കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ

കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ

മലയാള സിനിമയിൽ സാങ്കേതിക പരീക്ഷണങ്ങളുടെ രാജാവായിരുന്ന നവോദയ അപ്പച്ചന്റെ ജന്മശതാബ്ദിയാണ് ഇന്ന്

മലയാള സിനിമയ്ക്ക് ഒരു അപ്പച്ചനേയുള്ളൂ, മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ് എന്ന ആലപ്പുഴ പുളിങ്കുന്നുകാരൻ 'അപ്പച്ചൻ'. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അദ്ദേഹം നവോദയ അപ്പച്ചൻ എന്നറിയപ്പെട്ടു.

മലയാള ചലച്ചിത്ര രംഗത്തെ ഓരോ പരിഷ്‌കാരവും അദ്ദേഹത്തിന് പുത്തൻ വിശേഷണങ്ങൾ ചാർത്തിക്കൊടുത്തു. ഉദയാ അപ്പച്ചൻ, നവോദയാ അപ്പച്ചൻ, സിനിമാസ്‌കോപ്പ് അപ്പച്ചൻ, പടയോട്ടം അപ്പച്ചൻ ,കുട്ടിച്ചാത്തൻ അപ്പച്ചൻ, ഒടുവിൽ കിഷ്‌കിന്ധ അപ്പച്ചൻ എന്നിങ്ങനെ. ലോകനിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യകൾ പലതും ആദ്യമായി അവതരിപ്പിച്ചതിന് ഇന്ത്യൻ സിനിമാരംഗം ഈ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കുന്നു. ബ്രഹ്മാണ്ഡ ചിത്രങ്ങളെടുത്ത തമിഴിലെ ഷങ്കറിനോ തെലുങ്കിലെ രാജമൗലിക്കോ ലഭിച്ച സൗകര്യങ്ങളൊന്നും സ്വപ്നം കാണാൻപോലും കഴിയാതിരുന്ന ഒരു കാലത്താണ് കൊച്ചുമലയാളത്തിൽ സിനിമാസ്‌ക്കോപ്പും 70 എം എമുമൊക്കെ ആദ്യമായി അവതരിപ്പിച്ച് അപ്പച്ചൻ ചരിത്ര വിജയം നേടി മുന്നേറിയത്.

ഇന്ത്യയിൽ ആദ്യമായി 3ഡി ചലച്ചിത്രം അവതരിപ്പിച്ചത് ആരാണ്? പൂർണമായി ഇന്ത്യയിൽ പൂർത്തികരിച്ച ആദ്യ 70 എംഎം ചിത്രം നിർമിച്ചത് ആരാണ്? മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്? കോടതിയുടെ ആവശ്യപ്രകാരം ഒരു സിനിമ എറ്റെടുത്ത് പൂർത്തിയാക്കിയ നിർമ്മാതാവ് ആരാണ്? മത്സര പരീക്ഷകളിൽ നിത്യസാന്നിധ്യമായ ഈ ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ: നവോദയ അപ്പച്ചൻ!

കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ
കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും
ബ്രഹ്മാണ്ഡ ചിത്രങ്ങളെടുത്ത തമിഴിലെ ഷങ്കറിനോ തെലുങ്കിലെ രാജമൗലിക്കോ ലഭിച്ച സൗകര്യങ്ങളൊന്നും സ്വപ്നം കാണാൻപോലും കഴിയാതിരുന്ന ഒരു കാലത്താണ് കൊച്ചുമലയാളത്തിൽ സിനിമാസ്‌ക്കോപ്പും 70 എം എമുമൊക്കെ ആദ്യമായി അവതരിപ്പിച്ച് അപ്പച്ചൻ ചരിത്ര വിജയം നേടി മുന്നേറിയത്

നൂറ് വർഷം മുൻപ് ആലപ്പുഴയിൽ ബ്രിട്ടിഷുകാരുടെതല്ലാത്ത ആദ്യത്തെ കയർ ഫാക്ടറി പുളിങ്കുന്നിലെ കണ്ണാടി എന്ന സ്ഥലത്ത് സ്ഥാപിച്ച വ്യക്തിയായിരുന്നു അപ്പച്ചന്റെ പിതാവ് മാളിയംപുരയ്ക്കൽ മാണി ചാക്കോ. ആലപ്പുഴയിൽ ആദ്യമായി നെൽകൃഷിക്ക് വെള്ളം വറ്റിക്കാൻ ചക്രത്തിന് പകരം എൻജിൻ കൊണ്ടുവന്നതും പുളിങ്കുന്ന് ചന്തയിൽ ഒരു നുറ്റാണ്ട് മുൻപ് നെല്ലു കുത്ത് മില്ല് സ്ഥാപിച്ചതും കൽക്കരികൊണ്ട് ഓടുന്ന അക്കാലത്തെ തീബോട്ടുകളെ നിഷ്പ്രഭമാക്കി ആദ്യമായി മണ്ണെണ്ണ ഉപയോഗിച്ച് ഓടുന്ന ബോട്ടുകൾ നിർമിച്ച് കായലിൽ ഇറക്കിയതുമൊക്കെ ഈ സാഹസികനായിരുന്നു. ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിക്കുള്ള ആദ്യ സർവീസ്‌ ബോട്ട് 'സെന്റ് മേരി' ചാക്കോ നിർമിച്ച് നീറ്റിലിക്കറിയതായിരുന്നു.

