ചരിത്രവും ആർക്കിയോളജിയും പറയുന്ന ബാബരി മസ്ജിദിൻ്റെ കഥ

ചരിത്രവും ആർക്കിയോളജിയും പറയുന്ന ബാബരി മസ്ജിദിൻ്റെ കഥ

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട തർക്കത്തിൻ്റെ ചരിത്രമെന്താണ്? ഇത് എങ്ങനെയാണ് രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ചത്? ചരിത്ര വസ്തുതകളിലൂടെ അന്വേഷണം നടത്തുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ

ഇന്ത്യ വിഭജിക്കണമെന്ന് ആദ്യമായി ആവശ്യപ്പെടുന്ന ആളുടെ പേര് വിനായക് ദാമോദർ സവർക്കർ എന്നാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശം ഒഴിവാക്കി ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക എന്നതായിരുന്നു ആ 'ടു നേഷൻ പോളിസി'. ലീഗ് ആ ആവശ്യം ഏറ്റെടുക്കുന്നത് സവർക്കറുടെ പിന്തുണയിലാണ്.

1937-ൽ ഇന്ത്യൻ പ്രൊവിഷണൽ തിരഞ്ഞെടുപ്പുകൾ തൂത്തുവാരിയ കോൺഗ്രസ് 1939-ൽ മുഴുവൻ സീറ്റുകളും രാജിവെച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയും ഈ യുദ്ധത്തിൽ പങ്കാളിയാണെന്ന് ഇന്ത്യൻ ജനതയോട് ആലോചിക്കാതെ ബ്രിട്ടൺ പ്രഖ്യാപിച്ചതിനോടുള്ള പ്രതികരണമായിരുന്നു അത്. തുടർന്ന് ഹിന്ദുമഹാസഭയും മുസ്ലീം ലീഗും സംയുക്തമായി പലയിടങ്ങളിലും സർക്കാരുണ്ടാക്കി. വടക്കുപടിഞ്ഞാറൻ മേഖല, ബംഗാൾ, സിന്ധ് എന്നിവിടങ്ങൾ ഉദാഹരണം. സിന്ധിൽ സർക്കാരിനെ നയിച്ചത് മുസ്ലീം ലീഗിന്റെ ഗുലാം ഹുസൈൻ ഹിദായുത്തുള്ളയാണ്. പിന്തുണച്ചത് ഹിന്ദുമഹാസഭ. അതൊരു രാഷ്ട്രീയ വിജയ മുഹൂർത്തമാണെന്ന് സവർക്കർ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ബാബരി മസ്ജിദ് പഴയ ചിത്രം
ബാബരി മസ്ജിദ് പഴയ ചിത്രം
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുമാദ്യത്തെ ഭീകരവാദ ആക്രമണത്തിലൂടെ ഗാന്ധിജിയെ ഹിന്ദുത്വ ഇല്ലാതാക്കി. തുടർന്നുണ്ടായ തിരിച്ചടികളിൽ ഒതുങ്ങിപ്പോയ അവർ മൂന്ന് പതിറ്റാണ്ടുകൊണ്ട് സമാഹരിച്ച ഊർജവും തന്ത്രവുമായി 1980-ൽ സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിച്ച ശേഷം നടത്തിയ ആദ്യ ശ്രമം ആ അജണ്ട പൂർത്തിയാക്കാനാണ്

1943-ൽ, സിന്ധ് സർക്കാരാണ്, പ്രത്യേക രാജ്യമാവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അതാദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഔദ്യോഗികമായി വിഭജനം ആവശ്യപ്പെട്ടത്. സഖ്യകക്ഷിയായ ഹിന്ദുമഹാസഭ മുസ്ലീം രാജ്യം എന്ന പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിലും രണ്ട് രാജ്യം എന്ന ആശയത്തോട് യോജിപ്പായതിനാൽ ലീഗ് ഗവൺമെന്റിനുള്ള പിന്തുണ പോലും പിൻവലിച്ചില്ല.

അഥവാ ഈ രാജ്യം വിഭജിക്കുന്ന കാലം മുതലിങ്ങോട്ട് ഹിന്ദുത്വയ്ക്ക് ഒരു അജണ്ടയേ ഉള്ളൂ- ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക. അതിനെ എതിർക്കുന്നവർക്ക് രണ്ടാം രാജ്യത്തിലേക്ക് പോകാം. ഇന്ത്യൻ ഭരണഘടനയും മഹാത്മാഗാന്ധിയുമായിരുന്നു അവരുടെ തടസങ്ങൾ. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുമാദ്യത്തെ ഭീകരവാദ ആക്രമണത്തിലൂടെ ഗാന്ധിജിയെ ഹിന്ദുത്വ ഇല്ലാതാക്കി. തുടർന്നുണ്ടായ തിരിച്ചടികളിൽ ഒതുങ്ങിപ്പോയ അവർ മൂന്ന് പതിറ്റാണ്ടുകൊണ്ട് സമാഹരിച്ച ഊർജവും തന്ത്രവുമായി 1980-ൽ സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിച്ച ശേഷം നടത്തിയ ആദ്യ ശ്രമം ആ അജണ്ട പൂർത്തിയാക്കാനാണ്. ബ്രാഹ്മണിക്കൽ ഹൈന്ദവതയുടെ ദൈവശാസ്ത്രം ഭരിക്കുന്ന ഹിന്ദു രാജ്യം എന്ന അജണ്ട. ഇന്നിപ്പോൾ അതിലേക്കുള്ള ദൂരം മുക്കാലും അവർ പിന്നിട്ട് കഴിഞ്ഞു.

വിനായക് ദാമോദർ സവർക്കർ
വിനായക് ദാമോദർ സവർക്കർ
അയോധ്യയിൽ ആധുനിക ചരിത്രത്തിലെ ആദ്യത്തെ തർക്കം രേഖപ്പെടുത്തിയിട്ടുള്ളത് 1855-ലാണ്. അയോധ്യയിലെ ഹനുമാൻ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണത്, ബാബരി പള്ളി സംബന്ധിച്ചല്ല

ബിജെപി രൂപവത്കരണത്തിനുശേഷം ഹിന്ദുത്വ അവരുടെ ആദ്യ കരുനീക്കി. അതായിരുന്നു രാമജന്മഭൂമി കലാപം.

ബാബരി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറിനുശേഷം നടന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരസിംഹറാവു സങ്കടപ്പെട്ടത് 'എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?' എന്നായിരുന്നു. ബാബരി മസ്ജിദിനോടൊപ്പം മതേതര ഇന്ത്യയും തകർക്കപ്പെട്ടുവെന്ന് അന്ന് എല്ലാവർക്കും ബോധ്യമുണ്ടായില്ല. പാർലമെന്റിൽ ഇടതുപക്ഷമായിരുന്നു അന്നത്തെ ബഹളത്തിന്റെ ചാലകശക്തി. സോമനാഥ് ചാറ്റർജി, ഇന്ദ്രജിത് ഗുപ്ത എന്നീ അഗ്രഗണ്യർ തൊടുത്തുവിട്ട കൂരമ്പുപോലുള്ള വിമർശനത്തിനും അടൽ ബിഹാരി വാജ്പേയി എന്ന പരാജയപ്പെട്ട കവിയുടെ വൈകാരിക ക്ഷോഭത്തിനും ശേഷമായിരുന്നു സാക്ഷാൽ പി വി നരസിംഹറാവുവിന്റെ പ്രകടനം. വിവിധ ഭാഷകളിൽ സംസാരിക്കാനും എഴുതാനും അറിഞ്ഞിരുന്ന, തെക്കനമേരിക്കൻ സാഹിത്യം മുതൽ ഒ വി വിജയന്റെ കൃതികൾ വരെ വായിച്ചിരുന്ന, നരസിംഹറാവു അടങ്ങുന്ന പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ഒരു കാലത്തും ബുദ്ധിക്കും നാടകീയതയ്ക്കും കുറവില്ലായിരുന്നു. നരസിംഹറാവു തന്റെ മന്ത്രിസഭയിൽ സർവതിനും പരിഹാരമായി കണ്ടത് ധനമന്ത്രി മൻമോഹൻസിങ്ങിനെയായിരുന്നു. ബാബരിയുടെ ചോരക്കറ മൻമോഹൻസിങ്ങിന്റെ ഉദാരീകരണത്തിൽ കഴുകിക്കളയാമെന്നായിരുന്നു മോഹം. അവസാനം മറ്റൊരു മൻമോഹൻസിങ്ങിനെ ബാബരി മസ്ജിദിന്റെ പാപഭാരം ഏൽപ്പിച്ചു, ജസ്റ്റിസ് മൻമോഹൻസിങ്ങ് ലിബർ ഹാൻ. തുടർന്ന് പതിനേഴ് വർഷം അതിനുമേൽ കോൺഗ്രസും ഇന്ത്യൻ മതേതരത്വവും അടയിരുന്നു. ഹിന്ദുത്വയ്ക്ക് വളരാൻ ആ സമയം ധാരാളമായിരുന്നു.

ജസ്റ്റിസ് ലിബർഹാനിലേക്കും അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്കും മടങ്ങിവരാം. പക്ഷേ എന്തായിരുന്നു അയോധ്യ തർക്കം?

ജസ്റ്റിസ് മൻമോഹൻസിങ്ങ് ലിബർഹാൻ
ജസ്റ്റിസ് മൻമോഹൻസിങ്ങ് ലിബർഹാൻ

അയോധ്യ തർക്കം

1528-ൽ മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്ത് മീർ ബാഖി പണികഴിപ്പിച്ച ഈ പള്ളി സംബന്ധിച്ച് 16,17,18 നൂറ്റാണ്ടുകളിൽ ഒരു തർക്കവും നിലനിന്നിരുന്നതായി രേഖകളില്ല. അയോധ്യയിൽ ആധുനിക ചരിത്രത്തിലെ ആദ്യത്തെ തർക്കം രേഖപ്പെടുത്തിയിട്ടുള്ളത് 1855-ലാണ്. അയോധ്യയിലെ ഹനുമാൻ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണത്, ബാബരി പള്ളി സംബന്ധിച്ചല്ല. ഹനുമാൻ ഗഡ് ക്ഷേത്രം പഴയൊരു പള്ളി പൊളിച്ചാണ് പണിതത് എന്നാരോപിച്ച് പ്രദേശിക സുന്നി മുസ്ലീങ്ങൾ പ്രതിഷേധമാരംഭിച്ചു. വൈഷ്ണവ വൈരാഗി സമൂഹത്തിന്റെ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം. തർക്കത്തിൽ ഇടപെട്ട നവാബ് വാജിദ് അലി ഷാ ക്ഷേത്രത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. അക്കാര്യം നമ്മളിന്ന് പ്രത്യേകം ഓർമിക്കേണ്ടതാണ്. അയോധ്യയിലുണ്ടായിരുന്ന പള്ളി പൊളിച്ചാണ് ഹനുമാൻ ഗഡ് ക്ഷേത്രം പണിതതെന്ന പ്രദേശിക മുസ്ലീങ്ങളുടെ വാദത്തെ അന്നത്തെ മുസ്ലീം ഭരണാധികാരിയാണ് പരിപൂർണമായി തള്ളിക്കളഞ്ഞ് പ്രശ്‌നമവസാനിപ്പിക്കുന്നത്. ഒന്നര നൂറ്റാണ്ടിനിപ്പുറം മതേതര, ജനാധിപത്യ വ്യവസ്ഥയിലാണ് ഇന്ത്യൻ ഭരണകൂടം, പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിത് അത് നൂറ്റാണ്ടിലെ മഹാ ആഘോഷമാക്കുന്നത്.

