യുക്രെയ്ന്‍ യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയം

യുക്രെയ്ന്‍ യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയം

റഷ്യയുടെ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യം നീണ്ടു നില്‍ക്കുന്ന യുദ്ധമാണെന്നത് മറ്റൊരു വസ്തുത

വൊളോഡിമര്‍ സെലന്‍സ്‌കിയുടെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് മംഗോളിയയിലെ ഒരു ചെമ്പ് ഖനിയില്‍ ജോലി ചെയ്തിരുന്നു. മധ്യ യുക്രെയ്‌നിലെ ക്രീവി റീഹില്‍ നിന്നും എട്ടു ദിവസം ട്രെയിനില്‍ യാത്ര ചെയ്താണ് കുട്ടിക്കാലത്ത് സെലന്‍സ്‌കി അച്ഛന്റെ ജോലിസ്ഥലത്തേക്ക് പോയിരുന്നത്. ആറു ദശലക്ഷം ചതുരശ്ര മൈലുകള്‍ പരന്നു കിടക്കുന്ന, പതിനൊന്ന് സമയമേഖലകളുള്ള റഷ്യയെന്ന അതിവിശാലമായ രാജ്യത്തിലൂടെ ഒരാഴ്ചയിലേറെ നീളുന്ന യാത്ര. അന്നൊരിക്കലും ഒരു നാള്‍ ഈ മഹാമേരുവിനോട് ഏറ്റുമുട്ടേണ്ടിവരുമെന്ന് സെലന്‍സ്‌കി ഓര്‍ത്തിരിക്കില്ല.

സെലന്‍സ്കി പാശ്ചാത്യ രാഷ്ട്ര നേതാക്കള്‍ക്കൊപ്പം
സെലന്‍സ്കി പാശ്ചാത്യ രാഷ്ട്ര നേതാക്കള്‍ക്കൊപ്പം

റഷ്യ യുക്രെയ്‌നെ ആക്രമിച്ചിട്ട് ഒരു വര്‍ഷമാകുന്നു. യുക്രെയ്ന്‍ ഒരു വര്‍ഷമായി പരാജയപ്പെടാതെ നില്‍ക്കുന്നു എന്നും പറയാം. താരതമ്യേന ദുര്‍ബലമായ ഒരു രാജ്യത്തെ, റഷ്യ പോലൊരു കരുത്തന്‍ എന്തിനായിരിക്കും ആക്രമിച്ചത് ? ഇനിയും വ്യക്തത വരേണ്ടതുണ്ടെങ്കിലും ഈ ചോദ്യത്തിനുള്ള ഉത്തരം ഏറിയ പങ്കും ഭൂതകാലത്തിലാണെന്നതാണ് വാസ്തവം. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ കരയുദ്ധമാണിപ്പോള്‍ നടക്കുന്നത്. ഏറെയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കരയുദ്ധത്തിന്റെ പ്രാകൃതതന്ത്രങ്ങള്‍ ഇരുപക്ഷവും നടപ്പാക്കുമ്പോള്‍, ബാക്കിയാകുന്നത് എല്ലാ യുദ്ധത്തിലുമെന്ന പോലെ മരണങ്ങളും തീരാവേദനയുമാണ്. സോവിയറ്റ് കാലത്തെ ഉപയോഗശൂന്യമായ റോക്കറ്റുകള്‍ വര്‍ഷിച്ച് റഷ്യയുടെ പ്രതിരോധത്തെ ആശയക്കുഴപ്പത്തിലാക്കി ജിപിഎസ് കൃത്യതയുള്ള ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സംവിധാനമുപയോഗിച്ച് ആക്രമണമഴിച്ചു വിട്ടതിലൂടെയാണ് യുക്രെയ്ന്‍ ആദ്യമാദ്യം യുദ്ധത്തില്‍ മേല്‍ക്കൈ നേടിയത്. എന്നാല്‍ യുദ്ധം നീണ്ടു പോകുകയാണ്. റഷ്യയുടെ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് നീണ്ടു നില്‍ക്കുന്ന യുദ്ധമാണെന്നത് വേറെ കാര്യം.

