എം പി നാരായണപിള്ളയെന്ന നാണപ്പൻ ഓർമ്മയായിട്ട്  കാൽ നൂറ്റാണ്ട്

എം പി നാരായണപിള്ളയെന്ന നാണപ്പൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

വർഷം ഇരുപത്തിയഞ്ചു കഴിഞ്ഞിട്ടും അക്ഷരങ്ങളുടെ ലോകത്ത് നാണപ്പന്റെ വിയോഗമുണ൪ത്തുന്ന ശൂന്യത ഒരിക്കൽ കൂടി നാം അറിയുന്നു

ബോബെയിൽ, അഥവാ മുബൈയിൽ,ബോറിവ്‌ലി ഗ്രാമത്തിൽ ഒരു കുട്ടിച്ചാത്തനുണ്ടായിരുന്നു. ശാന്തി ആശ്രമത്തിന് മുന്നിൽ മാന്തോപ്പുകളുടെ ഇടയിലായിരുന്നു താമസിച്ചിരുന്നത്. താമസിച്ചിരുന്നു എന്ന് പറയുന്നത് ശരിയല്ല, അവിടെ തറച്ചിട്ടിരിക്കുകയായിരുന്നു അതും തന്നെത്താ൯.

സ്വയം ബന്ധനസ്ഥനായി ചാത്തൻ അവിടെ കഴിഞ്ഞ കഥ ബോറിവ്‌ലിയിലെ പഴമക്കാ൪ക്ക് അറിയില്ല. പുതുമക്കാ൪ക്കും. പക്ഷേ, കേരളത്തിലെ അക്ഷരമറിയുന്ന സുരന്മാ൪ക്ക് അറിയാമായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെളളപ്പൊക്കത്തിനും ഒരു പാട് കഴിഞ്ഞ്, എഴുപത്തഞ്ചിലെ അടിയന്തരാവസ്ഥക്കിടയിലേക്ക് നാട്ടിലെങ്ങും ചിന്താക്ഷാമവും അക്ഷരവറുതിയും. ചാത്തൻ ഒരോ കുസൃതിയുമായിറങ്ങി.'

(ഉച്ചിക്ക് മറുകുള്ളവന്റെ ഉപനിഷത്ത്- വിജു വി നായർ)

ഇത്തരമൊരു കുസൃതിയായിരുന്നു എം.പി.നാരായണ പിള്ളയെഴുതിയ ഡൽഹി, മഥുരാ റോഡിലെ ലിങ്ക് ഹൗസിലെ കാന്റീനിന്റെ കഥ. 60 കളുടെ അവസാനം , ഏറെ ശ്രദ്ധേയമായ ഇടതുപക്ഷ പ്രസിദ്ധികരണങ്ങളായ 'ലിങ്ക് ' വാരികയും, പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രവും ഇറങ്ങിയിരുന്ന ബഹദൂർഷാ സഫർ മാർഗിലെ ബഹുനില കെട്ടിട സമുച്ചയമായ ലിങ്ക് ഹൗസിന്റെ മൂന്നാം നിലയിൽ ഒരു കാന്റിനുണ്ടായിരുന്നു.കുഞ്ഞിരാമൻ എന്നൊരാളായിരുന്നു അത് നടത്തിയിരുന്നത്.

രുചിയുള്ള ഭക്ഷണം കൊടുക്കാനുള്ള , കുഞ്ഞിരാമന്റെ കഴിവ് ലിങ്ക് ഹൗസിലുള്ളവരെ, മാത്രമല്ല, തൊട്ടടുത്തുള്ള , പത്രസ്ഥാപനങ്ങളിലുളള വരെപ്പോലും , ആകർഷിച്ചു. ടൈംസ് ഓഫ് ഇന്ത്യയടക്കം ആറോളം പത്ര സ്ഥാപനങ്ങളുള്ള വീഥിയാണ്.ബഹദൂർഷാ സഫർമാർഗ്. അവിടെയുള്ളവരെല്ലാം കുഞ്ഞിരാമന്റെ കാന്റീന്റെ ആരാധകരായി.കച്ചവടം പൊടിപൊടിച്ചു. ചുരുക്കിപ്പറഞ്ഞ ൽ , ലിങ്ക് ഹൗസിൽ നിന്ന് ഇറങ്ങുന്ന പേട്രിയറ്റ് പത്രത്തെക്കാൾ ലാഭമായി, കുഞ്ഞിരാമന്റെ കച്ചവടം. അങ്ങനെ, കാന്റീൻ നല്ല രീതിയിൽ ലാഭത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയം.

ഒരു നാൾ സന്ധ്യക്ക് ലിങ്ക് ഹൗസിന്റെ സർവ്വാധികാരിയായ എഡിറ്റർ, എടത്തട്ട നാരായണൻ കാന്റിനിൽ കയറി വരുന്നു. ഈ അപൂർവ്വ സന്ദർശനത്തിൽ, കുഞ്ഞിരാമൻ ഞെട്ടി. എടത്തട്ട കാന്റീൻ മൊത്തമൊന്നു നടന്നു നോക്കി. പലഹാരങ്ങൾ വെച്ചിട്ടുള്ള, കണ്ണാടി അലമാരയിൽ നിന്ന് ഒരു ഉഴുന്നു വടയെടുത്ത് , മണത്തു നോക്കി. പിന്നെ അത് രണ്ടായി പകുത്തു.നൂലുകൾ പാകുന്നു. അത് തിരികെ വെച്ചു. ഇതൊക്കെ കണ്ട് നിന്ന കുഞ്ഞിരാമൻ ഭവ്യതയോടെ ചോദിച്ചു

' ഒരു ചായ എടുക്കട്ടെ ?'

' വേണ്ട 'എടത്തട്ട ' പറഞ്ഞു.

'കച്ചവടമൊക്കെ എങ്ങനെ ? ' ചോദിച്ചു.

''തെറ്റില്ല' കുഞ്ഞിരാമൻ പറഞ്ഞു.

ലാഭമുണ്ടാകുന്നുണ്ടോ ?

ലാഭമുണ്ട്.

നല്ല വിൽപ്പനയാണോ?

നല്ല വിൽപ്പനയാണ്.