ബഹുമുഖപ്രതിഭയായ പിതാവിന്റെ കഴിവുകൾ പൈതൃകമായി പകർന്ന് കിട്ടിയ മകനായിരുന്നു അപ്പച്ചൻ. അത് നന്നായി ഉപയോഗിച്ചത് ചലച്ചിത്ര രംഗത്തായതിനാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാങ്കേതിക മികവുള്ള ചിത്രങ്ങൾ ആദ്യമായി മലയാള സിനിമകളായി പുറത്തുവന്നു

കാലത്തിന് മുൻപേ ചിന്തിച്ച് പദ്ധതികൾ പ്രാവർത്തികമാക്കിയ വ്യവസായിക പ്രതിഭയായിരുന്നു മാണി ചാക്കോ. അക്കാലത്ത് മാണി ചാക്കോയെപ്പോലെ വേറിട്ട് ചിന്തിച്ച ഒരേയൊരു പ്രതിഭയേ മധ്യകേരളത്തിലുണ്ടായിരുന്നുള്ളൂ, മലയാള മനോരമയുടെ മാമ്മൻ മാപ്പിള. അദ്ദേഹം ചിന്തിച്ചതും സ്ഥാപിച്ചതും ഇൻഷുറൻസ്, ബാങ്ക്, റബർ ഫാക്ടറി തുടങ്ങിയ വൻകിടസംരംഭങ്ങളായിരുന്നുവെന്ന് മാത്രം.

കുഞ്ചാക്കോയും അപ്പച്ചനും
കുഞ്ചാക്കോയും അപ്പച്ചനും കടപ്പാട് നവോദയ സ്റ്റുഡിയോ

ബഹുമുഖപ്രതിഭയായ പിതാവിന്റെ കഴിവുകൾ പൈതൃകമായി പകർന്ന് കിട്ടിയ മകനായിരുന്നു അപ്പച്ചൻ. അത് നന്നായി ഉപയോഗിച്ചത് ചലച്ചിത്ര രംഗത്തായതിനാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാങ്കേതിക മികവുള്ള ചിത്രങ്ങൾ ആദ്യമായി മലയാള സിനിമകളായി പുറത്തുവന്നു. 1947-ൽ ആലപ്പുഴയിലെ പാതിരാപ്പളിയിൽ തന്റെ പൂട്ടിക്കിടന്ന കയർ ഫാക്ടറിയുടെ വലിപ്പമുള്ള ഷെഡുകൾ ഷൂട്ടിങ്ങ് ഫ്‌ളോറായി ഉപയോഗിച്ച് അപ്പച്ചന്റെ സഹോദരൻ മാളിയംപുരയ്ക്കൽ ചാക്കോ കുഞ്ചാക്കോ ആരംഭിച്ച സ്ഥാപനമാണ് പ്രശസ്തമായ ' ഉദയ സ്റ്റുഡിയോ'. അന്നത്തെ തലയെടുപ്പുള്ള കമ്യൂണിസ്റ്റ് നേതാവായ ടി വി തോമസുമായൊക്കെ അടുത്ത ബന്ധം പുലർത്തിയ കുഞ്ചാക്കോയും പുതിയ പദ്ധതികൾ സ്വപ്നം കണ്ടു നടപ്പിലാക്കുന്ന വ്യക്തിയായിരുന്നു. ഒരിക്കൽ, ആലപ്പുഴ ജില്ലകളിലെ മുഴുവൻ കള്ളുഷാപ്പുകളും ഒറ്റയ്ക്ക് ലേലത്തിൽ പിടിച്ച് നാട്ടുകാരെയും അബ്കാരികളെയും സ്വന്തം കുടുംബക്കാരെയും ഞെട്ടിച്ചു കുഞ്ചാക്കോ മുതലാളി.

സിനിമ പോലെ വൻ മുതൽമുടക്കുള്ള വ്യവസായത്തിൽ നയവും വിട്ടുവീഴ്ചയും അനിവാര്യമാണ്. അതൊന്നും തനിക്ക് വശമില്ലെന്ന് സ്വയം തിരിച്ചറിഞ്ഞതിനാൽ ഉദയ സ്റ്റുഡിയോ നടത്തിപ്പ് അനുജനായ അപ്പച്ചനെ എൽപ്പിച്ചു കുഞ്ചാക്കോ. 1949 മുതലുള്ള 30 വർഷം മലയാള സിനിമ അടക്കിവാണത് ഉദയാ സ്റ്റുഡിയോയായിരുന്നു.

സ്‌കൂൾ പഠനകാലത്ത് പുരോഹിതനാകാൻ തയ്യാറെടുത്ത ആളാണ് അപ്പച്ചൻ. അതിനാൽ പക്വതയും നയത്തിലും സമാധാനത്തിലും കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സ്വഭാവികമായും കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വെള്ള ജുബ്ബയും മുണ്ടും സ്ഥിരം വേഷമായി സ്വീകരിച്ച, കുലീനമായ പെരുമാറ്റവും സൗമ്യമായ സംസാരവും കൈമുതലായി ഉണ്ടായിരുന്ന സാത്വികൻ.

