ഒരിത്തിരി ആനക്കാര്യം

ഒരിത്തിരി ആനക്കാര്യം

അരിക്കൊമ്പനും ചക്ക കൊമ്പനുമൊക്കെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഈ സീസണിൽ കേരളീയരുടെ ആനപ്രേമത്തിന്റെ സാഹിത്യ, സംഗീത ചരിത്രം പരിശോധിക്കുകയാണ് ലേഖകൻ

'കൊലയാനയെങ്കിലും

കവളപ്പാറ ആനയ്ക്ക്

പുലകുളിയേറ്റവും ചിട്ടയാണേ

കൊന്നാലുടൻ ചെന്ന് തണ്ണിയിൽ മുങ്ങുക

എന്നും പതിവാണീ ദുഷ്ടപാപി.'

- 'കവളപ്പാറ കൊമ്പൻ' പാട്ടിൽ നിന്ന്

ഏതാണ്ട് അൻപത് വർഷം മുൻപ് റിലീസായ സിനിമ ഗുരുവായൂർ കേശവനിലെ ഗാനം പുറത്ത് വന്നപ്പോൾ ഇന്ന് പ്രശസ്തനായ നമ്മുടെ അരിക്കൊമ്പൻ ജനിച്ച് കാണില്ല.

'ധീംതനക്ക കൊടുമല ഗണപതി

ധീംതനക്ക കോട്ടക്കൽ ഗണപതി

തകുക്കു തകുക്കു കൊടുമല ഗണപതി

കൂടുമാറും മയിലേ കുയിലേ കളി കളിയോ

ചോടുവെയ്ക്കും ഇടതോ വലതോ കളി കളിയോ'

ഗാനത്തിലെ ചില വരികൾക്ക് പ്രവചന സ്വഭാവമുണ്ടോ? ചില വരികൾ അരിക്കൊമ്പനെ കുറിച്ചാണോ ? പാട്ടിങ്ങനെ പോകുന്നു. 'അരിപ്പൊടി മലർപ്പൊടി കറുത്തരി വെളുത്തരി, കാവിലെ പെണ്ണിന്റെ ചുണ്ടത്തെ പുഞ്ചിരി'. ഒരു തമാശയായിട്ട് ആലോചിക്കാം, ഒരു പക്ഷേ, അരി തിന്നുന്ന ആനയെ, അരിക്കൊമ്പനെ, ഭാസ്കരൻ മാസ്റ്റർ അന്നേ സങ്കൽപ്പിച്ചിരുന്നോ?. ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം മാത്രമല്ല, കേരളപ്പഴമക്കൊപ്പം വളർന്ന ഒരു ജനതയുടെ വികാരം കൂടിയാണ്.

ആനയെ ഒഴിവാക്കിയുള്ള കേരള ചരിത്രമില്ല. ആനയെപ്പോലെ വാർത്തയുണ്ടാക്കുന്ന ഒരു പ്രതിഭാസം വേറെയുണ്ടോ? നടന്നാൽ, ഓടിയാൽ, ചരിഞ്ഞാൽ വാർത്ത. ഇത്രയും സജീവമായി രംഗത്ത് നിൽക്കുന്ന മറ്റേത് മൃഗമുണ്ട്? കേരളത്തിന്റെ കഥാസരിത്ത് സാഗരമായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല' നൂറ്റിപ്പതിനഞ്ച് കൊല്ലം മുൻപ് ആദ്യമായി എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ ഓരോ ഭാഗത്തിലേയും അവസാന അധ്യായം കേരളത്തിലെ പ്രശസ്ത ആനകളെ കുറിച്ചായിരുന്നു. ആനയേയും ആനക്കഥകളേയും മലയാളികൾ എന്നും നെഞ്ചിലേറ്റിയിരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. 'ആനയില്ലെങ്കിൽ എന്ത് പൂരം? എന്ത് ആഘോഷം?'

അരി തിന്നുന്ന അരിക്കൊമ്പനെപ്പോലെ മറ്റൊന്ന് തിന്ന് വികൃതി കാണിച്ച ഒരാനയേയും ആന പരാക്രമത്തേയും കുറിച്ച് മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയിട്ടുണ്ട്. അറുപത് കൊല്ലം മുൻപത്തെ സംഭവമാണ്. കെ വി രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ ഇടുക്കിയിൽ ദേവികുളം അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെടുന്നു. കമ്മീഷണർ ബംഗ്ലാവിലായിരുന്നു താമസം. കാടിന് നടുവിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ബംഗ്ലാവ്. ഏറ്റവും അടുത്ത ഒരയൽക്കാരൻ താമസിക്കുന്നത് ഒന്നര മൈൽ അകലെ.

