നെടുമുടിയുടെ ജീവിതം മാറ്റിമറിച്ച മൃദംഗ നാദം

നെടുമുടിയുടെ ജീവിതം മാറ്റിമറിച്ച മൃദംഗ നാദം

ആശാൻ സഹോദരങ്ങളെ പഠിപ്പിക്കുന്നത് കേട്ട് പഠിച്ച വേണു ബാല്യത്തിലേ എല്ലാവരെയും അത്ഭുതപ്പെടുത്തി

വർഷങ്ങൾ ഒരുപാട് പിറകിലാണ്. ആലപ്പുഴ എസ് ഡി കോളേജ് മാനേജർ സ്വാമിക്ക് മുന്നിൽ ഒരു കത്തുമായി ഒരു പതിനേഴുകാരൻ നിൽക്കുന്നു. സ്വാമി ആ കത്ത് വായിച്ചു.

''നാലാം വയസ്സിൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ സ്റ്റേജിലിരുന്ന് ഗഞ്ചിറ വായിച്ച ഒരു വേണുവിനെ ഓർമ്മയുണ്ടോ? ആ കുട്ടിയാണിത്. പ്രീഡിഗ്രിക്ക് പലവട്ടം എഴുതി ജയിച്ചതാണ്. ഡിഗ്രിക്ക് അഡ്മിഷൻ ആയിട്ടില്ല."

സ്വാമിയുടെ ഓർമ്മകളിൽ അതീവ ഹൃദ്യമായൊരു മൃദംഗ നാദമുയർന്നു. സ്വാമി സ്നേഹത്തോടെ അവനെ ഒന്ന് നോക്കി. എന്നിട്ടു പറഞ്ഞു “ നീ ഇവിടെ ഇരിക്ക്, ഞാനിപ്പോൾ വരാം " മടങ്ങി വരുമ്പോൾ ഒപ്പം മകനും, മകളും, ഒരു സംഘം സുഹൃത്തുക്കളുമുണ്ടായിരുന്നു. കൂട്ടത്തിലൊരാളിന്റെ കൈയിൽ ഒരു മൃദംഗവും. മൃദംഗമെടുത്ത് വേണുവിന്റെ കൈയിൽ കൊടുത്ത് പറഞ്ഞു- തുടങ്ങിക്കോ!

വേണു സൃഷ്ടിച്ച നാദമധുരിമയിൽ സദസ്സ് നിശ്ശബ്ദമായി. ഒടുവിൽ വേണു നോക്കുമ്പോൾ സ്വാമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അദ്ദേഹം കൂടിയിരുന്നവരോട് ചോദിച്ചു. ഇവന് ഡിഗ്രിക്ക് അഡ്മിഷൻ വേണമെന്ന്. കൊടുക്കണോ?

സദസ്യർക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു. ഇവന് കൊടുത്തില്ലേൽ പിന്നെയാർക്കാ കൊടുക്കുക?

സ്വാമി വേണുവിനെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.

നിനക്ക് ഏത് വിഷയം വേണം? സ്വാമി ചോദിച്ചു.

“എനിക്ക് മലയാളം മതി.

കുഞ്ഞായിരിക്കുമ്പോൾ തന്നെ വേണു വലിയൊരു കലാകാരനായിരുന്നു. അത് കിട്ടിയതാകട്ടെ നെടുമുടി കൊട്ടാരം സ്കൂളിൽ അധ്യാപകനായിരുന്ന അച്ഛൻ കേശവപിള്ളയിൽ നിന്നും. പഞ്ചപാണ്ഡവർ എന്നായിരുന്നു നെടുമുടിയും സഹോദരങ്ങളും അറിയപ്പെട്ടിരുന്നത്. കാരണം അവർ അഞ്ച് ആൺമക്കളായിരുന്നു. ഒരു പെൺകുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പ് വേണുവിൽ അവസാനിച്ചു. ചേട്ടന്മാർ പലതരം സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചിരുന്നു. ആശാൻ അവരെ പഠിപ്പിക്കുന്നത് കണ്ട് പഠിച്ച വേണു ബാല്യത്തിലേ എല്ലാവരെയും അത്ഭുതപ്പെടുത്തി. കേശവപിള്ള മികച്ച നടനായിരുന്നു. ആ സിദ്ധിയാണ് വേണുവിന് ലഭിച്ചത്. കഥകളിയോ സംഗീതക്കച്ചേരിയോ നാടകമോ അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ അച്ഛൻ മക്കളെയും കൂട്ടി പോകുമായിരുന്നു.

