പി ജി: അറിയാന്‍ വേണ്ടി ജീവിച്ച യാന്ത്രികവാദിയല്ലാത്ത മാര്‍ക്‌സിസ്റ്റ്‌

പി ജി: അറിയാന്‍ വേണ്ടി ജീവിച്ച യാന്ത്രികവാദിയല്ലാത്ത മാര്‍ക്‌സിസ്റ്റ്‌

സിപിഎം നേതാവും ചിന്തകനും എഴുത്തുകാരനുമായ പി ഗോവിന്ദപിള്ളയുടെ ഓർമദിനമാണ് നവംബർ 22

പുസ്തകശാലകളില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് പി ജി ഓര്‍മയിലെത്തും. പുതിയപുതിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ പുതുതായി സ്‌കൂളില്‍പോകുന്ന കുട്ടിയെപ്പോലെയാണ് പി. ഗോവിന്ദപിള്ള. പുസ്തകമെടുത്തു മൂക്കിനോടടുപ്പിക്കും. പുതുമണം ആസ്വദിക്കാനാണെന്ന് തോന്നാം, അതുമാവാം. പക്ഷേ അതല്ല കാണണമെങ്കില്‍ കണ്ണിനോടടുപ്പിക്കണം.1993-ല്‍ ജര്‍മനിയില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമശതാബ്ദിയാചരണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പി ജിയുടെ പുസ്തകക്കമ്പം, അക്ഷരക്കമ്പം, അച്ചടിക്കമ്പം പൂര്‍ണാര്‍ഥത്തില്‍ മനസ്സിലായത്. അച്ചടിച്ച കടലാസ് കണ്ടാല്‍ എടുത്തുനോക്കാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല.

പത്തുദിവസം നീണ്ട യാത്രയില്‍ പി ജിയുടെ മേല്‍ ഒരു കണ്ണുവെക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാന്‍ സ്വയം തീരുമാനിച്ചിരുന്നു. അദ്ദേഹം ദീര്‍ഘകാലം പത്രാധിപരായ ദേശാഭിമാനിയുടെ സബ് എഡിറ്ററാണ് ഞാന്‍. ഇപ്പോള്‍ അദ്ദേഹം പത്രാധിപരല്ലെങ്കിലും മനസ്സുകൊണ്ട് ഞങ്ങളെല്ലാം അങ്ങനെ കരുതുന്നു. ചരിത്രത്തിലും രാഷ്ട്രീയത്തിലും സാര്‍വദേശീയകാര്യങ്ങളിലും ഞങ്ങളുടെ വലിയ ആശ്രയവുമാണ്.

പക്ഷേ ആ യാത്രയില്‍ അദ്ദേഹവും ഡി സി കിഴക്കേമുറിയും ഞങ്ങളെ പലപ്പോഴും ബേജാറാക്കിക്കൊണ്ടിരുന്നു. പുസ്തകക്കമ്പമായിരുന്നു അതിന് പ്രധാന കാരണം. ഗുണ്ടര്‍ട്ട് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റുട്ഗാര്‍ട്ടിലെ ഒരു പ്രസാധനാലയത്തില്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുണ്ടായിരുന്നു. മുഗ്ലാക്കര്‍ ടേഗ്‌ബെല്‍ട് എന്ന പത്രത്തിന്റെ ഉടമയും എഡിറ്ററുമായ മിസ്സിസ് വേഴ്‌സലാണ് അവരുടെ പത്രമാപ്പീസും അനുബന്ധമായ പുസ്തകപ്രസാധനാലയവും ബുക് സ്റ്റാളും കാണാനായി ക്ഷണിച്ചത്. പത്രമോഫീസില്‍ കയറിയപ്പോഴേ പി ജിയുടെയും ഡിസി കിഴക്കേമുറിയുടെയും മട്ടുമാറി. 102 കൊല്ലത്ത പാരമ്പര്യമുള്ള പത്രത്തിന്റെ പഴയ ലക്കങ്ങളെല്ലാം ബൈൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവര്‍ അതെല്ലാം തൊട്ടുനോക്കാന്‍ തുടങ്ങി. സമയബോധമേയില്ലാതെയുള്ള പെരുമാറ്റം മറ്റുള്ളവരില്‍ നീരസമുണ്ടാക്കാന്‍ തുടങ്ങിയെന്ന് പറയേണ്ടതില്ലല്ലോ. എങ്ങനെയൊക്കെയോ ആ ഹാളില്‍നിന്ന് തൊട്ടടുത്ത പുസ്തകപ്രസാധനശാലയിലേക്കും ബുക്സ്റ്റാളിലേക്കും കടന്നതോടെ പി ജിയും ഡി സിയും കൂടുതല്‍ കര്‍മനിരതരായി. ഡി സി ഓരോ പുസ്തകവുമെടുത്ത് പേജെത്ര, വിലയെത്രയെന്നാണ് നോക്കുന്നത്. എന്നിട്ട് ആത്മഗതവും... നമ്മള്‍ 100 പേജിന് 20 രൂപയിട്ടാല്‍ തന്നെ ആളുകള്‍ക്ക് മുറുമുറുപ്പ്. ഇവര്‍ എത്രയാ ഇടുന്നത്...

