മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി

മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി

ഭരണമേഖലയിലും സാമൂഹ്യപുരോഗതിക്കായും നിസ്വാര്‍ഥസേവനം നടത്തിയ, ജാതിമതാതീതവും മതനിരപേക്ഷവുമായ മാനവികത ഉയര്‍ത്തിപ്പിടിച്ച, ലാളിത്യം മുഖമുദ്രയാക്കിയ മൂര്‍ക്കോത്ത് രാമുണ്ണി 2009 ജൂലായ് എട്ടിനാണ് അന്തരിച്ചത്

ധര്‍മടത്ത് പഴയ പോലീസ് സ്‌റ്റേഷനടുത്ത് ബസ്സിറങ്ങി ബ്രണ്ണന്‍ കോളേജിലേക്ക് നടക്കുമ്പോള്‍ ഇടതുവശത്തായി അധികം ആള്‍പ്പെരുമാറ്റമില്ലാത്ത ഒരു ക്രിസ്ത്യന്‍ പള്ളി, അതുകഴിഞ്ഞ് ഏതാനും അടികൂടി മുന്നോട്ടുനടക്കുമ്പോള്‍ ഇടതുവശത്തേക്ക് ചെറിയൊരു റോഡ്. ബിട്ര എന്ന പേരില്‍ ഒരു വീട്. എന്താണ് ബിട്രയെന്ന് അന്നൊന്നും എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. മൂര്‍ക്കോത്ത് രാമുണ്ണിയുടെ വീടാണതെന്നറിയാം. ഫൈറ്റര്‍ പൈലറ്റാണെന്നും നാഗാലാന്‍ഡിലെ ഭരണാധികാരിയായിരുന്നെന്നുമൊക്കെ കേട്ടിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടുമൊക്കെ തലശ്ശേരിയില്‍ വന്നാല്‍ അവിടെയെത്തി ആതിഥ്യം സ്വീകരിച്ചേ മടങ്ങാറുള്ളുവെന്നും കേട്ടിരുന്നു. കോളേജില്‍നിന്നെല്ലാം വിട്ട് നാലഞ്ചുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്, അതും 'വിശ്വരൂപ'ത്തില്‍ ബ്രണ്ണന്‍ വിദ്യാലയം കോളേജായി മാറിയതിന്റെ നൂറാം വാര്‍ഷികം രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ ഉദ്ഘാടനംചെയ്യുന്നു- 1990-ല്‍. മുഖ്യമന്ത്രി ഇ.കെ.നായനാരാണ് അധ്യക്ഷന്‍. സംഘാടകസമിതി ഭാരവാഹിയും പൂര്‍വവിദ്യാര്‍ഥികളിലെ പ്രമുഖനുമെന്നനിലയില്‍ മൂര്‍ക്കോത്ത് രാമുണ്ണിയും വേദിയിലുണ്ട്. ആയിരക്കണക്കിനാളുകളുള്ള വന്‍ സദസ്സ്. അധ്യക്ഷപ്രസംഗം നായനാരുടെ സ്വതസിദ്ധശൈലിയില്‍. കുട്ടികളെല്ലാം നല്ലോണം പഠിക്കണം, എന്നിട്ട് രാമുണ്ണിയെപ്പോലെയാകണം, നോക്ക്യാട്ടെ മൂര്‍ക്കോത്തിന്റെ നെഞ്ചത്താകെ മെറ്റലല്ലേ മെറ്റല്‍.... നായനാര്‍ വെടിപൊട്ടിച്ചു. സദസ്സ് മുഴുവന്‍ നിര്‍ത്താത്ത ചിരിയിലും കരഘോഷത്തിലും... വ്യോമസേനയില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന മൂര്‍ക്കോത്തിന്റെ നെഞ്ച് പൂര്‍ണമായും ആവരണംചെയ്യപ്പെട്ട നിലയില്‍ മെഡലുകളാല്‍ നിറഞ്ഞിരുന്നു...