യുക്രെയ്ന്‍ യുദ്ധം
യുക്രെയ്ന്‍ യുദ്ധം

1939 ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ നിഗൂഢതയില്‍ പൊതിഞ്ഞ പ്രഹേളിക എന്നാണ് സ്റ്റാലിന്റെ റഷ്യയെ വിശേഷിപ്പിച്ചത്. പടിഞ്ഞാറിന് ഇപ്പോഴും റഷ്യയെ മനസ്സിലായിട്ടില്ല. ശീതയുദ്ധാനന്തരം അമേരിക്കയ്ക്കുണ്ടായിരുന്ന ഏകാംഗ മേധാവിത്വം ഏതാണ്ട് അവസാനിച്ചുവെന്ന പ്രഖ്യാപനം കൂടിയായാണ് പുതിന്‍ യുക്രെയ്ന്‍ അധിനിവേശത്തെ കാണുന്നത്. അമേരിക്കന്‍ ഏകാധിപത്യത്തില്‍ നിന്നും അത്യന്താപേക്ഷിതമായ അരാജകത്വം എന്നു നയതന്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് ലോകം എത്തിച്ചേര്‍ന്നിരിക്കുന്നു.

സോവിയറ്റ് യൂണിയന്റെ പതനം ഒരു ഭൗമരാഷ്ട്രീയ ദുരന്തമായിരുന്നുവെന്ന് വിശ്വസിക്കുന്നയാളാണ് ഇന്ന് റഷ്യ ഭരിക്കുന്നത്. റഷ്യയുടെ പടിഞ്ഞാറ് ഭാഗം തുറന്നു കിടക്കുന്നതിനെ പുടിൻ എന്നും ഭയന്നിരുന്നു. കരുത്തന്‍മാരാണെങ്കിലും ചരിത്രത്തില്‍ നിരവധി തവണ റഷ്യന്‍ പ്രദേശം ആക്രമണങ്ങള്‍ക്കിരയായിട്ടുണ്ട്. 1812ല്‍ നെപ്പോളിയനും 1941ല്‍ ഹിറ്റ്‌ലറും പടിഞ്ഞാറ് നിന്നും റഷ്യയെ ആക്രമിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. നാറ്റോയുടെ പതിയെയുള്ള കടന്നുകയറ്റം പുടിന്റെ ഭയത്തിന് മതിയായ കാരണമാകുന്നുമുണ്ട്. ചെക്ക് റിപ്പബ്ലിക്, ഹംഗറി പോളണ്ട് എന്നിവര്‍ 99 ലും ബള്‍ഗേറിയ, എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, റൊമാനിയ, സ്ലൊവാക്യ എന്നിവര്‍ 2004 ലും അല്‍ബേനിയ 2009 ലും നാറ്റോയുടെ ഭാഗമായി.വാഴ്‌സാ ഉടമ്പടിയിലുണ്ടായിരുന്ന രാജ്യങ്ങള്‍ ഒന്നൊന്നായി യൂറോപ്യന്‍ യൂണിയനിലേക്കും നാറ്റോയിലേക്കും ചേക്കേറുന്നതിന് റഷ്യ കാഴ്ചക്കാരായി.