ബംഗ്ലാവ് ഗംഭീരമാണെങ്കിലും പരിസരം കണ്ടപ്പോൾ മലയാറ്റൂരിന് പന്തികേട് തോന്നി. ബംഗ്ലാവിന് ചുറ്റും മണ്ണിൽ ആഞ്ഞുപതിഞ്ഞ കാട്ടാനയുടെ കാൽപ്പാടുകൾ. അടുക്കള ഭാഗത്തെ കതകും അഴികളും അടിച്ച് തകർത്തിരിക്കുന്നു. കെട്ടിടത്തിലുള്ള കണ്ണാടിചില്ലുകൾ പലതും തകർത്തിരിക്കുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിച്ചതിനാൽ രക്തം ഗ്ലാസിൽ പറ്റിയിരിക്കുന്നു. അകത്തേക്ക് കടക്കേണ്ട ഗ്ലാസ് വാതിലൂടെ ഒരു കുട്ടിയാനക്ക് കേറി വരാം. സംഭവം കാട്ടാന ശല്യം തന്നെ.

ആനശല്യത്തെ കുറിച്ച് ദേവികുളം തഹസിൽദാരോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, “ആ ഫോണെടുത്ത് കറക്കണം അപ്പോൾ പോസ്റ്റാഫീസിൽ മണിയടിക്കും. അപ്പോൾ പോസ്റ്റ് മാസ്റ്റർ ഒരു കറക്കുകറക്കും അപ്പോൾ പോലീസ് സ്റ്റേഷനിൽ മണിയടിക്കും. അപ്പോൾ പോലീസുകാർ തോക്കെടുത്ത് കൊണ്ടിവിടെ വരും. അതിനൊന്നും ഇന്നോളം ഇടയായിട്ടില്ല. കാരണം അപ്പോഴേക്കും ആനയങ്ങ് പോകും !” ഇത് കേട്ട മലയാറ്റൂർ ചോദിച്ചു. അതിനിടയ്ക്ക് ആന ഒരു ഹർജിയും പൊക്കിപ്പിടിച്ച് കൊണ്ട് ആ വലിയ കണ്ണാടി വാതിലും പൊളിച്ച് ബംഗ്ലാവിനകത്ത് കടന്നാലോ? മറുപടി :'കേറാനൊക്കത്തില്ല, സാർ കുറെ കയറിയാലും ആനയുടെ വയറ് 'ഷ്ടക്ക്' ആകും. മലയാറ്റൂരിന് മുൻപിൽ ആ രംഗം തെളിഞ്ഞു.'ബംഗ്ലാവിനകത്ത് ആനയുടെ തലയും തുമ്പിയും കൊമ്പും മുൻകാലുകളും! വയറ് ' 'ഷ്ടക്ക്' ആയിരിക്കുന്നു. പിൻഭാഗം ബംഗ്ലാവിന് പുറത്ത് ആന ആലോചിക്കുന്നു. മുമ്പോട്ടോ റിവേഴ്സിലോ?

ആന വന്ന് ഹർജി തന്നാലുള്ള ഭയമോർത്ത് മലയാറ്റൂർ ആദ്യ നാളുകളിൽ മൂന്നാർ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. എങ്കിലും ആനയെ ഔദ്യോഗികമായി നേരിടാൻ തന്നെ മലയാറ്റൂർ തീരുമാനിച്ചു. ഈ കൊമ്പനെ ഒറ്റയാനായി പ്രഖ്യാപിക്കണം. എന്നാലെ വെടിവയ്ക്കാനാവൂ. അതിനാൽ സ്ഥലം ഫോറസ്‌റ്റ് റേഞ്ചർക്ക് അസിസ്റ്റന്റ് കളക്ടർ കത്തെഴുതി. 'ആനയെ 'റോഗ്' (Rouge) ആയി പ്രഖ്യാപിക്കാനാവശ്യമായ മുഴുവൻ വിവരണവും ദയവായി അയച്ചുതരിക. ഒരാഴ്ച കഴിഞ്ഞ് കിട്ടിയ മറുപടി വായിച്ച് മലയാറ്റൂർ അന്തം വിട്ടു. അത് ഇങ്ങനെ: ''സർ, ആനയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. താങ്കളുടെ ബംഗ്ലാവിലേക്കുള്ള അതിന്റെ അടുത്ത സന്ദർശനം നമുക്ക് കാത്തിരിക്കാം''. മലയാറ്റൂരിന്റെ ഭാഗ്യത്തിന് ആന ഹർജി തരാൻ വരികയോ വാതിലിൽ 'ഷ്ടക്ക്' ആവുകയോ ചെയ്തില്ല.