സോവിയറ്റ് യൂനിയനിലേക്കും ചൈനയിലേക്കുമെല്ലാം കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഏറെ യാത്രാവസരം ലഭിക്കുന്നുണ്ടായിട്ടും പി ജി അതിനെല്ലാം പുറത്തായിരുന്നു. സമ്പല്‍സമൃദ്ധിയുള്ള കുടുംബത്തില്‍ ജനിച്ച് ബോംബെയില്‍ ഉന്നതവിദ്യാഭ്യാസംചെയ്ത പി ജി ക്ക് വിലോഭനീയമായ അവസരങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും അതെല്ലാം തട്ടിമാറ്റി തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു

പി.ജി പുസ്തകമെടുത്ത് ഉള്ളടക്കമെന്തെന്ന് ഓടിച്ചുനോക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 90 ശതമാനം പുസത്കവും ജര്‍മനാണ്. അതില്‍ ആമുഖ പേജിലോ കവറിലോ ഇംഗ്ലീഷുണ്ടോയെന്ന് സൂക്ഷിച്ചുനോക്കാനും തുടങ്ങി. ഈ പുസ്തകപ്പുഴുത്വംകണ്ട് മനമലിഞ്ഞ ഉടമസ്ഥ മിസിസ് വേഴ്‌സല്‍ ഒരു പുസ്തകം പി ജിക്ക് ഫ്രീയായി കൊടുത്തു. ഗുണ്ടര്‍ട്ടിന്റെ ഭാര്യ ജൂലി ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രം -ജൂട്ടാ റബ്മാന്‍ എഴുതിയത്. ഇന്ത്യന്‍ രൂപയില്‍ കൂട്ടിയാല്‍ ആയിരം രൂപയോളംവരും.

