അതിസൂക്ഷ്മ നിരീക്ഷണപാടവമുള്ള നമ്പൂതിരി വരകള്‍

അതിസൂക്ഷ്മ നിരീക്ഷണപാടവമുള്ള നമ്പൂതിരി വരകള്‍

മാതൃഭൂമിയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് പകരക്കാരനായെത്തിയ മദനന്‍ എഴുതുന്നു

കുട്ടിക്കാലം മുതലേ എന്നെ സ്വാധീനിച്ചത് ചിത്രകലയായിരുന്നു. കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രസിദ്ധീകരണത്തിലെ ചിത്രങ്ങള്‍ മിക്കതും നിരീക്ഷിക്കാറുണ്ടായിരുന്നു. സ്‌കൂള്‍, കോളേജ് ജീവിതത്തിലും ഈ പതിവ് തുടര്‍ന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എഴുത്തുകളെല്ലാം വലിയ കാര്യമായിരുന്നു അക്കാലത്ത്. മാതൃഭൂമിയില്‍ എഴുതുന്നവരെല്ലാം പ്രഗത്ഭരായിരുന്നു. വര എന്റെ ജീവിതത്തിന്റ ഭാഗമായിരുന്നതുകൊണ്ട് തന്നെ മാതൃഭൂമിയിലെ വരകളും കാര്‍ട്ടൂണുകളുമൊക്കെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ഞാന്‍ പഠിക്കുന്ന കാലം, അതായത് 70, 75, 80 കാലഘട്ടം. നല്ല ചിത്രകാരന്മാര്‍ മത്സരിച്ച് വരച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇന്നത്തെ പോലെ ഒരുപാട് പ്രസിദ്ധീകരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ദേശാഭിമാനി, ജനയുഗം, ചന്ദ്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയായിരുന്നു അന്നത്തെ പ്രധാന വാരികകള്‍. ഇതില്‍ തന്നെ വായനക്കാര്‍ ധാരാളമുള്ള പ്രസിദ്ധീകരണമായിരുന്നു മാതൃഭൂമി.

അതിസൂക്ഷ്മ നിരീക്ഷണപാടവമുള്ള നമ്പൂതിരി വരകള്‍
നമ്പൂതിരി എന്ന വര

അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' കാണുമ്പോള്‍ വലിയ കാര്‍ട്ടൂണായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്

അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' കാണുമ്പോള്‍ വലിയ കാര്‍ട്ടൂണായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അതിലെ എ എസിന്റെയും നമ്പൂതിരിയുടെയും ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അവരെ കാണാന്‍ സാധിക്കുമെന്നുപോലും കരുതിയിരുന്നില്ല. ആ കാലഘട്ടത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പ്രസിദ്ധീകരണമായിരുന്നു മാതൃഭൂമി.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി
ആര്‍ട്ടിസ്റ്റ് നമ്പൂതിരി

1980 കാലഘട്ടത്തിലാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമി വിട്ടുപോകുന്നത്. പിന്നീട് കുറച്ചുനാള്‍ അദ്ദേഹം വീട്ടിലിരുന്നു. പിന്നീടാണ് കലാകൗമുദിയില്‍ വരയ്ക്കാന്‍ ക്ഷണം ലഭിച്ചത്. നമ്പൂതിരിയുടെ ഒഴിവിലേക്ക് എ എസ് നായര്‍ ഒരാളെ അന്വേഷിക്കുന്നതിനിടെയാണ് എന്നെ അദ്ദേഹത്തിന്റെ കണ്ണില്‍പെട്ടത്. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മുഖേനെ എന്നെക്കുറിച്ച് അന്വേഷിച്ചതിനെത്തുടർന്ന് ഞാന്‍ പോയി കണ്ടു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും മറ്റുമായാണ് ഞാനന്ന് അദ്ദേഹത്തെ കാണാനെത്തിയത്. അന്നത്തെ കാലത്ത് തിരുവനന്തപുരം യൂണിറ്റിലായിരുന്നു മാതൃഭൂമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും അച്ചടിച്ചിരുന്നത്.