പക്ഷേ, ഏറെ താമസിയാതെ മറ്റൊരാന മലയാറ്റൂരിനെ തേടി വന്നു. ജീവനോടെയല്ലെന്ന് മാത്രം. കാട്ടിൽ കണ്ണൻദേവൻ കമ്പനി ശേഖരിച്ചിരുന്ന അമോണിയം സൾഫേറ്റ് ചാക്കുകളിൽ ഒന്ന് രണ്ടെണ്ണം ഒരു കാട്ടാന ഭക്ഷിച്ചു. അവശനിലയിലായ ആന കാട്ടിൽ നിന്ന് തേയിലത്തോട്ടത്തിലേക്ക് കടന്നു. ഏറെ താമസിയാതെ, ഒരു തേയില ഫാക്ടറിയിൽ ആന ചത്തുവീണു. ആനയെ മറവുചെയ്യാൻ വനം വകുപ്പ് നടപടിയെടുക്കാത്തതിനാൽ അത് ചീഞ്ഞളിയാൻ തുടങ്ങി. കണ്ണൻദേവന്റെ ജനൽ മാനേജർ സൂട്ടർ എന്ന സ്കോട്ട്ലണ്ടുകാരൻ സായിപ്പ് അസിസ്റന്റ് കളക്ടർ നടപടിയെടുക്കാത്തതിൽ ക്ഷുഭിതനായി മലയാറ്റൂരിന് മുന്നിലെത്തി പൊട്ടിത്തെറിച്ചു. സായിപ്പിന്റെ കൊളോണിയൽ മൂച്ച് വകവയ്ക്കാതെ മലയാറ്റൂർ തിരിച്ചടിച്ചു. അതിന് മറ്റൊരു കാരണമുണ്ടായിരുന്നു. എസ്റ്റേറ്റ് റോഡുകളിൽ കണ്ണൻദേവൻ കമ്പനി ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടയപ്പെടുന്നുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ ജീപ്പ് പോലും അവർ ഒരിക്കൽ തടഞ്ഞത് മലയാറ്റൂനറിയാമായിരുന്നു. "ഇത് സ്കോട്ട്ലണ്ടല്ല. ഇന്ത്യയാണ്. ഗതാഗത തടസ്സമുണ്ടാക്കുന്ന, നിങ്ങളുടെ കമ്പനി കടമ്പകൾ മാറ്റാതെ ഒരു നടപടിയും എടുക്കില്ലെന്ന്” മലയാറ്റൂർ തിരിച്ചടിച്ചു. സായിപ്പ് വേഗം സ്ഥലം വിട്ടു.

കൂട്ടിലടക്കപ്പെട്ട കൊലകൊല്ലി ആന
കൂട്ടിലടക്കപ്പെട്ട കൊലകൊല്ലി ആന

അരിക്കൊമ്പനൊരു മുൻഗാമിയുണ്ട് 'കൊലകൊല്ലി'. 2006 കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കെ അറ്റത്ത് പേപ്പാറ, പൊടിയക്കാല, വനമേഖലയിൽ നിന്ന് പുറത്ത് വന്ന് ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ചവനായിരുന്നു 'കൊല 'കൊല്ലി യെന്ന ആന കൊമ്പൻ. ഒരു ഡസൻ പേരെയെങ്കിലും തട്ടിയ ഇവന്റെ പരാക്രമം സഹിക്കാനാവാതെ, ജനങ്ങൾ പകൽ പോലും പുറത്ത് ഇറങ്ങി നടക്കാൻ ഭയപ്പെട്ടു. കീഴടക്കാൻ കഴിയാതെ വനപാലകരും പോലീസും കേരള സർക്കാരും ഇന്നത്തെപ്പോലെ തന്നെ വെള്ളം കുടിച്ചു. ഒടുവിൽ തമിഴ്നാട്ടിൽ നിന്ന് ലക്ഷണമൊത്ത ആനക്കൊമ്പന്മാരേയും പാപ്പാൻമാരേയും മയക്കുവെടിക്കാരേയും വരുത്തി. അവരാണ് ഒരു സംഘമായി ചേർന്ന് ഒടുവിൽ മയക്കുവെടി വച്ച് അവനെ വീഴ്ത്തിയത്.

ലക്ഷങ്ങൾ മുടക്കി പണിത ഫൈവ് സ്റ്റാർ തടിക്കൂട്ടിൽ ഒടുവിൽ കൊലകൊല്ലിയെ അടച്ചു. പക്ഷേ, വിലപിടിച്ച കൂട്ടിലുള്ള ഫൈവ് സ്റ്റാർ ജീവിതം തുടരാൻ കൊലകൊമ്പനെ വിധി അനുവദിച്ചില്ല. ആനപ്രേമികളെയും ആരാധകരേയും ദുഃഖത്തിലാക്കി കൊണ്ട് കൊലകൊമ്പൻ ചരിഞ്ഞു. ദിവസങ്ങളോളം പിടികൊടുക്കാതെ കാട്ടിൽ പോരാട്ടം നടത്തിയതിന്റെ ഫലമായിരുന്നു ഈ അന്ത്യം. എറിഞ്ഞും ഓടിച്ചും അവശനാക്കപ്പെട്ട ഒരാന അധികം ജീവിച്ചിരിക്കില്ലെന്നത് സത്യമാണെങ്കിലും ആനപ്രേമികൾ ക്ഷുഭിഭരായി. കൊലകൊല്ലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു ദേശീയ മലയാള ദിനപത്രം മുഖപ്രസംഗം വരെയെഴുതി. 'ഹസ്തായൂർവേദം' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയ 'മാതംഗലീല' തിരുമംഗലത്ത് നീലകണ്ഠൻ മൂസത് രചിച്ച ഗ്രന്ഥമാണ്. ആന വിഷയത്തിലെ മലയാളത്തിലുള്ള ബൈബിൾ. ആനകളുടെ ഉൽപ്പത്തി, ചികിത്സ, എന്നിവയെ കുറിച്ചുള്ള ഗ്രന്ഥമാണത്.