മൂര്‍ക്കോത്ത് രാമുണ്ണി ലേഖകന് അയച്ച കത്ത്
മൂര്‍ക്കോത്ത് രാമുണ്ണി ലേഖകന് അയച്ച കത്ത്

അതെല്ലാം കഴിഞ്ഞ് ഏതാനും മാസത്തിനകം തന്നെ കണ്ണൂരില്‍ പത്രലേഖകനായെത്തിയപ്പോള്‍ ചില സംശയങ്ങള്‍ തീര്‍ക്കാനും അഭിപ്രായങ്ങളാരാഞ്ഞും മൂര്‍ക്കോത്തിനെ വിളിച്ചിട്ടുണ്ട്. ഫോണ്‍ എടുത്താല്‍ ഉടന്‍ മൂര്‍ക്കോത്ത് പറയുക, രാമുണ്ണി എന്നുമാത്രമാണ്. മൂര്‍ക്കോത്ത് രാമുണ്ണിയെന്ന് പറയില്ല. ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായ ആളാണ് രാമുണ്ണിയേട്ടന്‍. ഗുരുവിന്റെയും ആശാന്റെയും മലബാറിലെ പ്രതിനിധിയായിരുന്നു ഫലത്തില്‍ മൂര്‍ക്കോത്ത് കുമാരന്‍. മൂര്‍ക്കോത്തിന്റെ വീട്ടില്‍ താമസിച്ചാണ് തലശ്ശേരിയില്‍ ജഗന്നാഥക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഗുരുവും ആശാനും നടത്തിയത്. മലബാര്‍ മേഖലയില്‍ ശ്രീനാരായണപ്രസ്ഥാനം വ്യാപിക്കുന്നതിന് മുന്നിൽനിന്നു പ്രവര്‍ത്തിച്ച കുടുംബം. ഗുരുവിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുകയെന്നത് ജീവിതലക്ഷ്യമായെടുത്ത് പ്രവര്‍ത്തിച്ച് മൂര്‍ക്കോത്ത് കുമാരന്റെ മകനാണ് രാമുണ്ണിയേട്ടന്‍.

ഔദ്യോഗിക പൊതുചടങ്ങില്‍ മെഡലുകള്‍ വിന്യസിച്ച കോട്ട് ഇട്ടുവെങ്കിലും വലിയ സ്ഥാനമാനങ്ങളുണ്ടായിരുന്ന ആളാണെന്ന പ്രകടനപരത ഒരു കഴഞ്ചുപോലുമില്ലാത്തയാളായിരുന്നു അദ്ദേഹം. 1993 മെയ് മാസം ജര്‍മനിയിലെ ബാദന്‍ വ്യുര്‍ടന്‍ബര്‍ഗില്‍നടന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചരമശതാബ്ദി ആചരണപരിപാടിക്ക് പോയപ്പോഴാണ് മൂര്‍ക്കോത്തുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത്. പ്രൊഫ.എസ്. ഗുപ്തന്‍നായരും ഒ.എന്‍.വിയും പി.ജിയും ഡോ.കെ.എം. ജോര്‍ജും. എന്‍.പി.മഹമ്മദും സ്‌കറിയസക്കറിയയും ഡി.സി.കിഴക്കേമുറിയുമെല്ലാമടങ്ങിയ കേരളസംഘത്തിന്റെ രക്ഷാധികാരിയെപ്പോലെ പ്രവര്‍ത്തിച്ചത് മൂര്‍ക്കോത്താണ്. തലശ്ശേരിയില്‍ പ്രവര്‍ത്തിച്ച ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്റെ ചെയര്‍മാനായിരുന്നുവല്ലോ അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തത്വങ്ങള്‍ മുറുകെ പിടിക്കുന്ന രാമുണ്ണിയേട്ടന്‍ ലാളിത്യത്തിന്റെ പ്രതീകവുമായിരുന്നു

