സിനിമാലോകത്തിന്റെ വിജയൻ; മകന്റെ സ്വന്തം "ഉപ്പ"

സിനിമാലോകത്തിന്റെ വിജയൻ; മകന്റെ സ്വന്തം "ഉപ്പ"

"കൽപ്പാന്തകാലത്തോളം" എന്ന ഒരൊറ്റ പാട്ടിലൂടെ തലമുറകളുടെ മനം കവർന്ന ശ്രീമൂലനഗരം വിജയൻ എന്ന വിസ്മൃതനായ ഗാനരചയിതാവിനെ കുറിച്ച്

ഉപ്പ എന്നാണ് മകൻ അച്ഛനെ വിളിക്കുക; അമ്മയെ അമ്മച്ചി എന്നും. മതാതീതമാകണം കലയും ജീവിതവുമെന്ന് വിശ്വസിച്ച ഒരച്ഛന്റെ മകന് അങ്ങനെയാകാനല്ലേ പറ്റൂ.

അച്ഛന്റെ പേര് ശ്രീമൂലനഗരം വിജയൻ. "കൽപ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാരഹാരവുമായ് നിൽക്കും" എന്ന ഒരൊറ്റ പാട്ടിലൂടെയാവണം പുതിയ കാലം കവിയായ വിജയനെ ഓർത്തെടുക്കുക. പക്ഷേ അതിനുമപ്പുറത്ത് മറ്റു പലതുമായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ദൃശ്യകലാവേദിയിൽ നിറഞ്ഞുനിന്ന സകലകലാവല്ലഭൻ. നാടകകൃത്ത്, സംവിധായകൻ, തിരക്കഥ--സംഭാഷണ രചയിതാവ്, സിനിമാ സംവിധായകൻ, ഗാനരചയിതാവ്, നടൻ, ശബ്ദാനുകരണ വിദഗ്‌ധൻ, കാർട്ടൂണിസ്റ്റ്... അങ്ങനെ എണ്ണമറ്റ വേഷങ്ങൾ.

എന്നു മുതലാണ് അച്ഛനെ ഉപ്പ എന്ന് വിളിച്ചുതുടങ്ങിയത് എന്നോർമ്മയില്ല എഴുത്തുകാരൻ കൂടിയായ മകൻ ശ്രീമൂലനഗരം പൊന്നന്. "ഓർമ്മവെച്ച നാൾ മുതൽ അച്ഛൻ എനിക്ക് ഉപ്പയാണ്. നാടകത്തിലും സിനിമയിലും അദ്ദേഹം ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരുന്ന കാലം. ഞാൻ കണ്ടിട്ടുള്ളതൊക്കെ അച്ഛന്റെ മുസ്ലിം വേഷങ്ങളാണ്. കേട്ടിട്ടുള്ളതൊക്കെ അച്ഛനെഴുതിയ മാപ്പിളപ്പാട്ടുകളും. അച്ഛന്റെ നാടകങ്ങളിൽ മാത്രമല്ല, മറ്റുള്ളവരെഴുതിയ നാടകങ്ങളിലോ സിനിമകളിലോ ഒരു ഹാജിയാരുടെയോ തറവാട്ടുകാരണവരുടെയോ മുസ്ലിം കാര്യസ്ഥന്റെയോ വേഷമുണ്ടെങ്കിൽ അച്ഛനെയാണ് അവർ തേടിവരിക. ഒരുപക്ഷേ സ്റ്റേജിലും സിനിമയിലും ഇത്രയും മുസ്ലിം വേഷങ്ങൾ അഭിനയിച്ച ഇതര മതസ്ഥർ വേറെയുണ്ടാവില്ല."

എല്ലാ മതങ്ങളേയും ഒരുപോലെ കാണുകയും ബഹുമാനിക്കുകയും ചെയ്തു വിജയൻ. "വീട്ടിന്റെ പൂമുഖത്ത് ഫ്രെയിം ചെയ്ത് തൂക്കിയ ഫോട്ടോകൾക്കിടയിൽ ക്രിസ്തുദേവന്റെ പടമുണ്ടായിരുന്നു. അകത്തൊരു മുറിയിലെ ചുമരിൽ ചില്ലിട്ടുവെച്ച ഖുർആൻ സൂക്തങ്ങളും. മാത്രമല്ല വിഷുക്കണി വെക്കുമ്പോൾ മഹാഭാരതത്തിനും ഭഗവദ്ഗീതക്കും ഒപ്പം ഖുറാനും ബൈബിളും ഉണ്ടാവണം എന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. മക്കളായ ഞങ്ങൾക്ക് പൊന്നൻ, പൊന്നി എന്ന് പേരിട്ടതിലും കാണാം ഈ വേറിട്ട കാഴ്ചപ്പാട്. മതബോധത്തിന്റെ ലാഞ്ഛന ഇല്ലാത്ത പേരുകളാണല്ലോ അവ."