ബഷീറിന്റെ ആനവാരി രാമൻ നായരും
പൊൻ കുരിശുതോമയും
ബഷീറിന്റെ ആനവാരി രാമൻ നായരും പൊൻ കുരിശുതോമയും

സാഹിത്യരൂപമെന്ന നിലയിൽ ഈ വിഷയത്തിൽ മലയാളത്തിൽ ആദ്യത്തെ നോവലാണ് ആനപ്പക. ആനയും, ആനക്കാരനും ക്ഷേത്രവും ആചാരങ്ങളും ലഹരിയും ലൈംഗികതയും സദാചാരവും ഇഴുകി ചേർന്ന ഉണ്ണികൃഷ്ണൻ പുതൂരിന്റെ ബൃഹത്തായ നോവൽ 'ആനപ്പക' കുങ്കുമം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ട് തികയുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രമാരാണ് ? സംശയം വേണ്ട 'ആനവാരി രാമൻ 'നായർ തന്നെ! ആരുമറിയാതെ രാത്രിയിൽ ചാണകം വാരാൻ പോയ രാമൻ നായർ മൺവെട്ടി കൊണ്ട് ചാണകത്തിൽ വെട്ടിയപ്പോൾ, ചാണകക്കൂമ്പാരം പാറുക്കുട്ടിയെന്ന ആനയായി മാറി. ആ സംഭവത്തിലൂടെയാണ് വെറും രാമൻ നായർ ആനവാരി രാമനായരായതെന്ന് 'ആനവാരിയും പൊൻ കുരിശും' എന്ന നോവലിൽ ബഷീർ എഴുതി. എന്റെ പുന്നാര ആനേ എന്ന് തന്റെ സാങ്കൽപ്പിക കൊമ്പനാനയെ വിളിച്ചോമനിക്കുന്ന, ബഷീറിന്റെ നോവൽ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' ലെ നായിക കുഞ്ഞുപാത്തുമ്മയെ ഓർമയില്ലെ? മലയാള സാഹിത്യ ലോകത്തെ ആനപ്രേമിയായ മറ്റൊരു അനശ്വര നായികയാണവർ.

ആനയെ കുറിച്ച് ഒരുപക്ഷേ ലോകത്ത് തന്നെ ആദ്യമായ് എഴുതപ്പെട്ട കവിത മലയാള ഭാഷയിലായിരിക്കും. 1926 ൽ പുറത്ത് വന്ന 'കവളപ്പാറ കൊമ്പൻ' എന്ന കവിതാ പുസ്തകമാണത്. തൃശൂർ വെങ്കിടങ്ങ് ശങ്കരനാരായണ എലിമെന്ററി സ്കൂളിൽ പഠിപ്പിച്ചിരുന്ന സി സി വർഗീസ് എന്ന അധ്യാപകനാണ് ഇതിന്റെ രചയിതാവ്. നിരവധി വർഷത്തോളം കേരളത്തിലെ ഉത്സവ പറമ്പുകളിലെ ബെസ്റ്റ് സെല്ലറായിരുന്നു ഈ കൃതി. കവളപ്പാറ കൊമ്പനാനയുടേയും കുഞ്ഞൻ പാപ്പാന്റേയും കഥയാണ് ഈ കവിത. ഈ കൊമ്പൻ കൊല നടത്തിയ ശേഷം കുളത്തിലിറങ്ങി പുലകുളി നടത്തിയിരുന്നത്രെ. അങ്ങനെ 21 തവണ പുലകുളി നടത്തിയ കൊമ്പനെ അവസാനത്തെ കൊലക്ക് ശേഷം ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ നാലാൾ എടുത്താൽ പൊന്താത്ത ആനച്ചങ്ങലയിൽ തളക്കുകയായിരുന്നു. ഒടുവിൽ ആന മോചനം ലഭിക്കാതെ അവിടെ തന്നെ ചരിയുകയും ചെയ്തു.

വായ്മൊഴികളിലൂടെ നാലുതലമുറയായി പ്രചരിച്ച ഈ കാവ്യത്തിൽ നിന്ന് പ്രചോദനം ലഭിച്ചാണത്രെ 'സഹ്യന്റെ മകൻ' എന്ന വിശ്വോത്തരമായ ആനയെ കുറിച്ചുള്ള കാവ്യം വൈലോപ്പിള്ളി എഴുതിയത്. ആറ് പതിറ്റാണ് മുൻപ് പുറത്തുവന്ന Elephant Bill എന്ന ആനകളെ കുറിച്ചുള്ള വിഖ്യാതമായ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ , 'ആന വില്യം' എന്ന പേരിൽ പരിഭാഷപ്പെടുത്തി, മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടിഷ് സൈന്യത്തിലെ ഉദ്യോഗസ്ഥനായ കേണൽ ജെയിംസ് ഹോവാർഡ് വില്യംസ് എഴുതിയ ഈ പുസ്തകം ആനകളുടെ സാമൂഹ്യ ജീവിതം, ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം, ആനയുടെ ബുദ്ധിശക്തി, സ്നേഹം, ധൈര്യം, ആനചികിത്സ തുടങ്ങിയ വിലപ്പെട്ട നേരറിവുകൾ പകർന്നുനൽകുന്നു.