കടത്തനാടന്‍ മാക്കം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നവോദയ അപ്പച്ചനും അണിയറ പ്രവര്‍ത്തകരും
കടത്തനാടന്‍ മാക്കം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നവോദയ അപ്പച്ചനും അണിയറ പ്രവര്‍ത്തകരും കടപ്പാട് നവോദയ സ്റ്റുഡിയോ
സിനിമകൾ നിർമിച്ച്, മലയാളികളുടെ സിനിമാ കാഴ്ചയ്ക്ക് അടിത്തറയിട്ടത് ഉദയയായിരുന്നു. നിർമാതാക്കൾക്ക് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങാനുള്ള പ്രചോദനം നൽകിയതും ഉദയാ ചിത്രങ്ങൾ തന്നെ. മലയാള സിനിമയുടെ ശൈശവത്തിൽ തന്നെ ഇടവേളകളില്ലാതെ ഉദയാ സിനിമകൾ ഇറങ്ങാൻ തുടങ്ങിയതോടെയാണ് മലയാളചലച്ചിത്ര രംഗം സജീവമാകാൻ തുടങ്ങിയത്

ഒരോ സിനിമ റിലീസാകുമ്പോഴും എന്തെങ്കിലും പുകിലുണ്ടാവും, അല്ലെങ്കിൽ കോടതി കേസുകൾ. അതൊന്നും ചില്ലറ കേസുകളായിരുന്നില്ല. ജീവിത നൗകയിൽ ' മഗ്ദലന മറിയം ' മഹാകാവൃത്തിലെ വരികൾ അധികം ചേർത്തത്തിന് വള്ളത്തോളുമായി കേസ്'. അപകീർത്തി പ്രചരിപ്പിച്ചതിന് 'സരസൻ' മാസികയുമായി കേസ്. ഉമ്മ എന്ന ചിത്രത്തിന്റെ അനുവദിച്ചതിൽ കൂടുതൽ ഫിലിം പ്രിന്റ് എടുത്തതിന്റെ പേരിൽ സെൻട്രൽ എക്‌സൈസുമായി മറ്റൊരു കേസ്. കൊടുങ്ങല്ലൂരമ്മ പടം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൻ ചിത്രീകരിച്ചതിന് വിശ്വാസികളുമായി കേസ് ഇങ്ങനെ നിരവധി നിയമവ്യവഹാരങ്ങൾ കുരുക്കിട്ടതായിരുന്നു ഉദയായുടെ സിനിമ വ്യാപാരം. എന്നാൽ, ഒരു കേസിലും ശിക്ഷിക്കപ്പെടാതെ ഉദയ മുന്നോട്ടുകുതിച്ചു. ഇതിന്റെയൊക്കെ വിജയത്തിനു പിന്നിൽ അപ്പച്ചനെന്ന വ്യക്തിയുടെ ക്ഷമയും സഹനശക്തിമായിരുന്നു ബുദ്ധിയുമായി പ്രവർത്തിച്ചത്.

സിനിമകൾ നിർമിച്ച്, മലയാളികളുടെ സിനിമാ കാഴ്ചയ്ക്ക് അടിത്തറയിട്ടത് ഉദയയായിരുന്നു. നിർമാതാക്കൾക്ക് ചലച്ചിത്ര മേഖലയിലേക്ക് ഇറങ്ങാനുള്ള പ്രചോദനം നൽകിയതും ഉദയാ ചിത്രങ്ങൾ തന്നെ. മലയാള സിനിമയുടെ ശൈശവത്തിൽ തന്നെ ഇടവേളകളില്ലാതെ ഉദയാ സിനിമകൾ ഇറങ്ങാൻ തുടങ്ങിയതോടെയാണ് മലയാളചലച്ചിത്ര രംഗം സജീവമാകാൻ തുടങ്ങിയത്. ഉദാഹരണമായി, മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരൻ 1928 ലാണ് വരുന്നത്. അഞ്ച് കൊല്ലം കഴിഞ്ഞാണ് അടുത്ത ചിത്രം 'മാർത്താണ്ഡവർമ്മ' ഇറങ്ങിയത്. 1938ലാണ് ' ബാലൻ' റിലീസ് ആവുന്നത്. 1949 വരെ ആകെ ഇറങ്ങിയ മലയാള ചലച്ചിത്രങ്ങൾ വെറും ആറെണ്ണമായിരുന്നു. എന്നാൽ ഉദയ വന്നതോടെ വർഷത്തിൽ അവരുടെ ഒരു ചിത്രം വരാൻ തുടങ്ങി. പിന്നീട് അത് ഒന്നിൽ കൂടുതലായി. അങ്ങനെ മലയാള ചലച്ചിത്ര മേഖല പതുക്കെ സജീവമായി. പുതിയ ബാനറുകൾ വന്നു. മലയാള ചലച്ചിത്രനിർമാണം ഒരു വ്യവസായ മേഖലയായി വളർന്നു.

കാലത്തിന് മുൻപേ നടന്ന നവോദയ അപ്പച്ചൻ
സാഹസിക പത്രപ്രവർത്തനം ചിട്ടയാക്കിയ ബ്ലിറ്റ്സും കരഞ്ചിയയും

വല്ലപ്പോഴും പടങ്ങൾ ഇറങ്ങിയിരുന്ന കാലത്ത് മലയാള ചലച്ചിത്ര രംഗത്തെ നടന്മാരും മറ്റ് സിനിമാ പ്രവർത്തകരുമടക്കം ഒരു കൂട്ടം പേർ പട്ടിണിയില്ലാതെ കുടുംബം നടത്തിയത് ഉദയ ചിത്രങ്ങൾ നിർമിച്ചതിനാലായിരുന്നു. അങ്ങനെയൊരു രേഖപ്പെടുത്താത്ത ഒരു സാമൂഹിക വശം കൂടി ഉദയയുടെ ചരിത്രത്തിനുണ്ട്.

