നക്ഷത്രപഥത്തില്‍നിന്ന് തിഹാര്‍ ജയില്‍ വരെ; രാജൻ പിള്ള എന്ന ബിസ്ക്കറ്റ് രാജാവിന്റെ ജീവിതം

നക്ഷത്രപഥത്തില്‍നിന്ന് തിഹാര്‍ ജയില്‍ വരെ; രാജൻ പിള്ള എന്ന ബിസ്ക്കറ്റ് രാജാവിന്റെ ജീവിതം

ജൂലൈ 7. കൊല്ലത്ത് നിന്ന് പോയി സിംഗപ്പൂരിലെത്തി വ്യവസായ വിജയഗാഥകൾ തീർത്ത് പ്രശസ്തനായ രാജൻ പിള്ളയെന്ന ബിസ്ക്കറ്റ് രാജാവ് ഓർമയായത് ഇതേ ദിവസമാണ്. രാജൻ പിള്ളയുടെ ചരമ വാർഷികമാണിന്ന്.

1988 ഒക്ടോബറില്‍ എഷ്യയിലെ പ്രശസ്ത സാമ്പത്തിക പത്രമായ, സിംഗപൂരിലെ ബിസിനസ് ടൈംസ് എഴുതി, 44 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (1988ലെ 200 കോടി ഇന്ത്യന്‍ രൂപ ) ഇടപാടിലൂടെ ഒരു പ്രാദേശിക ബിസിനസുകാരന്‍ ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും ബിസ്‌കറ്റ് രാജാവായിരിക്കുന്നു അയാള്‍. ആ രാജാവ് മലയാളിയായ കൊല്ലത്തുകാരന്‍ ജനാര്‍ദനന്‍ രാജന്‍ പിള്ളയായിരുന്നു. ആ പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് ബിസിനസ് ടൈംസും.

സിംഗപ്പൂരില്‍ നിന്ന് ലിയര്‍ ജെറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരുവനന്തപുരത്ത് വന്നിറങ്ങി അച്ഛന്റെ എഴുപതാം പിറന്നാള്‍ സദ്യ ഉണ്ണാന്‍ വന്നവന്‍! അതായിരുന്നു ജനാര്‍ദനന്‍ രാജന്‍ പിള്ള!

പിന്നിടുള്ള പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ആ പേരിലാണ് 'ബിസ്‌ക്കറ്റ് രാജാവ് രാജന്‍ പിള്ള !

രാജന്‍ പിള്ള ബ്രിട്ടാനിയ ഇന്‍ഡ്രസ്ട്രീസിന്റെ ചെയര്‍മാനായ വിവരം ഫോണിലൂടെ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ജനാര്‍ദനന്‍ പിള്ള തിരുവനന്തപുരത്ത കവടിയാറിലുള്ള കെ ജെ പി ഹൗസിലെ വിശാലമായ തന്റെ ഓഫീസ് മുറിയിലിരുന്ന് തന്റെ ഭാര്യയോട് പറഞ്ഞു. 'രാജന്‍ മെല്ലെയല്ല പോകുന്നത്, ഓടുകയാണ്.' ചെലവില്‍ വിശ്വസിക്കാത്ത, ഫലത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരാളാണ് തന്റെ മകനെന്ന് ജനാര്‍ദനന്‍ പിള്ളക്ക് നന്നായി അറിയാമായിരുന്നു. കാരണം സിംഗപ്പൂരില്‍ നിന്ന് ലിയര്‍ ജെറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരുവനന്തപുരത്ത് വന്നിറങ്ങി തന്റെ എഴുപതാം പിറന്നാള്‍ സദ്യ ഉണ്ണാന്‍ വന്നവനാണ്! അതായിരുന്നു ജനാര്‍ദനന്‍ രാജന്‍ പിള്ള !.

 രാജൻ പിള്ള
രാജൻ പിള്ള

രാജന്‍ പിള്ളയുടെ ജാതകം നോക്കി പ്രവചിച്ചവരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു. 'തൊട്ടതെല്ലാം പൊന്നാക്കുന്ന, രാജ്യാന്തര പ്രശസ്തി നേടാന്‍ പോകുന്നവന്‍! 42 വയസ്സില്‍ സ്വപ്നതുല്യമായ പദവി, ഏഷ്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉത്പാദകരായ ബ്രിട്ടാനിയയുടെ ചെയര്‍മാനായി രാജന്‍ പിള്ള സ്ഥാനമേറ്റപ്പോള്‍ പ്രവചനങ്ങളെല്ലാം സത്യമായി. ഏഷ്യന്‍ മേഖലയുടെ തലവനായ രാജന്‍ പിള്ളയുടെ കീഴില്‍ ബ്രിട്ടാനിയ ഉത്പന്നങ്ങള്‍ വന്‍ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരുവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയര്‍മാനായി രാജന്‍ പിള്ള അവരോധിക്കപ്പട്ടു.

നാല്‍പ്പത് വര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ഒരു ടെലിഗ്രാമില്‍ മേല്‍വിലാസക്കാരന്റെ പേര് വെച്ചിരുന്നത് ഇങ്ങനെയായിരുന്നു ' Nut King, Kollam.' കമ്പിത്തപാലുകാരന് അതാരെന്ന് ഒട്ടും സംശയമുണ്ടായിരുന്നില്ല. അയാള്‍ പള്ളിമുക്കിലെ നാഷണല്‍ നട്ട് കമ്പനി ഓഫീസിലെത്തി വിലാസക്കാരന് കൈമാറി. വിലാസത്തിലെ വ്യക്തി രാജന്‍ പിള്ളയുടെ പിതാവ് ജനാര്‍ദനന്‍ പിള്ളയായിരുന്നു. നാല്‍പ്പത്തിയേഴാം വയസ്സില്‍ ലോകത്തിലെ ഏറ്റവും വലിയ ഒന്നാമത്തെ കശുവണ്ടി കയറ്റുമതിക്കാരനായ വ്യക്തി. ! നട്ട് കിങ്ങ് എന്ന പേരിന് തികച്ചും അര്‍ഹന്‍ .