ആന വില്യം . ആനകളുടെ  ജീവിതം പ്രതിപാദിക്കുന്ന മലയാള ഗ്രന്ഥം
ആന വില്യം . ആനകളുടെ ജീവിതം പ്രതിപാദിക്കുന്ന മലയാള ഗ്രന്ഥം

1977 ൽ പുറത്ത് വന്ന 'ഗുരുവായൂർ കേശവൻ' തന്നെയാണ് ആന നായകനായുളള ആദ്യ മലയാള ചലചിത്രം. ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഇരുന്നൂറാമത്തെ മലയാള ചിത്രമെന്ന സവിശേഷതയുള്ള, ഭരതൻ സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രത്തിൽ നായരമ്പലം ശിവജി എന്ന ആനയാണ് ഗുരുവായൂർ കേശവനായത്

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബർമയിലെ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം, ജപ്പാൻകാർക്കെതിരായ യുദ്ധങ്ങളിൽ ആനയെ ഉപയോഗിക്കാൻ തീരുമാനിച്ചു. ആനകൾക്കൊപ്പം വർഷങ്ങളോളം ചെലവഴിച്ച ലഫ്റ്റനന്റ് കേണൽ ജെയിംസ് ഹോവാർഡിന്റെ ആശയമായിരുന്നു ഇത്. ജെയിംസ് ആനകളിൽ വിദഗ്ധനായിരുന്നു. ബർമീസ് സംസാരിക്കുന്നതിനാൽ, ആനകളെ നയിക്കുന്ന പാപ്പാന്മാരുമായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബിട്ടീഷ് സൈന്യം ആനകളെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സൈനിക നീക്കമായിരുന്നു ഇത്. ബർമയിൽ ആയിരക്കണക്കിന് പാലങ്ങൾ നിർമിക്കാനും കപ്പലുകൾ എത്തിക്കാനും ആനകൾ സഹായിച്ചു എന്ന് ഈ പുസ്തകത്തിൽ പറയുന്നു. ആനകളുടെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാണ് 65 കൊല്ലം മുൻപ് 1958 ൽ പ്രസിദ്ധീകരിച്ച 'ആന വില്യം'.

1977 ൽ പുറത്ത് വന്ന 'ഗുരുവായൂർ കേശവൻ' തന്നെയാണ് ആന നായകനായുളള ആദ്യ മലയാള ചലചിത്രം. ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഇരുന്നൂറാമത്തെ മലയാള ചിത്രമെന്ന സവിശേഷതയുള്ള, ഭരതൻ സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രത്തിൽ നായരമ്പലം ശിവജി എന്ന ആനയാണ് ഗുരുവായൂർ കേശവനായത്. 1990-കളിൽ സർക്കാർ IRDP വഴി ആനകളെ വാങ്ങാൻ ലോൺ നൽകാൻ തുടങ്ങി. ആനയെ കുറിച്ച് യാതൊന്നും അറിയാത്ത എതോ മണ്ടൻ ബ്യൂറോക്രാറ്റിന്റെ മണ്ടൻ ആശയമായിരുന്നു അത്. അങ്ങനെ ലോണെടുത്ത് മുഹമ്മദ് എന്നൊരാൾ ഒരു ആനയെ വാങ്ങി. നിർഭാഗ്യത്തിന് ആന ബീഹാറിയായിരുന്നു. ശ്രീരാമൻ എന്ന ഈ ആനയ്ക്ക് ഹിന്ദിയേ അറിയൂ. മലയാളമറിയില്ല. ഉടമ മുഹമ്മദിന് മലയാളമേ അറിയൂ ഹിന്ദി അറിയില്ല. ആകെ ഗുലുമാലായി. ഈ സംഭവം 'ഗജകേസരി യോഗം' എന്ന പേരിൽ പിന്നീട് സിനിമയായി.

ആനകൾ മുഖാമുഖം നിന്ന് തുമ്പിയുയർത്തി നിൽക്കുന്ന ചിത്രം പഴയ രൂപത്തിൽ നിന്ന് മാറ്റി പരിഷ്ക്കരിച്ച് വരച്ചത് 35 വർഷം കെഎസ്ആർടിസിയിൽ ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫർ ആയിരുന്ന തൃശൂർ കണ്ടാണിശേരിക്കാരൻ മാധവൻ കുട്ടിയാണ്.