രണ്ട് വർഷത്തിനുശേഷം ഹനുമാൻഗഡിലെ മഹന്തും (മുഖ്യപുരോഹിതൻ) വൈഷ്ണവ വൈരാഗികളും ബാബരി പള്ളിയുടെ തെക്ക് കിഴക്കൻ ഭാഗം ബലമായി കയ്യേറി അവിടെ ഒരു തറ (ചബൂത്ര) കെട്ടിയുണ്ടാക്കി. ആ സ്ഥലമാണ് അയോധ്യയിൽ രാമൻ ജനിച്ച സ്ഥലമെന്ന് അവർ അവകാശപ്പെട്ടു. അത്തരമൊരു കഥ അവിടെ ഉണ്ടായിരുന്നു താനും. ബാബരിമസ്ജിദിലെ മുസലിയാർ മൗലവി മുഹമ്മദ് അസ്ഗർ ബലമായുള്ള ഈ കയ്യേറ്റം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. ഈ തർക്കത്തിനൊടുവിൽ 1859-ൽ ബ്രിട്ടീഷ് സർക്കാർ (ചബൂത്രയ്ക്കും പള്ളിക്കുമിടയിൽ) ഒരു മതിൽ പണിത് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആരാധനാ ഇടങ്ങൾ തമ്മിൽ തിരിച്ചു. ഹിന്ദുക്കൾ കിഴക്കുവശത്തെ ഗേറ്റ് വഴിയും മുസ്ലീങ്ങൾ വടക്കുവശം വഴിയും അകത്തേക്ക് പ്രവേശിക്കാൻ ആരംഭിച്ചു. ബലമായുള്ള ഈ കടന്നുകയറ്റത്തിനെതിരെ മുസ്ലീങ്ങൾ 1860, 1877, 1883, 1884 വർഷങ്ങളിൽ ഹർജികൾ നൽകിയെങ്കിലും അതെല്ലാം നിരാകരിക്കപ്പെട്ടു.

1885-ലാണ് ബാബരി മസ്ജിദ് പ്രശ്‌നത്തിൽ ഹിന്ദു മതവിഭാഗത്തിന്റെ ഭാഗത്തുനിന്ന് ആദ്യമായി നിയമം വഴിയുള്ള നീക്കമുണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ഇ പിഡബ്ല്യു ലേഖനത്തിൽ (2010 ഡിസംബർ 11) ജയമേനോനും സുപ്രിയ വർമയും എഴുതുന്നു: ''അവസാനം 1885-ൽ ചബൂത്രയ്ക്ക് മേൽ ഒരു ക്ഷേത്രം പണിയാൻ അനുവദിക്കണമെന്നും ആ ഭാഗത്തുള്ള ഭൂമിക്ക് നിയമപരമായ അവകാശം നൽകണം എന്നും ആശ്യപ്പെട്ട് മഹന്ത് രഘുബീർ ദാസ് കോടതിയെ സമീപിച്ചു. ഈ കേസ് വളരെ നിർണായകമാണ്. അയോധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനമെന്നവകാശപ്പെടുന്ന ഇടത്തെ മുഖ്യപുരോഹിതനായിരുന്ന മഹന്ത് രഘുബീർ ദാസ് ജന്മസ്ഥാനിലാണ് ഈ ചബൂത്ര നിലനിൽക്കുന്നുവെന്ന് കോടതിയിൽ വാദിച്ചുവെങ്കിലും പള്ളി നിലനിന്നിരുന്ന സ്ഥലം പണ്ട് ക്ഷേത്രമായിരുന്നുവെന്ന വാദം ഒരിക്കലും ഉന്നയിച്ചിട്ടില്ല. എന്തായാലും ആ പരാതിയും അതിന് മേലുള്ള ഹർജികളും 1886-ൽ തള്ളി.''

ചരിത്രവും ആർക്കിയോളജിയും പറയുന്ന ബാബരി മസ്ജിദിൻ്റെ കഥ
കോണ്‍ഗ്രസിന് തള്ളാനും കൊള്ളാനുമാകാത്ത രാമക്ഷേത്രം; 1949 മുതല്‍ 2024 വരെ
1949 ഡിസംബർ 29-ന് ജില്ലാ മജിസട്രേറ്റ് കെ കെ നായർ ബാബരി മസ്ജിദിനെ തർക്ക ഭൂമിയായി പ്രഖ്യാപിച്ചു. പള്ളിയുടെ മുഖ്യകവാടം താഴിട്ടുപൂട്ടി മുസ്ലീങ്ങളെ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്നത് ഉത്തരവ് മൂലം വിലക്കി. അതേസമയം ഒരു വശത്ത് തുറന്ന വാതിൽ വഴി ഹിന്ദുക്കൾക്ക് ദർശനം നടത്താനുള്ള അനുമതിയും നൽകി

മുഗൾ അധിനിവേശത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ചുള്ള കഥകളും ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെക്കുറിച്ചുള്ള ചരിത്രങ്ങളും ചർച്ച ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. അതിന്റെ ഭാഗമായി അയോധ്യയിലെ മൂന്ന് ക്ഷേത്രങ്ങളെങ്കിലും മുഗൾ ഭരണകൂടം നശിപ്പിച്ചിട്ടുണ്ടെന്ന സൂചനകൾ  പല പ്രസിദ്ധീകരണങ്ങളിലും ഗസറ്റുകളിലും പ്രത്യക്ഷപ്പെട്ടു. തുടർന്ന് പള്ളിക്ക് മുന്നിൽ 'നമ്പർ ഒന്ന്, രാമജന്മഭൂമി' എന്ന് കല്ലിൽ കൊത്തിവയ്ക്കുകയുമുണ്ടായി. എങ്കിലും ഇത് സംബന്ധിച്ചുള്ള സംഘർഷങ്ങളോ നിയമ യുദ്ധങ്ങളോ ഉണ്ടായില്ല. ആർ എസ് എസ് രൂപവത്‌രണത്തിന് ശേഷമുള്ള ഹിന്ദു-മുസ്ലീം ലഹളയിലാണ് പിന്നീട് ബാബരിപള്ളിയിൽ പ്രശ്‌നമുണ്ടാകുന്നത്. 1934-ലെ കലാപത്തിന്റെ ഭാഗമായി പള്ളിയുടെ മിനാരത്തിനും പള്ളിക്ക് തന്നെയും തകരാറുകൾ പറ്റിയെങ്കിലും ബ്രിട്ടീഷ് സർക്കാർ തന്നെ അത് പുതുക്കിപ്പണിതു. അതിനിടെ മുസ്ലീങ്ങൾക്കിടയിൽ തന്നെ ബാബരിപ്പള്ളിയുടെ അവകാശത്തിനായി സമരം നടന്നു. ഷിയാ-സുന്നി വിഭാഗങ്ങൾ തമ്മിലുണ്ടായ ഏതാണ്ടൊരു പതിറ്റാണ്ട് നീണ്ട നിയമതർക്കത്തിനൊടുവിൽ സുന്നി വിഭാഗത്തിന്റെ കൈയ്യിലായി പള്ളിയുടെ ഭരണം.

1948 ജനുവരി മുപ്പതിന് ഹിന്ദുത്വ ശക്തികൾ മഹാത്മാഗാന്ധിയെ വധിച്ചു. ഹിന്ദുമഹാസഭ നേതാവ് ദാമോദർ സവർക്കർ അടക്കമുള്ളവർ ജയിലിലായി. വിട്ടയച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് വീണ്ടും സവർക്കർ മാപ്പപേക്ഷ നൽകി. ഹിന്ദുമഹാസഭയും ആർ.എസ്.എസും അടക്കമുള്ള സംഘടനകൾ നിരോധിക്കപ്പെട്ടു. അവരുടെ രാഷ്ട്രീയം അപ്രസക്തമായി. ജനങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തെ വെറുത്തു. അക്കാലത്തിനൊടുവിൽ 1949 ഡിസംബർ മധ്യത്തിൽ അഖില ഭാരതീയ രാമായണ മഹാസഭയുടെ നേതൃത്വത്തിൽ ബാബരിപള്ളിയുടെ കിഴക്കുവശത്ത് ചബൂത്രയ്ക്ക് മുന്നിൽ തുളസീദാസിന്റെ രാമചരിതമാനസത്തിന്റെ ഒമ്പത് ദിവസം നീണ്ട പാരായണം ആരംഭിച്ചു. ഗൊരഖ്‌നാഥ് മഠാധിപതിയായ മഹന്ത് ദ്വിഗ്‌ വിജയ്‌നാഥായിരുന്നു ഇതിന്റെ നേതാവ്. ഇതിന്റെ അവസാന ദിവസം, 22ന്, രാത്രി ദ്വിഗ്‌വിജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അക്രമികൾ പള്ളി കുത്തി തുറന്ന് ശിശുരൂപത്തിലുള്ള രാമന്റെയും സീതയുടെയും പ്രതിമകൾ അകത്ത് കൊണ്ടുവച്ചു. പിറ്റേദിവസം മുതൽ ഇവരുടെ അനുയായികൾ ഭക്തരാണെന്ന മട്ടിൽ, പള്ളിക്കകത്ത് സ്വയം ഭൂവായ വിഗ്രഹമുണ്ടായെന്ന് അവകാശപ്പെട്ട് സംഘർഷമാരംഭിച്ചു. ഇതേക്കുറിച്ച് അന്നത്തെ യു പി (യുണൈറ്റഡ് പ്രൊവിൻസ്) തലവനായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ അറിയിച്ചു. ആ കുട്ടി രാമ, സീത പ്രതിമകൾ പള്ളിയിൽനിന്നെടുത്ത് സരയൂവിൽ ഒഴുക്കാനായിരുന്നു നെഹ്‌റു നിർദേശം നൽകിയതെന്നാണ് ശ്രുതി. സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി ഗോവിന്ദ വല്ലഭിന് നെഹ്റു കത്തയച്ചതോടെയാണ് ഈ സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. എന്നാൽ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ നായരുടെ നിർദേശം ചെവിക്കൊള്ളുകയാണ് ഗോവിന്ദ് വല്ലഭ് പന്ത് എന്ന കോൺഗ്രസ് നേതാവ് ചെയ്തത്.

കെ കെ നായർ
കെ കെ നായർ

1949 ഡിസംബർ 29-ന് ജില്ലാ മജിസ്ട്രേറ്റ് കെ കെ നായർ ബാബരി മസ്ജിദിനെ തർക്ക ഭൂമിയായി പ്രഖ്യാപിച്ചു. പള്ളിയുടെ മുഖ്യകവാടം താഴിട്ടുപൂട്ടി മുസ്ലീങ്ങളെ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്നത് ഉത്തരവ് മൂലം വിലക്കി. അതേസമയം ഒരു വശത്ത് തുറന്ന വാതിൽ വഴി ഹിന്ദുക്കൾക്ക് ദർശനം നടത്താനുള്ള അനുമതിയും നൽകി. നാല് പുരോഹിതന്മാരെ നിയമിക്കുകയും അവർക്ക് പള്ളിക്കകത്തുള്ള വിഗ്രഹങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്തു. ഇത്തരത്തിൽ ദ്വിഗ്‌വിജയ് നാഥും ഒരു സംഘം ഹിന്ദുത്വ ക്രിമിനലുകളും നടത്തിയ ഗൂഢാലോചനയെ കെ കെ നായർ എന്ന ആലപ്പുഴക്കാരൻ സഹായിക്കുകയായിരുന്നുവെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ കെ കെ നായർ ഈ പദ്ധതി ആസൂത്രണം ചെയ്ത സംഘത്തിലൊരാളായിരുന്നുവെന്ന വെളിപ്പെടുത്തൽ 1992-ൽ ആനന്ദ് പട്‌വർദ്ധൻ നിർമിച്ച 'രാം കേ നാം' എന്ന ഡോക്യുമെന്ററിയിലുണ്ട്. പള്ളിയിൽ ശിശു രാമ, സീത പ്രതിമകൾ കൊണ്ടുവച്ച സംഘത്തിലെ ഒരാളായിരുന്ന മഹന്ത് രാംസേവത് ശാസ്ത്രിയാണ് ഇതിനായുള്ള ഗൂഢാലോചനയിൽ കെ കെ നായർ പങ്കാളിയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. പിന്നീട് ജനസംഘത്തിന്റെ എം പിയും നേതാവുമായി കെ കെ നായർ മാറി.