ആ യാത്രയിലാണ് മൂര്‍ക്കോത്ത് രാമുണ്ണിയെന്ന ദേശാഭിമാനിയുടെ ഔന്നത്യം മനസ്സിലാക്കിയത്. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ സമയത്തിന്റെ കാര്യത്തില്‍ കിറുകൃത്യത കാണിക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തിലുള്ളവര്‍ ഇന്ത്യയിലെ ട്രെയിനുകളുടെ അവസ്ഥ പറഞ്ഞ് ചിരിക്കും. രാമുണ്ണിയേട്ടന് അത് തീരേ പിടിക്കുന്നില്ലെന്ന് മുഖഭാവം കണ്ടാലറിയാം. ഒരുദിവസം ഒരു ട്രെയിന്‍ ഒരു മിനുട്ട് വൈകിയപ്പോള്‍ ഞങ്ങളുടെ സംഘത്തിലെ ഒരാള്‍ പറഞ്ഞു- നമ്മള്‍ ഇന്ത്യക്കാര്‍ കാത്തുനില്‍ക്കുന്നതിനാലാവും വൈകിയത്! അത് കേള്‍ക്കേണ്ട താമസം രാമുണ്ണിയേട്ടന്‍ പൊട്ടിത്തെറിച്ചു. നിങ്ങള്‍ നമ്മുടെ രാജ്യത്തെ അപമാനിക്കാനാണോ ഇവിടെ വന്നത്. സായിപ്പിന്റേതെല്ലാം ശരി, നമ്മുടേത് തെറ്റ് എന്ന് പറഞ്ഞോണ്ടിരിക്കാന്‍ ലജ്ജയില്ലേ.... പഴയ കേരളീയജീവിതം സംബന്ധിച്ച ഒരു ഡോക്യുമെന്ററിയുടെ കാര്യത്തിലും ഇതേ അനുഭവമുണ്ടായി. തൊള്ളായിരത്തി അറുപതുകളില്‍ ഒരു ജര്‍മന്‍കാരന്‍ കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് പകര്‍ത്തിയതാണ് ഡോക്യുമെന്ററി. കേരളീയരുടെ അര്‍ധനഗ്നത, ദാരിദ്ര്യം, കാലത്ത് ചായക്കടയുടെ മുറ്റത്ത് കുന്തിച്ചിരുന്ന് ബീഡി വലിച്ചൂതുന്ന ദീനവും നിസ്സംഗവുമായ അവസ്ഥ, തലച്ചുമടുമായി നടന്നുനീങ്ങുന്ന തൊഴിലാളി സ്ത്രീകള്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍. ഒരു അപരിഷ്‌കൃത ജനതയാണ് കേരളീയര്‍ എന്നു തോന്നിക്കുന്ന ദൃശ്യങ്ങളുടെ സമാഹാരമായിരുന്നു ഡോക്യുമെന്ററി. ഒരു മണിക്കൂറളം നീണ്ട അസഹ്യമായ സിനിമ. ധാരാളം ജര്‍മന്‍കാരും മുപ്പതോളം ഇന്ത്യക്കാരുമുള്ള സദസ്സില്‍ ആ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ ഔചിത്യം മൂര്‍ക്കോത്ത് ചോദ്യംചെയ്തു. അതുകണ്ടു ചിരിച്ച നമ്മുടെ നാട്ടുകാരോട് അദ്ദേഹം കയര്‍ത്തു...

ശ്രീനാരായണഗുരുവിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തത്വങ്ങള്‍ മുറുകെ പിടിക്കുന്ന രാമുണ്ണിയേട്ടന്‍ ലാളിത്യത്തിന്റെ പ്രതീകവുമായിരുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിച്ചത്. അരനൂറ്റാണ്ടിലേറെ മുമ്പ് നമ്മുടെ ഗ്രാമങ്ങളിലെ വീടുകളിലും പൊതു ഇടങ്ങളിലും സംസാരിക്കുന്ന തരത്തിലുള്ള നാട്ടുഭാഷയാണദ്ദേഹം പൊതുവേ ഉപയോഗിച്ചത്. ദേശീയ-സാര്‍വദേശീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നെഹ്‌റു എന്നോട് പറഞ്ഞു, അതല്ലെങ്കില്‍ നെഹ്‌റു പറഞ്ഞു എന്നിങ്ങനെ നിരന്തരം നെഹ്‌റുവിനെ ഉദ്ധരിക്കുക പതിവാണ്. നെഹ്റുവിലെ ഹ് ഉച്ചാരണത്തിലുണ്ടാവില്ല. നെറു എന്നേ കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ.

