തീൻ മൂർത്തി ഭവനിൽ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു ചെ ഗുവേരയെ സ്വീകരിക്കുന്നു
തീൻ മൂർത്തി ഭവനിൽ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു ചെ ഗുവേരയെ സ്വീകരിക്കുന്നു

'സമത്വത്തിൽ വിശ്വസിക്കുന്ന സോഷ്യലിസ്റ്റാണ് ഞാൻ'; ചെഗുവേര കണ്ട ഇന്ത്യ

1959 ൽ സ്ഥാപിതമായ ഫിദൽ കാസ്ട്രോയുടെ വിപ്ലവ ഭരണകൂടത്തിന്റെ കീഴിലുള്ള ഔദ്യോഗിക ക്യൂബൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ചെഗുവേരയുടെ ഇന്ത്യ സന്ദർശനം
Q

നിങ്ങള്‍ കമ്യൂണിസ്റ്റാണോ..?

A

''സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കാനാഗ്രഹിക്കുന്നില്ല, സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് ആണ് ഞാൻ''- ചെഗുവേര

അര്‍ജന്റീനയില്‍ ജനിച്ച ക്യൂബന്‍ വിപ്ലവത്തിന്റെ നായകനായി അമേരിക്കയുടെ ഉറക്കം കെടുത്തിയ ഏണസ്റ്റോ ഗുവേര ഡി ലാ സെർന എന്ന ചെഗുവേര ഓള്‍ ഇന്ത്യ റേഡിയോയിലെ അവതാരകയുമായി നടത്തിയ സംഭാഷണത്തിലെ പ്രതികരണങ്ങളില്‍ ഒന്ന്. 1959 ജൂൺ 30 നായിരുന്നു ചെഗുവേരയുടെ അധികമാർക്കും അറിയാത്ത ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചത്.

ഇന്ത്യൻ എക്സ്പ്രസിന്റെ ഹിന്ദി ദിനപത്രമായിരുന്ന ജൻസത്തയിൽ 2007ൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയും അന്നത്തെ ജനസത്തയുടെ എഡിറ്ററായിരുന്ന ഓം തൻവി എഴുതിയ 'എ റോവിങ് റിവൊല്യൂഷനറി' എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലൂടെയുമാണ് ചെ യുടെ ഇന്ത്യ സന്ദർശനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിലേക്ക് വീണ്ടുമെത്തിയത്.

ചെഗുവേരയെ കൊലപ്പെടുത്തിയിട്ട് ഇന്ന് 56 കൊല്ലം പൂര്‍ത്തിയാകുന്നു. 1967 ഒക്ടോബര്‍ 9നാണ് ബൊളീവിയന്‍ പട്ടാളം സിഐഎയുടെ സഹായത്തോടെ പിടികൂടി വിചാരണപോലും ചെയ്യാതെ ചെഗുവേരയെ വെടിവച്ചു കൊല്ലുന്നത്. ആ രക്തസാക്ഷിത്വം അഞ്ചരപതിറ്റാണ്ട് പിന്നിടുമ്പോഴും തലമുറകളെ പ്രചോദിപ്പിച്ച് ഇന്നും ചെ യുടെ വാക്കുകള്‍ നിലനില്‍ക്കുന്നു.

തീൻ മൂർത്തി ഭവനിൽ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു ചെ ഗുവേരയെ സ്വീകരിക്കുന്നു
''വെടിവെയ്ക്കൂ, നിങ്ങളൊരു സാധാരണ മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്.." ചെഗുവേരയുടെ ഓർമ്മകൾക്ക് 55 വർഷം
ചെഗുവേരെയെയും സംഘത്തെയും സ്വീകരിക്കുന്ന ഡിഎസ് ഖോസ്ല
ചെഗുവേരെയെയും സംഘത്തെയും സ്വീകരിക്കുന്ന ഡിഎസ് ഖോസ്ല

