ആര്‍എസ്എസിന്റെ സ്ഥിരം വിമര്‍ശക; ആരാണ് മോദി സര്‍ക്കാര്‍ ലണ്ടനിലേക്ക് തിരിച്ചയച്ച നിതാഷ കൗള്‍

ആര്‍എസ്എസിന്റെ സ്ഥിരം വിമര്‍ശക; ആരാണ് മോദി സര്‍ക്കാര്‍ ലണ്ടനിലേക്ക് തിരിച്ചയച്ച നിതാഷ കൗള്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് നിതാഷ ഫെബ്രുവരി 23ന് ബെംഗളൂരുവിലെത്തിയത്

'ഞാന്‍ ഇന്ത്യാ വിരുദ്ധയല്ല, ജനാധിപത്യത്തെ അനുകൂലിക്കുന്ന, സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നവളാണ്,' കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന, മോദി സര്‍ക്കാര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ച നിതാഷ കൗളിന്റെ വാക്കുകളാണിത്. ലണ്ടനില്‍ താമസിക്കുന്ന കശ്മീര്‍ വംശജകയായ നിതാഷക്ക് 24 മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ നില്‍ക്കേണ്ടി വന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് നിതാഷ ഫെബ്രുവരി 23ന് ബെംഗളൂരുവിലെത്തിയത്. എന്നാല്‍ കാരണങ്ങളൊന്നും നിരത്താതെ, ഔദ്യോഗികമായ അറിയിപ്പുകളില്ലാതെ നിതാഷയെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കേന്ദ്രത്തിന്റെ അറിയിപ്പാണെന്നായിരുന്നു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ നിതാഷക്ക് നല്‍കിയ മറുപടി. പിന്നീട് ലണ്ടനിലേക്ക് നിതാഷയെ തിരിച്ചയക്കുകയും ചെയ്തു.

'ഭരണഘടനയും ദേശീയ ഐക്യ കണ്‍വെന്‍ഷനും' എന്ന പേരില്‍ ഫെബ്രുവരി 24നും 25നും സംഘടിപ്പിച്ച ദ്വിദ്വിന കോണ്‍ഫറന്‍സിന് പങ്കെടുക്കാനായിരുന്നു നിതാഷ എത്തിച്ചേര്‍ന്നത്. കര്‍ണാടകയിലെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ പരിപാടിയില്‍ വകുപ്പ് മന്ത്രി എച്ച്‌സി മഹാദേവപ്പ നേരിട്ട് നിതാഷയെ ക്ഷണിക്കുകയായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് എമിഗ്രേഷനില്‍ നിന്നും ലഭിച്ച ഏക മറുപടിയെന്നാണ് നിതാഷ പറയുന്നത്.

നിതാഷ കൗള്‍ വിമാനത്താവളത്തില്‍ നിന്നും പങ്കുവച്ച ചിത്രം
നിതാഷ കൗള്‍ വിമാനത്താവളത്തില്‍ നിന്നും പങ്കുവച്ച ചിത്രം

ആരാണ് കേന്ദ്രം ഭയന്ന നിതാഷ കൗള്‍

''ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യത്തിന് എന്റെ പേനയെയും വാക്കുകളെയും എങ്ങനെ ഭീഷണിപ്പെടുത്താന്‍ സാധിക്കും? ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച ഒരു പ്രൊഫസറെ തടയുന്ന കേന്ദ്ര രീതി എങ്ങനെ ശരിയാകും? ഒരു കാരണവും നല്‍കാനില്ലേ? ഇത് നമ്മള്‍ വിലമതിക്കുന്ന ഇന്ത്യയാണോ? തന്നെ തടഞ്ഞ കേന്ദ്ര തീരുമാനത്തിനെതിരെ നിതാഷ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ച വാക്കുകളാണിത്. മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്നുവെന്ന ഒരൊറ്റ കാരണം തന്നെയാണ് നിതാഷയുടെ വിലക്കിന് പിന്നിലും.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ക്രിട്ടിക്കല്‍ ഇന്റര്‍ഡിസ്പ്ലിനറി സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് എന്നിവയുടെ പ്രാഫസറാണ് നിതാഷ കൗള്‍. സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം വിഭാഗത്തിലെ ജനാധിപത്യ പഠനകേന്ദ്രത്തിന്റെ മേധാവി കൂടിയാണ് നിതാഷ. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് ജനനമെങ്കിലും കശ്മീര്‍ വംശജയാണ് നിതാഷ. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ബിഎയും ലണ്ടനിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഗവേഷണബിരുദവും കരസ്ഥമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍എസ്എസിനെ വിമര്‍ശിച്ചു കൊണ്ട് നിതാഷ രംഗത്ത് വന്നിട്ടുണ്ട്. വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമടക്കമുള്ള ഭീഷണികള്‍ വലതുഗ്രൂപ്പുകളില്‍ നിന്നും നിതാഷക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

