'ആ അവസരം എന്നെ തേടിയെത്തിയത്'; ആർട്ടിസ്റ്റ് നമ്പൂതിരിയും മോഹൻലാലും കണ്ട നിമിഷം പകർത്തിയതിനെക്കുറിച്ച് അഖിൽ സത്യൻ

'ആ അവസരം എന്നെ തേടിയെത്തിയത്'; ആർട്ടിസ്റ്റ് നമ്പൂതിരിയും മോഹൻലാലും കണ്ട നിമിഷം പകർത്തിയതിനെക്കുറിച്ച് അഖിൽ സത്യൻ

നമ്പൂതിരി സാർ അതുപറഞ്ഞപ്പോൾ ലാൽ സാറിന്റെ കണ്ണുനിറഞ്ഞു

മോഹൻലാൽ - ആർട്ടിസ്റ്റ് നമ്പൂതിരി കൂടിക്കാഴ്ച ചിത്രീകരിച്ച ഡോക്യുമെന്ററി 'ഗന്ധർവൻ' സത്യത്തിൽ ഒരു ഹാപ്പി ആക്സിഡന്റ് ആണ്. ഞാൻ മുൻപ് 'ദാറ്റ് മൈ ബോയ്' എന്നൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. അത് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അപ്പോൾ അതുപോലെ ഒരു സംഭവം ചെയ്യണമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകൻ ഉണ്ണി വാര്യരാണ് എന്നെ വിളിക്കുന്നത്, അത് പാച്ചുവിന്റെ ഷൂട്ട് ബ്രേക്കിന്റെ സമയത്താണ്.

''മോഹൻലാൽ സാർ ആർട്ടിസ്റ്റ് നമ്പൂതിരി സാറിനെ കാണാൻ പോകുന്നുണ്ട്. അതൊന്ന് ഷൂട്ട് ചെയ്ത് കൊടുക്കണം, ലാൽ സാറിന് സൂക്ഷിക്കാൻ വേണ്ടിയാണ് . വേറെ ക്രൂ ഒന്നും പാടില്ല, പരിചയക്കാർ പാടില്ല, അവരുടെ മൊമന്റ് ഡിസ്റ്റർബ് ചെയ്യരുത്, അതുകൊണ്ട് ഞാൻ നിന്റെ പേര് പറഞ്ഞു, നീ മതിയെന്ന് ലാൽ സാറും പറഞ്ഞു,'' എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ.

ആദ്യം പറഞ്ഞത് ഒരു നോ ആണ്, കാരണം എപ്പോഴും സംഭവിക്കുന്ന ഒന്നല്ലല്ലോ, അത് നന്നായി ചെയ്യാനായില്ലെങ്കിൽ അവരുടെ ആ നിമിഷം. ഞാൻ കാരണം മിസ്സ് ആയാലോ എന്നായിരുന്നു ആശങ്ക. മാത്രമല്ല ടെക്നിക്കലി ഇതൊക്കെ ചെയ്ത് പരിചയമുള്ള ആരെങ്കിലും മതിയല്ലോ എന്നായിരുന്നു എന്റെ ചിന്ത

പക്ഷേ ഉണ്ണിയേട്ടന് വിശ്വാസമുണ്ടായിരുന്നു, ''നിനക്ക് ഇത് ചെയ്യാൻ പറ്റും. നീ എന്താണോ കാണുന്നത് അത് ഷൂട്ട് ചെയ്താൽ മതി,'' എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ. അച്ഛനോട് (സത്യൻ അന്തിക്കാട്) പറഞ്ഞപ്പോൾ ഭയങ്കര ഹാപ്പി, അവരെ രണ്ടുപേരെയും നന്നായി അറിയുന്ന അച്ഛൻ പറഞ്ഞു: ''നീ ഇത് ഉറപ്പായും ചെയ്യണം, ലൈഫിൽ ഇങ്ങനെ ഒരു അവസരം കിട്ടില്ല.'' അങ്ങനെയാണ് അത് ചെയ്യാൻ തീരുമാനിക്കുന്നത്.