ഒരു മലയാള സിനിമയുടെ പതിപ്പുകൾ ആദ്യമായി മറ്റ് ഭാഷകളിൽ നിർമിച്ചത് കുഞ്ചാക്കോയായിരുന്നു. 1950 ൽ പുറത്തിറങ്ങിയ ' ശശിധരൻ ബി എ'യുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ കുഞ്ചാക്കോ നിർമിച്ചു. 1975 ജൂൺ 25ന് കുഞ്ചാക്കോ മദ്രാസിൽവെച്ച് അന്തരിച്ചതോടെ ഉദയയുടെ നല്ല നാളുകൾ അസ്തമിച്ചു.

വടക്കൻ പാട്ട് പ്രമേയമായ ബിഗ് ബജറ്റ് ചിത്രമായ 'കണ്ണപ്പനുണ്ണി' ഉദയാ അനൗൺസ് ചെയ്ത് പ്രാരംഭ ജോലികൾ നടക്കുമ്പോഴാണ് കുഞ്ചാക്കോ മരിക്കുന്നത്. അപ്പച്ചനാണ് രണ്ട് വർഷത്തിനുശേഷം ചിത്രം പൂർത്തിയാക്കി തിയേറ്ററിലെത്തിച്ചത്. 15 ലക്ഷം രൂപയായിരുന്നു ബജറ്റ്. ഗൾഫിൽ ഉദയാ ചിത്രങ്ങൾ വിതരണത്തിനായി സമീപിച്ച ഒരു ഗൾഫ് മലയാളിയിൽ നിന്ന് ഏഴ് ലക്ഷം വാങ്ങിയാണ് ചിത്രത്തിന്റെ പ്രാരംഭ ജോലി തുടങ്ങിയത്. മലയാള ചിത്രങ്ങൾക്ക് ഗൾഫിലെ മാർക്കറ്റ് ആദ്യമായി അവിടെയുള്ള ചലച്ചിത്രമേഖല ശ്രദ്ധിക്കുന്നത് ഈ ചിത്രം മുതലാണ്.

കുഞ്ചാക്കോ
കുഞ്ചാക്കോ

കാൽ നൂറ്റാണ്ടത്തെ നടത്തിപ്പിനുശേഷം ഉദയ അതിന്റെ യഥാർത്ഥ അവകാശികൾക്ക് കൈമാറി അപ്പച്ചൻ സ്വന്തം പ്രസ്ഥാനമാരംഭിച്ചു. പത്രങ്ങൾ വഴി പേര് ക്ഷണിച്ച് മത്സരം നടത്തിയാണ് പുതിയ സ്റ്റുഡിയോക്ക് പേരിട്ടത്. നവോദയ എന്ന പേര് നിർദേശിച്ച വിജയിക്ക് സമ്മാനമായി 1000 രൂപ നൽകി. ഉദയായിൽനിന്ന് നവോദയിലേക്കുള്ള പരിണാമം ലോകമറിയാനും നവോദയ ജനങ്ങളുടെ മനസ്സിൽ പതിയാനും ഉപയോഗിച്ച പഴയ ഉദയാ അപ്പച്ചൻ ട്രിക്കായിരുന്നു അത്.

ഒരു ചലച്ചിത്രത്തിന്റെ ഇടവേള കഴിഞ്ഞ് അടുത്ത പകുതി തുടങ്ങും പോലെ 52-ാം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം അപ്പച്ചൻ അഭിനയിച്ചു തുടങ്ങി. കടത്തനാട്ട് മാക്കമായിരുന്നു നവോദയുടെ ആദ്യ ചിത്രം. സംവിധാനം അപ്പച്ചൻ. പടം പണം വാരിയെങ്കിലും അപ്പച്ചൻ തൃപ്തനായില്ല. അപ്പച്ചന്റെ മക്കൾ ജിജോ, ജോസ് എന്നിവർ അദ്ദേഹത്തിന്റെ ഇടവും വലവും ഏല്ലാ കാര്യങ്ങൾക്കും ഒപ്പുണ്ടായിരുന്നു. സിനിമയിലെ സാങ്കേതിക വളർച്ചയിൽ അതീവ തൽപ്പരനായിരുന്ന ജിജോ സിനിമയിലെ' ഒപ്ടിക്‌സ്' നെ കുറിച്ചും ലോക സിനിമയിലെ സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചും അറിവുള്ളയാളായിരുന്നു.

മോഹന്‍ലാലിനൊപ്പം ജിജോ പുന്നൂസ്
മോഹന്‍ലാലിനൊപ്പം ജിജോ പുന്നൂസ്
മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം ' തച്ചോളി അമ്പു' 1978 ഒക്ടോബറിൽ റിലിസായി. 75 ദിവസം പ്രദർശന കേന്ദ്രങ്ങളിൽ നിറഞ്ഞോടി. വമ്പിച്ച ലാഭം ലഭിച്ചു. കേരളത്തിലെ തിയേറ്ററുകൾ ആധുനിക വൽക്കരണത്തിലേക്ക് കുതിക്കാൻ തച്ചോളി അമ്പു സിനിമാ സ്‌കോപ്പ് ചിത്രം കാരണമായി