1959ൽ മാഡ്രിഡിലെ 31-ാം പിറന്നാൾ ആഘോഷങ്ങക്ക് ശേഷമാണ് ചെ ഡൽഹിയിലെത്തുന്നത്. ജൂൺ 30 ന് രാത്രി ഡൽഹിയിലെ പാലം വിമാനത്താവളത്തിയ ചെഗുവേരയെ അന്നത്തെ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് പ്രോട്ടോകോൾ ഉദ്യോഗസ്ഥന്‍ ഡിഎസ് ഖോസ്ലയും സംഘവും സ്വീകരിച്ചു. ക്യൂബൻ സൈനിക ഏകാധിപതിയായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അട്ടിമറിച്ച് രണ്ട് വർഷത്തെ ഗറില്ലാ യുദ്ധത്തിന് ശേഷം 1959 ഫെബ്രുവരിയിൽ സ്ഥാപിതമായ ഫിദൽ കാസ്ട്രോയുടെ വിപ്ലവ ഭരണകൂടത്തിന്റെ കീഴിലുള്ള ഔദ്യോഗിക ക്യൂബൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ചെഗുവേരയുടെ ഇന്ത്യ സന്ദർശനം. 'ക്യൂബയുടെ ദേശീയ നേതാവ്' എന്ന വിശേഷണത്തോടെ ആയിരുന്നു അന്ന് ഇന്ത്യന്‍ മാധ്യമങ്ങളിൽ ചെ നിറഞ്ഞുനിന്നത്.

ഉദ്യോഗസ്ഥർ ചെയ്ക്ക് തേയിലയും കാപ്പിയും സമ്മാനിക്കുന്നു
ഉദ്യോഗസ്ഥർ ചെയ്ക്ക് തേയിലയും കാപ്പിയും സമ്മാനിക്കുന്നു

ജൂലൈ രണ്ടിന് ചെ അടങ്ങിയ ക്യൂബൻ സംഘം അന്നത്തെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വികെ കൃഷ്ണ മേനോനുമായി കൂടിക്കാഴ്ച്ച നടത്തി. "പ്രതിരോധ മന്ത്രിയുമായി സംസാരിക്കവേ ധീരനായ വിമത നേതാവിന്റെ മുഖം പ്രസന്നമായി കാണപ്പെട്ടു", എന്നായിരുന്നു ഒരു ദേശീയ ദിനപത്രത്തിൽ ചെ മേനോനുമായി സംസാരിക്കുന്ന ഫോട്ടോയ്ക്ക് താഴെ നൽകിയ അടിക്കുറിപ്പ്.

ഇന്ത്യയിലെ ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്ന് ക്യൂബയിലേക്ക് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കൽക്കരി, കോട്ടൺ തുണികൾ, ചണ വസ്തുക്കൾ, എണ്ണ, ചായ, സിനിമ, പരിശീലക വിമാനങ്ങൾ എന്നി ഉൽപ്പന്നങ്ങളെപ്പറ്റിയും തിരിച്ച് ഇറക്കുമതി ചെയ്യാൻ പ്രതീക്ഷിക്കുന്നവയെ പറ്റിയും ചെ സംസാരിച്ചിരുന്നു.

കേന്ദ്ര ഭക്ഷ്യ കാർഷിക മന്ത്രി എപി ജെയ്ൻ ചെ ഗുവേരയെ സ്വീകരിക്കുന്നു
കേന്ദ്ര ഭക്ഷ്യ കാർഷിക മന്ത്രി എപി ജെയ്ൻ ചെ ഗുവേരയെ സ്വീകരിക്കുന്നു

നിരവധി രേഖകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് ചെഗുവേരയുടെ ഇന്ത്യ സന്ദർശനം ഓം തൻവി രേഖപ്പെടുത്തിയത്. ഇന്ത്യ സന്ദർശനത്തെ പറ്റി ചെഗുവേരയും പല റിപ്പോർട്ടുകളിലും പരാമർശിച്ചിട്ടുണ്ട്. ഡൽഹിയിലെ കർഷകരെയും വിദ്യാർഥികളെയും സന്ദർശിച്ചതിനെ കുറിച്ചും ഇന്ത്യയിലെ ഗ്രാമ പ്രദേശത്തെ വിദ്യാലയങ്ങളുടെ മോശം അവസ്ഥയെക്കുറിച്ചും ചെ തന്റെ റിപ്പോർട്ടിൽ പരാമര്‍ശിച്ചിരുന്നു.