പുസ്തകങ്ങളോടെന്നപോലെത്തന്നെ പത്രങ്ങളോടും ഇഴപിരിയാത്ത ബന്ധമാണല്ലോ പി ജിയ്ക്ക്. ജര്‍മനിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ പത്രം കിട്ടാത്ത പ്രശ്‌നം പരിഹരിച്ചത് ആദ്യദിവസം ട്രെയിനില്‍നിന്ന് സൗജന്യമായി കിട്ടിയ ഇംഗ്ലീഷ് പത്രം വീണ്ടുംവീണ്ടും വായിച്ചുകൊണ്ടാണ്. തന്റെ ആദ്യവിദേശയാത്രയാണിതെന്ന് ട്രെയിന്‍യാത്രക്കിടയില്‍ പി ജി പറഞ്ഞപ്പോള്‍ അമ്പരന്നുപോയി. സോവിയറ്റ് യൂനിയനിലേക്കും ചൈനയിലേക്കുമെല്ലാം കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഏറെ യാത്രാവസരം ലഭിക്കുന്നുണ്ടായിട്ടും പി ജി അതിനെല്ലാം പുറത്തായിരുന്നു. സമ്പല്‍സമൃദ്ധിയുള്ള കുടുംബത്തില്‍ ജനിച്ച് ബോംബെയില്‍ ഉന്നതവിദ്യാഭ്യാസംചെയ്ത പി ജി ക്ക് വിലോഭനീയമായ അവസരങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും അതെല്ലാം തട്ടിമാറ്റി തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പ്രസ്ഥാനത്തിനെതിരെ നാനാഭാഗത്തുനിന്നും വന്നുകൊണ്ടിരുന്ന ആശയപരമായ എതിര്‍പ്പുകളെ ശക്തമായ ഭാഷയില്‍ പ്രതിരോധിക്കുകമാത്രമല്ല, പരാജയപ്പെടുത്തി മുന്നേറാനും നേതൃത്വംനല്‍കിയ പ്രതിഭാശാലി. പക്ഷേ ആ പരിഗണന അകത്തുനിന്നും വേണ്ടത്ര ലഭിച്ചില്ലെന്ന തോന്നലുണ്ടായിരുന്നെങ്കിലും അതങ്ങനെ പ്രകടിപ്പിച്ചില്ല. ലഭ്യമായതില്‍ സംതൃപ്തനാണെന്നാണദ്ദേഹം പ്രതികരിച്ചത്.

ജര്‍മന്‍ യാത്രയില്‍ ഓരോ സ്ഥലത്തെത്തുമ്പോഴും അതിന്റെ ചരിത്ര-രാഷ്ട്രീയ പശ്ചാത്തലവും പ്രധാന്യവും പി ജി വിവരിക്കുമ്പോള്‍ ആ വിജ്ഞാനപ്പരപ്പില്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ യാഥാസ്ഥിതികമായ കുടുംബപശ്ചാത്തലത്തില്‍ ജനിച്ച ഗോവിന്ദപിള്ള യഥാര്‍ഥ ജ്ഞാനതപസ്വിയായിരുന്നു. മുറിവാണെങ്കില്‍പോലും ഏതുഭാഗത്തുനിന്നുള്ള അറിവിനെയും സ്വീകരിച്ചു. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി കെ വാസുദേവന്‍നായര്‍ എന്നിവര്‍ സഹപാഠികള്‍. അവരില്‍നിന്ന് കമ്യൂണിസത്തിന്റെ സ്പര്‍ശമേറ്റ ഗോവിന്ദപിള്ള പിന്നെ തിരിഞ്ഞുനോക്കിയില്ല. മകനെ ഉന്നതോദ്യോഗസ്ഥനാക്കുകയെന്ന ലക്ഷ്യത്തോടെ ബോംബെയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ചേര്‍ത്ത പിതാവിന് നിരാശയായിരുന്നു ഫലം. രാഷ്ട്രീയത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബെയിലേക്കയച്ചതെങ്കില്‍ നാട്ടിലേതിനേക്കാള്‍ പതിന്മടങ്ങ് രാഷ്ട്രീയത്തില്‍ ആണ്ടുമുങ്ങുകയായിരുന്നു. ബി ടി രണദിവെയയും പി സി ജോഷിയുമടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം. കലാലയം ബഹിഷ്‌കരിച്ച് സമര സംഘടനാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഒന്നര വര്‍ഷത്തോളം ജയിലില്‍. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുതന്നെ നാട്ടില്‍ തിരിച്ചെത്തിയ പി ജി കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാവുകയാണ്... യാത്രക്കിടയിലെ ഇടവേളകളിലാണ് പി.ജി. തന്റെകൂടി ജീവിതത്തിന്റെ ഭൂതകാലത്തിലേക്ക് കിളിവാതിലുകള്‍ തുറന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ വിശ്വമഹാകവി ഗോയ്‌റ്റെയുടെ വീട് കാണാന്‍ പോയപ്പോഴുണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഈ ലേഖകന്‍ 'ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍' എന്ന യാത്രാവിവരണപുസ്തകത്തില്‍ എഴുതിയത് ഇവിടെ എടുത്തുചേര്‍ക്കാം. '' ഗോയ്‌റ്റെയുടെ സ്വീകരണമുറിയിലെത്തിയപ്പോള്‍ രസകരമായ ഒരനുഭവമുണ്ടായി. സഹകവികളെയും നിരൂപന്മാരെയും അഭിമുഖീകരിച്ച് ഗോയ്‌റ്റെ പ്രൗഢിയോടെ ഇരിക്കാറുണ്ടായിരുന്ന വിശേഷപ്പെട്ട കസേരയില്‍ പി ജി ഇരുന്നു. ഗോയ്‌റ്റെ മഹാരഥന്മാരായ സുഹൃത്തുക്കളെ പേരുചൊല്ലി വിളിക്കുംപോലെ പി ജിയില്‍നിന്ന് മുഴങ്ങുന്ന ശബ്ദമുയര്‍ന്നു. ഗോയ്‌റ്റെസാഹിത്യത്തിലെ കഥാപാത്രങ്ങള്‍ പലരും പൊടുന്നനെ മുറിയില്‍ സമ്മേളിച്ച പ്രതീതി. എല്ലാം വിസ്മരിച്ച് ഒരുമാതിരി ലഹരിപിടിച്ച മട്ടായിരുന്നു പി ജിയ്ക്ക്.

