മധുരപ്പതിനേഴിന്റെ മരണ മുറ്റത്ത്

മധുരപ്പതിനേഴിന്റെ മരണ മുറ്റത്ത്

ശോഭ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഷഷ്ടിപൂര്‍ത്തിയായിരുന്നേനെ

ഭൂമിയില്‍ രണ്ടു മനുഷ്യരെ വൃദ്ധരായി സങ്കല്പിക്കാനാകുന്നില്ല. പത്മരാജനെയും നടി ശോഭയെയും . ദൈവത്തിനും അങ്ങനെ തോന്നിയതുകൊണ്ടാകും അവരെ അകാലത്തില്‍ തിരികെ വിളിച്ചു കൊണ്ടുപോയത്. ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടെയും മനസില്‍ സ്വപ്നം മയങ്ങുന്ന കണ്ണുകളോടെ പത്മരാജനും , കരഞ്ഞുകൊണ്ട് ചിരിച്ച് ശോഭയും - അവരങ്ങനെ നില്‍ക്കും, അസാധ്യ പ്രതിഭകള്‍ക്ക് ആയുസ്സില്ല എന്നു ഭയപ്പെടുത്തിക്കൊണ്ട് .

ശോഭ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഷഷ്ടിപൂര്‍ത്തിയായിരുന്നേനെ. മധുരപ്പതിനേഴിലാണ് ജീവിതത്തിന്റെ മുഴുവന്‍ സങ്കടങ്ങളും നുണഞ്ഞ് ശോഭ തീര്‍ന്നത്. ബാലതാരമായി തുടക്കം കുറിച്ചത് 'തട്ടുങ്കള്‍ തുറക്കപ്പെടും' എന്ന സിനിമയിലായിരുന്നു. ശോഭ തട്ടിയപ്പോള്‍ വെള്ളിത്തിര വാതില്‍ തുറന്നുകൊടുത്തത് അതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഭാവാഭിനയങ്ങള്‍ക്കായിരുന്നു.

ശോഭയെ ആദ്യം എനിക്കിഷ്ടമല്ലായിരുന്നു. എന്റെ നാലാം ക്ലാസ് പ്രേമത്തിലെ നായകനായ വേണു നാഗവള്ളിയുടെ, നായികയെ എങ്ങനെ സ്‌നേഹിക്കും? വേണുവും ശോഭയും 'ഉള്‍ക്കടലിലും', 'ശാലിനി എന്റെ കൂട്ടുകാരി' യിലുമെല്ലാം ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു വല്ലാത്ത ചേര്‍ച്ചയാണെന്നതായിരുന്നു എന്റെ ധര്‍മ്മസങ്കടം. വേണുവിന്റെ അഗാധ ദുഃഖവും ശോഭയുടെ പ്രസാദമധുരവും എന്തൊരു ചേര്‍ച്ചയായിരുന്നു?! ശരദിന്ദു മലര്‍ദീപ നാളം നീട്ടി.... എന്ന പാട്ടിലെ 'ഹൃദയം കൊതിച്ചു കൊതിച്ചിരുന്ന ... ' എന്ന വരിയിലെത്തുമ്പോള്‍ രണ്ടു പേരുടെയും ഭാവം കണ്ട് സങ്കടം തോന്നി. അത്രകണ്ട് ചേരുംപടി ചേര്‍ന്ന ഒരു സ്‌നേഹം.

അക്കാലത്തെ നായികമാരെല്ലാം 'കനപ്പെട്ട' ശരീരമുള്ളവരായിരുന്നു . എംടി കഥാപാത്രങ്ങളെപ്പോലെ 'സര്‍വം തികഞ്ഞവര്‍ ' .അവര്‍ക്കിടയിലാണ് നേര്‍ത്തൊരു പെണ്‍കുട്ടി , പുലര്‍കാലങ്ങളില്‍ റോസാപ്പൂക്കളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളി പോലെ കടന്നു വരുന്നത്. കണ്ടു ശീലിച്ച അതിസുന്ദരിമാരോട് പൊരുത്തപ്പെടുന്നതായിരുന്നില്ല ശോഭയുടെ രൂപം. ഞങ്ങളുടെ കുമരഞ്ചിറ കാവിലെ വെളിച്ചപ്പാടിനെപ്പോലെയായിരുന്നു. ചുവന്ന പട്ടുടുത്ത് ,ദേവി ആവേശിക്കാന്‍ തുടങ്ങിയാല്‍ , ആ അര മണിയും ചിലമ്പും വാളും പോലും ദൈവീകത്വം കൊണ്ടു വിറയ്ക്കും.ശോഭ അഭിനയിക്കാന്‍ തുടങ്ങിയാലുമതേ തോന്നലാണ്.

ഈ ഭൂമിയിലെ ഏറ്റവും സുന്ദരി ശോഭയാണ്. മൂക്കോ കണ്ണോ ഒന്നും അത്ര ഗംഭീരമല്ല. പക്ഷേ 'സുന്ദരീ .. നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ ... ' എന്നു രവി മേനോന്‍ പാടുമ്പോള്‍ ,അതിന് ശോഭ കൊടുക്കുന്ന എക്‌സ്പ്രഷനുണ്ടല്ലോ , അതു മതിയായിരുന്നു ഒരു നാലാം ക്ലാസുകാരിക്ക് ശോഭയെ സ്‌നേഹിക്കാന്‍! , വേണുവിനെ തുടര്‍ച്ചയായി സ്‌നേഹിക്കുന്ന കുറ്റത്തില്‍ നിന്ന് മുക്തയാക്കാന്‍ (എല്ലാ സിനിമയിലും വേണു ആത്മഹത്യ ചെയ്യുന്നതു കൊണ്ട് അവരു പിന്നെ കല്യാണം കഴിക്കാനുള്ള സാധ്യതയുമില്ലല്ലോ?!).