തന്റെ അടുത്ത പടം വൃത്യസ്തമായിരിക്കണമെന്നും സാങ്കേതികമായി ആരും ചെയ്യാത്ത പടമായിരിക്കണമെന്ന അപ്പച്ചന്റെ തീരുമാനം മലയാള ചലച്ചിത്ര രംഗത്തിന്റെ മാത്രമല്ല തിയേറ്ററുകളുടെയും തലവര മാറ്റിയെഴുതി. ആദ്യത്തെ മലയാള സിനിമാ സ്‌കോപ്പ് ചിത്രം നിർമിക്കുക എന്നതായിരുന്നു ആ പദ്ധതി. ഇത്തരം സാങ്കേതികവിദ്യകളെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള അറിവുള്ള മകൻ ജിജോ ഉള്ളപ്പോൾ ഇത്തരം വലിയ റിസ്‌ക് എടുക്കാൻ അപ്പച്ചന് ഒട്ടും മടിയില്ലായിരുന്നു. 1959 ൽ ഗുരു ദത്ത് സംവിധാനം ചെയ്ത ഹിന്ദിലെ 'കാകസ്‌കാഫൂൽ' ആണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. അപ്പച്ചന്റെ മുന്നിൽ വെല്ലുവിളികൾ പലതായിരുന്നു. നാൽപ്പത്തിയാറ് കൊല്ലം മുൻപ് കേരളത്തിലെ തിയേറ്റുകളുടെ എണ്ണം 800 ആണ്. സിനിമാ സ്‌കോപ്പ് ചിത്രം പ്രദർശിപ്പിക്കാവുന്ന വിരലിലെണ്ണാവുന്നതും. പക്ഷേ, ജിജോയ്ക്ക് സംശയമൊന്നുമില്ലായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം ' തച്ചോളി അമ്പു' 1978 ഒക്ടോബറിൽ റിലിസായി. 75 ദിവസം പ്രദർശന കേന്ദ്രങ്ങളിൽ നിറഞ്ഞോടി. വമ്പിച്ച ലാഭം ലഭിച്ചു. കേരളത്തിലെ തിയേറ്ററുകൾ ആധുനിക വൽക്കരണത്തിലേക്ക് കുതിക്കാൻ തച്ചോളി അമ്പു സിനിമാ സ്‌കോപ്പ് ചിത്രം കാരണമായി. പല തിയേറ്ററുകളും പൊളിച്ച് പുനഃനിർമിക്കപ്പെട്ടു. കേരളത്തിൽ തിയറ്ററുകൾ 800 ൽ നിന്ന് ആയിരമായി വർധിച്ചു.

തച്ചോളി അമ്പുവില്‍ ശിവാജി ഗണേശനും പ്രേംനസീറും
തച്ചോളി അമ്പുവില്‍ ശിവാജി ഗണേശനും പ്രേംനസീറും

ശിവാജി ഗണേശൻ അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമാണ് തച്ചോളി അമ്പു. ഒതേനനായി അഭിനയിച്ച ശിവാജി ഗണേശന് അങ്കത്തട്ടിൽ പരുക്കേറ്റ് കൈയൊടിഞ്ഞു. മദ്രാസിൽ തന്നെ കാണാനെത്തിയ അപ്പച്ചനോട് ശിവാജി പറഞ്ഞു.''എൻ രക്തം വീണാൾ അന്ത പടം 100 ദിവസം കട്ടായം ഓടും,'' അത് യാഥാർത്ഥ്യമായി.

മാമാങ്കം, തീക്കടൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നീ ചിത്രങ്ങൾക്കുശേഷമാണ് 1982 ൽ ഇന്ത്യൻ ചലച്ചിത്രരംഗത്ത് നാഴികക്കല്ലായി മാറിയ, മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഇന്ത്യയിൽ ആദ്യമായി പൂർത്തീകരിച്ച 70 എം.എം ചിത്രമായ ''പടയോട്ടം ' നവോദയ നിർമിക്കുന്നത്. വിഖ്യതമായ ക്ലാസിക്ക് അലക്‌സാണ്ടർ ഡ്യൂ മാസിന്റെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ കഥയെ അടിസ്ഥാനമാക്കി എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതി. പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതിലെ അറേക്കാട്ട് അമ്പാടി തമ്പാൻ. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമാണ് പടയോട്ടം.

മലയാളത്തിലെ ആദ്യത്തെ സിക്‌സ് ട്രാക്ക് സ്റ്റീരിയോ സൗണ്ട് ചിത്രമായ പടയോട്ടത്തിലെ സൗണ്ട് ഇഫക്റ്റുകൾ സംവിധായകനായ ജിജോയുടെ നേതൃത്വത്തിൽ ഒരു മാസം കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്തത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ക്യാമറകളും പ്രത്യേക തരം ' കുതിരക്കുളമ്പടിയൊക്കെ പ്രത്യേക ഇഫക്റ്റ് ആയിരുന്നു. ദൂരെനിന്ന് വരുന്ന കുതിരക്കുളമ്പടി ശബ്ദം തൊട്ടടുത്ത് വന്ന് പ്രേക്ഷകനെ തൊട്ട് പോകുന്നതൊക്കെ ഫീൽ ചെയ്തപ്പോൾ തിയേറ്ററിലുള്ളവർ തരിച്ചിരുന്നു.

കടപ്പാട് നവോദയ സ്റ്റുഡിയോ

70 എംഎൺ പ്രിന്റ് നാലെണ്ണം മാത്രം എടുത്തു. തിരുവനന്തപുരം, എറണാകുളം തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ മാത്രമേ 70 എംഎം പ്രൊജക്റ്റ് ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ജിജോയും സിനിമയുടെ സാങ്കേതിക വിദഗ്ധരും നേരിട്ട് ചെന്ന് തിയേറ്റുകൾ സന്ദർശിച്ച് പ്രേക്ഷകർക്ക് മികച്ച സാങ്കേതിക നിലവാരമുള്ള ആസ്വാദനം ഉറപ്പുവരുത്തി. മലമ്പുഴയിൽ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തു. മാസങ്ങൾ അധ്വാനിച്ചാണ് ചിത്രത്തിലെ ' ഒഴുകുന്ന കൊട്ടാരം' കലാസംവിധായകൻ എസ് കോന്നാട്ട് പൂർത്തിയാക്കിയത്. ഹെലികോപ്റ്ററിൽ പറന്ന് ആകാശത്തിൽ നിന്നാണ് ഛായഗ്രഹാകൻ രാമചന്ദ്രബാബു ചില രംഗങ്ങൾ പകർത്തിയത്. സംവിധായകൻ ജിജോ വലിയ രീതിയിയിൽ ചിന്തിക്കുന്ന വ്യക്തിയായിരുന്നു. കൃത്യമായ പ്ലാനിങ്ങും ചിട്ടയായ ഷൂട്ടിങ്ങും. അതിനാൽ ഇത്തരമൊരു വലിയ സങ്കീർണമായ സംരഭം പരിപൂർണമായി വിജയിച്ചു.