ആന ചമ്മാറുണ്ടോ? ഉണ്ട് എന്നാണ് ചലചിത്ര നടൻ മണിയൻപിള്ള രാജു പറയുന്നത്. തന്റെ അനുഭവക്കുറിപ്പിലാണ് ഒരാന ചമ്മിപ്പോയ കഥ പറയുന്നത്. പി ചന്ദ്രകുമാറിന്റെ ഒരു സിനിമ ചിത്രീകരണം ഭൂതത്താൻകെട്ടിൽ നടക്കുന്നു. ഒരു റോഡ് റോളർ ഒരു കുത്തനായ റോഡിന്റെ സൈഡിൽ കൊണ്ട് പാർക്ക് ചെയ്തിരുന്നു. രാത്രിയിൽ കാട്ടിൽ നിന്ന് സർക്കീട്ട് വന്ന ഒരു ആന റോഡ് റോളറിന്റെ പിന്നിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ വണ്ടി റിവേഴ്സ് ഗിയറായി പിന്നിലോട്ടുവരാൻ ആരംഭിച്ചു. ആനയ്ക്ക് മസ്തകം മാറ്റാൻ പറ്റില്ല. കാരണം വാഹനം പിന്നിലേക്ക് ഉരുണ്ടുവരികയല്ലേ? ആനയ്ക്ക് പിന്നിലോട്ട് നടക്കാതെ നിവൃത്തിയില്ല. മാറാൻ നോക്കുമ്പോൾ വണ്ടി ഉരുണ്ടുവരും. അവസാനം നേരം പുലരും വരെ ആന റോഡ് റോളറും താങ്ങി നിന്നു. നേരം വെളുത്ത് ആളുകൾ ഉണർന്ന് പുറത്ത് വരാൻ തുടങ്ങിയപ്പോൾ ആന ജീവനും കൊണ്ട് നാണിച്ച് ഓടിക്കളഞ്ഞു.

KSRTC ആന ചിത്രം
KSRTC ആന ചിത്രം

നമ്മുടെ കെഎസ്ആർടിസി ബസുകളുടെ ബോഡിയില്‍ വരച്ച ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ആനകളുടെ തല. ആനകൾ മുഖാമുഖം നിന്ന് തുമ്പിയുയർത്തി നിൽക്കുന്ന ചിത്രം പഴയ രൂപത്തിൽ നിന്ന് മാറ്റി പരിഷ്ക്കരിച്ച് വരച്ചത് 35 വർഷം കെഎസ്ആർടിസിയിൽ ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫർ ആയിരുന്ന തൃശൂർ കണ്ടാണിശേരിക്കാരൻ മാധവൻ കുട്ടിയാണ്. 1973 മുതലാണ് പെയിന്റിങ് കഴിഞ്ഞ പുതിയ ബസുകളിൽ ലോഗോ ആനച്ചിത്രങ്ങള്‍ മാധവൻ കുട്ടി വരക്കാനാരംഭിച്ചത്. അര നൂറ്റാണ്ടിനുള്ളിൽ മാധവന്‍കുട്ടി മൂവായിരം ബസ്സുകളിൽ ആന ചിത്രങ്ങൾ വരച്ചു. ആന ചിത്രങ്ങൾ മൂലമാണോ ബസ്സിന്റെ അസാധാരണ വലുപ്പം കാരണമാണോ അറിയില്ല, ഏതായാലും കെഎസ്ആർടിസി ബസുകൾ ആന വണ്ടിയെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടു.

കേരളത്തിലെ ആനപ്പൂരം ടിവിയിലൂടെ കൺകുളിർക്കെ കണ്ട് ലോകം മുഴുവൻ ആനന്ദിച്ച് പുളകമണിഞ്ഞ, കേരളവും ആനകളും കീർത്തി നേടിയ ഒരു സംഭവം നാല് പതിറ്റാണ്ടിനപ്പുറം ഡൽഹിയിൽ നടന്നു. 1982 ൽ നടന്ന ഡൽഹി ഏഷ്യാഡിലാണ് ചരിത്ര സംഭവം. തൃശൂർ പൂരത്തിന്റെ ഒരു സാപിൾ പതിപ്പ് ഡൽഹിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ഏഷ്യാഡിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചു. ഡൽഹി ഏഷ്യാഡിന്റെ ചിഹ്നം 'അപ്പു' എന്ന ആനക്കുട്ടിയായിരുന്നു. സ്വാഭാവികമായും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കേരളത്തെ, ഓർത്തു. അന്നത്തെ കേരള മുഖ്യമന്ത്രി ലീഡർ കരുണാകരനാണ്. അക്കാലത്ത് മാഡത്തിന്റെ വലംകൈയാണ്. ഏഷ്യാഡിൽ തൃശൂർ പൂരം അവതരിപ്പിക്കാമെന്ന് ലീഡർ ഇന്ദിരാജിക്ക് വാക്ക് കൊടുത്തു. കേരളത്തിൽ എത്തി ലീഡർ ചർച്ച തുടങ്ങി. മുപ്പത് ആനകളെ മൂവായിരം കിലോമീറ്ററിനധികം യാത്ര ചെയ്ത് തീവണ്ടിയിൽ ഡൽഹിയിലെത്തിക്കുക അപ്രായോഗികമാണെന്ന് എല്ലാവരും പറഞ്ഞു. എന്തിന് ആനയുടമകൾ പോലും മുഖം തിരിച്ചു. സർവത്ര എതിർപ്പ്.