രാമുണ്ണിയേട്ടന് എല്ലാമെല്ലാം നെഹ്‌റുവാണ്. നെഹ്‌റുവിന്റെ ജനാധിപത്യബോധം, നെഹ്‌റുവിന്റെ മതനിരപേക്ഷത, യുക്തിവാദം... സോഷ്യലിസ്റ്റ് സങ്കല്പം,... ശാസ്ത്രീയവീക്ഷണം.... അതിനെക്കുറിച്ചെല്ലാം ഭക്ത്യാദരത്തോടെയന്നോണമാണ് ആവേശപൂര്‍വം സംസാരിക്കുക.

മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി
വഴിമുട്ടിയ ഇടതുപക്ഷത്തിന് കെ ദാമോദരനില്‍ നിന്ന് പഠിക്കാനുള്ളത്...

തലശ്ശേരിയിലും മദ്രാസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബ്രിട്ടീഷ് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന അദ്ദേഹം മലയാളിയായ ആദ്യത്തെ ഫൈറ്റര്‍ പയലറ്റാണ്. രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ടുശക്തികളുടെ ഭാഗമായ ജാപ്പ് സൈന്യത്തെ നേരിട്ട റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിങ്ങ് കമാണ്ടര്‍. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ നേരിട്ട് സിവില്‍ സര്വീസിലേക്ക് മാറിയവരില്‍ പ്രധാനി. പ്രധാനമന്ത്രിയുടെ ഓഫീസില്‍- കാബിനറ്റ് സെക്രട്ടേറിയറ്റില്‍ പ്രധാന പദവിയില്‍. അതിന് മുമ്പ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ മൂന്ന് സേനകളുടെയും തലവന്മാര്‍ അദ്ദേഹത്തിൻറെ ശിഷ്യരായിരുന്നു- അഭിമാനത്തോടെ അത് പറയുമായിരുന്നു. ഏഴിമലയില്‍ നാവിക അക്കാദമി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ നാവികചരിത്രത്തില്‍ ഏഴിമലയുടെ പ്രധാന്യം വിശദീകരിക്കുന്ന പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന പ്രകാശനചടങ്ങില്‍ സേനാധിപന്മാര്‍ സംബന്ധിക്കുകയുണ്ടായി.

വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖലയില്‍ സുശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാന്‍ നെഹ്‌റു തിരഞ്ഞെടുത്ത 10 സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരിലൊരാള്‍. വലിയ കലാപം പൊട്ടിപ്പുറപ്പെട്ട നാഗാലാന്‍ഡിലും മണിപ്പൂരിലും ത്രിപുരയിലും രാഷ്ട്രപതിഭരണമായിരുന്ന ആദ്യകാലത്ത് ഗവര്‍ണറുടെ ഉപദേഷ്ടാവ് എന്നനിലയില്‍ ഭരണം കയ്യാളിയത് രാമുണ്ണിയാണ്. നേപ്പാളില്‍ സിവില്‍സര്‍വീസ് കെട്ടിപ്പടുക്കുന്നതിന് അവിടുത്തെ രാജാവിന്റെ ആവശ്യപ്രകാരം നെഹ്‌റു പറഞ്ഞയച്ചത് മൂര്‍ക്കോത്തിനെയാണ്. ആ മേഖലയിലെല്ലാം ഗോത്രവര്‍ഗജനവിഭാഗങ്ങളുടെ പ്രിയം പിടിച്ചുപറ്റാന്‍ കഴിഞ്ഞ മഹാനുഭാവന്‍. വിരമിച്ച ശേഷം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു. ലക്ഷദ്വീപിലെ അമ്‌നി ദ്വീപസമൂഹത്തിലെ കൊച്ചു ദ്വീപായ ബിട്രയുടെ പേരാണ് മൂര്‍ക്കോത്ത് രാമുണ്ണി തന്റെ വീട്ടിന്റെ പേരാക്കിയത്. 1961 മുതല്‍ 65 വരെ അഡ്മിനസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം ദ്വീപസമൂഹത്തിന്റെ പുരോഗതിയുടെ കപ്പിത്താനായി. സമ്പൂര്‍ണസാക്ഷരതായത്‌നം നടത്തുകയും തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയെടുക്കുകയും ചികിത്സാ സംവിധാനങ്ങളേര്‍പ്പെടുത്തുകയും സ്‌കൂള്‍ പഠനം കഴിഞ്ഞവര്‍ക്ക് കേരളത്തിലെ കോളേജുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുകയും സ്‌കോളര്‍ഷിപ്പുകളേര്‍പ്പെടുത്തുകയുമെല്ലാം ചെയ്ത് ദ്വീപുവാസികളുടെ സ്‌നേഹം പിടിച്ചുപറ്റി. ജര്‍മന്‍ യാത്രയില്‍ ആ കഥകളൊക്കെ ചോദിച്ചുമനസ്സിലാക്കാന്‍ സാധിച്ചു. ലക്ഷദ്വീപിനെക്കുറിച്ചും ഏഴിമലയെക്കുറിച്ചും നാഗാലാന്ഡിനെക്കുറിച്ചും അദ്ദേഹം പില്‍ക്കാലത്ത് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തുകയുംചെയ്തു.

1993-ല്‍ മാത്രമല്ല, 2002-ലും മൂര്‍ക്കോത്തിനൊപ്പെ ജര്‍മനിയില്‍ പോകാന്‍ അവസരം ലഭിച്ചു. ഹെര്‍മന്‍ ഹെസ്സെയുടെ ജന്മശതാബ്ദിയില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. രണ്ടാമത്തെ യാത്രയുടെ കാലമാകുമ്പോഴേക്കും രാമുണ്ണിയേട്ടനുമായി ഏറെ അടുപ്പമായിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് ബിട്രയിലേക്ക് വിളിക്കും. ഉച്ച ഭക്ഷണം കഴിച്ചേ വിടുകയുള്ളൂ. ഭക്ഷണസമയമായാല്‍ അദ്ദേഹത്തിന്റെ പത്‌നി വിളിക്കും. രാമുണ്ണീ എന്നാണ് വിളിക്കുക. വീട്ടില്‍ പാചകമടക്കമുള്ള സഹായത്തിന് നില്‍ക്കുന്നവര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവരായിരുന്നു അക്കാലത്ത്. വീട്ടിനകത്ത് രാമുണ്ണിയേട്ടന്റെ ഒരു സഹായി മുസ്ലിം വൃദ്ധന്‍. വേലക്കാരായല്ല വീട്ടുകാരായിത്തന്നെയാണ് അവരെല്ലാം അവിടെ ജീവിക്കുന്നതെന്നാണ് അദ്ദേഹം പറയാറ്. പത്‌നി മരിച്ച ശേഷം അദ്ദേഹത്തിന് തുണയായതും അവര്‍തന്നെ.

മിതവാദിയടക്കം പല പത്രങ്ങളും സ്ഥാപിച്ചുനടത്തിയ മൂര്‍ക്കോത്ത് കുമാരന്റെ മക്കളില്‍ ജേണലിസ്റ്റല്ലാത്തത് രാമുണ്ണി മാത്രമാണ്

