കേരള രാഷ്ട്രീയചരിത്രത്തിന്റെ ഒന്നാം സാക്ഷിയായ കെ സി ജോൺ 

കേരള രാഷ്ട്രീയചരിത്രത്തിന്റെ ഒന്നാം സാക്ഷിയായ കെ സി ജോൺ 

ദീർഘകാലം 'ടൈംസ് ഓഫ് ഇന്ത്യ'യുടെ കേരള പ്രതിനിധിയായി പ്രവർത്തിച്ച കെ സി ജോൺ കേരളപ്പിറവി മുതൽ നാലു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെ അടുത്ത് നിന്ന് വീക്ഷിച്ച പത്രപ്രവർത്തകനാണ്. ഇന്ന് ജോണിന്റെ ജന്മശതാബ്ദി

ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ‘കേരളം ചുവന്നു’  എന്നത് ലോകം മുഴുവൻ ഉറ്റുനോക്കിയ വാർത്തയായിരുന്നു. ടൈംസ് ഓഫ്  ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ കെ സി ജോൺ എന്ന പത്രപ്രവർത്തകൻ എഴുതി, പത്രം ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ച ’Reds voted to power in Kerala  State’ എന്ന വാർത്തയിലൂടെയാണ് കേരളത്തിലെ ബാലറ്റ് വിപ്ലവത്തിന്റെ വിശദാംശങ്ങൾ പുറംലോകം അറിഞ്ഞത്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചും പിന്നീട് നടന്ന വിമോചന സമരത്തെക്കുറിച്ചും തിരുവനന്തപുരത്ത് നിന്ന് കെ സി  ജോൺ എഴുതിയ, അക്കാലത്തെ വാർത്തകൾ സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട വാർത്താകുറിപ്പുകളുടെ പട്ടികയിൽ വരുന്നതാണ്.

കേരള പിറവി തൊട്ട് മൂന്ന് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലെ നേരും നെറിയും 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് വേണ്ടി വാർത്തകളാക്കിയ കെ സി ജോൺ എന്ന പത്രപ്രവർത്തകൻ്റെ ജന്മശതാബ്ദിയാണിന്ന്.

കെ സി ജോൺ
കെ സി ജോൺ

കോട്ടയത്ത്  മാർത്തോമ സഭയിലെ പുരോഹിതനായിരുന്ന റവറൻ്റ് ജോണിൻ്റെ മകൻ കെ സി ജോൺ ഡിഗ്രിക്ക് പഠിച്ചത് ആലുവ യു സി കോളേജിൽ. രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. പഠനം കഴിഞ്ഞ് പട്ടാളത്തിൽ ചേരാൻ ചെന്നപ്പോൾ ഹ്രസ്വകായനായ ജോണിനെ നോക്കി  ആർമി റിക്രൂട്ടിങ് ഓഫീസർ പറഞ്ഞു, “You go and stay with your mother”. പിന്നെ, മദ്രാസ് തുറമുഖത്ത് കുറച്ച് നാൾ ക്ലർക്ക് പണി. അതും ഉപേക്ഷിച്ച് ബോംബെയിലേക്ക്. അവിടെ മൂത്ത സഹോദരൻ ജോസഫ് ജോണിൻ്റെ സഹവാസവും അദ്ദേഹത്തിൻ്റ  സ്വാധീനവുമാണ് കെ സി ജോണിനെ പത്രപ്രവർത്തകനാക്കിയത്. ബഹുമുഖ പ്രതിഭയായിരുന്നു ജോസഫ് ജോൺ. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, സാമൂഹിക പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, എന്നിങ്ങനെ പല വിലാസങ്ങളിൽ അറിയപ്പെട്ടിരുന്ന, ബോംബെയിലെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ മലയാളിയായിരുന്നു അദ്ദേഹം.

1930-കളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തി പ്രാപിക്കുന്ന കാലത്ത് ബോംബയിലെത്തിയ ജോസഫ് ജോൺ, കുലപതി കെ എം മുൻഷിയോടൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ പ്രവർത്തിച്ച അപൂർവം മലയാളികളിലൊരാളായിരുന്നു. ഇന്ത്യൻ സംസ്കാരത്തേയും വിദ്യഭ്യാസത്തെയും പ്രോത്സാഹിപ്പിക്കാനായി കുലപതി കെ എം മുൻഷി 1938-ൽ ബോംബയിൽ ആരംഭിച്ച  സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനമാണ് ഭാരതീയ വിദ്യാഭവൻ. ഭാരതീയ വിദ്യാഭവൻ്റെ ആദ്യത്തെ ഡയറക്ടറായിരുന്നു ജോസഫ് ജോൺ. ബോംബെയിലെ ഭാരതീയ വിദ്യാഭവൻ്റെ സ്ഥാപനമായ  രാജേന്ദ്രപ്രസാദ് ഇൻസ്റ്റിട്യൂട്ടിൽ 1961-ൽ പത്രപ്രവർത്തനം ഒരു പഠന വിഷയമായി  ആരംഭിച്ചത് ജോസഫ് ജോണാണ്.

ജോസഫ് ജോൺ
ജോസഫ് ജോൺ

ദേശീയ പ്രസ്ഥാനത്തിന് പിന്തുണ നൽകാൻ കെ എം മുൻഷി ആരംഭിച്ച  ‘സോഷ്യൽ വെൽഫെയർ’ എന്ന മാസികയുടെ ആദ്യത്തെ എഡിറ്ററായ ജോസഫ് ജോൺ, ‘ജോവ്’ എന്ന തൻ്റെ പംക്തിയിലൂടെ മഹാത്മ ഗാന്ധിയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് ബോംബെയിൽ  ശക്തമായ പ്രചാരം നൽകി.  ജോസഫ് ജോൺ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായിരുന്നു ‘Friends of Trees’. 

