'വാഗ്ദത്ത ഭൂമി'യിൽ മുങ്ങുന്ന മലയാളികള്‍; ഇസ്രയേല്‍ നല്‍കുന്ന ആകര്‍ഷണമെന്ത്?

'വാഗ്ദത്ത ഭൂമി'യിൽ മുങ്ങുന്ന മലയാളികള്‍; ഇസ്രയേല്‍ നല്‍കുന്ന ആകര്‍ഷണമെന്ത്?

തീര്‍ത്ഥാടക സംഘത്തോടൊപ്പം ഇസ്രയേലിലെത്തി സംഘത്തില്‍നിന്ന് സാഹചര്യം മുതലാക്കി മുങ്ങുന്നതാണ് ജോലിക്കായി എത്തുന്നവരുടെ രീതി

യഹൂദന്റെ വാഗ്ദത്തഭൂമി, ക്രൈസ്തവന്റെ പുണ്യഭൂമി, ഇസ്ലാമിന്റെയും പ്രധാന ആരാധനാലയങ്ങളില്‍ ഒന്ന്...ഇവയെല്ലാം സ്ഥിതിചെയ്യുന്ന ജെറുസലേം തലസ്ഥാനമായ കൊച്ചുരാജ്യമായ ഇസ്രയേല്‍ ഇന്ന് തൊഴിലന്വേഷകരായ മലയാളികള്‍ എത്തിച്ചേരാന്‍ കൊതിക്കുന്ന ഇടം കൂടിയാണ്. മികച്ച വരുമാനസാധ്യതയുള്ള ഇസ്രയേലില്‍ എങ്ങനെയും എത്തിപ്പെടുകയെന്ന ചിന്തയെ ഉൾക്കൊണ്ടുവേണം വിസിറ്റിങ് വിസയിലെത്തിയശേഷം ട്രാവല്‍ ഏജന്‍സിയെ കബളിപ്പിച്ച് ഏഴ് മലയാളികൾ മുങ്ങിയ സംഭവത്തെ സമീപിക്കാൻ.

'വാഗ്ദത്ത ഭൂമി'യിൽ മുങ്ങുന്ന മലയാളികള്‍; ഇസ്രയേല്‍ നല്‍കുന്ന ആകര്‍ഷണമെന്ത്?
ട്രാവൽ ഏജൻസിയെ കുരുക്കിലാക്കി ഏഴ് മലയാളികൾ ഇസ്രയേലിൽ മുങ്ങി; പ്രവൃത്തി ബോധപൂർവമെന്ന് ടൂർ ഓപ്പറേറ്റർ

വയോധികരെയും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും ശുശ്രൂഷിക്കുന്ന കെയര്‍ ഗീവര്‍ ജോലിക്ക് ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഇസ്രയേല്‍ വിസ നല്‍കുന്നുണ്ട്. വീടുകളില്‍ തനിച്ചുകഴിയുന്ന പ്രായം ചെന്നവര്‍ക്കൊപ്പം താമസിച്ച് ശുശ്രൂഷ നല്‍കുക, അതല്ലെങ്കില്‍ കെയര്‍ ഹോമുകളില്‍ കെയര്‍ ഗീവറായി ജോലി നോക്കുക എന്നതാണ് ജോലി. നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് മാത്രമല്ല പത്താംക്ലാസ് വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ഈ ജോലിക്ക് വിസ ലഭിക്കും. മികച്ച ശമ്പളമാണ് ആകര്‍ഷണം. താമസം വീടുകളില്‍ തന്നെയായതിനാല്‍, ശമ്പളത്തില്‍നിന്ന് ഭക്ഷണച്ചെലവ് പോലും നഷ്ടമാകില്ലെന്നതാണ് പ്ലസ് പോയിന്റ്.

ശരാശരി 4500 മുതല്‍ 5500 ഷെക്കല്‍ വരെയാണ് ഇപ്പോള്‍ ഒരു കെയര്‍ ഗീവറുടെ മാസശമ്പളം. 22 ഇന്ത്യന്‍ രൂപയാണ് ഒരു ഇസ്രയേല്‍ ഷെക്കല്‍. അതായത് 99,000 മുതൽ 1.21 ലക്ഷം രൂപ വരെ മാസവരുമാനം.