പിതാവായ മൂര്‍ക്കോത്ത് കുമാരന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് എപ്പോഴും എടുത്തുപറയും. ഗുണ്ടര്‍ട്ടിനെയും ചന്തുമേനോനെയും കുറിച്ച് കുമാരന്‍ എഴുതിയ ലഘുജീവചരിത്രം, ഗുരുവിന്റെ ജീവചരിത്രം എന്നിവ മുന്‍ഭാഗത്തെ മേശമേല്‍ത്തന്നെ കാണാം... ബാക്കിയെല്ലാം ഇംഗ്ലീഷ് പുസ്തകങ്ങള്‍. എല്ലാകാലത്തും സിവില്‍സര്‍വീസ് പരീക്ഷയക്ക് പഠിക്കുന്ന പലരും- പ്രിലിമിനറി പാസായി ഫൈനലിന് തയ്യാറാകുന്നവര്‍ ബിട്രയിലുണ്ടാവും. ഒന്നോ രണ്ടോ പേര്‍ ദിവസങ്ങളോളം അവിടെ താമസിച്ച് പഠിക്കുകയാണ്. അപരത്വം, ജാതീയമായ വിവേചനം എന്നിവ മൂര്‍ക്കോത്തിന്റെ നിഘണ്ഡുവിലുണ്ടായിരുന്നില്ല. ജാതിയോ മതമോ നോക്കാതെയാണ് മക്കളുടെ വിവാഹം നടത്തിയതെന്ന് പറഞ്ഞ ഉടനെ തിരുത്തുപോലെ ഒരിക്കലദ്ദേഹം പറഞ്ഞു- നാലുമക്കളും അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ സ്വയം വരിക്കുകയായിരുന്നു... ജാതിയോ ഭാഷയോ ഒന്നും വിലങ്ങുതടിയായില്ല...~ഒരിക്കല്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു- എടോ ഗുരു ലോകത്തിന്റെ ഗുരുവാണ്, വെള്ളാപ്പള്ളി നടേശനും മറ്റും പറയുന്നതുപോലെ ഈഴവഗുരുവല്ല...( പഴശ്ശിയും കടത്തനാടും എന്ന പുസ്തകത്തില്‍ ഈ വരികള്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.

ജീവിതസായാഹ്നത്തിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ വലിയ താല്പര്യമെടുത്ത് പ്രവര്‍ത്തിച്ചു. ഉത്തരകേരളത്തില്‍ ഒരു സര്‍വകലാശാല വേണമെന്ന് ആദ്യം മുതല്‍ വാദിച്ചുപോന്നത്. അദ്ദേഹമാണ്. ദി ഹിന്ദുവില്‍ മലബാര്‍ കാലിഡസ്‌കോപ് എന്ന പേരില്‍ അദ്ദേഹത്തിന് ആഴ്ചപ്പംക്തിയുണ്ടായിരുന്നു. അതില്‍ മലലബാര്‍ സര്‍വകലാശാലയുടെ ആവശ്യകത വ്യക്തമാക്കി എഴുതുകയുണ്ടായി. (മിതവാദിയടക്കം പല പത്രങ്ങളും സ്ഥാപിച്ചുനടത്തിയ മൂര്‍ക്കോത്ത് കുമാരന്റെ മക്കളില്‍ ജേണലിസ്റ്റല്ലാത്തത് രാമുണ്ണി മാത്രമാണ്. മൂത്ത മകന്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ മലയാളമനോരമയുടെ അസോഷ്യേറ്റ് എഡിറ്ററായിരുന്നു. ഇളയ മകന്‍ മൂര്‍ക്കോത്ത് ശ്രീനിവാസന്‍ ദി ഹിന്ദുവിന്റെ തലശ്ശേരി ലേഖകനും). കണ്ണൂര്‍ കേന്ദ്രീകരിച്ച് മലബാര്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് തൊണ്ണൂറുകളുടെ ആദ്യം കര്‍മസമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത് മൂര്‍ക്കോത്ത് രാമുണ്ണിയുടെ നേതൃത്വത്തിലാണ്. സര്‍വകലാശാലയുടെ രൂപരേഖ തയ്യാരാക്കുന്നതിലും അദ്ദേഹം നേതൃത്വംനല്‍കി. അന്ന് കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാാനയിരുന്ന പി.കുഞ്ഞിമുഹമ്മദാണ് സര്‍വകലാശാലാ കര്‍മസമിതിയെ നയിക്കാന്‍ മൂര്‍ക്കോത്തിനോടൊപ്പം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ടെന്നനിലയില്‍ കര്‍മസമിതിയില്‍ ഈ ലേഖകനും ഒരംഗമായിരുന്നു. 1991-96-ലെ യു.ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് ഒരു ഓഡിനന്‍സിലൂടെയാണ് മലബാര്‍ സര്‍വകലാശാല സ്ഥാപിച്ച് പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് വന്ന നായനാര്‍ സര്‍ക്കാരാണ് മലബാര്‍ എന്ന പേര് മാറ്റി കണ്ണൂര്‍ സര്‍വകലാശാല എന്നാക്കി ഓഡിനന്‍സിന് പകരം സമഗ്രമായ കണ്ണൂര്‍ സര്‍വകലാശാലാ നിയമം കൊണ്ടുവന്നത്. കര്‍മസമിതി ചെയര്‍മാനെന്നനിലയില്‍ രാമുണ്ണിയേട്ടന് അക്കാര്യത്തില്‍( പേര് മാറ്റലും മറ്റും) നീരസമുണ്ടായിരുന്നു.