അതിസൂക്ഷ്മ നിരീക്ഷണപാടവമുള്ള നമ്പൂതിരി വരകള്‍
'വരയുടെ പരമശിവൻ' സംഗീതത്തെ കണ്ടറിഞ്ഞ വിധം

1984ലാണ് ഞാന്‍ തിരുവനന്തപുരത്ത് എത്തിപ്പെടുന്നത്. ആ വര്‍ഷം തിരുവനന്തപുരം എസ് എന്‍ വി ഹൈസ്‌കൂളില്‍ സംസ്ഥാന ശാസ്ത്രമേള നടക്കുകയായിരുന്നു. മേളയ്ക്ക് കോഴിക്കോട് ജില്ലയുടെ എസ്‌കോട്ടിങ് ടീച്ചറായി എന്നെയാണ് തിരഞ്ഞെടുത്തത്. അതൊരു അവസരമായി കണ്ട് ഞാന്‍ മാതൃഭൂമി അന്വേഷിച്ച് ഇറങ്ങി. ഒടുവില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പിന്നിലുള്ള ഒരു വീട്ടില്‍ ഓട്ടോയില്‍ ചെന്നിറങ്ങിയ ഞാന്‍ എ എസിനെ അന്വേഷിച്ചു. അദ്ദേഹം എത്തിയില്ലെന്നായിരുന്നു ലഭിച്ച മറുപടി. ജെ ആര്‍ പ്രസാദ് അന്ന് എ എസിനെ അസിസ്റ്റ് ചെയ്യുകയാണ്. മദനനെക്കുറിച്ച് പറയാറുണ്ടെന്ന് പറഞ്ഞ് എന്നെയും കൂട്ടി പ്രസാദ് എ എസിന്റെ വീട്ടിലേക്ക് പോയി. അങ്ങനെയാണ് അദ്ദേഹത്തെ കാണുന്നത്.

അന്നത്തെ കാലത്ത് മാതൃഭൂമിയില്‍ വരയ്ക്കാന്‍ അവസരം ലഭിക്കുകയെന്നാല്‍ എന്നെ സംബന്ധിച്ച് അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു. അതും നമ്പൂതിരിയുടെ ഒഴിവില്‍

ചിത്രങ്ങളൊന്നും കാണിക്കേണ്ടെന്നും മാതൃഭൂമിയില്‍ വരയ്ക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ വരാമെന്നും എ എസ് എന്നോട് പറഞ്ഞു. പക്ഷേ മാതൃഭൂമിയില്‍ ജോലിക്ക് കയറുമ്പോള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലെ ചിത്രകലാ അധ്യാപക ജോലി വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു നിബന്ധന. അതിന് തയ്യാറാണെന്ന് ഞാന്‍ അറിയിച്ചു. അന്നത്തെ കാലത്ത് മാതൃഭൂമിയില്‍ വരയ്ക്കാന്‍ അവസരം ലഭിക്കുകയെന്നാല്‍ എന്നെ സംബന്ധിച്ച് അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു. അതും നമ്പൂതിരിയുടെ ഒഴിവില്‍. പെട്ടന്ന് തന്നെ ജോയിൻ ചെയ്യേണ്ടി വരുമെന്നും മാനേജിങ്ങ് ഡയറക്ടറെ കാര്യം ധരിപ്പിക്കാമെന്നും എ എസ് പറഞ്ഞു.