വിസയ്ക്കായി ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് മുന്നിലെ എളുപ്പവഴിയാണ് തീര്‍ത്ഥാടക വിസയില്‍ ഇസ്രയേലില്‍ പോകുകയെന്നത്

കെയര്‍ ഗീവര്‍ വിസ ലഭിക്കണമെങ്കില്‍ ഇസ്രയേലിലെ മാന്‍പവര്‍ ഏജന്‍സിയുമായി ബന്ധപ്പെടണം. അത് അത്ര എളുപ്പമല്ലാത്തതുകൊണ്ട് ഇടനിലക്കാരെ സമീപിക്കുകയാണ് പതിവ്. ഇവരില്‍ പലരും കെയര്‍ ഗീവര്‍ വിസയില്‍ എത്തി ജോലിചെയ്യുന്ന മലയാളികളാണെന്നതാണ് രസകരം. ഒരാള്‍ക്ക് വിസ നല്‍കാനായി ഇസ്രയേലിലെ മാന്‍ പവര്‍ ഏജന്‍സി സര്‍ക്കാരിന് നല്‍കേണ്ടത് വളരെ ചെറിയ തുകയാണ്. എന്നാല്‍ ഇടനിലക്കാരും ഏജന്‍സിയും ചേര്‍ന്ന് 18 മുതല്‍ 22 ലക്ഷം വരെ ഈടാക്കും. വിസയ്ക്കായി ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് മുന്നിലെ എളുപ്പവഴിയാണ് തീര്‍ത്ഥാടക വിസയില്‍ ഇസ്രയേലില്‍ പോകുകയെന്നത്. ടൂര്‍ ഏജന്‍സികളുടെ പാക്കേജില്‍ രണ്ട് ലക്ഷം രൂപയില്‍ താഴെയാണ് വിശുദ്ധനാട് സന്ദര്‍ശിച്ച് മടങ്ങിവരാന്‍ ഒരാള്‍ മുടക്കേണ്ടി വരുന്നത്.

സുഹൃത്തുക്കളോ പരിചയക്കാരോ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ സഹായം അവിടെയെത്തുമ്പോള്‍ ലഭിക്കുമെന്ന് ഉറപ്പുകിട്ടിയാല്‍ തീര്‍ത്ഥാടക സംഘത്തോടൊപ്പം ഇസ്രയേലിലെത്തി സംഘത്തില്‍നിന്ന് സാഹചര്യം മുതലാക്കി മുങ്ങുന്നതാണ് രീതി. ഇത്തരത്തില്‍ ആളുകളെ ഇസ്രയേലിലേക്ക് വലിയ സംഘമായി കടത്തുന്ന ഏജന്‍സികള്‍ കേരളത്തിലുണ്ട്. അത്തരക്കാര്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ഒരാളില്‍ നിന്ന് ഈടാക്കുക.

അനധികൃതമായി കുടിയേറുന്നവര്‍ ടെല്‍ അവീവിലുള്ള യു എന്‍ എംബസിയിലെത്തി അഭയാർഥി വിസ ഉറപ്പാക്കിയാണ് ഇസ്രയേലിൽ തുടരുന്നത്

ഇസ്രയേലില്‍ എത്തുന്ന സംഘത്തില്‍നിന്ന് വേര്‍പെട്ടാല്‍, മുന്‍ നിശ്ചയപ്രകാരം പരിചയക്കാരുടെ താമസസ്ഥലത്തേയ്ക്ക് എത്തുന്ന ഒളിച്ചോട്ടക്കാര്‍ക്ക് മൂന്നാഴ്ചയില്‍ കൂടുതല്‍ അവിടെ തങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിവീണാല്‍ നാട്ടിലേക്ക് തിരികെ അയയ്ക്കും. അനധികൃതമായി എത്തുന്ന ഇത്തരക്കാര്‍ നിയമപരിരക്ഷ ഉറപ്പാക്കുന്നത് അഭയാര്‍ഥികള്‍ക്കു സംരക്ഷണം നല്‍കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നയം ഉപയോഗിച്ചാണ്.

