ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍
കെ മോഹനൻ

ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍

ഇ കെ നായനാരുടെ 20-ാം ചരമ വാര്‍ഷികദിനമാണിന്ന്. ദേശാഭിമാനി ലേഖകനായിരുന്ന കാലത്തെ നായനാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ബാലകൃഷ്ണന്‍

കേരളരാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാറായിരുന്ന ഇ കെ നായനാരുടെ ഇരുപതാം ചരമദിനമാണ് ഇന്ന്. മുഖ്യന്ത്രിയായിരിക്കെ അവാർഡ് നിശകള്‍ ഉദ്ഘാടനം ചെയ്യാനൊക്കെ എത്തുമ്പോള്‍ ചലച്ചിത്രതാരങ്ങള്‍ ഉറക്കെ സമ്മതിക്കാറുള്ളതാണ് ഏറ്റവും ജനപ്രിയതാരം നായനാര്‍ തന്നെയെന്ന്. ഇന്നസെന്റ് പലപ്പോഴും നായനാരാണ് വലിയ താരമെന്ന് പ്രസ്താവന നടത്തുകയുമുണ്ടായിട്ടുണ്ട്. വിട്ടുപോയിട്ട് 19 വര്‍ഷം കഴിയുമ്പോഴും നായനാരുടെ സവിശേഷമായ പ്രവര്‍ത്തനശൈലിയും നര്‍മമധുരമായ പെരുമാറ്റവുമെല്ലാം 'സജീവ'മാണ്. യൂട്യൂബില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രസംഗഭാഗങ്ങളും ഏഷ്യാനെറ്റിലും പിന്നീടൊരല്പകാലം കൈരളിയിലും സംപ്രേഷണംചെയ്ത ചോദ്യോത്തരങ്ങളും കാണുന്നവര്‍ ആ രാഷ്ട്രീയപ്രതിഭയുടെ ഉദാത്തതയില്‍ വിസ്മയിച്ചുപോകും.

നായനാരെ ആദ്യമായി കാണുന്നത് 1974 അവസാനമാണ്. 55 വയസ്സുള്ള യുവത്വം വിട്ടുമാറാത്ത ആജാനബാഹുവെങ്കിലും നരച്ച കുറ്റിത്തലമുടിയും പെരുമാറ്റരീതികളും കാരണവത്വം വിളമ്പരം ചെയ്തു. ഇരിക്കൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ നായനാര്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. കേരളരാഷ്ട്രീയം കലങ്ങിമറിഞ്ഞ കാലം, ദേശീയരാഷ്ട്രീയത്തില്‍ അടിയന്തരാവസ്ഥയിലേക്കെത്തുന്ന രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇരിക്കൂര്‍ സിറ്റിങ്ങ് സീറ്റാണെങ്കിലും നിലനിര്‍ത്തുക ആയാസകരമാണെന്ന തിരിച്ചറിവില്‍ നായനാരെത്തന്നെ സ്ഥാനാര്‍ഥിയാക്കുകയാണ്. സംസ്ഥാന സെക്രട്ടറിയായ നായനാര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അനൗചിത്യം ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും നായനാരുടെകൂടി താല്പര്യം പരിഗണിച്ചാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം വി രാഘവന്‍ അല്പം വക്രതയോടെ ആത്മകഥയില്‍ അനുസ്മരിച്ചിട്ടുണ്ട്. അതെന്തായാലും നായനാരുടെ സ്ഥാനാര്‍ഥിത്വം നാട്ടില്‍ വലിയ ആവേശം വിതച്ചുവെന്നതില്‍ സംശയമില്ല.

റാലി കഴിഞ്ഞ് സ്‌റ്റേജില്‍നിന്നിറങ്ങാന്‍ നായനാര്‍ കൈ നീട്ടി, കൈ പിടിച്ച് സ്റ്റേജില്‍നിന്നിറക്കാന്‍... അരനിമിഷം... പിന്നെ കാണുന്നത് സദസ്സാകെ കൈ നീട്ടുന്നതാണ്... ആയിരക്കണക്കിന് ഹസ്തങ്ങള്‍...

'നാട്ടിനു നന്മവരുത്തുന്നവനെ വോട്ടുകൊടുത്തു ജയിപ്പിക്കേണം' എന്ന മുദ്രാവാക്യവുമായി ഞങ്ങള്‍ കുട്ടികളും പ്രചാരണരംഗത്ത് സജീവം. ഇ എംഎസും എകെജിയും ഞങ്ങളുടെ ഗ്രാമത്തിലും വന്ന് പ്രസംഗിച്ചത് മറക്കാനാവാത്ത അനുഭവം. മറുഭാഗത്ത് കെ കരുണാകരനും ബേബി ജോണും എ കെ ആന്റണിയുമെല്ലാം പ്രചാരണത്തിനെത്തി. എതിര്‍ സ്ഥാനാര്‍ഥി ആര്‍എസ്പിയുടെ കെ അബ്ദുള്‍ഖാദര്‍. ഇത് ശരിയായ ആര്‍ എസ് പിയല്ല, ആര്‍ എസ് പി ഇടതുപക്ഷത്തിനൊപ്പമാണ്, ഇവിടുത്തേത് കെ ആര്‍ എസ് പിയാണെന്ന ഇ എം എസിന്റെ കുറിക്കുകൊള്ളുന്ന പരിഹാസം...

അങ്ങനെ വോട്ടെടുപ്പ് ദിവസം വന്നു. ബൂത്തിന് അല്പമകലെയായി പാര്‍ട്ടിയുടെ ഹെല്‍പ് ഡസ്‌ക്. വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി അവിടെ സംഭാരം തയ്യാറാക്കിവച്ചിട്ടുണ്ട്. അത് പകര്‍ന്നുനല്‍കുന്ന ഉത്തരവാദിത്വം അന്ന് 11 വയസ്സുള്ള ഇതെഴുതുന്നയാള്‍ക്ക്. ബൂത്തുകള്‍ സന്ദര്‍ശിച്ച് പര്യടനം നടത്തുന്ന സ്ഥാനാര്‍ഥി നായനാര്‍ മുണ്ടുമടക്കിക്കുത്തി നിറഞ്ഞ ചിരിയോടെ അവിടെയെത്തി. ഒപ്പം പാട്യം രാജനുണ്ട് (മുന്‍ എം പി) നായനാര്‍ വന്നപാടെ എന്നോടാണ് ചോദ്യം 'എന്നാടോ നീ കലക്കിവെച്ചിന്, ഒരു ഗ്ലാസ് കൊണ്ടാ'..... ആ അനുഭവം വലിയ ബഹുമതിയായി, സ്‌നേഹശീതളസ്മരണയായി നിറഞ്ഞുനില്‍പ്പുണ്ട്.