ചെ ഡൽഹിയിലെ ഗ്രാമ സന്ദർശനത്തിന്നിടെ
ചെ ഡൽഹിയിലെ ഗ്രാമ സന്ദർശനത്തിന്നിടെ
പരമാധികാരിയായ ഒരു മുത്തച്ഛന്റെ സ്നേഹാദരത്തോടെയാണ് നെഹ്‌റു ഞങ്ങളെ വരവേറ്റത്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചെഗുവേരയുടെ പരാമര്‍ശങ്ങളും ഏറെ ശ്രദ്ധേയമാണ്. "ഉത്തവവാദിത്തങ്ങളുള്ള ഒരു മുത്തച്ഛന്റെ സ്നേഹാദരത്തോടെയാണ് നെഹ്‌റു ഞങ്ങളെ വരവേറ്റത്, ക്യൂബൻ ജനതയുടെ അർപ്പണബോധത്തിലും പോരാട്ടങ്ങളിലും താല്പര്യം പ്രകടിപ്പിച്ച നെഹ്‌റു, ഞങ്ങളുടെ ധീരതയെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള ലക്ഷ്യത്തോട് മമത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു", ചെ പറയുന്നു.

ഇന്ത്യ സന്ദർശന വേളയില്‍ ദുർഗ്ഗാദേവിയുടെ രൂപം കൊത്തിവെച്ച ഉടവാളിടുന്ന ഉറയായിരുന്നു നെഹ്‌റു ചെഗുവേരക്ക് സമ്മാനിച്ചത്. ജവാഹർലാൽ നെഹ്‌റുവിന് ഒരു പെട്ടി ക്യൂബന്‍ ചുരുട്ടായിരുന്നു ചെ യും സംഘവം സമ്മാനമായി നല്‍കിയത്.

ചെ ഗുവേരയെ സ്വീകരിക്കുന്ന ജവാഹർലാൽ നെഹ്‌റു
ചെ ഗുവേരയെ സ്വീകരിക്കുന്ന ജവാഹർലാൽ നെഹ്‌റു
ക്യൂബൻ സംഘം അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന് ഒരു പെട്ടി ചുരുട്ട് സമ്മാനമായി നൽകിയപ്പോൾ
ക്യൂബൻ സംഘം അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന് ഒരു പെട്ടി ചുരുട്ട് സമ്മാനമായി നൽകിയപ്പോൾ
സെൻട്രോ ഡി എസ്റ്റുഡിയോസ് ചെഗുവേരയിലുള്ള നെഹ്‌റു ചെഗുവേരക്ക് സമ്മാനിച്ച ഉടവാളിടുന്ന ഉറ
സെൻട്രോ ഡി എസ്റ്റുഡിയോസ് ചെഗുവേരയിലുള്ള നെഹ്‌റു ചെഗുവേരക്ക് സമ്മാനിച്ച ഉടവാളിടുന്ന ഉറ

ഓൾ ഇന്ത്യ റേഡിയോ അഭിമുഖം

മലയാളിയായ കെ പി ഭാനുമതി ആയിരുന്നു ഓൾ ഇന്ത്യ റേഡിയോക്ക് വേണ്ടി ചെഗുവേരയെ അഭിമുഖം നടത്തിയത്. കെ പി ഭാനുമതിയെ ഓം തൻവി കണ്ടെത്തിയതോടെയാണ് ചെ ഗുവേരയുടെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ലോകമെങ്ങും പേരുകേട്ട വിപ്ലവകാരിയുടെ വേറിട്ടൊരു ശാന്ത ഭാവം കൗതുകമുണർത്തുന്ന കാഴ്ചായിരുന്നെന്നാണ് ഭാനുമതി ചെഗുവേരയെ കുറിച്ച് പങ്കുവച്ച അനുഭവം. നിങ്ങള്‍ കമ്മ്യൂണിസ്റ്റാണോ എന്ന ഭാനുമതിയുടെ ചോദ്യത്തിന്, "ഞാൻ സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കാനാഗ്രഹിക്കുന്നില്ല, സമത്വത്തിലും സ്വാതന്ത്രത്തിലും വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് ആണ് ഞാൻ" എന്ന പ്രശസ്തമായ മറുപടിയെ കുറിച്ചും ഭാനുമതി ഓര്‍ത്തെടുത്തിരുന്നു.