ഡൽഹി ഏഷ്യാഡിലെ പൂരം
ഡൽഹി ഏഷ്യാഡിലെ പൂരം

മനസ്സിലൊന്ന് നിനച്ചാൽ നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് ലീഡർ എന്നും അന്നും. ഉന്നതതല ചർച്ചകൾ നടന്നു. ഒടുവിൽ റയിൽവേയുടെ പ്രത്യേക തീവണ്ടി ബോഗികളിൽ ആനകളെ കൊണ്ടുപോകാൻ തീരുമാനമായി. റയിൽവേയുടെ തുറന്ന ഇരട്ട ബോഗികളിൽ പ്രത്യേക ഫേബ്രിക്കേഷൻ ചെയ്ത് സൗകര്യമൊരുക്കി. ഒരു ആനയെ കയറ്റി തൃശൂരിൽ നിന്ന് എറണാകുളം വരെയും തിരിച്ചും ട്രയൽ റൺ നടത്തി. യാത്രയിൽ ആനകളുടെ പ്രതികരണമറിയാനും അപകട സാധ്യതകൾ മനസിലാക്കാനുമായിരുന്നു ഇത്. ആന മനുഷ്യൻ എന്നറിയപ്പെട്ട കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മൃഗചികിത്സകൻ അഥവാ ആന ഡോക്ടർ കെ രാധാകൃഷ്ണ കൈമളായിരുന്നു ഇതിന്റെയെല്ലാം കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സഹായികളായി തൃശൂർ വെള്ളാനിക്കരയിലെ വെറ്റ്നറി കോളേജിലെ പ്രശസ്തരായ ഡോ. കെ സി പണിക്കരും ഡോ. ജേക്കബ്‌ ചീരനും ഉണ്ടായിരുന്നു. വിപുലമായ തയ്യാറെടുപ്പോടെ ആന സംഘം യാത്രയ്ക്ക് തയ്യാറായി.

എഷ്യാഡിലേക്കുള്ള ആന തീവണ്ടി .
എഷ്യാഡിലേക്കുള്ള ആന തീവണ്ടി .

1982 നവംബർ 1, കേരളപിറവി ദിവസം ചരിത്രത്തിൽ ഇടം നേടിയ മഹാഗജ യാത്ര, തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി കെ കരുണാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയൊട്ടാകെ വാർത്താ പ്രാധാന്യം നേടിയ ഈ ഗജവാഹന ഘോഷയാത്രയ്ക്ക് സാക്ഷികളായി യാത്രയയ്ക്കാൻ രാഷ്ട്രീയക്കാരും പത്രക്കാരും അടക്കം വൻ ജനാവലിയുണ്ടായിരുന്നു. ഏത് നല്ല കാര്യത്തിനും ശകുനം മുടക്കികളുണ്ടാകുന്നത് നമ്മുടെ നാട്ടിൽ പതിവാണല്ലോ ഇതിനും ഉണ്ടായി എതിർപ്പ്. കരുണാകര വിരോധം ശീലമാക്കിയ ഒരു ഇടതുപക്ഷ സംഘടന കരിങ്കൊടിയുമായി ആനകളെ കൊണ്ടുപോകുന്നത് സാംസ്കാരിക അപചയമാണെന്ന് മുദ്രാവാക്യം വിളിച്ച് റെയിൽവേ ട്രാക്കിൽ സമരക്കാർ കുത്തിയിരുന്നു. പോലീസ് എതിർപ്പുകാരെ നീക്കം ചെയ്തിട്ടാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. 34 ആനകളും (4 ആനകൾ റിസർവ്) 300 നടുത്ത് മനുഷ്യരുമടങ്ങുന്ന, സംഘം സുഖമായി ഡൽഹിയിൽ എത്തി.

റിഹേഴ്ലുകൾ നടത്തിയ ശേഷം ആന സംഘം തയ്യാറായി. 1982 നവംബർ 19 ന് ഇന്ത്യൻ പ്രസിഡന്റ് ഗ്യാനി സെയിൽ സിങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് നടക്കുന്ന പവലിയന്റെ എതിർ ഭാഗത്തായി നെറ്റിപ്പട്ടം കെട്ടി വർണ കുടകളുമായി 30 ആനകൾ ഒറ്റനിരയായ് അണിനിരന്നു. മുക്കാൽ മണിക്കൂർ നടന്ന പ്രദർശനം അതി മനോഹരമായിരുന്നു. കളർ ടെലിവിഷൻ വന്ന കാലമായതിനാൽ വർണശബളമായ ആ കാഴ്ച ലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ടു. ഏഷ്യാഡിന്റെ ഭാഗ്യ ചിഹ്നമായ 'അപ്പു' എന്ന ആനക്കുട്ടിയുടെ പ്രതീകമായി മാർച്ച് പാസ്‌റ്റിൽ നടന്നത് ഈ ആനക്കൂട്ടത്തിലെ കുട്ടിനാരായണൻ എന്ന ആനക്കുട്ടിയായിരുന്നു. കേരളത്തിന്റെ ആന ചരിത്രത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളായിരുന്നു അന്ന് ഡൽഹിയിൽ അരങ്ങേറിയത്.

