ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും

ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും

ലോക വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിത നിലവാരം താനേ ഉയരുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സംഭവിച്ചതെന്താണ്?

എല്ലാ കാര്‍ഷിക വിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എം എസ് പി) നല്‍കുന്നതിന് നിയമപരമായ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള കര്‍ഷക സംഘടനകള്‍ ലോക വ്യാപാര സംഘടനക്കെതിരെയും പ്രതിഷേധം ശക്തമാക്കി. ഫെബ്രുവരി 26ന് 'ക്വിറ്റ് ഡബ്ല്യുടിഒ' ദിനമായി ആചരിച്ച കര്‍ഷകസംഘടനകള്‍ ഇന്ത്യ ലോക വ്യാപാരസംഘടനയിലെ അംഗത്വം ഉപേക്ഷിക്കുകയോ കാര്‍ഷികമേഖലയെ ഡബ്ല്യുടിഒയുടെ പരിധിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ലോക വ്യാപാരസംഘടനയുടെ പതിമൂന്നാമത് മന്ത്രിതല സമ്മേളനം (എംസി 13) ഫെബ്രുവരി 26 മുതല്‍ 29 വരെ നടക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഷകസംഘടനകള്‍ ഡബ്ല്യുടിഒ വിരുദ്ധ സമരം ശക്തമാക്കിയിരിക്കുന്നത്. ലോക വ്യാപാരസംഘടനയില്‍ അംഗമായിരുന്നുകൊണ്ട് രാജ്യത്തെ പാവപ്പെട്ട കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാവില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

ഗാട്ടിന്റെ പുതുരൂപമായ ലോക വ്യാപാരസംഘടനയും അതിന്റെ ഭാഗമായ ലോക വ്യാപാരക്കരാറും നിലവില്‍ വന്നിട്ട് 2025-ല്‍ 30 വര്‍ഷം പൂര്‍ത്തിയാകും. ലോക വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിത നിലവാരം താനേ ഉയരുമെന്നായിരുന്നു ഒരു വാഗ്ദാനം. എന്നാല്‍ മൂന്ന് പതിറ്റാണ്ടോളം പിന്നിടുമ്പോഴും കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്കു ലഭിക്കുന്ന വിലയില്‍ കാര്യമായ മാറ്റമുണ്ടായോയെന്നത് തര്‍ക്കവിഷയമാണ്. മൊറോക്കോയിലെ മാരക്കേഷില്‍ 1994 ഏപ്രിലിലാണ് ലോക വ്യാപാരക്കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പിറ്റേവര്‍ഷം ജനുവരി ഒന്നിന് നിലവില്‍ വന്നു. 1948-ല്‍ നിലവില്‍ വന്ന ഗാട്ട് കരാറില്‍ രാജ്യാന്തര കാര്‍ഷിക വ്യാപാരം ഒരു വിഷയമായിരുന്നില്ല. 1986- ല്‍ ഉറുഗ്വേയിലെ പുന്റാ ഡെല്‍ എസ്റ്റേയില്‍ തുടങ്ങിയ ഗാട്ടിന്റെ ഉറുഗ്വേ വട്ടത്തിലാണ് കൃഷിയെ വ്യാപാരക്കരാറിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്കു തുടക്കംകുറിച്ചത്. ഗാട്ടിന്റെ ഡയറക്ടര്‍ ജനറലായിരുന്ന ആര്‍തര്‍ ഡങ്കല്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ 'ഡങ്കല്‍ ഡ്രാഫ്റ്റ്' എന്നറിയപ്പെട്ടു. കൃഷിയെ ഗാട്ടിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം വലിയ തര്‍ക്കങ്ങള്‍ക്കു വഴിതെളിച്ചു.

