നാരായന്‍
നാരായന്‍

എഴുത്തില്‍ തെളിഞ്ഞത് സ്വന്തം ജീവിത പരിസരം; ഗോത്ര ജീവിതത്തെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നാരായന്‍

സമൂഹം പുറത്ത് നിറുത്തിയ അധഃസ്ഥിത മനുഷ്യന്റെ വേദനകളും കണ്ണീരും നാരായന്റെ കഥകളിലും നോവലിലും കാണാം.

മലയാള നോവലിന്റെ പുതിയ ഭാഷ്യമായിരുന്നു നാരായൻ. ആദിവാസി ജനതയുടെ ജീവിത അടരുകളെ തന്റേതായ ശൈലിയിൽ രചിക്കുക വഴി ദളിത് സാഹിത്യത്തിന് പുതിയ മാനം തീർത്ത എഴുത്തുകാരൻ. സ്വന്തം ജീവിത പരിസരത്തെ മലയാള നോവലിൽ അടയാളപ്പെടുത്തുക വഴി നാരായൻ അനുവാചകർക്ക് മുന്നിൽ തുറന്നിട്ടത് ആദിവാസി സമൂഹത്തിന്റെ നേർചിത്രമായിരുന്നു.

കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് നാരായൻ എഴുതിയ കൊച്ചരേത്തി എന്ന നോവലിലൂടെ മലയാള നോവലിന്റെ ചട്ടക്കൂട് തന്നെ പൊളിക്കുകയായിരുന്നു. അതുവരെ മലയാളിയുടെ വായനാനുഭവങ്ങളിൽ ഉണ്ടായിരുന്ന നോവലിന്റെ ആഖ്യാനശൈലിയും ഭാഷയുടെ പ്രയോ​ഗ രീതിയും കൊച്ചരേത്തിയിലൂടെ നാരായൻ പാടേ മാറ്റി മറിച്ചു.

കൊച്ചരേത്തി എന്ന നോവലിന്റെ ക്യാൻവാസിലൂടെ നാരായൻ വരച്ചിടാൻ ശ്രമിച്ചത് തന്റെ തന്നെ ജീവിതമായിരുന്നു.

കൊച്ചരേത്തി എന്ന നോവലിന്റെ ക്യാൻവാസിലൂടെ നാരായൻ വരച്ചിടാൻ ശ്രമിച്ചത് തന്റെ തന്നെ ജീവിതമായിരുന്നു. ആദിവാസികളെക്കുറിച്ച് ഒരു ആദിവാസി തന്നെ എഴുതിയ കൃതിയാണ് കൊച്ചരേത്തിയെന്ന് നോവലിന്റെ ആമുഖത്തിൽ നാരായൻ പറയുന്നുണ്ട്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളെ തന്റെ കൃതികളിലൂടെ എക്കാലവും പൊതുസമൂഹത്തോട് വിളിച്ച് പറയാൻ ശ്രമിച്ചു കൊണ്ടിരുന്ന എഴുത്തുകാരനാണ് നാരായൻ.

1998ൽ എഴുതിയ കൊച്ചരേത്തിയ്ക്ക് നാരായൻ തിരക്കഥയും എഴുതിയിരുന്നു. ഏറെ നാളായുളള സുഹൃത്തുകളുടെ ആഗ്രഹത്തിന്റെയും മറ്റു പലരുടെ പിന്തുണയുടെയും ഭാഗമായാണ് കൊച്ചരേത്തിയ്ക്ക് തിരക്കഥ എഴുതാൻ നാരായൻ മുതിർന്നത്. എന്നാൽ അത് സിനിമയായി കാണുന്നതിന് മുന്നെ നാരായൻ മടങ്ങി.

1999ലെ കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് നേടിയ കൊച്ചരേത്തി മലയരയന്മാരുടെ സംസ്കാരത്തിന്റെ പകർപ്പാണ്. കൊച്ചുരാമൻ എന്ന മനുഷ്യനിലൂടെ കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി സംസാരിക്കുന്നത് കേരളം അതുവരെ കേൾക്കാത്ത മനുഷ്യരെക്കുറിച്ചായിരുന്നു.