1992-ൽ ബാബരിപ്പള്ളി പൊളിച്ച കർസേവകരിൽ ഒരാളായി രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും ഇപ്പോൾ യു പി മുഖ്യമന്ത്രിയായിരിക്കുകയും ചെയ്യുന്ന ആദിത്യനാഥ് എന്ന അജയ് ബിഷ്ടിന്റെ ഗുരു അവൈദനാഥിന്റെ ഗുരുവാണ് ദ്വിഗ്‌വിജയ് നാഥ് എന്ന് കൂടി പറയുമ്പോഴാണ് ഈ ചക്രം പൂർത്തിയാവുക.1935 മുതൽ 1969 വരെ ഗൊരഖ് നാഥ് മഠാധിപതിയായിരുന്ന ദ്വിഗ്‌വിജയ് നാഥ് കടുത്ത ഗാന്ധി വിമർശകനും സവർക്കറുടെ ശിഷ്യനുമായിരുന്നു. മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പായിരുന്നു ദ്വിഗ്‌വിജയ്‌നാഥിന്റെ പ്രധാര രാഷ്ട്രീയം. മുസ്ലീങ്ങൾ ഇന്ത്യയോട് യഥാർത്ഥത്തിൽ കൂറുപ്രഖ്യാപിക്കുന്നത് വരെ, ചുരുങ്ങിയത് അഞ്ചാറ് വർഷത്തേയ്ക്ക്, അവർക്ക് വോട്ടവകാശം നിഷേധിക്കണമെന്നായിരുന്നു സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളിൽ അയാളുടെ പ്രധാന പ്രചാരണം. 1948 ജനുവരി 27ന് ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ഗാന്ധിയെ കൊല്ലണമെന്ന് ദ്വിഗ്‌വിജയ്‌നാഥ് ആഹ്വാനം ചെയ്തു. മൂന്ന് ദിവസത്തിനുശേഷം ഗാന്ധിജി കൊല്ലപ്പെട്ടതിനെത്തുടർന്ന് അയാൾ അറസ്റ്റിലായി. ഒൻപത് മാസത്തെ ജയിൽ ശിക്ഷയ്ക്കുശേഷം പുറത്തിറങ്ങുമ്പോൾ ഹിന്ദുമഹാസഭ നിരോധിക്കപ്പെട്ടിരുന്നു. ഗുരുവായ സവർക്കറാകട്ടെ കേസ് നേരിടുകയും ചെയ്യുന്നു. ആ തകർച്ചയിൽനിന്ന് ഹിന്ദുത്വത്തെ പുനരുജ്ജീവിപ്പാക്കാനുള്ള ശ്രമം കൂടിയായിരുന്നു ബാബരി പള്ളിയിൽ ബാല രാമ പ്രതിമ സ്ഥാപിക്കുന്ന ഗൂഢാലോചന.

രാജീവ് ഗാന്ധി
രാജീവ് ഗാന്ധി

1949-ൽ ബാബ്‌രി മസ്ജിദ് തർക്കഭൂമിയായി പ്രഖ്യാപിച്ച ശേഷമുണ്ടായ കേസുകൾ ഇവയാണ്.

1950-ലാണ് ഈ വിഷയം ഔദ്യോഗികമായി കോടതിയിലെത്തുന്നത്. പള്ളി പ്രാർത്ഥനയ്ക്കായി തുറന്നുതരണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് കോടതിയിൽ ഹാഷിം അൻസാരി ഹർജി സമർപ്പിച്ചതിന് ബദലായി ഹിന്ദുമഹാസഭ അംഗമായ ഗോപാൽ സിങ്ങ് വിശാരദ് 1950 ജനുവരി 16ന് ഒരു സിവിൽ ഹർജി ഫയൽ ചെയ്തു. അതാണ് പിന്നീട് സ്യൂട്ട് നമ്പർ ഒന്ന് എന്ന് അറിയപ്പെട്ടത്. വിശാരദിനൊപ്പം പരമഹംസ് രാമചന്ദ്രദാസ് എന്ന സന്യാസി ഫയൽ ചെയ്തതായിരുന്നു സ്യൂട്ട് നമ്പർ രണ്ട്. പക്ഷേ അത് വൈകാതെ പിൻവലിച്ചു. പള്ളി യഥാർത്ഥത്തിൽ ക്ഷേത്രമാണെന്നും അത് പൂർണമായും കൈമാറണമെന്നും അവകാശപ്പെട്ട് 1959-ൽ നിർമോഹി അഖാഡ ഫയൽ ചെയ്ത കേസാണ് സ്യൂട്ട് നമ്പർ മൂന്ന്. 1961 ഡിസംബർ 18ന് ബാബരി മസ്ജിദ് സ്വതന്ത്രമായി തങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട സുന്നി കേന്ദ്ര വഖഫ് ബോർഡ് ഫയൽ ചെയ്ത കേസ് സ്യൂട്ട് നമ്പർ നാല് എന്ന് പിന്നീട് അറിയപ്പെട്ടു. ഇടയ്ക്കുവച്ച് പൂജാരിക്കൊഴികെ മറ്റെല്ലാവർക്കും ക്ഷേത്ര പ്രവേശനം വിലക്കി താത്കാലിക ഉത്തരവുണ്ടായി.

ഇതിനിടെ സംഘപരിവാർ തങ്ങളുടെ രാഷ്ട്രീയം പതുക്കെ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. 1964-ൽ ഗോൾവാൾക്കറുടെയും എസ് എസ് ആപ്‌തേയുടെയും നേതൃത്വത്തിൽ ആരംഭിച്ച വിശ്വഹിന്ദു പരിഷദിനെ സംഘപരിവാർ ബാബരിപള്ളിക്കെതിരായ നീക്കങ്ങളുടെ ചുമതലയേൽപ്പിച്ചു. ആദ്യം വിദ്യാർത്ഥി സംഘടനയും പിന്നീട് തൊഴിലാളി സംഘടനയും രൂപവത്‌രിച്ച ആർ എസ് എസ് മറ്റ് പല രാഷ്ട്രീയ സഖ്യങ്ങളിൽനിന്ന് വിട്ടുവന്നവരെ യോജിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയസംഘടനകൾ ആരംഭിച്ചത്. ഭാരതീയ ജനസംഘമായും ജനതാപാർട്ടിയായും പല രൂപത്തിൽ അവർ ശ്രമിച്ചു. പക്ഷേ, സംഘപരിവാറുമായി ബന്ധമുള്ളവരുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ നിലപാട് എടുത്തതോടെയാണ് അടിയന്തിരാവസ്ഥയ്ക്കുശേഷം, ആർ എസ് എസ് സ്വന്തം രാഷ്ട്രീയ കക്ഷിയെന്ന നിലപാടിലേയ്ക്ക് എത്തിയത്. 1980-ൽ അങ്ങനെ ബി ജെ പി ഉണ്ടായി. എഴുപതുകളിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കലക്കത്തിൽ പെട്ട ഏതാനും ആളുകൾ കൂടി ഭാഗവാക്കായിരുന്നുവെങ്കിലും ആത്യന്തികമായി ആർ എസ് എസിന്റെ സംഘപരിവാര കുടക്കീഴിലുള്ള പൊളിറ്റിക്കൽ എൻറ്റിറ്റിയായിരുന്നു ബി ജെ പി.

എൽ കെ അദ്വാനിയുടെ രഥയാത്ര
എൽ കെ അദ്വാനിയുടെ രഥയാത്ര
1986-ൽ ഫൈസാബാദ് ജില്ലാ കോടതിയാണ് ബാബരിപള്ളി പരിസരം പൂജയ്ക്ക് തുറന്നുകൊടുക്കാമെന്ന് പ്രഖ്യാപിച്ചതെങ്കിലും അത് യു പി സർക്കാർ വഴി രാജീവ് ഗാന്ധി സർക്കാർ ചെയ്യിച്ചതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രാമചന്ദ്രഗുഹയടക്കുമുള്ളവർ ചൂണ്ടിക്കാണിക്കുന്നത് പ്രദേശിക ഭരണകൂടത്തിനും എന്തിന് ദൂരദർശന് വരെ ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്നാണ്. വിധി വന്ന് ഒരു മണിക്കൂറിനുള്ളിൽ പള്ളിയുടെ ഗേറ്റ് ഹൈന്ദവാരാധനയ്ക്കായി തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ദൂർദർശൻ ഹാജരുണ്ടായിരുന്നു

തുടർന്ന് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ വിവിധ സന്യാസി സമൂഹങ്ങളുടെ യോഗങ്ങൾ വിളിച്ച് രാം-ജാനകി യാത്ര എന്ന പേരിൽ രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭം ആരംഭിക്കാനുള്ള നടപടികളിലേക്ക് ബി ജെ പി നീങ്ങി. 1984 ഏപ്രിൽ ഏഴ്, എട്ട് തീയതികളിൽ ഡൽഹിയിൽ നടന്ന യോഗത്തിൽ വിശ്വഹിന്ദുപരിഷദ് അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യത്തെ ലക്ഷ്യം ബാബരി പള്ളിയാണെന്നുള്ള ഭീഷണിയും അവർ മുഴക്കി. 1984 ഒക്‌ടോബർ 31-ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന രാജീവ് ഗാന്ധി 1986-ൽ പള്ളിയുടെ പൂട്ടുതുറന്ന് ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ചു.

1986-ൽ ഫൈസാബാദ് ജില്ലാ കോടതിയാണ് ബാബരിപള്ളി പരിസരം പൂജയ്ക്ക് തുറന്നുകൊടുക്കാമെന്ന് പ്രഖ്യാപിച്ചതെങ്കിലും അത് യു പി സർക്കാർ വഴി രാജീവ് ഗാന്ധി സർക്കാർ ചെയ്യിച്ചതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രാമചന്ദ്രഗുഹയടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത് പ്രദേശിക ഭരണകൂടത്തിനും എന്തിന് ദൂരദർശന് വരെ ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്നാണ്. വിധി വന്ന് ഒരു മണിക്കൂറിനുള്ളിൽ പള്ളിയുടെ ഗേറ്റ് ഹൈന്ദവാരാധാനയ്ക്കായി തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ദൂർദർശൻ ഹാജരുണ്ടായിരുന്നു. അഴിമതിക്കേസുകളിൽ കറപുരണ്ടിരുന്ന കേന്ദ്ര സർക്കാരിന്റെ ശ്രദ്ധമാറ്റൽ ശ്രമങ്ങളായും ഇവ വ്യഖ്യാനിക്കപ്പെടുന്നുണ്ട്. ഇക്കാലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി എൻ ഡി തിവാരിക്ക് പകരം രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ വീർബഹാദൂർസിങ്ങിനെ വച്ചത് തന്നെ ബാബരിപള്ളിക്കേസിനെ അട്ടിമറിക്കാനാണെന്ന വാദമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടനെ വീർബഹാദൂർ സിങ്ങ് വഖഫ് ബോർഡ് അധ്യക്ഷൻ ഫർഹാദ് അലിയെ ക്ഷണിച്ച് വരുത്തി യു എസ് അംബാസിഡർ പദവി വാഗ്ദാനം ചെയ്തത് ഇന്ന് ഒരു രഹസ്യമല്ല. വഖ്ഫ് ബോർഡ് ബാബരി പള്ളിയുടെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുനൽകണം എന്നതായിരുന്നു വ്യവസ്ഥ. ഒരു വശത്ത് ഷബാനു കേസ് വിധിയെ അട്ടിമറിക്കാൻ നിയമനിർമാണം നടത്തിയും മറുവശത്ത് വി എച്ച് പിക്ക് ബാബരിപള്ളിയുടെ മണ്ണിൽ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ അനുവദിച്ചും രാജീവ് ഗാന്ധി ഈ വർഷങ്ങളിൽ മതപ്രീണനത്തിലൂന്നി ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ അട്ടിമറി നടത്തി. രാമജന്മഭൂമിക്കുവേണ്ടിയുള്ള വിശ്വഹിന്ദുപരിഷദിന്റെ നേതൃത്വത്തിലുള്ള ഈ കൊലവിളിക്കാലത്തിന് കൂടുതൽ കരുത്തുനൽകിയതായിരുന്നു ദൂരദർശനിലെ രാമായണ മഹാരാഭാരത പരമ്പരകൾ. അതിനും രാജീവ് ഗാന്ധിക്കാണ് ഇവർ നന്ദി പറയുക.