2009ല്‍ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിലെ ചുരുക്കപ്പട്ടികയില്‍ ഏഷ്യയില്‍ നിന്നും ഇടം നേടിയ അഞ്ച് നോവലുകളില്‍ ഒന്ന് നിതാഷയുടെ ആദ്യ നോവലായ റെസിഡ്യു ആണ്. ഗവേഷകയെന്ന നിലയിലും നിരവധി അവാര്‍ഡുകളും ഫണ്ടുകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വെസ്റ്റ്മിന്‍സ്റ്റെര്‍-സ്മിത്‌സോണിയന്‍ പാര്‍ട്ണര്‍ഷിപ്പ് ഫണ്ടിലെ സ്‌മോള്‍ സീഡ് ഫണ്ടാണ് ഇതിലെ ഏറ്റവും പുതിയ ഫെല്ലോഷിപ്പ്. കൂടാതെ 2022 ജനുവരിയില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലെ റിസര്‍ച്ച് ആന്‍ഡ് നോളജ് എക്‌സ്‌ചേഞ്ച് അവാര്‍ഡും കരസ്ഥമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍എസ്എസിനെ വിമര്‍ശിച്ചു കൊണ്ട് നിതാഷ രംഗത്ത് വന്നിട്ടുണ്ട്. വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമടക്കമുള്ള ഭീഷണികള്‍ വലതുഗ്രൂപ്പുകളില്‍ നിന്നും നിതാഷക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ തന്റെ കര്‍മമണ്ഡലങ്ങളിലൊന്നും പങ്കാളിയല്ലാത്ത മാതാവിന് പോലും ഭീഷണി നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും നിതാഷ തളര്‍ന്നിരുന്നില്ല.

ആര്‍എസ്എസിന്റെ സ്ഥിരം വിമര്‍ശക; ആരാണ് മോദി സര്‍ക്കാര്‍ ലണ്ടനിലേക്ക് തിരിച്ചയച്ച നിതാഷ കൗള്‍
ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യൻ, ഇന്ത്യൻ സമാന്തര സിനിമകളുടെ അമരക്കാരൻ; കുമാർ സാഹ്നി ഓർമയാകുമ്പോൾ

''പതിറ്റാണ്ടുകളായി എന്റെ തൊഴില്‍ എനിക്ക് വേണ്ടി സംസാരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസിനെ ഞാന്‍ വിമര്‍ശിച്ചതിനെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി എന്നോട് സൂചിപ്പിക്കുകയുണ്ടായി. അതിന് ശേഷവും നിരവധി തവണ ഞാന്‍ ഇന്ത്യയില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നെ കര്‍ണാടക സര്‍ക്കാരാണിപ്പോള്‍ ക്ഷണിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്റെ പ്രവേശനം നിരോധിച്ചു.

