നഷ്ടപ്പെട്ടത് വരകളുടെ 'നമ്പൂതിരി' ഭാഷ

നഷ്ടപ്പെട്ടത് വരകളുടെ 'നമ്പൂതിരി' ഭാഷ

കേരളത്തിലെ എഴുത്തുകാരുടെ മഹത്തായ കൃതികൾ, തലമുറകളായി വായിക്കുന്ന ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയത്തിൽ നമ്പൂതിരി എന്ന പേര് തന്നെ കൈയൊപ്പ് ചാർത്തിയിരുന്നു

രേഖാചിത്രങ്ങളിലൂടെയും ശിൽപ്പങ്ങളിലൂടെയും കലയിൽ പുതിയൊരു തലം സൃഷ്ടിച്ച പ്രതിഭയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വായനയുടെ മറ്റൊരു തലത്തിൽനിന്നുകൊണ്ടാണ് മലയാളത്തിലെ ആനുകാലികങ്ങൾക്കും സാഹിത്യ സൃഷ്ടികൾക്കും അദ്ദേഹം ചിത്രങ്ങൾ വരച്ചിരുന്നത്. കാണുന്ന കാഴ്ചകൾക്കപ്പുറം മനുഷ്യന്റെ സഹജമായ സ്വഭാവങ്ങളെ നമ്പൂതിരിയുടെ വരകളിൽ കാണാനാവും.

കേരളത്തിലെ എഴുത്തുകാരുടെ മഹത്തായ കൃതികൾ, തലമുറകളായി വായിക്കുന്ന ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയത്തിൽ നമ്പൂതിരിയെന്ന പേര് തന്നെ കൈയൊപ്പ് ചാർത്തിയിരുന്നു. തകഴി ശിവശങ്കര പിള്ള, കേശവദേവ്, എം ടി വാസുദേവൻ നായർ, ഉറൂബ്, എസ് കെ പൊറ്റക്കാട്, ഇടശ്ശേരി ഗോവിന്ദൻ നായർ, വികെഎൻ എന്നിവരുടെ മികച്ച രചനകൾക്ക് അദ്ദേഹം രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.

കരുവാട്ടുമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി 1925 സെപ്റ്റംബർ 13-നാണ് കെ എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. തൃക്കാവ് അമ്പലത്തിലെ ശാന്തിക്കാരനായിരുന്ന പരമേശ്വരൻ നമ്പൂതിരിയുടെ മൂന്നാമത്തെ ഭാര്യയാണ് ശ്രീദേവി അന്തർജനം. ഇവർക്ക് ഉമാദേവി എന്ന ഒരു മകൾ കൂടിയുണ്ടായിരുന്നു. പരമേശ്വരൻ നമ്പൂതിരി സാഹിത്യത്തിനും പഠനത്തിനുമായി മുഴുവൻ സമയവും മാറ്റിവച്ചപ്പോൾ, ആദ്യ ഭാര്യയിലെ മകനായ നാരായണൻ നമ്പൂതിരിയാണ് തറവാട്ടിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്നാൽ, നാരായണന്റെ കെടുകാര്യസ്ഥത കരുവാട്ടുമനയെ തകർച്ചയിലേക്കാണ് നയിച്ചത്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം തറവാട് ക്ഷയിച്ചു തുടങ്ങുന്ന കാലത്തായിരുന്നു. പരമേശ്വരൻ നമ്പൂതിരി സമ്പാദിച്ച സ്വത്തുവകകളൊക്കെയും ഓരോന്നായി കടക്കാർ അങ്ങനെ സ്വന്തമാക്കി.    