ഇസ്രയേലിന്റെ വ്യാപാരതലസ്ഥാനമായ ടെല്‍ അവീവിലുള്ള യു എന്‍ എംബസിയിലെത്തിയാണ് നിയമപരിരക്ഷ തേടുന്നത്. നാട്ടില്‍ കലാപം, നക്‌സല്‍ ആക്രമണം, തീവ്രവാദി ശല്യം, ആഭ്യന്തര യുദ്ധം എന്നിങ്ങനെ ഏതെങ്കിലും കാരണം കാണിച്ച് അഭയാര്‍ത്ഥിയായി അല്‍പ്പകാലം ജീവിക്കാന്‍ അനുമതി വേണമെന്ന് അപേക്ഷ നല്‍കുന്നതാണ് പതിവ്.

ടെൽ അവീവിലെ യുഎൻ എംബസിക്ക്‌ പുറത്ത് പുലർച്ചെ വരിനിൽക്കുന്ന അഭയാർഥികൾ
ടെൽ അവീവിലെ യുഎൻ എംബസിക്ക്‌ പുറത്ത് പുലർച്ചെ വരിനിൽക്കുന്ന അഭയാർഥികൾ

വളരെ ലഘുവായ ഒന്നുരണ്ട് അഭിമുഖ സംഭാഷണത്തിനുശേഷം മൂന്നോ നാലോ മാസം അഭയാര്‍ത്ഥിയായി താമസിക്കാന്‍ യുഎന്‍ അധികൃതര്‍ അനുമതി നല്‍കും. യുഎന്‍ വിസ എന്ന ഓമനപ്പേരിലാണ് അത് അറിയപ്പെടുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും അപേക്ഷ നല്‍കിയാല്‍ കുറച്ച് മാസങ്ങളിലേക്ക് കൂടി തങ്ങാനുള്ള അനുമതി ലഭിക്കും. ഈ അവസ്ഥയില്‍ വര്‍ഷങ്ങളോളം നിയമപരമായി അവിടെ തുടരാന്‍ കഴിയും.

ആഭ്യന്തരയുദ്ധം രൂക്ഷമായ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങളില്‍നിന്നാണ് ഏറ്റവുമധികം ആളുകള്‍ അഭയാര്‍ത്ഥികളായി എത്തുന്നത്. യുഎന്നിന്റെ അനുമതി ലഭിക്കുന്നവര്‍ക്ക് നിയമപരമായി ജോലി ചെയ്യാന്‍ കഴിയില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അത്തരക്കാര്‍ ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ തടയാറില്ല.

'വാഗ്ദത്ത ഭൂമി'യിൽ മുങ്ങുന്ന മലയാളികള്‍; ഇസ്രയേല്‍ നല്‍കുന്ന ആകര്‍ഷണമെന്ത്?
ഇസ്രയേലിൽ കുടുങ്ങിയ മലയാളി യാത്രാസംഘത്തെ മോചിപ്പിച്ചു; തീര്‍ഥയാത്രയ്ക്ക് പോയി മുങ്ങിയ ഏഴ് പേർ ടെൽഅവീവിലുണ്ടെന്ന് സൂചന
അഭയാർഥിയായി വിസ നേടുന്നവർക്ക് ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാൻ കഴിഞ്ഞാൽ മാസം കുറഞ്ഞത് 10,000 ഷെക്കല്‍ സമ്പാദിക്കാം. എന്നാൽ 20 ലക്ഷം രൂപ മുടക്കി വിസയെടുത്ത് നിയമപരമായി പോയവര്‍ 24 മണിക്കൂറും ഒരു വീടിനുള്ളില്‍ അടച്ചിരുന്ന് കഷ്ടപ്പെട്ടാല്‍ മാസം ലഭിക്കുന്നതാവട്ടെ ഇതിന്റെ നേര്‍പകുതിയും

വലിയ തുക വിസയ്ക്ക് നല്‍കി നിയമപരമായി ഇസ്രയേലില്‍ എത്തിയവര്‍ക്ക് കെയര്‍ ഗീവര്‍ എന്ന മേഖലയില്‍ മാത്രമേ ജോലി ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ യുഎന്‍ വിസ ലഭിച്ചവര്‍ക്ക് എന്ത് ജോലിയും ചെയ്യാമെന്ന പ്രത്യേകതയുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, വെയര്‍ഹൗസുകള്‍, എന്നിവിടങ്ങളില്‍ ജോലിക്കുപോകുമ്പോള്‍ മണിക്കൂറിന് 35 മുതല്‍ 40 ഷെക്കല്‍ വരെ കൂലി ലഭിക്കും. ഹൗസ് ക്ലീനിങ് ജോലികള്‍ക്ക് മണിക്കൂറിന് 50-60 ഷെക്കലാണ് കൂലി.