ഭരണരംഗത്ത് നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചെങ്കിലും തലശ്ശേരി വിട്ട് ഒന്നിനും അദ്ദേഹം തയ്യാറായിരുന്നില്ല. ഭാര്യ മരിച്ചതില്‍പ്പിന്നെ തനിച്ചായപ്പോഴും മക്കളോടൊപ്പം ഉത്തരേന്ത്യയില്‍പോയി താമസിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരിക്കല്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരേ ചിരിയായിരുന്നു.. എനിക്കെന്താടോ ഈടെപ്പോരേ.. ഈടെയുള്ളോരെല്ലാം എന്റെ മക്കള്‍ തന്നെയല്ലേ.. മക്കള്‍ എത്ര നിര്‍ബന്ധിച്ചിട്ടും ബിട്ര വിട്ടുപോകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.. തലശ്ശേരിയെക്കുറിച്ച് പറയുമ്പോള്‍ ഒരുതരം ലഹരിയാണദ്ദേഹത്തിന്. ഒരിക്കല്‍ തലശ്ശേരിയിലെ ശാസ്ത്രജ്ഞരെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും മണിക്കൂറുകളോളം സംസാരിച്ചതോര്‍ക്കുന്നു. തലശ്ശേരിയിലെ ക്രിക്കറ്റ് ചരിത്രം- തലശ്ശേരിയിലൂടെ ഇന്ത്യയിലെത്തിയ ക്രിക്കറ്റിനെക്കുറിച്ച്... അതേക്കുറിച്ച് ചെറിയൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ടോ എന്ന് സംശയം...

മൂര്‍ക്കോത്ത് രാമുണ്ണി: മാനവികതയുടെ മുന്നണിപ്പോരാളി
ടി വി കെ എന്ന മലബാറിന്റെ സർവ വിജ്ഞാന കോശം

