ലണ്ടനിൽ എലിസബത്തിന്റെ കിരീട ധാരണം; എവറസ്റ്റിൽ ബ്രിട്ടന്റെ പട്ടാഭിഷേകം

ലണ്ടനിൽ എലിസബത്തിന്റെ കിരീട ധാരണം; എവറസ്റ്റിൽ ബ്രിട്ടന്റെ പട്ടാഭിഷേകം

1953 ജൂൺ 2 ന് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ദിവസമാണ് ബ്രിട്ടീഷ് പര്യവേഷണ സംഘത്തിലെ ഹിലാരിയും ടെൻസിംഗും എവറസ്റ്റ് കൊടുമുടി കീഴടക്കിയ വാർത്ത ലോകം അറിഞ്ഞത്

എഴുപത് കൊല്ലം മുൻപ്, കൃത്യമായി പറഞ്ഞാൽ 1953 ജൂൺ 2 ന്, ബ്രിട്ടീഷ് ജനത ആഘോഷത്തിമിർപ്പിലായിരുന്നു. അന്നായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ കിരീടധാരണം. ലണ്ടനിൽ ആ പുലരിയിൽ, ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുൻപ് അവരെ ആഹ്ളാദത്തിന്റെ കൊടുമുടിയിലെത്തിച്ച മറ്റൊരു സംഭവവുമുണ്ടായി. ആ വാർത്ത ബ്രിട്ടീഷുകാരെ അറിയിച്ചത് ടൈംസ് ദിനപത്രമായിരുന്നു.

കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേഷണ സംഘത്തിലെ ഹിലാരിയും ടെൻസിംഗും എവറസ്റ്റ് കീഴടക്കി എന്നതായിരുന്നു ബ്രിട്ടീഷ് പൗരന്മാരുടെ അഭിമാനം വാനോളം ഉയർത്തിയ ആ വാർത്ത. രാജ്ഞിയുടെ കിരീട ധാരണ ആഘോഷ വേളയിൽ തന്നെ ആ വാർത്ത ടൈംസ് സ്കൂപ് ആയി നൽകിയതിന് പിന്നിലൊരു കഥയുണ്ടായിരുന്നു. സാഹസികമായ, ആവേശം പകരുന്ന ഒരു കഥ.

1953 മെയ് 29 ന് രാവിലെ 11:30 നാണ് ബ്രിട്ടീഷ് സംഘത്തിലെ ന്യൂസിലൻഡ് പൗരനായ എഡ്മണ്ട് ഹിലാരിയും നേപ്പാളില്‍ നിന്നുള്ള ഷെർപ്പ ടെൻസിംഗ് നോർഗെയും സമുദ്രനിരപ്പിൽ നിന്ന് 29,035 അടി ഉയരത്തിലുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചത്. ആ മുഹൂർത്തം ഒപ്പിയെടുക്കാനായി ടൈംസിന്റെ ഒരു ലേഖകൻ എവറസ്റ്റിലുണ്ടായിരുന്നു.

ഏതാണ്ട് മുന്നൂറോളം പർവതാരോഹകർക്കാണ് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിൽ, അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്

പർവതാരോഹണക്കാരെ എന്നും പ്രലോഭിപ്പിച്ചിരുന്ന സാഹസിക പര്യവേഷണങ്ങളിലൊന്നായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ 'എവറസ്റ്റ്'. 1921-ൽ ജോർജ് ലീ മല്ലോറിയെന്ന ബ്രിട്ടിഷുകാരന്റെ നേതൃത്വത്തിൽ ആദ്യമായി എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മല്ലോറി പർവതനിരകളിൽ അപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞാണ് മല്ലോറിയുടെ ശരീരാവശിഷ്ടം പോലും എവറസ്റ്റിൽ നിന്ന് കണ്ടെടുത്തത് തന്നെ. പിന്നീടും പലരും അതിനായി പ്രയത്നിച്ചെങ്കിലും ആരും തന്നെ ലക്ഷ്യത്തിലെത്തിയില്ല. ഏതാണ്ട് മുന്നൂറോളം പർവതാരോഹകർക്കാണ് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിൽ, അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്.

1953-ൽ ബ്രിട്ടീഷ് കരസേനയിലെ കേണൽ ജോൺ ഹണ്ടിന്റെ നേതൃത്വത്തിൽ ഒരു പര്യവേഷണ സംഘം ഇതിന് തയ്യാറായി. ഭീമമായ പണച്ചെലവ് ഒരു വെല്ലുവിളിയായിരുന്നു. ഈ സാഹസിക പര്യവേഷണത്തെ കുറിച്ചറിഞ്ഞ, ലണ്ടനിലെ 'ടൈംസ്’ ദിനപത്രം ചിലവിന്റെ നല്ലൊരു ഭാഗം വഹിക്കാമെന്നേറ്റു. പകരം, ഒരു ഉപാധി വെച്ചു. പർവതാരോഹണത്തിന്റെ അന്നന്നത്തെ വിവരം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം ടൈംസിനായിരിക്കണം. കൂടാതെ കേണൽ ഹണ്ടിന്റെ ലേഖനങ്ങളും സ്വന്തം റിപ്പോർട്ടുകളും എഴുതാനും കൃത്യമായി അയക്കാനുമായി ടൈംസിന്റെ ഒരു ലേഖകനേയും പര്യവേഷണ സംഘത്തിൽ ഉൾപ്പെടുത്തണം.