കേരളത്തിലെ സൈലൻ്റ് വാലിയെ കൈയേറ്റത്തിൽ നിന്നും നാശത്തിൽ നിന്നും രക്ഷിച്ചതിലും ജോസഫ് ജോണിന്റെ നിർണായക ഇടപെടലുണ്ട്.

ബോംബെയിലെ  പ്രസിദ്ധമായ  മലബാർ ഹില്ലിൽ  കെട്ടിട സമുച്ചയം നിർമിക്കാനായി മരങ്ങൾ മുറിക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ 'Friends of Trees' രംഗത്ത് വന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ജോസഫ് ജോൺ കത്ത് അയച്ചു. മലബാർ ഹില്ലിലെ വൃക്ഷ സമൃദ്ധി നേരിട്ട് വന്ന് കണ്ട നെഹ്റു കെട്ടിട നിർമാണം നിർത്താൻ നിർദ്ദേശം നൽകി. കേരളത്തിലെ സൈലൻ്റ് വാലിയെ കൈയേറ്റത്തിൽ നിന്നും നാശത്തിൽ നിന്നും രക്ഷിച്ചതിലും ജോസഫ് ജോണിന്റെ നിർണായക ഇടപെടലുണ്ട്. ആ പ്രക്ഷോഭം നടക്കുമ്പോൾ ജോസഫ് ജോൺ തൻ്റെ സംഘടനയായ  Friends of Trees വഴി കോടതിയിൽ നടത്തി നേടിയ നിയമ യുദ്ധത്തിലൂടെ സൈലൻ്റ് വാലിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്താൻ 1979 ഓഗസ്റ്റിൽ കേരള  ഹൈക്കോടതി ഉത്തരവിട്ടു. ബോംബെയിൽ ആദ്യമായി പുഷ്പ ഫലപ്രദർശനം നടത്തിയതും അദ്ദേഹം തന്നെ. പിൽക്കാലത്ത് ബോംബെ നിവാസികളുടെ പ്രിയപ്പെട്ട പ്രദർശനമായി അതുമാറി.  

ജോസഫ് ജോണിൻ്റെ  പ്രവർത്തനങ്ങളിനിന്നാവേശം ലഭിച്ച ജോൺ  എം എൻ റോയിയുടെ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ ചേർന്നു. അവരുടെ മുഖപത്രത്തിൽ ജോലി നേടുകയായിരുന്നു ഉദ്ദേശം. പക്ഷെ, പത്രവിതരണമായിരുന്നു അവിടെ അദ്ദേഹത്തിന് ലഭിച്ച ജോലി. ബോബെയിലെ ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷനിൽ റാഡിക്കൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുഖപത്രമായ ‘ ഇൻഡിപെൻ്റൻ്റ് ഇന്ത്യ,  വൺ അണ, വൺ അണ' എന്ന് വിളിച്ച് വിറ്റുനടന്ന പത്രവിൽപ്പനക്കാരനായിട്ടാണ് 26-കാരനായ കെ സി ജോണിൻ്റെ പത്രപ്രവർത്തനവുമായുള്ള ബന്ധം തുടങ്ങുന്നത്. പിന്നീട് ഇതേ പത്രത്തിൽ ലേഖനങ്ങളെഴുതാൻ തുടങ്ങി.

അക്കാലത്ത് ബോംബയിൽ നിന്ന്  പുതിയൊരു പത്രം തുടങ്ങുന്നു,‘അഡ്വക്കേറ്റ് ഓഫ് ഇന്ത്യ', എഡിറ്റർ ബി ജി ഹോർണിമാൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ച ബ്രിട്ടീഷ് പത്രപ്രവർത്തകൻ. ‘Old Lady of Bori Bunder’ എന്ന് ബ്രീട്ടിഷ് അനുകൂല പത്രമായ 'ടൈംസ് ഓഫ് ഇന്ത്യ'യെ വിശേഷിപ്പിച്ച എഡിറ്റർ. ജോൺ, ഹോർണിമാനെ കാണുന്നു. സംസാരം കഴിഞ്ഞപ്പോൾ ഹോർണിമാൻ പറഞ്ഞു, “Young man you are smart. I will give you 75 rupees.” ബി.ജി. ഹോർണിമാൻ എന്ന വിഖ്യാത എഡിറ്ററുടെ കീഴിൽ  കുരുവിള ചന്ത്രപ്പിള്ളി ജോൺ എന്ന കെ സി ജോണിൻ്റെ പത്രപ്രവർത്തനം അങ്ങനെ ആരംഭിക്കുന്നു.  ജോണെഴുതിയ ആദ്യത്തെ റിപ്പോർട്ട് പത്രത്തിൽ വായിച്ച് ഹോർണിമാൻ ജോണിനോട് പറഞ്ഞു, “Your report is the best report in the city”. പക്ഷേ,ഒരാഴ്ച പിന്നിട്ടപ്പോൾ സാമ്പത്തിക പരിധീനത കാരണം പത്രം പൂട്ടി.