എന്നെ വധിക്കുമെന്നും പീഡിപ്പിക്കുമെന്നുമുള്ള ഭീഷണികള്‍ വലതുപക്ഷ ഹിന്ദുത്വ സംഘങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ ലണ്ടനിലായിട്ട് പോലും എന്റെ മാതാവിന് എന്റെ ജോലികളുമായി ബന്ധമില്ലെങ്കില്‍ പോലും രോഗിയും അമ്പലവാസിയും വിരമിച്ച ഹിന്ദി ടീച്ചറുമായ എന്റെ മാതാവിനെ അധികാരികള്‍ പോലീസിനെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നു'', കൗള്‍ നേരിട്ട ഭീഷണികളെ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യ ചൈനയല്ലെന്നും, ഇത് ജനാധിപത്യ രാജ്യമാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് തന്നെ തടഞ്ഞ നിര്‍ത്തിയപ്പോഴും നിതാഷ എമിഗ്രേഷന്‍ ഉദ്യോസ്ഥനോട് പ്രതികരിച്ചത്.

കശ്മീരി സാഹിത്യത്തിലെ സ്ത്രീ പ്രാതിനിത്യം, ലൈംഗികാതിക്രമം, അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെയുള്ള കശ്മീരിലെ സൈനികവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ കശ്മീരിലെ സ്ത്രീകള്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'കശ്മീരി സ്ത്രീകള്‍ പറയുന്നത് കേള്‍ക്കാമോ? പോരാട്ടങ്ങളുടെയും പിന്‍വാങ്ങലുകളുടെയും ആഖ്യാനമെന്ന (Can You Hear Kashmiri Women Speak? Narratives of Resistance and Resilience)' പുസ്തകത്തിന്റെ സഹ എഡിറ്ററും കൗളായിരുന്നു.

അനുച്ഛേദം 370 റദ്ദാക്കിയതിനെക്കുറിച്ചും തന്റെ അഭിപ്രായം പലയിടങ്ങളില്‍ നിതാഷ പങ്കുവെച്ചിട്ടുണ്ട്. ''കശ്മീരിലെ തര്‍ക്കത്തിന് സമാധാനപരവും ജനാധിപത്യപരവുമായ പരിഹാരം നിര്‍ദേശിക്കുന്ന നിരവധി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചു. കശ്മീരി മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നിയമാനുസൃതമാക്കാന്‍ കശ്മീരി പണ്ഡിറ്റുകളുടെ നഷ്ടവും വേദനയും ഉപകരണമാക്കാനുള്ള പഴയ തന്ത്രം തന്നെയാണ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്,'' എന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ 2019, ഓഗസ്റ്റ് 22ന് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്.

ആര്‍എസ്എസിന്റെ സ്ഥിരം വിമര്‍ശക; ആരാണ് മോദി സര്‍ക്കാര്‍ ലണ്ടനിലേക്ക് തിരിച്ചയച്ച നിതാഷ കൗള്‍
അമർ ചിത്രകഥ പോലെ, അമരനായ അങ്കിൾ പൈ 

നിതാഷയിലൂടെ ചര്‍ച്ചയാകുന്ന അക്കാദമിക് സ്വാതന്ത്ര്യം

നിതാഷയെ പിടിച്ചുവെച്ചതും തിരിച്ചയച്ചതും ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. 2022ലെ അക്കാദമിക് ഫ്രീഡം ഇന്‍ഡക്‌സില്‍ 179 രാജ്യങ്ങളുടെ 30 ശതമാനത്തിലാണ് ഇന്ത്യയുടെ സ്ഥാനം. കശ്മീരികള്‍, അക്കാദമിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന്റെ സുരക്ഷയില്‍ ഭീഷണിയാകുന്നവര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തിലേക്കാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ നിതാഷയ്ക്ക് മാത്രമേ ഇത്തരമൊരു അനുഭവമുണ്ടായിട്ടുള്ളുവെന്നതും കശ്മീരിലെ അക്കാദമിക്കുകളോട് കാണിക്കുന്ന അവഗണനയാണ് സൂചിപ്പിക്കുന്നത്. എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി എഡിറ്റര്‍ പ്രൊ. ഗോപാല്‍ ഗുരു, മുന്‍ ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡോ. എസ് വൈ ഖ്വറൈഷി, ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊ. നന്ദിനി സുന്ദര്‍, കേന്ദ്ര പോളിസി ഗവേഷണത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് യാമിനി അയ്യര്‍ തുടങ്ങിയ അക്കാദമിക, ചരിത്ര രംഗത്തെ പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്.

logo
The Fourth
www.thefourthnews.in