ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   

ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   

''അവസാനകാലത്തെ ഡോ. എം കുഞ്ഞാമന്റെ ഏറ്റവും പ്രധാന ഇടപെടൽ ‘എതിര്’ എന്ന ആത്മകഥാരചനയായിരുന്നു. അതിലൂടെ അദ്ദേഹം കേരളീയ പൊതുമണ്ഡലത്തിന്റെ തന്നെ അധ്യാപകനായി മാറി,'' ഡോ. ടി ടി ശ്രീകുമാർ അനുസ്മരിക്കുന്നു

കുഞ്ഞാമൻ സാറിന്റെ നിര്യാണം സൃഷ്ടിക്കുന്ന സാമൂഹികാഘാതം ചെറുതല്ല. കേരളീയ സമൂഹത്തിൽ നിരവധി തവണ തിരസ്കരിക്കപ്പെട്ട പ്രതിഭാശാലിയായിരുന്നു അദ്ദേഹം. അദ്ദേഹം എപ്പോഴും കേരളത്തിന്റെ പൊതുബോധത്തോട്  സ്വന്തം ജീവിതം കൊണ്ടാണ് കൂടുതലും സംസാരിച്ചത് എന്നതാണ് ഈ തിരസ്കരണത്തിന്റെ പ്രഥമ കാരണം. വാക്കുകൾ കൊണ്ടുള്ള സംവാദത്തിൽ കേരളത്തിന്റെ നവോത്ഥാന വീര്യത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലല്ലോ. എന്നാൽ ജീവിതം തന്നെ ഒരു പാഠമായി അദ്ദേഹം തുറന്നുവെക്കുമ്പോൾ സമൂഹത്തിന്റെ പൊതുബോധം അതിനുമുന്നിൽ പതറിപ്പോയെന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ തെളിയിച്ചത്. ആ ജീവിതം ഇവിടെ ഉണ്ടായിരുന്നപ്പോൾ സ്വന്തം ഇടപെടലുകളിലൂടെ പറയാൻ ശ്രമിച്ചതിന് ആരും ചെവികൊടുത്തില്ലെന്നതാണ് വസ്തുത. എന്നാൽ തന്റെ പരാജയങ്ങളുടെ ആത്മകഥനത്തിലൂടെ ഒരു ജനതയുടെ വിചാരണയെ അദ്ദേഹം നേരിട്ടപ്പോൾ നമുക്ക് ഉത്തരംമുട്ടിപ്പോവുകയായിരുന്നു. 

ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   
'ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ'; വ്യവസ്ഥിതിയാല്‍ നിസഹായനാക്കപ്പെട്ട ഒരു മനുഷ്യന്റെ ബൗദ്ധിക ജീവിതം

'എതിര്' എന്ന അദ്ദേഹത്തിന്റെ ആത്മകഥ അങ്ങനെ ഒരു നാടിന്റെ പരമ്പരാഗത പൊതുസമ്മതികൾക്കെതിരെയുള്ള ചൂണ്ടുവിരലായി നിവർന്നുവന്നു. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാൻ മാധ്യമലോകം തന്നെ തയ്യാറാവുന്നത് അതിനുശേഷമാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങളുടെ പൊതുരീതിയിലേക്കു അദ്ദേഹത്തെ കൊണ്ടുവരാനാണ് അപ്പോഴും ശ്രമമുണ്ടായത്. അദ്ദേഹത്തിന്റെ അക്കാദമിക് അനുശീലനങ്ങളുടെ സ്പന്ദനങ്ങളും അദ്ദേഹം ധൈഷണികമായ ചിന്തിക്കുന്ന വഴികളും പൂർണമായും അന്വേഷിക്കാൻ മെനക്കെടാതെ അദ്ദേഹത്തെകൊണ്ടു നിരന്തരം  സംസാരിപ്പിക്കുക എന്നതിലായി മാധ്യമങ്ങളുടെ ശ്രദ്ധ. അദ്ദേഹത്തിന്റെ ഉൾക്കനമുള്ള രചനകൾ എങ്ങനെ സാമൂഹികമായ ഉൾക്കാഴ്ചകൾ നൽകുന്നുവെന്നതിലേക്ക് ശ്രദ്ധതിരിക്കാൻ താൽപ്പര്യം കാട്ടാതിരിക്കുകയും പകരമായി  അദ്ദേഹത്തെ സെലിബ്രിറ്റിവൽക്കരിക്കുകയും ചെയ്യുന്നതാണ്  പിന്നീട് നാം കണ്ടത്. 

