എതിരാളികളില്‍പ്പോലും ചിരിയുണര്‍ത്തിയ പ്രസംഗശൈലി

എതിരാളികളില്‍പ്പോലും ചിരിയുണര്‍ത്തിയ പ്രസംഗശൈലി

നിയമസഭയില്‍ ഫലിതതാരമായി അറിയപ്പെട്ടിരുന്ന ആളല്ല കോടിയേരി, എന്നാല്‍ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം തൊടുത്തുവിടുന്ന കൊച്ചുകൊച്ചു രസക്കഥകളും ഫലിതപ്രയോഗങ്ങളും എതിരാളികളില്‍പ്പോലും ചിരിയുണര്‍ത്തുന്നതാണ്

ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാര്‍ ഈസ്റ്റേണ്‍ ഇക്കോണമിക്ക് റിവ്യൂ എന്ന മാസിക ഒരിക്കല്‍ വിഖ്യാത പത്രാധിപരായിരുന്ന ഖുഷ്വന്ത് സിങ്ങിനോട് ഇന്ത്യന്‍ ഹ്യൂമറിനെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ ആവശ്യപ്പെട്ടു. ഖുഷ്വന്ത് സിങ് വളരെ സന്തോഷത്തോടെയാണ് അത് ഏറ്റെടുത്തത്. എന്നാല്‍ എഴുതാനിരുന്നപ്പോഴാണ് സംഗതി തമാശയല്ല വളരെ സീരിയസാണെന്ന് അദ്ദേഹത്തിന് മനസിലായത്. ഇന്ത്യന്‍ തമാശകളുടെ പുസ്തകങ്ങള്‍ തേടി സര്‍ദാര്‍ജി ഒരുപാട് അലഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍, ഈ അനുഭവംവെച്ച് ഇന്ത്യന്‍ ഹ്യൂമര്‍ എന്നൊരു സാധനം തന്നെ ഇല്ലെന്ന് പറഞ്ഞ് ഒരു ലേഖനം തന്നെ അദ്ദേഹം എഴുതി. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ലോകരാഷ്ട്രീയത്തെയും വിശദമായി വിലയിരുത്തിക്കൊണ്ട് 'എല്ലാവരോടും പകയോടെ' എന്ന വിഖ്യാത പംക്തി കൈകാര്യം ചെയ്തിരുന്ന ഖുഷ്വന്ത് സിംഗ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഖുഷ്വന്ത്‌ സിങിന്റെ നിഗമനം പൂര്‍ണമായും ശരിവെയ്ക്കാന്‍ ഏതായാലും നിര്‍വാഹമില്ല. ശുദ്ധഫലിതങ്ങളുടെ കാര്യത്തില്‍ രാഷ്ട്രപിതാവായ മഹാത്മജിപോലും ഒട്ടും പിന്നിലായിരുന്നില്ല. സ്വാതന്ത്ര്യസമര കാലത്തൊരിക്കല്‍ ഗാന്ധിജിയും ബാലഗംഗാധര തിലകും ഒരുമിച്ചൊരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഗാന്ധിജി പതിവുപോലെ കൃത്യസമയത്ത് സ്ഥലത്തെത്തി. പത്ത് മിനിട്ട് വൈകിയാണ് തിലകന്‍ യോഗത്തിനെത്തിയത്. പ്രസംഗത്തിനിടയില്‍ ഗാന്ധിജി പറഞ്ഞു - ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ പത്തുമിനിട്ട് വൈകിയാല്‍ അതിന്റെ ഉത്തരവാദി തിലകനായിരിക്കും.

