ബാദല്‍ നഞ്ചുണ്ടസ്വാമി നഗരത്തില്‍ തീര്‍ത്ത ഇന്‍സ്റ്റലേഷനൊപ്പം
ബാദല്‍ നഞ്ചുണ്ടസ്വാമി നഗരത്തില്‍ തീര്‍ത്ത ഇന്‍സ്റ്റലേഷനൊപ്പം

പ്രതിഷേധം ത്രിമാന ചിത്രങ്ങളിലൂടെ; നഗരം ക്യാന്‍വാസാക്കിയ ബാദല്‍ നഞ്ചുണ്ടസ്വാമി

കലയെ എങ്ങനെ ജനോപകാരപ്രദമാക്കാം എന്ന് തെളിയിച്ചയാളാണ് മൈസൂരുകാരനായ ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന തെരുവ് ചിത്രകാരന്‍ .

ഒരിക്കല്‍ ബംഗളുരുവിലെ സുല്‍ത്താന്‍ പല്യയില്‍ നടു റോഡില്‍ കുഴിയില്‍ കെട്ടിക്കിടന്ന വെള്ളത്തില്‍ ഒരു മുതല പ്രത്യക്ഷപ്പെട്ടു. മറ്റൊരു ദിവസം മറ്റൊരിടത്തു പൊട്ടി പൊളിഞ്ഞ റോഡരികില്‍ ഒരു നീന്തല്‍കുളം രൂപപ്പെട്ടു. വേറൊരു ദിവസം റോഡിലതാ കിടക്കുന്നു അത്യുഗ്രന്‍ ഒരു സര്‍പ്പം. ബെംഗളൂരു നഗരവാസികള്‍ അമ്പരന്നു, അവര്‍ പോലീസിനെയും നഗരസഭാ അധികൃതരെയും വിളിച്ചു . അവര്‍ കണ്ടതെല്ലാം ഒരു ഒറ്റയാള്‍ സമരമായിരുന്നു. ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന ത്രിമാന ചിത്ര കലാകാരന്റെ കരവിരുതില്‍ വിരിഞ്ഞ ഇന്‍സ്റ്റലേഷനുകള്‍ ആയിരുന്നു അവയെല്ലാം.

അധികൃതരുടെ 'പേടി സ്വപ്നമായ' കലാകാരന്‍

ബാദലിനെ 'പേടിയാണ്' ബെംഗളൂരു - മൈസൂരു നഗരസഭാ അധികൃതര്‍ക്കും കര്‍ണാടക സര്‍ക്കാരിനുമൊക്കെ . അവരുടെ അനാസ്ഥയാണ് ബാദലിന്റെ ക്യാന്‍വാസുകളില്‍ മിക്കപ്പോഴും നിറയുന്നത്. സുല്‍ത്താന്‍ പല്യയില്‍ നടുറോഡില്‍ പ്രത്യക്ഷപ്പെട്ട മുതല ബെംഗളൂരു കോര്‍പറേഷനെതിരെയുള്ള പ്രതിഷേധമായിരുന്നു. വെള്ളം കെട്ടി കിടക്കുന്ന വലിയ കുഴി ദിവസങ്ങളോളം അങ്ങനെ കിടന്നിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതര്‍ ബാദല്‍ മുതലയെ ഇറക്കിയതോടെ രംഗത്തെത്തി . കുഴി അടച് അവര്‍ പൊതുജനത്തിന്റെ യാത്ര സുരക്ഷിതമാക്കി. മറ്റൊരിടത്തു കന്നഡ സിനിമ താരത്തെ കൂട്ടുപിടിച്ചു 'മത്സ്യ കന്യക' എന്ന ഇന്‍സ്റ്റലേഷന്‍ ചെയ്തും സമാന രീതിയില്‍ ബാദല്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട് . റോഡ് കുഴിച്ചു മണ്ണും മറ്റു അവശിഷ്ടങ്ങളും നടവഴിയില്‍ ഉപേക്ഷിച്ചുപോയ സര്‍ക്കാര്‍ കരാറുകാര്‍ക്കും ബാദല്‍ പണി കൊടുത്തിട്ടുണ്ട് . ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരിയുടെ ദൃശ്യങ്ങള്‍ എന്നപേരില്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടായിരുന്നു കലാകാരന്‍ ഇവര്‍ക്കെതിരെ രംഗത്തു വന്നത്.

ബാദല്‍ നഞ്ചുണ്ടസ്വാമി
ബാദല്‍ നഞ്ചുണ്ടസ്വാമി

നഗരങ്ങള്‍ ക്യാന്‍വാസാക്കിയ കലാകാരന്‍

കലയെ എങ്ങനെ ജനോപകാരപ്രദമാക്കാം എന്ന് തെളിയിച്ചയാളാണ് മൈസൂരുകാരനായ ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന തെരുവ് ചിത്രകാരന്‍. ബാദലിന്റെ ക്യാന്‍വാസ് ഒരിക്കലും ആര്‍ട് പേപ്പറില്‍ ഒതുങ്ങുന്നതല്ല അതെപ്പോഴും മഹാനഗരത്തോളം വലുതാണ് . മിക്കപ്പോഴും ബെംഗളൂരു, മൈസൂരു നഗരങ്ങളിലെ നരച്ച കെട്ടിടങ്ങളും പൊതുമതിലുകളും നിരത്തുകളുമൊക്കെയാണ് ബാദലിന്റെ ക്യാന്‍വാസ് .