അധികമാരും ഉപയോഗിക്കാത്ത വീട്ടിലെ ഗഞ്ചിറ അന്ന് വേണുവിന്റെ കൈവശമായിരുന്നു. എപ്പോഴും ഗഞ്ചിറ കൊട്ടുന്ന വേണു ഒരിക്കൽ അച്ഛനുമൊത്ത് അമ്പലപ്പുഴ ഉത്സവത്തിന് പോയി. അന്നവിടെ ശങ്കരനാരായണപ്പണിക്കർ സഹോദരങ്ങളുടെ നാഗസ്വരക്കച്ചേരിയായിരുന്നു. കച്ചേരി കേൾക്കുവാൻ ആലപ്പുഴയിലെ വലിയൊരു കലാസ്നേഹിയായ പാപ്പാസ്വാമിയും വന്നു. കച്ചേരിയിലെ ഇടവേളയിൽ വേണു സ്റ്റേജിൽ കയറിയിരുന്ന് ഗഞ്ചിറ വായിച്ചു.

മൂന്നോ നാലോ വയസ്സുള്ള കുട്ടിയാണ് താളനിബദ്ധമായി ഗഞ്ചിറ വായിക്കുന്നതെന്ന് പാപ്പാസ്വാമിക്ക് വിശ്വസിക്കാനായില്ല. പിന്നീട് പാപ്പാസ്വാമി കേശവപിള്ളയോട് ചോദിച്ചു: മകനെ ഞാൻ കൊണ്ടുപോകട്ടെ. എന്റെ മകനെ പാലക്കാട്ട് മണി അയ്യർ മൃദംഗം പഠിപ്പിക്കുന്നു. കൂട്ടത്തിൽ ഇവനും പഠിക്കട്ടെ...

സ്വാമി, ഇവൻ കുട്ടിയല്ലേ. പിരിഞ്ഞിരിക്കാൻ എനിക്കിത്തിരി വിഷമം... അച്ഛന്റെ വികാരം സ്വാമിക്ക് മനസ്സിലായി. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ശരി... ശരി, ആയിക്കോട്ടെ...

ആ ബന്ധമാണ് പിന്നീട് വേണുവിന് തുണയായത്. ഈ വേണു ആരെന്നറിയുമോ?ആ വേണുഗോപാൽ ആണ് പിന്നീട് മലയാളികൾ നെഞ്ചേറ്റിയ പ്രിയതാരമായ നെടുമുടി വേണു . അഭിനയം കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും ഭ്രമിപ്പിക്കുകയും രസിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയുമെല്ലാം ചെയ്ത നടന വിസ്മയമായ അതേ നെടുമുടി വേണു.

വേണുച്ചേട്ടനെ ആറ്റുകാൽ കാലടിയിൽ സഹോദരൻ താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് ഞാൻ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന്റെ അമ്മ കുഞ്ഞുക്കുട്ടിയമ്മ പറഞ്ഞതിൽ കൂടുതലും മകന്റെ കുരുത്തക്കേടുകളായിരുന്നു. അമ്മ പറയുന്ന കഥകൾ കൗതുകത്തോടെ, ആകാംക്ഷയോടെ വേണു ചേട്ടൻ കേട്ടിരുന്നു. അമ്മൂമ്മയെ പോലും വേഷം മാറി തെറ്റിദ്ധരിപ്പിച്ച ഒരു സംഭവം അമ്മ ഓർമിച്ചെടുത്തു. വർഷങ്ങൾക്ക് മുന്‍പാണ്- വേണു അന്ന് കോളേജിൽ പഠിക്കുന്നു. അകത്തു ആട്ടുകട്ടിലിൽ ഇരിക്കുകയായിരുന്ന അമ്മൂമ്മ ലക്ഷ്മി അമ്മയുടെ അരികിലേക്ക് കൊച്ചുമരുമകൾ ആനന്ദവല്ലി ഓടിവന്നു പറഞ്ഞു:

