ഗാന്ധി വധം-
ആര്‍എസ്എസ്സിനെയും സവർക്കറെയും  രക്ഷപ്പെടുത്തിയ ദേശീയ നേതാക്കള്‍

ഗാന്ധി വധം- ആര്‍എസ്എസ്സിനെയും സവർക്കറെയും രക്ഷപ്പെടുത്തിയ ദേശീയ നേതാക്കള്‍

ഗാന്ധി വധവുമായി ബന്ധപ്പെട്ട സവർക്കറിനോടും, വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് ഗോൾവൾക്കറിനോടും ചില ദേശീയ നേതാക്കൾ സ്വീകരിച്ച നിലപാടുകൾ എങ്ങനെ ഹിന്ദുത്വത്തെ സഹായിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയായി മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കണ്ടുതുടങ്ങിയിട്ട് ഏറെയായിട്ടില്ല. ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലുള്ള ആശയം ഹിന്ദുത്വമായിരുന്നുവെന്ന ചര്‍ച്ചകളായിരുന്നു നടന്നത്. ഗാന്ധി വധത്തിന് ശേഷം ആര്‍എസ്എസ് നിരോധിക്കപ്പെട്ടെങ്കിലും, ആ സംഘടനയെ അതിന്റെ പേരില്‍ നേരിടാന്‍ ഇന്ത്യയില്‍ അന്ന് ഭരിച്ചവര്‍ക്ക് സാധിച്ചില്ല. ഇതു തന്നെയാണ് മറ്റൊരു രീതിയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോഴും സംഭവിച്ചത്. അന്നും ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. പിന്നീട് സംഭവിച്ചതൊക്കെയും ആര്‍എസ്എസ്സിന് സഹായകരമായിരുന്നു. ഒടുവില്‍ പരമോന്നത നീതി പീഠവും ആ ക്രിമിനല്‍ പ്രവര്‍ത്തനത്തെ വെറുതെ വിട്ടു. ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ തങ്ങള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സംഘടന അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന് എഴുതി നല്‍കുകയും ചെയ്തു.

ഗാന്ധി വധം നടന്നപ്പോള്‍ ആര്‍എസ്എസ്സുകാര്‍ വ്യാപകമായി മധുരവിതരണവും മറ്റും നടത്തിയെങ്കിലും തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന പ്രചാരണവും അവര്‍ സമാന്തരമായി നടത്തുന്നുണ്ടായിരുന്നു. ഇപ്പോള്‍ ചില ബിജെപി നേതാക്കള്‍ ഗാന്ധിയെ 'ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു' എന്നും, ഹിന്ദു മഹാസഭ നേതാക്കള്‍ക്ക് ഗോഡ്‌സെ ദിനം പരസ്യമായി ആഘോഷിക്കാന്‍ കഴിയുന്നതിനും മുമ്പായിരുന്നു അത്.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് എപ്പോഴും ഉയര്‍ന്നുവരുന്ന പേരാണ് ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വി ഡി സവര്‍ക്കറിന്റേത്. ബ്രിട്ടീഷ് ജയിലില്‍നിന്ന് നിരവധി തവണ മാപ്പപേക്ഷ എഴുതി നല്‍കി മോചിതനായതിന് ശേഷം സ്വാതന്ത്ര്യ സമരത്തിലൊന്നും പങ്കാളിയാവാതെ ഹിന്ദുത്വാശയ പ്രചാരണങ്ങളിലായിരുന്നു അദ്ദേഹം. നാഥുറാം ഗോഡ്‌സെയടക്കം ഗാന്ധി വധത്തില്‍ പങ്കാളിയായവര്‍ സവര്‍ക്കറിനെ ആചാര്യനായി പരിഗണിച്ചു പോരുകയും ചെയ്തു. സവര്‍ക്കര്‍ ഗോഡ്‌സെയടക്കമുള്ളവര്‍ക്ക് ഹിന്ദുത്വ ആശയ പ്രചാരണത്തിനായി വലിയ സഹായവും ചെയ്തു പോന്നു. ഗാന്ധി വധത്തിന് മുന്‍പ് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും സവര്‍ക്കറിനെ കണ്ടു എന്ന മൊഴിക്ക് ആധാരമായുള്ള വസ്തുതകള്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന സംശയത്തിന്റെ ആനുകൂല്യത്തിലാണ് , ഗാന്ധി വധത്തില്‍ നിന്ന് സവര്‍ക്കര്‍ രക്ഷപ്പെടുന്നത്. അല്ലെങ്കില്‍ അയാള്‍ പാര്‍ലമെന്റില്‍ ഗാന്ധിയോടൊപ്പം ആരാധിക്കപ്പെടില്ലായിരുന്നു.