"സിനിമാ ടാക്കീസ്" എന്ന വാട്ട്സാപ്പ് കൂട്ടായ്‌മ കഴിഞ്ഞ ദിവസം കമലേശ്വരത്ത് സംഘടിപ്പിച്ച ശ്രീമൂലനഗരം വിജയൻ അനുസ്മരണ വേദിയിൽ വെച്ചാണ് പൊന്നനെ കണ്ടത്. 1992 മെയ് 23 ന് യാത്രയായ അച്ഛനെ മലയാള സിനിമയും നാടകരംഗവും ഏറക്കുറെ മറന്നുകഴിഞ്ഞിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളുമ്പോഴും ഒരു കാര്യത്തിൽ ഉറപ്പുണ്ട് പൊന്നന്: "മറ്റെല്ലാം മറവിയിലൊടുങ്ങിയാലും കൽപ്പാന്തകാലത്തോളം എന്ന പാട്ട് ജീവിക്കും; ആ പാട്ടിലൂടെ അച്ഛനും."

വിദ്യാധരൻ മാസ്റ്ററുടെ ഈണത്തിൽ യേശുദാസ് പാടിയ ഈ ഗാനം മലയാളത്തിൽ പുറത്തുവന്ന അവസാനത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഒന്നായ "എന്റെ ഗ്രാമ" (1984)ത്തിലായിരുന്നു. ടി കെ വാസുദേവനൊപ്പം പടത്തിന്റെ സംവിധാനം നിർവഹിച്ചതും ശ്രീമൂലനഗരം തന്നെ.

 ശ്രീമൂലനഗരം പൊന്നൻ
ശ്രീമൂലനഗരം പൊന്നൻ

ഗായിക പി ലീലയുമായുള്ള മുപ്പത്തിനാല് വർഷം മുൻപത്തെ കൂടിക്കാഴ്ചയിൽ നിന്നു തുടങ്ങുന്നു ശ്രീമൂലനഗരം വിജയൻ എന്ന പേരുമായുള്ള എന്റെ ആത്മബന്ധം. പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് എന്ന ആമുഖത്തോടെ "ചായക്കടക്കാരൻ ബീരാൻകാക്കേടെ മോളൊരു ചീനപ്പടക്കം" എന്ന രസികൻ പാട്ട് ലീലച്ചേച്ചി പാടിക്കേൾപ്പിച്ചപ്പോൾ അതിന്റെ രചയിതാവ് പി ഭാസ്കരൻ ആണെന്ന് തെറ്റിദ്ധരിച്ചത് സ്വാഭാവികം.

മലബാർ പശ്ചാത്തലത്തിലുള്ള മാപ്പിളപ്പാട്ടുകൾ അധികവും എഴുതിയിരുന്നത് ഭാസ്കരൻ മാഷാണല്ലോ. ആ ധാരണ തിരുത്തിയത് ലീലച്ചേച്ചി തന്നെ. "ഇതെഴുതിയത് ശ്രീമൂലനഗരം വിജയനാണ്." ചേച്ചി പറഞ്ഞു. "തമാശപ്പാട്ട് എഴുതുന്നതിൽ പ്രത്യേക വൈഭവമുണ്ട് അദ്ദേഹത്തിന്. വാതിലും ചാരിയാ പൈങ്കിളി നമ്മളെ നോക്കുമ്പോ ചായകുടിക്കാൻ മോഹം, നല്ലൊരു ചായകുടിക്കാൻ മോഹം എന്നൊക്കെ എഴുതാൻ അദ്ദേഹത്തിനേ കഴിയൂ."

ശ്രീമൂലനഗരം വിജയൻ
ശ്രീമൂലനഗരം വിജയൻ

ശ്രീമൂലനഗരത്തിന്റെ പാട്ടുകൾ തേടിപ്പോകാനുള്ള പ്രചോദനം അതായിരുന്നു. സിനിമക്ക് വേണ്ടി എഴുതിയ പാട്ടുകൾ എണ്ണത്തിൽ കുറവെങ്കിലും മലയാളത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചില മാപ്പിളപ്പാട്ടുകളുണ്ട് അക്കൂട്ടത്തിൽ: ബാബുരാജിന്റെ ഈണത്തിൽ സീറോ ബാബു പാടിയ "വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പൂതിവച്ച് " (പോർട്ടർ കുഞ്ഞാലി), കാന്താരിപ്പാത്തുമ്മ (ക്രിമിനൽസ്) എന്നിവ ഉദാഹരണം. ശ്രീമൂലനഗരത്തിന്റെ "ആമിനത്താത്തേടെ പൊന്നുമോളാണ്" എന്ന രചന 2017 ൽ പുറത്തുവന്ന ഹണിബീ ടു പോയിന്റ് ഫൈവ് എന്ന ചിത്രത്തിൽ കേട്ടതോർക്കുന്നു.