ലോക വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിത നിലവാരം താനേ ഉയരുമെന്നായിരുന്നു ഒരു വാഗ്ദാനം. എന്നാല്‍ മൂന്ന് പതിറ്റാണ്ടോളം പിന്നിടുമ്പോഴും കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്കു ലഭിക്കുന്ന വിലയില്‍ കാര്യമായ മാറ്റമുണ്ടായോയെന്നത് തര്‍ക്കവിഷയമാണ്

രാജ്യാന്തര കാര്‍ഷിക വ്യാപാരത്തിലെ വളച്ചൊടിക്കലുകളും നിയന്ത്രണങ്ങളും അവസാനിപ്പിച്ച് കൂടുതല്‍ സുതാര്യതയും അച്ചടക്കവുമുള്ള സ്വതന്ത്ര കാര്‍ഷിക വിപണി ഉറപ്പാക്കുകയായിരുന്നു കൃഷിയെ ലോക വ്യാപാരക്കരാറിന്റെ പരിധിയില്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യം. രാജ്യാന്തര പ്രാബല്യമുള്ള അറുപതോളം കരാറുകള്‍ ലോക വ്യാപാര ഉടമ്പടിയുടെ ഭാഗമാണ്. ഇതില്‍ കാര്‍ഷികവ്യാപാരത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്നവയാണ് കാര്‍ഷിക ഉടമ്പടി (എ ഒ എ), വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ഉടമ്പടി (ത്രിപ്സ്), ശുചീകരണവും സസ്യ ശുചീകരണവും സംബന്ധിച്ച നടപടികളുമായി ബന്ധപ്പെട്ട ഉടമ്പടി (എസ് പി എസ്) വ്യാപാരത്തിന്മേലുള്ള സാങ്കേതിക തടസങ്ങളെ സംബന്ധിച്ച ഉടമ്പടി (ടി ബി ടി) തുടങ്ങിയവ. ഇതില്‍ ഏറ്റവും സുപ്രധാനമായ ഉടമ്പടിയാണ് കാര്‍ഷിക ഉടമ്പടി. ഡബ്ല്യുടിഒയുടെ ഏറ്റവും നൂലാമാല പിടിച്ച ഉടമ്പടികളിലൊന്നാണ് ഉറുഗ്വേ വട്ട ചര്‍ച്ചകളുടെ അവസാനം ഒപ്പുവെച്ച ഈ ഉടമ്പടി. ലോക കാര്‍ഷിക വിപണി നിയന്ത്രണങ്ങളും തടസങ്ങളുമില്ലാതെ സ്വതന്ത്രമാക്കാനുള്ള സമ്പന്ന രാജ്യങ്ങളുടെ സമ്മര്‍ദ്ദമായിരുന്നു ഈ ഉടമ്പടി ഒപ്പുവെച്ചതിനു പിന്നില്‍.

ആഗോള കാര്‍ഷികവ്യാപാരത്തെ വളച്ചൊടിക്കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറക്കണമെന്നതാണ് കാര്‍ഷിക ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്

വിശാലമായ മൂന്നു മേഖലകളില്‍ അച്ചടക്കം കൊണ്ടുവരാനാണ് കാര്‍ഷിക ഉടമ്പടി ലക്ഷ്യമിടുന്നത്. കാര്‍ഷികോല്പാദനത്തിന് ഓരോ രാജ്യവും നല്‍കുന്ന ആഭ്യന്തര സബ്‌സിഡികളില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ആദ്യത്തെ ലക്ഷ്യം. കയറ്റുമതി മത്സരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിനു വേണ്ടി കയറ്റുമതി സബ്‌സിഡി, കയറ്റുമതിക്കു നല്‍കുന്ന വായ്പ എന്നിവയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തു. വിപണിപ്രവേശം സുഗമമാക്കാന്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നതാണ് മൂന്നാമത്തെ മേഖല. ക്വാട്ട, പെര്‍മിറ്റുകള്‍, ഇറക്കുമതി ലൈസന്‍സ് തുടങ്ങി ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ അളവുപരമായ നിയന്ത്രണങ്ങളും എടുത്തുകളയണം. ഇതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ ഡബ്ല്യുടിഒ അംഗരാജ്യങ്ങളും ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന അളവുപരമായ എല്ലാ നിയന്ത്രണങ്ങളും 2001-ല്‍ എടുത്തുകളഞ്ഞു.

ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും
'ദില്ലി ചലോ' മാര്‍ച്ച് നിര്‍ത്തിവച്ചു; അതിര്‍ത്തിയില്‍ തുടരുമെന്ന് കര്‍ഷകര്‍

ആഗോള കാര്‍ഷികവ്യാപാരത്തെ വളച്ചൊടിക്കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറക്കണമെന്നതാണ് കാര്‍ഷിക ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്. കര്‍ഷകര്‍ക്കു നല്‍കുന്ന സബ്‌സിഡികളെ ആംബര്‍ ബോക്‌സ്, ഗ്രീന്‍ ബോക്‌സ്, ബ്ലൂ ബോക്‌സ് എന്നിങ്ങനെ മൂന്ന് പെട്ടികളായി കാര്‍ഷിക ഉടമ്പടി തരം തിരിച്ചിരിക്കുന്നു. വ്യാപാരം വളച്ചൊടിക്കാന്‍ കൂടുതല്‍ സാധ്യതകളുള്ള സബ്‌സിഡികളെയാണ് ആംബര്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടു തരത്തിലുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ വിപണി സംഭരണത്തിനുവേണ്ടി നല്‍കുന്ന കുറഞ്ഞ താങ്ങു വില (എം എസ് പി) യാണ് ഇതില്‍ ഒരു വിഭാഗം. വിത്ത്, വളം, ജലസേചനം, പലിശയിളവ് തുടങ്ങിയവയ്ക്കു നല്‍കുന്ന സബ്‌സിഡി തുടങ്ങിയവയാണ് ആംബര്‍ ബോക്‌സിന്റെ പരിധിയില്‍ വരുന്ന രണ്ടാമത്തെ വിഭാഗം സബ്‌സിഡി. വ്യാപാരം വളച്ചൊടിക്കുമെന്ന് കരുതുന്ന ആംബര്‍ ബോക്‌സ് സബ്‌സിഡികള്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് മൊത്തം ആഭ്യന്തര കാര്‍ഷികോല്പാദനത്തിന്റെ അഞ്ചു ശതമാനം വരെയും വികസ്വര രാജ്യങ്ങള്‍ക്ക് ഇതിന്റെ 10 ശതമാനം വരെയും നല്‍കാം.

ഗ്രീന്‍ ബോക്‌സ്, ബ്ലൂ ബോക്‌സ് സബ്‌സിഡികള്‍ പരിധികളില്ലാതെ നല്‍കാവുന്ന സബ്സിഡികളാണ്. ഈ സബ്‌സിഡികള്‍ വ്യാപാരത്തെ വളച്ചൊടിക്കാത്തവയാണെന്നാണ് വ്യാഖ്യാനം. ഗവേഷണം, വിജ്ഞാന വ്യാപനം, പരിശീലനം, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ അടിസ്ഥാന സൗകര്യം, ആഭ്യന്തര ഭക്ഷ്യസഹായം, ഭക്ഷ്യ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പൊതുസംഭരണം, പ്രകൃതിദുരന്ത സഹായം തുടങ്ങിയവയ്ക്കു നല്‍കുന്ന സബ്‌സിഡികളാണ് ഗ്രീന്‍ ബോക്‌സില്‍ വരുന്നത്. വികസിത രാജ്യങ്ങള്‍ കാര്‍ഷികോല്പാദനം നിര്‍ത്തിവെച്ച് ഉല്പാദനം നിയന്ത്രിക്കുന്നതിനും ഗ്രാമീണ ഭൂപ്രകൃതി സംരക്ഷിക്കുന്നതിനും മറ്റും നല്‍കുന്ന ചില പ്രത്യേക തരം സബ്‌സിഡികളാണ് ബ്ലൂ ബോക്‌സ് സബ്‌സിഡികള്‍. കാര്‍ഷിക സബ്‌സിഡികളെ വ്യാപാരം വളച്ചൊടിക്കുന്നവയും അല്ലാത്തവയും എന്ന് തരംതിരിച്ചിരിക്കുന്നത് സംബന്ധിച്ച വിവാദം കരാര്‍ ഒപ്പുവെച്ച് മൂന്ന് പതിറ്റാണ്ടായിട്ടും ഇനിയും അവസാനിച്ചിട്ടില്ല.