എൽ കെ അദ്വാനിയുടെ രഥയാത്ര
എൽ കെ അദ്വാനിയുടെ രഥയാത്ര
1986-ൽ ബി ജെ പി അധ്യക്ഷസ്ഥാനത്തേയ്ക്ക് എൽ കെ അദ്വാനിയെത്തിയത് രാമജന്മഭൂമി കലാപത്തിന് പുതിയ ദിശാബോധം നൽകി. 1990 സെപ്തംബർ 25ന് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ സോമനാഥിൽനിന്ന് അയോധ്യയിലേയ്ക്ക് രഥയാത്ര ആരംഭിച്ചതും സമസ്തിപൂരിൽ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതും ചരിത്രം. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്നതാണ്. 1992-ൽ ബാബരി പള്ളി ഹിന്ദുത്വ തീവ്രവാദികൾ തകർത്തു. ഇന്ത്യൻ ഭരണകൂടം നോക്കുകുത്തിയായി നിന്നു. തുടർന്ന് രാജ്യത്തുടനീളം ചോരപ്പുഴയൊഴുകി


1987-ൽ അയോധ്യയുൾപ്പെടുന്ന ഫൈസാബാദിലെ ജില്ലാകോടതിയിൽനിന്ന് ഈ കേസുകളെല്ലാം അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ പരിധിയിലേക്ക് മാറ്റി. 1989-ൽ വിശ്വഹിന്ദു പരിഷദിന്റെ ഉപാധ്യക്ഷനും അലഹബാദ് ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുമായ ദേവകിനന്ദൻ അഗർവാൾ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠയായി അവർ കരുതുന്ന 'കുട്ടി രാമന്' വേണ്ടി മറ്റൊരു കേസ് ഫയൽ ചെയ്തു (സ്യൂട്ട് നമ്പർ അഞ്ച്). 'രാമ ലല്ലാ വിരാജ്മാൻ' അഥവാ ശിശുപ്രായത്തിലുള്ള രാമനുവേണ്ടി പ്രിയ സുഹൃത്ത് എന്ന നിലയിൽ ദേവകിനന്ദനാണ് വാദിയായി ഹാജരായത്.  ദേവകി നന്ദന്റെ മരണശേഷം ടി പി വർമ്മ, തുടർന്ന് ആർ എസ് എസ് പ്രചാരൻ ത്രിലോക് നാഥ് പാണ്ഡെ എന്നിങ്ങനെ സുഹൃത്തുക്കൾ 'രാം ലല്ല'ക്ക് വേണ്ടി കേസ് നടത്തി. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദായിരുന്നു ഈ കേസിൽ അഭിഭാഷകൻ.

അതിനിടെ 1986-ൽ ബി ജെ പി അധ്യക്ഷസ്ഥാനത്തേയ്ക്ക് എൽ കെ അദ്വാനിയെത്തിയത് രാമജന്മഭൂമി കലാപത്തിന് പുതിയ ദിശാബോധം നൽകി. 1990 സെപ്തംബർ 25ന് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ സോമനാഥിൽനിന്ന് അയോധ്യയിലേയ്ക്ക് രഥയാത്ര ആരംഭിച്ചതും സമസ്തിപൂരിൽ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതും ചരിത്രം. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്നതാണ്. 1992-ൽ ബാബരി പള്ളി ഹിന്ദുത്വ തീവ്രവാദികൾ തകർത്തു. ഇന്ത്യൻ ഭരണകൂടം നോക്കുകുത്തിയായി നിന്നു. തുടർന്ന് രാജ്യത്തുടനീളം ചോരപ്പുഴയൊഴുകി. ബാബരിപള്ളി തകർത്തതിന്റെ പേരിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, ഉമാഭാരതി, സ്വാധി പ്രജ്ഞ, കല്യാൺ സിങ്, ശങ്കർ സിങ്ങ് വഗേല എന്നിവരെല്ലാം പ്രതികളായി. പ്രധാനമന്ത്രി നരസിംഹറാവു ജസ്റ്റിസ് ലിബർഹാന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷനെ ബാബരി പള്ളി തകർത്ത സംഭവം അന്വേഷിക്കാൻ നിയോഗിച്ചു.

അയോധ്യയിലെ ബാബരി മസ്ജിദിന്റെ മിനാരത്തിലേക്ക് കർസേവകർ കയറുന്നു
അയോധ്യയിലെ ബാബരി മസ്ജിദിന്റെ മിനാരത്തിലേക്ക് കർസേവകർ കയറുന്നുദ പ്രിൻ്റ്

ലിബർഹാന്റെ പ്രതിധ്വനികൾ

രാഷ്ട്രീയ പരീക്ഷണങ്ങളുടെ കാലമായിരുന്നു പിന്നീട്. പക്ഷേ ഭരണത്തിലേയ്ക്ക് എളുപ്പത്തിലെത്താമെന്ന ബി ജെ പിയുടെ ശ്രമം വിജയിച്ചില്ല. പല പരീക്ഷണങ്ങൾക്കൊടുവിൽ ആദ്യം 13 ദിവസവും പിന്നീട് 13 മാസവും പിന്നീട് അഞ്ച് വർഷം തികച്ചും സഖ്യകക്ഷികളുടെ സഹായത്തോടെയാണെങ്കിലും ബി ജെ പി ഭരിച്ചു. പള്ളി തകർത്ത കേസിലെ പ്രധാന പ്രതികളായിരുന്ന എൽ കെ അദ്വാനി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും എം എം ജോഷി വിദ്യഭ്യാസ മന്ത്രിയുമായി. പല നാടകങ്ങൾക്കുശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. പിന്നീട് പത്തുവർഷം അവർ ഭരിച്ചു. ബാബരിപള്ളി തകർത്തവർക്ക്, ഗൂഢാലോചന നടത്തിയവർക്ക് ആ ഭരണത്തിന് കീഴിലും ഒന്നും സംഭവിച്ചില്ല. 2009-ൽ കോൺഗ്രസ് സുരക്ഷിത ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഉടനെ, ജൂൺ 30ന് ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് കൈമാറി.

പതിനേഴുവർഷം, 48 എക്സ്സ്റ്റൻഷനുകൾ....ഇതിനിടെ വൃദ്ധർ മരിച്ചുപോവുകയും യുവാക്കൾ വൃദ്ധരാവുകയും കുട്ടികൾ യുവാക്കളാവുകയും ചെയ്തു. ബാബറി മസ്ജിദ് തകർക്കുന്നതിനിടയിൽ സന്തോഷം സഹിക്ക വയ്യാതെ അന്നത്തെ ബിജെപി അധ്യക്ഷൻ മുരളി മനോഹർ ജോഷിയെ കെട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ ചുമലിലേറിയും സന്തോഷിച്ച ഉമാഭാരതി ബിജെപി ഉപേക്ഷിച്ചു. ഉത്തർപ്രദേശ് എന്ന ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ഭരണവും വിഭവങ്ങളും സംഘപരിവാർ നേതൃത്വത്തിന് മുന്നിൽ അടിയറവച്ച്, പള്ളി തകർത്തെറിയാനുള്ള പദ്ധതി നടപ്പാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച അന്നത്തെ മുഖ്യമന്ത്രി കല്യാൺ സിങ് പരിവാര കുടംബത്തെ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ കൊടും ശത്രുക്കളായ സമാജ്‌വാദി പാർട്ടിക്കൊപ്പം പോവുകയും അവിടെനിന്ന് പടിയിറക്കപ്പെടുകയും ചെയ്തു.

അയോധ്യയിലെ ബാബരി മസ്ജിദിന്റെ മിനാരത്തിലേക്ക് കർസേവകർ കയറുന്നു
അയോധ്യയിലെ ബാബരി മസ്ജിദിന്റെ മിനാരത്തിലേക്ക് കർസേവകർ കയറുന്നുദ പ്രിൻ്റ്

ഗുജറാത്തിൽനിന്നെത്തി ബാബറി മസ്ജിദ് തകർക്കാൻ ചൂട്ടുകത്തിച്ചിറങ്ങിയ ശങ്കർസിങ്ങ് വഗേല എന്ന ഹൈന്ദവ തീവ്രവാദി അതിലും കൂടുതൽ വീര്യമേറിയ ആളുടെ സാന്നിധ്യത്തിൽ ബിജെപി വിട്ടിറങ്ങി കോൺഗ്രസ് പാളയത്തിലെത്തി കേന്ദ്ര മന്ത്രിയായി. എല്ലാ നാടകങ്ങളുടെയും നിശബ്ദസാക്ഷിയും -കമ്മീഷന്റെ ഭാഷയിൽ പറഞ്ഞാൽ ഭരണഘടനാ പരിമതികൾ മൂലം നിഷ്‌ക്രിയനായിപ്പോയ ഭരണാധികാരിയുമായ, ഒരർത്ഥത്തിൽ നിശബ്ദപങ്കാളിയുമായിരുന്ന നരസിംഹറാവു ജീവിതനാടകത്തിൽ നിന്നുതന്നെ അപ്രത്യക്ഷനായി, മറ്റു പലരെയും പോലെ.

മറ്റെല്ലാം പോലെ ഈ കമ്മീഷൻ റിപ്പോർട്ടും അക്കാലത്തെ താത്കാലിക രാഷ്ട്രീയ നേട്ടത്തിന് കോൺഗ്രസ് ഉപയോഗിച്ചു. വിലക്കയറ്റവും കാർഷിക പ്രതിസന്ധികളും കാരണം ഭരണകക്ഷിയായ കോൺഗ്രസ് പാർലമെന്റിൽ വീർപ്പുമുട്ടിയിരുന്ന ദിവസങ്ങളിലൊന്നിൽ റിപ്പോർട്ട് അതേപടി പത്രത്തിൽ വന്നു. തലേന്ന് വരെ തോളോടു തോൾ നിന്നവർ തമ്മിലടിക്കാൻ തുടങ്ങി. കരിമ്പ് കർഷകർക്കുവേണ്ടി സംയുക്തമായി തെരുവിലിറങ്ങിയ അമർസിങ്ങും ബിജെപി നേതാവ് എസ്എസ് അലുവാലിയയും രാജ്യസഭയിൽ ശാരീരികമായി ഏറ്റുമുട്ടി. അതിനിടയിൽ ഹിന്ദി വിവർത്തനം ഇല്ലാതെ തന്നെ ചിദംബരം റിപ്പോർട്ട് സഭയിൽ വച്ചു. കുടംതുറന്നുവിടുന്ന ഭൂതം കുഴപ്പങ്ങൾ പലതുമുണ്ടാക്കുമെന്ന് വിചാരിച്ചവർക്കൊക്കെ തെറ്റി. ലിബർഹാൻ റിപ്പോർട്ട് വരുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് ദിവസം സ്തംഭിച്ച സഭ പിന്നീടുള്ള ദിവസങ്ങളിൽ ഭദ്രമായി പ്രവർത്തിച്ചു. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരു പ്രശ്നങ്ങളുമില്ല. പതിനേഴുവർഷം മുമ്പ് കത്തിപ്പടർന്ന, തുടർന്നു പുകഞ്ഞു കത്തിക്കൊണ്ടിരുന്ന, തീയുടെ സ്രോതസ് തേടിയുള്ള അന്വേഷണമായിരുന്നു ഇത്. എന്നിട്ടെന്താണ് രാജ്യത്ത് ഇതുമൂലം ഒരുചലനവും ഇല്ലാതിരുന്നത്?