ആരോഗ്യസ്ഥിതിയനുസരിച്ച് എത്ര മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ അത്രത്തോളമാണ് ദിവസക്കൂലി. ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ കുറഞ്ഞത് മാസം 10,000 ഷെക്കല്‍ സാമ്പാദിക്കുന്നു. ഇങ്ങനെ മൂന്നോ നാലോ വര്‍ഷം അവിടെ ജോലി ചെയ്താല്‍ മോശമല്ലാത്ത സാമ്പാദ്യവുമായി മടങ്ങി വരാം. അതാണ് ഇടയ്ക്കിടയ്ക്ക് ഇസ്രയേലില്‍ 'തീര്‍ത്ഥാടകരെ' കാണാതാവാനുള്ള കാരണം. അതേസമയം, 20 ലക്ഷം രൂപ മുടക്കി വിസയെടുത്ത് നിയമപരമായി പോയവര്‍ 24 മണിക്കൂറും ഒരു വീടിനുള്ളില്‍ അടിച്ചിരുന്ന് കഷ്ടപ്പെട്ടാല്‍ മാസം ലഭിക്കുന്നതാവട്ടെ ഇതിന്റെ നേര്‍പകുതിയും.

വിവേകശൂന്യനായ ഒരു കര്‍ഷകന്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സംഘത്തില്‍നിന്ന് മുങ്ങിയ സംഭവത്തോടെയാണ് മാധ്യമങ്ങളില്‍ ഈ ഒളിച്ചോട്ടങ്ങള്‍ വാര്‍ത്തയാകാന്‍ തുടങ്ങിയത്. പതിനായിരത്തോളം മലയാളികള്‍ ഇന്ന് ഇസ്രയേലില്‍ ഇത്തരത്തില്‍ ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ട്

യുഎന്‍ വിസയ്ക്ക് അപേക്ഷ നല്‍കി നിരസിക്കപ്പെടുന്ന ഹതഭാഗ്യവാന്മാര്‍ നിരവധിയുണ്ട്. അത്തരക്കാര്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത് വരെ, അവധിയ്ക്ക് നാട്ടില്‍ പോകുന്ന കെയര്‍ ഗീവര്‍മാര്‍ക്ക് പകരക്കാരായി ജോലി ചെയ്യും. അതിനുപോലും അവസരം കിട്ടാതെ നാട്ടിലേക്ക് തിരികെ അയയ്ക്കപ്പെട്ട ആളുകളുമുണ്ട്.

വിവേകശൂന്യനായ ഒരു കര്‍ഷകന്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സംഘത്തില്‍നിന്ന് മുങ്ങിയ സംഭവത്തോടെയാണ് മാധ്യമങ്ങളില്‍ ഈ ഒളിച്ചോട്ടങ്ങള്‍ വാര്‍ത്തയാകാന്‍ തുടങ്ങിയത്. പതിനായിരത്തോളം മലയാളികള്‍ ഇന്ന് ഇസ്രയേലില്‍ ഇത്തരത്തില്‍ ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ട്. യുദ്ധവും സംഘര്‍ഷങ്ങളും ഉണ്ടാകുമ്പോഴുള്ള ചെറിയ അരക്ഷിതാവസ്ഥ മാറ്റിനിര്‍ത്തിയാല്‍ യൂറോപ്പ് അല്ലെങ്കില്‍ പോലും ഏതൊരു യൂറോപ്യന്‍ രാജ്യത്തോടും ഒപ്പംനില്‍ക്കുന്ന സംസ്‌കാരമാണ് ഇസ്രയേലിനുള്ളത്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞവരുടെ തലമുറകളാണല്ലോ ഇന്നവിടെയുള്ളത്.

പാലക്കാട് അട്ടപ്പാടി സ്വദേശിയായ ലേഖകന്‍ ആറ് വര്‍ഷം ഇസ്രായേലില്‍ ജോലിചെയ്തിട്ടുണ്ട്

logo
The Fourth
www.thefourthnews.in