ബി ജി ഹോർണിമാൻ
ബി ജി ഹോർണിമാൻ

പിന്നീട് ജോൺ ബോംബയിലെ ഏക ദേശീയ ദിനപത്രമായ ഫ്രീ പ്രസ് ജേണലിൽ  ചേരുന്നു. ഗാന്ധിജിയേയും  ദേശീയ നേതൃത്വത്തെയും ബ്രിട്ടിഷുകാരെയും ഒരേ പോലെ വിമർശിച്ചിരുന്ന ധൈര്യശാലിയായ സ്വാമിനാഥ് സദാനന്ദായിരുന്നു ഫ്രീ പ്രസിൻ്റെ എഡിറ്റർ. ഒരു ബക്രീദ് നാളിൽ അവധിയായതിനാൽ ബ്യൂറോയുടെ ചുമതല ജോണിനായിരുന്നു. ഈദ് പെരുന്നാളിൻ്റെ ആഘോഷവാർത്ത എഴുതാൻ  ഒരു  റിപ്പോർട്ടറെ ഏൽപ്പിച്ചിരുന്നു. അയാൾ പ്രാർഥന നടക്കുന്ന ആസാദ് മൈതാനത്ത് പോകാതെ പത്രമാഫീസിലിരുന്ന് ഈദ് നമസ്ക്കാരത്തിൻ്റെ  വാർത്ത എഴുതി ജോണിനെ ഏൽപ്പിച്ചു. ഫ്രീ പ്രസിൻ്റെ  സായാഹ്നപത്രമായ ഫ്രീ പ്രസ് ബുള്ളറ്റിനിലേക്ക് നൽകാനായി ആ വാർത്ത ബുള്ളറ്റിൻ്റെ എഡിറ്ററായ എ വി കാമത്തിൻ്റെ ആവശ്യപ്രകാരം ജോൺ ഒന്നു മിനുക്കിയെഴുതി. ആസാദ് മൈതാനത്ത് നടന്ന കഴിഞ്ഞ വർഷത്തെ പ്രാർഥനയുടെ പടവും വച്ച് വാർത്ത  പ്രസിലേക്ക് പോയി.

കുറെ നേരം കഴിഞ്ഞപ്പോൾ ഒരു പോലീസ് ഓഫീസർ  ഫ്രീ പ്രസിൻ്റെ ഓഫീസിലെത്തി. എഡിറ്ററെ കാണണമെന്ന് ആവശ്യപ്പെട്ടു. അയാൾ അസ്വസ്ഥനായിരുന്നു. ജോൺ കാര്യം തിരക്കി. അയാൾ പറഞ്ഞു ഫ്രീ പ്രസ്സ് ബുള്ളറ്റിനിലെ വാർത്ത തെറ്റാണ്. മാസപ്പിറ കണ്ടിട്ടില്ല, അത് കൊണ്ട്  ഈദ് പെരുന്നാൾ മുസ്ലീംങ്ങള്‍ ആഘോഷിച്ചിട്ടില്ല.  ആസാദ് മൈതാനത്ത് നമസ്കാരം നടന്നു എന്ന വാർത്ത തെറ്റാണ് തിരുത്ത് ഉടനെ കൊടുക്കണം. ഒരു കൂട്ടം ആൾക്കാർ ക്രൂദ്ധരായി ബാന്ദ്ര പോലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുകയാണ്. അപകടം തിരിച്ചറിഞ്ഞ ജോൺ പോലീസ് ഓഫീസറെ പത്രത്തിൽ തിരുത്ത് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു ശാന്തനാക്കി പറഞ്ഞയച്ചു.

ഹിന്ദു മുസ്ലിം സംഘർഷം നിലനിൽക്കുന്ന സമയം. ഒരു കലാപം വരെ പൊട്ടിപ്പുറപ്പെടാവുന്ന വാർത്തയാണ് താൻ മൂലം പത്രത്തിൽ വന്നത്. നേരിൽ കാണാതെ സംഭവം വാർത്തയായി എഴുതുക, പൊറുക്കാനാവാത്ത തെറ്റാണത്.

ഹിന്ദു മുസ്ലിം സംഘർഷം നിലനിൽക്കുന്ന സമയം. ഒരു കലാപം വരെ പൊട്ടിപ്പുറപ്പെടാവുന്ന വാർത്തയാണ് താൻ മൂലം പത്രത്തിൽ വന്നത്. നേരിൽ കാണാതെ സംഭവം വാർത്തയായി എഴുതുക, പൊറുക്കാനാവാത്ത തെറ്റാണത്. ന്യൂസ് എഡിറ്ററായ മലയാളിയായ ഹരിഹരൻ വൈകീട്ട് വന്നപ്പോൾ ജോൺ കാര്യങ്ങളെല്ലാം ധരിപ്പിച്ചു. ഹരിഹരൻ ജോണിനെ സമാധാനിപ്പിച്ചു. ബുള്ളറ്റിനിലെ വാർത്ത തെറ്റാണെന്ന് പരാമർശിക്കാതെ പകരം പിറ്റെ ദിവസത്തെ  ഫ്രീ പ്രസിൽ അകത്തെ പേജിൽ  ‘ഈദ് ഇന്ന് ആഘോഷിക്കും’ എന്ന് ചെറിയ ഒരു വാർത്ത കൊടുത്തു’.

സ്വാമിനാഥ് സദാനന്ദ
സ്വാമിനാഥ് സദാനന്ദ

ജോലി തെറിക്കുമെന്നുറപ്പാക്കിയ ജോൺ പിറ്റേന്നാൾ എഡിറ്റർ സന്ദാനന്ദിനെ  കാണുന്നു. ജോണിനെ മുന്നിലിരുത്തി  സന്ദാനന്ദ് പത്രപ്രവർത്തനത്തെക്കുറിച്ച് ചെറിയൊരു വിശദീകരണം നൽകിയ ശേഷം പറഞ്ഞു, “ഈദ് പ്രാർഥന നടക്കുന്ന ആസാദ് മൈതാനത്തിനടുത്താണ് ടൈംസ് ഓഫ് ഇന്ത്യ. അവിടെ ഒരു ലഹള നടന്നിരുന്നെങ്കിൽ  ആ വാർത്ത ടൈംസ് ഓഫ് ഇന്ത്യയിൽ വരും. ഫ്രീ പ്രസ് ലേഖകൻ അവിടെ ഇല്ലാത്തതിനാൽ നമ്മുടെ പത്രത്തിൽ ആ വാർത്ത വരില്ല. You wrote the report. So you are sacked.” നിമിഷങ്ങൾക്ക് ശേഷം അദ്ദേഹം കൂട്ടി ചേർത്തു, “and you are reinstated.” പിരിച്ചുവിടലും തിരിച്ചെടുക്കലും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു. എഡിറ്റർ- ഉടമ എസ് സദാനന്ദിൻ്റെ ശൈലി അങ്ങനെയായിരുന്നു.