പക്ഷേ അത് വളരെ സ്വകാര്യമായ അവരുടെ നിമിഷങ്ങളാണ്, ഒരുതരത്തിലും ലാൽ സാറിനെയും നമ്പൂതിരി സാറിനെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് ചിത്രീകരണം, എന്നാൽ എല്ലാ നിമിഷവും കിട്ടുകയും വേണം. രണ്ട് ക്യാമറയിൽ പകർത്താൻ തീരുമാനിച്ചു, ഒരു ക്യാമറ ഞാനും മറ്റേത് ചെയ്യാനായി പാച്ചുവിന്റെ ക്യാമറ ചെയ്യുന്ന ശരണിനേയും വിളിച്ചു. ശബ്ദം ഞാൻ തന്നെ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴും ക്യാമറയിൽ ബാറ്ററിയുണ്ടാകുമോ, ശബ്ദം കിട്ടുമോ എന്നൊക്കെയുള്ള ആശങ്കകളുണ്ടായിരുന്നു

ആ ചിത്രം കണ്ട് ഇഷ്ടപ്പെട്ട് ഇമോഷണലാകുന്ന ലാലേട്ടനെയാണ് അവിടെ കണ്ടത്

ഞാൻ ലാൽ സാറിനൊപ്പം കാറിലും ശരൺ നമ്പൂതിരി സാറിന്റെ വീട്ടിലും നിന്നു. അവർ തമ്മിൽ കാണുന്ന നിമിഷം രണ്ട് ആങ്കിളിൽനിന്ന് പകർത്താനായിരുന്നു പ്ലാൻ. കാറിൽ ഇരുന്ന് വെറുതെ ക്യാമറ റോൾ ചെയ്തപ്പോ കുറേ നല്ല രസകരമായ സംഭവങ്ങൾ കിട്ടി. അഭിമുഖങ്ങളിലൊക്കെ കാണുന്ന പോലെ അല്ലാതെ സംസാരിക്കുന്ന ചിരിക്കുന്ന ഒരു ലാൽ സാർ.

പക്ഷേ വീട്ടിലെത്തിയപ്പോൾ നമ്മൾ പ്രതീക്ഷിച്ചതൊന്നുമല്ല കിട്ടിയത്. രണ്ട് ആർട്ടിസ്റ്റുകൾ കണ്ടുമുട്ടുന്ന പോലെ ഒരു നിമിഷം ആയിരുന്നില്ല അവിടെ, പകരം അത്രമേൽ സ്നേഹമുള്ള രണ്ട് വ്യക്തികൾ തമ്മിൽ കാണുന്നു, സംസാരിക്കുന്നു. ലാൽ സാർ ശരിക്കും ഒരു കോളേജ് പയ്യനെ പോലെ തമാശയൊക്കെ പറയുന്നു... സാധാരണ നമ്മൾ കാണാത്ത ഒരു ലാൽ സാറിനെയാണ് അവിടെ കണ്ടത്.

അവിടെ കല്യാണ ക്യാമറ പോലെ മുഴുവൻ റോൾ ചെയ്യുക എന്നതിനപ്പുറം അവരെ അവരുടെ നിമിഷങ്ങളിലേക്ക് വിട്ട്, മാറിനിന്ന് ഷൂട്ട് ചെയ്യുകയാണ് വേണ്ടതെന്ന് തോന്നി. അതുകൊണ്ട് പലതും ഫോക്കസ് ഔട്ടാണ്. പക്ഷേ അവർ തമ്മിലുള്ള അത്രയും മനോഹരമായ ബന്ധം എന്താണെന്ന് ആ ദൃശ്യങ്ങൾ സംസാരിക്കുന്നുണ്ട്. എന്തും പറയാനുള്ള ബന്ധം അവർക്കിടയിൽ കാണാം. ലാൽ സാറിനോടുള്ള നമ്പൂതിരി സാറിന്റെ വാത്സല്യം കാണാം.

ലാൽ സാർ മകൻ പ്രണവിനെ നമ്പൂതിരി സാറിന് ഫോണിൽ കാണിച്ച് കൊടുക്കുന്നുണ്ട്. നമ്പൂതിരി സാർ മകനെയും മരുമകളെയുമൊക്കെ ഫോണിൽ വിളിച്ച് കൊടുത്തു