വിശ്വപ്രസിദ്ധയായ ഇ.കെ. ജാനകിയെക്കുറിച്ച് നാട്ടുകാരായ തലശ്ശേരിക്കാര്‍ക്ക് അറിയാമായിരുന്നില്ല. രാമുണ്ണിയേട്ടന്‍ പറഞ്ഞപ്പോഴാണറിഞ്ഞത്. അദ്ദേഹം ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞു- ഡോ. ഇ.കെ.ജാനകിയെപ്പറ്റി കേട്ടിട്ടില്ലേ... ഇല്ലെന്നു തലയാട്ടി.. രാമുണ്ണിയേട്ടന്‍ പറഞ്ഞു- ' ബോട്ടണിയില്‍ ലോകപ്രസിദ്ധയായ ശാസ്ത്രജ്ഞയായിരുന്നു അവര്‍.. നമ്മുടെ കോടതിയിലെ ജഡ്ജിയായിരുന്ന ദിവാന്‍ ബഹദൂര്‍ ഇ.കെ.കൃഷ്ണൻറെ മകള്‍. തിരുവിതാംകൂറിലെ പോളിറ്റിക്കല്‍ ഏജന്റും പുതുക്കോട്ട ദിവാനുമായിരുന്ന കൃഷ്ണന്‍. കൃഷ്ണൻറെ മകളാണ് ജാനകി. 1951-ലോ 52 ലോ ആണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സ് ലണ്ടനില്‍ നടക്കുന്നു. പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം. ക്യാബിനറ്റിന്റെ ഡിഫന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെന്നനിലയില്‍ ഞാനുമുണ്ട്. സമ്മേളനകാലത്ത് ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒരു യോഗം നടന്നു. അവിടെ നെഹ്‌റുവിനെ പരിചയപ്പെടാനെത്തിയ മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ.. അത് ജാനകിയായിരുന്നു. എനിക്ക് നേരത്തേ പരിചയമുണ്ട്. എന്റെ ഏട്ടനായ മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ ഭാര്യയുടെ ബന്ധുവാണ്. ... പരിചയപ്പെട്ടപ്പോള്‍ നെഹ്‌റു ചോദിച്ചു, എന്തുകൊണ്ട് ഇന്തയിലേക്ക് മടങ്ങിക്കൂടാ.. ജാനകി പുഞ്ചിരി തൂകി. ഉടന്‍ പ്രധാനമന്ത്രിയുടെ ഉത്തരവ്- അടുത്ത കപ്പലില്‍ത്തന്നെ ജാനകി ഇന്ത്യയിലേക്ക് പുറപ്പെടണം.. അങ്ങനെയാണ് ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്‌പെഷല്‍ ഓഫീസറായി 1952-ല്‍ ജാനകി എത്തുന്നത്....

ഇടക്കിടെ വിളിക്കുമായിരുന്ന രാമുണ്ണിയേട്ടനില്‍നിന്ന് ഒരിക്കല്‍ മാത്രമേ കത്തുകിട്ടിയിട്ടുള്ളൂ. 1999 ഡിസമ്പര്‍ 18-ന് അയച്ച ആ കത്ത് ഒരു പുസ്തകം തിരയുന്ന കൂട്ടത്തില്‍ ഈയിടെയാണ് വീണ്ടും കയ്യിലെത്തിയത്. അങ്ങനെയൊരു കത്ത് ഓര്‍മയിലുണ്ടായിരുന്നില്ല. അദ്ദേഹമടക്കമുള്ള സംഘം ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചരമശതാബ്ദി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പുസ്തകം വളരെ വൈകിയാണ് അദ്ദേഹത്തിന്ർറെ കയ്യിലെത്തിയത്- രണ്ടാം പതിപ്പുവന്നശേഷം. അത് വായിച്ച് സന്തോഷം പങ്കുവെക്കാന്‍ എഴുതിയ കത്താണ്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കോട്ടിട്ട് അതിന്മേല്‍ മെഡലുകളെല്ലാം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്‍രെ ലെറ്റര്‍പാഡില്‍ സ്വന്തം പേരല്ലാതെ മുമ്പ് വഹിച്ച ഒരു സ്ഥാനത്തെക്കുറിച്ചും പരാമര്‍ശമില്ല!.

ഭരണമേഖലയിലും സാമൂഹ്യപുരോഗതിക്കായും നിസ്വാര്‍ഥസേവനം നടത്തിയ, ജാതിമതാതീതവും മതനിരപേക്ഷവുമായ മാനവികത ഉയര്‍ത്തിപ്പിടിച്ച, ലാളിത്യം മുഖമുദ്രയാക്കിയ മൂര്‍ക്കോത്ത് രാമുണ്ണി 2009 ജൂലായ് എട്ടിനാണ് അന്തരിച്ചത്.

logo
The Fourth
www.thefourthnews.in