അന്ന് ജോൺ പത്രപവർത്തനത്തിലെ മഹത്തായ ഒരു പാഠം പഠിച്ചു. സംഭവം നേരിൽ കാണാതെ, മതിയായ തെളിവില്ലാതെ, കേട്ടുകേൾവികളെ ആശ്രയിച്ച് വാർത്തയെഴുതരുത്. ഈ സംഭവം, ജോൺ ഒരിക്കലും മറന്നില്ല. എഡിറ്റർ സന്ദാനന്ദും മറന്നില്ല, കാരണം ഫ്രീ പ്രസ്സിൽ വാർഷിക ശമ്പള വർധനവിൻ്റെ സമയമാകുമ്പോൾ  സദാനന്ദ് പറയും, “No Salary hike for Bakrid man”.

ഏറെ താമസിയാതെ ജോൺ ഫ്രീ പ്രസ് വിട്ട് പുതിയതായി തുടങ്ങിയ ‘ ഭാരത് ‘ പത്രത്തിലേക്ക് പോയി 125 ൽ നിന്ന്  300 രൂപയായി മാസ ശമ്പളം വർധിപ്പിച്ചു നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തതായിരുന്നു കൂടുമാറ്റത്തിന് കാരണം. സർദാർ പട്ടേലിൻ്റെ മകനായ ദയാഭായ് പട്ടേലായിരുന്നു പത്രയുടമ. നാലഞ്ച് മാസം കഴിഞ്ഞപ്പോൾ അതും പൂട്ടി. വീണ്ടും ഫ്രീ പ്രസ്സിൽ ചെന്ന് സന്ദാനന്ദിനെ കാണുന്നു. സദാനന്ദ് പറഞ്ഞു, “The doors of Free Press Journal are always open to you. Please go and report”. വീണ്ടും 125 രൂപ വേതനത്തിൽ ഫ്രീ പ്രസ് ജേണലിൽ റിപ്പോർട്ടർ.

അന്ന് ജോൺ പത്രപവർത്തനത്തിലെ മഹത്തായ ഒരു പാഠം പഠിച്ചു. സംഭവം നേരിൽ കാണാതെ, മതിയായ തെളിവില്ലാതെ, കേട്ടുകേൾവികളെ ആശ്രയിച്ച് വാർത്തയെഴുതരുത്. ഈ സംഭവം, ജോൺ ഒരിക്കലും മറന്നില്ല.
എം കെ ബി നായര്‍
എം കെ ബി നായര്‍

ഇന്ത്യൻ പത്ര രംഗത്ത് വൻ മാറ്റങ്ങളുടെ കാലമായിരുന്നു തുടർന്നുളള വർഷങ്ങൾ. ഫ്രാങ്ക് മൊറായിസ്‌ ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ എഡിറ്ററായി.  കെ.സി. ജോണിൻ്റെ അഭിപ്രായത്തിൽ ‘One of the best editors I have ever met.’ ടൈംസ് ന്യൂസ് സർവീസ് ആരംഭിച്ചപ്പോൾ അതിൻ്റെ  ചീഫായ  ഡി എഫ് തോമസ് ജോണിനെ 'ടൈംസ് ഓഫ് ഇന്ത്യ'യിലേക്ക് വിളിച്ചു. അങ്ങനെ ടൈംസ് ഓഫ് ഇന്ത്യയുടെ തിരു-കൊച്ചി കറസ്പോണ്ടൻ്റായി ജോൺ കേരളത്തിലേക്ക് എത്തി.

1953 ഏപ്രിലിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി കെ സി ജോൺ തിരുവനന്തപുരത്ത് ചുമതലയേറ്റു. അൻപതുകളിലെ തിരുവനന്തപുരം ശാന്തമായിരുന്നു. സെക്രട്ടറിയേറ്റിന് അധികാരവും  ജോലിക്കാരും കുറവായിരുന്നു. പക്ഷേ, കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കൾ എറെയുണ്ടായിരുന്നു. പട്ടം താണുപിള്ള, സി കേശവൻ, ടി എം വർഗീസ്, പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ ശങ്കർ, പി ടി ചാക്കോ, എം എൻ ഗോവിന്ദൻ നായർ, ടി വി തോമസ്, സി കെ ഗോവിന്ദൻ നായർ തുടങ്ങിയ നേതാക്കൾ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കാലം. കെ സി ജോൺ കേരളത്തിൽ നിന്ന്  വാർത്തകളെഴുതാൻ തുടങ്ങുന്നു.

കാര്യശേഷിയും ഉൾക്കാഴ്ചയും ഭാഷാനൈപുണ്യവും വിപുലമായ രാഷ്ട്രീയ ബന്ധങ്ങളുമുള്ള ഒരു കൂട്ടം പത്രലേഖകരായിരുന്നു അന്ന് തിരുവനന്തപുരത്ത് . ജോൺ അവരിൽ നിന്നൊക്കെ വ്യത്യസ്തനായി നിന്നു.