ടൈംസ് ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത് പത്രത്തിലെ 27 വയസുകാരനായ സബ് എഡിറ്റർ ജെയിംസ് മോറീസിനെയായിരുന്നു. മോറിസിന്റെ വിസ അപേക്ഷയിൽ തൊഴിൽ എന്ന കോളത്തിൽ 'ട്രാൻസ്പോർട്ട് ഓർഗനൈസർ' എന്നാണ് രേഖപ്പെടുത്തിയത്. അങ്ങനെ പരമാവധി രഹസ്യ സ്വഭാവത്തോടെ ടൈംസ് മുന്നോട്ട് പോയി. ഇത് വരെ ഒരു പർവതാരോഹണം പോലും നടത്താത്ത പത്രപ്രവർത്തകനായിരുന്നു മോറീസ് എന്നതായിരു രസകരമായ ഒരു കാര്യം. "അറിയപ്പെടാത്തവനായി മല കയറി; ലോകത്തിലെ ഏറ്റവും പ്രശസ്തനായ പത്രപ്രവർത്തകനായി ഇറങ്ങി." മോറിസ് 1997-ൽ ന്യൂയോർക്ക് ടൈംസിനോട് എവറസ്റ്റ് സ്ക്കൂപ്പിനെ പറ്റി പറഞ്ഞു.

ജെയിംസ് മോറീസ്
ജെയിംസ് മോറീസ്

ഡൽഹിയിലെ ടൈംസിന്റെ ലേഖകനായ ആർതർ ഹച്ചിൻസൺ തന്റെ ആസ്ഥാനം കാഠ്മണ്ഡുവിലേക്ക് മാറ്റി അവിടെ ക്യാംപ് ചെയ്തു. എവറസ്റ്റിൽ നിന്നുള്ള റിപ്പോർട്ടുകൾ ഓട്ടക്കാർ വഴി മോറീസ് കാഠ്മണ്ഡുവിലെത്തിക്കും. അവിടെ നിന്ന് ഹച്ചിൻസൺ ലണ്ടനിലെ ടൈംസ് പത്രമോഫീസിലേക്ക് കേബിൾ ചെയ്യും ഇതായിരുന്നു പദ്ധതി. എവറസ്റ്റിന്റെ ചുവട്ടിൽ നിന്ന് റിപ്പോർട്ടുമായി എറ്റവും വേഗതയിലുള്ള ഓട്ടക്കാരൻ കാഠ്മണ്ഡുവിലെത്താൻ കുറഞ്ഞത് ആറ് നാൾ എടുക്കും. ഒരു ഓട്ടത്തിന് കൂലി 30 പൗണ്ട്.1953 ൽ അത് 400 ഇന്ത്യൻ രൂപയോളം വരുമായിരുന്നു. 350 ചുമട്ടുതൊഴിലാളികൾ, 20 ഷെർപ്പകൾ, പത്ത് പർവതാരോഹകർ, ഒപ്പം സംഘത്തിനു വേണ്ട ടൺ കണക്കിന് സാധനങ്ങൾ. ഇതായിരുന്നു ഹണ്ടിന്റെ പർവതാരോഹണ സംവിധാനത്തിലെ വമ്പൻ ഒരുക്കങ്ങൾ.

പക്ഷെ, എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞാൽ ആ വാർത്ത ആറ് ദിവസം കഴിഞ്ഞ് ലണ്ടനിൽ എത്തിച്ചിട്ട് കാര്യമില്ലെന്ന കാര്യം ടൈംസ് ലേഖകർക്ക് പെട്ടെന്ന് തന്നെ മനസിലായി. ഡെയ്‌ലി മെയിൽ, ഡെയ്‌ലി ടെലഗ്രാഫ് എന്നീ പത്രങ്ങളുടെ ലേഖകന്മാർ ഇതിനകം കാഠ്മണ്ഡുവിലെത്തിക്കഴിഞ്ഞിരുന്നു.