ഒരക്ഷരം പറയാതെ മിതഭാഷിയായ എടത്തട്ട തിരിച്ചു പോയി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞിരാമന് പത്രാധിപരുടെ സെക്രട്ടറിയുടെ സന്ദേശം കുഞ്ഞിരാമന് , ഉടനെ പോയി പത്രാധിപരെ കാണാൻ . കുഞ്ഞിരാമൻ പരിഭ്രമിച്ചു. പത്രമോഫീസിൽ തിരക്കേറുന്ന ഈ സമയത്ത്, കാന്റീൻ നടത്തുന്ന, തന്നെ, പത്രാധിപർ കാണണമെങ്കിൽ തക്കതായ കാര്യം കാണും. ക്യാബിനിലെത്തിയ കുഞ്ഞിരാമനോട് ഇരിക്കാൻ പറഞ്ഞ എടത്തട്ട ഒരു നിമിഷം കുഞ്ഞിരാമനെ സൂക്ഷിച്ചുനോക്കി. എന്നിട്ട് പറഞ്ഞു.' കുഞ്ഞിരാമാ, നാളെ മുതൽ നമ്മുടെ സർക്കുലേഷൻ മാനേജർ

താനാണ്. കാലത്ത് പത്ത് മണിക്ക് വന്ന് അപ്പോയ്മെന്റ് ലെറ്റർ ഒപ്പിട്ട് വാങ്ങിക്കൊള്ളുക.'കുഞ്ഞിരാമൻ പരിഭ്രമിച്ചു. സർക്കുലേഷൻ എന്താണെന്നൊന്നും അറിയില്ല. ഇനി പത്രാധിപർ തമാശ പറഞ്ഞതാണോ ?അത്തരം ചെറിയ തമാശ പറയുന്നൊരാളല്ല എടത്തട്ട . അക്കാലത്തെ ഡൽഹിയിലെ , വിശിഷ്ട വ്യക്തി. ആഴ്ചയിലൊരിക്കൽ പ്രധാനമന്ത്രി നെഹറുവിനെ മുടങ്ങാതെ കണ്ടിരുന്നയാൾ.കുഞ്ഞിരാമൻ പറഞ്ഞു' സർക്കുലേഷനെ കുറിച്ച് എനിക്കൊന്നുമറിഞ്ഞു കൂടാ. ഞാൻ എങ്ങും മാനേജറായിരുന്നിട്ടില്ല.'

'അറിയേണ്ട,' എടത്തട്ട .പറഞ്ഞു. കുഞ്ഞിരാമാ, വളിച്ച് നൂലു പാകിയ ഉഴുന്നു വട വിറ്റിട്ടും താൻ ധാരാളം കച്ചവടം ചെയ്യുന്നു. കാന്റീൻ ലാഭകരമായി നടത്തുന്നു. ഇത്തരം ഉഴുന്നു വട വിറ്റ് ലാഭമുണ്ടാക്കുന്ന ഒരാൾക്ക് നമ്മുടെ പത്രം വിറ്റും ലാഭമുണ്ടാക്കാൻ പറ്റും. സർക്കുലേഷനിൽ അറിയാൻ പാടില്ലാത്തത് പറഞ്ഞു തരാൻ ധാരാളമാളുകളുണ്ട്.' ശരി.അങ്ങനെ, കാന്റീൻ നടത്തിയിരുന്ന കുഞ്ഞിരാമൻ ഉദ്യോഗക്കയറ്റം കിട്ടി പിറ്റെന്ന് മുതൽ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ സർക്കുലേഷൻ മാനേജറായി. വർഷങ്ങൾക്ക് ശേഷം കുഞ്ഞിരാമൻ ആ സ്ഥാപനത്തിലെഎറ്റവും മികച്ച സർക്കുലേഷൻ മാനേജർ എന്ന സൽപ്പേരുമായാണ് വിരമിച്ചത്.

ഒരു പത്രത്തിന്റെ എഡിറ്റർ , കാന്റീൻ നടത്തിപ്പുകാരനെ പിടിച്ച് സർക്കുലേഷൻ മാനേജറാക്കുകയെന്ന ഈ വിചിത്ര സംഭവം നാണപ്പൻ മനോഹരമായി എഴുതിയത് , പേട്രിയറ്റിൽ അന്ന് അസിസ്റ്റന്റ് എഡിറ്ററായ ബി. ആർ.പി.ഭാസ്കറെ കുറിച്ചുള്ള കുറിപ്പിലായിരുന്നു.എന്നാൽ ഒരു സാധാരണ സംഭവം അസാധാരണമാക്കി മാറ്റിയതായിരുന്നു ഈ ലേഖനം. ആ സംഭവത്തിനു പിന്നിലെ യഥാർത്ഥ പൊരുൾ ഇങ്ങനെ .

അറുപതുകളുടെ , മദ്ധ്യത്തിൽ ലിങ്ക് ഹൗസ് നിൽക്കുന്ന, ബഹദൂർഷാ സഫർമാർഗ് പിന്നീട് ഡൽഹിയിലെ ഏറ്റവും വിലപിടിപ്പുള്ള, വാണിജ്യ കേന്ദ്രമായി മാറി. സ്ഥലവിലയും , വാടകയും പത്തിരട്ടിയായ് വർദ്ധിച്ചു. ഇത്രയും മൂല്യമുള്ള, ലിങ്ക് ഹൗസിലെ മൂന്നാം നിലയിലെ ഒരു ഭാഗം കാന്റീൻ നടത്താൻ കൊടുത്തത് വലിയൊരു അബദ്ധമാണെന്ന് അപ്പോഴാണ് എടത്തട്ട മനസിലാക്കിയത്.

അതിനാൽ അത് മാറ്റി, ആ ഭാഗം വാടകക്ക് കൊടുത്താൽ നല്ല വാടക ലഭിക്കും. ലിങ്ക് ഹൗസിലെ മുറികളുടെ വാടക ഉപയോഗിച്ചാണ് പ്രസിദ്ധീകരണങ്ങൾ മുന്നോട്ട് പോയിരുന്നത്. അതിനാൽ കാന്റീൻ അവിടെ നിന്ന് മാറ്റണം. പക്ഷേ, തുടക്കം മുതലേ , ആ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കുഞ്ഞിരാമനെയും അയാളുടെ കാന്റീനേയും പരിക്കേൽപ്പിക്കാതെ വേണം അത് സാധിക്കാൻ. അതിന് എടത്തട്ട കണ്ട , വഴിയായിരുന്നു കുഞ്ഞിരാമനെ സർക്കുലേഷൻ മാനേജറാക്കുക.ഏതായാലും. രണ്ട് തീരുമാനവും വിജയകരമായിരുന്നു.

ഈയൊരു കണ്ണി ഒഴിവാക്കി നാണപ്പനെഴുതിയതായിരുന്നു 'ലിങ്ക് ഹൗസ്', മഥുരാ റോഡിലെ ലിങ്ക് ഹൗസിലെ എടത്തട്ട നാരായണൻ എന്ന ചരിത്ര പുരുഷൻ കാന്റീൻകാരനെ സർക്കുലേഷൻ മാനേജറാക്കിയ വിചിത്രമായ കഥ.