ഗാന്ധിജിയുടെയും തന്നെ നിശിതമായി വിമര്‍ശിച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞ നെഹ്രുവിന്റെയും കാലമൊക്കെ കഴിഞ്ഞ് ഇന്ദിരയിലേക്കും അടിയന്തരാവസ്ഥയിലേക്കുമൊക്കെയത്തിയപ്പോള്‍ രാഷ്ട്രീയത്തിലെ ചിരിഭാവങ്ങള്‍ക്കും പ്രകടമായ ചില മാറ്റങ്ങള്‍ വന്നുവെന്നത് ശരിയാണ്. കളിയും ചിരിയുമൊക്കെ ഒപ്പം നില്‍ക്കുന്നവര്‍ക്കും ഒത്തുപറയുന്നവര്‍ക്കും മാത്രം പറയാവുന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടു. ആദര്‍ശം ആളോഹരിവരുമാനത്തിനുള്ള കുറുക്കുവഴികളും ചുളുക്കുവേലകളും കൊണ്ട് നിറഞ്ഞപ്പോള്‍ നിര്‍ദ്ദോഷഫലിതങ്ങളും നിറചിരികളും പരിഹാസത്തിലേക്ക് വഴിമാറി. അതോടെ നേതാക്കളുടെ വാക്കുകളും പ്രവൃത്തികളും കാര്‍ട്ടൂണിസ്റ്റുകളുടെ സഹായമില്ലാതെ രാജ്യത്തെ ചിരിപ്പിക്കാന്‍ തുടങ്ങി എന്നതും വസ്തുതയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ബുദ്ധിപരമായും അതൊട്ടുമില്ലാതെയും നോക്കുന്നവര്‍ക്കും ചിരിക്കാതിരിക്കാനാവാത്ത അവസ്ഥ ഉറവപൊട്ടിയത് ഈ സാഹചര്യത്തിലാണ്. ഇന്ത്യ കണ്ട അഴിമതിക്കേസുകളിലൊന്നായ കാലിത്തീറ്റ കുംഭകോണത്തില്‍ ഭര്‍ത്താവ് പിടിക്കപ്പെട്ടപ്പോള്‍ കാലികളെ മേയ്ചു നടന്ന ഭാര്യയെ മുഖ്യമന്ത്രിയാക്കുന്ന ലാലുപ്രസാദ് യാദവിന്റെ സിംഗിള്‍മാന്‍ കോമഡി ഷോ കണ്ട് ആര്‍ക്കും ഓര്‍ത്തും പേര്‍ത്തും ചിരിക്കാവുന്നതേയുള്ളൂ. ലാലുവിന്റെ അരുമശിഷ്യനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുപരന്നൊഴുകി നടക്കുന്ന നേതാവുമായ രാം വിലാസ് പസ്വാന്‍ എന്ന നേതാവിന്റെ ചരിത്രം ഇന്ത്യന്‍ തമാശകളില്‍ ഒഴിച്ചുകൂടാനാവാത്ത അധ്യായമാകുന്നത് അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെയാണ്. മുന്നണിയുടെ ഗുണവും മണവുമൊന്നും ഭേദമില്ലാതെ, വി.പി സിങ്, എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്‌റാള്‍ എ.ബി വാജ്‌പേയി, ഡോ. മന്‍മോഹന്‍ സിങ്ങ്, ഇപ്പോള്‍ നരേന്ദ്ര മോദി - എന്നിങ്ങനെ ഇതേവരെ ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ അദ്ദേഹം കേന്ദ്രമന്ത്രിയായി എന്നതുതന്നെ എത്ര വലിയ തമാശയാണ്. അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും പസ്വാന്‍ മന്ത്രിയാകില്ലെന്നാരു കണ്ടു.

ആദര്‍ശം ഇരുമ്പലക്കയല്ല. അധികാരമാണ് ആദര്‍ശം. ഒരേപായില്‍ കിടന്നുറങ്ങുകയും കാലത്ത് ഉണരുമ്പോള്‍ കിടന്നപായയില്‍ കാണാത്തതുമായ പലനിറത്തിലും തരത്തിലും തലത്തിലുമുള്ള എത്രയോ നേതാക്കളാണ് ഇങ്ങനെ നിത്യവും നമ്മളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രവൃത്തിപോലെ വാക്കുകളും ഒരുപാട് ചിരിയുണര്‍ത്തുന്നുണ്ട്. നമ്മുടെ നേതാക്കള്‍ ഇന്നു പറയുന്ന വാക്കുകള്‍ തമാശകളാകുന്നത് രണ്ടുദിവസം കഴിഞ്ഞിട്ടായിരിക്കും എന്നുമാത്രം. തികഞ്ഞ ആത്മാര്‍ഥതയോടെ ആശയവ്യക്തതയോടെ ശക്തമായി പറയുന്ന കാര്യങ്ങള്‍ പിറ്റേന്ന് അതിനേക്കാള്‍ ആത്മാര്‍ഥതയോടെ മാറ്റിപ്പറയുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും. മരം ഒരു വരമാണെങ്കില്‍ കേരളത്തില്‍ ചിരി ഒരു വന്‍മരമാണ്. മുഖ്യമന്ത്രിയും മുക്കിലെ മുറുക്കാന്‍ക്കടക്കാരനും ഒരേപോലെ രാഷ്ട്രീയം പറയുകയും അതിലെ രസച്ചരടുകള്‍ ഇഴപിരിച്ചെടുത്ത് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നമ്മുടെ പാരമ്പര്യം.

