അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...

അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...

ആർഷ സംസ്‌കാരത്തോട് ഒരുതരത്തിലും പ്രതിപത്തി കുറവുള്ളയാളല്ല അഴീക്കോട്, എന്നാൽ അതിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയഫാസിസത്തെ കടുത്ത ആക്ഷേപഹാസ്യമുപയോഗിച്ച് അദ്ദേഹം വലിച്ചുകീറി

അടുത്തകാലത്തായി കേരളത്തിൽ ഉല്പതിഷ്ണുക്കളിൽ പലരും പറയാറുണ്ട്, ഇപ്പോൾ സുകുമാർ അഴീക്കോട് ഉണ്ടാകണമായിരുന്നു എന്ന്. ഭാരതീയദർശനങ്ങളിൽ അഭിമാനംകൊണ്ടുതന്നെ, അതിനെ വക്രീകരിക്കുന്ന വൈതാളികരെ കീറിമുറിക്കുന്ന തരത്തിൽ തുറന്നുകാണിക്കുമായിരുന്നല്ലോയെന്ന ആഗ്രഹമാണ് ആ പറച്ചിലിന്റെ അടിസ്ഥാനം. വാല്മീകിയുടെ രാമനെ കവർന്നെടുത്ത് അധികാരം പിടിക്കാനും നിലനിർത്താനും ജനതയെ വിഭജിച്ച് നിതാന്ത ശത്രുക്കളാക്കാനുമായി വേഷം കെട്ടിച്ച് ദുരുപയോഗിക്കുന്നതിനെ അഴീക്കോട് എത്ര ശക്തിയോടെ പ്രഹരിക്കുമായിരുന്നുവെന്നാണ് അവർ മനസ്സിൽ കാണുന്നത്. ആർഷ സംസ്‌കാരത്തോട് ഒരുതരത്തിലും പ്രതിപത്തി കുറവുള്ളയാളല്ല അഴീക്കോട്. എന്നാൽ അതിന്റെ പേരിൽ കാവി സംസ്‌കാരം അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയഫാസിസത്തെ കടുത്ത ആക്ഷേപഹാസ്യമുപയോഗിച്ച് അദ്ദേഹം വലിച്ചുകീറി. ടി പത്മനാഭൻ പറഞ്ഞത് രാജ്യത്തെ ഏറ്റവും വലിയ വില്പനച്ചരക്കായി രാമനാമത്തെ ഉപയോഗിക്കുകയാണെന്നാണ്. രാമനെ തിരഞ്ഞെടുപ്പിനും വർഗീയധ്രുവീകരണത്തിനും ഉപയോഗിക്കുന്ന, കച്ചവടമാക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ അഴീക്കോട് പോരാട്ടം നയിക്കുമായിരുന്നുവെന്നതിൽ സംശയമില്ല.

സുകുമാർ അഴീക്കോട്
സുകുമാർ അഴീക്കോട്

സുകുമാർ അഴീക്കോടിനെപ്പറ്റി ആദ്യമായി കേൾക്കുന്നത്, അഥവാ മനസ്സിലാക്കുന്നത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്നത്തെ പാഠപുസ്തകത്തിൽ രാമായണത്തിലെ നായികാനായകന്മാർ എന്ന ഒരു പാഠമുണ്ടായിരുന്നു. എട്ടാം ക്ലാസിലെ കേരളപാഠാവലി മലയാളം പുസ്തകത്തിലെ ആദ്യത്തെ പാഠം 'രാമലക്ഷ്മണൻമാർ ചിത്രകൂടത്തിൽ' എന്നതായിരുന്നു. ഐ സി ചാക്കോയാണ് അതെഴുതിയത്. വാല്മീകിയുടെ ലോകത്തിൽ എന്ന പുസ്തകത്തിലെ ഒരുഭാഗം. വനവാസകാലത്തെ ജീവിതമാണതിലെ ഉള്ളടക്കം. ഭരതനും സംഘവും ചിത്രകൂടത്തിലേക്ക് രാമനെ കാണാൻ വരുന്നതും അതേക്കുറിച്ച് ചെറിയതോതിൽ തെറ്റിദ്ധാരണയുണ്ടാകുന്നതും അത് മാറുന്നതുമൊക്കെ വിവരിക്കുന്ന ആ പാഠത്തിൽ മറ്റൊന്നുകൂടിയുണ്ടായിരുന്നു, രാമലക്ഷമണന്മാരും സീതയും മാംസഭക്ഷണം കഴിക്കുന്നതിനെപ്പറ്റി. അതിലെന്തെങ്കിലും കുഴപ്പമുളളതായോ, സവിശേഷരീതിയിലോ അല്ല, സാധാരണ കാര്യമായാണത് സൂചിപ്പിച്ചത്.

'രാമലക്ഷ്മണൻമാർ ചിത്രകൂടത്തിൽ' എന്ന മലയാള പാഠം
'രാമലക്ഷ്മണൻമാർ ചിത്രകൂടത്തിൽ' എന്ന മലയാള പാഠം
'രാമലക്ഷ്മണൻമാർ ചിത്രകൂടത്തിൽ' എന്ന പാഠത്തിലെ രാമലക്ഷമണന്മാരും സീതയും മാംസഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം
'രാമലക്ഷ്മണൻമാർ ചിത്രകൂടത്തിൽ' എന്ന പാഠത്തിലെ രാമലക്ഷമണന്മാരും സീതയും മാംസഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം

അടുത്ത ക്ലാസിലെത്തിയപ്പോഴാണ് രാമായണത്തിലെ 'നായികാനായകന്മാർ' എന്ന പാഠം. ആ പാഠമാകട്ടെ സുകുമാർ അഴീക്കോടിന്റെ 'ആശാന്റെ സീതാകാവ്യം' എന്ന പുസ്തകത്തിലെ ഒരു ഭാഗം. രാമന്റെ കഥയെന്ന അർഥത്തിൽ മാത്രമല്ല, സീതയുടെ കഥയുമെന്ന അർഥത്തിലുമാണ് രാമായണം. ആ അർഥത്തിൽ അത് സീതായനവുമാണെന്നു പറഞ്ഞ് തുടങ്ങുന്ന ആ പാഠത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടതും മനസ്സിൽ മായാതെ പതിഞ്ഞതും നാരദനോടുളള വാല്മീകി മഹർഷിയുടെ ചോദ്യമാണ്.