എഴുതുന്നതെല്ലാം ഒരു കഥയാക്കി മാറ്റുന്ന, നാടകീയത ശൈലിയാക്കി മാറ്റിയ ഇത്തരം കുറിപ്പുകളിലൂടെ എം.പി നാരായണ പിള്ള വായനക്കാരെ എന്നും രസിപ്പിച്ചിരുന്നു. ഹരം പിടിപ്പിച്ചിരുന്നു. ആദ്യം കലാകൗമുദിയിലും, പിന്നിട് സമകാലീന മലയാളം വാരികയിലും അവസാനം വരെ നിലനിറുത്തിയിരുന്ന ഒരു പേജ് കുറിപ്പ് ഇതേ ശൈലിയിലായിരുന്നു. വായനക്കാരനോട് ലളിതമായി സംസാരിക്കുന്ന ഭാഷയിലെഴുതിയ ചിന്തിപ്പിക്കുന്ന, വേറിട്ട കുറിപ്പുകൾ.

നാണപ്പൻ എന്ന എം.പി.നാരായണ പിള്ള ഓ൪മ്മയായിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. 25കൊല്ലം മുൻപ്, ഒരു മെയ് 19ന് ബോംബെയിലെ ബോറിവ്‌ലിയിൽ കഥാവശേഷനായപ്പോൾ മലയാള വായനക്കാ൪ക്ക് നഷ്ടമായത് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെയാണ്.

എഴുത്തിലൂടെ വായനക്കാ൪ക്ക് എം.പി.നാരായണ പിളള നല്കിയ സ്ഥലജല വിഭ്രാന്തി പിന്നീട് നല്കാ൯ മലയാളത്തിലെ ഒരു പംക്തിക്കാരനും സാധിച്ചിട്ടില്ല. സ്ഥലജലവിഭ്രാന്തിയുണ൪ത്തുന്ന ഒരു കഥയായിരുന്നു എം പി നാരായണ പിളള എന്ന മനുഷ്യച്ചാത്ത൯. ഒരേ സമയം മനുഷ്യനും ചാത്തനുമായ അപൂ൪വ ജന്മം. ഇതേലേതെന്ന് കണിശമായി ഇഴപിരിച്ചറിയാ൯ ജോത്സ്യൻ ഗോവിന്ദഗണകന്റെ തന്നെ സഹായം വേണ്ടി വരുന്ന വിചിത്രാനുഭവം.

80കളിൽ കലാകൗമുദിയിലൂടെയും പിന്നീട് മലയാളം വാരികയിലൂടേയും ഏഴുതിയിരുന്ന എം പി നാരായണപിളളയുടെ ശൈലി, ഒരു തരം ചാത്തനേറു തന്നെയായിരുന്നു. കരുണാകരനായാലും നായനാരായാലും ഒരേ ഏറ്. ആനുകാലിക സംസ്കാരിക രാഷ്ട്രീയസംഭവങ്ങൾക്കെതിരെ എഴുത്തുകാ൪ വലത്തും ഇടത്തും നിന്ന് പ്രതികരിക്കുമ്പോൾ നാണപ്പൻ നിക്ഷ്പക്ഷനായി അവരിൽ നിന്ന് വേറിട്ടു നിന്നു. ആ നിലപാടായിരുന്നു അദ്ദേഹത്തിലെ ലേഖനങ്ങളുടെ പ്രത്യേകതയും,ശക്തിയും. മദ്യരാജാവായ മണ൪ക്കാട് പാപ്പൻ തൊട്ട് ബിൽഗേറ്റ്സിനെ കുറിച്ച് വരെ എം പി നാരായണ പിളള എഴുതി. ഇന്ത്യ സന്ദശിച്ച ബിൽ ഗേറ്റ്സ് ഹിന്ദിയിൽ വേണമെങ്കിൽ വി൯ഡോസ് ഉണ്ടാക്കി തരാമെന്ന് വീമ്പടിച്ചു. പ്രദേശിക ഭാഷകളിൽ ഇത് നിസാരമാണെന്ന് സൂചിപ്പിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്.

ഇതേകുറിച്ച് നാണപ്പ൯ എഴുതി, പ്രോഗ്രാമിങ്ങ് നന്നായി അറിയാവുന്ന ഒരാളെയിട്ടാൽ 25,000 രൂപക്ക് മലയാളത്തിൽ വി൯ഡോസ് ഉണ്ടാക്കാം. ആ സോഫ്റ്റ് വെയറാണ് സ൪ക്കാരിന്റെ സ്റ്റാ൯ഡേഡ് മലയാളം ഭാഷയെന്ന് തീരുമാനിക്കുക. അതായത് സ൪ക്കാരിന്റെ മലയാളം ഈ ലിപിയാണെന്ന് അംഗീകരിക്കുക. ഈ സോഫ്റ്റ് വെയ൪ താലൂക്കോഫീസുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്നും പ്രഖ്യാപിക്കുക. അങ്ങനെ വരുമ്പോൾ ഭൂരിപക്ഷം പേരും ഉപയോഗിക്കുക ഈ മലയാളമായിരിക്കും കാരണം വെറെ ലിപി ഉപയോഗിച്ചാൽ നടക്കില്ല. അരിയെത്രയെന്ന് അടിച്ചാൽ പയറഞ്ഞാഴിയെന്നായിരിക്കും സ൪ക്കാർ കമ്പ്യൂട്ടറുകളിൽ വരിക. അങ്ങനെ മലയാളികളുടെ കമ്പ്യൂട്ടർ നിലവാരം നിശ്ചയിക്കുന്നത് കേരള സ൪ക്കാരാവും. അമിതമായ പ്രചാരത്തിലൂടെ നിലവാരം നിശ്ചയിക്കുകയെന്ന ഒറ്റ മത്സരത്തിന്റെ ഫലത്തിലാണ് കമ്പ്യൂട്ട൪ മേഖലയിലെ വിജയം. അതോടെ ബിൽ ഗേറ്റ്സ് ഔട്ട്. അത് കൊണ്ട് ഈ വിഷയത്തിൽ ബിൽ ഗേറ്റ്സിന്റെ വീമ്പടി മലയാളികൾ കണക്കിലെടുക്കേണ്ട എന്നായിരുന്നു ഈ ലളിതമായ ലേഖനത്തിലൂടെ നാണപ്പ൯ വ്യക്തമാക്കിയത്. മലയാള ഭാഷ നമുക്കുളളതാണ് അത് സായിപ്പിന് കളിക്കാനുളളതല്ല എന്നായിരുന്നു നാരായണ പിളളയുടെ വാദം.

ഒരിക്കൻ കേരളത്തിലേതോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരു കുട്ടി മലയാളം സംസാരിച്ചതിന് ശിക്ഷയായി സ്ക്കൂളധകൃത൪ ശിക്ഷണനടപടിയായി കുട്ടിയുടെ തല മൊട്ടയടിച്ചു. നാടെങ്ങും ഇതിനെതിരെ രോഷമുണ൪ന്നു. സാംസ്കാരിക നായകന്മാർചാടി വീണു പ്രതികരിച്ചു.