ഗന്ധർവന്റെ ഫോട്ടോ ഒരു സർപ്രൈസ് ആയിട്ടാണ് നമ്പൂതിരി സാർ, ലാൽ സാറിന് നൽകുന്നത്. നമ്പൂതിരി സാർ ചിത്രം കാണിച്ചപ്പോൾ ലാൽ സാർ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. ആ ചിത്രം കണ്ട് ഇഷ്ടപ്പെട്ട് ഇമോഷണലാകുന്ന ലാലേട്ടനെയാണ് അവിടെ കണ്ടത്. ജീവിതത്തിൽ ലാൽ സാർ ഇമോഷണലായ ഒരു നിമിഷം. അതിനുശേഷം പലതവണ ലാൽ സാർ നമ്പൂതിരി സാറിന്റെ കൈപിടിക്കുന്നത് കാണാം, ഒരു ഫാൻബോയ് മൊമന്റ് പോലെ. ഒരു മടിയുമില്ലാതെ ഇമോഷൻസ് എക്സ്പ്രസ് ചെയ്യുന്നുണ്ട് ലാൽ സാർ അവിടെ. അവർക്കിടയിൽ അനാവശ്യമായ പുകഴ്ത്തൽ ഇല്ല. പക്ഷേ രണ്ടുപേരുടെയും മനസ് നിറയുന്നത് കാണാം, പലതവണ...

ലാൽ സാറിന് തിരക്കുള്ളതിനാൽ വേഗത്തിൽ ഇറങ്ങി. ഇറങ്ങാൻ നേരം ആ ഇടയ്ക്ക് ഇറങ്ങിയ ലാൽ സാറിന്റെ ഒരു സിനിമയെ കുറിച്ച് നമ്പൂതിരി സാർ പറയുമ്പോൾ, ലാൽ സാറിന്റെ കണ്ണ് നിറയുന്നത് കാണാം. നമ്പൂതിരി സാറിൽനിന്ന് നല്ല വാക്കുകൾ കേട്ട് വീണ്ടും ലാൽ സാർ ഇമോഷണലായി. നമ്പൂതിരി സാറിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് ലാൽ സാർ അവിടെ നിന്ന് ഇറങ്ങിയത്. അതുപക്ഷേ ഞാൻ യൂട്യൂബിൽ ഇട്ട വീഡിയോയിൽ ഉൾപ്പെടുത്തിയില്ല. അവരുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒരു നിമിഷമായിട്ടാണ് അതിനെ കണ്ടത്. ആ നിമിഷത്തിൽ അവിടെ ഉണ്ടാകാൻ സാധിച്ചുവെന്നത് ഒരു നിയോഗം പോലെ തോന്നി. അവിടെ ഒരിക്കലും ഉണ്ടാവേണ്ട ആളെ അല്ലല്ലോ ഞാൻ.

കറകളില്ലാത്ത, കൃത്രിമമില്ലാത്ത, രണ്ടു മനുഷ്യരും അവരുടെ കുറച്ചുനിമിഷവും അതാണ് ആ വീഡിയോ. അത് എല്ലാവരും കാണേണ്ട ഒരു കൂടിക്കാഴ്ചയാണെന്ന് തോന്നിയതുകൊണ്ടാണ് അത് പബ്ലിഷ് ചെയ്തത്. അല്ലെങ്കിൽ അത് ലാൽ സാറിന് മാത്രം കൊടുത്താൽ മതിയായിരുന്നു.

ഞാൻ തന്നെയാണ് വീഡിയോ എഡിറ്റ് ചെയ്തതും. ഒരാഴ്ചയിലേറെ എടുത്ത്, ഒരു മ്യൂസിക് ഒക്കെ കൊടുത്ത് ഒരു സിനിമാറ്റിക് ടച്ച് നൽകി നോക്കി. അത്രയും ഡെഡിക്കേറ്റഡ് ആയിട്ടാണ് ആ വീഡിയോയെ സമീപിച്ചതും ചെയ്തതും. ചെയ്ത് കഴിഞ്ഞ് ലാൽ സാറിന് അയച്ചുകൊടുത്തു. സ്നേഹം മാത്രമേ അതിൽ കാണാനാകുന്നുള്ളൂവെന്ന് പറഞ്ഞു. ഒരുപാട് തവണ താങ്ക്സ് ഉം പറഞ്ഞു.

നമ്പൂതിരി സാറിന്റെ മകനാണ് വീഡിയോ കണ്ടിച്ച് വിളിച്ചത്. അച്ഛന് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അപ്പോഴേക്കും നമ്പൂതിരി സാറിന് ഫോൺ വിളിച്ചാൽ കേൾക്കാൻ ചെറിയ ബുദ്ധിമുട്ടൊക്കെ തുടങ്ങിയിരുന്നു.