കോന്വസ്മിൻ സാമ്പ്രതം ലോകേ

ഗുണവാൻ കശ്ചവീര്യവാൻ

....................................................

മഹർഷേ, ത്വം സമർഥോ... സി

ജ്ഞാതുമേവം ഗുണം നരം

അതിന് നാരദന്റെ ഉത്തരം-

മുനേ വക്ഷ്യാമ്യഹം ബുദ്ധ്വാ

തൈര്യുക്ത: ശ്രുയതാം നര:

ഇക്ഷ്വാകുവംശപ്രഭവോ

രാമോ നാമ ജനൈ: ശ്രുത

ലോകത്തിലെ ഏറ്റവും നല്ല നരനാരാണെന്നാണ് വാല്മീകിയുടെ ചോദ്യം. എത്രയെത്രയോ നന്മകളെക്കുറിച്ച് സടുത്തുചോദിച്ചുകൊണ്ടാണ് ആദികവിയുടെ ചോദ്യം. അതിന് മറുപടിയാകട്ടെ ചോദിച്ചതിന്റെ എത്രയോ മടങ്ങ് ഗുണങ്ങളുള്ള രാമനെ ചൂണ്ടിക്കാണിച്ചാണ്. പക്ഷേ അദ്ദേഹത്തിന്റെ കഥയത്രയും വിവരിക്കുമ്പോഴേക്കും രാമൻ എന്ന മനുഷ്യൻ ഗുണദോഷസമ്മിശ്രനാണെന്ന യാഥർഥ്യത്തിലേക്കാണ് വാല്മീകി ഉണരുന്നതും ഉണർത്തുന്നതും. ഏതായാലും ചിന്താവിഷ്ടയായ സീതയിൽ സവിശേഷമായ താല്പര്യമുണർത്തുന്നതിലും രാമൻ ഗുണദോഷസമ്മിശ്രനായ മനുഷ്യനാണെന്ന ബോധമുണ്ടാക്കുന്നതിനും അഴീക്കോടിന്റെ ലേഖനം പ്രേരകമായി.

പിന്നീട് ഒരു വ്യതിയാനമുണ്ടായത് 'രമണനും മലയാളകവിതയും' വായിച്ചപ്പോഴാണ്. രമണൻ ഒന്നിലേറെത്തവണ വായിച്ചശേഷമാണ് അഴീക്കോടിന്റെ 'രമണനും മലയാള കവിതയും' എന്ന ചെറിയ നിരൂപണഗ്രന്ഥം വായിക്കുന്നത്. ഖണ്ഡനവിമർശമാണ്. രമണന് അവതാരിക എഴുതിയ മുണ്ടശ്ശേരി മലയാളത്തിലും ഇങ്ങനെയൊരനുഭവമോയെന്ന് അദ്ഭുതംകൂറിയതിനെ പിടിച്ച് കശക്കിക്കൊണ്ടാണ് അഴീക്കോട് തുടങ്ങുന്നത്. അതിലെ യുക്തി ആ കൗമാരകാലത്ത് അസ്സലായി തോന്നി. രമണൻ അയുക്തി നിറഞ്ഞ കാവ്യമാണെന്നും അതിലെ കഥാപാത്രങ്ങളുടെ പെരുമാറ്റം ഭോഷ്‌കാണെന്നുമൊക്കെ നിശിതമായി ആക്രമിക്കുന്ന ആ കൊച്ചുപുസ്തകം യുക്തിഭദ്രമായി തോന്നി. എന്നുമാത്രമല്ല, 'രമണനും മലയാള കവിതയും' എന്ന പുസ്തകത്തെ മുൻനിർത്തി രമണനെ നിശിതമായി പരിഹസിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു- ബി എ ഒന്നാം വർഷ ക്ലാസിൽ ചേർന്ന് ഏതാനും ദിവസത്തിനകം ഒരു അസൈൻമെന്റിന്റെ ഭാഗമായി.

ലേഖകൻ അഴീക്കോടിനൊപ്പം
ലേഖകൻ അഴീക്കോടിനൊപ്പം
അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...
എം എൻ സത്യാർത്ഥി- സാഹസിക വിപ്ലവകാരിയായ വിവർത്തകൻ

എന്നാൽ സാഹിത്യം ഗൗരവത്തിൽ പഠിക്കാൻ തുടങ്ങിയതോടെ ആ വർഷംതന്നെ അഴീക്കോടിന്റെ രമണൻ വിമർശനം ശരിയല്ലെന്ന് ബോധ്യപ്പെട്ടു. ഖണ്ഡനത്തിനുവേണ്ടി അതിൽ ഉപയോഗിക്കുന്ന യുക്തികൾ ശരിയല്ലെന്ന് മനസ്സിലായി. കൂടുതൽ വായിക്കുന്തോറും രമണന്റെ ഉദാത്തത വ്യക്തമായി. സീതാകാവ്യവും സീതാകാവ്യത്തെക്കുറിച്ചുള്ള അനവധി നിരൂപണങ്ങളും വായിച്ചപ്പോഴും അഴീക്കോടിന്റെ 'ആശാന്റെ സീതാകാവ്യം' എന്ന നിരൂപണത്തിന് പരിമിതികളുമേറെയുണ്ടെന്ന് ബോധ്യമായി. എന്നാൽ സീതാകാവ്യത്തിലേക്ക് മനസ്സിനെ ഹഠാദാകർഷിച്ചുറപ്പിച്ചുനിർത്തുന്നതിൽ ആ പുസ്തകം, അതിലെ മേൽപ്പറഞ്ഞ പാഠം വലിയ പങ്കുവഹിച്ചുവെന്നതിൽ സംശയമില്ല. നിരൂപണത്തിൽ അഴീക്കോടിന്റെ സ്‌കൂളിന്റെ പിന്നാലെയല്ല പോയതെങ്കിലും സാമൂഹ്യനിരൂപകനെന്നനിലയിൽ അഴീക്കോടിനെ പിൽക്കാലത്ത് ഏറെ പിന്തുടർന്നു.