കാര്യശേഷിയും ഉൾക്കാഴ്ചയും ഭാഷാനൈപുണ്യവും വിപുലമായ രാഷ്ട്രീയ ബന്ധങ്ങളുമുള്ള ഒരു കൂട്ടം പത്രലേഖകരായിരുന്നു അന്ന് തിരുവനന്തപുരത്ത് . ജോൺ അവരിൽ നിന്നൊക്കെ വ്യത്യസ്തനായി നിന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പത്രമായിരുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തകളുടെ ആധികാരികത എല്ലാവരും അംഗീകരിച്ചിരുന്നു. കേരളത്തിലെ വാർത്തകൾ  ദേശീയ തലത്തിൽ വായനക്കാർ അറിഞ്ഞിരുന്നത്  ടൈംസ്  ഓഫ് ഇന്ത്യയിലൂടെയായിരുന്നു. അന്നത്തെ,ദേശാഭിമാനി ലേഖകനായ പവനൻ എഴുതി, “അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ലേഖകരിൽ തികച്ചും  പ്രൊഫഷണൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളുണ്ടെങ്കിൽ അത് ടൈംസ് ഓഫ് ഇന്ത്യയുടെ കെ.സി. ജോണായിരുന്നു”. 

ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ടൈംസ് ഓഫ്  ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത
ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത

ഹോർണിമാൻ്റെയും സദാനന്ദിൻ്റെയും കൂടെ പ്രവർത്തിച്ച ബോംബെയിലെ പത്രപ്രവർത്തനാനുഭവങ്ങൾ ജോണിനെ പ്രൊഫഷണലാക്കി. ആദ്യ വാർത്ത   സ്വന്തം ജില്ലയായ കോട്ടയത്ത് നിന്നായിരുന്നു. കോട്ടയത്ത് തൻ്റെ മാതാപിതാക്കളെ കാണാനായി വീട്ടിൽ  എത്തിയ ജോൺ പാലയിൽ ചെറിയ ഒരു  ഭൂചലനം ഉണ്ടായി എന്നറിഞ്ഞ് നേരെ ബസ് കേറി അങ്ങോട്ട് പോയി. അവിടെ എത്തിയപ്പോൾ പാലായിലെ  പ്രമുഖനായ തോമസ് കൊട്ടുകാപ്പിള്ളി, കാര്യങ്ങൾ ജോണിനോട് വിശദീകരിച്ചു. ജനങ്ങൾ ഭയന്ന് കൂട്ടത്തോടെ ഭൂചലനത്തിൽ നിന്ന്  രക്ഷനേടാനായി  പള്ളികളിൽ ചെന്ന് മുട്ടുകുത്തിദൈവത്തിനോട് പ്രാർത്ഥിക്കുകയാണ്.

ജോണിൻ്റെ കേരളത്തിൽ നിന്നുള്ള തൻ്റെ ആദ്യത്തെ വാർത്ത ‘Hundreds of people frightened, were praying for divine security from the tremors’ എന്ന തുടക്കത്തിൽ ബോംബെയിലേക്ക് അയച്ചു.  കോട്ടയം ഡേറ്റ് ലൈനിൽ പത്രത്തിൽ ഈ വാർത്ത വന്നപ്പോൾ നൂറുകണക്കിന് ആളുകൾ പ്രാർഥിക്കുന്നത് എന്ന് ജോൺ എഴുതിയത് ബോംബയിലെ വാർത്ത കൈകാര്യം ചെയ്ത എഡിറ്റർ അത് ലക്ഷങ്ങളാക്കി. അക്കാലത്ത് കേരളത്തിലൊക്കെ ഭൂചലനമൊക്കെ അപൂർവ സംഭവമായതിനാൽ സബ് എഡിറ്റർ വാർത്ത ഒന്ന് പൊലിപ്പിച്ചതാണ്. ജോണിൻ്റെ ആദ്യ വാർത്ത ശ്രദ്ധിക്കപ്പെട്ടു. ബോംബയിൽ നിന്ന് ചീഫ് ഡി എഫ്  തോമസിൻ്റെ അഭിനന്ദന സന്ദേശവും പിന്നാലെ എത്തി.

കേരള രാഷ്ട്രീയത്തിലെ എറ്റവും പ്രധാനിയായ നേതാവായിരുന്നു ആദ്യം കോൺഗ്രസുകാരനും പിന്നിട് പി എസ് പിക്കാരനുമായ  പട്ടം താണുപിള്ള. തിരുകൊച്ചിയിൽ പ്രധാനമന്ത്രിയും ഐക്യ കേരളത്തിൻ്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പട്ടവുമായി ജോണിന് നല്ല ബന്ധമായിരുന്നു. അദ്ദേഹം എറ്റവും അധികം ആദരിച്ച നേതാവുമായിരുന്നു. 1962-ൽ പട്ടം മുഖ്യമന്ത്രിയായ പി എസ് പി മന്ത്രിസഭയിലെ ചില മന്ത്രിമാർക്കെതിരെ നിയമസഭയിൽ ചാലക്കുടി എം എൽ എയായ  സി ജി ജനാർദനൻ ആരോപണങ്ങൾ ഉന്നയിച്ചു. പി ടി ചാക്കോയുടെ നേതൃത്വത്തിൽ പട്ടത്തിനെ താഴെയിറക്കാനായി പദ്ധതിയൊരുങ്ങുന്ന സമയത്താണ് മന്ത്രിസഭയെ വെട്ടിലാക്കിയ ഈ ആരോപണങ്ങൾ വന്നത്. ജോൺ റിപ്പോർട്ട് ചെയ്ത ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യയിൽ വന്നത് ‘ PSP Ministry is corrupt ‘ എന്നായിരുന്നു. വാർത്ത കണ്ടയുടൻ പട്ടം രോഷാകുലനായി ജോണിനെ ഫോണിൽ വിളിച്ചു, “ഞാൻ അഴിമതിക്കാരനാണ് എന്നാണല്ലേ നിങ്ങൾ എഴുതിയത്. The devil takes you, You are Kulathunkal Pothen’s man”. (പട്ടത്തെ താഴെയിറക്കാനുള്ള ഗൂഢാലോചനക്കാരുടെ സാമ്പത്തിക സ്രോതസായിരുന്നു കുളത്തിങ്കൽ പോത്തൻ). താൻ എഴുതിയല്ല പത്രത്തിൽ  അച്ചടിച്ച് വന്നതെന്ന് ജോൺ വിശദീകരിക്കാൻ നിന്നില്ല. അതോടെ ആ ഉറച്ച ബന്ധം അവസാനിച്ചു.