ഈ അന്ധമായ ബഹളങ്ങൾക്കു നേരെ മുഖം തിരിച്ച് നാരായണ പിളള എഴുതി. തന്തയും തളളയും ചെറുക്ക൯ നാല് വാക്ക് ഇംഗ്ലീഷ് സംസാരിക്കട്ടെ എന്ന് വിചാരിച്ചാണ് വീടിന്റെ ആധാരം പണയം വെച്ച് അവനെ ഇംഗ്ലീഷ് മീഡിയത്തിൽ ചേ൪ത്തത്. അപ്പോൾ ചെറുക്ക൯ ഇംഗ്ലീഷ് തന്നെ പറയണം. മുടിവെട്ടിയതിൽ ഒരു തെറ്റുുമില്ല. തലയല്ലല്ലോ വെട്ടിയത് തലമുടിയല്ലേ. അത് വേഗം വള൪ന്നോളും.

1960കളിൽ തന്റെ പുഷ്കലകാലത്ത് ഹോങ്കോങ്ങിലായിരുന്ന നാണപ്പ൯.അവിടെയും തനി മലയാളിയായി ജീവിച്ചു. 'ഫാർ ഈസ്‌റ്റേൺ ഇക്കണോമിക്ക് റിവ്യൂ ' എന്ന പ്രസിദ്ധീകരണത്തിലായിരുന്നു ജോലി.

ഇടയ്ക്ക് അടുക്കളയിൽ കയറി പാചകം ചെയ്യുന്ന നാണപ്പ൯ കൂടെ താമസിക്കുന്ന ഹോങ്കോങ്ങുകാർക്ക് പിടികിട്ടാത്ത ഒരു സമസ്യയായിരുന്നു. നാണപ്പ൯ അടുപ്പിൽ പാത്രത്തിൽ പപ്പടം കാച്ചുന്നു.പോളയുമായി പൊങ്ങിവരുന്ന പപ്പടം കണ്ട് അവ൪ ഞെട്ടി. ഇവ൯ ആഭിചാരക്കാര൯ തന്നെ. ഹോങ്കോങ്ങിലെ സായിപ്പിന്റെ കൊളോണിയൻ പൊങ്ങച്ചവും അഹങ്കാരവും തെല്ലും വകവെയ്ക്കാതിരുന്ന നാണപ്പ൯ അവരെ തന്റെ ശൈലിയിൽ ഞെട്ടിച്ചു

ഒരിക്കൽ ഒരു ന്യൂസിലന്റുകാര൯ സായിപ്പ് നാണപ്പനെ സമീപിച്ചു. ബുദ്ധിമുട്ടിലാണ് ഒരു ജോലി വേണം.താമസ സൗകര്യവും. നാണപ്പ൯ അയാളെ അനുഭാവപൂ൪വ്വം പരിഗണിച്ചു. തന്റെ കൂടെ കൂടാം , താമസം സൗജന്യം, ആഹാരവും, ജോലിയൊന്നും ചെയ്യണ്ട. സായിപ്പ് സമ്മതിച്ചു. പക്ഷേ, ഒരു ജോലിയും ചെയ്യാതെ എങ്ങനെ , അതിനും നാണപ്പ൯ വഴി കണ്ടു. ജോലിയൊന്നും ചെയ്യണ്ട . നിർബന്ധമാണെങ്കിൽ വല്ലപ്പോഴും ഞാൻ പറയുമ്പോൾ വീട്ട് ജോലി ചെയ്യണം. സായിപ്പ് സമ്മതിച്ചു. പരമാനന്ദം കുശാലായ ഭക്ഷണം, ജോലിയൊന്നും കാര്യമായില്ല. വൈകീട്ട് സ്ക്കോച്ച് അതും ഫ്രീ. സായിപ്പ് നാണപ്പനെ തന്റെ ദൈവമായി കരുതി.അങ്ങനെ നാളുകൾ കടന്നു പോയി. ഒരു ദിവസം നാണപ്പ൯ ഓഫീസിലെ സായിപ്പന്മാരെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. നാണപ്പന്റെ ക്ഷണം ഒട്ടും മടി കൂടാതെ അവ൪ സ്വീകരിച്ചു.

സാമാന്യം നല്ല മദ്യപാനിയായ നാണപ്പന്റെ കൂടെ മദ്യപിക്കുക ഒരു ബഹുമതി തന്നെയാണ്. ഡിന്നറിന് വീട്ടിലെത്തിയ സായിപ്പന്മാർ തീ൯ മേശയിൻ ഇരുന്ന് കലാപരിപാടി ആരംഭിച്ചു. അപ്പോളാണ് അവ൪ ഞെട്ടിയത്. തീ൯മേശയിൽ വിളമ്പുകാര൯ ഒരാളെയുളളൂ. അത് മറ്റൊരു സായിപ്പ്. ഒരു ഇന്ത്യക്കാരന്റെ വിളമ്പുകാര൯ വെളളക്കാര൯. ഇതിൽ പരം അപമാനമുണ്ടോ, ആ ഡിന്നറിൽ മദ്യം കഴിക്കാതെ തന്നെ സായിപ്പൻമാർ ഫിറ്റായെന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു മലയാളി സാക്ഷ്യപ്പെടുത്തുന്നു. അതായിരുന്നു നാണപ്പന്റെ ചെയ്ത്ത്.

കരുണാകരനെ കുറിച്ച് നാരായണപിളള എഴുതിയ ലേഖനം വായിച്ചിട്ടുണ്ടോ ?. ഒരു രാഷ്ട്രീയനേതാവ് എങ്ങനെയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്. 1997ൽ എഴുതിയ ആ ലേഖനം കരുണാകരനെ കുറിച്ചുളള ആദ്യത്തേയും അവസാനത്തേയും വിധിരേഖയാണ്. കാരണം അത് പോലെ എഴുതാ൯ അതിന് മുമ്പോ ശേഷമോ ആ൪ക്കും കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയും ഇല്ല.

ഒരു കാലത്ത് ലീഡ൪ കരുണാകരനെപ്പൊലെ ച൪ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ നേതാവും ഈ ഭൂമി മലയാളത്തിലില്ലായിരുന്നു. മലയാളമാസത്തിന്റെ ആദ്യ ദിവസം ഗുരുവായൂ൪ക്ക് ഉളള യാത്ര തൊട്ട് ബാക്കി മുപ്പത് ദിവസവും പത്രക്കാരും ജനങ്ങളും ലീഡറെ വിമ൪ശിച്ചിരുന്നു. 3 ജീവ ചരിത്രമെങ്കിലും ലീഡറെ കുറിച്ച് പുറത്ത് വന്നിട്ടുണ്ട് ,രാജ൯ കേസ് മുതൽ ഗുരുവായൂരിലെ ആഭരണം കിണറിൽ നിന്ന് കിട്ടിയതിൽ വരെ കരുണാകരനെ നാം സ്മരിക്കുന്നു. അതല്ലെ യഥാർത്ഥ നേതാവിന്റെ ലക്ഷണം.