ഡോക്ടർ കെ. രാധാകൃഷ്ണ കൈമൾ
ഡോക്ടർ കെ. രാധാകൃഷ്ണ കൈമൾ

മദം പൊട്ടിയ ആനയെ തളക്കുന്നതാണ് മയക്കുവെടി. കൊള്ളുന്നവനും വയ്ക്കുന്നവനും ഒരേ പോലെ അപകടമുള്ള പ്രയോഗം. ലാർ ഗാറ്റിൽ എന്ന മയക്കുഗുളിക പഴത്തിൽ തിരുകി ആനക്ക് എറിഞ്ഞുകൊടുത്താണ് ആദ്യ കാലങ്ങളിൽ മദയാനയെ തളച്ചിരുന്നത്. ഇന്ത്യയിൽ ആദ്യമായി മയക്കുവെടി തോക്ക് ഉപയോഗിച്ചത് 1950 ൽ മണ്ണുത്തി വെറ്ററിനറി കോളേജ് വൈസ് പ്രിൻസിപ്പിളായിരുന്ന കുന്നംകുളത്തുകാരനായ ഡോ. കെ ജെ സൈമൺ ആണ്. പിന്നീട് 1979 മുതൽ മണ്ണുത്തി വെറ്ററിനറി കോളേജ് തന്നെ മയക്കുവെടി തോക്ക് ഇറക്കുമതി ചെയ്തു. തോട്ടക്ക് പകരം സിറിഞ്ചാണ് ഉപയോഗിക്കുക. വാലിന്റെ വശത്തുള്ള മാംസപേശിയിലേക്കാണ് വെടിവയ്ക്കുക. നിമിഷങ്ങൾക്കകം മരുന്ന് ആനയുടെ ദേഹം മുഴുവർ വ്യാപിക്കും നാൽപ്പത്തഞ്ച് മിനിറ്റിൽ മയങ്ങിവീഴും. ആനയുടെ തൂക്കം അനുസരിച്ച് ഡോസ് നിർണയിക്കുന്നു.

ഏറ്റവും അപകടം പിടിച്ച പണിയാണിത്. ചെറിയ പിഴവ് മതി വെടിക്കാരൻ തീരാൻ. വെടിക്കാരന്റെ സുരക്ഷ, അന്തരീക്ഷം, ചുറ്റുമുള്ള ആളുകളുടെ സുരക്ഷ എന്നിവ കൃത്യമായി നിരീക്ഷിച്ചുവേണം മയക്കുവെടി വയ്ക്കാൻ. ഇങ്ങനെ വന്ന ഒരു പിഴവിലാണ് 28 കൊല്ലം മുൻപ് തൃശ്ശൂർ കൈപ്പറിൽ പാറമേക്കാവ് രാജേന്ദ്രൻ എന്ന മദയാന മയക്കുവെടിവയ്ക്കാനെത്തിയ ഡോക്ടർ പ്രഭാകരനെ കുത്തിക്കൊന്നത്. വെടിയേറ്റ ആന മദിച്ച് ഡോക്ടർ പ്രഭാകരന് നേരെ വന്നു. ഓടിയപ്പോൾ ഉഴുതുമറിച്ച നെൽപ്പാടമായതിനാൽ പ്രഭാകരൻ തട്ടിവീണു. ഉഴുത കണ്ടത്തിലൂടെ മനുഷ്യന് ഓടാൻ പാടാണ് ആനയ്ക്ക് വേഗത്തിൽ പറ്റും. കുത്തിൽ കരളിനേറ്റ പരുക്കാണ് ജോലിയിൽ നിന്ന് വിരമിക്കാൻ രണ്ട് മാസം മാത്രം സർവീസ് ബാക്കിയുണ്ടായിരുന്ന ഡോക്ടർ പ്രഭാകരൻ മരിക്കാൻ കാരണം.

നാട്ടാനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിലെ 'പുന്നത്തുർ കോട്ട' വിഖ്യാതമാണല്ലോ. കണ്ണൂർ തളിപ്പറമ്പ്, തൃച്ചംബരം ക്ഷേത്രം ആന നിഷേധ അമ്പലമാണ്. ഉത്സവത്തിന് ആനയില്ല. കംസൻ കൃഷ്ണനെ കൊല്ലാൻ അയച്ച 'കുവലയ 'പീഡം എന്ന ആനയെ കൊന്ന ഭാവത്തിലാണത്രെ അവിടുത്തെ പ്രതീഷ്ഠ. അതിനാൽ ആന നിഷിധമാണ്. ആനവാൽ മോതിരം ഇപ്പോഴും വളരെ ഡിമാന്റ് ഉള്ള സാധനമാണ്. ഈ ആനവാൽ ഭ്രമത്തെ, ഒന്ന് കളിയാക്കാനായി കുഞ്ഞുണ്ണി മാഷ് എഴുതി 'വലിയൊരാനയുടെ ചെറിയൊരു വാലും വാല്/ചെറിയൊരെലിയുടെ വലിയൊരു വാലും വാല്'.

logo
The Fourth
www.thefourthnews.in