“അമ്മേ കല്യാണശ്ശേരി കൃഷ്ണപിള്ളയദ്ദേഹം വന്നിരിക്കുന്നു."

അവർ പറഞ്ഞത് കേട്ടയുടൻ ഭയഭക്തി ബഹുമാനത്താടെ ലക്ഷ്മി അമ്മ ഉമ്മറത്തേക്ക് വന്നു. കസവു മുണ്ടുടുത്ത്, നെറ്റി നിറയെ ഭസ്മക്കുറിയും തൊട്ട്, കസവുനേര്യതും തോളിൽ ഇട്ട് നില്ക്കുന്ന കല്യാണശ്ശേരിയെ അമ്മ കൈകൂപ്പി വണങ്ങി അകത്തേയ്ക്ക് ആനയിച്ചു. കല്യാണശ്ശേരി, ലക്ഷ്മി അമ്മയുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു.അമ്മൂമ്മ അദ്ദേഹത്തിന് നിലത്ത് പുല്പായ വിരിച്ചു. ഇരുവരും ഇരുന്നു. കുടുംബത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അനർത്ഥങ്ങളെക്കുറിച്ച് കല്യാണശ്ശേരി പറഞ്ഞുതുടങ്ങി, “ ഇത് ക്ഷുദ്രമാണ്''

ആര്? ആരാണ് ക്ഷുദ്ര പ്രയോഗത്തിന് പിന്നിൽ ? അമ്മ തിരക്കി കല്യാണശ്ശേരി പറഞ്ഞു അമ്മയെയും മകനെയും തമ്മിലകറ്റാൻ മറ്റാരോ ക്ഷുദ്രം ചെയ്തിരിക്കുന്നു.ലക്ഷ്മി അമ്മ കരഞ്ഞുപോയി. എല്ലാത്തിനും പരിഹാരകർമ്മങ്ങൾ നിർദ്ദേശിച്ച് നല്ലൊരു തുക ദക്ഷിണയും വാങ്ങി കല്യാണശ്ശേരി പോയി. അമ്മൂമ്മയുടെ അരികിലേക്ക് നീങ്ങിയ ആനന്ദവല്ലി ചോദിച്ചു.

“ അമ്മൂമ്മേ, ആരാ ഈ കല്യാണശ്ശേരി?''

കല്യാണാശ്ശേരി കൃഷ്ണപിള്ളയദ്ദേഹമെന്ന് കേട്ടിട്ടില്ലേ നീയ്.. വലിയ ജ്ഞാനിയാണ്. എന്തെല്ലാം കാര്യങ്ങളാ അദ്ദേഹം പറഞ്ഞത്. നമസ്കരിക്കാമായിരുന്നു നിങ്ങൾ കുട്ടികൾക്കും.'' അതുകേട്ടു ആനന്ദവല്ലി പൊട്ടിച്ചിരിച്ചു.

" അമ്മൂമ്മയ്ക്ക് എന്തുപറ്റി? ഒരാൾ വേഷം മാറി വന്നാൽ തിരിച്ചറിയാൻ പറ്റില്ലേ? അത് നമ്മുടെ ശശിയല്ലായിരുന്നോ? ... ലക്ഷ്മി അമ്മ അന്തം വിട്ടിരുന്നു.