നായനാരോടൊന്നിച്ചുള്ള കാര്‍ യാത്ര മനോഹരമായ അനുഭവമാണ്. മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ കാറില്‍ ഇരുന്നുറങ്ങില്ല. സദാ സംസാരമാണ്. അതില്‍ പ്രതിപക്ഷബഹുമാനം കുറവായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം യാത്രാനുഭവങ്ങള്‍ എത്രയോ ഉണ്ടെങ്കിലും ഒന്നുമാത്രം ഓര്‍മിച്ചെടുക്കാം

തൊണ്ണൂറുകളുടെ ആദ്യമാണ് നായനാരുമായി വ്യക്തിപരമായി ഏറ്റവുമടുത്ത് ഇടപഴകാന്‍ അവസരംലഭിച്ചത്. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനും ബ്യൂറോ ചീഫുമെന്നനിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 91 അവസാനമാണ്. അപ്പോഴേക്കും നായനാര്‍ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞിരുന്നു. ഏതാനും മാസത്തിനകം സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എം വി രാഘവന്‍ സഹകരണമന്ത്രിയും കെ സുധാകരന്‍ ഡിസിസി പ്രസിഡന്റുമായ കാലം. എ കെ ജി ആശുപത്രി പ്രശ്‌നത്തില്‍ ജില്ലയിലാകെ സംഘര്‍ഷം. നാല്‍പ്പാടി വാസു സംഭവം, സേവറി ഹോട്ടല്‍ സംഭവം തുടങ്ങി പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങള്‍. മറ്റൊരുഭാഗത്ത് സിപിഎം- ആര്‍ എസ് എസ് സംഘര്‍ഷം... കൊലപാതകപരമ്പരകള്‍... ഈ ഘട്ടത്തിലെ പാര്‍ട്ടി പത്രത്തിന്റെ ജില്ലാ ലേഖകസ്ഥാനം എത്രമാത്രം സംഘര്‍ഷഭരിതമായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. വാര്‍ത്തകളും റൈറ്റപ്പുകളും എതിരാളികള്‍ക്ക് മറുപടിയും നേതാക്കളുടെ പ്രസ്താവനകളുമെല്ലാം തയ്യാറാക്കണം.... അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് നായനാരോടൊപ്പം ആദ്യമായി കാറില്‍ സഞ്ചരിക്കുന്നത്. കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലില്‍ കോണ്‍ഗ്രസ്സുകാര്‍ ബോംബെറിഞ്ഞപ്പോള്‍ മരിച്ച നാണുവിന്റെ വീട്ടിലേക്കാണ് നായനാര്‍ പോകുന്നത്. നാണുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് തിരിച്ചുവരുമ്പോള്‍ ഞാന്‍ പറഞ്ഞു, ''സഖാവേ എനിക്കൊരു വിദേശയാത്രയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജര്‍മനിയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചരമശതാബ്ദിയില്‍ പങ്കെടുക്കാന്‍... അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് ഞാനൊരു കത്തയച്ചിട്ടുണ്ട്''. കാറില്‍ കൂടെയുണ്ടായിരുന്നു കോടിയേരിയും പറഞ്ഞു... ''അതേ അതിന് അനുമതി കൊടുക്കണം... ''

''എ കെ ജി സെന്ററില്‍നിന്ന് പറഞ്ഞു. കെ വി കുഞ്ഞിരാമന്റെ കത്തുണ്ടെന്ന്... ഓനൊരു യാത്ര ഒത്തിട്ടുണ്ടുപോലും...''

കോടിയേരി പറഞ്ഞു: ''ഇപ്പോ കുഞ്ഞിരാമനല്ല, ഈ ബാലകൃഷ്ണനാണ് കണ്ണൂരിലെ ലേഖകന്‍. ബാലകൃഷ്ണനാണ് ജര്‍മനിയില്‍നിന്ന് ക്ഷണം വന്നത്.''

''അതേടോ എനക്കാ അറിയാത്തത്, കുഞ്ഞിരാമനാണിവിടെ ലേഖകന്‍. കുഞ്ഞിരാമനാണ് ജര്‍മനിയില്‍ പോകുന്നത്...''

കോടിയേരി ചിരിച്ചു.. ഞാനും.. പിന്നെയാരും തര്‍ക്കിക്കാന്‍ പോയില്ല...

പിറ്റേന്നും കണ്ണൂരില്‍ തന്നെയുണ്ടായിരുന്ന നായനാര്‍ നാണുവിന്റെ വീട്ടില്‍ പോയതുസംബന്ധിച്ച വാര്‍ത്ത വളരെ നന്നായെന്ന അഭിപ്രായം പ്രകടിപ്പിച്ചു. ലേഖകന്‍ മാറിയ കാര്യം അപ്പോഴാണംഗീകരിച്ചത്. നിന്റെ വീടേട്യാടോ എന്നായി അടുത്ത ചോദ്യം. സ്ഥലം പറഞ്ഞപ്പോള്‍, പിന്നെ വര്‍ത്തമാനമായി. ''നീയെന്നയാടോ ആ സ്ഥലം പരിചയപ്പെടുത്തുന്നത്, നീ ജനിക്കുന്നേന് മുമ്പ് ഞാനാട്യത്രെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നറിയാ നിനക്ക്....'' കേട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ങ്ഹാ .... പിന്നെ അവിടുത്തെ പഴയകാല പ്രവര്‍ത്തകരെക്കുറിച്ചായി...

നായനാരോടൊന്നിച്ചുള്ള കാര്‍ യാത്ര മനോഹരമായ അനുഭവമാണ്. മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ കാറില്‍ ഇരുന്നുറങ്ങില്ല. സദാ സംസാരമാണ്. അതില്‍ പ്രതിപക്ഷബഹുമാനം കുറവായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം യാത്രാനുഭവങ്ങള്‍ എത്രയോ ഉണ്ടെങ്കിലും ഒന്നുമാത്രം ഓര്‍മിച്ചെടുക്കാം...