വെണ്ടർ കൃഷ്ണ പിള്ള
വെണ്ടർ കൃഷ്ണ പിള്ള

കൊല്ലത്തെ പ്രശസ്തനായ വ്യവസായിയും പ്രമുഖനുമായിരുന്ന വെണ്ടര്‍ കൃഷ്ണ പിള്ളയുടെ അനന്തരവനായിരുന്നു ജനാര്‍ദനന്‍ പിള്ള. 1950 കളില്‍ ഇന്ത്യന്‍ കശുവണ്ടി വ്യവസായത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു വെണ്ടര്‍ കൃഷ്ണ പിളള. കശുവണ്ടി വ്യവസായത്തിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തി. ആയിരക്കണക്കിന് തൊഴിലാളികള്‍ അദ്ദേഹത്തിന്റെ കശുവണ്ടി ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നു.

1951 ല്‍, തിരു കൊച്ചി സംസ്ഥാനത്ത്, അസംബ്ലി ഇലക്ഷനില്‍, പരവൂരില്‍ നിന്ന് സ്വതന്ത്രനായി വെണ്ടര്‍ കൃഷ്ണ പിള്ള മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും പിന്നിട് തിരു കൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന സി കേശവനായിരുന്നു എതിരാളി. വെണ്ടര്‍ ജയിക്കുമെന്നുറപ്പിച്ച ആ മത്സരത്തില്‍ അവസാന ദിവസങ്ങളില്‍ എതിരാളികള്‍ നടത്തിയ രാഷ്ട്രീയക്കളിയില്‍ മത്സര ഫലം മറ്റൊന്നായി. വെണ്ടര്‍ പരാജയപ്പെട്ടു.

അന്ന്, സി കേശവനേപ്പോലെ രാഷ്ട്രീയ അതികായനോട് വെണ്ടര്‍ കൃഷ്ണ പിള്ള തോറ്റത് വെറും 744 വോട്ടിനായിരുന്നു. കൊല്ലത്ത് കോളേജ് സ്ഥാപിക്കാനായി എന്‍എസ്എസ് ഫണ്ട് പിരിവ് നടത്തിയപ്പോള്‍ വെണ്ടര്‍ വാഗ്ദാനം ചെയ്ത വലിയൊരു തുകയുടെ ആദ്യ ഗഡു പണം നല്‍കി. പക്ഷേ, കോളേജ് സ്ഥാപിച്ചത് കൊല്ലത്തല്ല ചങ്ങനാശ്ശേരിയിലായിരുന്നു.

പിന്നീട് സംഭാവനയ്ക്കായി സമീപിച്ച എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനോട് കൊല്ലത്ത് സ്ഥാപിക്കാത്ത, കോളേജിന് ഇനി പത്ത് പൈസ തരില്ല നേരിട്ട് പറഞ്ഞ ആളാണ് വെണ്ടര്‍. ഇത്തരത്തിലുള്ള ഉറച്ച നിലപാടുകളായിരുന്നു എല്ലായ്‌പോഴും ആ വ്യവസായ കുടംബത്തിന്റെത്.

അക്കാലത്ത് വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ലൈന്‍സന്‍സ് ഇല്ലാതിരുന്ന വെണ്ടര്‍ക്ക് ഡല്‍ഹിയില്‍ പോയി അത് നേടിയെടുത്തതാണ് ജനാര്‍ദനന്‍ പിള്ളയുടെ കശുവണ്ടി വ്യവസായത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. പിന്നീട് 1953 ഫെബുവരിയില്‍ വെണ്ടര്‍ കൃഷ്ണ പിള്ള തന്റെ ഒരു കശുവണ്ടി ഫാക്ടറി ജനാര്‍ദനന്‍ പിള്ളക്ക് നല്‍കി. മൂലധനമായി അരലക്ഷം രൂപയും നല്‍കി. പിന്നിട് ഇന്ത്യയിലെ ഏറ്റവും വലിയ കശുവണ്ടികയറ്റുമതി വ്യവസായിയായി മാറി ജനാര്‍ദനന്‍ പിള്ള .

ജനാര്‍ദനന്‍ പിള്ളയുടെ മൂന്ന് മക്കളില്‍ മുത്തപുത്രനായ രാജന്‍ പിള്ള പഠിച്ചത് എഞ്ചിനിയറിങ് ആണെങ്കിലും, പാരമ്പര്യം കളയാതെ ബിസിനസ് രംഗത്തേക്കിറങ്ങുകയായിരുന്നു. 70 കളുടെ ആദ്യം ഗോവയില്‍ ഹോട്ടല്‍. പിന്നിട് തിരുവനന്തപുരത്ത് പെയ്ന്റ് കമ്പനി, ചെന്നെയില്‍ ഷൂ കമ്പനി. ഒടുവില്‍ കപ്പല്‍ വ്യവസായം. ഇതിലൊന്നും വിജയിക്കാതെ വന്നപ്പോള്‍ അയാള്‍ തന്റെ പ്രവര്‍ത്തന മേഖല വിദേശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.