ബ്ലൂ ബോക്‌സിലും ഗ്രീന്‍ ബോക്‌സിലും പെടുത്തി അമേരിക്കയും യൂറോപ്യന്‍ യൂണിയനും നല്‍കുന്ന സബ്‌സിഡികളില്‍ പലതും ഉല്പാദന തീരുമാനങ്ങളെ സ്വാധീനിക്കുന്നവയും രാജ്യാന്തര കാര്‍ഷികവ്യാപാരം വളച്ചൊടിക്കുന്നവയുമാണ്. ഈ ബോക്‌സുകളിലെ സബ്‌സിഡികളുടെ ആനുകൂല്യം ലഭിക്കുന്ന ഉല്പന്നങ്ങള്‍ വിദേശ വിപണികളില്‍ സമ്പന്ന രാജ്യങ്ങള്‍ വില കുറച്ച് തള്ളിയിടുന്നു.

ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും
എന്തുകൊണ്ട് പരുത്തിയും പയറും മക്കച്ചോളവും? കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയ്ക്കു പിന്നില്‍

ഇന്ത്യയുള്‍പ്പെടെ പൊതുവിതരണ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങള്‍ ഭക്ഷ്യ സബ്‌സിഡിയായി നല്‍കുന്ന തുകയും ആംബര്‍ ബോക്‌സിന്റെ പരിധിയില്‍ വരും. എത്ര മാത്രം ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്നുവോ അതിന്റെ സംഭരണത്തിനു നല്‍കുന്ന വിലയും പൊതുവിതരണ സമ്പ്രദായത്തിലൂടെ ഈടാക്കുന്ന തുകയും തമ്മിലുള്ള അന്തരത്തിന്റെ ആകെ തുക ആംബര്‍ ബോക്‌സില്‍ ചേര്‍ക്കണം. വന്‍തോതില്‍ ഭക്ഷ്യ സബ്‌സിഡി നല്‍കുന്ന ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഈ വ്യവസ്ഥ വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് 2013 ല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്നതിനു ശേഷം. ഡബ്ലുടിഒ യുടെ 2013 ലെ ബാലി മന്ത്രിതല സമ്മേളനത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമാകുന്നതു വരെ അംഗരാജ്യങ്ങള്‍ ഇന്ത്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കരുതെന്നും ഡബ്ല്യുടിഒയില്‍ ഇത് ചോദ്യം ചെയ്യരുതെന്നും തീരുമാനിച്ചിരുന്നു. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി പൊതുവിതരണത്തിനുവേണ്ടി എം എസ് പി നല്‍കി സംഭരിക്കുന്ന ധാന്യങ്ങളുടെ സബ്‌സിഡി ആ ഉല്പന്നത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം കഴിഞ്ഞാലും തല്‍ക്കാലത്തേക്ക് പ്രശ്‌നമില്ല. ഇതിനു വേണ്ടി 'പീസ് ക്ലോസ്' എന്ന പേരില്‍ ഒരു താല്‍ക്കാലിക വ്യവസ്ഥയും എഴുതിച്ചേര്‍ത്തു.