തിരുക്കൊച്ചി മുഖ്യമന്ത്രിയായിരിക്കെ പനമ്പള്ളി ഗോവിന്ദമേനോനെ നോക്കി എക്കാലത്തും നിങ്ങളായിരിക്കില്ല ആ കസേരയില്‍ ഇരിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് ടി.വി തോമസ് വെല്ലുവിളിക്കുമ്പോള്‍ ഈ കസേരയില്‍ ഇരിക്കാന്‍ തോമസിന് മൂട്ടയായി ജനിക്കേണ്ടി വരും എന്ന പനമ്പിള്ളിയുടെ തിരിച്ചടി വായിക്കുമ്പോള്‍ അതിലെ പ്രവചന സ്വഭാവമോര്‍ത്ത് അക്കാലത്തെപ്പോലെ ഇക്കാലത്തും മലയാളിക്ക് ചിരിക്കാതിരിക്കാനാവില്ല. സ്വത്തെല്ലാം പാര്‍ട്ടിക്കുവേണ്ടി സംഭാവന ചെയ്ത ഏലംകുളത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് മനയ്ക്കല്‍ നെല്ല് വില്‍ക്കാനുണ്ടോ എന്നു ചോദിക്കുന്നയാളോട് 'നെല്ലൊട്ടുമില്ല വിക്കലേയുള്ളൂ' എന്ന് വിക്കുണ്ടായിരുന്ന ഇഎംഎസിന്റെ മറുപടി അക്കാലത്ത് മറക്കുടയ്ക്കുള്ളില്‍ പോലും പൊട്ടിച്ചിരിയുയര്‍ത്തി.

ജോസഫ് ചാഴിക്കാടന്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് 1964-ല്‍ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലുണ്ടായതും കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ടതും. പട്ടം പഞ്ചാബിലെ ഗവര്‍ണറായിപ്പോയതോടെ പി.എസ്.പി പഞ്ചറായിപ്പോയി. ഇനിയും ആ പാര്‍ട്ടിയില്‍ നിന്നാല്‍ ഇനി രക്ഷയില്ലെന്നു ബോധ്യമായ ചാഴിക്കാടന്‍ കേരളാ കോണ്‍ഗ്രസ് വലയത്തിലായി. അപ്പോള്‍ പത്രക്കാര്‍ ചോദിച്ചു - എന്താ ഇങ്ങനെ. മറുപടിക്കായി ചാഴിക്കാടന് ഒട്ടു ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം ഒന്നുമില്ല. നാം കയറിയ വണ്ടി കേടായാല്‍ എന്തു ചെയ്യണം. വഴിക്കു നിന്നാല്‍ മതിയോ. പിന്നെ കിട്ടുന്ന വണ്ടിയില്‍ കയറി യാത്ര തുടരണം. അത്രയേ ഉണ്ടായുള്ളൂ. കൂടുവിട്ട് കൂടുമാറുന്ന പുതിയകാല നേതാക്കള്‍ കൂറുമാറ്റത്തിന്റെ ജാള്യം മറയ്ക്കാനായി നടത്തുന്ന താത്വികമായ അവലോകനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചാഴിക്കാടനെ എങ്ങനെ സ്തുതിക്കാതിരിക്കും, എങ്ങനെ ചിരിക്കാതിരിക്കും.