സവർക്കറുടെ പാർലമെൻ്റ് പടത്തിന് മുന്നിൽ വണങ്ങുന്ന പ്രധാനമന്ത്രി മോദി
സവർക്കറുടെ പാർലമെൻ്റ് പടത്തിന് മുന്നിൽ വണങ്ങുന്ന പ്രധാനമന്ത്രി മോദി

1948 ജനുവരി 20 ന് ഗാന്ധിയ്ക്ക് നേരേ നടന്ന വധശ്രമത്തില്‍ വി ഡി സവര്‍ക്കറിന് പങ്കുണ്ടായിരുന്നുവെന്ന് മൊഴി ഉണ്ടായിട്ടും എന്ത് കൊണ്ട് അയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തില്ലെന്ന ചോദ്യം നിയമജ്ഞനും ആര്‍ എസ് എസ്സിനെ കുറിച്ച് സമഗ്രമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ എ ജി നൂറാനി ചോദിക്കുന്നുണ്ട്. 1948 ജനുവരി 20 ന് ഗാന്ധിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താനായിരുന്നു ഗോഡ്‌സെയും കൂട്ടരുടെയും ശ്രമം. അദ്ദേഹം സംസാരിക്കുന്ന പാര്‍ക്കില്‍ വെച്ച് ആദ്യം ഒരു ബോംബെറിയുകയും ആളുകള്‍ ചിതറി പോയതിന് ശേഷം ഗാന്ധിയ്ക്ക് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു അക്രമികളുടെ ലക്ഷ്യം. ആദ്യത്തെ ബോംബെറിഞ്ഞു. എന്നാല്‍ രണ്ടാമത്തെ ബോംബെറിയേണ്ടിയിരുന്ന ദിംഗബര്‍ ബാഡ്‌ജെ എന്നയാള്‍ക്ക് ധൈര്യം നഷ്ടമാകുകയും അദ്ദേഹത്തിന് ആ പണി ചെയ്യാനാവാതെ വരികയുമായിരുന്നു. കൊലപാതകം നടത്താന്‍ വന്നവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിലൊരാളായ മദന്‍ലാല്‍ പാഹ്വ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

അന്ന് ബോംബെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന ജംഷിദ് നാഗന്‍വാല എന്ന ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. ബോംബെ പ്രവശ്യയുടെ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി ആയിരുന്നു. മദന്‍ലാലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ഗാന്ധി വധശ്രമ ഗൂഢാലോചനയില്‍ വി ഡി സവര്‍ക്കുള്ള പങ്ക് വ്യക്തമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും നാഗന്‍വാല മൊറാര്‍ജി ദേശായിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു

ഇയാളുടെ മൊഴിയില്‍നിന്നാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ കൂടുതലായി പുറത്തുവന്നത്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ലാരി കോളിന്‍സും ഡൊമനിക് ലാപിയറും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പറയുന്നുണ്ട്. അന്നത്തെ രേഖകളുടെയും അധികൃതരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അവര്‍ അതേ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകശ്രമത്തിന് തൊട്ടുമുമ്പ് തങ്ങള്‍ വി ഡി സവര്‍ക്കറിനെ കണ്ടിരുന്നു എന്നായിരുന്നു അയാളുടെ വെളിപ്പെടുത്തല്‍. ഗോഡ്‌സെയെക്കുറിച്ചുള്ള വിവരങ്ങളും അയാളാണ് പോലീസിന് നല്‍കിയത്. ഗൂഢാലോചന അന്വേഷിച്ച ബോംബെയിലെ പോലീസ് സംഘം വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചതെന്ന് പറയുന്ന ലാരി കോളിന്‍സും ഡൊമനിക് ലാപിയറും മറ്റൊരു വിവരം കൂടി പുറത്തുവിടുന്നുണ്ട്. അത് ഗാന്ധി വധത്തിലും പിന്നീട് ഹിന്ദുത്വം പിടിമുറുക്കിയതിന്റെയും കാരണമായെന്ന് എ ജി നൂറാനിയും ചൂണ്ടിക്കാട്ടുന്നു. അത് ഇങ്ങനെയാണ്. അന്ന് ബോംബെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന ജംഷിദ് നാഗന്‍വാല എന്ന ഉദ്യോഗസ്ഥാനായിരുന്നു കേസ് അന്വേഷണത്തിന്റെ ചുമതല. ബോംബെ പ്രവശ്യയുടെ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായി ആയിരുന്നു. മദല്‍ലാലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ഗാന്ധി വധശ്രമ ഗൂഢാലോചനയില്‍ വി ഡി സവര്‍ക്കുള്ള പങ്ക് വ്യക്തമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും നാഗന്‍വാല മൊറാര്‍ജി ദേശായിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയായിരുന്നു ആ ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മൊറാര്‍ജി ദേശായി ഇത് അനുവദിച്ചില്ലെന്ന് മാത്രമല്ല, അത്തരമൊരു ആവശ്യത്തോട് വളരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇതാണ് ലാരി കോളിന്‍സും ഡൊമനിക് ലാപിയറും നിരവധി രേഖകളുടെ അടിസ്ഥാനത്തില്‍ ചോദിക്കുന്നത്. ഹിന്ദുത്വത്തിന്റെ ആചാര്യനെ അന്ന് അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍, ജനുവരി 30 ന് മഹാത്മാവ് കൊല്ലപ്പെടില്ലായിരുന്നുവോ? അങ്ങനെ കരുതുന്നവര്‍ പലരുണ്ട്.

എന്നാല്‍ സവര്‍ക്കറുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഇവരെ കേസില്‍ വിചാരണ ചെയ്തിരുന്നില്ല. അവര്‍ വിചാരണ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നുവെങ്കില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

എ ജി നൂറാനി

അറിഞ്ഞോ അറിയാതെയോ, ഒരു കോണ്‍ഗ്രസ് നേതാവിന്റെ ശ്രദ്ധക്കുറവ് അതിന് കാരണമായിട്ടുണ്ടെന്ന് പറയാം. 1948 ജനുവരി 30 ന് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു വി ഡി സവര്‍ക്കര്‍. അന്ന് അദ്ദേഹത്തിനെതിരായ പ്രധാന മൊഴി മാപ്പുസാക്ഷിയായി മാറിയ ദിംഗബര്‍ ബാഡ്ജിന്റെതായിരുന്നു. നാരായണ്‍ ആപ്‌തെയും ഗോഡ്‌സെയും കൊലപാതകത്തിന് മുൻപ് സവര്‍ക്കറിനെ വന്ന് കണ്ടു എന്നായിരുന്നു മൊഴി. വിജയിച്ചു വരൂ എന്ന് ഗോഡ്‌സയേയും ആപ്തയേയും സവര്‍ക്കര്‍‌ ആശീര്‍വദിക്കുന്നതായി കേട്ടുവെന്നും ഇയാള്‍ മൊഴി നല്‍കി. അയാള്‍ക്ക് വിശ്വാസ്യത ഉണ്ടെങ്കിലും അതിന് അനുബന്ധ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് സവര്‍ക്കറിനെ കോടതി ജഡ്ജി ആത്മ ചരണ്‍ കുറ്റവിമുക്തനാക്കുന്നത്. ഇതിലും ചില അനാസ്ഥ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായെന്ന് എ ജി നൂറാനി ദി ആര്‍ എസ് എസ്, മെനസ് ടു ഇന്ത്യ എന്ന് പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്. ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ സവര്‍ക്കര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്നത് ചില ശക്തമായ മൊഴികളുടെ അടിസ്ഥാനത്തിലാണ്. സവര്‍ക്കറിന്റെ ബോഡി ഗാര്‍ഡായിരുന്ന അപ്പാ രാമചന്ദ്ര കസാറും ഗന്‍ജന്‍ വിഷ്ണു ധാംലെ എന്ന സെക്രട്ടറിയും നല്‍കിയ മൊഴിയാണ് കപ്പൂര്‍ കമ്മീഷന്റെ മുന്നില്‍ പ്രധാന തെളിവായത്. അതില്‍ ഗാന്ധി വധത്തിലെ പ്രതികളും സവര്‍ക്കറുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ സവര്‍ക്കറുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഇവരെ കേസില്‍ വിചാരണ ചെയ്തിരുന്നില്ല. 'അവര്‍ വിചാരണ കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നെങ്കില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. ' എ ജി നൂറാനി എഴുതി.