വി പി രാമചന്ദ്രന്‍ എന്ന വിപി ആര്‍ ആയിരുന്നു അക്കാലത്ത് മാതൃഭൂമിയെ നയിച്ചത്. അദ്ദേഹം വിളിപ്പിക്കുമെന്നും എ എസ് അറിയിച്ചു. അപേക്ഷ എഴുതാനുള്ള ധാരണ പോലും എനിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. അങ്ങനെ എ എസ് തന്നെയാണ് എനിക്ക് അപേക്ഷ എഴുതിത്തന്നത്. ആ എഴുത്ത് ഞാനിന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളില്‍ എനിക്ക് കത്ത് വന്നു. അങ്ങനെ കൊച്ചി കലൂരിലെ മാതൃഭൂമിയുടെ ഓഫീസില്‍ പോയി വി പി രാമചന്ദ്രനെ കണ്ടു. ഇന്നത്തെ കോഴിക്കോട് പോലെയായിരുന്നു അന്നത്തെ കൊച്ചി. മാതൃഭൂമിയുടെ കേന്ദ്ര സ്ഥാനം. ചിത്രം കാണേണ്ടതില്ലെന്നും എ എസ് നായര്‍ എല്ലാം പറഞ്ഞുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉടനെ ജോലിയില്‍ പ്രവേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ തിരുവനന്തപുരം മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ചു.

നമ്പൂതിരിയുടെ ഒഴിവിലേക്കാണ് ഞാന്‍ ജോയിന്‍ ചെയ്തത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍നിന്നാണ്, ഞാന്‍ ജനിച്ച വര്‍ഷമാണ് അദ്ദേഹം മാതൃഭൂമിയില്‍ ജോലിക്ക് കയറിയതെന്ന് മനസിലാക്കുന്നത്, അതായത് അറുപതുകളില്‍. കെ എസ് പണിക്കരുടെ ശിഷ്യന്മാരായ എ എസിനെയും നമ്പൂതിരിയേയും ചോളമണ്ഡലത്തില്‍നിന്ന് എം വി ദേവനാണ് മാതൃഭൂമിയിലേക്ക് കൊണ്ടുവന്നത്. ദേവന്‍ മാഷ്, നമ്പൂതിരി, കെ എസ് എന്നീ വലിയ ആളുകള്‍ക്കൊപ്പമാണ് ജോലിയില്‍ പ്രവേശിക്കുന്നതെന്നത് അന്നെനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു.

ആര്‍ട്ടിസ്റ്റ് മദനന്‍
ആര്‍ട്ടിസ്റ്റ് മദനന്‍

എന്ത് വരച്ചാലും അതില്‍ തന്റെ വ്യക്തിമുദ്ര പുലര്‍ത്താന്‍ നമ്പൂതിരി ശ്രദ്ധിച്ചിരുന്നു. 60 കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ദേവന്‍ മാഷിന്റെയും നമ്പൂതിരിയുടെയും എ എസിന്റേയും വരകളെ പേര് അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും മനസിലാക്കാന്‍ കഴിയുമായിരുന്നു

നമ്പൂതിരിയുടെ പഴയകാല ചിത്രങ്ങളിലെല്ലാം എനിക്ക് കാണാൻ കഴിഞ്ഞത് അതിസൂക്ഷ്മമായ പഠനം അദ്ദേഹത്തിനുണ്ടെന്നതാണ്. ഹാസ്യം വരകളില്‍ കാണാം. ഉയര്‍ന്ന നമ്പൂതിരി കുടുംബത്തിലായിരുന്നു ആര്‍ട്ടിസ്റ്റ് ജനിച്ചത്. പൊന്നാനി ഭാഗത്ത് വളര്‍ന്ന നമ്പൂതിരി, മുസ്ലിം സമുദായത്തെയും അദ്ദേഹം ജനിച്ച ബ്രാഹ്‌മണ സമൂഹത്തേയും സാധാരണക്കാരേയുമൊക്കെ വളരെ സൂക്ഷ്മമായി പഠിച്ച് വിലയിരുത്തിയാണ് ചിത്രീകരിച്ചത്. അന്തര്‍ജനങ്ങളെയും മുസ്ലിങ്ങളെയും അവരുടെ ശരീര ഘടനയേയും ആചാരങ്ങളെയും അദ്ദേഹം വരകളിലൂടെ ആവിഷ്‌കരിച്ചു. നമ്പൂതിരിമാരെ കണ്ടാല്‍ താഴ്ന്ന ജാതിക്കാർ മാറിനടക്കേണ്ട കാലഘട്ടമായിരുന്നു അത്. പല്ലക്കില്‍ പോകുന്ന രാജാവിനേയും മാറി നില്‍ക്കുന്നവരേയുമൊക്കെ എന്ത് മനോഹരമായിട്ടാണ് അദ്ദേഹം വരച്ചത്. ഇന്നത്തെ കാലത്ത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എല്ലാവിധ ദൃശ്യസംവിധാനങ്ങളുമുണ്ട്. ടി വി, മൊബൈല്‍ അങ്ങനെയെല്ലാം. എന്നാല്‍ അങ്ങനെയല്ലാത്ത കാലഘട്ടത്തിലാണ് ആ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ ഒഴുകി മലയാളികളെ കോരിത്തരിപ്പിച്ചത്.

