെയ്യുന്ന പ്രവൃത്തി.

ഗസ്സാൻ കനഫാനി
ഗസ്സാൻ കനഫാനി

യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാത്ത ജീവിതത്തിന്റെ ഭാഗധേയത്തില്‍ പകച്ചു നില്ക്കാന്‍ മാത്രം സാധിക്കുന്ന മനുഷ്യര്‍ പ്രേതങ്ങളായി മാറുകയാണ് ഈ ആഖ്യാനത്തില്‍. ഞാന്‍, അവന്‍, അവള്‍ എന്നിങ്ങനെയുള്ള ആഖ്യാനങ്ങളിലൂടെ മരണപ്പെട്ടവരുടെ ലോകത്തെ പ്രതിനിധീകരിക്കുന്ന സര്‍റിയല്‍ ദൃശ്യത്തെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. 'അടുത്ത വര്‍ഷം ജറുസലേമില്‍ പോകണം' എന്ന ജൂതരുടെ പ്രാചീന സ്വപ്നമെന്ന പോലെയാണ് ജന്മദേശത്തേക്കും വീട്ടിലേക്കും പോകണമെന്ന പലസ്തീന്‍ അഭയാര്‍ഥികളുടെ മോഹം. നക്ബയ്ക്ക് ശേഷം ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്ന സൈദിന്റെ മനോവിചാരമാണ് ഗസ്സാന്‍ കാനാഫാനിയുടെ 'Return to Haifa'.

ദാർവിഷ്
ദാർവിഷ്

1948 മുതല്‍ 1966 വരെയുള്ള നാളുകളില്‍ നടപ്പിലാക്കപ്പെട്ട വിലക്കുകളും വിലങ്ങുകളിടലും അറബ് പരിസരങ്ങളില്‍ ഉരുവം കൊള്ളിച്ച ഇച്ഛാഭംഗങ്ങളുടെ സാകല്യാവസ്ഥ ഈ നോവെല്ലയില്‍ കാണാനാവും. കണ്ണുനീര്‍ കാണാതെ പോയവരെയോ നഷ്ടപ്പെട്ടവരെയോ തിരികെ കൊണ്ടുവരില്ലെന്നും അത്ഭുതങ്ങള്‍ നിര്‍മിക്കില്ലെന്നുമുള്ള തീര്‍പ്പ് കല്പിക്കുകയാണ് മേല്‍പ്പറഞ്ഞ ആഖ്യാനങ്ങള്‍. ഏകാന്തതയുടെ സഹയാത്രികരായി തങ്ങളിലേക്ക് തന്നെ ഉള്‍വലിയുന്ന മനുഷ്യരെ അഭയാര്‍ത്ഥിത്വത്തിന്റെ പ്രത്യാഘാതമായി കാണാം. ഓര്‍ത്തെടുക്കലിന്റെ കാലഗണനവിദ്യ അവര്‍ക്ക് നഷ്ടമാവുന്നുണ്ട്. 'ഞാനൊരു അറബിയാണ്.ഞാന്‍ തലക്കെട്ടില്ലാത്ത പേരാണ്' എന്ന ദാര്‍വിഷിന്റെ വരികള്‍ അവര്‍ക്ക് ഉച്ചരിക്കേണ്ടി വരുന്നു. സമാധാനം കൈവരിക്കാനുള്ള തീവ്രയത്‌നത്തില്‍, നില തെറ്റി പോകാതിരിക്കാന്‍ പരിശീലിക്കുന്ന അത്തരം മനുഷ്യരെ ലോകം ഇന്ന് സംബോധന ചെയ്യുകയാണ്. പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാനാവാതെ കാലം വിറങ്ങലിച്ചു നില്‍ക്കുന്ന സ്ഥിതിയിലാണ് ഇന്ന് പലസ്തീന്‍. മായ്ക്കാനാവാത്ത മഷിയില്‍ എഴുതിയ ക്രൂരതയുടെ ചരിത്രം വിസ്മൃതിയിലാക്കി കൊണ്ട് ജീവിതം മുന്നോട്ട് നയിക്കാന്‍ അവിടത്തെ ജനതയ്ക്കാവുന്നില്ല എന്നാണ് വാസ്തവം. യുദ്ധവും പലായനവും ആവര്‍ത്തിച്ച് സംഭവിക്കുന്നതോടെ ഇതാണ് സ്ഥാപിക്കപ്പെടുന്നത്. സമയഭേദമില്ലാതെ ഉരുണ്ടുകൂടുന്ന ആക്രമണപദ്ധതികളില്‍ നിന്ന് രക്ഷപ്പെടാനായി സദാ ഒരുങ്ങിയിരിക്കുമ്പോഴും ആന്തരികമായി നിശ്ചലരായ മനുഷ്യരാണ് പലസ്തീന്റെ സമകാല ചരിത്രം രചിക്കുന്നത് എന്നത് അതിശയോക്തിയല്ല.

References: The Question of Palestine: Edward Said

The Shortest History of Israel and Palestine: Michael Scott-Baumann

The Way to the Spring . Life and Death in Palestine : Ben Ehrenreich