കൂത്തുപറമ്പിലോ തലശ്ശേരിയിലോ മറ്റോ ഒരു പൊതുയോഗം. നായനാര്‍ക്കൊപ്പം സഹചാരിയായി ഇ പി ജയരാജന്‍. ദേശാഭിമാനിക്ക് അന്ന് പ്രത്യേക വണ്ടിയില്ല. റിപ്പോര്‍ട്ടും ഫോട്ടോയും വന്നില്ലെങ്കില്‍ വലിയ പുലിവാലാകും. നായനാര്‍ പോകുന്ന വണ്ടിയില്‍ പോവുകയേ മാര്‍ഗമുള്ളൂ. അക്കാലത്ത് അങ്ങനെയാണ്, ഇ എം എസിനൊപ്പവും അങ്ങനെ എത്രയോ യാത്രകള്‍. നായനാര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പത്രവായനാ കോര്‍ണറിലാണിരിക്കുന്നത്. ചുറ്റിപ്പറ്റിനിന്ന എന്നോടൊരു ചോദ്യം, നീ ജനയുഗം കാണാറുണ്ടോ? ഉണ്ട്, വായിക്കാറുണ്ടെന്ന് ഞാന്‍. എപ്പോഴാ ലാസ്റ്റ് വായിച്ചത്? രണ്ടുമൂന്നുദിവസം മുമ്പെന്ന് ഞാന്‍.. ഫ ...എത്ര മാസായടാ ആ കടലാസ് നിര്‍ത്തീറ്റ്. നീയെന്നിറ്റ് മിഞ്ഞാന്ന് വായിച്ചുപോലും...

കാറില്‍ കയറിയപ്പോള്‍ അതവിടെ തീര്‍ന്നെന്നാ വിചാരിച്ചത്. മുമ്പില്‍ ഡ്രൈവറുടെ സീറ്റിനടുത്ത് ഫോട്ടോഗ്രാഫര്‍ മോഹനന്‍. പിന്നില്‍ നായനാരും ഇ പി ജയരാജനും അവര്‍ക്കിടയില്‍ ഞെങ്ങിഞരങ്ങി ഞാനും.. യാത്ര പുരോഗമിക്കെ എന്നോട് ചോദിച്ച അതേ ചോദ്യം ഇ പി ജയരാജനോട്, "നീ ജനയുഗം വായിക്കലുണ്ടോ?'' ഉണ്ട്, ഇന്ന് വായിച്ചിട്ടില്ലെന്ന് മറുപടി... എനിക്ക് ചിരിയും കരച്ചിലുംവന്നു, കടിച്ചുപിടിച്ചു, പ്രകടിപ്പിക്കാന്‍ മാര്‍ഗമില്ല... നായനാരുടെ വാഗ്‌ധോരണി മുഴങ്ങി, ''അടടാ അച്ചടിനിര്‍ത്തിയ പത്രമെങ്ങനെയാ നീ വായിക്കുന്നത്? പഴേ പത്രാ വായിക്കല്? നീ നമ്മളെ പത്രോ വായിക്കലില്ലേ,'' വഴക്കങ്ങനെ നീണ്ടു. നീണ്ട മൗനത്തില്‍ ഞങ്ങള്‍...

1996-ലെ തിരഞ്ഞെടുപ്പ്. നായനാര്‍ സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പ്രചാരണനേതൃത്വം. പ്രചാരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ മുഴുവനും കാസര്‍ഗോഡ് ചിലേടത്തും പോയി. എവിടെയും മത്സരിക്കാതെ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്ന നായനാര്‍ എന്ന മുഴുപേജ് റിപ്പോര്‍ട്ട് 'നേതാവിനൊപ്പെ ഒരു ദിവസം' എന്ന പേരില്‍ എഴുതി. ആ പ്രചാരണയാത്ര വിസ്മയകരമായ അനുഭവമായിരുന്നു. ശ്രീകണ്ഠപുരത്തുവച്ചുണ്ടായ ഹിപ്‌നോട്ടിക് അനുഭവം... റാലി കഴിഞ്ഞ് സ്‌റ്റേജില്‍നിന്നിറങ്ങാന്‍ നായനാര്‍ കൈ നീട്ടി, കൈ പിടിച്ച് സ്റ്റേജില്‍നിന്നിറക്കാന്‍... അരനിമിഷം... പിന്നെ കാണുന്നത് സദസ്സാകെ കൈ നീട്ടുന്നതാണ്... ആയിരക്കണക്കിന് ഹസ്തങ്ങള്‍... നൂറുമീറ്ററോളം അകലെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരുടെയും കരം ഗ്രഹിക്കാന്‍ സവിശേഷമായ ആവേശത്തോടെ... അതല്ലെങ്കില്‍ എന്തു വാക്കാണ് പറയേണ്ടത്.... ആ ദൃശ്യം ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ മോഹനന്‍ ഒപ്പിയെടുത്തത് നായനാര്‍ മരിച്ചപ്പോള്‍ ദേശാഭിമാനി വാരികയുടെ കവര്‍ ചിത്രമായി, അന്ന് എഡിറ്റര്‍ ചുമതലയുണ്ടായിരുന്ന ഞാന്‍ ഉപയോഗിച്ചതും ഇവിടെ അനുസ്മരിക്കട്ടെ.

അതേദിവസം തന്നെ കൂത്തുപറമ്പ് മാറോളിഘട്ടില്‍ നടന്ന പൊതുയോഗത്തില്‍ നായനാര്‍ ചോദ്യോത്തരരൂപത്തില്‍ പ്രസംഗിക്കുയാണ്. ഇരുന്നവരില്‍ ഓരോരുത്തരും അവരോട് വ്യക്തിപരമായി സംസാരിക്കുന്നതാണെന്ന പ്രതീതിയില്‍ തലയാട്ടുന്നു, പ്രതികരിക്കുന്നു- ഹൃദയസംവാദത്തിന്റെ അപൂര്‍വ മനോഹരദൃശ്യം മനസ്സില്‍ പതിഞ്ഞ് ഞാന്‍ ഏതോ ലോകത്തെത്തിയതുപോലെയായി.. അതത്രയും എഴുതി ഫലിപ്പിച്ചാണ് പിറ്റേന്ന് കണ്ണൂര്‍ ദേശാഭിമാനി പ്രത്യേക പതിപ്പിറക്കിയത്.