1982-ൽ കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ യുവജനോത്സവം നടക്കുമ്പോൾ അഴീക്കോട് ചർച്ചാവിഷയമായി. യുവജനോത്സവം ഉദ്ഘാടനംചെയ്തത് മുഖ്യമന്ത്രി കെ കരുണാകരനാണ്. മുഖ്യപ്രസംഗം അഴീക്കോടും. അദ്ദേഹം കാലിക്കറ്റ് സർവകലാശാലാ പ്രോ-വൈസ് ചാൻസലറാണന്ന്. 1980-ലെ ഇ കെ നായനാർ മന്ത്രിസഭ രാജിവെച്ചശേഷം എ ഗ്രൂപ്പിന്റെ കൂടി പിന്തുണയിൽ കരുണാകരൻ കാസ്റ്റിങ്ങ് മുഖ്യമന്ത്രിയായ കാലമാണ്. സ്പീക്കറുടെ വോട്ട് കൂടിയുണ്ടെങ്കിലേ ഭൂരിപക്ഷമുള്ളുവെന്നതാണ് കാസ്റ്റിങ്ങ് ഭരണത്തിന്റെ പ്രത്യേകത. സ്പീക്കർ കാസ്റ്റിങ്ങ് വോട്ടുചെയ്തില്ലെങ്കിൽ ഭരണം വീഴും. കാസ്റ്റിങ്ങ് ഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഞങ്ങൾ എസ് എഫ് ഐക്കാരും ഡി വൈ എഫ് ഐക്കാരും കരിങ്കൊടി കാണിച്ചും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. പോലീസ് ക്രൂരമായി മർദിച്ചുകൊണ്ടാണതിനെ നേരിട്ടത്. കരുണാകരൻ പ്രസംഗിച്ചുകഴിഞ്ഞ ഉടൻ സുകുമാർ അഴീക്കോടിന്റെ പ്രസംഗമായി. യാഗം കലക്കാൻ വന്ന അസുരന്മാരെന്ന് പ്രാകുന്നതിന് സമാനമായ പ്രസംഗമാണ് അദ്ദേഹം നടത്തിയത്. പോലീസിന്റെ കടുത്ത മർദനം, അതിന് പിന്തുണ നൽകുന്ന നിലയിൽ അഴീക്കോടിന്റെ പ്രസംഗം.

ഓരോ കാലത്തും ശത്രുസ്ഥാനത്ത് ഓരോ ആളുണ്ടായിരുന്നു അഴീക്കോടിന്. ആദ്യം മുണ്ടശ്ശേരി, പിന്നെ ജി ശങ്കരക്കുറുപ്പ്....കെ കരുണാകരൻ, അങ്ങനെയങ്ങനെ ടി പത്മനാഭൻ മുതൽ എം പി വീരേന്ദ്രകുമാർ വരെ

അടുത്തദിവസം മുതൽ അഴീക്കോടിനെതിരെ രൂക്ഷമായ വിമർശമാണുയർന്നുവന്നത്. കരുണാകരനെ സുഖിപ്പിക്കാനാണ് അഴീക്കോട് യാഗം കലക്കാൻ വന്ന അസുരന്മാരെന്ന് പ്രസംഗിച്ചത്, അതിന് പിന്നിൽ വൈസ് ചാൻസലർ കസേരയിലേക്കൊരു നോട്ടമുണ്ടെന്ന പ്രചരണമുണ്ടായി. പ്രൊഫ.എൻ സുഗതൻ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ അതിശക്തമായ ഒരു മുഴുപ്പേജ് ലേഖനമെഴുതി. ഏതാനും മാസത്തിനുശേഷം അഴീക്കോട് കെ കരുണാകരന്റെ മുഖ്യശത്രുവായി മാറി. പ്രസംഗങ്ങളിൽ അവസരമുണ്ടാക്കി കരുണാകരനെ ഒന്നുതോണ്ടുന്ന സ്ഥിതിവരെയുണ്ടായി. അതു വളർന്നുവളർന്ന് ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി പി എമ്മിന്റെ ഏറ്റവും വേണ്ടപ്പെട്ടയാളായി മാറുന്നിടത്തോളമെത്തി.

