സിദ്ധരാമയ്യ
സിദ്ധരാമയ്യ

ആട്ടിടയനാക്കാൻ ജ്യോതിഷി പറഞ്ഞു, സോഷ്യലിസ്റ്റായി, വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്; സിദ്ധരാമയ്യയുടെ രാഷ്ട്രീയ വഴികൾ

ന്യൂനപക്ഷങ്ങൾ, ദളിതർ, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവരെ ഒപ്പം നിർത്തിക്കൊണ്ടുള്ള 'അഹിന്ദ' രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് സിദ്ധരാമയ്യ

അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കെപിസിസി അധ്യക്ഷൻ കൂടിയായ പാർട്ടിയിലെ പ്രബലൻ ഡി കെ ശിവകുമാറിൻ്റെ അവകാശവാദങ്ങൾ അനുനയത്തിലൂടെ അതിജീവിച്ചതിന് ശേഷമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്. എത്രവർഷമാവും അദ്ദേഹം മുഖ്യമന്ത്രിയാവുകയെന്ന കാര്യത്തിൽ പാർട്ടി പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും ജനസമ്മതനായ കോൺഗ്രസ് നേതാവ്, കറതീർന്ന സോഷ്യലിസ്റ്റ്, റാം മനോഹർ ലോഹ്യയുടെ ആരാധകൻ, 'അഹിന്ദ' പൊളിറ്റിക്സ് എന്ന പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയ ഫോർമുലയുടെ താരപ്രചാരകൻ.കർണാടക രാഷ്ട്രീയത്തിലെ അതികായകനായ സിദ്ധരാമയ്യയ്ക്ക് ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. കർണാടകയെ സംബന്ധിച്ചിടത്തോളം രണ്ടായിരത്തിന്റെ ആദ്യ പകുതി വരെയും മിക്ക രാഷ്ട്രീയ പാർട്ടികളുടെയും തലപ്പത്ത് ഉന്നത സമുദായങ്ങളിൽനിന്നുള്ള നേതാക്കളായിരുന്നു. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് സിദ്ധരാമയ്യ ജനതാ പാർട്ടിയിൽനിന്ന് കോൺഗ്രസിലെത്തുന്നതും പാർട്ടിയുടെ മുഖമായി മാറുന്നതും മുഖ്യമന്ത്രിയാകുന്നതും.

സിദ്ധരാമയ്യ
ചിത്രം തെളിഞ്ഞു, കര്‍ണാടകയെ സിദ്ധരാമയ്യ നയിക്കും; ഡി കെ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രി

ജാതി-മത സമവാക്യങ്ങൾക്ക് വളരെയേറെ പ്രാധാന്യമുള്ള കർണാടകയിൽ മുഖ്യമന്ത്രിപദത്തിലിരിക്കെ താനൊരു നിരീശ്വരവാദിയാണെന്ന് തുറന്നുപറഞ്ഞ നേതാവാണ് സിദ്ധരാമയ്യ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തെ അച്ഛൻ അടുത്തുള്ള ജ്യോതിഷിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മകനെ ജ്യോതിഷം പഠിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ആട്ടിടയന്റെ മകൻ പഠിക്കേണ്ടത്‌ ആടുകളെ മേയ്ക്കാനാണ്, അല്ലാതെ ജ്യോതിഷമല്ലെന്നായിരുന്നു ജ്യോതിഷിയുടെ മറുപടി. അന്ന് ആ ആറാം ക്ലാസുകാരൻ കേൾക്കേണ്ടി വന്ന വാക്കുകളായിരുന്നു സിദ്ധരാമയ്യയെ നിരീശ്വരവാദത്തിന്റെ പാതയിലേക്ക് നയിച്ചത്. പിന്നീടൊരിക്കലും അദ്ദേഹമത് കൈവിട്ടതുമില്ല.

എട്ട് തവണ എംഎൽഎയായ തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് സിദ്ധരാമയ്യ വോട്ടെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു

ന്യൂനപക്ഷങ്ങൾ, ദളിതർ, മറ്റ് പിന്നാക്കവിഭാഗങ്ങൾ എന്നിവരെ ഒപ്പം നിർത്തിക്കൊണ്ടുള്ള 'അഹിന്ദ' രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് സിദ്ധരാമയ്യ. 1983ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഭാരതീയ ലോക് ദൾ പാർട്ടിയുടെ ടിക്കറ്റില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലെത്തി. മൈസൂർ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്കുള്ള കന്നി ജയം.