പത്രക്കാരെല്ലാം നായനാര്‍ക്കു ചുറ്റും നില്‍ക്കുകയാണ്. ഇക്കാലത്ത് ആലോചിക്കാന്‍ പോലുമാകാത്ത അപൂര്‍വ സംഭവം. മുഖ്യമന്ത്രിയും പത്രക്കാരും തുറന്ന വര്‍ത്തമാനവും ചിരിയുംകളിയുമാണ്... എന്നെ അടുത്തേക്ക് വിളിച്ച് നായനാര്‍ പറഞ്ഞു. എടാ നീ നല്ലോണം നോക്കിയും കണ്ടും നടന്നോളണം

നായനാര്‍ സ്ഥാനാര്‍ഥിയല്ലെങ്കിലും എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നുവെന്ന വിശേഷണം പിന്നീട് യാഥാര്‍ഥ്യമായി. വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആര് മുഖ്യമന്ത്രിയാകണമെന്നത് പാർട്ടിക്കകത്ത് വലിയ പ്രശ്‌നമായി. ഏതാനും വര്‍ഷം മുൻപ് തുടങ്ങിയ വിഭാഗീയത അതിരൂക്ഷമായി. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നായനാരും സുശീലാ ഗോപാലനും മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിച്ചു. സുശീലാ ഗോപാലന് വോട്ട് ചെയ്യുമെന്ന് കരുതപ്പെട്ട ഒരംഗം മറിച്ചു വോട്ട് ചെയ്തതോടെ നായനാര്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി. വിഭാഗീയതയില്‍ ദേശാഭിമാനിക്കും അക്കാലത്ത് വലിയ പങ്കുണ്ടായിരുന്നതിനാല്‍ പിറ്റേന്നത്തെ പത്രം തയ്യറാക്കുന്നതിലടക്കം ചില പ്രയാസമുണ്ടായി. നായനാരെപ്പറ്റിയും നായനാര്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറിയായി വോട്ടെടുപ്പില്‍ വിജയിച്ച ചടയന്‍ ഗോവിന്ദനെക്കുറിച്ചുമെല്ലാം റൈറ്റപ്പുകള്‍ കണ്ണൂരില്‍നിന്ന് തയ്യാറാക്കി നല്‍കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ അപ്രസക്തം.

നായനാര്‍ മന്ത്രിസഭ അധികാരത്തിലെത്തി രണ്ടാഴ്ചക്കകം എന്നെ ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയിലേയ്ക്ക് സ്ഥലംമാറ്റി. അവിടെയുണ്ടായ അനുഭവങ്ങളിലൊന്നുമാത്രം ഇവിടെ ഓര്‍ക്കാം. സെക്രട്ടേറിയറ്റിനോടുചേര്‍ന്നുള്ള പഴയ നിയമസഭാമന്ദിരത്തിലാണന്ന് നിയമസഭാസമ്മേളനം. ചെറിയഹാള്‍. മന്ത്രിമാരും സാമാജികരും പത്രക്കാരുമെല്ലാം തൊട്ടടുത്ത്. ബജറ്റ് അവതരണദിവസം. ടി ശിവദാസമേനോന്‍ ബജറ്റവതരിപ്പിച്ച് സഭ പിരിഞ്ഞശേഷവും നായനാര്‍ സീറ്റില്‍നിന്നെഴുന്നേറ്റില്ല. ഏഷ്യാനെറ്റല്ലാതെ മറ്റു ചാനലുകളൊന്നുമില്ല. പത്രക്കാരെല്ലാം നായനാര്‍ക്കു ചുറ്റും നില്‍ക്കുകയാണ്. ഇക്കാലത്ത് ആലോചിക്കാന്‍പോലുമാകാത്ത അപൂര്‍വ സംഭവം. മുഖ്യമന്ത്രിയും പത്രക്കാരും തുറന്ന വര്‍ത്തമാനവും ചിരിയുംകളിയുമാണ്... എന്നെ അടുത്തേക്ക് വിളിച്ച് നായനാര്‍ പറഞ്ഞു. എടാ നീ നല്ലോണം നോക്കിയും കണ്ടും നടന്നോളണം. ഇതേതാ സ്ഥലമെന്നറിയോ നിനിക്ക്.. കണ്ണുതെറ്റിയാ വല്ല ബാറാണിയിലും പിടിച്ചുതള്ളും... പത്മനാഭനെ വാരിയ സ്ഥലമാ... എന്നിട്ട് ചന്ദ്രികാ ലേഖകനും കണ്ണൂര്‍ക്കാരനുമായ എ എം ഹസ്സനോട്, എടാ ഹസ്സാ നീ ഇവനെ നല്ലോണം നോക്കണേ.. ഇവന്റെ മേല്‍ ഒരു കണ്ണുവേണം... ഹസ്സന്‍ ഞാനേറ്റെന്ന് തലകുലുക്കി...ആ സംഭാഷണമങ്ങനെ നീണ്ടുപോയി.. സന്തതസഹചാരിയായ വാരിയര്‍ വന്ന് പലതവണ നിര്‍ബന്ധിച്ച ശേഷമാണ് നായനാര്‍ എഴുന്നേറ്റത്. (ചന്ദ്രികയില്‍നിന്ന് ഒഴിവായി കുവൈറ്റില്‍ മനോരമ പ്രതിനിധിയായി പ്രവര്‍ത്തിച്ച ഹസ്സന്‍ നായനാരുടെ ജന്മശതാബ്ദിവേളയില്‍ ഇക്കാര്യം സമകാലികമലയാളത്തില്‍ ലേഖനമായി എഴുതുകയുണ്ടായി)

തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായതിനാല്‍ ആറുമാസത്തിനകം നായനാര്‍ക്കുവേണ്ടി ഉപതിരഞ്ഞെടുപ്പ് വേണ്ടിയിരുന്നു. തലശ്ശേരിയില്‍നിന്ന് കെ പി മമ്മുമാസ്റ്ററെ രാജിവയ്പിച്ച് അതിന് സൗകര്യമുണ്ടാക്കി. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി തീരുമാനപ്രകാരവും നായനാരുടെകൂടി താല്പര്യപ്രകാരവും എന്നെ പ്രത്യേക ചുമതലക്കാരനായി തലശ്ശേരിയിലേക്കയച്ചു. അവിടെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ വോട്ടറുടെ ഓര്‍മക്കുറിപ്പുകള്‍, പദയാത്ര തുടങ്ങിയ പേരുകളില്‍ പംക്തികള്‍ എന്നിവയായി ആവേശപൂര്‍വമുള്ള പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കവെ ഒരു യു ഡി എഫ്. നേതാവിന്റെ ജാതി പറഞ്ഞെന്ന പേരില്‍ വലിയവിവാദത്തിന് തുടക്കമായി. വ്യക്തിപരമായി നായനാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗങ്ങളാണ് യു ഡി എഫ് ഭാഗത്തുനിന്നുണ്ടായത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കണ്ണൂരില്‍ വിളിച്ചു. യോഗത്തിന്റെ തലേന്ന് നായനാര്‍ എന്നെ വിളിച്ചു. മണ്ഡലത്തിലെ കാര്യങ്ങളൊക്കെ ചോദിച്ച ശേഷം മാധ്യമം പത്രം കണ്ടിനോ എന്ന ചോദ്യം. എന്താ സഖാവെ പ്രത്യേകിച്ച്... അതില്‍ വനംമന്ത്രി പി ആര്‍ കുറുപ്പിനെക്കുറിച്ച് അഴിമതിയാരോപണമുണ്ട്, ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ടാണ്... നായനാര്‍ വളരെ അസ്വസ്ഥനാണെന്ന് സംഭാഷണത്തില്‍നിന്ന് വ്യക്തമായി