ഏതായാലും എക്കാലത്തും അഴീക്കോട് നിറഞ്ഞുതന്നെ നിന്നു. 1983-ലോ 85-ലോ എന്ന് വ്യക്തമായി ഓർമയില്ല. അഴീക്കോടിനെ ഒരു പരിപാടിക്ക് ബ്രണ്ണൻ കോളേജിൽ ക്ഷണിച്ചിട്ടുണ്ടായിരുന്നു. കോളേജ് യൂണിയനാണെന്ന് തോന്നുന്നു. കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗത്തിൽ എം എ റഹ്‌മാന് എംഫിൽ സീറ്റ് നിഷേധിച്ചതായി ആരോപണമുയർന്ന കാലമാണ്. എംഎയ്ക്ക് രണ്ടാം റാങ്ക് നേടിയ റഹ്‌മാന് സീറ്റ് നിഷേധിച്ചത് മലയാളവിഭാഗം തലവനായ അഴീക്കോടാണ്. അതിനെതിരെ പ്രക്ഷോഭം നടക്കുന്ന സമയത്ത് അദ്ദേഹത്തെ കോളേജിൽ ക്ഷണിച്ചത് ശരിയല്ലെന്ന് വിമർശനമുണ്ടായി. അദ്ദേഹം കോളേജിൽവന്നാൽ കരിങ്കൊടി കാണിക്കുമെന്ന് ഒരുവിഭാഗം വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. അധ്യാപകരിലും വലിയൊരു ഭാഗം എതിർപ്പിലായിരുന്നു. ഒടുവിൽ അദ്ദേഹം വരരുതെന്ന് കത്ത് കൊടുക്കാൻ തീരുമാനിച്ചു. കത്ത് കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗത്തിൽ എച്ച് ഒ ഡിയുടെ മുറിക്കുമുമ്പിൽ ഞാൻ പാത്തുംപതുങ്ങിയും നിന്നു. കത്ത് കൊടുത്ത് ഓടാൻ. പുറത്ത് കുറേ ക്രൈസ്തവപുരോഹിതരും നിൽക്കുന്നുണ്ട്. മദർ തെരേസയുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് സ്വീകരണസമ്മേളനത്തിലേക്ക് ക്ഷണിക്കാനെത്തിയതാണവർ. അവർ മുറിയിലേക്ക് കയറുന്നതിനൊപ്പം ഒരുവിധത്തിൽ ആ മുറിയിൽ കയറി കവർ അഴീക്കോടിന്റെ കയ്യിൽ കൊടുക്കുകയായിരുന്നു. പുരോഹിതരെ കണ്ട തിരക്കിൽ അത് പൊട്ടിച്ചുവായിക്കാൻ നിൽക്കാതെ അദ്ദേഹം അത് മേശപ്പുറത്തുവെക്കുന്നത് കണ്ടതും ഈയുള്ളവൻ നിഷ്‌ക്രമിച്ചു.

1984 ഒക്ടോബർ 30-ന് കോഴിക്കോട്ട് ക്ലാസിക് ബുക് ട്രസ്റ്റിന്റെ ഉദ്ഘാടനത്തിലും തത്വമസിയുടെ പ്രകാശനത്തിലും യാദൃച്ഛികമായി പങ്കെടുക്കാൻ അവസരം ലഭിക്കുകയുണ്ടായി. അഴീക്കോടും എം ടിയുമെല്ലാം ചേർന്നുളള ഏർപ്പാടായിരുന്നു ക്ലാസിക് ബുക് ട്രസ്റ്റ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ഒരാവശ്യത്തിനായി പോകുന്നവഴിക്ക് ഈ പരിപാടിയുണ്ടെന്നറിഞ്ഞ് ഇറങ്ങിയതാണ് ഞങ്ങൾ. മാങ്ങാട് രത്‌നാകരനും ബച്ചുവെന്ന പി വി വത്സരാജും മറ്റ് രണ്ടുപേരും കൂടിയുണ്ട്. വൈകിയതിനാൽ അഴീക്കോടിന്റെ പ്രസംഗം കേൾക്കാതെയാണ് മടങ്ങിയത്. തത്ത്വമസിയെ പ്രശംസിച്ചുകൊണ്ട് ഉപനിഷത്തുകളെക്കുറിച്ച് എം പി വീരേന്ദ്രകുമാർ നടത്തിയ പ്രസംഗമായിരുന്നു അന്ന് ശ്രദ്ധേയം.

വി എസ് അച്യുതാനന്ദനുമായി വളരെയടുത്ത ബന്ധമാണ് അഴീക്കോടിനുണ്ടായിരുന്നത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർഥിയാവാനിടയില്ലെന്ന സാഹചര്യംവന്നപ്പോൾ കേരളകൗമുദിയിൽ അഴീക്കോട് ലേഖനമെഴുതിയത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു

അഴീക്കോടിന്റെ സമ്പൂർണ പ്രസംഗം കേൾക്കാൻ പിന്നെയും അവസരം കാത്തുനിന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികസമ്മേളനം. ഉപനിഷത്തിന്റെ സന്ദേശം എന്നതാണ് വിഷയം. മാങ്ങാട് രത്‌നാകരനും ഞാനുംകൂടി ഓട്ടോയ്ക്ക് കാശൊക്കെ സംഘടിപ്പിച്ച് അവിടെയെത്തി. സന്ധ്യാനേരം വൻജനാവലി കൂടിയിട്ടുണ്ട്. പക്ഷേ മൈതാനത്തിന്റെ മുൻവശത്ത് കുട്ടികളാണധികം. പ്രസംഗം തുടങ്ങിയതും കുട്ടികൾ ബഹളം തുടങ്ങി. ചരലുവാരിയെറിയലുമൊക്കെ...

ക്രമസമാധാനത്തെപ്പറ്റി മുഖ്യമന്ത്രി കെ കരുണാകൻ പറഞ്ഞ എന്തോ കാര്യത്തിൽ പിടിച്ചുകയറുകയായിരുന്നു ആദ്യം അഴീക്കോട്. മഹായുദ്ധഭൂമിയിൽ 18 അക്ഷൗഹിണികൾ നിരന്ന് നിൽക്കെയാണ് കൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയത്. പിന്നെയാണോ നിങ്ങളുടെ കോട്ടികളി എന്ന് ക്ഷോഭത്തോടെ പറഞ്ഞതും കുട്ടികളടക്കം നിശ്ശബ്ദരായി. അന്തരീക്ഷം തികഞ്ഞ മൗനത്തിലായതോടെ അഴീക്കോട് കത്തിക്കയറി. ഞാനീ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ വേദിയിലേക്ക് തുരുതുരാ കല്ലുകൾ ചീറിവന്നിട്ടും ഒന്നുപോലും എന്റെ ശരീരത്തിൽ കൊണ്ടില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. എനിക്ക് പതുങ്ങിനിൽക്കാൻ മൈക്കിന്റെ സ്റ്റാൻഡ് മതിയായിരുന്നു. തന്റെ മെലിഞ്ഞ ശരീരത്തെ സൂചിപ്പിച്ച് പറഞ്ഞതോടെ സദസ്സ് ഒന്നുകൂടി അദ്ദേഹത്തിനൊപ്പം ഒട്ടിനിന്നു.

അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...
കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്

ദേശാഭിമാനിയിൽ കണ്ണൂർ ബ്യൂറോയിൽ ലേഖകനായെത്തി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോഴാണറിഞ്ഞത് പൂതപ്പാറയിലെ വീട്ടിലുണ്ട് അഴീക്കോടെന്ന്. ആഗോളവൽക്കരണം തുടങ്ങുന്ന കാലമാണ്, 1991. നരസിംഹറാവുനിന്റെ നയങ്ങൾക്കെതിരെ ഒരു അഭിമുഖം കിട്ടിയാൽ ആഗോളവൽക്കരണവിരുദ്ധസമരത്തിന് (അപ്പോൾ പലവിധേനയുള്ള സമരങ്ങൾക്ക് തുടക്കമായിരുന്നു) സഹായാകമാകും. അതിരാവിലെ പൂതപ്പാറയിലെ വീട്ടിലെത്തി. അഴീക്കോട് സാറിന്റെ സഹോദരിമാരും സഹോദരീപുത്രൻ മനോജുമാണവിടെ താമസം. മനോജ് പരിചയക്കാരൻ. അഴീക്കോട് പുറത്തുവന്നു. അരമണിക്കൂറോളം സംസാരിച്ചു. ചോദ്യം, ഉത്തരം എന്ന നിലയ്ക്കല്ല, പരസ്പര സംഭാഷണം. പറഞ്ഞത് ഞാൻ അഭിമുഖ രൂപത്തിൽ കൊടുക്കുമെന്ന് പറഞ്ഞു. ഓ ആവട്ടെ എന്ന് മറുപടി. 16 ഭാഷയറിയാമെന്നതാണല്ലോ നരസിംഹറാവുവിന്റെ മെച്ചമായി പറയുന്നത്. എന്തിനാ 16 ഭാഷയിൽ തെണ്ടാനോ എന്ന അർഥത്തിൽ പറഞ്ഞ വാചകംവെച്ചാണ് അഭിമുഖം തുടങ്ങിയത്. സമരത്തിന്റെ പ്രചാരണമായതിനാൽ ഒന്നാം പേജിൽത്തന്നെ വന്നു.

1989-ൽ തിരുവന്തപുരത്ത് നടന്ന സി പി എം. പാർട്ടി കോൺഗ്രസിന്റെ സാംസ്‌കാരിക സമ്മേളനം അഴീക്കോടാണ് ഉദ്ഘാടനം ചെയ്തത്. പുൂതപ്പാറയിലെ വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ ആ സമ്മേളനത്തിലെ ജനപ്രവാഹത്തെക്കുറിച്ച് പലതവണ അഴീക്കോട് സംസാരിച്ചു. അയ്യായിരമോ പതിനായിരമോ ഒന്നുമല്ല കേട്ടോ അതിലധികമാളുകളാണ് കേൾക്കാനെത്തിയത്... അത് അദ്ദേഹത്തിന് വലിയ ആവേശംപകർന്നുവെന്ന് മനസ്സിലായി. പ്രസംഗിക്കുക, അത് കേൾക്കാൻ വൻ ജനക്കൂട്ടമുണ്ടാവുക, അത് നല്ല നിലയിൽ റിപ്പോർട്ട് ചെയ്യപ്പെടുക- അതിൽ വലിയ ഇഷ്ടമായിരുന്നു, ലഹരിതന്നെയായിരുന്നു അദ്ദേഹത്തിന്.

ഏതാനും വർഷത്തിനുശേഷം കൂത്തുപറമ്പിനടുത്ത് പാട്യം കൊട്ടയോടിയിൽ പാട്യം ഗോപാലൻ സ്മാരക അവാഡ് സമ്മാനിക്കുന്ന ചടങ്ങ്. അവാർഡ് എനിക്കാണ്. സമ്മാനിക്കുന്നത് അഴീക്കോട്. അവാർഡ് തന്നശേഷം അഴീക്കോട് പറഞ്ഞു- പുരസ്‌കാരം വാങ്ങിയ ഇയാൾ നേരത്തെ എന്നെയൊന്ന് പറ്റിച്ചിട്ടുണ്ട്. ഞാൻ ഭയന്നു. ബ്രണ്ണൻ കോളേജിൽ പരിപാടിക്ക് വരേണ്ടതില്ലന്ന് കത്തുകൊടുത്തത് ഞാനാണെന്ന് തിരിച്ചറിഞ്ഞോ... ഇല്ല. ഇയാൾ ഈ കുട്ടി എന്റെ വീട്ടിൽവന്ന് കുറെ സംസാരിച്ചു. ഞാനും കുറേ പറഞ്ഞു. അതൊരു അഭിമുഖമായി പിറ്റേന്ന് പത്രത്തിൽവന്നു. ഒന്നും എഴുതിയെടുക്കാത്തതിനാൽ എനിക്ക് സംശയമുണ്ടായിരുന്നു. ഞാൻ പറയാത്ത ചിലതും അതിലുണ്ടായിരുന്നു. പറയാത്ത ആ ചിലതുകൂടിയുണ്ടെങ്കിലേ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് പൂർണതയുണ്ടാവുകയുള്ളുതാനും...ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെങ്കിലും അഭിനന്ദനമാണ് ലഭിച്ചത്. തന്റെ പ്രസംഗം റിപ്പോർട്ടിൽ ചുരുക്കുമ്പോൾ പ്രധാന പോയന്റുകളും പ്രയോഗങ്ങളും വിട്ടുപോകാതെ നോക്കുന്നുവെന്നതിനും അഭിനന്ദനമുണ്ടായി.