സമൂഹം പുറത്ത് നിറുത്തിയ അധഃസ്ഥിത മനുഷ്യന്റെ വേദനകളും കണ്ണീരും നാരായന്റെ കഥകളിലും നോവലിലും കാണാം. കാണുന്നില്ലരൊക്ഷരവും എന്റെ വംശത്തിൻ ചരിത്രങ്ങളെന്ന് പാടിയ പൊയ്കയിൽ അപ്പച്ചന്റെ നവോത്ഥാന ചിന്തയിൽ നിന്നും ഉയർന്നു വന്നതാണ് നാരായന്റെ ഓരോ കൃതികളും. മലയരയരുടെ ചരിത്രത്തെ നാരായൻ അടയാളപ്പെടുത്തിയത് ആ നവോത്ഥാന ധാരയിൽ നിന്നുമാണ്.

പ്രകൃതിയോട് പടവെട്ടി, പച്ച മണ്ണിന്റെ മണമറിഞ്ഞ് മലദൈവങ്ങളെ ആരാധിച്ച ആദിവാസി ജീവിതങ്ങളെ നാരായൻ തന്റെ കൃതികളുടെ പ്രമേയമായി സ്വീകരിച്ചപ്പോൾ നോവലിന്റെ ഘടന തന്നെ പാടേ മാറുകയായിരുന്നു

ഇടുക്കി ജില്ലയിലെ ചാലപ്പുറത്താണ് നാരായൻ ജനിച്ചത്. പ്രകൃതി സൗന്ദര്യത്തെ ആവോളം ആസ്വദിക്കാൻ ഇടുക്കിയുടെ മലയോരങ്ങളിലേക്ക് വന്നെത്തുന്നവരോടും നാരായന് പറയാൻ ഏറെയുണ്ട്. പുറത്ത് നിന്നും വരുന്നവരിൽ പലരും മലനിരകളെ നശിപ്പിക്കുന്നതിൽ നാരായന് അതിയായ സങ്കടമുണ്ടായിരുന്നു. ഇനി വരുന്ന കാലങ്ങളിൽ തന്റെ ജില്ല ജലക്ഷാമം നേരിടുമെന്ന ആശങ്കയും നാരായൻ അടുത്ത കാലത്ത് പങ്കുവച്ചിരുന്നു.

തപാൽ വകുപ്പിൽ ജോലി ചെയ്തിരുന്ന നാരായൻ 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചതിന് ശേഷമാണ് എഴുത്തിലേക്ക് കടക്കുന്നത്. പ്രകൃതിയോട് പടവെട്ടി, പച്ച മണ്ണിന്റെ മണമറിഞ്ഞ് മലദൈവങ്ങളെ ആരാധിച്ച ആദിവാസി ജീവിതങ്ങളെ നാരായൻ തന്റെ കൃതികളുടെ പ്രമേയമായി സ്വീകരിച്ചപ്പോൾ നോവലിന്റെ ഘടന തന്നെ പാടേ മാറുകയായിരുന്നു. ഒരേസമയം ഊരാളിക്കുടിയും, കൊച്ചരേത്തിയും, ചെങ്ങാറും കുട്ടാളും ഒക്കെ സംവദിച്ചത് മലയാളിയുടെ പൊതുബോധമണ്ഡലത്തിലെ ആധുനീകരണത്തിന്റെ മുൻധാരാണക്കളെ കുറിച്ച് കൂടിയായിരുന്നു. പ്രകൃതിയുടെ മാറ്റങ്ങളിൽ ആകുലതകൾ പുലർത്തിയ നാരായൻ പച്ച മണ്ണിനോട് പടവെട്ടി നമുക്കിടയിൽ തന്നെയുണ്ട്.

logo
The Fourth
www.thefourthnews.in