അതിനാല്‍ നായനാരുടെ മഹത്വമെന്തെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വ്യക്ത്യാധിഷ്ഠിത പ്രചാരണവും വേണ്ടിവന്നു. കോടിയേരിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനവും നായനാരുടെ ഉജ്ജ്വല വ്യക്തിത്വവുംകൂടിയായപ്പോള്‍ മണ്ഡലത്തിന്റെ അതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയഭൂരിപക്ഷത്തിന് (കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം) ജയം. അതിനിടയില്‍ നായനാരുമായി തെറ്റിയ ഏറെ വേദനയും നീരസവും തോന്നിയ ഒരു സന്ദര്‍ഭമുണ്ടായി. പ്രമേഹം മൂര്‍ഛിച്ചിട്ടാണത്രെ ഇടയക്ക് ആ മനമോടാത്ത കുമാര്‍ഗമില്ലെന്ന് പറയാറുണ്ടല്ലോ .. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരാഴ്ച കഴിയുന്നതിന് മുമ്പാണെന്നു തോന്നുന്നു, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കണ്ണൂരില്‍ വിളിച്ചു. യോഗത്തിന്റെ തലേന്ന് നായനാര്‍ എന്നെ വിളിച്ചു. മണ്ഡലത്തിലെ കാര്യങ്ങളൊക്കെ ചോദിച്ച ശേഷം മാധ്യമം പത്രം കണ്ടിനോ എന്ന ചോദ്യം. എന്താ സഖാവെ പ്രത്യേകിച്ച്.. അതില്‍ വനംമന്ത്രി പി ആര്‍ കുറുപ്പിനെക്കുറിച്ച് അഴിമതിയാരോപണമുണ്ട് ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ടാണ്. നായനാര്‍ വളരെ അസ്വസ്ഥനാണെന്ന് സംഭാഷണത്തില്‍നിന്ന് വ്യക്തമായി. നീ ആ വാര്‍ത്ത വായിച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായ വീരേന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അത് നിഷേധിക്കാനോ വിശദീകരണം നല്‍കാനോ പറയണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനതൊരു തമാശയായ എടുത്തുള്ളൂ. വീരേന്ദ്രകുമാറിനെ പരിചയമുണ്ടെങ്കിലും അത്തരത്തില്‍ പറയാനുള്ള അടുപ്പമില്ല. മാത്രമല്ല അങ്ങനെ പറയാനുള്ള ആധികാരികതയെന്താണെനിക്ക്? വേണമെങ്കില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയോട് നായനാര്‍ പറഞ്ഞ കാര്യം ശ്രദ്ധയില്‍പെടുത്താമായിരുന്നു. അതൊന്നും ചെയ്തില്ല.

പിറ്റേന്ന് അതിരാവിലെതന്നെ ഞാന്‍ കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലെത്തി. നായനാരുടെ മുറിയില്‍ അനുവാദമില്ലാതെതന്നെ പ്രവേശനമുള്ളവരിലൊരാളെന്ന നിലയില്‍ അകത്തുകയറി.. കടലാസെല്ലാം വായിച്ചോ എന്നായി ചോദ്യം. തലയാട്ടി. എന്നിട്ട് ബൂര്‍ഷ്വാ പത്രങ്ങള്‍ എടുത്ത് തലക്കെട്ടുകള്‍ വായിക്കാന്‍ പറഞ്ഞു. കുറെയൊക്കെ വായിച്ചുകൊടുത്തു. അന്ന് സഖാവ് അല്പം പന്തികേടിലാണെന്ന് ഒരു തോന്നല്‍.. സെക്രട്ടേറിയറ്റ് മെമ്പര്‍മാര്‍ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. നായനാര്‍ പ്രാതല്‍ കഴിക്കാന്‍ തുടങ്ങി. അതിനിടയിലൊരു ചോദ്യം. നീ മാധ്യമം വായിച്ചുവോ.... എന്റെ വയറൊന്നാളി... മിണ്ടാതെ നിന്നു.. നീ ഇന്നത്തെ മാധ്യമം വായിച്ചുവോ.... ഇല്ല.. ഇന്നലത്തേതു വായിച്ച് വീരനെ വിളിക്കാന്‍ പറഞ്ഞത് ചെയ്‌തോ.. എന്താടാ പറഞ്ഞാല്‍ കേള്‍ക്കാതെ.. ഫ.. എന്നൊരാട്ട്...ആ സമയത്ത് നായനാരുടെ മുഖമാകെ വിവര്‍ണമായിരുന്നു. കോടിയേരിയും പി കെ ചന്ദ്രപ്പന്‍ സഖാവും നായനാരോട് തര്‍ക്കിച്ചു, ''സഖാവ് പറഞ്ഞത് ശരിയായില്ല. പി.ആര്‍.കുറുപ്പിൻ്റെ കാര്യത്തില്‍ ബാലകൃഷ്ണനെങ്ങനെയാണ് വീരനെ വിളിക്കുക...''ഞാന്‍ പുറത്തിറങ്ങി. കരച്ചിലൊന്നും വന്നില്ല, വല്ലാത്ത നീരസവും ദേഷ്യവും വന്നു. അന്നത്തെ ദേശാഭിമാനി ജനറല്‍ മാനേജരായ പി കരുണാകരന്‍ പുറത്തുണ്ടായിരുന്നു. കരുണാകരേട്ടനോട് സംഭവം പറഞ്ഞപ്പോള്‍ അദ്ദേഹം നായനാരോട് കണക്കിന് പറഞ്ഞു. അന്നത്തെ ദിവസം നായനാര്‍ക്കും മോശമായിരുന്നു. പ്രമേഹം വല്ലാതെ കൂടി ഡോക്ടറെ കാണേണ്ടിവന്നു.

പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തില്‍ സെക്രട്ടേറിയറ്റ് യോഗം നടന്നുകൊണ്ടിരിക്കെയാണ് പാലക്കാട്ടുനിന്ന് ആ വാര്‍ത്ത വന്നത്, പലാക്കാട് ജില്ലാ കളക്ടർ ഡബ്ല്യു ആര്‍ റെഡ്ഡിയെ അയ്യങ്കാളിപ്പട കളക്ടറേറ്റില്‍ ബന്ദിയാക്കി... ആകെ കുഴഞ്ഞുമറഞ്ഞ ദിവസം... അന്ന് വൈകീട്ട് നായനാരുടെ പൊതുയോഗം ധര്‍മടം ചിറക്കുനിയിലായിരുന്നു. അന്ന് ധര്‍മടം മണ്ഡലമില്ല, ധര്‍മടം തലശ്ശേരി മണ്ഡലത്തിന്റെ ഭാഗമാണ്. ഏറ്റവും സാധാരണക്കാരായ സ്ത്രീകളോടും പുരുഷന്മാരോടും ഏതു പ്രായക്കാരോടും ഹൃദയസംവാദം നടത്തിക്കൊണ്ടുള്ള ആ വശ്യവചസ്സുകള്‍ തെളിനീര്‍പോലെ പ്രവഹിക്കെ രാവിലെ നായനാരോടുതോന്നിയ നീരസവും ദേഷ്യവും സങ്കടവും അലിഞ്ഞില്ലാതായി...

തൊണ്ണൂറ്റെട്ടിലോ തൊണ്ണൂറ്റൊമ്പതിലോ നടന്ന ലോക്‌സഭാ തിരഞ്ഞെുപ്പിലാണ്‌ നായനാരുടെ പരസ്യവോട്ടുണ്ടായത്. വോട്ടുചെയ്യാനായി തലേന്നുതന്നെ നായനാര്‍ കല്യാശ്ശേരിയിലെ വീട്ടിലെത്തിയിരുന്നു. എത്ര മണിക്ക് വോട്ട് ചെയ്യുമെന്നറിയിക്കാന്‍ പി എയായ വാര്യരെ ചട്ടംകെട്ടിയിട്ടുണ്ടായിരുന്നു. മറ്റ് പത്രക്കാരെ അറിയിക്കണം. വോട്ടുചെയ്ത ശേഷം പത്രക്കാരോട് സംസാരിക്കണം. തലേന്നുരാത്രി വാര്യര്‍ ഫോണ്‍വിളിച്ച് മുഖ്യമന്ത്രിക്ക് കൊടുത്തു. നീയെത്ര മണിക്കാ വോട്ടുചെയ്തിട്ട് വര്വാ, നിന്റെ വോട്ടെവിടെയാ എന്ന ചോദ്യം. മയ്യിലാണ് വോട്ട്, ഞാന്‍ ഒമ്പത് മണിക്ക് മുമ്പെത്താം, പത്രക്കാരെയൊക്കെ അറിയിക്കാം എന്ന് മറുപടി. അപ്പോ എടോ വാര്യരേ ഓന്‍ എന്നെ പഠിപ്പിക്വാ, മയ്യിലേട്യാന്ന് എനക്കറിയൂലേ, എന്തിനാ ഒമ്പത് മണിയാക്കുന്നത് എന്ന് നായനാര്‍ ഫോണ്‍ താഴെവയ്ക്കാതെ തന്നെ പറയുന്നു. പിറ്റേന്ന് എട്ടരയ്ക്കു തന്നെ ഞാന്‍ കല്യാശ്ശേരി സ്‌കൂളിലെത്തി. നായനാര്‍ നല്ല മൂഡിലായിരുന്നു, നല്ല മൂഡായതാണ് പ്രശ്‌നമായത്. പത്രക്കാരോട് വളരെ ഉദാരമായി പെരുമാറി. ബൂത്തിനകത്ത് ഫോട്ടോഗ്രാഫര്‍മാര്‍ മാത്രം. പതിവുപോലെ ഞാന്‍ ദൂരെയാണ് നിലകൊണ്ടത്. ബൂത്തിനകത്തെ കാര്യങ്ങള്‍ അറിഞ്ഞില്ല. വോട്ടുചെയ്തശേഷം നായനാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി റൈറ്റ് എന്ന് പറഞ്ഞാണ് പെട്ടിയിലിട്ടത്. അത് പി ആര്‍ ഡിക്കുവേണ്ടി ഫോട്ടോ എടുക്കുന്ന ഗോപാലൻ കൃത്യമായി പകര്‍ത്തിയിട്ടുണ്ടായിരുന്നു. ബൂത്തിനകത്തുണ്ടായിരുന്ന മലയാളമനോരമ ലേഖകന്‍ സി കെ വിജയന്‍ അത് മനസ്സിലാക്കുകയും അവരുടെ കോ-ഓഡിനേറ്റിങ്ങ് എഡിറ്ററായ കെ എ ഫ്രാന്‍സിസിനെ അറിയിക്കുകയും ചെയ്തു. ഫ്രാന്‍സിസ് അതിന്റെ സാധ്യത തിരിച്ചറിയുകയും ഉടനടി ഇടപെടുകയുമായിരുന്നു. ഗോപാലനില്‍നിന്ന് ഫോട്ടോയുടെ നെഗറ്റീവ് സംഘടിപ്പിക്കുകയും ( നല്ല തുക ചെലവാക്കിയത്രെ) പിറ്റേന്ന് ആഞ്ഞുവീശുകയുമായിരുന്നു. മുഖ്യമന്ത്രി നായനാര്‍ പരസ്യമായി വോട്ടുചെയ്ത് ജനപ്രാതിനിധ്യനിയമം ലംഘിച്ചുവെന്നാണ് വാര്‍ത്ത.