വി എച്ച് പി, ബജ്‌റംഗ്ദൾ പ്രവർത്തകർ വടികളുമായി ബാബറി മസ്ജിദിന് ചുറ്റുമുള്ള പ്രദേശത്തുനിന്ന് മാധ്യമപ്രവർത്തകരെ ഓടിക്കുന്നു
വി എച്ച് പി, ബജ്‌റംഗ്ദൾ പ്രവർത്തകർ വടികളുമായി ബാബറി മസ്ജിദിന് ചുറ്റുമുള്ള പ്രദേശത്തുനിന്ന് മാധ്യമപ്രവർത്തകരെ ഓടിക്കുന്നുദ പ്രിൻ്റ്
1992-ൽ ബാബരി പള്ളി പൊളിച്ചത് അങ്ങേയറ്റം നിന്ദ്യമായ നിയമലംഘനം ആയിരുന്നുവെന്നുവെന്ന് വിധിയിൽ ചൂണ്ടിക്കാണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് തന്നെയാണ് ബാബരി പള്ളി തകർത്തവർക്കും ശിശുരാമ വിഗ്രഹം പള്ളിയിൽ ഒളിച്ച് കടത്തിയവർക്കും പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തത്. തെളിവുകളേക്കാൾ ഹിന്ദുമത വിശ്വാസത്തിനാണ് ഊന്നൽ നൽകേണ്ടതെന്ന് പറഞ്ഞ അലഹബാദ് ഹൈക്കോടതി പോലും ഉത്തരവിട്ടത് ഭൂമി മൂന്നായി ഭാഗിക്കാനായിരുന്നു. അതിനെയും മറികടന്നാണ് സുപ്രീം കോടതി ഭൂമി ക്ഷേത്രനിർമാണത്തിന് മാത്രം വിട്ടുനൽകിയത്

അതാണ് ലിബർഹാന്റെ നാടകീയത. എല്ലാവർക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബർഹാൻ പറഞ്ഞത്. എന്നാൽ ഒരു ശിപാർശയുമില്ല. ''ആർ എസ് എസ്, സംഘപരിവാർ നേതൃത്വമാണ് അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുൻകൂർ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഒരോ പദ്ധതികളും. ഇവർ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ്,''എന്നായിരുന്നു ലിബർഹാന്റെ പ്രധാന ആരോപണം. ആര് നിഷേധിക്കുന്നു ഇതിനെയെല്ലാം? ഇതെല്ലാമാണ് എല്ലാക്കാലത്തും സംഘപരിവാർ നേതൃത്വം പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അത് സർക്കാരും ലിബർഹാനും പറഞ്ഞാൽ ആർക്കു ചേതം? ആലോചിച്ചാൽ സംഘപരിവാരങ്ങൾക്ക് ഒന്നിച്ചുനിൽക്കാനുള്ള വകയുമായി. പിന്നെ എൽ കെ അദ്വാനി, എ ബി വാജ്പേയി, എം എം ജോഷി എന്നിവർ കപടമിതവാദികൾ ആണെന്നാണ് ലിബർഹാന്റെ കണ്ടുപിടുത്തം. യഥാർത്ഥത്തിൽ ഇവരെങ്ങാനും 'മിതവാദി'കളായി പോയോ എന്ന ബിജെപി അണികൾ സംശയിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അണികളുടെ സംശയം മാറ്റിയതിനും ഹൈന്ദവതീവ്രവാദികൾ തന്നെയാണ് തങ്ങളെന്ന് മാധ്യമങ്ങൾ വഴി വീണ്ടും ഒരു (കു)പ്രസിദ്ധി ലഭിച്ചതിലും അവർരെല്ലാം ലിബർഹാനോട് നന്ദി പറഞ്ഞു കാണും. ബി ജെ പി വിട്ടുപോയ കല്യാൺ സിങ്, ഉമാഭാരതി എന്നിവരും പാർട്ടി വേണ്ടി ചെയ്തിട്ടുള്ള ത്യാഗങ്ങൾ കമ്മിഷൻ എണ്ണമിട്ടു നിരത്തി. രാജ്യത്ത് ഏറെനാൾ നീണ്ടുനിന്ന അസമാധാനത്തിനും വർഗീയ വിദ്വേഷത്തിനും - കമ്മീഷന്റെ ഭാഷയിൽ തന്നെ - വഴിതെളിച്ച ക്രമസമാധാന പ്രശ്നത്തിനുത്തരവാദികൾക്കെതിരെ ഒരു നടപടിക്കും ലിബർഹാൻ കമ്മീഷൻ ശിപാർശ ചെയ്തില്ല. അങ്ങനെ അതവസാനിച്ചു.

ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു
ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു

അഴിമതികൾക്കും ആരോപണങ്ങൾക്കും ഒടുവിൽ കോൺഗ്രസിന്റെ പത്ത് വർഷത്തെ ഭരണം അവസാനിച്ചു. പഴയ രാമജന്മഭൂമി യഥയാത്രയുടെ കോ ഓർഡിനേറ്റർ രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനായി അവതരിച്ചു. മീഡിയയും കോർപറേറ്റുകളും അയാൾക്ക് പിന്നിൽ അണിനിരന്നു. 2014-ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ ഹിന്ദുത്വഭരണം എന്ന അജണ്ടയിലെ മൂന്നാമത്തെ നാഴികക്കല്ല് സംഘപരിവാർ പിന്നിട്ടു. ബി ജെ പി രൂപീകരിച്ച് പന്ത്രണ്ട് വർഷത്തിനുള്ളിൽ ബാബരി പള്ളി പൊളിച്ചു. തുടർന്ന് പത്ത് വർഷത്തിനുശേഷം ഗുജറാത്ത് വംശഹത്യ, വീണ്ടുമൊരു പന്ത്രണ്ട് വർഷത്തിന് ശേഷം ഒറ്റയ്ക്ക് അധികാരം. തുടർന്നെല്ലാം എളുപ്പമായിരുന്നു.

കർ സേവകർ ബാബറി മസ്ജിദ് തകർക്കുന്നു
കർ സേവകർ ബാബറി മസ്ജിദ് തകർക്കുന്നു

കോടതി വിധി

2019 നവംബറിൽ ബാബരി പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുക്കാൻ സിവിൽ കേസിൽ സുപ്രീം കോടതി ഉത്തരവിട്ടതോടെ നീതിരാഹിത്യം ഉച്ചസ്ഥായിയിലെത്തി. 1992-ൽ ബാബരി പള്ളി പൊളിച്ചത് അങ്ങേയറ്റം നിന്ദ്യമായ നിയമലംഘനം ആയിരുന്നുവെന്നുവെന്ന് വിധിയിൽ ചൂണ്ടിക്കാണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് തന്നെയാണ് ബാബരി പള്ളി തകർത്തവർക്കും ശിശുരാമ വിഗ്രഹം പള്ളിയിൽ ഒളിച്ച് കടത്തിയവർക്കും പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തത്. തെളിവുകളേക്കാൾ ഹിന്ദുമത വിശ്വാസത്തിനാണ് ഊന്നൽ നൽകേണ്ടതെന്ന് പറഞ്ഞ അലഹബാദ് ഹൈക്കോടതി പോലും ഉത്തരവിട്ടത് ഭൂമി മൂന്നായി ഭാഗിക്കാനായിരുന്നു. അതിനെയും മറികടന്നാണ് സുപ്രീം കോടതി ഭൂമി ക്ഷേത്രനിർമാണത്തിന് മാത്രം വിട്ടുനൽകിയത്. അഥവാ ബാബരി പള്ളി ഗൂഢാലോചനയിൽ തകർക്കുകയായിരുന്നുവെന്നും സമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതി ഏതാണ്ട് ഏഴ് പതിറ്റാണ്ടുകളോളം നിലനിന്ന സിവിൽ വ്യവഹാരം അവസാനിപ്പിച്ചത്. പള്ളി ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് തന്നെയാണ് പള്ളിയുടെ ഭൂമി ക്ഷേത്രം പണിയുന്നതിന് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത് എന്ന വിചിത്രമായ നീതി നിഷേധം മാത്രം അവിടെ അവശേഷിച്ചു.

പള്ളി പണിത 1528 മുതൽ ബ്രിട്ടീഷ് സർക്കാർ ഇടപെട്ട 1859 വരെയുള്ള കാലങ്ങളിൽ മുസ്ലീം സമുദായം മാത്രമാണ് പള്ളി ഉപയോഗിച്ചിരുന്നതെന്നതിന് തെളിവ് ഹാജരാക്കാൻ മുസ്ലീം വിശ്വാസികൾക്കുവേണ്ടി ഹാജരായവർക്ക് കഴിഞ്ഞില്ലെന്നാണ് വിധി പറയുന്നത്. എന്നാൽ പണ്ട് നിലനിന്നിരുന്ന രാമക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന ഹിന്ദുത്വയുടെ വാദത്തിന് ഒരു തെളിവുമില്ല. എങ്കിലും രാമജന്മഭൂമി നിലനിന്നിരുന്നത് അവിടെയാണ് എന്നുള്ള മതവിശ്വാസത്തെ മുഖവിലയ്‌ക്കെടുക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. തെളിവല്ല പുതിയ ഭരണകൂടത്തിന്റെ കാലത്ത് പ്രധാനം, മതവിശ്വാസമാണ് എന്നതായിരുന്നു അതിന്റെ അർത്ഥം.  ഉത്തർപ്രദേശ് സംസ്ഥാനത്തെ ഫൈസാബാദ് ജില്ലയിലെ അയോധ്യ എന്ന പട്ടണത്തിലെ 2.77 ഏക്കർ ഭൂമിയിൽ 1528 മുതൽ നിലനിൽക്കുന്ന മുസ്ലീം ആരാധനാലയത്തിന്റെ ഉടമസ്ഥാവകാശ തർക്കം എന്നതിനപ്പുറം ഈ നാടിന്റെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധം രാഷ്ട്രീയ മാനമുള്ള കേസായിരുന്നു അതെന്നത് പോലും കോടതി പരിഗണിച്ചില്ല. സമ്പൂർണമായ അടിമത്തവും വിധേയത്വവും കേന്ദ്രഭരണത്തിനും ഹൈന്ദവ തീവ്രവാദത്തിനും അർപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിക്ക് തിരശ്ശീല വീഴുന്നത്.

ക്രിമിനൽ കേസിലും ഇതാവർത്തിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഇത്രയും സുതാര്യമായ ക്രിമിനൽ കേസ് ഉണ്ടാകില്ല. പകൽ വെളിച്ചത്തിൽ നടന്ന ആക്രമണം. ഗൂഢാലോചനക്കാരോ അതിന്റെ നടത്തിപ്പുമാരോ അത് മറച്ചുവച്ചില്ല. കാരണം കൂടുതൽ പേർ ഇതറിയുന്നുവെന്നതായിരുന്നു അക്കാലത്തെ അവരുടെ രാഷ്ട്രീയം. അടൽ ബിഹാരി വാജ്‌പേയി എന്ന പിൽക്കാലത്തെ പ്രധാനമന്ത്രിയും ലാൽകൃഷ്ണ അദ്വാനിയെന്ന ഉപപ്രധാനമന്ത്രിയും അക്കാലത്ത് നടത്തിയ വിഷലിപ്തമായ ആഹ്വാനങ്ങൾ പള്ളി പൊളിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന ന്യായത്തിലെത്താതിരിക്കാൻ നിയമത്തിന്റെ പരിസരങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ന്യായാധിപർക്കുപോലും കഴിയില്ല. വിനയ് കത്യാർ, ഉമാഭാരതി, സ്വാധി പ്രജ്ഞ, എം എം ജോഷി, കല്യാൺ സിങ്ങ്, ശങ്കർ സിങ്ങ് വഗേല എന്നിങ്ങനെ ക്രിമിനല്‍ കേസിൽ പ്രതിയായിരുന്ന 32 പേരേയും ഈ വാർത്തകൾ പിന്തുടർന്നിട്ടുള്ള സർവ്വ മനുഷ്യർക്കുമറിയാം. അന്ന് അദ്വാനിയുടെ ആക്രമണ രഥയാത്രയുടെ, സഞ്ചരിച്ച വഴികളിലെല്ലാം മരണം വിതച്ച, ഇന്ത്യയുടെ മതേതത്വത്തെ പിളർന്ന ആ രഥയാത്രയുടെ സംഘാടകനെന്ന നിലയിലാണ് ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തിന് പുറത്ത് സുപരിചിതനാകുന്നത് തന്നെ.

ഇന്ത്യയിൽ മാധ്യമപ്രവർത്തർ ഇത്രയധികം സാക്ഷിയായിട്ടുള്ള കേസുണ്ടാകില്ല വേറെ. മലയാളികളടക്കം പല ജേണലിസ്റ്റുകളും ഈ കേസിൽ സാക്ഷികളായിരുന്നു. പള്ളിപൊളിക്കലിന്റെ ഗൂഢാലോചനയും അത് നടത്താൻ ഈ 32 പേരിൽ പലരും നേരിട്ട് നൽകിയ പ്രേരണയും കണ്ടിട്ടുള്ളവരും സാക്ഷി പറഞ്ഞിട്ടുള്ളവരും ഈ അക്രമത്തെക്കുറിച്ച് പല വട്ടം എഴുതിയിട്ടുള്ളവരുമാണ് ഇവർ. ഹിന്ദുതീവ്രവാദ ഗൂഢാലോചനകൾ പലതും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തർ. ഇവരുടെ ആരുടെയും സാക്ഷിമൊഴികൾ കോടതി പരിഗണിച്ചിട്ടില്ല. വസ്തുതകളോ തെളിവുകളോ കണ്ടിട്ടില്ല. അത് പക്ഷേ എല്ലാവർക്കും ഉറപ്പായിരുന്നു, ഇങ്ങനെ തന്നെയായിരിക്കും കാര്യങ്ങൾ നീങ്ങുകയെന്നത്.