'ഞാന്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം', 1973 ല്‍സിംഗപ്പൂര്‍ക്ക് വിമാനം കയറും മുന്‍പ് എയര്‍പോട്ടില്‍ തന്നെ യാത്രയയ്ക്കാന്‍ വന്ന പിതാവ് ജനാര്‍ദനന്‍ പിള്ളയോട് രാജന്‍ പറഞ്ഞു.

അര നൂറ്റാണ്ട് മുന്‍പ് രാജന്‍ പിള്ള തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സിംഗപ്പൂരില്‍ ചെന്നിറങ്ങിയപ്പോള്‍ ആ രാജ്യം അതിവേഗത്തില്‍ പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും വ്യവസായികള്‍ക്ക് അനുകൂലമായ ഒരു ഭരണകൂടമായിരുന്നു അവിടുത്തേത്. രാജന്‍ പിള്ളയുടെ ആദ്യ സംരംഭമായ 20th സെഞ്ചറി ഫുഡ്‌സ് വേഗത്തില്‍ തന്നെ, തെക്ക് കിഴക്കന്‍ ഏഷ്യയിലും പശ്ചിമേഷ്യയിലും ലഘു ഭക്ഷ്യ വിതരണ രംഗത്ത വിജയകരമായി സ്ഥാനം ഉറപ്പിച്ചു. പ്രത്യേകിച്ചും അവരുടെ അണ്ടിപ്പരിപ്പ്.

രാജൻ പിള്ളയും മകൻ കൃഷും, ഭാര്യ നീനാ പിള്ളയും.
രാജൻ പിള്ളയും മകൻ കൃഷും, ഭാര്യ നീനാ പിള്ളയും.

'ഒലെ' എന്ന പേരിലുള്ള അണ്ടിപരിപ്പ് വന്‍ ഹിറ്റായി.' ഒലെ' യെന്നത് ഒരു സ്പാനിഷ് വാക്കാണ് 'ഹലോ' എന്നര്‍ത്ഥം. ജപ്പാനിലും തായ്‌ലണ്ടിലും ഓലെ ഉത്പന്നങ്ങളായ ഉരുളക്കിഴങ്ങ് ചിപ്‌സ്, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവ വീടുകളിലും ബാറുകളിലും വന്‍തോതില്‍ വിറ്റ് പോയി. ഏറെ താമസിയാതെ ഓലെ ഉത്പന്നങ്ങള്‍ ഏഷ്യയില്‍ പ്രശസ്തമായി.

ഇന്ത്യയിലെ തുടര്‍ച്ചയായ പരാജയങ്ങളെ, പിന്‍തള്ളി ഒരു വിദേശ രാജ്യത്ത് രാജന്‍ പിള്ള ആദ്യത്തെ തന്റെ വിജയം ഉറപ്പിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ സിംഗപ്പൂരിലെ ഏറ്റവും വിജയിച്ച ബിസിനസുകാരനായി അയാള്‍ ഉയര്‍ന്നു.

അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമാക്കി പ്രവര്‍ത്തിരുന്ന ഭക്ഷ്യ രംഗത്തെ അതികായാനാണ് 'നെബിസ്‌ക്കോ ബ്രാന്‍ഡ്‌സ്' ഒരു ഭൂഖണ്ഡം മുഴുവനായി വ്യാപിച്ച് കിടക്കുന്ന ഈ ഭക്ഷ്യ ഭീമന്റെ ചീഫ് എക്‌സിക്യൂട്ടിവായ കാനഡക്കാരന്‍ റോസ് ജോണ്‍സണ്‍ രാജന്‍ പിള്ളയേപ്പോലെ ചക്രവാളങ്ങള്‍ക്കപ്പുറം വ്യവസായ വിജയം സ്വപ്നം കാണുന്ന ഒരാളായിരുന്നു. നെബസ്‌കോയുടെ സംയുക്ത സംരഭമായ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡുമായി രാജന്‍ പിള്ളയുടെ 20th സെഞ്ചറി ഫുഡ്സിന് വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അവര്‍ ഒന്നിച്ചു.

യുകെയിലെ രണ്ട് കമ്പനികള്‍ നിയന്ത്രിക്കുന്ന കല്‍ക്കട്ട ആ സ്ഥാനമായുള്ള ഒരു കമ്പനിയായിരുന്നു ബ്രിട്ടാനിയ ബിസ്‌കറ്റ്‌സ്. വെറും 80 കോടി വിറ്റുവരവുള്ള ആ കമ്പനി വില്‍ക്കാനായി യുകെ ഉടമകള്‍ തീരുമാനിച്ചു. ബ്രിട്ടാനിയ നാബ്‌സ്‌കോയുടെ നിലവാരത്തിലുള്ള ഒരു കമ്പനിയല്ലെങ്കിലും അതിന്റെ മുപ്പതോളം ഉത്പന്നങ്ങള്‍ ഇന്ത്യയിലുടനീളം പ്രശസ്തവും വിറ്റുപോകുന്നതുമായിരുന്നു. നാബ്‌സ്‌കോ ബ്രിട്ടാനിയ വാങ്ങാനായി മുന്നോട്ടുവന്നു.

പക്ഷേ, ഇന്ത്യയില്‍ അന്ന് ഉദാരവത്കരണം അല്ലെങ്കില്‍ ആഗോളവത്ക്കരണം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ വിദേശ കമ്പനികള്‍ക്ക് ഓഹരികള്‍ വാങ്ങുക പരിമിതമായിരുന്നു.