പട്ടം താണുപിള്ള
പട്ടം താണുപിള്ള

ഏറെക്കഴിയും മുൻപ് കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം പട്ടത്തെ പഞ്ചാബ് ഗവർണറായി നാട് കടത്തി. കേന്ദ്ര മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി, കേരള ഗവർണർ വി വി ഗിരി, പി ടി ചാക്കോ കുട്ടുകെട്ടായിരുന്നു ഇതിന് പിന്നിൽ. വി വി ഗിരി ജോണിനെ വിളിച്ച് രഹസ്യമായി വിവരം കൈ മാറി. ഒന്നാന്തരം  സ്കൂപ്പായ അത് ജോണിന്  വാർത്തയാക്കാൻ കഴിഞ്ഞില്ല. ടൈംസ് ഓഫ് ഇന്ത്യയിൽ അപ്പോൾ സമരം നടക്കുകയായിരുന്നു. ജോൺ ആ വാർത്ത തൻ്റെഉറ്റ സുഹൃത്തായ ദീപിക ലേഖകൻ കെ സി സെബാസ്റ്റ്യന് കൈമാറി. ഡൽഹി ഡേറ്റ് ലൈനിൽ കെ സി സെബാസ്റ്റ്യൻ്റെ സ്കൂപ്പ് ദീപികയിൽ വന്നു, ‘പട്ടത്തെ പഞ്ചാബ് ഗവർണറാക്കും’. 

കേരള രാഷ്ട്രീയത്തിൽ എന്നും പട്ടത്തിൻ്റെ പ്രതിയോഗിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മുൻപ് കൊച്ചിയിൽ  പ്രസംഗിച്ചത് ഒടുവിൽ യാഥാർത്ഥ്യമായി.  പട്ടം താണു പിള്ളയുടെ കേരളത്തിലെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. 

കേരള രാഷ്ട്രീയത്തിൽ എന്നും പട്ടത്തിൻ്റെ പ്രതിയോഗിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മുൻപ് കൊച്ചിയിൽ  പ്രസംഗിച്ചത് ഒടുവിൽ യാഥാർത്ഥ്യമായി.  പട്ടം താണു പിള്ളയുടെ കേരളത്തിലെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.  1953-ൽ ജോൺ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ഒരു വാർത്ത വലിയ പ്രതികരണമുണ്ടാക്കി. മാധവൻ എന്നൊരാളെ കൊലപാതക കുറ്റത്തിന് കോടതി തൂക്കി കൊല്ലാൻ വിധിച്ചു. ഇതായിരുന്നു ആ വാർത്ത. പ്രതിയായ മാധവൻ കോട്ടയത്ത് ജോണിൻ്റെ ചെറുപ്രായത്തിലെ കൂട്ടുകാരനായിരുന്നു.

കാർട്ടുണ്സ്റ്റ് അബു വരച്ച ജോണിന്റെ
കാരികേച്ചർ
കാർട്ടുണ്സ്റ്റ് അബു വരച്ച ജോണിന്റെ കാരികേച്ചർ

ഇന്ത്യ സ്വതന്ത്രമാകുമ്പോൾ നാട്ടുരാജ്യമായ തിരുവിതാംകൂറിൽ വധശിക്ഷ ഇല്ലായിരുന്നു. അത് നിർത്തലാക്കിയതാകട്ടെ ദിവാൻ സി പി രാമസ്വാമി അയ്യരും. അന്ന് ഓരോ നാട്ടുരാജങ്ങൾക്കും പ്രത്യേക പീനൽ കോഡുകൾ നിലനിന്നിരുന്നതുകൊണ്ടായിരുന്നു വധശിക്ഷ ഇല്ലാതാക്കാൻ സി.പി.ക്ക് സാധിച്ചത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ, ഭരണഘടന നിലവിൽ വന്നപ്പോൾ, വധശിക്ഷ തിരികെ വന്നു. തൻ്റെ ചെറുപ്രായത്തിലെ കൂട്ടുകാരൻ്റെ വിധി. വ്യക്തിപരമായി ജോണിനെ വേദനിപ്പിച്ചു. വധശിക്ഷയുടെ തിയതി വെച്ച് ജോൺ എഴുതിയ വാർത്തയിൽ തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയതിനാൽ യോഗ്യതയുള്ള ആരാച്ചാർ കേരളത്തിൽ ഇല്ലെന്ന ഒരു പരാമർശം  ഉണ്ടായിരുന്നു. വാർത്തക്ക് ഉടനെ  പ്രതികരണം ഉണ്ടായി.  ഒരാൾ  സ്കോട്ട്ലണ്ടിൽ നിന്നും  ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് താൻ ആരാച്ചാരാവാൻ തയാറെണെന്ന് അറിയിച്ചു. പക്ഷേ, ജയിൽ അധികൃതർ ഇതിനകം ഒരാളെ ആരാച്ചാരായി കണ്ടെത്തിയിരുന്നു.

ജോൺ അന്നത്തെ ജയിൽ ഐ.ജിയായ കർത്തായെ ബന്ധപ്പെട്ട്  മാധവനെ ജയിലിലെ സെല്ലിൽ ചെന്ന് അവസാനമായി കണ്ടു. ഒന്നും സംസാരിക്കാനാവാതെ ദുഃഖത്തോടെ ജോൺ മടങ്ങി. ടൈംസ് ഓഫ് ഇന്ത്യയിൽ ജോൺ  എഴുതി, “രാജഭരണമായിരുന്നെങ്കിൽ കുറച്ച് കൊല്ലം ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങേണ്ട ഒരു യുവാവ് ജനാധിപത്യ ഭരണം വന്നതോടെ  സ്വാതന്ത്ര്യവും ജീവനും നഷ്ടപ്പെട്ട ഒരാളായി അവസാനിക്കാൻ പോകുകയാണ് എന്തൊരു വിധിയാണയാളുടെത് ?” ഇന്ത്യൻ റിപ്പബ്ലിക്ക് നിലവിൽ വന്ന ശേഷം തൂക്കിലേറ്റപ്പെട്ട കേരളത്തിലെ ആദ്യത്തെയാളായിരുന്നു മാധവൻ.