എന്ത് വരച്ചാലും അതില്‍ തന്റെ വ്യക്തിമുദ്ര പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 60 കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്ന ദേവന്‍ മാഷിന്റെയും നമ്പൂതിരിയുടെയും എ എസിന്റെയും വരകൾ പേര് അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും മനസിലാക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകള്‍' പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ആ സമയത്ത് അതിമനോഹരിയായ ബീവിയെയും മറ്റ് കഥാപാത്രങ്ങളേയും മലയാളിയിലേക്ക് പതിപ്പിക്കാന്‍ നമ്പൂതിരിയുടെ വരകള്‍ക്ക് സാധിച്ചു.

നമ്പൂതിരി കുറിയ മനുഷ്യനും എ എസ് കുറച്ച് നീളമുള്ള ആളുമാണ്. എന്നാല്‍ ഇവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ എ എസ് കുറിയ മനുഷ്യരെയും നമ്പൂതിരി നീണ്ട മനുഷ്യരെയുമാണ് ചിത്രീകരിച്ചിരുന്നത്

നമ്പൂതിരിയും എ എസും തമ്മിലുള്ള വ്യത്യാസം അവരുടെ വരകളുടെ വൈരുധ്യമാണ്. നമ്പൂതിരി കുറിയ മനുഷ്യനും എ എസ് കുറച്ച് നീളമുള്ള ആളുമാണ്. എന്നാല്‍ ഇവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ എ എസ് കുറിയ മനുഷ്യരെയും നമ്പൂതിരി നീണ്ട മനുഷ്യരെയുമാണ് ചിത്രീകരിച്ചിരുന്നത്. എ എസ് ഖസാക്കിന്റെ ഇതിഹാസത്തിൽ വരച്ച കഥാപാത്രങ്ങളെല്ലാം കുറിയ മനുഷ്യരാണ്. നമ്പൂതിരിയുടെ വരകളില്‍ നീളമേറിയ കഥാപാത്രങ്ങളായിരുന്നു ആദ്യ കാലങ്ങളിലെല്ലാം കണ്ടുവന്നിരുന്നത്. നമ്പൂതിരിയുടെ എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ചിത്രീകരമാണ് എം ടി വാസുദേവന്‍ നായര്‍ എഴുതി കലാകൗമുദി‍ പ്രസിദ്ധീകരിച്ച രണ്ടാമൂഴമെന്ന നോവലിലെ ചിത്രങ്ങള്‍. അതിലെ ഭീമനും പാഞ്ചാലിയും യുദ്ധവും ഗദയും അതിന്റെ രൂപങ്ങളും എല്ലാം മനസില്‍ ഇപ്പോഴും നില്‍ക്കുന്നു.