പുടിന്‍
പുടിന്‍

നാറ്റോ കാലിബ്രേറ്റഡ് വെപ്പണ്‍ സിസ്റ്റം തന്റെ അതിര്‍ത്തിയില്‍ സ്ഥാപിക്കപ്പെടുന്നത് പുടിന്‍ തീര്‍ത്തും ആഗ്രഹിക്കുന്നില്ല. റഷ്യയുടെ ഹൃദയമാണ് മോസ്‌കോ. മോസ്‌കോയുടെ ചുറ്റുമുള്ള ഭാഗങ്ങള്‍ നോക്കൂ. വടക്ക് ആര്‍ട്ടിക്കില്‍ തുടങ്ങി ബാള്‍ട്ടിക് പ്രദേശങ്ങളിലൂടെ കടന്ന് യുക്രെയ്‌നും കാര്‍പ്പാത്തിയന്‍ മലകളും കരിങ്കടലും കോക്കസസ് മലകളും കാസ്പിയന്‍ കടലിടുക്കും കടന്ന് യുറാള്‍ പര്‍വതങ്ങള്‍ വരെ നീളുന്ന ഒരു മോതിരസമാനമായ ഭൂപ്രകൃതിയാണത്. സോവിയറ്റ് യൂണിയന്‍ രൂപീകരിക്കപ്പെട്ട കാലത്ത് കഥ ഇങ്ങനെയല്ലായിരുന്നു. പസഫിക് മുതല്‍ ബര്‍ലിന്‍ വരെയും ആര്‍ട്ടിക് മുതല്‍ അഫ്ഗാന്‍ അതിര്‍ത്തി വരെയും ശത്രുക്കളില്ലാത്ത സാമ്രാജ്യം. അന്ന് സോവിയറ്റ് യൂണിയനുണ്ടായിരുന്ന ഏകശത്രു അമേരിക്കയായിരുന്നു. ഇന്ന് റഷ്യയ്ക്ക് ഒരു ശത്രുവല്ല ഉള്ളത്.

മുക്കാല്‍ പങ്ക് റഷ്യയും ഏഷ്യയിലാണെങ്കിലും നാലിലൊന്ന് ജനങ്ങളാണ് ഈ ഭാഗത്തുള്ളത്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അക്ഷയഖനിയാണെങ്കിലും സൈബീരിയയിലെ തണുത്തുറഞ്ഞ ടൈഗ കാടുകള്‍ വാസയോഗ്യമല്ലാത്തവയാണ്. ഈ മേഖലയിലേക്ക് ചൈനീസ് വംശജര്‍ പാര്‍പ്പുറപ്പിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. റഷ്യയുടെ കുറഞ്ഞ ജനനനിരക്കും ചൈനക്കാരുടെ കുടിയേറ്റവും ഭാവിയില്‍ ഈ മേഖലയില്‍ ചൈന പിടിമുറുക്കുന്നതിനുള്ള സൂചന നല്‍കുന്നു. പ്രതാപകാലത്ത് അഫ്ഗാന്‍ കീഴടക്കാന്‍ സോവിയറ്റ് യൂണിയന്‍ തുനിഞ്ഞത് തണുപ്പ് കാലത്ത് ഉറഞ്ഞുകിടക്കാത്ത തുറമുഖങ്ങള്‍ക്കു വേണ്ടിയായിരുന്നു. അതും ലോകത്തിലെ പ്രധാനപ്പെട്ട വാണിജ്യ കപ്പല്‍പ്പാതകള്‍ക്കരികില്‍. എന്നാല്‍ സാമ്രാജ്യങ്ങളുടെ ശവപ്പറമ്പായ അഫ്ഗാന്‍ റഷ്യയുടെ വിയറ്റ്‌നാമായി മാറുകയായിരുന്നു. ക്രൈമിയ കീഴടക്കിയതോടെ വാം വാട്ടര്‍ പോര്‍ട്ട് കൂടിയാണ് റഷ്യയ്ക്ക് സ്വന്തമാകുന്നത്.

സെലന്‍സ്കിയും ബൈഡനും
സെലന്‍സ്കിയും ബൈഡനും

ജോര്‍ജിയ, യുക്രെയ്ന്‍, മോള്‍ഡോവ എന്നീ രാജ്യങ്ങളിലേതെങ്കിലും നാറ്റോ അംഗത്വത്തിന് ശ്രമിച്ചാല്‍, അതൊരു യുദ്ധത്തിന്റെ തുടക്കമായിരിക്കുമെന്ന് 2015 ല്‍ പുറത്തിറങ്ങിയ പ്രിസണേഴ്‌സ് ഓഫ് ജ്യോഗ്രഫി എന്ന പുസ്തകത്തില്‍ ടിം മാര്‍ഷല്‍ എന്ന മുന്‍ ബിബിസി മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നുണ്ട്. പ്രവചന സ്വഭാവമുള്ള ടിം മാര്‍ഷലിന്റെ പുസ്തകം യുദ്ധ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. റഷ്യയോട് കൂടുതല്‍ അടുത്തേക്ക് വരരുതെന്ന മുന്നറിയിപ്പായിരുന്നു 2008ലെ ജോര്‍ജിയന്‍ യുദ്ധം.