പിന്നീട് ഒരാഴ്ചയോളം കേരളരാഷ്ട്രീയം കലങ്ങി മറിയുകതന്നെയായിരുന്നു. മറ്റെല്ലാ മാധ്യമങ്ങളും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ ഇടതുപക്ഷ അണികളിലും നായനാര്‍ക്കെതിരെ വൈകാരികത ഉയരാന്‍ തുടങ്ങി. മുഖ്യമന്ത്രിക്ക് വോട്ടുചെയ്യാന്‍ പോലുമറിയില്ലെന്ന പ്രചരണം ഒരുഭാഗത്ത്, എല്ലാം തമാശയാക്കുന്ന ആള്‍ എന്നും ജന്മിത്തജന്യമായ ധാര്‍ഷ്ട്യമെന്ന ആക്ഷേപവും ഒരുഭാഗത്ത്. സാധാരണഗതയിലുള്ള പ്രതിരോധമൊന്നും ഏശുന്നില്ല. മനോരമ വിഷയം കത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെവരെ സ്വയം സമീപിച്ചുവെന്ന വാര്‍ത്തകളും അതിനിടെ പുറത്തുവന്നു. മനോരമയുടെ രാഷ്ട്രീയലാക്കാണ് പ്രശ്‌നമെന്ന് വന്നാല്‍ അണികളുടെ വിരോധത്തെ ശമിപ്പിക്കാവുന്നതേയുള്ളൂ. നായനാര്‍ ഒന്നുംപ്രതികരിച്ചില്ല. ആകെ പ്രശ്‌നം. ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തിലെത്തി. കണ്ണൂരില്‍ ന്യൂസ് എഡിറ്ററായി വലിയ പ്രോത്സാഹനംനല്‍കിയ എ കെ ഗോപാലകൃഷ്ണന്‍ (പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പിലൂടെ നായനാര്‍ മുഖ്യമന്ത്രിയും ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയുമായ ദിവസം കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ ഗോപാലകൃഷ്ണനാണ്. അന്ന് ഗോപാലകൃഷ്ണനും സബ് എഡിറ്റര്‍ പി എം മനോജും ഞാനും കൂടിയാണ് കൂടിയാലോചിച്ച് ഐറ്റംസ് തയ്യറാക്കിയത്.) അക്കാലത്ത് തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററാണ്. ഗോപാലകൃഷ്ണന്‍ ചോദിച്ചു, എടേ നായനാര്‍ക്കെതിരെയുള്ള ആക്രമണം പാര്‍ട്ടിക്കകത്തും പകരുകയാണ്, പ്രതികരിക്കേണ്ടേ. താനൊക്കെ എന്താടോ ചെയ്യേുന്നേ...? നിങ്ങള്‍ കൊടുക്കാമെന്നേല്‍ക്കുകയാണെങ്കില്‍ ഞാന്‍ റെഡി... അന്ന് ന്യൂസ് എഡിറ്റര്‍ കെ എം അബ്ബാസ് ഇല്ലാത്ത ദിവസമാണ്. ചീഫ് സബ് എഡിറ്റര്‍ കെ വി കുഞ്ഞിരാമനും പ്രൊഡക്ഷന്‍ ചുതലയില്‍ പി എം മനോജുമാണ്. ഞാന്‍ ഒരു ഐറ്റം തയ്യാറാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെയും അണികളെയും മാത്രമാണതില്‍ ലക്ഷ്യമാക്കിയത്. നായനാര്‍ ആരാണെന്ന് വൈകാരികമായി ആവേശകരമായി വ്യക്തമാക്കിക്കൊണ്ട് (അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വി എസിന്റെ പേരും പറഞ്ഞു വി എസ്സാണന്ന് പത്രാധിപര്‍. വിഭാഗീയത മൂത്ത സമയവുമാണ്). നായനാര്‍ അങ്ങനെയൊക്കെ ചെയ്യും, ആരാണ് ചോദിക്കാന്‍ എന്ന മട്ടിലാണെഴുത്ത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും നേതാക്കളായ. ദേശീയ സ്വാതന്ത്ര്യസമരനേതാക്കളായ, ജന്മിത്തത്തെ തകര്‍ത്തെറിഞ്ഞ വിപ്ലവകാരികളായ സഖാവ് നായനാരെപ്പോലുള്ള നേതാക്കളെ പരിഹസിച്ചാല്‍, ആക്രമിച്ചാല്‍, ജനങ്ങള്‍ ഫ എന്ന് ആട്ടുകയും നിരാകരിക്കുകയും ചെയ്യുമെന്ന് ഇന്നൂഹിക്കാനാവാത്ത ശൈലിയില്‍ എഴുതിയത് അതേപടി ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തി- ഒന്നാം പേജില്‍. തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദശിച്ചു, അത് നടന്നു. ഫ എന്ന ആട്ട് പത്രത്തില്‍ അതേപടിവന്നു. പിറ്റേന്നു രാവിലെ ക്ലിഫ് ഹൗസില്‍നിന്ന് ശാരദ ടീച്ചര്‍ വിളിച്ചു. ബാലകൃഷ്ണാ നിന്റെ ലേഖനം സഖാവിന് ഇഷ്ടമായി... ആശ്വാസമായി... ഏതാനും മിനിട്ടുകള്‍ക്കകം നായനാര്‍തന്നെ വിളിക്കുകയാണ്,, നീയെന്താണെടോ എഴുതിവച്ചത്, ങേ, ഉഷാറായി കേട്ടോ. ങാ എന്നും പറഞ്ഞ് ഒരു ചിരി... അതോടെ സഖാക്കള്‍ സട കുടഞ്ഞെഴുന്നേറ്റു. ആരാെണടോ ചോദിക്കാന്‍, നായനാര്‍ അങ്ങനെയും വോട്ടുചെയ്യും... രഹസ്യമായി വോട്ടുചെയ്യുന്നിടത്ത് ചെന്ന് അത് പകര്‍ത്തിയ നിങ്ങളല്ലേ കുറ്റക്കാര്‍..ആ ചോദ്യം പൊതുബോധവുമായി ബന്ധപ്പെട്ടതുമാത്രമല്ല, നിയമപരം കൂടിയായിരുന്നു. അതോടെ ആ പ്രശ്‌നത്തിന് തിരശ്ശീല വീണു.

വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് (അന്ന് മനോരമ വാരിക എഡിറ്ററാണ് കെ എ ഫ്രാന്‍സിസ്) ചോദിച്ചു, 'എടോ ബാലകൃഷ്ണാ നമുക്കതൊരു പുസ്തകമാക്കിക്കൂടേ... പരസ്യവോട്ടുവിവാദത്തില്‍ മനോരമയില്‍ വന്നതും ദേശാഭിമാനിയില്‍ നീ എഴുതിയതുമെല്ലാം ചേര്‍ത്ത്. മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ വലിയൊരു സംഭവവും മാധ്യമവിദ്യാഭ്യാസത്തിലെ ഒരു പാഠവുമാകും അത്...''

മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും നായനാര്‍ കല്യാശ്ശേരിയിലെ വീട്ടില്‍വന്നാല്‍ ഉച്ചയോടെ അവിടെ എത്തിക്കോളണമെന്നത് അലിഖിത നിയമമാണ്. ഇട്ടേണി (സ്‌റ്റെയര്‍കേസ്) കയറി മുകളിലത്തെ മുറിയിലേക്ക്. ബീഡിപ്പുകമണം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ചാരുകസേരയില്‍ നായനാര്‍... ഹിന്ദു പത്രവും റേഡിയോവും അടുത്തുണ്ടാവും. ദേശാഭിമാനിയിലും ഹിന്ദുവിലും അവിടവിടെ വരയിട്ടുവച്ചിരിക്കും, ചെറിയ കുറിപ്പുകളും... വൈകുന്നേരത്തെ പ്രസംഗത്തില്‍ കാച്ചാനുള്ളതാണ് പലതും. നീ വന്നോ.. ങാ നീയിത് വായിച്ചിനോ.. എന്താ നമുക്കിന്നൊന്ന് കാച്ചണ്ടേ... പ്രസ്താവനയോ പത്രക്കുറിപ്പോ തയ്യാറാക്കണം.. 12.30 ആയാല്‍ റേഡിയോ വാര്‍ത്ത കേള്‍ക്കണം. ടിവി പഥ്യമല്ല. 12.50-ന്റ ഡല്‍ഹി റിലെ വാര്‍ത്ത കഴിയുമ്പോഴേക്കും വിളിയായി, ശാരദേ...ഒരുമണിക്ക് ഊണ്‍... റേഡിയോ വാര്‍ത്ത നിര്‍ബന്ധമായും കേട്ടിരിക്കണമെന്നത് നായനാരുടെ ശീലമാണ്. നായനാര്‍ വീട്ടിലുള്ള ദിവസങ്ങളിലെല്ലാം ശാരദേച്ചി ഉച്ചയൂണ്‍ തരും. മിക്കപ്പോഴും നായനാരുടെ ഒപ്പം തന്നെ... അവസാനകാലത്ത് 2004-ല്‍ സുഖമില്ലാതെ കുറേനാള്‍ വീട്ടില്‍ വിശ്രമിക്കുകയുണ്ടായി. അക്കാലത്ത് ദിവസേന അവിടെയെത്തിരുന്നത് ഓര്‍മയിലുണ്ട്. വാരിയരുമായി നടക്കുന്ന സവിശേഷ തര്‍ക്കങ്ങള്‍... ശാരദേച്ചിയുമായുള്ള വാദപ്രതിവാദങ്ങള്‍.. എല്ലാത്തിലും ഒരു കലാപരത.

രണ്ടായിരത്തിലാണെന്നു തോന്നുന്നു മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ സെക്രട്ടറി കൂടിയായ മുരളീധരന്‍ നായര്‍ നായനാരെക്കുറിച്ച് ഏഷ്യാനെറ്റിന് വേണ്ടി 13 എപ്പിസോഡുള്ള പരമ്പര നിര്‍മിക്കുകയുണ്ടായി. കെ ആര്‍ മോഹനനാണ് സംവിധായകന്‍. അതില്‍ പ്രവേശക എപ്പിസോഡില്‍ നായനാരോടും ശാരദേച്ചിയോടും അഭിമുഖസംഭാഷണം നടത്തുന്നത് ഞാനാണ്... ആ പരമ്പരയ്ക്കായി വിവരശേഖരണം നടത്തുന്നതിലും സഹകരിച്ചു. നായനാരുടെ വിദേശയാത്രാനുഭവങ്ങള്‍ എല്ലാം ചേര്‍ത്ത് സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഒരു ബൃഹദ് ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പലകാലങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ആ കൃതികള്‍ കണ്ടെടുത്ത് എഡിറ്റ് ചെയ്യുന്ന ചുമതല പൂച്ചാലി ഗോപാലന്‍ മാഷ് എന്നെയാണേല്‍പ്പിച്ചത്. മൂന്നാമത് മുഖ്യമന്ത്രിയായിരിക്കെ ജര്‍മനിയിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും നടത്തിയ സന്ദര്‍ശനനാനുഭവങ്ങള്‍ നായനാര്‍ എഴുതിയിരുന്നില്ല. യാത്രാരേഖകളും പ്രസംഗങ്ങളും പി ആര്‍ ഡി പ്രസിദ്ധപ്പെടുത്തിയ കുറിപ്പുകളുമെല്ലാം വച്ച് അത് തയ്യാറാക്കി അനുബന്ധമായി ചേര്‍ക്കുകയായിരുന്നു.

എത്രതന്നെ എഴുതിയാലും തീരാത്ത അനുഭവങ്ങള്‍...അതിലേതാനും ഭാഗം മാത്രമിവിടെ... ഓരോ സ്ഥലത്തും യോഗങ്ങള്‍ക്കു പോകുമ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവായ്പ്, ആരാധന... അവരില്‍ പലരേയും പേരുചൊല്ലി വിളിച്ചടക്കം സ്‌നേഹാഭിവാദ്യം ചെയ്യുന്ന നായനാര്‍... കേരള രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിലെ സമാനതകളില്ലാത്ത വ്യക്തിത്വം... ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട, അടുത്തു ബന്ധപ്പെട്ട മഹാനായ നേതാവാരാണെന്ന് ചോദിച്ചാല്‍ വേറെ മറുപടിയില്ല...

ദേശാഭിമാനിയുടെ കണ്ണൂർ ബ്യൂറോ ചീഫ് സ്ഥാനത്തുനിന്ന് മാറി കോഴിക്കോട്ട് ദേശാഭിമാനി വാരികയുടെ എഡിറ്റർ ഇൻ ചാർജായി ഞാൻ ചുമതലയേറ്റത് 2004 മെയ് 19നാണ്. ചുമതലയേറ്റ് വൈകീട്ട് കണ്ണൂരിലേക്ക് മടങ്ങി. നാട്ടിലേക്കുള്ള ബസ്സിൽ കയറിയപ്പോഴാണ് ദേശാഭിമാനി ജനറൽ എഡിറ്റർ കെ മോഹനേട്ടന്റെ വിളി. അടിയന്തരമായി തിരുവനന്തപുരത്തേക്ക് തിരിക്കണം. എന്താ കാര്യം? അറിഞ്ഞില്ലേ, നായനാർ സഖാവ് പോയി.. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയ്‌ക്കൊപ്പം പോയി റിപ്പോർട്ട് ചെയ്യണം. അത് അസാധ്യമാണെന്ന് ബോധ്യപ്പെടുത്തി. പിറ്റേന്ന് കോഴിക്കോട്ടുമുതൽ കണ്ണൂർ വരെയുള്ളത് റിപ്പോർട്ട് ചെയ്തു, സംസ്കാരവും. ജനസഹസ്രങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര ... കണ്ണൂർ കലക്ടറേറ്റിനപ്പുറത്തേക്ക് കടക്കാനാവാതെ പയ്യാമ്പലത്തെ സംസ്കാരച്ചടങ്ങുകൾ റിപ്പോർട്ട് ചെയ്യേണ്ടി വന്നു... ദേശാഭിമാനി വാരികയുടെ ചുമതലയേറ്റ ശേഷമുള്ള ആദ്യ ലക്കം നായനാർ പ്രത്യേക പതിപ്പ് ....

logo
The Fourth
www.thefourthnews.in