അദ്ദേഹവുമായുള്ള അടുപ്പമാണ് കേരളത്തിലെ ദളിത്‌-ആദിവാസി സമൂഹത്തെക്കുറിച്ച് പുതിയ ധാരണകള്‍ വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ എനിക്ക് ലഭിക്കാനുള്ള മുഖ്യകാരണം. അദ്ദേഹത്തിന്റെ എം ഫില്‍ അസാധാരണമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടതായിരുന്നു

എനിക്ക് വ്യക്തിപരമായി അദേഹത്തോട് അടുപ്പമുണ്ടായിരുന്നു. തന്റെ പേരും ആദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള പഠനവും പലരെയും തന്നെയും ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആളായി കാണാന്‍ ഇടയാക്കിയിട്ടുണ്ടെന്നും അതില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ ഉണ്ടെന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നു. അതൊക്കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ പുഞ്ചിരി ഉണ്ടായിരിക്കും. നിരവധി കാര്യങ്ങളില്‍ ഞങ്ങള്‍ യോജിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് നാം യോജിച്ചാലും വിയോജിച്ചാലും ആ സ്നേഹമോ സൗഹൃദമോ ഒരിക്കലും കുറയില്ലെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. ഞാന്‍ എം ഫില്‍‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോളേജ് അധ്യാപര്‍ക്കായി യു ജി സി നടത്തിയ ഒരു റിഫ്രഷര്‍ കോഴ്സിലേക്ക് എന്നെ അധ്യാപകനായി നിര്‍ദേശിച്ച ആളാണ് അദ്ദേഹം. ആദ്യമായി ഞാന്‍ പഠിപ്പിച്ചത് വിദ്യാര്‍ത്ഥികളെ അല്ല അധ്യാപകരെയായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് എന്നെ കേരള യൂണിവേഴ്സിറ്റിയുടെ ഇക്കണോമിക്സ്‌ ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് നിര്‍ദേശിച്ചത്. 

ഡോ. എം കുഞ്ഞാമൻ - ഒരു പഴയകാല ചിത്രം
ഡോ. എം കുഞ്ഞാമൻ - ഒരു പഴയകാല ചിത്രം

അദ്ദേഹവുമായുള്ള അടുപ്പമാണ് കേരളത്തിലെ ദളിത്‌-ആദിവാസി സമൂഹത്തെക്കുറിച്ച് പുതിയ ധാരണകള്‍ വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ എനിക്ക് ലഭിക്കാനുള്ള മുഖ്യകാരണം. അദ്ദേഹത്തിന്റെ എം ഫില്‍ അസാധാരണമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടതായിരുന്നു. പക്ഷെ കേരളത്തിലെ ബൗദ്ധിക സാഹചര്യം ഒരു ദളിത്‌ പണ്ഡിതനെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നത്‌ കഴിഞ്ഞ നാല് ദശാബ്ദമായി നാം കാണുകയായിരുന്നു. വ്യക്തിപരമായി, കുടുംബപരമായി ഒക്കെ അദ്ദേഹം കടന്നുപോയ വിഷമകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഒപ്പം നിൽക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടും സംസാരിച്ചും ആ മനസ് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹവും ഞാനും ഏതാണ്ട് ഒരേ സമയത്താണ് കേരളം വിട്ടത്. അതിനുശേഷമാണ് ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഇല്ലാതായത്. 

ഡോ: എം കുഞ്ഞാമൻ എന്ന ധിഷണാശാലിയെപ്പറ്റി കേരളീയസമൂഹം കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരേസമയം, ഇടതുപക്ഷത്തിന് അകത്തും പുറത്തുമായി സ്വയം കണ്ടെത്തിയ സ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളുടെ അടിസ്ഥാനം. ആദിവാസി സമരം മാത്രമല്ല, അതിനു നിമിത്തമാകുന്ന കാരണങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ പഠനംപോലും ചിലപ്പോൾ ഒദ്യോഗികമായ ശത്രുത സൃഷ്ടിക്കുമെന്നത് അക്കാലത്തു കുഞ്ഞാമൻ സാർ ഓർത്തിരുന്നില്ല