കൊടും തണുപ്പുകാലത്ത് യൂറോപ്പിലെയും ബാള്‍ട്ടിക്കിലെയും വീടുകള്‍ ചൂടാക്കി നിര്‍ത്തണമെങ്കില്‍ റഷ്യ വിചാരിക്കണം. അതിനു നല്‍കേണ്ട വില നിയന്ത്രിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ഈ പൈപ്പ് ലൈനുകള്‍ ഓഫാക്കാനും റഷ്യയ്ക്ക് കഴിയും. അമേരിക്ക കഴിഞ്ഞാല്‍ ലോക വിപണിയിലെ ഏറ്റവും വലിയ പ്രകൃതി വാതക ദാതാവ് റഷ്യയാണ്.യൂറോപ്പിന്റെ എണ്ണ/ വാതക ആവശ്യത്തിന്റെ നാലിലൊന്നിലധികം നല്‍കുന്നത് റഷ്യയില്‍ നിന്നുള്ള പൈപ്പ്‌ലൈനുകളാണ്. എന്നാല്‍ അമേരിക്ക ഇത്തരമൊരു സന്ദര്‍ഭം മുന്‍കൂട്ടിക്കണ്ട്, മറ്റു വഴികള്‍ ആലോചിച്ചിരുന്നു. അമേരിക്കയിലുണ്ടായ ഷെയ്ല്‍ ഗ്യാസ് ബൂം പ്രയോജനപ്പെടുത്താമെന്ന് അവര്‍ കരുതി. പക്ഷെ അമേരിക്കയില്‍ നിന്നും വാതക ഇന്ധനം അറ്റ്‌ലാന്റികിന് കുറുകെ കടത്തണം. അതിനായി വാതകം ദ്രാവകമാക്കുകയും തിരികെ വാതകമാക്കുകയും വേണം. എല്‍എന്‍ജി പോര്‍ട്ടുകളുടെ നിര്‍മാണം യൂറോപ്യന്‍ തീരങ്ങളിലാരംഭിച്ചത് അങ്ങനെയാണ്. റഷ്യയും ഇത് തിരിച്ചറിഞ്ഞ് ചൈനയുമായി കൂടുതല്‍ വ്യാപാരത്തിലേക്ക് നീങ്ങി.

കൊടും തണുപ്പുകാലത്ത് യൂറോപ്പിലെയും ബാള്‍ട്ടിക്കിലെയും വീടുകള്‍ ചൂടാക്കി നിര്‍ത്തണമെങ്കില്‍ റഷ്യ വിചാരിക്കണം. അതിനു നല്‍കേണ്ട വില നിയന്ത്രിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ ഈ പൈപ്പ് ലൈനുകള്‍ ഓഫാക്കാനും റഷ്യയ്ക്ക് കഴിയും.

ആഗോള കമ്മ്യൂണിസത്തിന്റെ ആശയപരമായ നേതൃത്വത്തിനുവേണ്ടിയുള്ള മത്സരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അപ്രസക്തമായതോടെ റഷ്യയും ചൈനയും കൂടുതല്‍ സുഹൃത്തുക്കളുമായി. താജിക്കിലും ബാള്‍ട്ടിക്കിലും ഇന്ന് യുക്രെയ്‌ന്റെ ഭാഗമായ കിഴക്കന്‍ മേഖലകളിലും റഷ്യന്‍ വംശജരുടെ സാന്നിധ്യം ദീര്‍ഘദര്‍ശിയായ സ്റ്റാലിന്‍ ഉറപ്പാക്കിയിരുന്നു. മഹത്തായ സോവിയറ്റ് സാമ്രാജ്യം തകര്‍ന്നാലും ചിതറിപ്പോകുന്ന രാജ്യങ്ങള്‍ ഒരു കാലത്തും റഷ്യയ്ക്ക് ഭീഷണിയാകരുതെന്ന് സ്റ്റാലിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്നര്‍ മംഗോളിയയിലും ടിബറ്റിലും ഹാന്‍ വംശജരെ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ തന്ത്രവും സമാനമാണ്. ഇന്ന് നിലവിലില്ലാത്ത സോവിയറ്റ് യൂണിയനില്‍, എന്നാല്‍ റഷ്യയുടെ അതിരുകള്‍ക്ക് പുറത്ത് ദശലക്ഷക്കണക്കിന് റഷ്യന്‍ വംശജര്‍ ജീവിക്കുന്നുണ്ട്. ഇവരെക്കൂടി മുന്നില്‍ക്കണ്ടാണ് നോവോറോസിയ(Novorossiya) എന്ന ആശയം പുടിന്‍ മുന്നോട്ടു വയ്ക്കുന്നത്.  