നെബിസ്ക്കോയുടെ CEO എൽ. റോസ് ജോൺസൺ
നെബിസ്ക്കോയുടെ CEO എൽ. റോസ് ജോൺസൺ

രാജന്‍ പിള്ള ഒരു കുറുക്കുവഴിയിലൂടെ അത് മറികടന്നു. നാബസ്‌കോക്ക് ബ്രിട്ടാനിയയില്‍ 40ശതമാനം ഓഹരികള്‍ ഉണ്ട്. ഒരു ഇന്ത്യാക്കാരനായ താന്‍ 10ശതമാനം ഓഹരി വാങ്ങുക. ഒരാള്‍ക്കും നിയന്ത്രിക്കാനാവാത്തതും തിരിച്ചറിയാന്‍ കഴിയാത്തതുമായ സാമ്പത്തിക നിയമങ്ങളുള്ള ഇന്ത്യയപ്പോലെ ഒരു രാജ്യത്ത് അത് ഫലവത്താവുക എന്നത് തികച്ചും അവിശ്വസനീയമാണ്. എങ്കിലും അത് നടന്നു.

1985 ന്‍ രാജന്‍ പിള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായി. ടൈംസ് വിശേഷിച്ച പോലെ, ശരിക്കും ബിസ്‌കറ്റ് രാജാവ്!

തനിക്ക് ലഭിച്ച പേരിനെ സാധൂകരിക്കുന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ഒരു വാച്ച് ആര്‍ക്കെങ്കിലും സമ്മാനിച്ചാല്‍ അത് റോളക്‌സ് ആയിരിക്കും. അദ്ദേഹത്തിനോടൊപ്പം മദ്യം കഴിക്കുകയാണെങ്കില്‍ അത് ബ്ലൂ ലേബല്‍ ആയിരിക്കും. വൈന്‍ ആണെങ്കില്‍ ഡോം പെരിഗ്‌നല്‍. മികവിനോടുള്ള അഭിനിവേശം, എല്ലാം ഒന്നാം തരം. ഈ രണ്ട് ശീലങ്ങള്‍ രാജന്‍ പിള്ളയുടെ അവസാനം വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. പിന്നിട് ഈ ജീവിത ശൈലി അദ്ദേഹത്തെ ആദ്യം പ്രശസ്തനും പിന്നീട് അപകടത്തിലുമാക്കി.

ബിസ്‌ക്കറ്റ് രാജാവ് എന്ന പദവിയില്‍ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളില്‍ രാജന്‍ പിള്ള പറക്കുമ്പോള്‍, ഏറെയൊന്നും അകലയല്ലാതെ പിറകെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളില്‍ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതര്‍ കരുക്കള്‍ നീക്കുന്നത് വിജയലഹരിയില്‍ അദ്ദേഹം അറിഞ്ഞില്ല

അതിനിടെ രാജന്‍ പിള്ള വിവാഹിതനായി അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ പോലീസ് ഐജിയായിരുന്ന വിഎന്‍ രാജന്റെ സഹോദരിയുടെ മകളായ റോസിയായിരുന്നു വധു. പക്ഷേ, ആ ബന്ധം ഏതാനും മാസങ്ങളെ നില നിന്നുള്ളൂ. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി കാരണം അജ്ഞാതമായിരുന്നു.

പിന്നീട് ഒരു നേവി ഓഫീസറുടെ മകളും, ബ്രിട്ടീഷ് എയര്‍വൈസിലെ എയര്‍ ഹോസ്റ്റസും ബോംബെ ഡൈയിങിന്റെ മോഡലുമായിരുന്ന മലയാളിയായ നീന ഗോപിക നായരെ വിവാഹം ചെയ്തു. ബോംബയില്‍ താജ് ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന നീനയെ രാജന്‍ പിള്ള ഇടയ്ക്ക് കാണുകയും അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു.

പിന്നിട് രാജന്‍ പിള്ളയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നീന പിള്ള മികച്ച സംഘാടകയും കാര്യപ്രാപ്തിയുള്ളവരുമായിരുന്നു. ഈ വിവാഹത്തില്‍ രാജന്‍ പിള്ളക്ക് രണ്ട് ആണ്‍ മക്കളുണ്ടായി.

ന്യൂസിലന്റിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭക്ഷ്യ സംരംഭക്കാരായ 'ഗ്രിഫിന്‍' എന്ന കമ്പനിയെ ഒരു നിര്‍ണായക നീക്കത്തിലൂടെ അറ്റ്‌ലാന്റയിലെ കൊക്കക്കോളയെ പിന്‍തള്ളി രാജന്‍ പിള്ളയുടെ ബ്രിട്ടാനിയ വിലക്ക് വാങ്ങി. അപ്രതീക്ഷിത പരാജയം രുചിച്ച കൊക്കകോള തങ്ങളെ മലര്‍ത്തിയടിച്ച രാജന്‍ പിള്ളയുമായി ഇന്ത്യയില്‍ നയതന്ത്രപരമായ ഒരു സഖ്യത്തിലേര്‍പെട്ടു.

1977 ല്‍ ജനതാ ഗവണ്‍മെന്റ് ഇന്ത്യയില്‍ നിന്ന് നാട് കടത്തിയതാണ് കൊക്കകോള, ആ കമ്പനിക്ക് വീണ്ടും ഇന്ത്യയിലേക്ക് പ്രവേശനം വേണം. അതായിരുന്നു അവരുടെ ലക്ഷ്യം. അത് വിജയിക്കുകയും ചെയ്തു.