ഒരിക്കല്‍ സി.എച്ച് മുഹമ്മദ്‌കോയയുടെ പത്രസമ്മേളനം തുടങ്ങുകയാണ്. ഒരു ലേഖകന്റെ ചോദ്യം - ജനാബ് ഇന്ന് ഷേവ് ചെയ്തത് ശരിയായില്ലല്ലോ. സി.എച്ചിന്റെ മറുപടിക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു - ഷേവ് ചെയ്തു തരുന്നവരെല്ലാം പത്രക്കാരായി പോയതിനാല്‍ കിട്ടിയ ഒരാളെക്കൊണ്ടു ഷേവ് ചെയ്ത് ഇങ്ങോട്ടു വന്നതാണ്. ( ഇന്നാണെങ്കില്‍ സി.എച്ചിന്റെ വീട്ടിലേക്ക് പത്രപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമായിരുന്നില്ലെ.) കേരളത്തിലെ ചിരി ഏറെയും പൂത്തുലയുന്നത് നമ്മുടെ നിയമസഭയ്ക്കുള്ളിലാണ്. ഇഎംഎസ്. പട്ടം താണുപിള്ള, ഇ.കെ. നായനാര്‍ എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാരും എം,എന്‍ ഗോവിന്ദന്‍നായരും ജോസഫ് ചാഴിക്കാടനും, ടി.വി തോമസും തോപ്പില്‍ ഭാസിയും സി.എച്ച് മുഹമ്മദുകോയയും സീതിഹാജിയും കെ. നാരായണക്കുറുപ്പും സിബിസി വാര്യരും ലോനപ്പന്‍ നമ്പാടനും അടക്കമുള്ള ഫലിത സമ്രാട്ടുകളും തൊടുത്തവിട്ട ഫലിതങ്ങളേറ്റ് നിയമസഭയും കേരളവും ഒത്തിരിചിരിച്ചു.

ഇത്തരം ചിരിയുടെ രസക്കൂട്ടുകളാണ് പലപ്പോഴും കേരള നിയമസഭയിലേക്കും അതുവഴി രാഷ്ട്രീയചരിത്രത്തിലേക്കും നമ്മേ അടുപ്പിച്ചു നിര്‍ത്തുന്നത്. ചരിത്രം അരസികമായാല്‍ അതിന്റെ പടിപ്പുരയിലേക്ക് ആരെങ്കിലും കടന്നെത്തുമോ. ചിരിക്കാത്ത അധികാരകേന്ദ്രങ്ങള്‍ ചലിക്കാത്ത നിര്‍മിതികളുടെ സൃഷ്ടാക്കളാകും.

നിയമസഭയില്‍ ഒരു ഫലിതതാരമായി അറിയപ്പെട്ടിരുന്ന ആളല്ല കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം തൊടുത്തുവിടുന്ന കൊച്ചുകൊച്ചു രസക്കഥകളും ഫലിതപ്രയോഗങ്ങളും എതിരാളികളില്‍പ്പോലും ചിരിയുണര്‍ത്തുന്നതാണ്. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോള്‍ സ്വയം ചിരിക്കാനുള്ള കഴിവുകൂടി കോടിയേരിക്കുണ്ടെന്നതും അദ്ദേഹത്തെ മറ്റുള്ളവരില്‍ വേറിട്ടുനിര്‍ത്തുന്നു. 1982ലാണ് കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ നിന്ന് ആദ്യമായി ജനപ്രതിനിധിയാകുന്നത്. 1982 മുതല്‍ 1987 വരെ കാലത്ത് അദ്ദേഹം നടത്തിയ നിയമസഭാ പ്രസംഗങ്ങളാണ് സഭാ പ്രവേശം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കെ.കരുണാകരന്‍ മന്ത്രിസഭയ്‌ക്കെതിരെ കോടിയേരി നടത്തുന്ന കടന്നാക്രമണങ്ങളും സ്വന്തമായ പ്രയോഗങ്ങളും സഭയെ ഒന്നടങ്കം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

കോടിയേരിയുടെ പ്രസംഗഫലിതങ്ങള്‍ സമാഹരിച്ച് ചിരിയുടെ കോടിയേറ്റം തീര്‍ത്ത മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിലെ വിമര്‍ശഹാസ്യപരിപാടിയായ ചിത്രം വിചിത്രത്തിന്റെ അവതാരകനുമായ കെ.വി.മധു ഈ പ്രസംഗ സമാഹരണത്തിലും കോടിയേരിച്ചിരിയുടെ ധര്‍മം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു പുതുമുഖത്തിന്റെ പതര്‍ച്ചകളേതുമില്ലാതെ പ്രസംഗങ്ങളിലുടനീളം കോടിയേരി കരുതിവെയ്ക്കുന്ന നര്‍മം തന്നെയാണ് ഈ പുസ്തകത്തെ വായനക്കാരിലേക്ക് അടുപ്പിക്കുന്നത്. കോടിയേരിയന്‍ ശൈലിയില്‍ മര്‍മത്തില്‍ കുത്തിയുള്ള നര്‍മവും ഫലിതപ്രയോഗങ്ങളും കൊണ്ടു സമ്പന്നമാണ് ഈ ഇരുപത്തിരണ്ട് പ്രസംഗങ്ങള്‍. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വായനയിലൂടെ ലഭിച്ച വസ്തുതകളും ഉള്‍ച്ചേര്‍ത്ത് വര്‍ത്തമാനം പറയുന്ന ശൈലിയില്‍ കോടിയേരി പ്രസംഗിക്കുമ്പോള്‍ അത് ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നു. പ്രസംഗത്തില്‍ അമിതാവേശം കാട്ടാത്തതുപോലെതന്നെ സഭ്യേതരമായ പ്രയോഗങ്ങളിലേക്കൊന്നും കടക്കുന്നില്ല എന്നതും പുതിയതലമുറ ആവേശകുമാരന്മാര്‍ക്ക് മാതൃകയാക്കാവുന്ന കാര്യമാണ്.