ബാല്യത്തിൽ തന്നെ ഏകാന്തതയുടെ ഇരുട്ടിലാണ് വസുദേവൻ നമ്പൂതിരി വളർന്നത്

രണ്ടാം ലോകമഹായുദ്ധകാലത്ത് തറവാട് കടുത്ത ദാരിദ്രത്തിനാണ് സാക്ഷ്യം വഹിച്ചത്. അടുപ്പ് പുകഞ്ഞ ദിവസങ്ങൾ വിരളമായപ്പോൾ ടൈഫോയ്ഡ് ബാധിതനായി നാരായണൻ നമ്പൂതിരി മരിച്ചു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അപാരമായ പ്രാവീണ്യമുണ്ടായിരുന്നു പരമേശ്വരൻ നമ്പൂതിരിക്ക് തന്റെ മക്കളായ നാരായണൻ നമ്പൂതിരിയുടെയും രണ്ടാം ഭാര്യയിൽ ജനിച്ച മകനായ പരമേശ്വന്റെയും ധൂർത്ത് കണ്ടുനിൽക്കാനേ സാധിച്ചിരുന്നുളളൂ. ബാല്യത്തിൽ തന്നെ ഏകാന്തതയുടെ ഇരുട്ടിലാണ് വാസുദേവൻ നമ്പൂതിരി വളർന്നത്. ഇതിനിടയിൽ ശരീരമാസകലം പടർന്നുപിടിച്ച കരപ്പനും ആ ഏകാന്തതയെ കൂടുതൽ തീവ്രമാക്കി മാറ്റി. രോഗം തീർത്ത ഏകാന്ത തടവിലാണ് മുറ്റത്തെ മണൽത്തരികളിൽ ഈർക്കിൽകൊണ്ട് നമ്പൂതിരി ചിത്രങ്ങൾ വരച്ചുതുടങ്ങിയത്.    

നാൽപ്പതുകളിൽ അദ്ദേഹം ഇടതുപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളുമായി അടുക്കുന്നു. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററായിരുന്ന വി ടി ഇന്ദുചൂഢനായിരുന്നു അതിലൊരാൾ

പരമേശ്വരൻ നമ്പൂതിരിയുടെ മൂന്നാംവേളി ആയതുകൊണ്ടു തന്നെ ശ്രീദേവി അനുഭവിച്ച അവഗണനകൾ അവരു‌ടെ രണ്ട് മക്കളും അനുഭവിച്ചിരുന്നു. സ്‌കൂൾ വിദ്യാഭ്യാസംപോലും വാസുദേവന് ആദ്യം കാലത്ത് നിഷേധിക്കപ്പെട്ടു. വാസുദേവൻ നമ്പൂതിരിക്ക് പത്തുപന്ത്രണ്ട് വയസ്സുളളപ്പോൾ തന്നെ തറവാട്ടിന്റെ പ്രതാപവും പ്രൗഢിയും അസ്തമിച്ചിരുന്നു. അച്ഛന്റെ മരണശേഷം വരിക്കാശ്ശേരിയിലേക്കുളള യാത്രയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. മനയിലെ അന്തേവാസിയായ അട്ടു നമ്പൂതിരി വാസുദേവനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ മനസിൽ വരകൾ മാത്രമേ ഉണ്ടായിരുന്നുളളൂ.

നാൽപ്പതുകളിൽ അദ്ദേഹം ഇടതുപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളുമായി അടുക്കുന്നു. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററായിരുന്ന വി ടി ഇന്ദുചൂഢനായിരുന്നു അതിലൊരാൾ.  അദ്ദേഹത്തിൽനിന്നായിരുന്നു വാസുദേവൻ കമ്യൂണിസത്തെപ്പറ്റി പഠിക്കുന്നത്. എന്നാൽ പിൽക്കാലത്ത് ഇന്ദുചൂഢൻ വലതുപക്ഷത്തെത്തിയെന്നത് മറ്റൊരു ചരിത്രം. പിൽക്കാലത്ത് മുഖ്യമന്ത്രിയായ അച്യുതമേനോനെയും ഇതേകാലത്താണ് വാസുദേവൻ പരിചയപ്പെടുന്നത്. മൂന്ന് കൊല്ലത്തെ സംസ്കൃത പഠനത്തിനുശേഷം, വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുടെ സാമ്പത്തിക സഹായത്തോടെ ചിത്രകല പഠിക്കാനായി അദ്ദേഹം 1954ൽ ചെന്നൈയിലേക്ക് മാറി.

മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളേജിൽ‌ കെസിഎസ് പണിക്കർ, സ്ഥാപനത്തിന്റെ സ്ഥാപക പ്രിൻസിപ്പൽ ദേബി പ്രസാദ് റോയ് ചൗധരി, എസ് ധനപാൽ എന്നിവരുടെ കീഴിലായിരുന്നു പഠനം. ഇവി‌ടെനിന്ന് അദ്ദേഹം ഫൈൻ ആർട്‌സിലും അപ്ലൈഡ് ആർട്‌സിലുമായി അദ്ദേഹം രണ്ട് ഡിപ്ലോമകൾ കരസ്ഥമാക്കി. കെ സി എസ് പണിക്കരായിരുന്നു കലാജീവിതത്തിൽ നമ്പൂതിരിയെ ഏറെ സ്വാധീനിച്ചിരുന്നത്. ഇന്ത്യൻ റെയിൽവേയ്‌ക്കായി ഒരു ഓവർസൈസ് പെയിന്റിങ് പൂർത്തിയാക്കാൻ കെസിഎസ് പണിക്കരെ അദ്ദേഹം സഹായിച്ചിരുന്നു.  കെസിഎസ് പണിക്കരുടെ ചോലമണ്ഡലം ആർട്ടിസ്‌റ്റ് വില്ലേജിൽ താമസിച്ച് ആറ് വർഷത്തെ കോഴ്‌സ് ഒരു വർഷം കൊണ്ട് അദ്ദേഹം പൂർത്തിയാക്കിയിരുന്നു. തുടർന്ന്, 1960ലാണു രേഖാചിത്രകാരനായി അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെത്തുന്നത്.  

