ആരുടെ 'ഭാരതം'? ആരാണ് 'ഭാരതീയൻ'?

ആരുടെ 'ഭാരതം'? ആരാണ് 'ഭാരതീയൻ'?

ഹിന്ദു എന്ന വാക്ക് ഭാരതീയമോ? അതുമല്ല. പ്രാചീന പേർഷ്യൻ വേദഗ്രന്ഥമായ സെൻഡ് അവസ്തയിലാണ് ഹിന്ദു എന്ന വാക്ക് നാമാദ്യം കാണുക

ആരായിരുന്നെന്നോ നാം? വെറും ഇരതേടി മനുഷ്യൻ. അവനോ അവൾക്കോ അവർ സഞ്ചരിക്കുന്ന ഭൂഖണ്ഡങ്ങൾക്കോ പേര് പോലും ഇല്ലായിരുന്നു. അന്ന് ഇന്ത്യയുമില്ല, ഭാരതവുമില്ല. പിൽക്കാലത്ത് 'ഇന്ത്യ അതായത് ഭാരതം' ആയി മാറിയ ഇവിടെയും ഉണ്ടായിരുന്നത് ആദിമ മനുഷ്യൻ. അവിടേയ്ക്കാണ് 65,000 വർഷം മുൻപ് ഇന്നത്തെ ആഫ്രിക്കയിൽനിന്ന് ആദ്യ കുടിയേറ്റം സംഭവിക്കുന്നത്. 'Early Indians: The story of our Ancestors and Where We Came From' എന്ന ഗംഭീര പുസ്തകം രചിച്ച ടോണി ജോസഫിന്റെ ഭാഷയിൽ ഇവരാണ് First Indians. ഇന്ത്യയിലെ ആദ്യ പൗരന്മാർ.

ആർഷ ഭാരത സംസ്കാരമെന്നാൽ ആര്യാധിനിവേശത്തിന്റെ മാത്രം സംഭാവനയെന്ന ഊറ്റംകൊള്ളൽ വേണ്ട

നമ്മുടെ മുതുമുതുമുത്തശ്ശന്മാർ (മുത്തശ്ശിമാരും) ആര് എന്ന അന്വേഷണവുമായി നാമൊരു യാത്രയിലാണെന്ന് കരുതുക. ആദ്യം നേരത്തെ സൂചിപ്പിച്ച ആദിമ മനുഷ്യർ, അവിടേക്ക് 65,000 വർഷം മുമ്പ് ആഫ്രിക്കയിൽനിന്ന് കുടിയേറിപ്പാർത്തവർ, പിന്നീട് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് ഇറാനിലെ സാഗ്രോസ് പ്രദേശത്തുനിന്ന് ഇടയ, കാർഷിക സമൂഹങ്ങളുടെ കുടിയേറ്റം സംഭവിക്കുന്നു. ഇതാണ് ഇവിടേയ്ക്കുള്ള രണ്ടാമത്തെ കുടിയേറ്റം.

ചൈനയുടെ കാർഷിക ഹൃദയഭൂമിയിൽനിന്ന് തുടങ്ങി കിഴക്കൻ ഏഷ്യ വഴി ഇന്ത്യയിൽ എത്തിയവരാണ് മൂന്നാമത്തെ കൂട്ടർ. ഓസ്ട്രോ-ഏഷ്യാറ്റിക് ഭാഷ സംസാരിച്ചിരുന്നവരാണ് ഇവർ. ഇതിൽപ്പെട്ട ഖാസി, മുണ്ടാരി ഭാഷകൾ ഇന്നും വടക്കു കിഴക്കൻ ഇന്ത്യയിലെ വിവിധ വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്.

നേരത്തെ ആഫ്രിക്കയിൽനിന്ന് കുടിയേറി പാർത്തവരുമായി ഇറാനിൽ നിന്നെത്തിയ ഇടയ, കാർഷിക സമൂഹത്തിന്റെ കൂടിച്ചേരലിൽനിന്നാണ് മഹത്തായ ഹാരപ്പൻ നാഗരികതയുടെ ഉദയം. അവിടേക്കാണ് മൂന്നാമത്തെ വിഭാഗത്തിന്റെ വരവ്.