എവറസ്റ്റിൽ നിന്ന് തെക്കു കിഴക്കുള്ള നാംഷെ ബസാറിൽ ഒരു പോലീസ് പോസ്റ്റും വയർലെസ് ട്രാൻസ്മിറ്ററും ഉള്ളത് ഇതിനകം റിപ്പോർട്ടറായ മോറീസ് കണ്ട് പിടിച്ചിരുന്നു. പക്ഷേ, അവിടെയും ഒരു ദുർഘടമുണ്ട്. അതിനേക്കാൾ ശക്തി കൂടിയ ട്രാൻസ്മിറ്റർ എതിരാളികളായ പത്ര ലേഖകരുടെ കയ്യിലുണ്ട്. പ്രധാനവാർത്ത എങ്ങാനും ചോർന്നാൽ അതോടെ എല്ലാം അവസാനിക്കും. ഇത്തരം കുഴപ്പങ്ങൾ മുൻകൂട്ടി കണ്ട ടൈംസ് മോറീസ് യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ അവയെ മറികടക്കാനുള്ള ഒരു ഒരു കോഡ് സംവിധാനം രൂപപ്പെടുത്തിയിരുന്നു. 'SNOW CONDITIONS BAD' എന്ന് പറഞ്ഞാൽ 'എവറസ്റ്റ് കീഴടക്കി' എന്നർഥം. 'ADVANCED BASE ABANDONED' എന്ന് വെച്ചാൽ എഡ്മണ്ട് ഹിലാരി, 'AWAITING IMPROVEMENT' എന്നാൽ ടെൻസിംഗ് നോർഗെ.

എഡ്മണ്ട് ഹിലാരി, ടെൻസിംഗ് നോർഗെ
എഡ്മണ്ട് ഹിലാരി, ടെൻസിംഗ് നോർഗെ

മെയ് 29 ന് മോറീസ് എവറസ്റ്റിലെ നാലാം ക്യാംപിലെത്തി. പർവ്വതാരോഹക സംഘത്തിലെ ഭൂരിപക്ഷം പേരും അവിടെയുണ്ടായിരുന്നു. ശുഭകരമായ, ഏറ്റവും പ്രധാന വാർത്തക്കായി കണ്ണുംനട്ട്, കാതോർത്ത് കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ മെയ് 31ന് പ്രതീക്ഷിച്ച വാർത്തയെത്തി. സമയം പാഴാക്കാതെ എവറസ്റ്റിലെ നാലാം ക്യാംപിൽ നിന്ന് താഴെക്ക് മോറീസ് ഓട്ടമാരംഭിച്ചു. ഇടയ്ക്കിടെ ഉരുണ്ടും, കാല് തെറ്റി വീണും കയറുകളിൽ ശരീരമുടക്കിയും താഴെ ബേസ് ക്യാംപിലെത്തി സന്ദേശം ഓട്ടക്കാരനെ ഏൽപ്പിച്ചു.

എറ്റവും വേഗമുള്ള ഓട്ടക്കാരൻ , കാഠ്മണ്ഡുവിലെക്ക് കുതിച്ചു. ഒപ്പം, നാംഷെ ബസാറിലെ റേഡിയോ ട്രാൻസ് മീറ്ററിൽ നിന്ന് കോഡ് സന്ദേശം ലണ്ടനിലെ ടൈംസ് പത്രമോഫീസിലേക്ക് പോയി. സന്ദേശം ഇതായിരുന്നു.

'SNOW CONDITIONS BAD STOP ADVANCED BASE ABANDONED MAY TWENTY - NINE STOP AWAITING IMPROVEMENT STOP'.

ലണ്ടൻ അപ്പോൾ രാജകീയ ആഘോഷങ്ങൾക്ക് ഒരുങ്ങുകയായിരുന്നു. പിറ്റേന്ന്, ജൂൺ 2 വെള്ളിയാഴ്ച ലണ്ടനിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമായിരുന്നു. ആഘോഷ പുലരിയിലേക്ക് ഉയർന്ന ബ്രിട്ടീഷ് ജനത തങ്ങളുടെ രാജ്യത്തിന്റെ പതാക ലോകത്തിന്റെ നെറുകയിൽ പാറിപ്പറന്ന ചരിത്രം രാവിലെ 'ടൈംസ്' പത്രത്തിലൂടെ വായിച്ചറിഞ്ഞു.

അപ്രതീക്ഷിതമായി ഇരട്ടി മധുരം നുകർന്ന അവസ്ഥയിലായിരുന്നു ബ്രിട്ടിഷുകാർ. പുതിയ രാജ്ഞിയുടെ സിംഹാസനാരോഹണ വേളയിൽ തന്നെ ഒരിക്കൽ കൂടി ബ്രിട്ടൻ ലോകം കീഴടക്കിയിരിക്കുന്നു! ആടിയും പാടിയും ആർത്തുല്ലസിച്ചും അവർ രണ്ടു സന്തോഷങ്ങളും ആവോളം ആഘോഷിച്ചു.

logo
The Fourth
www.thefourthnews.in