സിദ്ധരാമയ്യ കോൺഗ്രസിലെത്തി മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായപ്പോൾ എച്ച് ഡി ദേവെഗൗഡയും മകൻ എച്ച് ഡി കുമാരസ്വാമിയും നയിക്കുന്ന ജനതാദൾ എസ് അനുദിനം ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നത് കർണാടക രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്രം

പിന്നീട്, അദ്ദേഹം അന്നത്തെ ഭരണകക്ഷിയായിരുന്ന ജനതാ പാർട്ടിക്കൊപ്പം ചേർന്നു. പാർട്ടിയിൽ പിളർപ്പുണ്ടായപ്പോഴും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗത്തിനൊപ്പം നിന്നു. എന്നാൽ എച്ച് ഡി ദേവെഗൗഡയുമായുണ്ടായ അഭിപ്രായവ്യതാസങ്ങൾ സിദ്ധരാമയ്യയെ പാർട്ടിയില്‍നിന്ന് പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. രണ്ടായിരത്തിന്റെ പകുതിയോടെയായിരുന്നു പുറത്താക്കല്‍. മുൻ മുഖ്യമന്ത്രി ദേവരാജ് അറസ്‌ തുടക്കം കുറിച്ച അഹിന്ദ രാഷ്ട്രീയം മുറുകെപ്പിടിച്ചതായിരുന്നു ജനതാ ദളിലെ തർക്കങ്ങൾക്ക് വഴിവച്ചത്.

പുറത്താക്കപ്പെട്ട സിദ്ധരാമയ്യ കോൺഗ്രസിലെത്തി മുഖ്യമന്ത്രിയും പാർട്ടിയുടെ പ്രധാന നേതാവുമായപ്പോൾ എച്ച് ഡി ദേവെഗൗഡയും മകൻ എച്ച് ഡി കുമാരസ്വാമിയും നയിക്കുന്ന ജനതാദൾ എസ് അനുദിനം ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നത് കർണാടക രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്രം.

സിദ്ധരാമയ്യ ദേവഗൌഡയോടൊപ്പം
സിദ്ധരാമയ്യ ദേവഗൌഡയോടൊപ്പം

പിന്നാക്ക ജാതികളുടെയും മുസ്ലിങ്ങളുടെയും ദലിതരുടെയും താത്പര്യങ്ങൾ ഏകീകരിച്ച് കൂടെനിർത്തുന്ന സിദ്ധരാമയ്യയുടെ കഴിവ് 2013ന് ശേഷം കർണാടക കണ്ടത് ഇത്തവണയായിരുന്നു

2006ല്‍ കോൺഗ്രസിനൊപ്പം ചേർന്ന അദ്ദേഹം പാർട്ടിയുടെ നേതൃപദവിയിലേക്ക് വളരെ പെട്ടെന്ന് തന്നെ ഉയർന്നു. 2013ൽ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയിലെ രാഷ്ട്രീയ തന്ത്രജ്ഞനെയും നേതാവിനെയും എല്ലാവർക്കും വ്യക്തമായി. കോൺഗ്രസ് 122 സീറ്റുകൾ നേടി. അനിഷേധ്യ നേതാവെന്ന പദവിയിലേക്കുള്ള വളർച്ചയുടെ കാലഘട്ടം കൂടിയായിരുന്നു ഇത്.

ദേവരാജ് അറസിന്റെ കാലത്ത് വിജയിക്കാതെ പോയ അഹിന്ദ രാഷ്ട്രീയം വളരെ കൃത്യമായി നടപ്പാക്കിയായിരുന്നു സിദ്ധരാമയ്യ നേട്ടം കൊയ്തത്. മുഖ്യമന്ത്രിപദത്തിലേക്കും അദ്ദേഹമെത്തി. കർണാടക രാഷ്ട്രീയത്തിൽ സാധാരണയായി കണ്ടുവരാത്ത, മുഴുവൻ കാലാവധി തികച്ച മുഖ്യമന്ത്രിയെന്ന ഖ്യാതിയും സിദ്ധരാമയ്‌ക്കുണ്ട്.

പിന്നീട് 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 80 സീറ്റ് നേടി. ജെഡിഎസുമായി സഖ്യം രൂപീകരിച്ച് ഭരണം തുടങ്ങിയെങ്കിലും 'ഓപ്പറേഷൻ താമര'യെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന രാഷ്ട്രീയ കച്ചവടത്തിലൂടെ ബിജെപി ഭരണപക്ഷത്തെ അട്ടിമറിച്ചു. പിന്നീടങ്ങോട്ട് പ്രതിപക്ഷ നേതാവെന്ന റോളിലായി സിദ്ധരാമയ്യയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ.

ഇത്തവണ മുസ്ലിം ഒഴികെയുള്ള ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഉന്നംവച്ചുള്ള ബി ജെ പിയുടെ പദ്ധതികൾ തകർത്തതിൽ പ്രധാന പങ്കുവഹിച്ചത് സിദ്ധരാമയ്യയായിരുന്നു

എട്ട് തവണ എംഎൽഎയായ തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് സിദ്ധരാമയ്യ വോട്ടെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയായി സ്വന്തമായൊരു സീറ്റ് കണ്ടെത്തുന്നതിൽ സിദ്ധരാമയ്യ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ അതൊന്നും തന്റെ ജനസമ്മിതിക്ക് കുറവ് വരുത്തിയിട്ടില്ലെന്നതിന്റെ തെളിവായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം. അറുപത് ശതമാനം വോട്ടാണ് സിദ്ധരാമയ്യ നേടിയത്.