മറ്റുള്ള ചിത്രകാരന്മാരെ അപേക്ഷിച്ച് അസാധാരണവും അതിസൂക്ഷ്മമവുമായ നിരീക്ഷണം നമ്പൂതിരിയുടെ ചിത്രങ്ങളില്‍ ഞാന്‍ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ രചനാ രീതികള്‍ കാഴ്ചക്കാര്‍ക്ക് അത് എളുപ്പത്തിലുള്ള രചനാ രീതിയായി തോന്നാം. എന്നാല്‍ അത്ര ലളിതമല്ല നമ്പൂതിരിയുടെ വരകള്‍.

നമ്പൂതിരി മലയാളത്തില്‍ മാത്രമായി വരച്ചതുകൊണ്ട് ലോകത്തിലെ എല്ലാ മലയാളികളും നമ്പൂതിരിയുമായി വളരയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെല്ലാം മലയാളികള്‍ നന്നായി ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ ആര്‍ കെ ലക്ഷ്മണിനെ പോലെ ലോക പ്രശസ്ത ചിത്രകാരന്മാരുടെ ഒരു ഐക്കണായി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാറിയേനെ. ആര്‍ കെ ലക്ഷ്മണ്‍, മറിയോ മിറാണ്ട എന്നിവര്‍ ഉത്തരേന്ത്യക്കാരായതുകൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്ത് എത്തിപ്പെടാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ ആ സാധ്യത മലയാളികള്‍ക്ക് ലഭിക്കാറില്ല.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ പോലൊരാളുടെ നഷ്ടം മലയാളികള്‍ക്ക് അത്രമേല്‍ വലുത് തന്നെയാണ്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. കാരണം, അതിസൂക്ഷ്മമായി മലയാളികളെ പഠിച്ച് അവരുടെ ശരീരഘടനകളെ ചിത്രീകരിച്ച എല്ലാ കഴിവും വരകളില്‍ക്കൂടി കാണിച്ചുതന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരയിലെ സ്ത്രീകള്‍ എല്ലാ കാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രൈണത നിറഞ്ഞുവരുന്ന ഒരു ഭാവം നമ്പൂതിരിയുടെ സ്ത്രീകള്‍ക്കുണ്ട്. ഏത് നാട്ടിലുള്ളവരും ഒന്ന് നോക്കിപ്പോവും വിധം ജീവനുള്ള പോലെ തോന്നുന്നതാണ് അദ്ദേഹത്തിന്റെ വരകള്‍.

1993 മുതല്‍ 1995 വരെ നമ്പൂതിരി കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലത്ത് മെമ്പറായി ഞാനും ഉണ്ടായിരുന്നു. നമ്പൂതിരിയുടെ കൂടെ ജോലി ചെയ്യാന്‍ അന്നെനിക്ക് സാധിച്ചു. മാതൃഭൂമിയില്‍നിന്ന് പക്ഷേ അങ്ങനെ ഒന്നിച്ചിരുന്നു ജോലി ചെയ്യാന്‍ സാധിച്ചിട്ടില്ല. പല ക്യാമ്പുകളിലും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. ചിത്രപ്രദര്‍ശനങ്ങള്‍ക്ക് ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.

കോഴിക്കോട് ബിലാത്തിക്കുളം ശിവക്ഷേത്രത്തിന് തൊട്ടുപിറകിലായാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വീട് വച്ചിരുന്നത്. എം വി ദേവന്‍ നിര്‍മിച്ചതായിരുന്നു ആ വീട്. കേരളത്തില്‍ ആദ്യത്തെ, ഇഷ്ടികകൊണ്ട് നിര്‍മിച്ച ഏറ്റവും ചിലവ് കുറഞ്ഞ വീടായിരുന്നു അത്. അവിടെയിപ്പോള്‍ മൂത്ത മകനാണ് താമസിക്കുന്നത്. നമ്പൂതിരി എടപ്പാളില്‍ പുതുതായി നിർമിച്ച വീട്ടിലായിരുന്നു താമസം.

logo
The Fourth
www.thefourthnews.in