സ്വന്തം കൂട്ടിൽ വിസർജിക്കുന്ന ജന്തുവെന്നാണ് അഴീക്കോട് വി എസിനെ വിശേഷിപ്പിച്ചത്. അടുത്തദിവസം വി എസ് അതിന് തക്കതായ മറുപടി ചാനലുകളിലൂടെതന്നെ നൽകി

ഇങ്ങനെയൊരു വിശ്വാസമുണ്ടായത് രാഷ്ട്രീയമായി ഉപയോഗപ്പെട്ട ഒരു പ്രധാന സന്ദർഭം മാത്രം ഇവിടെ പറയാം. തൊണ്ണൂറുകളുടെ അവസാനമാണ്. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ വലിയൊരു പ്രശ്നമുണ്ടായി. സംസ്ഥാനവ്യാപകമായിത്തന്നെ സർക്കാരിനെ ബാധിക്കുന്ന ഒരു പ്രശ്‌നമായി അത് വളർന്നു. കോളേജിലെ ഒരു പ്രീഡിഗ്രി വിദ്യാർഥി ഉപദ്രവിക്കപ്പെട്ടതാണ് പ്രശ്‌നം. അതുമായി ബന്ധപ്പെട്ട് കുട്ടിയും കുട്ടിയുടെ കുടുംബവും നൽകിയ പരാതിയെത്തുടർന്ന് എസ് എഫ് ഐ സമരം നടത്തി. പുറമെനിന്നെത്തിയ എസ് എഫ് നേതാവ് ബെല്ലടിക്കാൻ ശ്രമിച്ചപ്പോൾ പുരോഹിതനായ പ്രിൻസിപ്പൽ ബെൽ പിടിച്ചു. പിടിവലിക്കിടയിൽ പ്രിൻസിപ്പൽ ഫാ. ജിയോ പുളിക്കൽ താഴെ വീണു. അദ്ദേഹം ആശുപത്രിയിലായി. ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ കോളേജുകളെല്ലാം സ്തംഭിക്കുന്ന നിലവന്നു. കന്യാസ്ത്രീകൾ തെരുവിലിറങ്ങി സമരത്തിൽ. കോളേജിനെതിരായി കുറേ ആരോപണങ്ങളുയർന്നു, തിരിച്ചും. പ്രശ്‌നം അതിരൂക്ഷമായി. കൂടുതൽ രൂക്ഷമാക്കുന്ന തരത്തിൽ അഴീക്കോടിന്റെ ഒരു പ്രസംഗം കൊല്ലത്തുനിന്നോ മറ്റോ റിപ്പോർട്ട് ചെയ്യപ്പെട്ടു. പഴയ യാഗം കലക്കുന്ന അസുരന്മാർ മട്ടിൽത്തന്നെ.

ദേശാഭിമാനിയുടെ കണ്ണൂർ ബ്യൂറോ ചീഫ് എന്ന നിലയിൽ, ആ സമരവാർത്തകൾ കൈകാര്യം ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ മാഷെ വിളിച്ചു,''മാഷേ വലിയൊരടിയായിപ്പോയി, മാഷുടെ പ്രസംഗം. ദീപികയും മനോരമയും വല്ലാതെ അതുപയോഗിക്കുകയാണ്. വാസ്തവം അതല്ല,'' കാര്യങ്ങൾ വിശദീകരിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് ഒരു പ്രസ്താവന മാഷുടെ വക വേണമെന്നും പറഞ്ഞു. ''ഓ അങ്ങനെയോ... എന്നാൽ ആവട്ടെ. താനൊരു പ്രസ്താവന തയ്യാറാക്ക്. കുട്ടികളുടെ ഭാഗവും കേൾക്കണമെന്നും ചേർത്ത് വിദ്യാർഥികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന തരത്തിൽ വിട്ടുവീഴ്ച ഇരുഭാഗത്തും വേണമെന്നാവശ്യപ്പെടുന്ന പ്രസ്താവന...'' അത് വായിച്ചുകേൾപ്പിക്കാനായി വിളിച്ചപ്പോൾ, ഇയാളത് എല്ലാ പത്രത്തിനും കൊടുക്ക്, ഞാനത് നാളെ വായിച്ചോളാം.. എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. ഇരുഭാഗത്തിന്റെയും വിട്ടുവീഴ്ചയ്ക്കും സമാധാന ചർച്ചയ്ക്കും വഴിയൊരുക്കുന്നതിൽ ആ പ്രസ്താവന സഹായകമായി. നിയമവകുപ്പ് സെക്രട്ടറി സി ഖാലിദിനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചുകൊണ്ട് പ്രശ്‌നം തൽക്കാലം പരിഹരിച്ചു. അന്ന് എം എൽ എയും കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ പൂർവവിദ്യാർഥിയുമായി എം വി ജയരാജനാണ് ഒത്തുതീർപ്പിന് മുൻകയ്യെടുത്തത്, പാർട്ടി നിർദേപ്രകാരം.

അടുപ്പക്കാർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയണം. ക്രുദ്ധനായാൽ ആർക്കും തടുക്കാൻപറ്റാത്ത അവസ്ഥയിലാകുമെന്നതാണ് സ്ഥിതി. ഓരോ കാലത്തും ശത്രുസ്ഥാനത്ത് ഓരോ ആളുണ്ടായിരുന്നു അഴീക്കോടിന്. ആദ്യം മുണ്ടശ്ശേരി, പിന്നെ ജി ശങ്കരക്കുറുപ്പ്....കെ കരുണാകരൻ, അങ്ങനെയങ്ങനെ ടി പത്മനാഭൻ മുതൽ എം പി വീരേന്ദ്രകുമാർവരെ. വീരേന്ദ്രകുമാറുമായി തെറ്റിയപ്പോഴാണ് തനിക്ക് സ്വന്തമായി ഒരു സർക്കുലേഷനുണ്ടെന്ന പ്രസ്താവന നടത്തിയത്. വിരോധം കുറേക്കാലത്തിനുശേഷം ശമിക്കുകയും യോജിപ്പുകളുണ്ടാവുകയും ചെയ്യുന്നതും സ്വാഭാവികം. സാഹിത്യാഭിപ്രായങ്ങളിലും അതുതന്നെ സംഭവിക്കുന്നു. 'രമണനും മലയാളകവിതയും' എന്ന തന്റെ ആദ്യ പുസ്തകത്തിൽ ചങ്ങമ്പുഴയെ ഖണ്ഡിച്ചത് ശരിയായിരുന്നില്ലെന്ന തോന്നൽ പിൽക്കാലത്തുണ്ടായി. മലയളസാഹിത്യത്തിൽ ചങ്ങമ്പുഴയ്ക്കുള്ള ഔന്നത്യം ആർക്കും മറയ്ക്കാനാവില്ലെന്ന യഥാർഥ്യം അദ്ദേഹം പിൽക്കാലത്ത് സമ്മതിച്ചു.