കുഞ്ഞുരാജ്യങ്ങളുമായി ഏറ്റുമുട്ടലിനു പോയി കുടുങ്ങിപ്പോകുന്ന വന്‍ശക്തികള്‍ക്കുള്ള ഉദാഹരണങ്ങളാണ് അഫ്ഗാനും വിയറ്റ്‌നാമും. ആ ക്ലബ്ബില്‍ യുക്രെയ്‌ന് അംഗത്വം ലഭിക്കുമോയെന്ന് കണ്ടറിയണം.

യുക്രെയ്‌ന്റെ അതിരുകളില്‍ രണ്ടു ലക്ഷത്തോളം സൈനികരെ അണിനിരത്തിയിരുന്ന റഷ്യ, യുദ്ധം എന്ന തീരുമാനത്തിലേക്കെത്തിയപ്പോള്‍ 'ദ എക്കണോമിസ്റ്റ്' എന്ന മാസികയുടെ എഡിറ്റോറിയല്‍ തലക്കെട്ട് പുടിന്‍ എവിടെയെത്തി നില്‍ക്കും എന്നതായിരുന്നു. ഇനിയും വ്യക്തത വരേണ്ടതായി ആ ചോദ്യം അവശേഷിക്കുന്നു. കുഞ്ഞുരാജ്യങ്ങളുമായി ഏറ്റുമുട്ടലിനു പോയി കുടുങ്ങിപ്പോകുന്ന വന്‍ശക്തികള്‍ക്കുള്ള ഉദാഹരണങ്ങളാണ് അഫ്ഗാനും വിയറ്റ്‌നാമും. ആ ക്ലബ്ബില്‍ യുക്രെയ്‌ന് അംഗത്വം ലഭിക്കുമോയെന്ന് കണ്ടറിയണം.

ടൈം മാസികയുടെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ഇത്തവണ വൊളോഡിമര്‍ സെലന്‍സ്‌കിയാണ്. ജനുവരി ലക്കത്തില്‍ ടൈമിന്റെ സൈമണ്‍ ഷൂസ്റ്ററുമായുള്ള ദീര്‍ഘ സംഭാഷണം സെലന്‍സ്‌കി നടത്തുന്നത് ട്രെയിനിലിരുന്നാണ്. തന്റെ കുട്ടിക്കാല ട്രെയിന്‍ യാത്രകള്‍ ഓര്‍ത്തെടുക്കുന്ന സെലന്‍സ്‌കി വളരെക്കാലത്തിനു ശേഷം പുസ്തകങ്ങള്‍ വായിക്കാന്‍ ഈ യാത്രകള്‍ സഹായകമായി എന്നു പറയുന്നുണ്ട്. രണ്ടാം ലോകയുദ്ധകാലത്തെ ഹിറ്റ്‌ലറിന്റെയും സ്റ്റാലിന്റെയും ജീവിതത്തെക്കുറിച്ചുള്ള പുസ്തകമാണ്  യാത്രയില്‍ സെലന്‍സ്‌കിയോടൊപ്പമുള്ളത്. ഇന്ന് നടക്കുന്ന യുദ്ധത്തിലും അവരുണ്ട്, ഹിറ്റ്‌ലറും സ്റ്റാലിനും,  ചരിത്രത്തില്‍ അവര്‍ നടത്തിയ ദൂരവ്യാപകമായ ഇടപെടലുകളുടെ അടയാളങ്ങളിലൂടെ.

logo
The Fourth
www.thefourthnews.in