രാജന്‍ പിള്ള അവരുമായി പങ്കാളിത്തത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച ബ്രിറ്റ്‌സ്‌കോ കമ്പനിയാണ് പതിനഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം കോക്കക്കോളയെ ഇന്ത്യയില്‍ വീണ്ടും തിരിച്ചെത്തിച്ചത്. ഇന്ത്യയില്‍ നേരത്തെ അവതരിച്ച പെപ്‌സിയുമായുള്ള യുദ്ധത്തിന് പട നയിക്കാന്‍ കൊക്കൊക്കോളക്ക് രാജന്‍ പിള്ളയേപ്പോലെ ഒരാളെ അതിന് വേണമായിരുന്നു. പിന്നീട്, ആവശ്യം കഴിഞ്ഞപ്പോള്‍ അവര്‍ രാജന്‍ പിള്ളയുമായുള്ള കൂട്ട് വിച്ഛേദിച്ചു. കാരണം അപ്പോഴേക്കും ഇന്ത്യന്‍ നിയമങ്ങള്‍ ഉദാരമാക്കിയിരുന്നു. കോര്‍പ്പറേറ്റ് ലോകം അങ്ങിനെയാണ്. അവിടെ അവസരങ്ങളാണ് പ്രധാനം! കടപ്പാടോ വ്യക്തികളോ അല്ല.!

ബിസ്‌ക്കറ്റ് രാജാവ് എന്ന പദവിയില്‍ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളില്‍ രാജന്‍ പിള്ള പറക്കുമ്പോള്‍, ഏറെയൊന്നും അകലയല്ലാതെ പിറകെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളില്‍ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതര്‍ കരുക്കള്‍ നീക്കുന്നത് വിജയലഹരിയില്‍ അദ്ദേഹം അറിഞ്ഞില്ല. നക്ഷത്രങ്ങളുടെ അനുഗ്രഹങ്ങള്‍ അകലാന്‍ തുടങ്ങിയിരുന്നു.

പങ്കാളിയും, സ്‌നേഹിതനും പിന്നിട് ശത്രുവുമായ് മാറിയ റോസ് ജോണ്‍സണനായിരുന്നു ആദ്യം രാജന്‍ പിള്ളക്കെതിരെ തിരിഞ്ഞത്. രാജന്‍ പിള്ള ബ്രിട്ടാനിയയുടെ ചെയര്‍മാനായതോടെ റോസ് ജോണ്‍സൻ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം നഷ്ടമായിരുന്നു.

ബ്രിട്ടാനിയില്‍ നേരത്തെ കണ്ണ് വച്ചിരുന്ന, ഇന്ത്യന്‍ വ്യവസായിയും ബോംബ ഡൈയിങ്ങ് ഉടമ പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ കൊച്ചു മകനുമായ നുസ്ലി വാഡിയ തക്ക സമയത്ത് രാജന്‍ പിള്ളക്കെതിരെ കരുക്കള്‍ നീക്കിയെന്ന് പറയപ്പെടുന്നു. 1993 ല്‍ രാജന്‍ പിള്ളയെ ബ്രിട്ടാനിയയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ശതുക്കള്‍ക്ക് കഴിഞ്ഞു.

5. രാജൻ പിള്ള കസ്റ്റഡിയിൽ - ഇന്ത്യാ ടുഡെ മാസിക
5. രാജൻ പിള്ള കസ്റ്റഡിയിൽ - ഇന്ത്യാ ടുഡെ മാസിക

അതിന്റെ തുടക്കം ഇങ്ങനെയാരംഭിച്ചു. 1992 നവംബറില്‍ സിങ്കപ്പൂരിലെ കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് രാജന്‍ പിള്ളക്കെതിരെ ക്രിമിനല്‍ കുറ്റമാരോപിച്ച് നോട്ടീസ് നല്‍കി. റോസ് ജോണ്‍സന്റെ പരാതിയായിരുന്നു കാരണം. സ്വന്തം കമ്പനിയുടെ നഷ്ടം തീര്‍ക്കാന്‍ ബ്രിട്ടാനിയയുടെ 75 ലക്ഷം ഡോളര്‍ എടുത്തു എന്നായിരുന്നു കുറ്റം. 26 കുറ്റങ്ങളടങ്ങിയ കേസ്.

ബ്രിട്ടീഷ് രാജ്ഞിയുടെ ഉപദേശകനായ അല്ലന്‍ ജോണ്‍സണ്‍ സിംഗപൂര്‍ കോടതിയില്‍ രാജന്‍ പിള്ളക്ക് വേണ്ടി വാദിച്ചെങ്കിലും വിധി എതിരായിരുന്നു. 14 കൊല്ലത്തെ ജയില്‍ ശിക്ഷ, ഏക പക്ഷിയമായ വിധി. ഇന്ത്യയിലാണെങ്കില്‍ പരമാവധി 2000 രൂപ പിഴ വരുന്ന ശിക്ഷ!.

സിംഗപ്പൂരില്‍ തനിക്ക് നീതിയില്ല എന്ന് തിരിച്ചറിഞ്ഞ രാജന്‍ പിള്ള, അറസ്റ്റ് ചെയ്യും മുന്‍പ് 1995 ഏപ്രില്‍ 10 ന് ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കേറി. ജന്മനാട്ടില്‍ തനിക്ക് നീതി കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.