വി എസ് അച്യുതാനന്ദനുമായി വളരെയടുത്ത ബന്ധമാണ് അഴീക്കോടിനുണ്ടായിരുന്നത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർഥിയാവാനിടയില്ലെന്ന സാഹചര്യംവന്നപ്പോൾ കേരളകൗമുദിയിൽ അഴീക്കോട് ലേഖനമെഴുതിയത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു. വി എസിന്റെ സ്ഥാനാർഥിത്വകാര്യത്തിൽ കേന്ദ്രനേതൃത്വം പുനഃപരിശോധന നടത്തി വീണ്ടും പരിഗണിക്കാനിടയാക്കിയതിൽ അഴീക്കോടിന്റെ ലേഖനവും ഒരു നിമിത്തമായി

മലയാളസാഹിത്യവിമർശത്തെക്കുറിച്ചുള്ള തന്റെ ഗവേഷണപ്രബന്ധത്തിൽ കേസരി എ ബാലകൃഷ്ണപിള്ളയെ വളരെ അപ്രധാനിയായി കാണിക്കുന്ന സമീപനമാണുണ്ടായത്. എന്നാൽ പിൽക്കാലത്ത് കേസരിയുടെ മഹത്വത്തെ ഉദ്‌ഘോഷിക്കാൻ അദ്ദേഹം തയ്യാറായി. കേസരിയുടെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി ഈ ലേഖകൻകൂടി മുൻകയ്യെടുത്ത് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. തിരുവനന്തപുരത്ത് കേസരിസ്മാരകത്തിൽ കേസരിയുടെ അർധകായ പ്രതിമ സ്ഥാപിച്ചു. ഒരു സ്മാരകഗ്രന്ഥം പ്രസിദ്ധപ്പെടുത്തി 'കേസരി എ ബാലകൃഷ്ണപിളള- കർമവീര്യത്തിന്റെ സൂര്യശോഭ' എന്ന പേരിൽ. അതിൽ ഡോ.അഴീക്കോട് ഒരു ലേഖനം തയ്യാറാക്കിത്തന്നു, 'പുതിയ ഇന്ധനം കൊണ്ടുവന്നയാൾ' എന്ന തലക്കെട്ടിൽ. ''കേസരി ബാലകൃഷണപിള്ളയെ വെറും സാഹിത്യവിമർശകനായി കാണുന്നതാണ് നമുക്ക് പറ്റിയ തെറ്റ്. അദ്ദേഹം സാഹിത്യവിമർശകനല്ല, സാഹിത്യദാർശനികനാണ്... ബാലകൃഷ്ണപിള്ളയെ എതിർത്തവർക്കുപോലും അദ്ദേഹത്തിന്റെ സ്വാധീനതയുടെ ആകർഷണപരിധിയിൽനിന്ന് വിട്ടുനിൽക്കാനായില്ല. ഇത് ഞാൻ സമർഥിക്കുമ്പോൾ ഞാൻ സത്യം പറയുന്നു...ആ അനുഭവം എന്റേതുകൂടിയാണെന്ന് നിങ്ങളെ ഓർമിപ്പിക്കട്ട!'' എന്ന് പറഞ്ഞുകൊണ്ടാണ് അഴീക്കോട് ലേഖനം അവസാനിപ്പിച്ചത്.

അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...
വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

വി എസ് അച്യുതാനന്ദനുമായി വളരെയടുത്ത ബന്ധമാണ് അഴീക്കോടിനുണ്ടായിരുന്നത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി എസ് സ്ഥാനാർഥിയാവാനിടയില്ലെന്ന സാഹചര്യംവന്നപ്പോൾ കേരളകൗമുദിയിൽ അഴീക്കോട് ലേഖനമെഴുതിയത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു. വി എസിന്റെ സ്ഥാനാർഥിത്വകാര്യത്തിൽ കേന്ദ്രനേതൃത്വം പുനഃപരിശോധന നടത്തി വീണ്ടും പരിഗണിക്കാനിടയാക്കിയതിൽ അഴീക്കോടിന്റെ ലേഖനവും ഒരു നിമിത്തമായി, അഥവാ അതിന്റെ അലകൾ- പൊതുജനാഭിപ്രായമാണതെന്ന അല- അവഗണിക്കാനായില്ല എന്നും അക്കാലത്ത് വലിയ ചർച്ചയായതാണ്. അഴീക്കോട് മാഷ് തൃശൂരിൽ വീടുവെച്ച് സ്ഥിരതാമസമാക്കിയപ്പോൾ ഗൃഹപ്രവേശത്തിന് വി എസ് കാലേക്കൂട്ടിത്തന്നെ പോവുകയുണ്ടായി. ഞങ്ങളെല്ലാം വി എസിനൊപ്പമുണ്ടായിരുന്നു- 2007 ഏപ്രിലിലോ മേയിലോ ആയിരുന്നു അതെന്നാണോർമ.