കര്‍ശനമായ ചില വ്യവസ്ഥകളോടെയാണ് തല്‍ക്കാലത്തേക്കുള്ള പീസ് ക്ലോസ് എഴുതി ചേര്‍ത്തിരിക്കുന്നത്. 2013 നു മുമ്പ് സബ്‌സിഡി നല്‍കി സംഭരിച്ചിരുന്ന പരമ്പരാഗത ധാന്യങ്ങള്‍ക്കാണ് ഈ വ്യവസ്ഥ ബാധകം. പുതിയ കാര്‍ഷികോല്പന്നങ്ങള്‍ ഇതിന്റെ പരിധിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഈ വ്യവസ്ഥയനുസരിച്ച് സംഭരിക്കുന്ന ധാന്യങ്ങളുടെ വിശദാംശങ്ങള്‍ ഓരോ വര്‍ഷവും ലോക വ്യാപാര സംഘടനയെ നോട്ടിഫിക്കേഷനിലൂടെ അറിയിക്കണം. ഈ താല്‍ക്കാലിക വ്യവസ്ഥ 2017 -ഓടെ മാറ്റി സ്ഥിരം വ്യവസ്ഥ കൊണ്ടുവരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അമേരിക്കയുടെയും സമ്പന്ന രാജ്യങ്ങളുടെയും സമ്മര്‍ദ്ദം കാരണം പൊതു സംഭരണത്തിനു വേണ്ടിയുള്ള (Public Stock Holding-PSH) സബ്‌സിഡി വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഡബ്ല്യുടിഒ വൈകിപ്പിക്കുകയാണ്. 2026-ലെ കാമറൂണ്‍ ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തില്‍ തീരുമാനമെടുക്കാമെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്.

2020-21 ല്‍ ഇന്ത്യ നെല്ലിനു നല്‍കുന്ന ഉല്പന്നാധിഷ്ഠിത സബ്‌സിഡി ഡബ്ല്യുടിഒ അനുവദിച്ചിരിക്കുന്ന 10 ശതമാനം എന്ന പരിധി കടന്നിരുന്നു. ആ വര്‍ഷം രാജ്യത്തെ മൊത്തം നെല്ലുല്പാദനത്തിന്റെ മൂല്യം 45.57 ബില്യണ്‍ ഡോളറായിരുന്നു. നല്‍കിയ സബ്‌സിഡി 6.9 ബില്യണ്‍ ഡോളറും. ഇന്ത്യ നല്‍കുന്ന വെട്ടിക്കുറവു വരുത്തേണ്ട ആംബര്‍ ബോക്‌സ് സബ്‌സിഡികളില്‍ അടുത്ത കാലത്ത് വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഉല്പന്നത്തിന്റെ 1986- 88 ലെ അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി മൊത്തം സബ്‌സിഡി കണക്കാക്കുന്നതുകൊണ്ടാണിത്.1986- 88 ലെ അന്താരാഷ്ട്ര വിലയും കര്‍ഷകന് ഇപ്പോള്‍ നല്‍കുന്ന താങ്ങു വിലയും തമ്മിലുള്ള അന്തരം കണക്കാക്കിയാണ് മൊത്തം സബ്‌സിഡി കണക്കു കൂട്ടിയെടുക്കുന്നത്. അടിസ്ഥാന വര്‍ഷം 1986- 88 എന്നത് മാറ്റി അടുത്ത കാലത്തുള്ള ഒരു വര്‍ഷത്തേക്ക് മാറ്റണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സമ്പന്ന രാജ്യങ്ങള്‍ വഴങ്ങുന്നില്ല.

ഡബ്ല്യുടിഒ കരാര്‍ നിലവില്‍ വന്ന 1995നുശേഷം രാജ്യത്ത് മൂന്നര ലക്ഷത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇറക്കുമതി തീരുവ കുത്തനെ വെട്ടിക്കുറച്ചതുകൊണ്ട് വില കുറഞ്ഞ ഇറക്കുമതിക്കു മുമ്പില്‍ പിടിച്ചുനില്ക്കാനാവാതെ കൃഷി നഷ്ടത്തിലായി