അറബിയില്‍, ഒരു പഴമൊഴിയുണ്ട്, 'ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്! പ്രതീക്ഷയുള്ളവന് എല്ലാമുണ്ട്'. രാജന്‍ പിള്ളയുടെ കാര്യത്തില്‍ പഴമൊഴി പകുതി ശരിയായായിരുന്നു. പണ്ട് അലട്ടിയ രോഗം വീണ്ടും വില്ലനായി കടന്നുവന്നു

സിംഗപ്പൂര്‍ ഗവണ്‍മെന്റ് രാജന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ വലിയ തിടുക്കമൊന്നും കാട്ടിയില്ലെങ്കിലും ഇന്ത്യയിലെ, അദ്ദേഹത്തിന്റെ ശത്രുക്കളും, മാധ്യമങ്ങളും, ഈ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു. ബിസ്‌ക്കറ്റ് രാജാവിന്റെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് എഴുതിയ ഇക്കണോമിക്ക് ടൈംസ്, അദ്ദേഹത്തിന് പുതിയൊരു വിശേഷണം നല്‍കി 'രാജന്‍ പിള്ള: 'ഓടാനായി ജനിച്ച, ഒറ്റയാനായ വ്യവസായി!'

ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷ നിരസിച്ചതോടെ, അറസ്റ്റിലേക്ക് നീങ്ങി. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞ, ആ കളിയില്‍ ഒടുവില്‍, തിരുവനന്തപുരത്ത്, മജിസ്റ്റേറ്റ് കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി ഡി അനില്‍ രാജന്‍ പിള്ളക്ക് ജാമ്യം അനുവദിച്ചു.

കേരള ഹൈക്കോടതി സുവോ മോട്ടോവായി ഈ കേസ് പരിഗണനക്കെടുത്തു. (സാധാരണ ഭരണഘടന പ്രാധാന്യമുള്ളതോ, അതീവപ്രധാന്യമുള്ള വിഷയമോ ആണ് സുവോ മോട്ടോവായി പരിഗണിക്കുക). കേരള ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

അറബിയില്‍, ഒരു പഴമൊഴിയുണ്ട്, 'ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്! പ്രതീക്ഷയുള്ളവന് എല്ലാമുണ്ട്'. രാജന്‍ പിള്ളയുടെ കാര്യത്തില്‍ പഴമൊഴി പകുതി ശരിയായായിരുന്നു. പണ്ട് അലട്ടിയ രോഗം വീണ്ടും വില്ലനായി കടന്നുവന്നു. അദ്ദേഹം, കരള്‍വീക്കത്തിന് മുമ്പൊരിക്കല്‍ ചികിത്സ തേടിയതാണ്.. ആ രോഗം വീണ്ടും അദ്ദേഹത്തെ തേടി വന്നു. ആ രോഗാവസ്ഥയിലും, അദ്ദേഹത്തിന് ആകെ പ്രതീക്ഷയുണ്ടായിരുന്നത് സിംഗപ്പൂരില്‍ തനിക്ക് നിഷേധിച്ച നീതി ഇന്ത്യയില്‍ കിട്ടുമെന്നായിരുന്നു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ കീഴടങ്ങാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് രാജന്‍ പിള്ള അറസ്റ്റിലായി.

രാജന്‍ പിള്ള, ഗേറ്റ്‌നമ്പര്‍ 4, തീഹാര്‍ ജയില്‍, ന്യൂഡല്‍ഹി. അറസ്‌റ് ചെയ്യപ്പെട്ട രാജന്‍ പിള്ളയുടെ, എന്‍ട്രി ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി. 55 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായായിരുന്ന ബിസ്‌ക്കറ്റ് രാജാവിനെ തീഹാറിലെ സെല്ലിലെത്തിച്ചത്, അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെങ്കില്‍, നീചഗ്രഹമായ ശനിയുടെ പ്രഭാവമായിരുന്നു. ഗ്രഹങ്ങള്‍ അദേഹത്തിന് നേരെ മുഖം തിരിക്കാന്‍ ആരംഭിച്ചിരുന്നു.

രാജ് മോഹൻ പിള്ള , പിതാവ് ജനാർദ്ദനൻ പിള്ള , രാജൻ പിള്ള .
രാജ് മോഹൻ പിള്ള , പിതാവ് ജനാർദ്ദനൻ പിള്ള , രാജൻ പിള്ള .

1995ലെ ഏപ്രിലിലായിരുന്നു അത്. ടി എസ് ഏലിയറ്റിന്റെ വരികള്‍ പോലെ, 'ഏപ്രില്‍ മാസം ക്രൂരമായിരുന്നു' രാജന്‍ പിള്ളയെ സംബന്ധിച്ചിടത്തോളം.

രാജന്‍ പിള്ളയില്‍ നിന്ന് ധാരാളം സഹായം പറ്റിയിട്ടുള്ള രാഷ്ട്രിയക്കാരും, ബ്യൂറോക്രാറ്റുകളും ഡല്‍ഹിയിലുണ്ടായിരുന്നു. ആ സ്വാധീനമുപയോഗിച്ച്, രാജന്‍ പിള്ളയെ രക്ഷപ്പെടുത്താന്‍ ഭാര്യ നീനപിള്ളയും, സഹോദരന്‍ രാജ്‌മോഹന്‍ പിള്ളയും കിണഞ്ഞുശ്രമിച്ചു. ജാമ്യം കിട്ടിയാല്‍, കേസ് കോടതിയില്‍ നേരിടാമെന്ന ധൈര്യം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, ആരും സഹായിക്കാനെത്തിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞ പോലെ, രാജന്‍ പിള്ള ഡല്‍ഹിയില്‍ അപരിചിതനായിക്കഴിഞ്ഞിരുന്നു!