ഇരുവർക്കും ഇഷ്ടമാകണമെന്നു മാത്രമായിരുന്നു ആ വീഡിയോ ചെയ്യുമ്പോൾ ഞാൻ ആഗ്രഹിച്ചത്. കാരണം അവർക്ക് നല്ല പ്രൊഫഷണലായിട്ടുള്ള ആരെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ഒന്നാണല്ലോ ഇത്. പക്ഷേ നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച ഒരുകാര്യം അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ചെയ്ത് കൊടുക്കാൻ സാധിക്കുകയെന്നത് വലിയ കാര്യമല്ലേ?

അച്ഛനും നല്ല ഹാപ്പിയായി കണ്ടിട്ട്. അച്ഛൻ രണ്ടുതവണ കണ്ടു. ഇഷ്ടപ്പെടുമ്പോൾ മാത്രമാണ് അച്ഛൻ ഒരു വീഡിയോ രണ്ടുതവണ കാണുന്നത്. രണ്ടുവർഷം മുൻപ് ചെയ്ത വീഡിയോ കണ്ടിട്ട് ഇപ്പോഴും പലരും വിളിക്കാറുണ്ട്. പലരും ലാൽ സാർ കാണിച്ചുവെന്നൊക്കെ പറയാറുണ്ട്. അതൊക്കെ തന്നെയാണ് ആ വീഡിയോ തരുന്ന സന്തോഷവും

ഡോക്യുമെന്ററിക്ക് ഗന്ധർവൻ എന്ന പേര്

ഗന്ധർവൻ എന്ന ചിത്രം വാങ്ങാനാണ് ലാൽ സാർ പോയത്. ഒരുപാട് ആലോചിച്ചിട്ടും മറ്റൊരു പേര് എനിക്ക് കിട്ടിയില്ല. ചിത്രത്തിന് മാത്രമല്ലല്ലോ, ലാൽ സാറിലും നമ്പൂതിരി സാറിലും ഗന്ധർവന്റെ അംശമില്ലേ? അപ്പോൾ ഇതിലും നല്ല മറ്റൊരു പേരുണ്ടാകുമോ?

നമ്പൂതിരി എന്ന സ്നേഹം

ആ വീഡിയോ ചിത്രീകരിച്ച ശേഷം ലാൽ സാർ പോയി. അതിനുശേഷം നമ്പൂതിരി സാർ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ കട്ടിലിൽ ഇരുന്ന് കുറേ ചിത്രങ്ങളൊക്കെ കാണിച്ചുതന്നു. കലയും രാഷ്ട്രീയവുമൊക്കെയുള്ള കുറച്ച് ചിത്രങ്ങൾ. അവയെ പറ്റി സംസാരിച്ചു. ആ സ്നേഹം നേരിട്ട് അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. എന്താണ് നമ്പൂതിരി എന്നൊരു പേര് എന്ന് ഞാൻ ചോദിച്ചു. ചിരിച്ചുകൊണ്ട് പറഞ്ഞു, ''അത് അങ്ങനെ സംഭവിച്ചുപോയി.''

അദ്ദേഹം കുട്ടികാലത്ത് താമസിച്ച ഒരു വീട് ഓർമയിൽനിന്ന് വരച്ചത് കാണിച്ചുതന്നു. ഒരു ക്ലാസിക് ചിത്രമായിരുന്നു അത്. അദ്ദേഹം ഓടിക്കളിച്ച് നടന്ന പടിപ്പുരയും തൊടിയുമൊക്കെയുള്ള ഒരു ചിത്രം. ഒരു മിനി എക്സിബിഷൻ കണ്ടപോലെ ഒരു അനുഭവമായിരുന്നു അത്.

ഇപ്പോൾ ചെന്നൈയിലാണ്. അതിനാൽ പലകുറി നമ്പൂതിരി സാറിനെ കാണാൻ പോകണമെന്ന് വിചാരിച്ചിട്ടും നടന്നില്ല. ആ വിഷമം എന്നും അവശേഷിക്കും. എന്നാലും രണ്ട് പ്രതിഭകളെ, ലാളിത്യമുള്ള മനുഷ്യരെ, അവരെ അവരായി തന്നെ പകർത്താൻ ലഭിച്ച ആ അസുലഭ അവസരം എക്കാലവും ഒരു അനുഗ്രഹമായി തന്നെ കാണുന്നു.

logo
The Fourth
www.thefourthnews.in