ആരുടെ 'ഭാരതം'? ആരാണ് 'ഭാരതീയൻ'?
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

പിന്നീടാണ് ഏകദേശം നാലായിരത്തോളം വർഷം മുമ്പ്, ബിസിഇ 2000നും 1000നും മധ്യേ മദ്ധ്യേഷ്യയിൽനിന്ന്, അതായത് ഇന്നത്തെ ഖസാക്കിസ്ഥാനിൽനിന്ന് ആര്യന്മാർ വരുന്നത്. അതായത് ചരിത്രത്തിലെ നാലാമത്തെ കുടിയേറ്റം. ആര്യ, വൈദിക കാലത്തിൽ നിന്നല്ല ഈ സംസ്കാരത്തിന്റെ തുടക്കം കുറിക്കൽ എന്നർത്ഥം.

പലയിടങ്ങളിൽ നിന്നായി പുറപ്പെട്ട് ദൂരങ്ങൾ താണ്ടി പിൽക്കാലത്ത് ഇന്ത്യ എന്നും ഭാരതം എന്നും വിളിക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്ത് എത്തിച്ചേർന്ന പല പല മനുഷ്യ സമൂഹങ്ങൾ കൂടിക്കലർന്നുണ്ടായതാണ് ഭാരതീയ സംസ്കാരം. അതല്ലാതെ ആർഷ ഭാരത സംസ്കാരമെന്നാൽ ആര്യാധിനിവേശത്തിന്റെ മാത്രം സംഭാവനയെന്ന ഊറ്റംകൊള്ളൽ വേണ്ടെന്ന് ചുരുക്കം.

ടോണി ജോസഫ് ഒരഭിമുഖത്തിൽ പറയുന്നു, ''Public imagination is Indian civilization is flows from the Arya Sanskrit Vedic civilization, that is wrong. The Arya Vedik Sanskrit culture is an important part of our civilization, but it's not the only one, it's not even the earliest one, the Harappan civilization and it's culture precedes that.''

4000 വർഷമെങ്കിലും പഴക്കം കണക്കാക്കുന്ന ഹാരപ്പൻ നാഗരികതയെന്ന് വിളിക്കപ്പെടുന്ന സിന്ധു നദീതട നാഗരികതയ്ക്കും പിന്നോട്ടുപോയാൽ നമ്മൾ ഇന്നത്തെ ഇന്ത്യക്ക് വെളിയിലെത്തും. ഇന്നത്തെ ഒരു മതവും അന്നില്ല.

പല കാലങ്ങളിൽ വന്ന പലരിൽ ആരാണ് എന്റെ മുത്തശ്ശൻ, മുത്തശ്ശി എന്ന് ചോദിച്ചാൽ എന്തുത്തരം പറയും? ആരാണ് യഥാർത്ഥ ഭാരതീയൻ, ഏതാണ് യഥാർത്ഥ ഭാരതം എന്ന ചോദ്യത്തിന് എന്താണ് മറുപടി? അന്നുണ്ടായിരുന്ന അതിരുകളില്ലാത്ത ഭൂമിയിൽ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും എല്ലാമൊന്ന്. ഇന്നത്തെ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയിൽ കഴിയുന്നവർ ഇന്ത്യക്കാർ എന്നേ പറയാനാകൂ.

കുടിയേറ്റങ്ങളുടെ ചരിത്രം പറയാനുള്ള ഒരു ദേശീയതയെ ഒരൊറ്റ നൂലിൽ കോർക്കാനാകില്ല

ഇനി ഇന്ത്യ എന്ന പേര് ഇന്ത്യനാണോ? അത് ബ്രിട്ടീഷ് അധിനിവേശത്തിന്റെ സംഭാവനയോ? ഹിന്ദു എന്ന വാക്ക് ഭാരതീയമോ? അതുമല്ല. പ്രാചീന പേർഷ്യൻ വേദഗ്രന്ഥമായ സെൻഡ് അവസ്തയിലാണ് ഹിന്ദു എന്ന വാക്ക് നാമാദ്യം കാണുക. അഹുര മാസ്ഡ സൃഷ്ടിച്ച 16 ഭൂപ്രദേശങ്ങളിൽ ഒന്നിന്റെ പേര് ഹപ്തഹിന്ദു എന്നാണ്. ഇതാണ് ഋഗ്വേദത്തിലെ സപ്തഹിന്ദു. പേർഷ്യൻ ചക്രവർത്തിയായിരുന്ന ദാരിയുസിന്റെ ലിഖിതത്തിലും അന്നത്തെ കളിമൺ ഫലകത്തിലും Hidu (Hindu), Hi-in-tu(India) എന്നെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീക്ക് ചരിത്രകാരൻ ഹെറഡോട്ടസ് Indoi എന്നാണ് ഈ പ്രദേശത്തെ രേഖപ്പെടുത്തുന്നത്. സിന്ധു ഹിന്ദുവും ഇന്ത്യനും ഒക്കെയായി മാറിയെന്നതാണ് യാഥാർത്ഥ്യമെന്ന് വിദേശത്തെയും സ്വദേശത്തെയും ചരിത്രകാരന്മാരും ഭാഷാശാസ്ത്രജ്ഞരും ഒരുപോലെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ മാറ്റങ്ങളെല്ലാം തികച്ചും ഭൂമിശാസ്ത്രപരമായിരുന്നു, ഒട്ടും മതപരമായിരുന്നില്ല.