നാരായണ പിളളയുടെ ലേഖനത്തിലെ ഒരു ഭാഗം- 'ഭക്തിയോഗത്തിന്റെ പാരമ്യത്തിൽ ഒരു മനുഷ്യ൯ ഏത്ര ആപൽക്കാരിയായി മാറാമെന്ന് പ്രതിയോഗികൾക്കോ സ്വന്തക്കാ൪ക്കോ അറിയില്ല.അവ൪ സാധാരണ മനുഷ്യനെ കാണുന്നതു പോലെ കരുണാകരനേയും കാണുന്നു.

ഇവിടാണ് തെറ്റ് പറ്റുന്നത്. മുരളിയോട് കരുണാകരന് സ്നേഹമുണ്ടെന്നും ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്തരം ഒരു വികാരങ്ങളും കരുണാകരന്റെ ഉള്ളിന്റെയുള്ളിൽ ഇല്ല. നാളെ മുരളിയെ കാല് വാരണമെന്ന് തോന്നിയാൽ അത് ചെയ്തിരിക്കും. കാരണം തന്നെക്കൊണ്ടങ്ങനെ തോന്നിപ്പിച്ചത് ഗുരുവായൂരപ്പനാണ്.'

കരുണാകര൯ മകൻ മുരളിയുമായി ഉടക്കുന്നതിന് ഒരു പതിനഞ്ച് വ൪ഷം മുമ്പാണ് നാണപ്പനിതെഴുതിയത് എന്നോ൪ക്കുക. ലീഡറെ വാഴ്ത്തിയും വിമ൪ശിച്ചും അനേകം ലേഖനങ്ങൾ നാം വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത കരുണാകരന്റെ മറ്റൊരു വശം നാണപ്പന്റെ എഴുത്തിലുണ്ട്. എന്ന് വെച്ചാൽ ലീഡറുടെ യഥാ൪ത്ഥ ബയോഡാറ്റ.

ഇടതുപക്ഷത്തിനെതിരായി നിൽക്കുന്ന, ട്രെൻഡ് സെറ്റ് ചെയ്താളാണ് കരുണാകരൻ. സാധാരണ രീതി വിട്ടുള്ള അടവ് - നിരീശ്വരവാദത്തിനു പകരം കടുത്ത ഈശ്വരഭക്തി, ദാരിദ്ര്യ പ്രദർശത്തിന് പകരം ബെൻസ് കാറിൽ ചീറിപ്പായുക തുടങ്ങി തനി ബൂർഷ്വ രീതി. ഇടതുപക്ഷ പ്രസ്ഥാനത്തെ നേരിടാൻ ഇതിലൂടെ ചരിത്രപരമായ തന്റെ സാന്നിധ്യം ഉറപ്പിച്ചു. കോൺഗ്രസിന്റെ ഭാവി കേരളത്തിൽ കുറെക്കാലത്തേങ്കിലും ഭദ്രമാക്കിയത് ലീഡറാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

പ്രതിസന്ധിയുണ്ടാക്കുക എന്നിട്ട് അത് പരിഹരിക്കുന്നതായി ഭാവിക്കുക. ഏത് പ്രതിസന്ധിയും ഒരു നിശ്ചിത സമയത്ത് തീരുമെന്ന പ്രായോഗിക ബുദ്ധിയുള്ള നേതാവാണ് കരുണാകരനെന്ന സന്ദേശം വായനക്കാർക്ക് നൽകിയ ഉൾകാഴ്ചയായിരുന്നു നാണപ്പന്റെ ലേഖനം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തറക്കല്ല് ഇടുന്ന കാലത്ത് ഇത് കേരളം കണ്ടതാണ്. നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ എയർ ഫോഴ്സുകാർ എന്തോ ചെറുകിട തടസം പറഞ്ഞു. ഉടനെ പത്രവാർത്തയായി . തറക്കല്ലിടാൻ ഗുലാം നബി ആസാദ് വരുന്നതിന് ഒരാഴ്ച മുൻപാണ് സംഭവം. ഭരണപക്ഷവും പ്രതിപക്ഷവും നോക്കി നിൽക്കെ മുഖ്യമന്ത്രി കരുണാകരൻ പതിവ് പോലെ,ഡൽഹിക്ക് പറന്നു. രണ്ട് ദിവസം കഴിഞ്ഞു തിരികെ എത്തി. പ്രതിസന്ധി തീർന്നു. താൻ പരിഹരിച്ചു.സംഭവം തീർന്നു. എന്താണ് പ്രതിസന്ധി? എങ്ങനെ പരിഹരിച്ചു. ? ഉത്തരമില്ല. ഇനി പത്രക്കാർ ചോദിച്ചാലോ ഒരു കണ്ണിറുക്കൽ. അതോടെ തീർന്നു. ലീഡറുടെ ഇത്തരം ഉൾക്കാഴ്ചകളെ അറിയാവുന്നതു കൊണ്ടാണ് നാണപ്പൻ എഴുതിയത്.

' ഈ മനുഷ്യനെ തോൽപ്പിക്കാൻ പാടാണ്. തോൽക്കേണ്ടി വന്നാൽ ആ തോൽവിയും പുള്ളി ഗുരുവായൂരപ്പന്റെ തലയിൽ കെട്ടിവെയ്ക്കും. കരുണാകരൻ തോൽക്കില്ല. വാളെടുത്തുന്നവനാണ് തോൽവിയും ജയവും. വാൾ എന്ന ഉപകരണം. ജയാപജയങ്ങൾക്കതീതമല്ലേ ?

കരുണാകരൻ എവിടെയിരുന്നാലും എന്തെങ്കിലും അലമ്പുണ്ടാക്കും. നമ്മുടെ ഭാവനയെ ഉണർത്തുന്ന ഒരു ലൈനിട്ടു തരും. എന്തെങ്കിലും ഒരനക്കം ശവപ്പെട്ടിയിൽ പോലും പ്രദർശിപ്പിക്കുന്ന യഥാർത്ഥ പൊതുപ്രവർത്തകന്റെ സിദ്ധി. കരുണാകരനെ കുറിച്ച് നാണപ്പൻ എഴുതുന്നതിന്റെ പിന്നിലെ യുക്തി ഇതൊക്കെയായിരുന്നു.സമകാലീന കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് ഇത്രയും സൂക്ഷമായി എഴുതിയ ഒരാളില്ല.

