അധഃസ്ഥിതര്‍ക്ക് വേണ്ടി വില്ലുവണ്ടി തെളിച്ച പോരാളി: ഇന്ന് അയ്യങ്കാളി ഓര്‍മദിനം

അധഃസ്ഥിതര്‍ക്ക് വേണ്ടി വില്ലുവണ്ടി തെളിച്ച പോരാളി: ഇന്ന് അയ്യങ്കാളി ഓര്‍മദിനം

ജാതിയുടെ പേരില്‍ അന്ധമായ വിവേചനം നിലനിന്നിരുന്ന സമൂഹത്തെ നമ്മള്‍ ഇന്ന് കാണുന്ന നിലയിലെത്തിച്ചതില്‍ അയ്യങ്കാളി നടത്തിയ ഇടപെടല്‍ ചെറുതല്ല

കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന വര്‍ണ വിവേചനത്തെ വെല്ലുവിളിച്ച് സാമൂഹികപരിവര്‍ത്തനത്തിന് വഴി തെളിച്ച നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ ഓര്‍മദിനമാണ് ഇന്ന്. ജാതിയുടെ പേരില്‍ അന്ധമായ വിവേചനം നിലനിന്നിരുന്ന സമൂഹത്തെ നമ്മള്‍ ഇന്ന് കാണുന്ന നിലയിലെത്തിച്ചതില്‍ അയ്യങ്കാളി നടത്തിയ ഇടപെടല്‍ ചെറുതല്ല. ആധുനിക കേരളത്തെ നിര്‍മിച്ചെടുത്ത നവോത്ഥാന നേതൃത്വമായിരുന്നു അയ്യങ്കാളി.

അധഃസ്ഥിതര്‍ക്ക് വേണ്ടി വില്ലുവണ്ടി തെളിച്ച പോരാളി: ഇന്ന് അയ്യങ്കാളി ഓര്‍മദിനം
അവകാശ പോരാട്ടത്തിന്റെ വില്ലുവണ്ടി തെളിച്ച അയ്യങ്കാളി

1907 ല്‍ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചു കൊണ്ടായിരുന്നു അയ്യങ്കാളി ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയത്. താഴ്ന്ന ജാതിയില്‍പ്പെട്ട ജനങ്ങള്‍ക്ക് പൊതുവിടങ്ങളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു അയ്യങ്കാളിയുടെ ആദ്യ പോരാട്ടം. പൊതുനിരത്തുകള്‍ തന്റെ മണികെട്ടിയ വില്ലുവണ്ടി കൊണ്ട് കീഴടക്കി ജാതിമേധാവിത്വത്തെ വെല്ലുവിളിച്ച് അയ്യങ്കാളി നവോത്ഥാന ജൈത്രയാത്ര നടത്തി. 28-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര.

വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്ക് വേണ്ടി സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചായിരുന്നു അയ്യങ്കാളിയുടെ പോരാട്ടം.

തങ്ങളുടെ മക്കളെ കുടിപ്പള്ളിക്കൂടങ്ങളില്‍ കയറ്റുന്നില്ലയെങ്കില്‍, പാടമായ പാടമെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കുമെന്ന് നായര്‍ പ്രമാണിത്വത്തെ വെല്ലുവിളിക്കുകയും കേരളത്തെ അധഃസ്ഥിത വിഭാഗത്തിലെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനായി പോരാടുകയും ചെയ്തു അയ്യങ്കാളി. ഒരു വര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ 1910-ല്‍ തിരുവിതാംകൂറിൽ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് അനുമതി നേടിയെടുത്തു.

അധഃസ്ഥിതര്‍ക്ക് വേണ്ടി വില്ലുവണ്ടി തെളിച്ച പോരാളി: ഇന്ന് അയ്യങ്കാളി ഓര്‍മദിനം
നൂറ്റാണ്ടിന് ശേഷം 'ഊരൂട്ടമ്പലം' ചരിത്രം വീണ്ടെടുക്കുന്നു, ഇനി അയ്യങ്കാളി- പഞ്ചമി സ്മാരക സ്‌കൂള്‍

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടവീര്യത്തിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് തിരുവനന്തപുരം ഊരൂട്ടമ്പലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ യു പി സ്‌കൂള്‍. കീഴാളര്‍ക്ക് അക്ഷരം പൂര്‍ണമായും നിഷേധിച്ചിരുന്ന കാലത്ത് പുലയപ്പെണ്‍കുട്ടിയായ പഞ്ചമിയുടെ കൈപിടിച്ച് സ്‌കൂളിലെത്തിയ അയ്യങ്കാളിയുടെ പ്രതിഷേധം വിജയം കണ്ടു. അയ്യങ്കാളിയുടെ സമ്മര്‍ദത്തിന് വഴങ്ങി പഞ്ചമിയ്ക്ക് ക്ലാസില്‍ പ്രവേശനം നല്‍കിയെങ്കിലും നാടാകെ അക്രമം അഴിച്ചു വിടുന്നതിലേക്ക് ഈ സംഭവം വഴി മാറി. ഉയര്‍ന്ന ജാതിക്കാര്‍ നാടാകെ അക്രമം അഴിച്ചുവിടുകയും പഞ്ചമി തീണ്ടിയ പള്ളിക്കൂടം നാട്ടില്‍ വേണ്ടെന്ന് പറഞ്ഞ് ആ വിദ്യാലയം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

1914 ല്‍ നടന്ന കല്ലുമാല സമരം കേരള ചരിത്രത്തിലെ ഉജ്വല അധ്യായമായി

അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയിരുന്നു അയ്യങ്കാളി. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും ജാതിസൂചകമായ 'കല്ലുമാല' ഉപേക്ഷിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അവ ആത്യന്തികമായി വിജയിക്കുകയും ചെയ്തു. 1914 ല്‍ നടന്ന കല്ലുമാല സമരം കേരള ചരിത്രത്തിലെ ഉജ്വല അധ്യായമായി.

വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ വളരെ പണിപ്പെട്ടാണ് അയ്യങ്കാളി തന്റെ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്

1863ല്‍ തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളിക്ക് പുലയനായതിന്റെ പേരില്‍ അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരില്‍ വളരെ പണിപ്പെട്ടാണ് അയ്യങ്കാളി തന്റെ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ സമൂഹത്തിലെ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് അയ്യങ്കാളി വെങ്ങാനൂരില്‍ ഒരു കുടിപള്ളിക്കൂടം തുറന്നത്. എന്നാല്‍ സവര്‍ണ വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം അത് തുടരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് താഴ്ന്ന ജാതിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അയ്യങ്കാളി പോരാടിയത്.

'പുലയ മഹാരാജാവ്' എന്നാണ് അയ്യങ്കാളിയെ ഗാന്ധിജി വിശേഷിപ്പിച്ചത്. 1941 ജൂണ്‍ 18 ന് അന്തരിക്കുന്നതുവരെയും കര്‍മനിരതനായിരുന്നു അയ്യങ്കാളി. ആ മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും ചരിത്ര സ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in