പടയോട്ടത്തിലെ ഒഴുകുന്ന കൊട്ടാരം
പടയോട്ടത്തിലെ ഒഴുകുന്ന കൊട്ടാരം

മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രത്തിലൂടെ ലെൻസിന്റെയും ശബ്ദവീചികളുടെയും അസാധാരണ പടയോട്ടം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ച തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ഒരിക്കൽ അപ്പച്ചനെ കുറിച്ച് എഴുതിയിട്ടുണ്ട്.

' ഏത് ലൊക്കേഷൻ വേണം?

പറഞ്ഞോളൂ

ക്യാമറാമാന് ഏത് ലെൻസ് വേണം

പറഞ്ഞോളൂ

എത് ലൈറ്റ് വേണം

പറഞ്ഞോളൂ

അതാണ് നവോദയ അപ്പച്ചൻ.

എല്ലാം നിശബ്ദം കേൾക്കും. ചില ചോദ്യങ്ങൾ, ചില ഉത്തരങ്ങൾ. തീരുമാനം എടുത്താൽ അത് തീരുമാനമാണ്. നിവർത്തിച്ചിരിക്കും.ആ തീരുമാനങ്ങൾ ചലച്ചിത്രങ്ങളായി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി ഇന്ന് നിലനിൽക്കുന്നു.

1953 ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ആദ്യ 3ഡി ചിത്രമായ ' ഹൗസ് ഓഫ് വാക്‌സ്' നിർമിച്ച ചിക്കാഗോക്കാരനായ ക്രിസ് കോണ്ടോവിനായിരുന്നു വൈഡ് സ്‌ക്രീൻ 3ഡി ലെൻസിന്റെ നിർമാണത്തിന്റെ പേറ്റന്റ്. അയാളെ അമേരിക്കയിൽ ചെന്ന് കണ്ടു. താങ്ങാനാവാത്ത വിലയായിരുന്നു 3ഡി ലെൻസിന്. ഒടുവിൽ ചെറിയ മാർക്കറ്റുള്ള ചെറിയ സ്ഥലമായ കേരളത്തിൽ ആദ്യമായി ചിത്രീകരിക്കുന്ന 3ഡി ചലച്ചിത്രം എന്ന നിലയ്ക്ക് ക്രിസ് കോൺ ഒരു ലെൻസ് വില കുറച്ചുനൽകാൻ തയ്യാറായി.

പടയോട്ടത്തിന്റെ ക്യാമറമാൻ രാമചന്ദ്രബാബു കൊടുത്ത അമേരിക്കൻ സിനിമോട്ടോഗ്രാഫി മാസികയിൽ നിന്നാണ് ജിജോയുടെ മാസ്റ്റർ പീസായ ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്തൻ' പിറവിയെടുക്കുന്നത്. ജീവിതത്തിൽ ഒരു 3ഡി ചിത്രം പോലും അന്ന് വരെ കാണാത്ത ജിജോ അതിന്റെ സാങ്കേതിക കാര്യങ്ങളിൽ നല്ല അറിവുള്ള ആളായിരുന്നു. നേരെ ലോസ് ആഞ്ചലസിൽ പോയി ജിജോ ഇതിന്റെ സംവിധാനം പഠിച്ചു. 1983 ൽ സ്പിൽ ബർഗിന്റെ 'ജാസ്സ്' എന്ന ഹിറ്റ് പടത്തിന്റെ മൂന്നാം ഭാഗം 3ഡി യായി പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തിന്റെ പ്രിന്റ് നവോദയിൽ ഇട്ട് കണ്ടതോടെ അപ്പച്ചൻ അസാധ്യമായ കാര്യം സാധ്യമാക്കാൻ തീരുമാനിച്ചു.

1953 ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ആദ്യ 3ഡി ചിത്രമായ ' ഹൗസ് ഓഫ് വാക്‌സ്' നിർമിച്ച ചിക്കാഗോക്കാരനായ ക്രിസ് കോണ്ടോവിനായിരുന്നു വൈഡ് സ്‌ക്രീൻ 3ഡി ലെൻസിന്റെ നിർമാണത്തിന്റെ പേറ്റന്റ്. അയാളെ അമേരിക്കയിൽ ചെന്ന് കണ്ടു. താങ്ങാനാവാത്ത വിലയായിരുന്നു 3ഡി ലെൻസിന്. ഒടുവിൽ ചെറിയ മാർക്കറ്റുള്ള ചെറിയ സ്ഥലമായ കേരളത്തിൽ ആദ്യമായി ചിത്രീകരിക്കുന്ന 3ഡി ചലച്ചിത്രം എന്ന നിലയ്ക്ക് ക്രിസ് കോൺ ഒരു ലെൻസ് വില കുറച്ചുനൽകാൻ തയ്യാറായി. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ രാജ്യമായ ഇന്ത്യയിൽ 3ഡി സിനിമ വിജയിച്ചാൽ പിന്നീട് തന്റെ കമ്പനി ലെൻസുകൾക്ക് അവിടെ നല്ല വിപണിയുണ്ടാകുമെന്ന വിശ്വാസമാണ് ക്രിസ് കോണിനെ ഇതിന് പ്രേരിപ്പിച്ചത്. ലെൻസ് ഉപയോഗിക്കാൻ നന്നായി അറിയുന്ന ലൈറ്റ് ബോയിയായ ഡേവിഡ് ഷ്മിയർ എന്നയാളിനെ ജിജോ ഇന്ത്യയിൽ വരുത്തി.