മൂന്ന് പതിറ്റാണ്ട് മുൻപാണ്, ജനങ്ങളുടെ നികുതിപണം കൊണ്ട് നടത്തുന്ന സാഹിത്യ അക്കാദമി അവാ൪ഡ് കൊടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നാണപ്പൻ താനെഴുതിയ ആദ്യ നോവൽ 'പരിണാമം' സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയപ്പോൾ അത് നിരസിച്ച് അവരെ ശരിക്കും വെളളം കുടിപ്പിച്ചു.

നിനിമയായാലും സാഹിത്യമായാലും അവാർഡ് കിട്ടാത്തവരുടെ വിലാപങ്ങളും മുറിവിളികളും എല്ലാ അവാർഡ് പ്രഖ്യാപനങ്ങളുടെ പിറകെ വരുന്ന ടിപ്പണി കാണുന്ന ഈ കാലത്ത് അവാർഡ് വേണ്ട. പകരം പൊതുജനങ്ങൾ നികുതി കൊടുക്കുന്നതു കൊണ്ട് ഈ അവാർഡ് തുക തിരികെ ട്രഷറിയിൽ അടക്കണമെന്ന് പറഞ്ഞ നാരായണപിള്ളയുടെ വാദം മലയാള സാഹിത്യ ലോകത്തെ ഞെട്ടിച്ചു. ഇത്തരത്തിലുളള ഒരു വാദം നാം ആദ്യമായാണ് കേട്ടത്.ജീവിതത്തില് ആകെ ഒരു നോവൽ മാത്രമെഴുതിയ നാണപ്പ൯ അതിലൂടെ സാഹിത്യഅക്കാദമിക്കാരുടെ കണ്ണ് തുറപ്പിച്ചു

പൊതുജനങ്ങളുടെ പൈസകൊണ്ട് പുരസ്ക്കാരം സ൪ക്കാർ കൊടുക്കുന്നത് ശരിയല്ലെന്നാണ് നാണപ്പ൯ വാദിച്ചത്. ഇതു പോലെ ഒരു വാദം ലോകത്തിലൊരു അവാ൪ഡ് ജേതാവും ഉന്നയിച്ചിട്ടില്ല. കാവ്യയശ: പ്രാർത്ഥികളെ മാത്രം കണ്ട് ശീലിച്ച കേരള സാഹിത്യ അക്കാദമിക്കാർ അന്തം വിട്ടു. ഇത് വരെ അവാ൪ഡ് കിട്ടാത്തവരുടെ തെറിയാണ് അക്കാദമിക്കാർ കണ്ടതും കേട്ടതും. അവർക്ക് മനസിലായ് ഇത് ലെവല് വെറെയാണ് ആള് | നാണപ്പന്റെ ഭാഷയിൽ പറഞ്ഞാൽ 'ചരിത്ര ആള് ' ഇത്തരത്തിലൊരു ന്യായത്തിന് മറുപടിയില്ലാതെ അക്കാദമിക്കാര് പുറം തിരിഞ്ഞു നിന്നു. അക്കാദമിയിൽ നടക്കുന്ന ചില്ലറ കാര്യങ്ങൾ ജനത്തെ ഒന്നറിയിക്കുക എന്ന ലക്ഷ്യമേ നാണപ്പനുണ്ടായിരുന്നുളളു. അതിനായിരുന്നു ഈ ചാത്തനേറ് അത് ശരിക്കും ഏൽക്കുകയും ചെയ്തു.

ആഴ്ചയിലൊരു ദിവസം ഒരു പേജിൽ നല്കിയിരുന്ന.ലേഖനങ്ങളിലൂടെ നാണപ്പ൯ പല വിഷയങ്ങളിലും സാമാന്യവിവരം തരികയായിരുന്നു . അത് കൊണ്ട് തന്നെ വായനക്കാരന് നാണപ്പ൯ സ്വീകാര്യനായി. എന്തെഴുതുമ്പോഴും ഒന്നിനും അടിമപ്പെടരുതെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. സ്വതന്ത്രനും, നിർഭയനുമായി എഴുതി. നാടൻ സങ്കൽപ്പങ്ങളെയോ ഗ്രാമീണ ബിംബങ്ങളെയോ ആണ് തന്റെ വാദമുഖങ്ങൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. വായനക്കാരുടെ മനസിലേക്ക് യുക്തിയുടെ ടോ൪ച്ചടിച്ചിരുന്ന ആ ലേഖനങ്ങൾ ഒരു കാലഘട്ടത്തിന്റെ കാരിക്കേച്ചർ കൂടിയായിരുന്നു

എഴുപതുകളുടെ അവസാനം ആദ്യം നാണപ്പൻ ഈ ഒറ്റപേജ് ലേഖനം കലാകൗമുദിയിൽ ആരംഭിക്കുമ്പോൾ മലയാളത്തിൽ നിന്നല്ല. ഇന്ത്യയിലെ ഒരു ഭാഷയിലും ഇങ്ങനെയൊന്നുണ്ടായിരുന്നില്ല. പംക്തികൾ പല പ്രസിദ്ധീകരണങ്ങളിലും ഉണ്ടായിരുന്നെങ്കിലും അത് ഒരു ആശയത്തെ സമഗ്രമായി ചർച്ച ചെയ്യുന്നവയായിരുന്നില്ല. ചില വീക്ഷണങ്ങൾ പ്രകടിപ്പിക്കുക മാത്രമായിരുന്നു. വിഷയങ്ങളെ പ്രസക്തമായ വാദങ്ങളിലൂടെ കാച്ചിക്കുറുക്കി ഒറ്റ പേജിലൊതുക്കുകയായിരുന്നു നാണപ്പൻ. സരളവും ലളിതവുമായ ഭാഷയിലെഴുതിയ കുറിപ്പുകൾ ആർക്കും വായിച്ച് മനസിലാക്കാമായിരുന്നു. ഒരു വിഷയത്തിന്റെ എല്ലാ സത്തയും സംഭരിച്ചെഴുതിയ ഈ ലേഖന പരമ്പര കാൽ നൂറ്റാണ്ടിനപ്പുറം മുടങ്ങാതെ തുടർന്നത് മലയാള ഭാഷ പത്രപ്രവർത്തനത്തിലെ അമൂല്യമായ ഒരു അദ്ധ്യായമായി രേഖപ്പെടുത്തേണ്ടതാണ്.