ലേഖകൻ പിജിയെ അഭിമുഖം ചെയ്യുന്നു
ലേഖകൻ പിജിയെ അഭിമുഖം ചെയ്യുന്നു

അടുത്തമുറിയില്‍നിന്ന് വീടിന്റെ സൂക്ഷിപ്പുകാരന്‍ തിടുക്കത്തില്‍ ഓടിയെത്തി എന്തൊക്കെയോ വിളിച്ചുപറയുവരെ മാത്രമേ അതു നിലനിന്നുള്ളു. ഒന്നരനൂറ്റാണ്ടിനപ്പുറത്തേക്ക് ഊളിയിട്ടുപോയി അവിടെ വിരാജിക്കുകയായിരുന്നു പി ജിയും ഒ എന്‍ വിയും. ഇതെല്ലാം കൗതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്ന ഞങ്ങള്‍ മാത്രമല്ല, അങ്ങോട്ടുകടന്നുവന്നുകൊണ്ടിരുന്ന ഏതൊക്കെയോ രാജ്യക്കാരായ അനേകം സന്ദര്‍ശകരും ഒരുനിമിഷം പകച്ചുനിന്നുപോയി. കണ്ടുപോവുകയല്ലാതെ ഒരു വസ്തുവും സ്പര്‍ശിക്കുകപോലും അരുതെന്ന് എഴുതിവെച്ചത് ശ്രദ്ധിക്കാതിരുന്നതും അടുത്തൊന്നും അധികൃതര്‍ ആരുമുണ്ടാകില്ലെന്ന് കരുതിയതുമാണ് കുഴപ്പത്തില്‍ ചാടിച്ചത്.

ഗോവിന്ദപിള്ളയെ വ്യക്തിപരമായി അടുത്തുപരിചയപ്പെടുന്നത് 1987-ലോ 88-ലോ ആണ്, ദേശാഭിമാനി വാരികയില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിരിക്കെ. പി ജി എന്തോ ആവശ്യത്തിന് കോഴിക്കോട്ടുവന്നപ്പോള്‍ ദേശാഭിമാനി സന്ദർശിച്ചതാണ്. പേരുപറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ പെട്ടെന്ന് പറഞ്ഞു, ''വൈശാഖനെപ്പറ്റി നിങ്ങളാണോ എഴുതിയത്.'' അതേ എന്നുപറഞ്ഞപ്പോള്‍ നന്നായെന്ന് പറഞ്ഞ് അഭിനന്ദിച്ചു. കൂടെ ഒരുപദേശവും, ''വാരാന്തപ്പതിപ്പില്‍ ഒന്നര പേജ് ലേഖനം കടന്ന കയ്യാണ് കേട്ടോ.'' ദേശാഭിമാനിയില്‍ചേര്‍ന്ന ശേഷം ആദ്യമായി ലഭിച്ച ഒരു അസൈന്‍മെന്റാണ്. പാലക്കാട്ടുപോയി വൈശാഖനെ ഇന്റര്‍വ്യൂ ചെയ്യുക. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന വൈശാഖന്റെ- ഗോപിനാഥന്റെ- കഥപോലുളള ജീവിതം കേട്ടപ്പോള്‍ ലഹരിപിടിച്ചുപോയതാണ്. അഭിമുഖവും കഥകളെക്കുറിച്ചുള്ള ചെറുനിരൂപണവുമെല്ലാമായപ്പോള്‍ കവര്‍ പേജും കടന്ന് നാലാം പേജില്‍ അരപ്പേജ് കൂടി.

പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടിയുടെ പ്രചാരകനായി, പ്രചാരണരംഗത്തെ നായകനായി പ്രവര്‍ത്തിക്കുമ്പോഴും ചിലപ്പോള്‍ വ്യത്യസ്തമായ സ്വാഭിപ്രായം പ്രകടിപ്പിച്ചുപോകാറുണ്ടെന്നത് പ്രതിഭാശാലിയായ പണ്ഡിതനും നിരീക്ഷകനുമെന്ന നിലയില്‍ പി ജിയ്ക്ക് സമ്മിശ്രമായ അനുഭവങ്ങളാണുണ്ടാക്കിയത്

ഏതായാലും പി ജിയെ ഓഫീസില്‍ കിട്ടിയതല്ലേ. സിദ്ധാര്‍ഥന്‍ പരുത്തിക്കാട് പറഞ്ഞു, ''പീ ജീ നമുക്ക് വാരികയിലേക്ക് ഒരു ഇന്റര്‍വ്യു തന്നുകൂടേ, ബാലകൃഷ്ണന്‍ ചെയ്യും." എന്നാല്‍പ്പിന്നെ ആവട്ടെ എന്ന് പി ജി. ദേശാഭിമാനി കെട്ടിടത്തിലെ മുകളിലത്തെ മുറിയിലിരുന്ന് ഒന്നൊന്നര മണിക്കൂര്‍ നീണ്ട ഇന്റര്‍വ്യു. സാംസ്‌കാരിസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമൊക്കെയായി ബന്ധപ്പെട്ട കാര്യങ്ങള്‍. അത് കവര്‍‌സ്റ്റോറിയായി വന്നു. മറ്റൊരിക്കല്‍ ദേശാഭിമാനിയില്‍വന്നപ്പോള്‍ സിദ്ധാര്‍ഥനോട് ( വാരിക പത്രാധിപര്‍) പി ജി ചോദിച്ചു, ''സിദ്ധാര്‍ഥാ നിങ്ങളിപ്പോ കവിതയ്‌ക്കൊക്കെ എത്രയാ കൊടുക്കുന്നത്?'' സിദ്ധാര്‍ഥന്‍ പരുത്തിക്കാട് മറുപടി പറയാതെ ചിരിച്ചു. ''ഫ്രഞ്ച് ബേക്കറി(കോഴിക്കോട് കോടതിസമുച്ചയത്തിനും സെന്റ് സോസഫ്‌സ് ഹൈസ്‌കൂളിനും സമീപത്തുണ്ടായിരുന്ന് പ്രശസ്ത ഹോട്ടല്‍)യില്‍നിന്ന് ഒരു ചോറും പൊരിച്ചതും കഴിക്കാനുള്ള പൈസയെങ്കിലും കൊടുക്കണം, സിദ്ധാര്‍ഥാ,'' എന്ന് പി ജി.

എണ്‍പതുകളുടെ അവസാനം, തൊണ്ണൂറുകളുടെ ആദ്യം അമ്പതു രൂപ മുതല്‍ മേലോട്ടായിരുന്നു പ്രതിഫലം. സി രാധാകൃഷണനും യു എ ഖാദറും സി വി ശ്രീരാമനും ഒ എന്‍ വി.യുമടക്കമുള്ള മുതിര്‍ന്ന എഴുത്തുകാര്‍ക്ക് അഞ്ഞൂറ്-ആയിരം രൂപവരെ. നഷ്ടത്തിന്റെ പേരില്‍ എഴുത്തുകാര്‍ക്ക് പ്രതിഫലം കുറയ്ക്കരുതെന്ന പക്ഷക്കാരനായിരുന്നു പി ജി. ഒരു ലേഖനമെഴുതാന്‍, ഒരു കഥയെഴുതാന്‍ ശാരീരികവും മാനസികവുമായി എത്രമാത്രം അധ്വാനമുണ്ടെന്ന് ഓര്‍ക്കണമെന്ന് പി ജി അന്നെത്ത സംഭാഷണത്തില്‍ ഓര്‍മിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു.

പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടിയുടെ പ്രചാരകനായി, പ്രചാരണരംഗത്തെ നായകനായി പ്രവര്‍ത്തിക്കുമ്പോഴും ചിലപ്പോള്‍ വ്യത്യസ്തമായ സ്വാഭിപ്രായം പ്രകടിപ്പിച്ചുപോകാറുണ്ടെന്നത് പ്രതിഭാശാലിയായ പണ്ഡിതനും നിരീക്ഷകനുമെന്ന നിലയില്‍ പി ജിയ്ക്ക് സമ്മിശ്രമായ അനുഭവങ്ങളാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ വായനയുടെ ലോകങ്ങള്‍ അത്ര അഗാധവും പരപ്പേറിയതുമായതിനാലാണ് ഭൂരിപക്ഷ തീരുമാനമനുസരിച്ച് നയപരിപാടികള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ തന്റെ നിരീക്ഷണത്തിലെ വ്യത്യസ്തത പലപ്പോഴും പ്രകടിപ്പിച്ചുപോവുക.

ലേഖകന്റെ കാസർക്കോടൻ ഗ്രാമങ്ങളിലൂടെ എന്ന പുസ്തകം എം എ റഹ്മാന് നൽകി പി ജി പ്രകാശനം ചെയ്യുന്നു .  വാർത്തയും ചിത്രവും ഇന്ത്യൻ എക്‌സ്പ്രസിൽ  വന്നത്
ലേഖകന്റെ കാസർക്കോടൻ ഗ്രാമങ്ങളിലൂടെ എന്ന പുസ്തകം എം എ റഹ്മാന് നൽകി പി ജി പ്രകാശനം ചെയ്യുന്നു . വാർത്തയും ചിത്രവും ഇന്ത്യൻ എക്‌സ്പ്രസിൽ വന്നത്
ടിയാനെന്‍മെന്‍ സമരത്തെ ന്യായീകരിക്കുന്ന തരത്തിലും സൈനിക ഇടപെടലിനെ അപലപിക്കുന്ന നിലയിലും പി ജി യുടെ പ്രതികരണമുണ്ടായി. ഇത് വലതുപക്ഷ മാധ്യമങ്ങള്‍ കാര്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഫലം പി ജിക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്ക ഖഡ്ഗം നീണ്ടുവെന്നതാണ്