ഒരു കുട്ടിച്ചാത്തന്റെയും നാല് കുട്ടികളുടെയും ഒരു മന്ത്രവാദിയുടെയും കഥ രഘുനാഥ് പലേരി തിരക്കഥയാക്കി. തമിഴിലെ അന്നത്തെ ഏറ്റവും മികച്ച ക്യാമറമാൻ അശോക് കുമാറായിരുന്നു ഛായാഗ്രഹണം. കലാസംവിധായകൻ ശേഖർ തിരക്കഥ വായിച്ച് വരച്ച, സ്‌കെച്ച് ആണ് കുട്ടിച്ചാത്തന്റെ രൂപം. 90 നാൾ കൊണ്ട് ചിത്രം പൂർത്തിയാക്കി. 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനം ചിത്രീകരിക്കാൻ മാത്രം 14 ദിവസം എടുത്തു. ആകെ നിർമാണച്ചെലവ് 40 ലക്ഷം രൂപ. ഹിന്ദിയിൽ ജി പി സിപ്പി 3ഡി ചിത്രത്തിനു മുൻപ് തന്നെ കുട്ടിച്ചാത്തൻ റിലിസ് ചെയ്യണമെന്ന മത്സരബുദ്ധി ജിജോക്കുണ്ടായിരുന്നതിനാൽ ജോലികളെല്ലാം വേഗത്തിൽ പൂർത്തിയാക്കി. തിയേറ്റിലെ പ്രദർശനത്തിനും കുറെ കാര്യങ്ങൾ തയ്യാറാക്കണമായിരുന്നു. സിൽവർ സ്‌ക്രീൻ ഘടിപ്പിച്ച്, പ്രത്യേക തരത്തിലുള്ള കണ്ണടകൾ പ്രേക്ഷകർക്ക് നൽകണം. ഇവയൊക്കെ കൈാര്യം ചെയ്യാൻ അര ഡസൻ പേരെങ്കിലും ഒരു തിയേറ്ററിൽ വേണം. എല്ലാം അപ്പച്ചന്റെ മേൽനോട്ടത്തിൽ നടന്നു.

1984 ഓഗസ്റ്റ് 24 ന് ' കേരളത്തിലെ തിരഞ്ഞെടുത്ത 12 തിയേറ്ററുകളിൽ മൈ ഡിയർ കുട്ടിച്ചാത്തൻ' റിലീസ് ചെയ്തു. അതിന് മുൻപ് നിയമസഭാംഗങ്ങൾക്ക് വേണ്ടി മാത്രമായി ചിത്രാഞ്ജലിയിൽ പ്രദർശനം നടന്നു. മുഖ്യമന്ത്രി കെ കരുണാകരനും സ്പീക്കർ വക്കം പുരുഷോത്തമനും 3ഡി കണ്ണടകൾ പരസ്പരം കൈമാറിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

മൈ ഡിയർ കുട്ടിച്ചാത്തൻ കാണുന്ന നിയമസഭാംഗങ്ങൾ
മൈ ഡിയർ കുട്ടിച്ചാത്തൻ കാണുന്ന നിയമസഭാംഗങ്ങൾ
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചതും വിജയിച്ചതുമായ ചിത്രങ്ങളിലൊന്നാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യക്കും പുറത്തുമായി 5000 പ്രദർശനങ്ങളാണ് നടത്തിയത്

ത്രിഡി ചിത്രത്തെക്കുറിച്ച് പടത്തിന്റെ തുടക്കത്തിൽ പ്രേം നസീറിന്റെ ഹ്വസമായ വിവരണം ഉൾപ്പെടുത്തിയിരുന്നു. തമിഴിൽ രജനിയും തെലുങ്കിൽ ചിരഞ്ജീവിയും ഹിന്ദിയിൽ സാക്ഷാൽ അമിതാഭ് ബച്ചനും ഈ വിവരണം നൽകാനെത്തി. അപ്പച്ചനോടുള്ള ആദരവ് മൂലം ഇവരെല്ലാം പ്രതിഫലം വാങ്ങാതെയാണ് ഇത് ചെയ്തത്.

ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചതും വിജയിച്ചതുമായ ചിത്രങ്ങളിലൊന്നാണ്. ഇന്ത്യക്കും പുറത്തുമായി 5000 പ്രദർശനങ്ങളാണ് മൈ ഡിയർ കുട്ടിച്ചാത്തൻ നടത്തിയത്. അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് ചിത്രം കാണമെന്ന് ആഗ്രഹിച്ചപ്പോൾ രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പ്രദർശനം നടത്തി. അങ്ങനെ മലയാള സിനിമ രാഷ്ട്രപതി ഭവൻ വരെയെത്തി ബഹുമതി നേടി.

മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാല താരങ്ങൾ ദേശീയ അവാർഡ് നൽകിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിനോടൊപ്പം
മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാല താരങ്ങൾ ദേശീയ അവാർഡ് നൽകിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിനോടൊപ്പം

1990 ൽ കേരളത്തിലെ ഓറിയന്റൽ പണമിടപാട് കമ്പനി സാമ്പത്തിക കുഴപ്പത്തിൽ പെട്ട് തകർന്നപ്പോൾ നിക്ഷേപർക്ക് പണം തിരികെ നൽകാൻ, അതിന്റെ ഉടമയായ സാജൻ നിർമിച്ച കടത്തനാടൻ അമ്പാടിയെന്ന ചിത്രം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത് നവോദയ അപ്പച്ചനെയായിരുന്നു. ഇത്തരമൊരു ദൗത്യം പൂർത്തിയാക്കാൻ ഒരേയൊരു അപ്പച്ചനേയുള്ളൂ മലയാള സിനിമയിൽ ഉള്ളൂവെന്ന് കോടതി പോലും അംഗീകരിച്ച വസ്തുതയായിരുന്നു.

1992 ൽ ദൂരദർശനിൽ രാമായണവും മഹാഭാരതവും പോലെ നിർമ്മിച്ച് നവോദയ ബൈബിൾ കഥകൾ എപ്പിസോഡുകളായി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങി. രാവിലെ ഏഴ് മുതൽ എട്ട് വരെയായിരുന്നു ടി വി യിൽ കാണിച്ചത്. വിശ്വാസികൾക്ക് ഇത് കാണാനായി പള്ളിയിലെ രാവിലെയുള്ള ചടങ്ങുകൾ പോലും സമയം മാറ്റിയാണ് ക്രൈസ്തവ സഭകൾ ഇതിനെ സ്വീകരിച്ചത്. 15 എപ്പിസോഡ് കഴിഞ്ഞപ്പോൾ മതപരമായ പ്രശ്‌നം ഉണ്ടാകുന്നുവെന്ന് കാരണം പറഞ്ഞ് സർക്കാർ ഇടപെട്ടു. പിന്നിട് സപ്രേക്ഷണം നിർത്തി. ഒന്നരക്കോടി രൂപയാണ് അപ്പച്ചന് ഇതിൽ നഷ്ടപ്പെട്ടത്.

ക്രിസ്തുവായി അഭിനയിക്കാൻ നടന്മാരെ തിരയുന്ന ഘട്ടത്തിൽ ക്രിസ്തുവിന്റെ മേയ്ക്കപ്പിൽ വന്ന ഒരാളെ അപ്പച്ചന് ബോധിച്ചു. അദ്ദേഹം നടന്റെ പേര് ചോദിച്ചു. വന്നയാൾ പറഞ്ഞു ' ഞാൻ കൊച്ചൗസേപ്പ് , വി. ഗാർഡ് സ്ഥാപനത്തിന്റെ ഉടമ'. കഥാപാത്രത്തിനോടുള്ള താൽപ്പര്യം കാരണമാണ് താൻ ഇതിന് വന്നതെന്ന് അദ്ദേഹം അപ്പച്ചനോട് പറഞ്ഞു. പക്ഷേ, ബൈബിൾ കി കഹാനി നിലച്ചുപോയതിനാൻ ക്രിസ്തുവായി കൊച്ചൗസേപ്പിന് അഭിനയിക്കേണ്ടി വന്നില്ല.

2003ൽ മാജിക്ക് മാജിക് എന്ന 3ഡി ചിത്രത്തോടെ നവോദയ ചലചിത്ര നിർമാണത്തിൽനിന്ന് പിൻവാങ്ങി.

1995ൽ ദക്ഷിണേ ന്ത്യയിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്ക് 'കിഷ്‌കിന്ധ' ചെന്നെയിൽ സ്ഥാപിച്ചതായിരുന്നു അപ്പച്ചന്റെ അവസാന വൻ പദ്ധതികളിലൊന്ന്. 2011 ൽ മലയാള സിനിമക്ക് നൽകിയ സംഭാവനക്ക് ജെ സി ഡാനിയൻ അവാർഡ് നൽകി അപ്പച്ചനെ സർക്കാർ ആദരിച്ചു.

അമേരിക്കൻ ചലച്ചിത്രത്തിന്റെ പിതാവായി അറിയപ്പെട്ട സെസിൽ ബി ഡിമില്ലെ ഹോളിവുഡിൽ നടത്തിയ വിപ്ലവമാണ് മലയാള സിനിമയിൽ അപ്പച്ചൻ തന്റെ ചലച്ചിത്രങ്ങളിലൂടെ ചെയ്തത്

അമേരിക്കൻ ചലച്ചിത്രത്തിന്റെ പിതാവായി അറിയപ്പെട്ട സെസിൽ ബി ഡിമില്ലെ ഹോളിവുഡിൽ നടത്തിയ വിപ്ലവമാണ് മലയാള സിനിമയിൽ അപ്പച്ചൻ തന്റെ ചലച്ചിത്രങ്ങളിലൂടെ ചെയ്തത്. നവോദയുടെ സ്വപ്ന പദ്ധതികളിൽ അപ്പച്ചനോട് എന്നും കൂടെയുണ്ടായിരുന്ന പ്രേംനസീർ ഒരിക്കൽ പറഞ്ഞു: ''35 വർഷമായി ഞാൻ ഈ മനുഷ്യനെ കാണുന്നു. പ്രേക്ഷകരുടെ പൾസ് മാത്രമല്ല സിനിമയുടെ എല്ലാ വശങ്ങളും അദ്ദേഹത്തിന് നന്നായി അറിയാം.''

logo
The Fourth
www.thefourthnews.in