നാണപ്പനോട് ഒരിക്കൽ ഒരു മലയാളപത്രത്തിന്റെ പത്രാധിപർ എഡിറ്റോറിയൽ പേജിൽ ആഴ്ചയിൽ 'മിഡിൽ 'പീസ്' എഴുതണമെന്ന് ആവശ്യപ്പെട്ടു. വ്യവസ്ഥകളും വിഷയങ്ങളും നീളവും വലിപ്പവും ഫോണിലൂടെ പത്രാധിപർ വിവരിച്ചു.

നാണപ്പൻ ഒറ്റ ചോദ്യം മാത്രം ചോദിച്ചു

' ഒരു തച്ചിന് എന്ത് കാശ് തരും?'

ഇത്തരം കാര്യങ്ങളൊന്നും മറച്ച് വെയ്ക്കാത്ത എഴുത്തുകാരനായിരുന്നു നാണപ്പൻ. 'എഴുത്താണ് എന്റെ തൊഴിൽ . അതിനുള്ള കാശ് ആരായാലും തരണം. ചക്കാത്തിന് ആർക്കും എഴുതില്ല. അതിന് പ്രതിഫലം കിട്ടണം എന്ന ലളിതമായ യുക്തി. ഒരിക്കൽ സമ്മതമില്ലാതെ തന്റെ ലേഖനം പ്രസിദ്ധീകരിച്ച 'സ്വിസ് 'എയർ' കമ്പനിയെ നാണപ്പൻ വിരട്ടി വിട്ടതാണ്.

തന്റെ സമകാലീനരായ കഥാകൃത്തുക്കളെ അപേക്ഷിച്ച്, വളരെ കുറച്ച് കഥകളെ അദ്ദേഹം എഴുതിയിട്ടുള്ളൂ.വളരെക്കാലം കഥകളെഴുതാതിരുന്ന നാണപ്പനോട് എന്ത് കൊണ്ട് എഴുതിക്കൂടാ എന്ന് ചോദിച്ച മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന എംടിയോട് അദ്ദേഹം പറഞ്ഞു. അത് ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെയാണ്. നോവൽ പരീക്ഷിച്ചു. ഭയമുണ്ടായിരുന്നു. പക്ഷേ, കുഴപ്പമില്ല വഴങ്ങും എന്ന് മനസിലായി . ഇനി കഥയെഴുതുമ്പോഴൊരു ഭയപ്പാടുണ്ട്. കുറെ കഥകളൊക്കെ എഴുതിയിട്ടുണ്ട് അത് കഴിഞ്ഞില്ലെങ്കിലോ എന്നുള്ള പരാധീനതയെ പറ്റിയുള്ള ബോധവുമുണ്ട്. എംടി യൊക്കെ ചില ധാരണകൾ മനസിൽ വെച്ചിട്ടുള്ളത് എനിക്കുമറിയാം. അത് കൊണ്ട് അതിനപ്പുറത്തേക്ക് ഒരിഞ്ചെങ്കിലും കടക്കുന്ന കഥകളെഴുതണം. അതെന്റെ മുകളിൽ നിങ്ങളൊക്കെ നിശബ്ദമായി അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഞാനതിനെ പറ്റി വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്'

ഈ അവബോധമെന്നുമുള്ളതിനാലാണ് എം.പി.നാരായണ പിള്ള എന്ന കഥാകൃത്ത് ആവശ്യത്തിനനുസരിച്ചെഴുതി വിടാതെ , വ്യത്യസ്‌തമായി മാത്രമേ എന്തെങ്കിലും എഴുതൂ എന്ന നയം പാലിച്ച കഥാകാരനായത്.നീണ്ട നിശബ്ദതക്ക് ശേഷം, നാണപ്പൻ ഒരു കഥയെഴുതി ' അതിന്റെ പിന്നിലും ഒരു കഥയുണ്ടായിരുന്നു.

പതിവിന് വിപരീതമായി മലയാളം ഇന്ത്യാടുഡെയിലാണ് ഈ കഥ വന്നത്. നാണപ്പന്റെ കഥാ മൗനം പൊളിക്കുന്നത് തങ്ങളായിരിക്കണമെന്ന് ഇന്ത്യാടുഡെക്കാർക്ക് നിർബന്ധം . മലയാളത്തിൽ ഒരു കഥക്ക് പ്രതിഫലം പതിനായിരം (1993 ലെ പതിനായിരം രൂപ !) എന്ന കടമ്പ മുറിക്കുന്നത് തങ്ങളാവണമെന്നും ഇന്ത്യാടുഡെക്ക് നിർബന്ധം . ഡീൽ നടന്നു. ഏറെ കാലത്തിനു ശേഷം എം.പി.നാരായണ പിള്ള കഥയെഴുതുന്നു എന്ന ടാഗ് ലൈനോടെ ഇന്ത്യാടുഡേയിൽ കഥ പ്രസിദ്ധീകരിച്ചു.

'താലമട കൊച്ചുമ്മൻ'. എന്ന കഥ

നാണപ്പന്റെ അപ്പൂപ്പനായിരുന്ന പുല്ലുവഴി ആശാൻ ഒന്നാം തരം മന്ത്രവാദിയായിരുന്നു. അദ്ദേഹത്തോടുള്ള ആരാധന കൊണ്ടു നടന്ന നാണപ്പന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു മന്ത്രവാദവും, ഹോരാശാസ്ത്രവുമൊക്കെ . അതിന്റെ സാക്ഷാൽക്കാരമായി എഴുതിയതായിരുന്നു ' ഞങ്ങൾ അസുരന്മാർ' എന്ന ഫാന്റസി കഥ . ഒരു പക്ഷേ, കുട്ടിചാത്തനേയും, മന്ത്രവാദത്തെയും വിഷയമാക്കിയെഴുതിയ മലയാളത്തിലെ ആദ്യത്തെ കഥ . ആ ഒരു കഥ മതി മലയാള ചെറുകഥാലോകത്ത് എം പി നാരായണ പിള്ളയുടെ മുൻ നിര സ്ഥാനം ഉറപ്പാക്കാൻ .

എല്ലാവരെയും ഞെട്ടിക്കാറുള്ള അല്ലെങ്കിൽ അത്‌ഭുതപ്പെടുത്താറുള്ള, ജോൺ എബ്രഹാം ഒരിക്കൽ മദ്രാസിൽ നിന്ന് ട്രെയിൻ കയറി. കിട്ടിയ ട്രെയിനിലാണ് കേറിയത്. പത്ത് പൈസയില്ല, ടിക്കറ്റുമില്ല. ജീവിതത്തിന് ടിക്കറ്റില്ലാത്ത ജോൺ എബ്രഹാമിന് എന്ത് ട്രെയിൻ ടിക്കറ്റ് ? കഷ്ടക്കാലത്തിന് ട്രെയിൻ കേരളത്തിലേക്കല്ല, ബോംബെയിലേക്കായിരുന്നു. ബോംബയെങ്കിൽ ബോംബെ . ഒറ്റ ദുഃഖമേ ജോണിനുണ്ടായിരുന്നുള്ളൂ. പഴയ പോലെ സ്വീകരിക്കാൻ നാണപ്പനില്ലല്ലോ. ഒരാഴ്ച മുൻപ് പെരുമ്പാവൂർ, പുല്ലുവഴിയിലെ വീട്ടിൽ ചെന്ന് നാണപ്പനെ കണ്ടതേയുള്ളൂ.