ബി.എ.യ്ക്ക് പഠിക്കുമ്പോൾ, കോളേജിലെ ഏറ്റവും നല്ല സീരിയസ് നടനായി ഫാസിലും കോമഡി ആർട്ടിസ്റ്റായി നെടുമുടി വേണുവും തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് വേണുവും ഫാസിലും തമ്മിൽ പരിചയപ്പെട്ടത്. പിന്നെ ഒരുപാട് കാലം അവർ ഒരുമിച്ചായിരുന്നു. ഫാസിൽ നാടകമെഴുതി സംവിധാനം ചെയ്തു. നെടുമുടി വേണുവും മറ്റ് അംഗങ്ങളും അഭിനയിച്ചു. ആ വർഷം കോളേജിൽ സംഘഗാനത്തിന് ഒന്നാം സ്ഥാനം കിട്ടിയത് ഇവർക്കായിരുന്നു. മോണോ ആക്ടിന് സെക്കൻഡും.

ഡിഗ്രി കഴിഞ്ഞിട്ടും വേണു കലാപ്രവർത്തനങ്ങളിൽ മുഴുകി. വേണു അഭിനയരംഗത്തെത്തിയത് കാവാലം വഴിയായിരുന്നു. അന്നും കൂട്ടിന് പിന്നീട് സംവിധായകനായ ഫാസിൽ ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ വേണുവിന്റെയും ഫാസിലിന്റെയും ട്രൂപ്പ് ഒരു നാടകമത്സരം നടത്തിയപ്പോൾ അതിന് ജഡ്ജായി കാവാലം നാരായണപ്പണിക്കർ എത്തി. നാടകം കഴിഞ്ഞ് അദ്ദേഹം ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാനൊരു നാടക ഗ്രൂപ്പ് തുടങ്ങാൻ പോകുന്നു. നിങ്ങളെയെല്ലാം അതിലുൾപ്പെടുത്തണമെന്ന് വിചാരിക്കുന്നു, നാടൻകലകൾ കോർത്തിണക്കി ഒരു പുതിയ രീതി കണ്ടെത്തി നാടകം അവതരിപ്പിക്കാനായിരുന്നു തീരുമാനം. പരീക്ഷണ നാടകവേദിയായ ഇതിന്റെ പേര് തിരുവരങ്ങ് എന്നായിരുന്നു. ഒന്നുരണ്ട് നാടകങ്ങൾക്ക് ശേഷം കാവാലം തിരുവരങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചു. ഫാസിലിനെയും വേണുവിനെയും ക്ഷണിച്ചെങ്കിലും ഫാസിൽ ആലപ്പുഴ വിട്ട് പോയില്ല. തിരുവനന്തപുരത്ത് എത്തിയ വേണു ജി. അരവിന്ദനെ പരിചയപ്പെട്ടു. തിരുവരങ്ങിന്റെ സംവിധായകൻ അരവിന്ദനായിരുന്നു.

തുടർന്ന് വേണുവിന് തിരുവനന്തപുരത്ത് വലിയൊരു സുഹൃദ് വലയമുണ്ടായി. സാഹിത്യ-നാടക സിനിമാലോകത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേരെ വേണു പരിചയപ്പെട്ടു. അരവിന്ദന്റെയും കാവാലത്തിന്റെയും താല്പര്യപ്രകാരം കലാകൗമുദിയിൽ പത്രപ്രവർത്തകനായി വേണുവിന് ജോലി കിട്ടി. ജീവിതം മാറി മറിഞ്ഞ സംഭവങ്ങൾക്ക് കാരണമായത് ഈ കാലഘട്ടമാണ്. ആയിടയ്ക്കാണ് അരവിന്ദൻ തമ്പ് എന്ന സിനിമ എടുത്തത്. മുടിയും താടിയും നീട്ടിവളർത്തിയിരുന്നതിനാൽ ആ ചിത്രത്തിൽ വേണുവിന് ഒരു അവസരം കിട്ടി. പിന്നീട് എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ വേണുച്ചേട്ടൻ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. 2021 ഒക്ടോബർ 11 നു വേണുവേട്ടൻ പ്രേക്ഷകമനസുകളിൽ സങ്കടം കോരിയിട്ടു അരങ്ങാഴിഞ്ഞു.

logo
The Fourth
www.thefourthnews.in