ചെഗുവേര കെ പി ഭാനുമതിയുമായുള്ള അഭിമുഖത്തിൽ
ചെഗുവേര കെ പി ഭാനുമതിയുമായുള്ള അഭിമുഖത്തിൽ

ഭാനുമതിയുമായുള്ള അഭിമുഖത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര പോരാട്ടത്തിൽ മഹാത്‌മാ ഗാന്ധിയുടെ ദർശനങ്ങൾ വഹിച്ച പങ്കും മാർക്സിന്റെ സിദ്ധാന്തങ്ങൾ വിപ്ലവകാരികളിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമായിരുന്നു സംസാരിച്ചത്.

ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന ചെഗുവേരയ്ക്ക്. ഗാന്ധിയെയും നെഹ്റുവിനെയും ഒരുപോലെ ബഹുമാനിച്ചു. ഗാന്ധിയുടെ ആശയങ്ങളാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ അടിത്തറയെന്ന് വിലയിരുത്തിയ അദ്ദേഹം ലാറ്റിനമേരിക്കയിൽ ഇല്ലാത്തത് ഇത്തരം പിന്‍ബലമാണെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

രക്തസാക്ഷിത്വത്തിന്റെ 56 വർഷം

"പുലരി തേടിയുള്ള യാത്രയിൽ ഞങ്ങൾ വീണുപോയേക്കാം, പക്ഷെ കാലത്തിന്റെ ചുവരിൽ ഞങ്ങൾ രക്തം കൊണ്ട് കുറിച്ചിടും, കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല"

1967 ഒക്ടോബർ ഒൻപതാം തിയതി ബൊളീവിയയിലെ ലാ ഹിഗുവേരയിൽ സംഭവിച്ചത് ചെഗുവേരയെന്ന മനുഷ്യന്റെ മരണമായിരുന്നില്ല മറിച്ച് ലോക യുവത്വത്തിന് വിപ്ലവ വീര്യം പകർന്നു നൽകിയ 'വിപ്ലവകാരികളുടെ വിപ്ലവകാരിയായ' രക്തസാക്ഷിയുടെ ജനനമായിരുന്നു. അദ്ദേഹത്തിന്റെ ജീവനെടുത്ത വെടിയുണ്ടകളെയെയും സാമ്രാജ്യത്തെയും പരാജയപ്പെടുത്തി അനിർവചനീയമായ ഒരു വികാരമായി ചെഗുവേര ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ മനസ്സിൽ ചേക്കേറിയിട്ട് 56 വർഷം.

ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവും അടിമത്തത്തിന്റേതാണെന്ന് പഠിപ്പിച്ച അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ വേണ്ടി സ്വന്തം ജീവൻ പണയം നൽകി പോരാടിയ ധീരനായ വിപ്ലവകാരൻ, മുതലാളിത്ത സ്വേച്ഛാധിപത്യത്തിനെതിരെ മരണസമയത്തുപോലും ശബ്ദമുയർത്തിയ വീരേതിഹാസ പോരാളി; അതാണ് ഇന്ന് കമ്മൂണിസം മുറുകെ പിടിക്കുന്ന ഓരോ വിപ്ലവകാരിക്കും ഏർനെസ്റ്റോ ചെഗുവേര എന്ന മനുഷ്യൻ. ഒലിവ് ഗ്രീൻ ഗറില്ല യൂണിഫോമും ഹെവി ബൂട്സും ചുണ്ടിൽ എരിയുന്ന സിഗാറുമായി നിൽക്കുന്ന ചെഗുവേരയുടെ രൂപം അത്രതന്നെ ശക്തമാണ്.

logo
The Fourth
www.thefourthnews.in