കുട്ടിക്കാലത്ത് വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ ശിൽപ്പങ്ങളാണ് തന്നെ ശിൽപ്പകലയിൽ തത്പരനാക്കി മാറ്റിയതെന്ന് പിൽക്കാലത്ത് നമ്പൂതിരി പറഞ്ഞിരുന്നു. 1982 വരെ മാതൃഭൂമിയിൽ പണിയെടുത്തിരുന്ന കാലത്താണ് മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെ രചനകൾക്കായി അദ്ദേഹം വരകൾ കൊണ്ട് ഒരു ഭാഷ സൃഷ്ടിച്ചത്. മാതൃഭൂമിയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നാണിയമ്മയും ലോകവും പ്രസിദ്ധമായ പോക്കറ്റ് കാർട്ടൂൺ പരമ്പരയായി.1982-ൽ, അദ്ദേഹം കലാകൗമുദി വാരികയിലേക്ക് മാറി. പിന്നീട് സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിന് രേഖാചിത്രങ്ങൾ‌‌ വരച്ചു.

സാഹിത്യ രചനകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നവയായിരുന്നു നമ്പൂതിരിയുടെ രേഖാ ചിത്രങ്ങൾ

ഇതിനോടകം നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായിരുന്നു. പ്രശസ്ത നിരൂപകനായിരുന്ന എം കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം പോലെ സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദിയും വികെഎൻ‌ കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങളും പ്രസിദ്ധമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.  കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നമ്പൂതിരിക്ക് മികച്ച കലാസംവിധായകനുള്ള അവാർഡ് ഉൾപ്പെടെ 1974-ൽ അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉത്തരായനത്തിന്  ലഭിച്ചു.  

സാഹിത്യരചനകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നവയായിരുന്നു നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ. കഥാപാത്രങ്ങളുടെ സ്വഭാവത്തിനു അനുസരിച്ച് ചിത്രങ്ങൾ വരച്ചിരുന്ന നമ്പൂതിരി, കലാകൗമുദി കാലത്ത് എംടിയുടെ രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളിലാണ് സംതൃപ്തി കണ്ടെത്തിയിരുന്നത്. ഫിംഗർ പെയിന്റിങ്ങിന്റെ വക്താവ് കൂടിയാണ് അദ്ദേഹം.  ചെമ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാലത്ത് മഹാഭാരതത്തിലെ വിവിധ സംഭവങ്ങളെ ആസ്പദമാക്കി ലോകഭാരതം എന്ന പേരിൽ ഒരു പരമ്പരയും പറയി പെറ്റ പന്തിരുകുലത്തെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടിക്കും പിറവി നൽകിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽനിന്നുള്ള സംഭവങ്ങളെ ആസ്പദമാക്കി 500 അടി നീളമുള്ള ഔട്ട്ഡോർ ഡ്രോയിങ്ങും അദ്ദേഹം നടത്തിയിരുന്നു.     

നമ്പൂതിരി കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ട് ഒരു ആർട്ട് ഗാലറിയാക്കി മാറ്റിയതിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്.  കേരളത്തിലെ നഗരങ്ങളെ ചിത്രീകരിക്കുകയെന്ന സ്വയം നിയുക്ത ദൗത്യം അദ്ദേഹം ഏറ്റെടുത്തുകൊണ്ട് 'നഗരങ്ങൾ' എന്ന പദ്ധതി കൊച്ചിയിൽ ആരംഭിച്ചിരുന്നു. കഥകളി നർത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു.

നമ്പൂതിരിയുടെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ 'രേഖകൾ‌' എന്ന പുസ്തകം റെയിൻ‌ബോ ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. നമ്പൂതിരിയുടെ തിരഞ്ഞെടുത്ത 101 സ്ത്രീചിത്രങ്ങൾ 'നമ്പൂതിരിയുടെ സ്ത്രീകൾ' എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003-ലെ രാജാ രവിവർമ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്കായിരുന്നു.

logo
The Fourth
www.thefourthnews.in