കാനഡ, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ 19 രാജ്യങ്ങള്‍ അടങ്ങിയ കെയ്ന്‍സ് ഗ്രൂപ്പിന്റെ ആവശ്യം എം എസ് പി നല്‍കിയുള്ള ഭക്ഷ്യധാന്യ സംഭരണം ഉടന്‍ നിര്‍ത്തലാക്കണമെന്നതാണ്. 2034 -ഓടെ ആഗോള തലത്തില്‍ ഇപ്പോള്‍ നല്‍കി വരുന്ന കാര്‍ഷിക സബ്‌സിഡികള്‍ പകുതിയായി വെട്ടിക്കുറയ്ക്കണം. എം എസ് പി നല്‍കിയുള്ള ഇന്ത്യയുടെ ഭക്ഷ്യധാന്യ സംഭരണം ആഗോള ഭക്ഷ്യധാന്യ വിപണിയെ വളച്ചൊടിക്കുന്നുവെന്നാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ആക്ഷേപം. കര്‍ഷകര്‍ ആവശ്യപ്പെടുന്നതുപോലെ എല്ലാ വിളകള്‍ക്കും നിയമപരമായ എം എസ് പി പരിരക്ഷ നല്‍കുന്നത് പരിഗണിക്കുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാരിനെ പിന്നോട്ടടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡബ്ല്യുടിഒ യുടെ കര്‍ശന വ്യവസ്ഥകളാണ്.

ക്വിറ്റ് ഡബ്ല്യുടിഒ; കര്‍ഷകസമരം ലോക വ്യാപാര സംഘടനയ്ക്കെതിരെയും
ഭാരതരത്‌നയ്ക്കും തടുക്കാനായില്ല; ഡല്‍ഹിയിലേക്ക് വീണ്ടും ട്രാക്ടറുകള്‍ ഉരുളുന്നത് എന്തിന്?

ലോക വ്യാപാരസംഘടനയും സ്വതന്ത്ര വ്യാപാരക്കരാറുകളും കാര്‍ഷികമേഖലയ്ക്ക് വന്‍ നഷ്ടക്കച്ചവടമാണെന്നാണ് സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നിലപാട്. ഡബ്ല്യുടിഒ കരാര്‍ നിലവില്‍ വന്ന 1995നുശേഷം രാജ്യത്ത് മൂന്നര ലക്ഷത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇറക്കുമതി തീരുവ കുത്തനെ വെട്ടിക്കുറച്ചതുകൊണ്ട് വില കുറഞ്ഞ ഇറക്കുമതിക്കു മുമ്പില്‍ പിടിച്ചുനില്ക്കാനാവാതെ കൃഷി നഷ്ടത്തിലായി. ഇന്ത്യ നല്‍കുന്ന കാര്‍ഷിക സബ്‌സിഡിയുടെ സിംഹഭാഗവും താഴ്ന്ന വരുമാനക്കാരും വിഭവശേഷി കുറഞ്ഞവരുമായ പാവപ്പെട്ട കര്‍ഷകര്‍ക്കാണ് പോകുന്നത്. ഇന്ത്യ ഡബ്ല്യുടിഒയ്ക്കു നല്‍കിയ വിജ്ഞാപനപ്രകാരം ഇന്ത്യയിലെ കര്‍ഷകരില്‍ 99.33 ശതമാനവും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. സമ്പന്ന രാജ്യങ്ങള്‍ കര്‍കഷര്‍ക്കു നല്‍കുന്ന ആളോഹരി സബ്‌സിഡിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കു നല്‍കുന്ന ആളോഹരി സബ്‌സിഡി വളരെ തുച്ഛമാണ്. എല്ലാ വിളകള്‍ക്കും എം എസ് പി നല്‍കുന്നതിന് നിയമപരമായ ഗ്യാരന്റി ഏര്‍പ്പെടുത്തണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പാക്കുന്നത് ലോക വ്യാപാരസംഘടനയില്‍ അംഗമായിരുന്നുകൊണ്ട് നടക്കില്ല. അതുകൊണ്ട് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത ഡബ്ല്യുടിഒ യില്‍നിന്നും രാജ്യം വിട്ടുപോരണമെന്നാണ് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്നത്.

logo
The Fourth
www.thefourthnews.in