വയലാര്‍ രവിയുടെ കൊച്ചുമകളും മന്ത്രിപദമോഹങ്ങളും എന്ന അധ്യായത്തില്‍ കോണ്‍ഗ്രസുകാരുടെ മന്ത്രിപദമോഹങ്ങളെ കളിയാക്കാന്‍ കോടിയേരി പ്രയോഗിക്കുന്ന തന്ത്രം ആരെയും അത്ഭുതപ്പെടുത്തും: ' ഈ വര്‍ഷം ഇന്ത്യാ ടുഡേ പുരസ്‌കാരം നേടിയ തിരുവനന്തപുരത്തുകാരിയായ ലിസ രേഖപ്പെടുത്തിയ അഭിപ്രായം ഞാന്‍ ഇവിടെ വായിക്കുകയാണ് - ഇന്ദിരാകോണ്‍ഗ്രസിലെ എല്ലാ എം.എല്‍.എമാരും മന്ത്രിമാരാകാന്‍ വെമ്പല്‍ കാണിക്കുന്നു. എന്റെ അച്ഛന്‍ ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്നു. ഇവരാരും രാജ്യത്തിനു ഗുണകരമായി ഒരു ചുക്കും ചെയ്തിട്ടില്ല. തന്നത്താന്‍ കേമരാകാന്‍ രാപ്പകല്‍ പരസ്പരം വേലവെയ്ക്കുകയാണ് ' ഇതു പറഞ്ഞത് മലയാള ചലച്ചിത്ര ബാലനടികൂടിയായ ചക്കിയെന്ന് വിളിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്ത്രരമന്ത്രി വയലാര്‍ രവിയുടെ കൊച്ചുമകളാണ് ' -എന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കുന്നിടത്താണ് കോടിയേരിയുടെ ഒടിയന്‍ വിദ്യ.

അവനവനാത്മ സുഖത്തിനാചരിക്കുന്നത് അവനവന് ഗുണത്തിനായ് വരേണം എന്ന അധ്യായത്തില്‍ ഐക്യജനാധിപത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളുടെ പിളര്‍പ്പിനെ കളിയാക്കുന്ന കൂട്ടത്തില്‍ ഒരംഗം മാത്രമുള്ള സി.എം സുന്ദരത്തിന്റെ പാര്‍ട്ടി മാത്രം പിളരാത്തതിന്റെ കാരണം കോടിയേരിക്കുമാത്രം അറിയാവുന്ന രഹസ്യമാണ്. അതദ്ദേഹം വെളിപ്പെടുത്തുന്നു: 'സുന്ദരം സ്വാമിയുടെ പാര്‍ട്ടി പിളരുന്നതിന് ഒരു ചാന്‍സുമില്ല. ആ പാര്‍ട്ടിയുടെ പ്രസിഡന്റ് സുന്ദരമാണ്. സെക്രട്ടറി സുന്ദരമാണ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ചീഫ് വിപ്പും എല്ലാം സുന്ദരമാണ്. പിളരാന്‍ ഒരു നിവൃത്തിയുമില്ല.' സുന്ദരം സ്വാമിയുടെ പാര്‍ട്ടിയുടെ ഗതി ഇതാണെങ്കില്‍ സി.പി.ഐ.എം വിട്ട് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന സി.എം.പിയുണ്ടാക്കി കരുണാകരനും കൂട്ടര്‍ക്കും ഒപ്പം കൂടിയ എം.വി.രാഘവനെക്കുറിച്ച് പറയാന്‍ ഇത്രമാത്രം: ' രാഘവന്റെ പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമല്ല. പനിനീര്‍പ്പൂവ് പറിച്ചെടുത്ത് കുടിച്ച് ചവച്ചിറക്കി മീതെ ഒരു ഒരിറക്ക് വെള്ളം കുടിച്ചാല്‍ മുകളില്‍ എപ്പോഴും പനിനീരിന്റെ മണമുണ്ടാകും എന്നു കരുതുന്ന വിഡ്ഢികള്‍ക്കുമാത്രമേ രാഘവന്റെ പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു വിളിക്കാന്‍ കഴിയൂ.' പ്രസംഗത്തില്‍ അദ്ദേഹം നടത്തുന്ന നിര്‍ദ്ദോഷമെന്നു തോന്നുമെങ്കിലും തുളച്ചുകയറുന്ന പരിഹാസങ്ങള്‍ ചിരിയോടൊപ്പം എതിരാളികളുടെ തൊലിക്കട്ടിയുടെ കട്ടികൂടി പരിശോധിക്കും.