ചൈനയില്‍ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ 1989-ല്‍ നടന്ന വിദ്യാര്‍ഥികലാപം അത്തരമൊരു സന്ദര്‍ഭമായിരുന്നു. പെട്ടെന്നുണ്ടായ ഒരു കലാപമല്ല, ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ആലോചിച്ചുറച്ച് നടത്തിയ കലാപമായിരുന്നു അത്. 1989- ഏപ്രില്‍ 15-ന് തുടങ്ങി ജൂണ്‍ മൂന്നിന് പട്ടാളം നടത്തിയ കൂട്ടക്കൊലയോടെ അവസാനിച്ച സമരം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് തൊട്ടുമുമ്പാണ് ടിയാനെന്‍മന്‍ സംഭവം. ചൈനയില്‍ ഡെങ്‌സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ പുതിയ സാമ്പത്തികനയം നടപ്പാക്കാന്‍ തുടങ്ങിയ കാലമാണ്. ജനലുകള്‍ തുറന്നിടുക, അപ്പോള്‍ കൊതുകും പ്രവേശിക്കും, അതിനെ തടയാന്‍ വല കെട്ടുക എന്നതായിരുന്നു ഡെങ്ങിന്റെ നയം. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മുരടിപ്പ് മാറ്റി വലിയ കുതിപ്പുണ്ടാക്കുന്നതിനുള്ള തുടക്കമായിരുന്നു അത്. എന്നാല്‍ സാമ്പത്തിക ഉദാരീകരണം രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയുടെ ഏകശിലാസംസ്‌കാരം ചോദ്യംചെയ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും അനുദിക്കണമെന്ന ആവശ്യമുയര്‍ന്നു. ചൈനീസ് സമൂഹത്തിൽ നീറിപ്പിടിച്ച സ്വാതന്ത്ര്യേച്ഛയാണ് ടിയാനെനന്‍മെന്‍ സംഭവത്തിലൂടെ പ്രത്യക്ഷപ്പെട്ടതെന്ന വിലയിരുത്തലാണ് പാശ്ചാത്യലോകത്തുനിന്ന് സ്വാഭാവികമായുമുണ്ടായത്. കലാപത്തിന് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നുവെന്നും പിന്നീട് വ്യക്തമായി. അനുരഞ്ജനശ്രമങ്ങളാകെ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സൈനിക ഇടപെടലിലൂടെ സമരക്കാരെ പിരിച്ചുവിട്ടത്. കലാപകാരികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ചൈനീസ് വ്യവസ്ഥിതി സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. അതിന് വലിയ വിലകൊടുക്കേണ്ടിവന്നുവെങ്കിലും. ടിയാനെന്‍മെന്‍ സമരത്തെ ന്യായീകരിക്കുന്ന തരത്തിലും സൈനിക ഇടപെടലിനെ അപലപിക്കുന്ന നിലയിലും പി ജി യുടെ പ്രതികരണമുണ്ടായി. ഇത് വലതുപക്ഷ മാധ്യമങ്ങള്‍ കാര്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഫലം പി ജിക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്ക ഖഡ്ഗം നീണ്ടുവെന്നതാണ്.

രണ്ടുവര്‍ഷത്തിനുശേഷം സോവിയറ്റ് തകര്‍ച്ച മുഖ്യ ചര്‍ച്ചാവിഷയമായ മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പി.ജി നടത്തിയ അഭിപ്രായപ്രകടനവും വിവാദമായി. പി ജിയുടെ അഭിപ്രായപ്രകടനം ചില പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതുസംബന്ധിച്ചും വിവാദമുണ്ടായി. അച്ചടക്കത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി എവിടെ ഉയര്‍ന്നാലും പ്രതികരിക്കുന്ന സമീപനം അദ്ദേഹത്തില്‍ ലീനമായിരുന്നു. സംഘടനാപരമായ ഇറക്കങ്ങള്‍ക്കാണതിടയാക്കിയത്. സി പി എമ്മില്‍ അതിരൂക്ഷമായ വിഭാഗീയത പൊട്ടിപ്പുറപ്പെട്ട 2003-04 കാലത്താണ് പി ജി വലിയ വിവാദനായകനായത്. വിഭാഗീയതയില്‍ ഏതെങ്കിലും ഭാഗത്തുനില്‍ക്കുകയോ ആരുടെയെങ്കിലും വക്താവാകുകയോ ചെയ്തതുകൊണ്ടായിരുന്നില്ല. സ്വതസിദ്ധമായ സുതാര്യതയോടെ അഭിപ്രായപ്രകടനം നടത്തിയതാണ് പ്രശ്‌നമായത്. ഭാഷാപോഷിണിയില്‍ ജോണി ലുക്കോസ് നടത്തിയ അതിദീര്‍ഘ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ മാര്ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയുടെ രീതിക്കു നിരക്കുന്നതല്ല, സംഘടനാചട്ടലംഘനമാണെന്ന് പാര്‍ട്ടിക്കകത്ത് വിമര്‍ശമുയര്‍ന്നു. പാഠം മാസികയില്‍ ജനകീയാസൂത്രണപദ്ധതി ലോകബാങ്ക് പദ്ധതിയാണെന്ന് ആക്ഷേപമുയര്‍ന്നുകൊണ്ടിരുന്ന കാലമാണത്. എം പി പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തവും വിവാദമാകാന്‍ തുടങ്ങിയിരുന്നു. ആ സന്ദര്‍ഭത്തിലാണ് പാര്‍ട്ടി സംഘടനയുടെ ദാര്‍ഢ്യത്തില്‍ അയവുണ്ടാക്കുന്ന ശൈലിയിലുള്ള തുറന്നുപറച്ചിലുണ്ടായതെന്നാണ് ആക്ഷേപിക്കപ്പെട്ടത്. പാഠം മാസികയുമായി ബന്ധപ്പെട്ട, പുരോഗമനകലാസാഹിത്യസംഘത്തിലെ വിഭാഗം പി ജിയുടെ അഭിമുഖം തുറുപ്പുചീട്ടായി ഉപയോഗപ്പെടുത്തുകയായിരുന്നു. പോസ്റ്റ് മാര്‍ക്‌സിസ്റ്റ് വീക്ഷണമാണ് പി ജിയുടെ അഭിമുഖത്തിന്റെ അന്തസ്സത്തയെന്നും അത് നാലാംലോകവീക്ഷണക്കാരുടേതില്‍നിന്ന് ഭിന്നമല്ലെന്നും പിജിയുടെ അഭിമുഖത്തിലെ ആശയങ്ങള്‍ വ്യക്തിപരമല്ല, വിഭാഗീയമാണെന്നും അവര്‍ വിമര്‍ശിച്ചു. അത് പാര്‍ട്ടിയിലാകെ ചര്‍ച്ചചെയ്യപ്പെട്ടു.