തകർക്കപ്പെടുന്നതിന് മുൻപുള്ള ബാബരി മസ്ജിദ്
തകർക്കപ്പെടുന്നതിന് മുൻപുള്ള ബാബരി മസ്ജിദ്
ബ്രിട്ടീഷ് ഇന്ത്യയിൽ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിനുശേഷം, ആദ്യ ഡയറക്ടർ ജനറലായി സ്ഥാനമേറ്റ അലക്‌സാണ്ടർ കന്നിങ്ഹാം പല രാമപാരമ്പര്യങ്ങളെയും കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ബാബ്‌രിമസ്ജിദ് നിലനിൽക്കുന്ന സ്ഥലമായിട്ടോ അത് തകർക്കപ്പെട്ട ക്ഷേത്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന വാദമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. 1969-70 കാലത്ത് ബനാറസ് ഹിന്ദു സർവകലാശാലയിലെ എ കെ നാരായൺ, ടി എൻ റോയ്, പി സിങ്ങ് എന്നിവർ അയോധ്യയിൽ ഖനനം നടത്തിയിരുന്നുവെങ്കിലും രാമായണ കഥയായി ബന്ധപ്പെട്ടതോ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ ഒന്നും ലഭിച്ചില്ല

പുരാവസ്തു തെളിവുകൾ

ഒന്നു കൂടി പറയേണ്ടതുണ്ട്, അത് ആർക്കിയോളജിയെക്കുറിച്ചാണ്. കോടതി മുതൽ നമ്മുടെ മാധ്യമങ്ങളിലും പല ചർച്ചകളിലും ആവർത്തിക്കുന്ന ആർക്കിയോളജി തെളിവുകൾ. 1975 മുതൽ ബി ബി ലാൽ എന്ന ബ്രിജ് ബാസി ലാൽ ആരംഭിച്ച രാമായണ ഉദ്ഗ്രഥന പദ്ധതിയുടെ ഭാഗായിരുന്നുവെന്ന് അവകാശപ്പെടുന്ന, ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയുടെ മേഖല ഡയറക്ടർ ആയി റിട്ടയർ ചെയ്ത, കെ കെ മുഹമ്മദിനെ ഉദ്ധരിച്ചാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ വിവാദങ്ങളുണ്ടാക്കുക.

ബ്രിട്ടീഷ് ഇന്ത്യയിൽ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിനുശേഷം, ആദ്യ ഡയറക്ടർ ജനറലായി സ്ഥാനമേറ്റ അലക്‌സാണ്ടർ കന്നിങ്ഹാം 1862-63-ൽ അയോധ്യയിൽ ഖനനം നടത്തിയിരുന്നു. ഹുയാങ്‌സാങ്ങിന്റേയും ഫാഹിയാന്റെയും യാത്രാപഥങ്ങളിൽ അയോധ്യയെക്കുറിച്ചും പരാമർശമുള്ളതിനാൽ അത് അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഖനനം. മണി പർബത്, കുബേർ പർബത്, സുഗ്രീവ് പർബത് എന്നീ പ്രദേശങ്ങളിൽനിന്ന് ഉദ്ഗ്രഥനം നടത്തി ലഭിച്ചതിൽ ബുദ്ധ സ്തൂപങ്ങളുടെ അവശിഷ്ടങ്ങളുള്ളതായി അദ്ദേഹം കണ്ടെത്തി. ഒന്ന് അശോകന്റെ കാലത്തേയും മറ്റൊന്ന് ബുദ്ധ മഠത്തിന്റേതും ആണെന്ന് അദ്ദേഹം വിശദീകരിച്ചു. രാമായണ കഥയുടെ വാമൊഴി പാരമ്പര്യമനുസരിച്ച് രാമന്റെ ജനനസ്ഥലമായതിനായിൽ അതുസംബന്ധിച്ച പരിശോധനകളും അദ്ദേഹം നടത്തുന്നുണ്ട്. സമീപത്തെ ഫൈസാബാദ് പട്ടണത്തിലേതുപോലെ തന്നെയുള്ള മൺചുമരുകളുള്ള വീടുകളുടെയും മറ്റും അവശിഷ്ടങ്ങളല്ലാതെ കൊത്തുപണികളുള്ള തൂണുകളോ തകർന്ന പ്രതിമളോ ഒന്നും അവിടെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. രാമക്ഷേത്രത്തിന്റേതാകാമെന്ന് പറയുന്ന ക്ഷേത്രത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. അത് പക്ഷേ ബാബ്‌രി മസ്ജിദിന്റെ പ്രദേശങ്ങളിലൊന്നുമല്ല. പല രാമപാരമ്പര്യങ്ങളെയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും ബാബ്‌രിമസ്ജിദ് നിലനിൽക്കുന്ന സ്ഥലമായിട്ടോ അത് തകർക്കപ്പെട്ട ക്ഷേത്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന വാദമായിട്ടോ ഒരു ബന്ധവുമുണ്ടായിരുന്നില്ല.

ബാബരി മസ്ജിദ് തകർക്കുന്നതിന്റെ തലേ ദിവസം രാത്രി
ബാബരി മസ്ജിദ് തകർക്കുന്നതിന്റെ തലേ ദിവസം രാത്രിദ പ്രിൻ്റ്

1969-70 കാലത്ത് ബനാറസ് ഹിന്ദു സർവകലാശാലയിലെ എ കെ നാരായൺ, ടി എൻ റോയ്, പി സിങ്ങ് എന്നിവർ അയോധ്യയിൽ ഖനനം നടത്തിയിരുന്നുവെങ്കിലും രാമായണ കഥയായി ബന്ധപ്പെട്ടതോ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ ഒന്നും ലഭിച്ചില്ല. അലക്‌സാണ്ടർ കന്നിങ്ഹാം ഖനനം നടത്തിയ കുബേർ ടീലയിൽനിന്ന് വീടുകളുടേത് പോലുള്ള, ഇഷ്ടികയിൽ നിർമിച്ച, വലിയ കെട്ടിടത്തിന്റെ സൂചനകൾ ലഭിച്ചു. 1972-ലാണ്, പിന്നീട് വിവാദമായ, രാമായണ പ്രശസ്തമായ ഇടങ്ങളിലെ ഖനനം സംബന്ധിച്ച പ്രൊജക്ട് ബി ബി ലാൽ ആരംഭിക്കുന്നത്. 1975-ൽ അത് കേന്ദ്ര വിദ്യാഭ്യാസ, സാംസ്‌കാരിക സഹമന്ത്രി എസ് നൂറുൾ ഹസൻ ഉദ്ഘാടനം ചെയ്തുവെങ്കിലും 1977-ലാണ് പദ്ധതി ആരംഭിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഷിംല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ് സ്റ്റഡീസും ചേർന്ന് ധന സഹായം ചെയ്ത ആ പ്രൊജക്ട് 1986 വരെ നീണ്ടുനിന്നു. അയോധ്യയെക്കൂടാതെ ശൃംഗവേരപുര, ഭരദ്വാജ ആശ്രമം, നന്ദിഗ്രാം, ചിത്രകൂട് എന്നിവിടങ്ങളിലും ഈ പ്രൊജക്ടിന്റെ ഭാഗമായി ഖനനം നടന്നു. ശൃംഗവേരപുരയിൽ കണ്ടെത്തിയ ഒരു വെള്ളത്തൊട്ടിയെ കുറിച്ചല്ലാതെ ഇതുവരെ ആ പദ്ധതിയെ കുറിച്ചൊരു അക്കാദമിക് വർക്കുകളും പ്രസിദ്ധീകരിച്ചിട്ടില്ല.

അയോധ്യയിലെ ഖനനങ്ങളെക്കുറിച്ചാകട്ടെ, 1976-77, 1979-80 വർഷങ്ങളിലെ ഇന്ത്യൻ ആർക്കിയോളജി റിപ്പോർട്ടിലല്ലാതെ മറ്റൊരിടത്തും പരാമർശം പോലുമില്ല. ബനാറസ് ഹിന്ദു സർവകലാശാല രാമായണ കഥയെക്കുറിച്ചുള്ള പൊതുവായ പരിശോധനയാണ് നടത്തിയതെങ്കിൽ ബി ബി ലാലിന്റെ സംഘം രാമജന്മഭൂമി കുന്നിലും ഹനുമാൻ ഗഡിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള തുറന്നപ്രദേശത്തും സീതാ കി രസോയ്-യിലുമാണ് ഖനനം നടത്തിയത്. അവർ കണ്ടെത്തിയതാകട്ടെ, ഏർളി ഹിസ്റ്റോറിക് പിരീഡ് (ബി.സി.ഇ ആറാം നൂറ്റാണ്ട് മുതൽ സി.ഇ ആറാം നൂറ്റാണ്ട് വരെ) സംബന്ധിച്ച കാര്യങ്ങളാണ്.  ഏർളി ഹിസ്റ്റോക് പിരീഡിനുശേഷം 'പതിനൊന്നാം നൂറ്റാണ്ടിൽ വീണ്ടും ഈ പ്രദേശത്ത് ജനവാസം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഇടവേളയുണ്ടായിരുന്നുവെന്നാണ് സൂചന. അക്കാലത്ത് പലതട്ടിലുള്ള ഇഷ്ടിക-പരുക്കൻ കുമ്മായക്കൽ തറകൾ കാണാം. പക്ഷേ അതിനുശേഷമുള്ള കാലത്ത് സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒന്നും തന്നെയില്ല'- എന്ന് 1976-'77 ഐ എ ആറിൽ വിശദമായുണ്ട്. 1979-'80 ഐ എ ആറിലാകട്ടെ അയോധ്യയിലെ മധ്യകാലത്തെക്കുറിച്ച് പ്രത്യേക പരാമർശങ്ങൾ പോലുമില്ല.

1990 രാമജന്മഭൂമി കലാപം
1990 രാമജന്മഭൂമി കലാപംപി മുസ്തഫ

പിന്നീട് 1990 ഒക്‌ടോബറിൽ, രാജ്യം രാമജന്മഭൂമി കലാപത്താൽ കലുഷിതമായ കാലത്ത്, ആ കലാപത്തിന് നേതൃത്വം നൽകിയിരുന്ന ആർ എസ് എസ് പ്രസിദ്ധീകരണമായ 'മന്ഥ'നിൽ ബി ബി ലാൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ അയോധ്യയിൽ അദ്ദേഹം നടത്തിയ ഖനനത്തിൽ കണ്ടെത്തതാണ് എന്നവകാശപ്പെടുന്ന ഇഷ്ടികകഷ്ണങ്ങളുടെ കൂനകളുടെ ഫോട്ടോയും ഉണ്ടായിരുന്നു. അത് ബാബർ നശിപ്പിച്ച ക്ഷേത്രത്തിലെ തൂണുകളുടെ അടിത്തട്ടാണെന്നായിരുന്നു ലേഖനത്തിന്റെ അവകാശവാദം. ഈ തൂണിന്റെ അടിഭാഗത്തിന്റെ അവശിഷ്ടം അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന്റെ അതിപ്രധാനമായ പുരാവസ്തു തെളിവാണെന്നും ബി ബി ലാൽ ലേഖനത്തിൽ പറയുന്നു. ഇത്ര പ്രധാനമായ ഒരു തെളിവ് അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ ഒന്നും എഴുതാതെ പള്ളി പൊളിച്ച് ക്ഷേത്രമുണ്ടാക്കാൻ കലാപം നടത്തുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ പ്രസിദ്ധീകരണത്തിൽ എഴുതിയത് എന്തുകൊണ്ടാണ്? ഐ എ ആറിൽ പോലും അതേകുറിച്ച് പരാമർശമില്ലാത്തത് എന്തുകൊണ്ടാണ്? സ്വാഭാവികമായും മറ്റ് ആർക്കിയോളജിസ്റ്റുകൾ ഈ ചോദ്യം ഉന്നയിച്ചു. അതോടെ 1991 ഫെബ്രുവരി പത്തിന് വിജയവാഡയിൽ നടന്ന ഒരു സെമിനാറിൽ ലാൽ മലക്കം മറിഞ്ഞു. താൻ കണ്ടെത്തിയ പില്ലർ ബേസ്-ഉം ബാബരി മസ്ജിദിന്റെ കൽത്തൂണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് പള്ളിയുടെ അടിയിൽ ഖനനം നടത്തിയാലേ കഴിയൂ, എന്നാലേ അവിടെ മുൻപ് ക്ഷേത്രമുണ്ടായിരുന്നുവോ എന്ന് തിരിച്ചറിയാൻ കഴിയൂയെന്ന് ലാൽ വിശദീകരിച്ചു. ആ അഭിപ്രായം വിമർശിക്കപ്പെട്ടപ്പോൾ പള്ളിക്കടിയിൽ ഖനനം നടത്തണമെന്ന വാദം ബിബി ലാൽ ആവർത്തിച്ചു.

കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു
കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നുപി മുസ്തഫ

1992-ൽ ബാബരി പള്ളി പൊളിക്കപ്പെട്ടശേഷമുള്ള നിരവധി നിയമയുദ്ധങ്ങളിൽ ഒന്നിന്റെ ഫലമായി ബാബരി പള്ളി നിലനിന്നിടത്ത് ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി 2002 ഓഗസ്റ്റ് ഒന്നിന് അനുമതി നൽകി. അക്കാലത്ത് ബി ജെ പി ഭരണമായിരുന്നു രാജ്യത്തുള്ളതും പ്രധാനമാണ്. പല തരത്തിലുള്ള തടസവാദങ്ങൾ കോടതിയിൽ ഉന്നയിക്കപ്പെട്ടതിനാൽ സാധാരണ ഗതിയിലുള്ള പുരാവസ്തു ഉദ്ഘനനമല്ല, ഗ്രൗണ്ട് പെനിട്രേറ്റിങ് സർവേ (ജി പ .ആർ) അഥവാ ഭൂമി തുരന്നുകൊണ്ടുള്ള കൊണ്ടുള്ള സർവേ നടത്താനായിരുന്നു ഉത്തരവ്. ഈ സർവേ നടത്താൻ ടോജോ വികാസ് ഇന്റർ നാഷണൽ എന്ന സ്ഥാപനത്തെ ആർക്കിയോളജിക്കൽ സർവേ ഏൽപ്പിച്ചു. 2002 ഡിസംബർ 30 മുതൽ 2003 ജനുവരി 17 വരെ നടത്തിയ സർവേയ്ക്ക് ശേഷം അവർ ആർക്കിയോളജിക്കൽ സർവേ ഡയറക്ടർ ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു. '0.5 മീറ്റർ മുതൽ 5.5 മീറ്റർ വരെ ആഴത്തിലുള്ള ജി പി ആർ സർവേയിൽ അസ്വഭാവികമായ പലതും കണ്ടെത്തിയിട്ടുണ്ട്. ഇത് പുരാതനവും സമകാലികവുമായ തൂണുകൾ, എടുപ്പുകൾ, അടിത്തറകൾ, കൽപ്പലകകൊണ്ടുള്ള തറ എന്നിവയെല്ലാം പെടും. പക്ഷേ ഇവയുടെ ശരിയായ സ്വഭാവം മനസിലാക്കണമെങ്കിൽ വ്യവസ്ഥാപിത രൂപത്തിലുള്ള പുരാവസ്തു ഖനനം തന്നെ വേണ്ടി വരും,' എന്നതായിരുന്നു ഏകദേശം റിപ്പോർട്ടിന്റെ ഉള്ളടക്കം. പത്ത് മീറ്ററിന് മേൽ ഉയരമുള്ള ഏത് പ്രദേശത്തും ജി പി ആർ സർവേ നടത്തിയാൽ ഇത്തരം നിർമിതികൾ കണ്ടെത്താനാകുമെന്നും റിപ്പോർട്ട് സമ്മതിക്കുന്നുണ്ട്.

കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു
കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു

ജി പി ആർ റിപ്പോർട്ടിൽ പള്ളിക്കടിയിൽ തൂണുകളുടെ അവശിഷ്ടങ്ങളുണ്ടാകാമെന്ന് പറയുന്നുണ്ടെങ്കിലും ഖനനത്തിൽ ഒന്നും ലഭിച്ചിട്ടില്ല. കർസേവകർ എന്ന ക്രിമിനൽ ആൾക്കൂട്ടം തകർത്ത ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിരിക്കുന്നതിനിടയിൽ രണ്ട് തൂണുകളുണ്ടായിരുന്നു. പള്ളിതകർത്ത ദിവസങ്ങളിൽ അവിടെ എന്തൊക്കെ സംഭവിച്ചു, ആരൊക്കെ വന്നു എന്നതിനൊന്നും യാതൊരു തെളിവുകളുമില്ല. പള്ളിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിന് മീതെ താത്കാലികമായി ഒരു കോവിലുണ്ടാക്കി അതിനുള്ളിലാണ് 'ശിശു രാമ'ന്റെ പ്രതിമകൾ വച്ചിരുന്നത്. അവിടെ ആരാണ് ആ താത്കാലിക കോവിലുണ്ടാക്കിയതെന്നോ അതിനായി അവിടേക്ക് എന്തെല്ലാം കൊണ്ടുവന്നു എന്നോ ആർക്കും അറിയില്ല. ആ അവ്യസ്ഥയ്ക്കുള്ളിൽ ഭൂമിയുടെ ഉപരിതലത്തിൽ കിടക്കുന്ന തൂണുകളെ പുരാവസ്തു തെളിവായി കണക്കാക്കാൻ കഴിയില്ല എന്ന് അന്നത്തെ ഖനനത്തെക്കുറിച്ച് പഠിച്ച സുപ്രിയ വർമ്മയും ജയമേനോനും ചൂണ്ടിക്കാണിക്കുന്നു. പുരാവസ്തുഗവേഷകർക്ക് മാത്രമല്ല, സാധാരണക്കാർക്ക് പോലും ജി പി ആർ പരിശോധിച്ചാൽ, ബി ബി ലാൽ കണ്ടെത്തുന്നുവെന്ന് അവകാശപ്പെുന്ന തൂണിനോട് പൊരുത്തപ്പെടുന്ന ഒന്നും അതിലില്ലെന്ന് ബോധ്യപ്പെടുമെന്നും അവർ പറയുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി, അത് ഏതെങ്കിലും ക്ഷേത്രം പൊളിച്ച് പണിതാണെന്ന് മൂന്ന് നൂറ്റാണ്ട് കാലം ആരും പറഞ്ഞില്ല. പള്ളിക്ക് പരിസരത്ത് രാമജന്മസ്ഥാൻ ഉണ്ടെന്ന് അവകാശപ്പെട്ട് കോടതിയിൽ പോയ പ്രദേശിക ഹിന്ദുമത പുരോഹിതർ പോലും പള്ളിയുടെ നിലനിൽപ്പിനേയോ അതിന്റെ ചരിത്രമൂല്യത്തേയോ ചോദ്യം ചെയ്തില്ല. അവിടെ മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടില്ല

എന്തായാലും കെട്ടിടത്തിനടിയിൽ തുണുകളും കൽത്തറകളും മതിലുകളും എല്ലാം കണ്ടെത്തിയെന്ന ജി പി ആർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 'ഹിന്ദുക്ഷേത്രം തകർത്തു കൊണ്ടാണോ ഈ പള്ളി കെട്ടിടം ഉണ്ടാക്കിയത്' എന്ന് പരിശോധിക്കാൻ 2003 മാർച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. മാർച്ച് 12 മുതൽ ഓഗസ്റ്റ് ഏഴ് വരെ ഖനനം നീണ്ടുനിന്നു. സാധാരണ പുരാവസ്തു ഖനനം നടക്കുമ്പോൾ ഒരോ ട്രഞ്ചിനും ഓരോ സൂപ്പർവൈസർമാരെ നിയമിക്കുകയും അവർ ദിനം പ്രതിയുള്ള റിപ്പോർട്ടുകൾ രേഖപ്പെടുത്തുകയുമാണ് പതിവ്. ഇവിടെ ഒരേ ആളുകൾ പല ട്രഞ്ചുകളിലും ഒരു ട്രഞ്ചിൽ വിവിധ ആളുകളും റിപ്പോർട്ടുകൾ തയ്യാറാക്കിയിതായും സാധാരണ പ്രക്രിയയുടെ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും സുപ്രിയ വർമ്മയും ജയമേനോനും ആരോപിക്കുന്നു. ഇതുമാത്രമല്ല, യാതൊരു തരത്തിലുള്ള അക്കാദമിക് സ്വഭാവങ്ങളും പുലർത്താതെ നിഗമനം (കൺക്ലൂഷൻ) ആരുടെ പേരിലാണ് എന്നുപോലുമില്ലാതെ വടക്കേ ഇന്ത്യൻ ക്ഷേത്രത്തിന്റേത് എന്ന് പറയാവുന്ന ചില തെളിവുകൾ ഇവർ സൃഷ്ടിച്ചെടുത്ത് നൽകുകയാണ്.

കണ്ടെത്തിയെന്നവകാശപ്പെടുന്ന 445 കെട്ടിടശകലങ്ങളിൽ 40 എണ്ണം മാത്രമാണ് പരസ്പര ബന്ധമുള്ളത്. അതിലൊന്ന് പോലും ക്ഷേത്രവുമായി പ്രത്യേക ബന്ധമുള്ളതല്ല. റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ള 12 എണ്ണവും പള്ളി പൊളിച്ചതിന്റെ ഭാഗമായുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഭൗമോപരിതലത്തിൽ കാണപ്പെട്ടവയാണ്. അതിലെ പുരാവസ്തു തെളിവുകളായി സ്വീകരിക്കാൻ കഴിയില്ല. ഈ പന്ത്രണ്ട് എണ്ണത്തിൽ ഒരു കൽപ്പലകയിൽ ശ്രീവത്സ ചിഹ്നമുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ബന്ധം ജൈനമതവിശ്വാസവുമായാണ്. മറ്റൊരു കല്ലൽ പലകമേൽ താമരയുടെ ആകൃതി കാണാം. അതും ബുദ്ധിസ്റ്റ്, ജൈന പാരമ്പര്യങ്ങളിൽ നിന്നുള്ളതാണ്. മറ്റൊന്നിൽ വിഷമചതുർഭൂജ ക്ഷേത്ര ആകൃതിയുണ്ട്. അതാകട്ടെ പള്ളിയിൽ ഉണ്ടായിരുന്നത് തന്നെയാകാം. പ്രത്യേകിച്ചും പള്ളിയുടെ അടിഭാഗത്തുള്ള അറബിക് എഴുത്തുകളുമായി അതിന് ചേർച്ചയുള്ള സ്ഥിതിക്ക്. ഇത്തരത്തിൽ ഉപരിതലത്തിൽ നിന്ന് കണ്ടെത്തിയ തെളിവുകൾക്ക് പോലും ക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ല എന്നാണ് ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഈ റിപ്പോർട്ടിന്റെ ഒരോ ഭാഗങ്ങളും തെറ്റാണെന്നാണ് തെളിവുകളും രേഖകളും സഹിതം തങ്ങളുടെ ഇ പി ഡബ്‌ള്യൂ പ്രബന്ധത്തിൽ ജയമേനോനും സുപ്രിയ വർമ്മയും സ്ഥാപിക്കുന്നുണ്ട്. ബി ജെ പി ഭരണകാലത്ത് കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്താൽ സൃഷ്ടിക്കപ്പെട്ടതാണ് ആ റിപ്പോർട്ട് എന്നതാണ് അതിന്റെ ചുരുക്കം.

