abhimanyu
abhimanyu

അഭിമന്യു ഓര്‍മയായിട്ട് 4 വര്‍ഷം; ഇനിയും ശിക്ഷിക്കപ്പെടാതെ പ്രതികൾ

സംഘര്‍ഷത്തില്‍ ബി എ ഫിലോസഫി വിദ്യാര്‍ത്ഥിയായ അര്‍ജുനും ഇക്കണോമിക്സ് വിദ്യാര്‍ഥിയായ വിനീത് കുമാറിനും കുത്തേറ്റിരുന്നു.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവും വിദ്യാര്‍ത്ഥിയും ആയിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിന് നാല് വയസ്സ് തികയുകയാണ്. 2018 ലാണ് മഹാരാജാസിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിയായ അഭിമന്യു കുത്തേറ്റു മരിക്കുന്നത്. കോളജിലെ പ്രവേശനോത്സവത്തിന്റെ തലേന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്. എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് മഹാരാജാസുകാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവനെ നഷ്ടമായത്.

എസ്എഫ്ഐ ബുക്കു ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്തു നടത്തുകയും ഇതിനുമുകളിലായി അഭിമന്യു, വര്‍ഗീയത തുലയട്ടെ എന്നെഴുതുകയും ചെയ്തു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും, പിന്നീട്‌ നടന്ന സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കുത്തേറ്റു മരിക്കുന്നത്. കുത്തേറ്റ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അന്ന് നടന്ന സംഘര്‍ഷത്തില്‍ ബി എ ഫിലോസഫി വിദ്യാര്‍ത്ഥിയായ അര്‍ജുനും ഇക്കണോമിക്സ് വിദ്യാര്‍ഥിയായ വിനീത് കുമാറിനും കുത്തേറ്റിരുന്നു.

abhimanyu
abhimanyu

ഇനിയും ലഭിക്കാത്ത നീതി

അഭിമന്യു ഓര്‍മ്മയായി നാല് വര്‍ഷം പിന്നിടുമ്പോഴും പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2019ല്‍ വിചാരണ ആരംഭിച്ചെങ്കിലും നിലവില്‍ കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലാണ്

കേസില്‍ ഒന്‍പതു പ്രതികള്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ വിചാരണ ആരംഭിച്ചത്. അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ.ഐ.മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), പത്തനംതിട്ട കോട്ടങ്കല്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം.റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു 24), ആരിഫിന്റെ സഹോദരന്‍ എരുമത്തല ചാമക്കാലായില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച്.സനീഷ് (32) എന്നിവര്‍ക്കെതിരെയായിരുന്നു പ്രാരംഭ വിചാരണ ആരംഭിച്ചത്. എന്നാല്‍ വിചാരണ എങ്ങുമെത്തിയില്ലെന്നതാണ് വസ്തുത. വിചാരണാ നടപടികള്‍ നീണ്ടുപോകുകയാണ്.

abhimanyu
abhimanyu

പ്രതിസന്ധികളെ മറികടന്ന്

കുട്ടിക്കാലത്ത് തന്നെ വട്ടവട എന്ന ഗ്രാമത്തില്‍ നിന്ന് അഭിമന്യു എറണാകുളത്ത് എത്തിയത് പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.വീട്ടിലെ കഷ്ടപ്പാടില്‍നിന്നുള്ള മോചനം മാത്രമായിരുന്നു ലക്ഷ്യം.തൃക്കാക്കരയിലെ വൈഎംസിഎയുടെ ബോയ്‌സ് ഹോമില്‍ നിന്നാണ് അവന്‍ എട്ടാം ക്ലാസ് വരെ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ പഠിച്ചത്. പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങി. 2017ലാണ് മഹാരാജാസില്‍ ഡിഗ്രിക്കു പ്രവേശനം നേടുന്നത്. അവന്റെ രണ്ടാം വരവ് സത്യത്തില്‍ വീട്ടിലെ പട്ടിണിയില്‍ നിന്നുള്ള മോചനം തേടിയായിരുന്നു. എറണാകുളത്തെത്തി കുറച്ചുനാള്‍ ഹൈക്കോടതി ജംങ്ഷനിലെ ഹോട്ടലിലും കടകളിലുമായി ജോലി ചെയ്തത്‌ പട്ടിണി അകറ്റന്‍ മാത്രമായിരുന്നു. മഹാരാജാസിലെ പഠനകാലത്താണ് ജീവശ്വാസമായ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് അഭിമന്യു കടക്കുന്നത്. എസ് എഫ് ഐയിലൂടെ കോളേജിലെ സജീവ മുഖമായി മാറി. അവന്‍ തന്റെ അവസാന രാത്രി ചിലവഴിക്കാന്‍ ആക്രമിക്കപ്പെട്ട ദിവസം രാത്രിയോടെ നാട്ടില്‍നിന്ന് പച്ചക്കറി കയറ്റിവന്ന ചരക്കുലോറിയില്‍ കയറി എറണാകുളത്തെത്തിയതും തൻ്റെ സംഘടനയുടെ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് കൂടിയായിരുന്നു. അന്ന് എംസിആവി ഹോസ്റ്റല്‍ സെക്രട്ടറി എന്ന നിലയില്‍ അത് അവന്റെ കൂടി ഉത്തരവാദിത്വങ്ങളില്‍ ഒന്ന് കൂടിയായിരുന്നു.

logo
The Fourth
www.thefourthnews.in