പൊതുജന പ്രശ്‌നങ്ങള്‍ക്കാണ് ബാദല്‍ കലയിലൂടെ പരിഹാരം തേടുന്നത്. ഒരു പ്രശ്‌നത്തിന് ശീഘ്ര പരിഹാരമെന്നോണം ബാദലിന്റെ ത്രിമാന ചിത്രങ്ങളെ ഉപയോഗപ്പെടുത്തുന്നവരും ഉണ്ട്. പൊട്ടി പൊളിഞ്ഞ റോഡുകള്‍, നിരതെറ്റിയ ഡിവൈഡറുകള്‍, റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ , വൃത്തിയാക്കാത്ത ചവറു കൂനകള്‍, പൊളിഞ്ഞു വീഴാറായ മതിലുകള്‍ തുടങ്ങിയവയെല്ലാം നേരെയാകും ബാദലിന്റെ ബ്രഷ് പതിഞ്ഞാല്‍ .

'അധികൃതര്‍ക്ക് എന്നെ ഇഷ്ടമാണ് '

നമ്മള്‍ കരുതും ബാദല്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് അധികൃതര്‍ക്ക് ഈ കലാകാരനോട് അമര്‍ഷവും ദേഷ്യവും ഉണ്ടാകുമെന്ന്. എന്നാല്‍ വാസ്തവത്തില്‍ ബെംഗളൂരു -മൈസൂരു നഗരസഭാ അധികാരികള്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്കുമൊക്കെ പ്രിയപ്പെട്ടവനാണ് ബാദല്‍.

'ഒരു പ്രശ്‌നം അതിന്റെ ഗൗരവത്തില്‍ അവരെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ പരാതി പറയുമ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ അധികൃതര്‍ എടുക്കണമെന്നില്ല. ഞാന്‍ പ്രശ്‌നത്തിന്റെ ഗൗരവം ഇന്‍സ്റ്റലേഷനിലൂടെ അധികൃതരില്‍ എത്തിക്കുന്നു. എന്റെ ഇന്‍സ്റ്റലേഷനുകള്‍ എല്ലാം പൊതുജനങ്ങളും മാധ്യമങ്ങളും ഏറ്റുപിടിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആക്കുന്നത് . അതോടെ അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം വെടിയേണ്ടി വരും. അവര്‍ ഉടന്‍ സ്ഥലത്തെത്തും. പ്രശ്‌നം പരിഹരിക്കും . ഇതുവരെ അവര്‍ക്കാര്‍ക്കും എന്നോട് നീരസം ഉണ്ടായിട്ടില്ല' ബാദല്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു .

സീസണല്‍ തീമില്‍ നഗരത്തെ അണിയിച്ചൊരുക്കുന്നത് മിക്കപ്പോഴും ബാദല്‍ ആണ്. ബെംഗളുരുവിലെയും മൈസൂരുവിലെയും കെട്ടിടങ്ങളിലും മതിലുകളിലുമൊക്കെ കാണുന്ന ഭീമന്‍ ചിത്രങ്ങളില്‍ മിക്കവയും ബാദലിന്റെ സൃഷ്ടികളാണ്. ബംഗളുരുവില്‍ കോവിഡ് ബോധവത്കരണ ചിത്രങ്ങള്‍ പിറന്നതെല്ലാം ഈ കലാകാരന്റെ വിരല്‍ തുമ്പിലൂടെ . സ്വാതന്ത്ര്യ ദിനം, വായന ദിനം, വയോജന ദിനം, പ്രണയദിനം, ദീപാവലി, ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ ദിനങ്ങളിലേക്കായെല്ലാം ബാദല്‍ നഗരച്ചുവരുകള്‍ ക്യാന്‍വാസാക്കും. രാഷ്ട്രീയ -സാമൂഹിക വിഷയങ്ങളില്‍ പൊതുജന അഭിപ്രായം രേഖപ്പെടുത്താനും ബാദലിന്റെ മാര്‍ഗം ത്രിമാന ചിത്രങ്ങള്‍ തന്നെ .

ഫൈന്‍ ആര്‍ട്‌സ് ബിരുദത്തില്‍ ഒന്നാം റാങ്കുകാരന്‍

ദുരിത പൂര്‍ണമായിരുന്നു ബാദലിന്റെ ബാല്യവും കൗമാരവും . നന്നേ ചെറുപ്പത്തില്‍ വരച്ചു തുടങ്ങി. മൈസൂര്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് ബിരുദത്തിനു ചേരണമെന്നതായിരുന്നു ആഗ്രഹം. പണം കണ്ടെത്താന്‍ സ്വന്തം വീടൊരു ചിത്രകലാ പരിശീലന കേന്ദ്രമാക്കി. സ്വന്തം ചിത്രങ്ങള്‍ ഇവിടെ വെച്ച് വില്പന നടത്തി. ഒടുവില്‍ആഗ്രഹം സാധിച്ചു മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ഫൈന്‍ ആര്‍ട്‌സ് ബിരുദ ധാരിയായി. പരസ്യകല കമ്പനിയായ ഒഗില്‍വി ആന്‍ഡ് മാതര്‍ ബാദലിലെ വിശ്വലൈസറെ കൊത്തികൊണ്ടു പോയി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .

ഫ്രീലാന്‍സ് ആയി നിരവധി കമ്പനികള്‍ക്കായി ജോലി ചെയ്തു. കന്നഡ സിനിമയിലെ അറിയപ്പെടുന്ന കലാസംവിധായകന്‍ കൂടിയാണ് ഈ 43 കാരന്‍. എന്നാല്‍ എത്ര തിരക്കുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്ത് കാര്യം കണ്ടാലും 'ഇടപെടാന്‍' ബാദല്‍ നഞ്ചുണ്ടസ്വാമി സമയം കണ്ടെത്തും.

logo
The Fourth
www.thefourthnews.in