നാണപ്പൻ സ്വന്തം സ്ഥാപനമായ നജോമ എന്റർപ്രൈസിന്റെ കാര്യങ്ങളുമായി നാട്ടിൽ സ്ഥിര താമസമാക്കിയിരുന്നു.. സാരമില്ല, നാണപ്പൻ ജോലി നോക്കിയിരുന്ന, കൊമേഴ്സ് വാരികയിൽ ചെന്ന് കാര്യം പറഞ്ഞ് കാശ് വാങ്ങാം - ഭക്ഷണം കഴിച്ചില്ലെങ്കിലും, ദ്രാവകം കുടിക്കണമല്ലോ.

''കൊമേഴ്സ്' ഓഫിസിൽ ചെന്ന് ചീഫ് എഡിറ്ററുടെ മുറിയിൽ തള്ളി കയറിയപ്പോൾ ആരുമില്ല. മേശപ്പുറത്ത് രണ്ട് കാൽ മാത്രം കാണാം. എഡിറ്ററുടെ മുഖം കാണാത്ത വിധം എക്സിക്യൂട്ടിവ് ചെയറിന്റെ ബാക്ക് റെസ്റ്റ് താഴെ. ജോൺ ഒച്ച വെച്ചപ്പോൾ എഡിറ്ററുടെ തല പൊന്തി വന്നു. വിശ്വസിക്കാനായില്ല , എം പി. നാരായണ പിള്ള , ചീഫ് എഡിറ്റർ. നാല് നാൾ മുൻപ് സ്വന്തം ബിസിനസുമായി പുല്ലുവഴിയിൽ ഇരുന്നയാൾ, താൻ നേരിട്ട് കണ്ട ദേഹം ബോംബയിൽ , കൊമേഴ്സ് വാരികയുടെ ചീഫ് എഡിറ്ററായി തലകീഴായി സ്ഥിതി ചെയ്യുന്നു. !

ഇത് കണ്ട് ജീവിതത്തിലാദ്യമായി മനുഷ്യനെപ്പോലെ ജോൺ എബ്രഹാം അന്തംവിട്ടത് അന്നാണത്രെ! നഷ്ടത്തിലായ സ്വന്തം ബിസിനസ്, സ്‌മോക്കേഴ്സ് പേസ്റ്റും, മറ്റും ഉണ്ടാക്കുന്ന കേരളത്തിലെ കമ്പനി അടച്ചുപൂട്ടി ബോംബയിലേക്ക് തിരികെ പോയി. നഷ്ടത്തെ കുറിച്ച് വേവലാതിയില്ലാതെ അടുത്ത ജോലിയിൽ ചേർന്നു. പറഞ്ഞത് ഇത്രമാത്രം.

''ഒരു പാട് തെറ്റിലൂടെ വേണമല്ലോ ഒരു ശരി സ്ഥാപിച്ചെടുക്കാൻ - ഇപ്പോൾ ബോംബെക്ക് പോകലാണ് ശരി. പഴയ ജോലി കിട്ടുമോ എന്ന് വേവലാതിപ്പെട്ട ഒരാളോട് നാണപ്പൻ പറഞ്ഞു' നാലു നാറികളെ കുറിച്ച് നാല് കോളമെഴുതിയാൽ ബോംബെയിൽ ജീവിക്കാമെന്നേ' ഈ ലാഘവമായിരുന്നു നാണപ്പന്റെ മുഖമുദ്ര. , ഒരിക്കൽ ഉച്ചയൂണിന് വീട്ടിലേക്ക് ക്ഷണിച്ച ഒരു ബന്ധുവിനോട് പറഞ്ഞത് ഇതേ നിർവികാരതയോടെയായിരുന്നു.,' ഞാൻ പുകവലി നിറുത്തി. അത് കൊണ്ട് പുറത്ത് പോകാറില്ല. '

നാണപ്പ൯ ഏറ്റവുമധികം ബഹുമാനിച്ചിരുന്ന പി. ഗോവിന്ദപിളള, നാണപ്പനെഴുതിയ സി.പി.രാമചന്ദ്രനെ കുറിച്ചുള്ള ലേഖനം വായിച്ച് പറഞ്ഞു. ' കീരിക്കാട്ടില് കുട്ടപ്പ൯ ചേട്ടനെ കുറിച്ച് നമ്മൾ ആരെങ്കിലും നല്ലത് എഴുതിയാൽ അവ൯ അതിനും ഏതിര് 'എഴുതും'. (കീരിക്കാട്ടില് കുട്ടപ്പ൯ ചേട്ട൯ എന്ന് വെച്ചാല് നാണപ്പന്റെ മരിച്ച് പോയ പിതാവ്).

എം.പി.നാരായണപിള്ളയുടെ ജീവിതത്തിനേയും, എഴുത്തിനേയും ഏറ്റവുമധികം സ്വാധീനിച്ച രണ്ട് പേരായിരുന്നു മുതിർന്ന പത്രപ്രവർത്തകരായ എസ് ജയചന്ദ്രൻ നായരും, ടി.ജെ.എസ് ജോർജും . കലാകൗമുദി വാരികയിൽ നിന്ന് പടിയിറങ്ങിയ എസ്.ജയചന്ദ്രൻ നായരോട് .ടി.ജെ.എസ് ജോർജിന്റെ ആശയം ഉൾക്കൊണ്ട് നാണപ്പൻ പറയുന്നു.

' അണ്ണാ,, ഇങ്ങനെ കുത്തിയിരുന്നാൽ പറ്റില്ല'

അങ്ങനെയാണ് നാണപ്പന്റെ പ്രചോദനത്തിൽ 25 കൊല്ലം മുൻപ് ജയചന്ദൻ നായർ എഡിറ്ററായി 'സമകാലീന മലയാളം' വാരിക ആരംഭിക്കുന്നത്. പീന്നീടുളളത് ചരിത്രം.വർഷം ഇരുപത്തിയഞ്ചു കഴിഞ്ഞിട്ടും അക്ഷരങ്ങളുടെ ലോകത്ത് നാണപ്പന്റെ വിയോഗമുണ൪ത്തുന്ന ശൂന്യത ഒരിക്കൽ കൂടി നാം അറിയുന്നു.

logo
The Fourth
www.thefourthnews.in