നാടകങ്ങളിലുമുണ്ട് സൂപ്പർ ഹിറ്റായ മാപ്പിളപ്പാട്ടുകൾ. "പത്തിക്കയ്യൻ പോക്കരു കാക്ക ചിട്ടിക്കാരി പാത്തുമ്മാനെ" ആണ് അവയിൽ ഏറ്റവും പ്രശസ്തം. മാഹിക്കാരൻ മായൻകുട്ടി , ആനക്കാരൻ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ, പൂപോലെ ചിരിച്ചോളെ കണ്ണുകാട്ടി വിളിച്ചോളെ എന്നീ പാട്ടുകളുമുണ്ട് ഓർമ്മയിൽ. നാടകത്തിൽ ഭൂരിഭാഗം ഹിറ്റ് ഗാനങ്ങൾക്കും ഈണമൊരുക്കിയത് ജോബ് ആൻഡ് ജോർജ്ജ് സഖ്യം.

അഭിനയജീവിതത്തിന് തുടക്കമിട്ട കുടുംബിനിയിലെ (1964) അലിയാർ തൊട്ടിങ്ങോട്ട് നിരവധി മുസ്ലിം കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു ശ്രീമൂലനഗരം വിജയൻ. ദാഹം, അച്ഛനും ബാപ്പയും, യത്തീം, ക്രിമിനൽസ്, പിക്‌നിക്, ആദ്യത്തെ കഥ എന്നിവയാണ് പ്രധാന സിനിമകൾ.

"ശ്രീമൂലനഗരത്തെ ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം മുസ്ലിം കുടുംബങ്ങൾ താമസിച്ചിരുന്നു. അവരെല്ലാം അച്ഛന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരിൽ പലരേയും സൂക്ഷ്മമായി നിരീക്ഷിച്ച അനുഭവത്തിൽ നിന്നാവണം അച്ഛന്റെ പല മുസ്ലിം കഥാപാത്രങ്ങളും രൂപപ്പെട്ടത്."-- പൊന്നൻ പറയുന്നു. "ഉപ്പ എന്ന വിളി ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഒരിക്കലും തിരുത്താൻ ശ്രമിച്ചിട്ടില്ല."

വീട്ടിന്റെ പൂമുഖത്ത് ഫ്രെയിം ചെയ്ത് തൂക്കിയ ഫോട്ടോകൾക്കിടയിൽ ക്രിസ്തുദേവന്റെ പടമുണ്ടായിരുന്നു. അകത്തൊരു മുറിയിലെ ചുമരിൽ ചില്ലിട്ടുവെച്ച ഖുർആൻ സൂക്തങ്ങളും. മക്കളായ ഞങ്ങൾക്ക് പൊന്നൻ, പൊന്നി എന്ന് പേരിട്ടതിലും കാണാം ഈ വേറിട്ട കാഴ്ചപ്പാട്. മതബോധത്തിന്റെ ലാഞ്ഛന ഇല്ലാത്ത പേരുകളാണല്ലോ അവ
പൊന്നൻ

നാടകവും സിനിമയും പാട്ടെഴുത്തുമൊക്കെയായി തിരക്കിൽ മുഴുകി നടന്ന കാലത്ത് അച്ഛൻ വീട്ടിൽ ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എന്നോർക്കുന്നു പൊന്നൻ. "അവസാനകാലത്താണ് അച്ഛനെ ഞങ്ങൾ മക്കൾക്ക് സ്വതന്ത്രനായി കിട്ടുന്നത്. പിന്നീടദ്ദേഹം അധികകാലം ജീവിച്ചിരുന്നില്ലെങ്കിലും അന്നത്തെ ആ ഇടപഴകലിലൂടെ അച്ഛനെ നല്ലൊരളവോളം മനസിലാക്കാൻ കഴിഞ്ഞു.

സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും ദൗർബല്യവും. പലപ്പോഴും പ്രതിഫലം കണക്കുപറഞ്ഞു വാങ്ങാൻ പോലും മറന്നു അദ്ദേഹം. കലയ്ക്ക് വേണ്ടി ജീവിച്ച്, ഒടുവിൽ ജീവിക്കാൻ തന്നെ മറന്നുപോയ നിസ്വാർത്ഥമതികളുടെ ഒരു തലമുറ നമുക്കുണ്ടായിരുന്നല്ലോ. ആ തലമുറയുടെ ഭാഗമായിരുന്നു അച്ഛനും...."

logo
The Fourth
www.thefourthnews.in