തങ്കമണി സംഭവത്തെത്തുടര്‍ന്ന് മീശപറിച്ച പോലീസുകാരെപ്പേടിച്ച് മീശ വടിച്ചിട്ടു സ്‌റ്റേഷനില്‍ പോയ അച്ഛന്റെയും മകന്റെയും ഉടുതുണി പറിച്ചകഥ പറയുമ്പോള്‍ ഏത് ഭരണാധികാരിയാണ് ചിരിച്ചുചിരിച്ചു ചൂളിപ്പോകാത്തത്്. പാലക്കാട് റെയില്‍വേ കോച്ചു ഫാക്ടറി ഹരിയാനയിലേക്ക് കൊണ്ടുപോയപ്പോള്‍ കോടിയേരി കരുണാകരനോട് ചോദിക്കുന്നു: ' കരുണാകരന് രക്തം തിളക്കുന്നില്ലെങ്കില്‍ മൂത്രമെങ്കിലും ഒന്നു തിളയ്ക്കണ്ടേ സാര്‍. ഇത്തരത്തില്‍ കോടിയേരി നടത്തുന്ന നാടന്‍ പ്രയോഗങ്ങള്‍ വളരെ രസകരമാണ്. മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസ് ഐക്ക് എരിമാങ്ങപോലെയാണ്. ഒരേ സമയത്ത് കണ്ണില്‍ വെള്ളമൂറും, നാവില്‍ രുചിയും. തിരഞ്ഞെടുപ്പ് ലാക്കാക്കി സൗജന്യ റേഷന്‍ അനുവദിച്ചത് കോഴിക്ക് എള്ളു കൊടുക്കുന്നതുപോലയാണത്രെ. 'മൂത്തകോഴിക്ക് സാധാരണഗതിയില്‍ കാരണവന്മാര്‍ എള്ളുകൊടുക്കുന്നത് കോഴിയോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് പറയുന്നത്. എള്ളുകൊടുത്താല്‍ മൂത്ത എല്ലിന്റെ മൂപ്പ് കുറഞ്ഞുകിട്ടും. അതുകൊണ്ട് മാംസവും എല്ലും ഒന്നിച്ചു ഭക്ഷിക്കാം.'

റോക്കറ്റിന്റെ വേഗത്തിലല്ല, കരുണാകരന്‍ ഭരിക്കുമ്പോള്‍ സാധനങ്ങളുടെ വില കയറുന്നത് അണ്ണാന്‍ മരത്തില്‍ കയറുന്നതുപോലെയാണെന്നാണ് മറ്റൊരു പ്രയോഗം. അണ്ണാന്‍ മരത്തില്‍ കയറുമ്പോള്‍ ഒരുപടി ഇറങ്ങും. എന്നിട്ട് പിന്നെയും ചാടിക്കയറുമ്പോള്‍ അതിന്റെ ഇരട്ടി പടികയറും. അതുപോലെ സാധനവിലയുടെ കാര്യത്തിലും ഇതാവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു രൂപ സാധനത്തിന്റെ വില രണ്ടുരൂപയായി വര്‍ധിക്കും. എന്നിട്ട് ഇരുപതു പൈസ് കുറയ്ക്കും. പക്ഷപാതരഹിതമായ രാഷ്ട്രീയചരിത്രനിര്‍മിതി വളരെ പരിമിതമായ കേരളത്തില്‍ കേരളനിയമസഭാ ചരിത്രത്തിലെ ഒരു നിര്‍ണായകകാലഘട്ടമാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.

logo
The Fourth
www.thefourthnews.in