ബാലു മഹേന്ദ്ര പില്‍ക്കാലത്ത് എവിടെയോ പറഞ്ഞതായി വായിച്ചിട്ടുണ്ട് , ഞാന്‍ ക്യാമറ കൊണ്ടല്ല ഹൃദയം കൊണ്ടാണ് സുന്ദരികളുടെ ചിത്രമെടുക്കാറ് എന്ന്. ഹൃദയം കൊണ്ട് ചിത്രമെടുക്കുന്നയാളിന്റെ മുന്നില്‍ ക്യാമറ ചലിക്കുമ്പോള്‍ മാത്രം അസാധ്യ സുന്ദരിയാകുന്ന ഒരു പെണ്‍കുട്ടി ചെന്നുപെട്ടാല്‍ ..... ഇല്ല ! അവര്‍ക്ക് പ്രണയിക്കാതിരിക്കാന്‍ കഴിയില്ല! അതു തന്നെ സംഭവിച്ചു. അയാള്‍ വിവാഹിതനാണെന്നത് ആ സ്‌നേഹത്തിനു തടസമായി കാണില്ല .ലോകത്തിന്റെ നിയമങ്ങളെ വകവയ്ക്കാന്‍ പലപ്പോഴും യഥാര്‍ത്ഥ കലാകാരന്മാര്‍ക്ക് കഴിയില്ലല്ലോ.

വേണുവിനെ അച്ഛന്‍ നാഗവള്ളി ആര്‍.എസ്.കുറുപ്പ് 'സെന്റിമെന്റല്‍ ഇഡിയറ്റ് ' എന്നാണ് വിളിച്ചിരുന്നത്. സിനിമകളിലെ മരണങ്ങള്‍ പക്ഷേ വേണുവിന്റെ യൗവനത്തെ തൊട്ടില്ല. മരണത്തിന് ഏതാനും ദിവസം മുന്‍പ് നിറഞ്ഞു ചിരിക്കുന്ന ശോഭയെ കണ്ടതും പിരിഞ്ഞതും വേണുവിന്റെ ഓര്‍മകളിലൂടെ വായിച്ചിട്ടുണ്ട്. ശോഭ സഹോദരിയെപ്പോലെ ആയിരുന്നെന്നും. അതു വായിക്കുന്ന പ്രായമെത്തിയപ്പോഴേയ്ക്കും എനിക്കും വേണു സഹോദരനായിരുന്നു!

ശോഭ മലയാളത്തില്‍ നായികയായി തുടക്കം കുറിച്ച, ഏകാകിനിയോ, ഉത്രാടരാത്രിയോ ഞാന്‍ കണ്ടിട്ടില്ല. ഉര്‍വശിപ്പട്ടം നേടുന്ന ആദ്യമലയാളിയായി ശോഭയെ തീര്‍ത്ത പശിയിലെ കുപ്പമ്മയെ കണ്ട് അന്തം വിടുന്നത് ,അവരുടെ മരണശേഷം എത്രയോ കാലം കഴിഞ്ഞാണ്. ഉര്‍വശി അവാര്‍ഡു നേടുന്നവരെ തേടി ദുരന്തങ്ങളും വരും എന്നൊരു അന്ധവിശ്വാസത്തിനു തുടക്കമിട്ടതും ശോഭയാകണം, മോനിഷ അതിന് അടിവരയിട്ടിട്ടുമുണ്ടാകും. മൂടുപനിയിലെ ശോഭയുടെ കഥാപാത്രത്തിന്റെ പേര് രേഖയെന്നായിരുന്നു .അതെന്റെ ഒരു സ്വകാര്യ സന്തോഷമായിരുന്നു. ശോഭ 'രേഖ'യായി കുറച്ചു നിമിഷങ്ങളെങ്കിലും ജീവിച്ചിട്ടുണ്ടല്ലോ.

'കാലം കുറഞ്ഞ ദിനമെങ്കിലും അര്‍ത്ഥ ദീര്‍ഘം ' എന്ന് തോന്നുന്ന അപൂര്‍വം പേരിലൊരാളാണ് ശോഭ. ബാലുവിനെ പ്രേമിച്ചു തോറ്റില്ലെങ്കിലും ശോഭ മ രിച്ചേനെ എന്നു തോന്നാറുണ്ട്. ഒറ്റ രാത്രി വിടര്‍ന്ന് പൊഴിഞ്ഞു വീഴുന്ന ശലഭങ്ങള്‍ ,ഒറ്റക്കാഴ്ച കൊണ്ട് നമ്മെ നഷ്ടബോധത്തിന്റെ നടുക്കടലിലാക്കുന്ന ജന്മങ്ങള്‍ .പിന്നീട് നമ്മള്‍ ജീവിച്ചു തീര്‍ക്കുന്നത് മുഴുവന്‍ ആ മുഖത്തെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ്. നമ്മള്‍ മരിക്കുന്നതു പോലും മരണാനന്തര ലോകത്ത് അവരെ കണ്ടുമുട്ടാമെന്ന വിചാരത്തിലാണ്. അങ്ങനെയൊരു മുഖമാണ് ശോഭ! പതിനേഴിന്റെ പ്രസരിപ്പും ഭാവങ്ങളുടെ മിന്നലോട്ടവുമായി നമ്മളവളെ കണ്ടുമുട്ടുക തന്നെ ചെയ്യും.

എഴുത്തുകാരിയും അധ്യാപികയുമാണ്‌ ലേഖിക

logo
The Fourth
www.thefourthnews.in