വി എസ് അച്യുതാനന്ദന്‍
വി എസ് അച്യുതാനന്ദന്‍

എന്നാൽ രണ്ടുവർഷത്തിനുശേഷം വി എസും അഴീക്കോടും വല്ലാതെ ഇടഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വലിയ തിരിച്ചടി നേരിട്ടു. സി പി എമ്മിലെ ഗ്രൂപ്പിസം, പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം, സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ തിരിച്ചടിക്ക് കാരണമായിരുന്നു. ഫലം വന്നദിവസം മുഖ്യമന്ത്രിയുടെ അഭിപ്രായമെടുക്കാൻ മാധ്യമപ്രവർത്തകർ ക്ലിഫ് ഹൗസിലെത്തി. അവിടുത്തെ അക്വേറിയത്തിന് മുന്നിലിരുന്നാണ് വി എസ് ലേഖകരെ അഭിമുഖീകരിച്ചത്. സംസാരത്തിനിടയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ ജീമോൻ ജേക്കബ്ബ് സ്വതസിദ്ധമായ രീതിയിൽ എന്തോ തമാശ കാച്ചിയപ്പോൾ വി എസ് പൊട്ടിച്ചിരിച്ചു. ആ ചിരി സ്വന്തം പാർട്ടിക്കേറ്റ തിരിച്ചടിയിലുള്ള സന്തോഷംകൊണ്ടാണെന്ന് ചിലർ പ്രചരിപ്പിച്ചു. അത് കാട്ടുതീപോലെ പടർന്നു. ചാനലുകൾ അതേറ്റുപിടിച്ചു. അതിനെപ്പറ്റി അഴീക്കോടിനോട് ചാനലുകൾ അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം വി എസിനെതിരെ പൊട്ടിത്തെറിച്ചു. 'സ്വന്തം കൂട്ടിൽ വിസർജിക്കുന്ന ജന്തു'വെന്നാണ് അഴീക്കോട് വി എസിനെ വിശേഷിപ്പിച്ചത്. അടുത്തദിവസം വി എസ് അതിന് തക്കതായ മറുപടി ചാനലുകളിലൂടെതന്നെ നൽകി. അന്നത്തെ പ്രത്യേകസാഹചര്യത്തിൽ അഴീക്കോടിനെതിരെ വലിയ തോതിൽ പോസ്റ്ററുകളും മറ്റു പ്രചരണങ്ങളുമുണ്ടായി. ഏറെ നാൾക്കുശേഷം മാത്രമാണ് ആ അസ്വാരസ്യം മാറിയത്..

ഇങ്ങനെ അവസാനിപ്പിക്കുന്നതിന് പകരം അഴീക്കോട് മാഷുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ ഒരനുഭവം പറഞ്ഞുകൊണ്ട് ഇതവസാനിപ്പിക്കാം. മുമ്പും ഈ അനുഭവങ്ങളിൽ ചിലത് പങ്കുവെച്ചതാണ്. തൊണ്ണൂറുകളുടെ ആദ്യമോ എൺപതുകളുടെ അവസാനമോ ആവാം... കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്റെ സംസ്ഥാനസമ്മേളനം തലശ്ശേരി ചിറക്കര ഹൈസ്‌കൂളിൽ നടക്കുന്നു. പൊതുസമ്മേളനം ഉദ്ഘാടനം അഴീക്കോടാണ്. പ്രസംഗിക്കുന്നവരിൽ എം എൻ വിജയൻ മാഷ് അടക്കമുളളവരുണ്ട്. അഴീക്കോടിനെ സ്വീകരിക്കാനായി ഗേറ്റിനടുത്താണ് വിജയൻ മാഷ് അടക്കമുള്ളവരുള്ളത്.

നിശ്ചിതസമയം കഴിഞ്ഞ് ഒരുമണിക്കൂറോളമായിക്കാണും. സ്‌റ്റേജിൽനിന്ന് അനൗൺസ്‌മെന്റ്,''സമ്മേളനം തുടങ്ങാൻ പോവുകയാണ്. അതിഥികൾ വേദിയിലേക്ക് വരണം. ഉദ്ഘാടകനായ അഴീക്കോട് സാർ കടുത്ത പനി കാരണം വിശ്രമത്തിലാണ്, പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്.'' അപ്പോഴതാ ഞെട്ടിക്കുന്ന സംഭവം, അഴീക്കോട് ഒരു കാറിൽവന്നിറങ്ങുന്നു. അനൗൺസ്‌മെന്റ് അദ്ദേഹവും കേൾക്കുന്നു. ആ മുഖത്ത് ക്രോധം ഇരച്ചുകയറുന്നത് കാണാമായിരുന്നു.

വേഗം എം എൻ വിജയൻമാഷ് പോയി കൈപിടിച്ചു,''സാരമില്ല, പോട്ടെ സുകുമാരാ...''കൂടിനിൽക്കുന്ന പരിചയക്കാരാകെ വളഞ്ഞ് മാപ്പപേക്ഷിക്കുന്ന വിധത്തിൽ നിന്നു. അങ്ങനെ അദ്ദേഹം സ്റ്റേജിലേക്ക് നടന്നു. ഭാരവാഹികളിൽ ചിലർ മുങ്ങി.

മൊബൈൽ ഫോണൊന്നുമില്ലാത്ത കാലമാണല്ലോ. അഴീക്കോട് സാറിനെ കൂട്ടാൻ കോഴിക്കോട്ടേക്ക് രണ്ടുപേർ പോയിരുന്നു. നിശ്ചിതസമയം പിന്നിട്ടിട്ടും അവരിൽനിന്ന് ഒരുവിവരവും കിട്ടാഞ്ഞപ്പോൾ ഭാരവാഹികൾക്ക് തോന്നിയ ഉപായമാണ് പനി കാരണം വരില്ലെന്നറിയിച്ചുവെന്നത്. വരുമെന്നറിയിച്ച സമയത്ത് ആരുമെത്താഞ്ഞതിനാൽ സ്വന്തം കാറിൽ പുറപ്പെട്ടതാണ് മാഷ്.

logo
The Fourth
www.thefourthnews.in