പി ടി ചാക്കോയെന്ന കരുത്തനായ  നേതാവിൻ്റെ രാഷ്ട്രീയ ജീവിതം തന്നെ തകർത്ത’കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ തേൻ കെണിയായ ‘ പീച്ചി സംഭവം’ അക്കാലത്തെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. വ്യക്തിപരമായി പി ടി ചാക്കോയോട് അടുപ്പമുണ്ടായിരുന്ന രണ്ട് പത്രപ്രവർത്തകരായിരുന്നു  ജോണും ദീപികയിലെ കെ സി സെബാസ്റ്റ്യനും. അവരും ചാക്കോയോടൊപ്പം പീച്ചിയിൽ പോകാനിരുന്നതാണ്. അവസാന നിമിഷം സെബാസ്റ്റ്യന് പനി വന്നതിനാൽ ഇരുവരും പീച്ചിയിലേക്ക് പോയില്ല.” ഞങ്ങൾ അന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ ആ നിർഭാഗ്യകരമായ സംഭവം  ഉണ്ടാകുമായിരുന്നില്ല,” ജോൺ ഒരിക്കൽ പറഞ്ഞു. അപവാദത്തിൽ കുടുക്കി  കോൺഗ്രസുകാർ  ചാക്കോയെ ബലിയാടാക്കുകയായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയായിരുന്നു പി ടി ചാക്കോ. അസത്യമായ അപവാദത്തിലൂടെ ചാക്കോയെ തങ്ങൾ വേട്ടയാടുകയായിരുന്നുവെന്ന് എം എൻ ഗോവിന്ദൻ ജോണിനോട് പിന്നീട് പറഞ്ഞു. 

പി ടി ചാക്കോ
പി ടി ചാക്കോ

പി ടി ചാക്കോയുടെ മരണശേഷം കോൺഗ്രസിൽ നിന്ന് ഇറങ്ങിപ്പോന്ന ചാക്കോ അനുകൂലികൾ കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ കേരള കോൺഗ്രസിൻ്റെ പ്രസിഡൻ്റായ കെ എം. ജോർജിൻ്റെ ആവശ്യപ്രകാരം ജോൺ എഴുതി കൊടുത്തതാണ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം. കേരള കോൺഗ്രസിൻ്റെ അനൗദ്യോഗിക സ്ഥാപകന്മാരിലൊരാൾ ജോണായിരുന്നു. 

1957-ൽ എക്യ കേരളത്തിൽ അധികാരമേറ്റ ഇ എം എസിൻ്റെ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ ആരംഭിച്ച വിമോചന സമരത്തിന് അനുകൂലമായി ജോൺ വാർത്തകൾ എഴുതുന്നെന്ന് ആക്ഷേപമുയർന്നു. പി ടി ചാക്കോക്ക് പിൻതുണ നൽകി എഴുതിയ വാർത്തകൾക്കെതിരെ ബോബെയിൽ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് പരാതിയെത്തി. ചീഫായ ഡി എഫ് തോമസിൻ്റെ വിളി വന്നു. “We have complaints that You are exaggerating”. ജോൺ മറുപടി പറഞ്ഞു, “ഞാൻ രാജി കത്ത് അയക്കാം ശരിയാണെങ്കിൽ സ്വീകരിക്കുക.” ഒന്നുമുണ്ടായില്ല, പിന്നീട് 25 വർഷക്കാലം ടൈംസ് ഓഫ് ഇന്ത്യയിൽ തുടർന്നു.  

കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമം പരിഷ്ക്കരിച്ച്  നടപ്പിലാക്കിയപ്പോൾ അതേ കുറിച്ച് ജോൺ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം അതേപടി  ലണ്ടനിലെ ടൈംസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചു.

അമേരിക്കയിലെ ടൈം മാഗസിൻ  കേരളത്തിൽ നിന്ന് തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ  ജോണിനോടാവശ്യപ്പെട്ടത്  അദ്ദേഹത്തിന് കിട്ടിയ  അംഗീകാരമായിരുന്നു. പിന്നീട് കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമം പരിഷ്ക്കരിച്ച്  നടപ്പിലാക്കിയപ്പോൾ അതേ കുറിച്ച് ജോൺ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം അതേപടി  ലണ്ടനിലെ ടൈംസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചു.

താൻ കണ്ട കേരള രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് 1953 മുതൽ 1974 വരെയുള്ള കേരള രാഷ്ട്രീയത്തിലെ നിർണായക മുഹൂർത്തങ്ങളുടെ ഒരു ചരിത്രം ‘The Melting Pot’ എന്ന ശീർഷകത്തിൽ പുസ്തകമാക്കി പുറത്തിറക്കി. പെട്ടെന്ന് തന്നെ  ശ്രദ്ധിക്കപ്പെട്ട ആ പുസ്തകത്തിൽ താൻ കണ്ട കേരള രാഷ്ടീയത്തിലെ ചൂടോടെ  തിളച്ച് മറിഞ്ഞ പല രാഷ്ട്രിയ നീക്കങ്ങളും ജോൺ എഴുതി. ഈ പുസ്തകത്തിൻ്റെ കവർ വരച്ചത് ജോണിൻ്റെ യു സി കോളേജിലെ സഹപാഠിയും കാർട്ടൂണിസ്റ്റും  ചിത്രകാരനുമായ സാഹിത്യകാരൻ  മലയാറ്റൂർ രാമകൃഷ്ണനായിരുന്നു. 