ഞങ്ങൾ ആർഷഭാരത സംസ്കാരത്തിന്റെ പതാക വാഹകർ, വന്നുകയറിയ മറ്റുള്ളോരെല്ലാം സ്വന്തം പൗരത്വം സാക്ഷ്യപ്പെടുത്തേണ്ടവരെന്ന് ചിലർ പറഞ്ഞുനടക്കുമ്പോൾ ഹിന്ദുവെന്ന വാക്ക് പോലും, നമ്മുടെ പൂർവികർ പോലും വന്നുകയറിയവരാണെന്ന സത്യം ബോധപൂർവം വിസ്മരിക്കുന്നു. പുതിയ മതരാഷ്ട്ര നിർമിതിക്ക് യോജിക്കുംവിധം പുതിയ ചരിത്രവും പുതിയ പാഠപുസ്തകങ്ങളും രചിക്കുന്നു. എതിർക്കുന്നവരെ എടാ തെണ്ടീ എന്ന് വിളിക്കാൻ പുതിയ ഐസക്കുമാർ അവതരിക്കുന്നു.

ആരുടെ 'ഭാരതം'? ആരാണ് 'ഭാരതീയൻ'?
സിഐ ഐസക്, അടിമുടി ആർഎസ്എസ്

ആദിമ മനുഷ്യർ അധിവസിച്ചിരുന്ന ഭാരതം. ആഫ്രിക്കയിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്ത് വന്നവർ കുടിയേറി പാർത്ത ഭാരതം. ഇറാനിൽനിന്ന് യാത്ര പുറപ്പെട്ട ഇടയന്മാർ എത്തിച്ചേർന്ന ഭാരതം. കിഴക്കൻ ഏഷ്യ വഴി ഇന്ത്യയിൽ എത്തിയവരുടെ ഭാരതം. അതിനും ശേഷം മാത്രം ആര്യന്മാരുടെ ഭാരതം. പിന്നെ ഗ്രീക്കുകാർ, ജൂതന്മാർ, പാഴ്സികൾ, പോർച്ചുഗീസുകാർ, മുഗളന്മാർ, ഫ്രഞ്ചുകാർ, ഡച്ചുകാർ ഒടുവിൽ ബ്രിട്ടീഷുകാർ. ഇവരുടെയൊക്കെ അധിനിവേശങ്ങൾ, കൂടിച്ചേരലുകൾ, ഭാഷാ പരവും സാംസ്കാരികവുമായ ഇടകലരലുകൾ. പലരുടെയും വരവും പോക്കും. പല ഭാഷകൾ, പല സംസ്കാരം, പല മതം, പല പല ജാതികൾ. ഇതിലേതാണ് നിങ്ങൾ വേലികെട്ടി തിരിക്കുന്ന ആർഷ ഭാരതം? അങ്ങനെയൊന്നില്ല.

കുടിയേറ്റങ്ങളുടെ ചരിത്രം പറയാനുള്ള ഒരു ദേശീയതയെ ഒരൊറ്റ നൂലിൽ കോർക്കാനാകില്ല. അതിനാലാണ് റിപ്പബ്ലിക് ഓഫ് ഇന്ത്യ അതായത് ഭാരതം എന്ന നല്ലവണ്ണം ആലോചിച്ചുറപ്പിച്ചുള്ള വിശേഷണം. ആ വൈവിദ്ധ്യത്തിന്റെ സൗന്ദര്യത്തെ ഭാരതം എന്ന് മാത്രമാക്കി വെട്ടിച്ചുരുക്കുമ്പോൾ ഇല്ലാതാകുന്നത് കാലം നൽകിയ കൂടിച്ചേരലുകളുടെ സമൃദ്ധി.

ഇന്ത്യയുടെ കടയ്ക്കൽ കത്തിവച്ച് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി ചുരുക്കുവോർ രണ്ട് ചോദ്യങ്ങൾക്ക് കൂടി മറുപടി നൽകണം, ആരുടെ ഭാരതം? ആരാണ് ഭാരതീയൻ?

logo
The Fourth
www.thefourthnews.in