കൊല്ലത്തെ കോണ്‍ഗ്രസ് നേതാവായ എസ് കൃഷ്ണകുമാറിന് രാജന്‍ പിള്ളയുമായി നല്ല അടുപ്പമായതിനാല്‍ ഡല്‍ഹിയില്‍ സ്വാധീനമുപയോഗിച്ച് രാജന്‍ പിള്ളയെ വിദഗ്ധ ചികിത്സക്കായി നല്ല ആശുപത്രിയിലേക്ക് മാറ്റാന്‍ സഹോദരന്‍ രാജ് മോഹന്‍ പിള്ളയും നീന പിള്ളയും കൃഷ്ണകുമാറിനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 'ഇപ്പോള്‍ സംസാരിക്കാന്‍ സമയമില്ല. അത്യാവശ്യമായി ഒരു ഡാന്‍സ് പ്രോഗ്രാമിനെത്തേണ്ടതുണ്ട്' എന്ന് പറഞ്ഞ് കൃഷ്ണകുമാര്‍ ഫോണ്‍ വെച്ചു.

80 കളില്‍ ജനാര്‍ദനന്‍ പിള്ള തിരുവനന്തപുരത്ത് നിന്ന് 'കേരള പത്രിക' എന്നൊരു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഐഎസ് സില്‍ നിന്ന് രാജിവച്ച ശേഷം തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി പത്രപ്രവര്‍ത്തനത്തില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍ അതിന്റെ ചീഫ് എഡിറ്റായി.

പിന്നീട് ജനാര്‍ദനന്‍ പിള്ളയും കെ കരുണാകരനുമായ ബന്ധം ഉപയോഗിച്ച് കൊല്ലത്തെ, ലോക്‌സഭ സീറ്റ് നേടിയ കൃഷ്ണകുമാര്‍. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും കേന്ദ്ര മന്ത്രിയായാവുകയും ചെയ്തു. ആ തിരഞ്ഞടുപ്പില്‍ പണം മുടക്കിയതും പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തതും ജനാര്‍ദനന്‍ പിള്ളയായിരുന്നു. പക്ഷേ, രാജന്‍ പിള്ള ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ അയാള്‍ തിരിഞ്ഞ് നോക്കാതെ ഒഴിഞ്ഞു മാറി.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കുറഞ്ഞതൊന്നും ഉപയോഗിക്കാത്ത രാജന്‍ പിള്ള ഡല്‍ഹിയിലെ പൊള്ളുന്ന ചൂടില്‍ കരള്‍രോഗം മൂര്‍ഛിച്ച് രോഗിയായി തിഹാറിലെ സെല്ലിലെ തിണ്ണയില്‍ അവശനായി കിടന്നു, ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ ! ജയിലെ ഡോക്ടറും, അധികാരികളും അദ്ദേഹത്തിന്റെ നില അപകടകരമായ നിലയെ അവഗണിച്ചു

തീസ് ഹസാരി കോടതിയില്‍ രാജന്‍ പിള്ളക്ക് അടിയന്തരചികിത്സ ആവശ്യമാണെന്ന അഭിഭാഷകന്റെ വാദവും ന്യായാധിപനായ എം എല്‍ മേത്ത പുച്ഛിച്ചുതള്ളി. പിളളക്ക് മാരകമായ രോഗമില്ലെന്നായിരുന്നു ജയിലിനകത്തെ ഡോക്ടര്‍മാരുടെ കണ്ടുപിടുത്തം. കൂടാതെ മദ്യപാനിയാണെന്ന് വരുത്തി തീര്‍ക്കാനും തെളിവുകള്‍ ഹാജരാക്കി. ഏതൊക്കെയോ അദൃശ്യ കരങ്ങള്‍ രാജന്‍ പിള്ളയുടെ മോചനത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ രക്തം ഛര്‍ദിച്ച നിലയില്‍ അബോധാവസ്ഥയില്‍ ദീന ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ, വൈദ്യസഹായത്തെ കുറിച്ചോ ഒരു റിപ്പോര്‍ട്ടും നല്‍കപ്പെട്ടില്ല. ക്രൂരമായ അവഗണനയുടെ ബലിയാടാവുകയായിരുന്നു രാജന്‍ പിള്ള.

ബ്രിട്ടാനിയയില്‍ നിന്ന് താന്‍ നിഷ്‌കാസിതനാകുന്നതിന് തൊട്ട് മുന്‍പ് പുറത്തിറക്കിയ തനിക്ക് പ്രിയപ്പെട്ട 'ലിറ്റില്‍ ഹാര്‍ട്‌സ് ' ബിസ്‌ക്കറ്റ് പാക്കറ്റിനോളം പോലും ഭാഗ്യം അവസാനകാലത്ത് ആ മനുഷ്യനുണ്ടായിരുന്നില്ല! ശരിക്ക് പറഞ്ഞാല്‍ നിയമ വ്യവസ്ഥയുടെ കണ്‍മുന്നില്‍ നടന്ന ഒരു കൊലപാതമായിരുന്നു, രാജന്‍ പിള്ളയുടെ മരണം

സോഷ്യല്‍ മീഡിയ അന്നില്ല. മലയാളത്തിലാകട്ടെ ടി വി ചാനലുകള്‍ ആരംഭിച്ചിട്ടില്ല. അതിനാല്‍ അതിപ്രധാനമായ മാധ്യമ പിന്‍തുണ അദ്ദേഹത്തിന് കിട്ടാതെ പോയി. ദേശീയ ഇംഗ്ലീഷ് പത്രങ്ങളാകട്ടെ അദ്ദേഹത്തിന് യാതൊരു പിന്‍തുണയും നല്‍കിയില്ല. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ ദുരന്തത്തിലവസാനിക്കുകയില്ലായിരുന്നു.