ഡോ: എം കുഞ്ഞാമൻ എന്ന ധിഷണാശാലിയെപ്പറ്റി കേരളീയസമൂഹം കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരേസമയം, ഇടതുപക്ഷത്തിന് അകത്തും പുറത്തുമായി സ്വയം കണ്ടെത്തിയ സ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളുടെ അടിസ്ഥാനം. ആദിവാസി സമരം മാത്രമല്ല, അതിനു നിമിത്തമാകുന്ന കാരണങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ പഠനംപോലും ചിലപ്പോൾ ഒദ്യോഗികമായ ശത്രുത സൃഷ്ടിക്കുമെന്നത് അക്കാലത്തു കുഞ്ഞാമൻ സാർ ഓർത്തിരുന്നില്ല. ജനാധിപത്യത്തിനുള്ളിലാണെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടി യുദ്ധസമാനമായ പ്രതിരോധസന്നാഹങ്ങളുമായാണ് എപ്പോഴും നിലകൊള്ളുന്നത്. പുറത്തുനിന്നുള്ള വിമർശനങ്ങൾ ശത്രുവിനെയാണ് സഹായിക്കുകയെന്ന പൊതുനിലപാട് ഉള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടികൾ തുടക്കംമുതൽ കുറച്ചൊക്കെ അബ്‌സേർഡ് ആയ “സ്വയം വിമർശനം” എന്ന പരികൽപ്പന കൊണ്ടുവരുന്നത്. പാർട്ടിക്ക് തെറ്റുപറ്റാം, അത് മറ്റാരെയുംകാൾ നന്നായി പാർട്ടിക്കാണ് മനസ്സിലാവുകയെന്ന ധാരണയാണ് ഇതിന്റെ അടിസ്ഥാനം. ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ  അദ്ദേഹവുമായി സംവദിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ദാർശനിക- രാഷ്ട്രീയ പരിണാമങ്ങളുടെ ബോധ്യങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്നത് ആ സഹവാസത്തിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ അടുത്തകാലത്തെ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ ശാന്തമായും അക്കാദമിക്കായും  മനസിലാക്കാൻ ശ്രമിക്കേണ്ടവയാണെന്നതാണ് എന്റെ അഭിപ്രായം. അടങ്ങാത്ത ഒരു പ്രക്ഷോഭകാരി അദ്ദേഹത്തിൽ എക്കാലവുമുണ്ടായിരുന്നു.  

ഡോ. എം കുഞ്ഞാമൻ: പ്രക്ഷോഭകാരിയായ അധ്യാപകൻ   
കെ കെ കൊച്ചിന്റെയും എം കുഞ്ഞാമന്റെയും ജീവിതാനുഭവങ്ങളെ ഭയക്കുന്ന വ്യാജ മാര്‍ക്‌സിസ്റ്റുകളുടെ ചരിത്ര ബോധം

ഔപചാരികമായി അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നില്ലെ ങ്കിലും  ഞാന്‍ സാമ്പത്തികശാസ്ത്രം അഭ്യസിച്ച സ്ഥാപനത്തിലെ അദ്ധ്യാപകന്‍ എന്ന നിലയില്‍, ഞാൻ ഗവേഷണം  ചെയ്ത സ്ഥാപനത്തിലെ മുതിർന്ന ഗവേഷകൻ എന്ന നിലയിൽ, യോജിച്ചുള്ള നിരവധി പ്രവർത്തനങ്ങളിലെ സഖാവും സഹോദരനുമെന്ന നിലയിൽ അദ്ദേഹം വളരെക്കാലം യാതൊരു മടിയുമില്ലാതെ  സ്വന്തം അറിവിന്റെ ഭണ്ഡാരം എനിക്കുവേണ്ടിക്കൂടി തുറന്നുതന്നിട്ടുണ്ട്. അവസാനകാലത്തെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടൽ ‘എതിര്’ എന്ന ആത്മകഥാരചനയായിരുന്നു. അതിലൂടെ ഡോ. കുഞ്ഞാമൻ  കേരളീയ പൊതുമണ്ഡലത്തിന്റെതന്നെ അധ്യാപകനായി മാറി എന്നതാണ് വാസ്തവം. ആ ആത്മകഥ പഠിപ്പിച്ച അത്രയും  കേരളീയ സമൂഹത്തെ മറ്റാരും ഈ അടുത്തകാലത്ത് പഠിപ്പിച്ചിട്ടില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഗുരുതുല്യമായ ഓർമകൾ എക്കാലത്തും സാമൂഹിക നീതിയുടെയും ജനാധിപത്യവല്ക്കരണത്തിന്റെയും നവസാമൂഹികതയുടെയും പാഠങ്ങൾക്കൊപ്പം നമ്മുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

logo
The Fourth
www.thefourthnews.in