ഇത്തവണ മുസ്ലിം ഒഴികെയുള്ള ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഉന്നംവച്ചുള്ള ബി ജെ പിയുടെ പദ്ധതികൾ തകർത്തതിൽ പ്രധാന പങ്കുവഹിച്ചത് സിദ്ധരാമയ്യയായിരുന്നു. പട്ടികവർഗ സംവരണ സീറ്റുകളിൽ ബി ജെപിക്ക് നിലംതൊടാൻ പോലുമായില്ല. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കല്യാണ കർണാടകയിൽ കോൺഗ്രസ് നേടിയ വിജയത്തിന് പിന്നിലും സിദ്ധരാമയ്യയുടെ പ്രയത്നമുണ്ട്. പാർട്ടിക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തർക്കങ്ങൾ പറഞ്ഞുതീർത്ത് ഡി കെ ശിവകുമാറിനൊപ്പം ഒരുമിച്ചുനിന്ന് പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിച്ചതും സിദ്ധരാമയ്യയിലെ പ്രായോഗിക രാഷ്ട്രീയക്കാരന്‍റെ തെളിവാണ്.

പിന്നാക്ക ജാതികളുടെയും മുസ്ലിങ്ങളുടെയും ദലിതരുടെയും താത്പര്യങ്ങൾ ഏകീകരിച്ച് കൂടെനിർത്തുന്ന സിദ്ധരാമയ്യയുടെ കഴിവ് 2013ന് ശേഷം കർണാടക കണ്ടത് ഇത്തവണയായിരുന്നു. ബിജെപിയുടെ സകല തന്ത്രങ്ങൾക്കും മേലെ കോൺഗ്രസ് നേടിയ വമ്പിച്ച വിജയത്തിൽ സിദ്ധരാമയ്യയുടെ പങ്ക് വളരെ വലുതാണ്.

സിദ്ധരാമെ ഗൗഡ-ബോറമ്മ ഗൗഡ ദമ്പതികളുടെ മകനായി 1948-ൽ മൈസൂരു വരുണയിലുള്ള കുഗ്രാമമായ സിദ്ദാരാമന ഹുണ്ടിയിലാണ് സിദ്ധരാമയ്യയുടെ ജനനം. ദരിദ്രമായ കുടുംബ പശ്ചാത്തലമായിരുന്നെങ്കിലും മൈസൂർ സർവകലാശാലയിൽ നിന്ന് ബിഎസ് സി ബിരുദവും നിയമ ബിരുദവും നേടി. പാർവതിയാണ് ഭാര്യ. പരേതനായ രാകേഷ്, ഡോ. യതീന്ദ്ര എന്നിവർ മക്കളും.

ഡോ. യതീന്ദ്രയും അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ സജീവമാണ്. 2008 മുതൽ സിദ്ധരാമയ്യ പ്രതിനിധാനം ചെയ്ത വരുണ മണ്ഡലം 2018ൽ യതീന്ദ്രയ്ക്കുവേണ്ടി ഒഴിഞ്ഞുകൊടുത്തിരുന്നു. അത്തവണ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ഇത്തവണ അച്ഛനുവേണ്ടി യതീന്ദ്ര വരുണ ഒഴിഞ്ഞുകൊടുത്തു.

മത്സരിച്ചില്ലെങ്കിലും അച്ഛന് വേണ്ടിയുള്ള പ്രചാരണങ്ങൾക്കായി യതീന്ദ്ര സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്തുടനീളം സിദ്ധരാമയ്യ പാർട്ടിക്കുവേണ്ടി പ്രചാരണം നയിച്ചപ്പോൾ സ്വന്തം മണ്ഡലത്തിൽ ശ്രദ്ധപതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പ്രചാരണം മുന്നിൽനിന്ന് നയിച്ചത് യതീന്ദ്രയായിരുന്നു. അന്തരിച്ച രാകേഷായിരുന്നു സിദ്ധരാമയ്യയുടെ പിൻഗാമിയായി ഉയർന്നുകേട്ടിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണ് യതീന്ദ്ര മത്സരംഗത്തേക്ക് കടന്നുവന്നത്. രാകേഷിന്റെ മകൻ ധവാനെയാണ് പിന്‍ഗാമിയായി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.

ഇത്തവണ വരുണയ്‌ക്കൊപ്പം കോലാറിലും മത്സരിക്കാനായിരുന്നു സിദ്ധരാമയ്യയുടെ ആഗ്രഹം. എന്നാൽ കോലാറിൽ മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അനുവാദം നൽകിയില്ല. തോൽവി സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in