ജനുവരി 20ന് വധശ്രമം നടന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിച്ച് ആദരിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ ആചാര്യന്‍ ഒരു ക്രിമിനല്‍ കേസിലെ പ്രതിയായി, ശരിയായി ചരിത്രത്തില്‍ അടയാളപെടുത്തിയേനെ. അതു നടക്കാതെ പോയതിന് പിന്നില്‍ മൊറാര്‍ജി ദേശായിയുടെ തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ പറയുന്നു. അതുപോലെ സവര്‍ക്കറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും സെക്രട്ടറിയേയും വിചാരണയ്ക്ക് ഹാജരാക്കിയിരുന്നുവെങ്കിലും സവര്‍ക്കറിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. സവര്‍ക്കര്‍, ഗാന്ധി വധ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ കപൂര്‍ കമ്മീഷന്‍ ആര്‍എസ്എസ്സിനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. 'ഇന്ത്യയിലെ ഏറ്റവും സുസംഘടിതവും സജീവവുമായ ഹിന്ദു സംഘടനയാണ് ആര്‍എസ്എസ്. അത് ഹിന്ദുമഹാസഭയില്‍ കണ്ണിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും അതിന്റെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും ഹിന്ദു മഹാസഭയുടെ ആശയങ്ങളുടെ പ്രയോക്താക്കളായിരുന്നു'. ഹിന്ദു മഹാസഭയുടെ ഈ ആര്‍എസ്എസ് ബന്ധത്തെ മറച്ചുപിടിച്ചാണ് ആര്‍എസ്എസ് നേതാക്കള്‍ ഗാന്ധി വധത്തില്‍ അവര്‍ക്ക് പങ്കില്ലെന്ന് വാദിക്കാറുള്ളത്.

സവര്‍ക്കറിന് ഗാന്ധി വധത്തില്‍ പങ്കുണ്ടായിരുന്നുവെന്ന് മൊറാര്‍ജി ദേശായി വെളിപ്പെടുത്തിയിരുന്നതായി എല്‍ കെ അദ്വാനി തന്നോട് പറഞ്ഞെന്ന് വ്യക്തമാക്കിയത് ബിജെപി അനൂകൂല നിലപാടെടുക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വാപന്‍ ദാസ് ഗുപ്തയായിരുന്നു

ഗോഡ്‌സെയ്ക്ക് ആര്‍എസ്എസ്സുമായി ബന്ധമില്ലെന്നുള്ള അവകാശവാദവും ഇങ്ങനെ ഉന്നയിക്കപ്പെടുന്നതാണ്. എന്നാല്‍ ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഇക്കാര്യം തള്ളിക്കളഞ്ഞത് വലിയ വാര്‍ത്തായിരുന്നു. 1994ല്‍ ഫ്രണ്ട് ലൈന്‍ മാസികയില്‍ അരവിന്ദ് രാജഗോപാലുമായുള്ള അഭിമുഖത്തിലാണ് ഗോപാല്‍ ഗോഡ്‌സെ തന്റെ സഹോദരന്‍ നാഥുറാം ഗോഡ്‌സെ ആര്‍എസ്എസ് വിട്ടിരുന്നില്ലെന്നും എന്നാല്‍ ആ ഐഡന്റിറ്റി പുറത്ത് പറയേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയത്. സവര്‍ക്കറിന് ഗാന്ധി വധത്തില്‍ പങ്കുണ്ടായിരുന്നുവെന്ന് മൊറാര്‍ജി ദേശായി വെളിപ്പെടുത്തിയിരുന്നതായി എല്‍ കെ അദ്വാനി തന്നോട് പറഞ്ഞെന്ന് വ്യക്തമാക്കിയത് ബിജെപി അനൂകൂല നിലപാടെടുക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വാപന്‍ ദാസ് ഗുപ്തയായിരുന്നു. എന്തായാലും ചരിത്രം സൂചിപ്പിക്കുന്നത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനാ അന്വേഷണത്തില്‍ സവര്‍ക്കര്‍ രക്ഷപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ്. എന്തുകൊണ്ടാകാം, ഗാന്ധിക്കെതിരായ ആദ്യ വധശ്രമത്തിന് ശേഷം സവര്‍ക്കറെ അറസ്റ്റ് ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം മൊറാര്‍ജി നിരസിച്ചത്? എന്തുകൊണ്ടാകും സവര്‍ക്കറുടെ ബോഡി ഗാര്‍ഡിനെയും ക്ലാര്‍ക്കിനെയും വിചാരണ ചെയ്യാതിരുന്നത്? ചരിത്രം ഉത്തരം പറയാത്ത ചില ചോദ്യങ്ങളായി ഇവ അവശേഷിക്കുമായിരിക്കും.

കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഹിന്ദുത്വ അനുകൂല സമീപനം എങ്ങനെയൊക്കെ ആര്‍എസ്എസ്സിന് സഹായമായി എന്നതിന് സ്വാതന്ത്ര്യത്തിന്റെ കാലം മുതല്‍ തെളിവുകളുണ്ട്. ഇതിന് ഉദാഹരണമായി എ ജി നൂറാനി അക്കാലത്തെ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവങ്ങള്‍ ഉദാഹരിക്കുന്നുണ്ട്. ജി ബി പന്തായിരുന്നു അന്ന് അവിടുത്തെ മുഖ്യമന്ത്രി. അവിടെ നടന്ന വര്‍ഗീയ കലാപങ്ങളില്‍ ആര്‍എസ്എസ്സിന്റെ അന്നത്തെ മേധാവി എം എസ് ഗോള്‍വാള്‍ക്കറിന് പങ്കുണ്ടായിരുന്നുവെന്ന് പിന്നീട് വിദേശകാര്യ സെക്രട്ടറിയായിരുന്ന രാജേശ്വര്‍ ദയാല്‍ വെളിപ്പെടുത്തിയ കാര്യം അദ്ദേഹം ആര്‍എസ്എസ്സിനെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ദയാല്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്നു. വടക്കെ ഇന്ത്യയില്‍ നടന്ന വര്‍ഗീയ ആക്രമണങ്ങളില്‍ എം എസ് ഗോള്‍വാള്‍ക്കറിന്റെ പങ്കുണ്ടായിരുന്നുവെന്നതിന്റെ തെളിവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടുവെന്നും, എന്നാല്‍ ഉടന്‍ അയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ജി ബി പന്ത് നിഷേധിക്കുകയും ക്യാബിനറ്റ് അക്കാര്യം കാര്യമായി ചര്‍ച്ച ചെയ്യാതെ അവസാനിപ്പിക്കുകയും ചെയ്തുവെന്നുമാണ് 'ദയാല്‍ എ ലൈഫ് ഓഫ് അവര്‍ ടൈംസ്' എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ രേഖപ്പെടുത്തുന്നത്.

ഗാന്ധി വധത്തില്‍ സവര്‍ക്കറും ഇന്ത്യയില്‍ ആദ്യ കാലത്ത് നടന്ന വര്‍ഗീയ ആക്രമണ സംഭവങ്ങളില്‍ എം എസ് ഗോള്‍വാള്‍ക്കറിന്റെയും പങ്ക് രാഷ്ട്രീയമായി അന്വേഷിച്ചിരുന്നുവെങ്കില്‍ അത് ഹിന്ദുത്വത്തെ തുറന്നുകാട്ടാന്‍ സഹായകരമാകുമായിരുന്നില്ലേ? അങ്ങനെ ചെയ്യാത്തതിന്റെ കെടുതി കൂടിയല്ലേ ഇന്ത്യ ഇന്ന് അനുഭവിക്കുന്നത് എന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയുക.

logo
The Fourth
www.thefourthnews.in