മെല്‍റ്റിങ് പോട്ട് എന്ന പുസ്തകത്തിന്റെ കവര്‍ചിത്രം
മെല്‍റ്റിങ് പോട്ട് എന്ന പുസ്തകത്തിന്റെ കവര്‍ചിത്രം

മെൽറ്റിംഗ് പോട്ടിൽ ഞങ്ങളുടെ നേതാവിന് ഭ്രാന്താണെന്ന് രാം മനോഹർ ലോഹ്യയെ പറ്റി പറഞ്ഞ പട്ടം താണു പിള്ളയുണ്ട്, തമിഴ്നാട് കോൺഗ്രസിലെ കിംഗ് മേക്കർ  നേശമണിയുണ്ട്, കമ്യൂണിസ്റ്റു വിരുദ്ധനായ ഹംഗറിയൻ നോവലിസ്റ്റ് ആർതർ കൊയ്സ്ലർ കേരളത്തിലെ ആദ്യ സർക്കാരിൻ്റെ ഭരണം കാണാൻ തിരുവനന്തപുരത്ത് മസ്ക്റ്റ് ഹോട്ടലിൽ എത്തി അതൃപ്തനായി സ്ഥലം വിട്ട കഥയുണ്ട്, സാമ്രാജ്യത്വ അമേരിക്കൻ ലൈഫ് മാഗസിൻ്റെ ഫോട്ടോഗ്രാഫർക്ക് വേണ്ടി ഫോട്ടോക്ക് പോസ് ചെയ്യാൻ വിസമ്മതിച്ച മന്ത്രി ടി വി തോമസുണ്ട്, രണ്ട്  എം എൽ എമാരെ പണം കൊടുത്ത് വശത്താക്കി ഇ എം എസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കുളത്തുങ്കൽ പോത്തനുണ്ട്. വിമോചന സമരചരിത്രമുണ്ട്, കേരള രാഷ്ട്രീയത്തിലെ കോൺഗ്രസും കേരള കോൺഗ്രസുമുണ്ട്. വലതും  ഇടതും സോഷ്യലിസ്റ്റുകളും  മുസ്ലിം ലീഗുമുണ്ട്.

അമേരിക്കൻ കോൺഗ്രസ്  ലൈബ്രറിയിലെ ഷെൽഫിൽ സ്ഥാനം നേടിയ, ഒരു മലയാളി എഴുതിയ അവിടെയുള്ള എക പുസ്തകം എന്ന പ്രശസ്തിയും ഏറെക്കാലം മെൽറ്റിംഗ് പോട്ടിനുണ്ടായിരുന്നു

ആ കാലത്തെക്കുറിച്ച് കൃത്യമായ നിരീക്ഷണമുള്ള, ഇതിനോട് കിട നിൽക്കുന്ന  അധികം പുസ്തകങ്ങളൊന്നും ഇപ്പോഴും മലയാളത്തിലില്ല. അമേരിക്കൻ കോൺഗ്രസ്  ലൈബ്രറിയിലെ ഷെൽഫിൽ സ്ഥാനം നേടിയ, ഒരു മലയാളി എഴുതിയ അവിടെയുള്ള എക പുസ്തകം എന്ന പ്രശസ്തിയും ഏറെക്കാലം മെൽറ്റിംഗ് പോട്ടിനുണ്ടായിരുന്നു. പിന്നീട് 1987 വരെയുള്ള സംഭവങ്ങൾ ചേർത്ത് മെൽറ്റിംഗ് പോട്ട് ഒരു പതിപ്പ് കൂടിയിറക്കി. 1995 വരെയുള്ള കാലഘട്ടം കൂട്ടിചേർത്ത് ‘ കേരള രാഷ്ട്രീയം ഒരു അസംബന്ധനാടകം’  എന്ന പേരിൽ മെൽറ്റിംഗ് പോട്ടിൻ്റെ മലയാള പരിഭാഷ 1999-ൽ പുറത്ത് വന്നു. കെ രാജ്വേശ്വരി എന്ന പേരിൽ ആ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത മാധ്യമ നിരീക്ഷകനായ അഡ്വ. ജയശങ്കറായിരുന്നു. ഒരു മലയാള പരിഭാഷാ പുസ്തകത്തിന്  എഴുതപ്പെട്ട ഏറ്റവും വലിയ അവതാരികയാണത്. 50 പുറങ്ങളിലായി  പുസ്തകത്തിൻ്റെ ഉള്ളടക്കം  കൃത്യമായി അഡ്വ ജയശങ്കർ   വിശകലനം ചെയ്തിരിക്കുന്നു. “മെൽറ്റിംഗ്  പോട്ട്  കേരള രാഷ്ട്രീയത്തിൻ്റെ സമഗ്ര ചരിത്രമൊന്നുമല്ല. പക്ഷേ, എവിടേയും പറയാത്ത, എഴുതാത്ത കാര്യങ്ങൾ ഇതിലുണ്ട്”, ജയശങ്കർ എഴുതി.  

ദീർഘകാലം തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ പ്രസിഡൻ്റായിരുന്നു കെ സി ജോൺ. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് 1984 ൽ വിരമിച്ചു. പിന്നീട് ഹൈദരാബാദിലെ ന്യൂസ് ടൈമിൻ്റെ  കേരളത്തിലെ പ്രതിനിധിയായി പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിലെ സമഗ്ര സംഭാവനക്കുള്ള വിജയരാഘവൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2005 ഡിസംബർ 1 ന് മാങ്ങാനത്തെ വസതിയിൽ വെച്ച് 81ാം വയസിൽ കെ സി ജോൺ അന്തരിച്ചു.

logo
The Fourth
www.thefourthnews.in