1995 ജൂലൈ 7, രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലെ ദീനദയാല്‍ ആശുപത്രിക്കടുത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്ന്, കവടിയാറിലെ കെജെപി ഹൗസിലേക്ക് ഒരു ടെലിഫോണ്‍ വിളി വന്നു. ഡല്‍ഹിയില്‍ നിന്ന് രാജ് മോഹന്‍ പിള്ളയായിരുന്നു ഫോണില്‍. 'എല്ലാം അവസാനിച്ചു' ആ രണ്ട് വാചകത്തിലെല്ലാമുണ്ടായിരുന്നു. ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ള ചരിത്രമായി. പിന്നിട്ട് മൃതശരീരം ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കൊല്ലത്തെത്തിച്ചു. കൊല്ലം പള്ളി മുക്കിലെ ജനാര്‍ദനന്‍ പിള്ളയുടെ എന്‍എന്‍സി എസ്റ്റേറ്റില്‍ കണ്ണീരണിഞ്ഞ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാജന്‍ പിള്ളക്ക് ചിതയൊരുങ്ങി.

രാജൻ പിള്ള ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ ഹാജരാവാനെത്തുന്നു
രാജൻ പിള്ള ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ ഹാജരാവാനെത്തുന്നു

2020-ഓടെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സ്ഥാപനത്തിന്റെ തലപ്പത്തെത്തുമെന്ന് സ്വപ്നം കണ്ട വ്യവസായിയായിരുന്നു രാജന്‍ പിള്ള . അതിന് അദ്ദേഹം പ്രാപ്തനുമായിരുന്നു. ബിസിനസ്സില്‍ പിഴച്ച ചില കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിനെ വീഴ്ത്തിയത്. നുസ്ലി വാഡിയയേ പോലെ ഒരു പ്രബല ശത്രുവിന്റെ ചരടുവലികളില്‍, നടന്ന പല കളികളും കൂടെയായപ്പോള്‍ പതനം അനിവാര്യമായി. ഒരു കുറ്റവാളിയെപ്പോലെയാണ് അദ്ദേഹത്തെ, ഇന്ത്യയിലെ ഉദോഗസ്ഥ വൃന്ദവും നീതി പീഠവും കണ്ടത്. കേസിന്റെ ആദ്യ നാളുകളില്‍ തന്നെ വിധി തീരുമാനിച്ച പോലെയാണ് രാജന്‍ പിള്ളയുടെ കേസ് കൈകാര്യം ചെയ്യപ്പെട്ടത്.

പ്രതിസന്ധി ഘട്ടത്തില്‍, അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും സഹായത്തിനെത്തിയില്ല. ആറ് രാജ്യങ്ങളിലായി 1300 കോടി (400 മില്യണ്‍ ഡോളര്‍) ബിസിനസ് സാമ്രാജ്യത്തിന് നേതൃത്വം നല്‍കിയ രാജന്‍ പിള്ള അപമൃത്യുവിനിരയായപ്പോള്‍ പ്രായം വെറും 47 വയസ് മാത്രമായിരുന്നു.

രാജ്യാന്തര വ്യവസായത്തില്‍ മികവുകാട്ടിയ ഒരു ഇന്ത്യന്‍ വ്യവസായി എന്ന നിലക്ക് സംരക്ഷിക്കേണ്ട ഒരു വ്യക്തിയെ തികച്ചും അവഗണിച്ച്, രക്തസാക്ഷിയാക്കുകയായിരുന്നു ഭരണകൂടവും ഉദ്യോഗസ്ഥരും. അന്നത്തെ ആഭ്യന്തര കോര്‍പ്പറേറ്റ് മത്സരങ്ങളുടെ ഉപോത്പന്നമായിരുന്നു. അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യം.

ചരിത്രത്തിലാദ്യമായി കേരള നിയമസഭ ഒരു വ്യവസായിക പ്രമുഖന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകനും, കേരള നിയമസഭയുടെ മുന്‍ സ്പീക്കറും എം എല്‍ എ യുമായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ നിയമസഭയില്‍ രാജന്‍ പിള്ളയുടെ മരണത്തെ വിശേഷിപ്പിച്ചത് 'നിയമ വ്യവസ്ഥയുടെ കൊലപാതകം' എന്നാണ്.

ബ്രിട്ടാനിയയില്‍ നിന്ന് താന്‍ നിഷ്‌കാസിതനാകുന്നതിന് തൊട്ട് മുന്‍പ് പുറത്തിറക്കിയ തനിക്ക് പ്രിയപ്പെട്ട 'ലിറ്റില്‍ ഹാര്‍ട്‌സ് ' ബിസ്‌ക്കറ്റ് പാക്കറ്റിനോളം പോലും ഭാഗ്യം അവസാനകാലത്ത് ആ മനുഷ്യനുണ്ടായിരുന്നില്ല! ശരിക്ക് പറഞ്ഞാല്‍ നിയമ വ്യവസ്ഥയുടെ കണ്‍മുന്നില്‍ നടന്ന ഒരു കൊലപാതമായിരുന്നു, രാജന്‍ പിള്ളയുടെ മരണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in