എൽ കെ അദ്വാനി
എൽ കെ അദ്വാനി

ചുരുക്കിപ്പറഞ്ഞാൽ ഈ വസ്തുതകൾ പകൽ പോലെ നിലനിൽക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട ഗൂഢാലോചനയും ക്രിമിനൽ കുറ്റകൃത്യവും അതിന്മേൽ നീതി നിഷേധിച്ചുള്ള ദീർഘമേറിയ കോടതി വ്യവഹാരങ്ങളും മറച്ചുവച്ച് പുതിയ നുണകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളി, അത് ഏതെങ്കിലും ക്ഷേത്രം പൊളിച്ച് പണിതാണെന്ന് മൂന്ന് നൂറ്റാണ്ട് കാലം ആരും പറഞ്ഞില്ല. പള്ളിക്ക് പരിസരത്ത് രാമജന്മസ്ഥാൻ ഉണ്ടെന്ന് അവകാശപ്പെട്ട് കോടതിയിൽ പോയ പ്രദേശിക ഹിന്ദുമത പുരോഹിതർ പോലും പള്ളിയുടെ നിലനിൽപ്പിനേയോ അതിന്റെ ചരിത്രമൂല്യത്തേയോ ചോദ്യം ചെയ്തില്ല. അവിടെ മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടില്ല. 1949-ൽ ഗാന്ധി വധക്കേസിൽ രാഷ്ട്രീയ തിരിച്ചടി കിട്ടിയ ഹിന്ദുത്വ ശക്തികൾ ഉയർത്തെഴുന്നോൽക്കാൻ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു ഈ വിവാദം. അതിന്റെ മുഖ്യ ആസൂത്രകരാകട്ടെ മലയാളിയായ ഒരു ഉദ്യോഗസ്ഥനും ഗൊരഖ്‌നാഥ് മഠാധിപതിയായിരുന്ന ഒരു മുസ്ലീം വിരുദ്ധ ഠാക്കൂർ സന്യാസിയും. തുടർന്ന് ഇന്ത്യ മഹാരാജ്യത്ത് തക്കോൽ സ്ഥാനങ്ങളിലിരുന്നിരുന്ന, ഇപ്പോഴും ഇരിക്കുന്ന ഒരോരുത്തരും ഈ കുറ്റത്തിൽ പങ്കാളികളായി. നാം നാളെയുടെ നാണക്കേടായി.

അയോധ്യയിൽ ബാബരി പള്ളി പൊളിച്ചുമാറ്റിയ ഇടത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമി പൂജ നടത്തിയത് കേന്ദ്രസർക്കാരാണ്. ഇപ്പോൾ ക്ഷേത്ര ഉദ്ഘാടനത്തിന്റെയും. അഥവാ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നത് അന്ന് പള്ളിപൊളിക്കാനുള്ള കലാപത്തിന്റെ കോഓർഡിനേറ്റർ ആയിരുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്. പള്ളി പൊളിക്കുമ്പോൾ മൗനാനുവാദം നൽകി ഭരിച്ച കോൺഗ്രസിന്റെ നേതാക്കൾ ക്ഷേത്ര നിർമാണത്തിന്റെ പിന്നണിയിൽ ഭക്ത ശിരോമണികളായി കാവിയും ധരിച്ച് തയ്യാറായിരുന്നുവെന്നത് മറ്റൊരു കാര്യം. ക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ദൂരദർശനിൽ ലൈവ് റ്റെലികാസ്റ്റ് ചെയ്തത് ചരിത്രത്തിന്റെ മറ്റൊരു തമാശയാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് ഇതേ ദൂരദർശനിൽ രാമായണവും മഹാഭാരതവും സംപ്രേക്ഷണം ചെയ്താണ് ഹൈന്ദവതയുടെ അന്തരീക്ഷം എളുപ്പത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിലെത്തിച്ചത്. അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങളും ലൈവായി ദൂരദർശനും സ്വകാര്യ ചാനലുകളും നൽകും.

ബാബറി മസ്ജിദ് തകർക്കുമ്പോൾ നിരവധി ബിജെപി നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു.  മുരളി മനോഹർ ജോഷി, ബിജെപിയുടെ അന്നത്തെ പ്രസിഡന്റ്, എൽ.കെ. അദ്വാനി, വിജയരാജെ സിന്ധ്യ
ബാബറി മസ്ജിദ് തകർക്കുമ്പോൾ നിരവധി ബിജെപി നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. മുരളി മനോഹർ ജോഷി, ബിജെപിയുടെ അന്നത്തെ പ്രസിഡന്റ്, എൽ.കെ. അദ്വാനി, വിജയരാജെ സിന്ധ്യദ പ്രിൻ്റ്
ഒന്നര നൂറ്റാണ്ടിന് മുമ്പ് ഒറ്റപ്പെട്ട സംഘടനകളാരംഭിച്ച ചില പ്രാദേശിക തർക്കങ്ങളെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന വൈകാരിക-രാഷ്ട്രീയായുധമാക്കി മാറ്റാൻ സംഘപരിവാറിനും അതിന്റെ സമകാലിക രാഷ്ട്രീയ അവയവം ആയ ബി ജെ പിക്കും സാധിച്ചുവെന്നതാണ് ബാബ്‌രിപള്ളിയുടെ വിധിയുടെ ബാക്കി പത്രം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളിലേറെയായി 'അയോധ്യ'എന്ന സ്ഥലനാമവും ശ്രീരാമനെന്ന ദൈവനാമവും ഭൂരിപക്ഷവർഗ്ഗീയതയുടെ, ആണത്വ വെല്ലുവിളികളുടെ, ആൾക്കൂട്ട ആക്രമണത്തിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള പരിപൂർണ പുച്ഛത്തിന്റെ എല്ലാം പ്രതീകമാണ്. അതിന്റെ തുടർച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാഷിസം

ഭൂമിപൂജയുടെ ലൈവ് സംപ്രേക്ഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദൂരദർശൻ അവതാരകൻ ആവർത്തിച്ച് വിശേഷിപ്പിച്ചത് 'ജാജുമാൻ' എന്നായിരുന്നു. ജാജുമാൻ എന്ന സംസ്‌കൃത/വേദ പദത്തിൽ നിന്നാണ് യജമാൻ എന്ന് മലയാളത്തിലെ വാക്ക് രൂപപ്പെട്ടത്. യജ്ഞാചാര്യൻ എന്നാണതിന്നർഥം. ഇവിടെ ആർക്കുവേണ്ടിയാണോ യജ്ഞം നടത്തുന്നത് അയാളാണ് ജാജുമാൻ. പള്ളി പൊളിച്ചിടത്ത് അമ്പലം പണിയുന്ന ചടങ്ങിന്റെ ജാജുമാനായിരുന്നുവത്രേ ഇന്ത്യൻ പ്രധാനമന്ത്രി. ഹൈന്ദവ രാഷ്ട്രീയ സങ്കൽപ്പത്തിൽ ജാജുമാൻ എന്ന വാക്കിന്റെ അർത്ഥം വളരെ വളരെ വലുതാണ്. രാജാവായ ജാജുമാനാണ് അശ്വമേധത്തിൽ കുതിരയുടെ കെട്ടഴിച്ചുവിടുന്നത്. എല്ലാ യജ്ഞങ്ങളും വയലൻസിന്റെ തുടക്കമാണ്. അധികാരത്തിന്റെ സ്ഥാപനമാണ്. ജനാധിപത്യത്തിലല്ല അത് നടക്കുന്നത്. ഇന്ത്യൻ മതേതരത്വത്തെ രണ്ടായി മുറിച്ച്, ഹിന്ദുവിനേയും മുസ്ലീമിനേയും നിരന്തര കലാപത്തിലേയ്ക്ക് തള്ളിവിട്ട് എൽ.കെ.അദ്വാനി നടത്തിയ രഥയാത്രയുടെ കോഓർഡിനേറ്റർ, സംയോജക് ആയിരുന്നു മോഡി. പള്ളി പൊളിക്കുന്നതിന്റെ സംയോജൻ. ഇപ്പോൾ പ്രധാനമന്ത്രിയായി ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്ത്യപൂജയുടെ യജ്ഞാചാര്യ പദവിയിലേയ്ക്കെത്തി.

പക്ഷേ ഒന്നര നൂറ്റാണ്ടിന് മുമ്പ് ഒറ്റപ്പെട്ട സംഘടനകളാരംഭിച്ച ചില പ്രാദേശിക തർക്കങ്ങളെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന വൈകാരിക-രാഷ്ട്രീയായുധമാക്കി മാറ്റാൻ സംഘപരിവാറിനും അതിന്റെ സമകാലിക രാഷ്ട്രീയ അവയവം ആയ ബി ജെ പിക്കും സാധിച്ചുവെന്നതാണ് ബാബ്‌രിപള്ളിയുടെ വിധിയുടെ ബാക്കി പത്രം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളിലേറെയായി 'അയോധ്യ'എന്ന സ്ഥലനാമവും ശ്രീരാമനെന്ന ദൈവനാമവും ഭൂരിപക്ഷവർഗ്ഗീയതയുടെ, ആണത്വ വെല്ലുവിളികളുടെ, ആൾക്കൂട്ട ആക്രമണത്തിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള പരിപൂർണ പുച്ഛത്തിന്റെ എല്ലാം പ്രതീകമാണ്. അതിന്റെ തുടർച്ചയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാഷിസം. വീടുകളിൽ, ആൾക്കൂട്ടങ്ങളിൽ, വാട്‌സ്അപ് ഗ്രൂപ്പുകളിൽ, റെസിഡന്റ് അസോസിയേഷനുകളിൽ...അഥവാ ഏത് മധ്യവർഗ്ഗ കൂട്ടായ്മകളിലും നമ്മൾ അഭിമുഖീകരിക്കുന്ന കാവി നിറമുള്ള അരാഷ്ട്രീയത. നമ്മുടെ റ്റെലിവിഷൻ ചാനലുകളും പത്ര മാധ്യമങ്ങളും ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ഭരണകൂട വാഴ്ത്തുകൾ. നിർലജ്ജം നിരന്തരം തുടരുന്ന ഗീൽബൽസിയൻ വാഴ്ത്തുകൾ.

ഇല്ല, അപ്പോഴും ഹിന്ദുത്വത്തിന്റെ അജണ്ട പൂർത്തിയായിട്ടില്ല. പൂർണമായും ഇത് ഹിന്ദുരാജ്യമായിട്ടില്ല. യേ തോ കേവൽ ഝാകി ഹേ, കാശി മധുരാ ബാകി ഹേ!! ആണവായുധം പതിക്കും മുമ്പുള്ള സൈറൺ പോലെ ആ മുദ്രാവാക്യം ഇന്ത്യയുടെ അവശിഷ്ടങ്ങളിൽ മുഴങ്ങുന്നുണ്ട്

അടുത്ത ദിവസം രാമക്ഷേത്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തുറന്നുനൽകും. ഇന്ത്യ ഇന്നുവരെ കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ മേളയാകുമത്. ഹിറ്റ്‌ലറുടെ ഒളിമ്പിക്‌സോ ന്യൂറംബർഗ് സമ്മേളനമോ പോലൊന്ന്. ചിത്രീകരിക്കാൻ ഒട്ടേറെ ലെനി റീഫൾസ്റ്റൾമാർ നിരന്ന് നിൽക്കുന്നുണ്ട്. മാധ്യമങ്ങളുടെ വേഷത്തിൽ. പള്ളി പൊളിച്ചത് അപലപിച്ചവർ, മോഡി വെറുപ്പിന്റെ പ്രചാരകനാണ് എന്ന് പ്രഖ്യാപിച്ചവർ. ഇന്നവരെല്ലാം അതെല്ലാം മറന്ന്, രാമക്ഷേത്രം അവിടെ തന്നെ പണിയുമെന്ന് അലമുറയിടുന്നു. രാമൻ വനവാസം കഴിഞ്ഞ് തിരികെയെത്തി എന്ന് ഭക്തസാന്ദ്രമാകുന്നു. മോഡി തറയിൽ കിടക്കുന്നു, കരിക്കിൻ വെള്ളം കുടിക്കുന്നു, നോമ്പ് നോൽക്കുന്നുവെന്ന് സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. കേന്ദ്രസർക്കാർ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അവധി അനുഭവിക്കുമ്പോൾ ആനന്ദമൂർച്ഛിതരാകുന്നു. ആ ആൾക്കൂട്ടഭ്രാന്തിൽ സർവ്വതും അലിഞ്ഞ് ചേരുന്നു.

ഇല്ല, അപ്പോഴും ഹിന്ദുത്വത്തിന്റെ അജണ്ട പൂർത്തിയായിട്ടില്ല. പൂർണമായും ഇത് ഹിന്ദുരാജ്യമായിട്ടില്ല. യേ തോ കേവൽ ഝാകി ഹേ, കാശി മധുരാ ബാകി ഹേ!! ആണവായുധം പതിക്കും മുമ്പുള്ള സൈറൺ പോലെ ആ മുദ്രവാക്യം ഇന്ത്യയുടെ അവശിഷ്ടങ്ങളിൽ മുഴങ്ങുന്നുണ്ട്.  

logo
The Fourth
www.thefourthnews.in