ദേശാഭിമാനിയിലും ചിന്തയിലും പി ജി എഴുതിക്കൊണ്ടിരുന്ന സാര്‍വദേശീയകുറിപ്പുകളാണ് അക്കാലത്ത് ലോകത്തെ അറിയാന്‍ മലയാളികള്‍ക്ക് ആശ്രയമെന്നുപറഞ്ഞാല്‍ അധികപ്പറ്റല്ല

പി ജിയുടെ ഘടകമായ സംസ്ഥാനകമ്മിറ്റി അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ (നേതാക്കളെ താരതമ്യംചെയ്തത് ഉള്‍പ്പെടെ) ലെനിനിസ്റ്റ് സംഘടനാതത്വത്തിന് നിരക്കുന്നതല്ലെന്ന് വിലയിരുത്തുകയും പി ജിയെ താക്കീത് ചെയ്യുകയുമായിരുന്നു. എന്നാല്‍ വിവാദം അവിടെക്കൊണ്ടവസാനിച്ചില്ല. പിന്നെയും തുടര്‍ന്നപ്പോള്‍ പി ബിയിലെക്കൂടി ചര്‍ച്ചയുടെ വെളിച്ചത്തില്‍ സംസ്ഥാനകമ്മിറ്റി വീണ്ടും പ്രശ്‌നം ചര്‍ച്ചചെയ്ത് പി ജി യെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് നീക്കംചെയ്തു. എന്നാല്‍ പതിറ്റാണ്ടുകളോളമുള്ള ത്യാഗപൂര്‍ണമായ പ്രവര്‍ത്തനപാരമ്പര്യമുള്ള പി ജി യെ അതൊന്നും ഇളക്കിയില്ല. അദ്ദേഹം പിറ്റേന്നും എ.കെ.ജി. സെന്ററിലെത്തി പഠനഗവേഷണകേന്ദ്രത്തിന്റെ പ്രവൃത്തിയില്‍ സാധാരണപോലെ മുഴുകി. (കോളേജ് പഠനത്തിനിടയില്‍ ഒന്നര കൊല്ലത്തോളം തടവിലായ പി ജി ജയില്‍മുക്തനായശേഷം കുറേക്കാലം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്രസിദ്ധീകരണവിഭാഗത്തിലാണ് പ്രവര്‍ത്തിച്ചത്. 1951 മുതല്‍ 59 വരെയുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനുശേഷം അറുപതുകളുടെ ആദ്യവും കുറേ മാസങ്ങളോളം കേന്ദ്ര കമ്മിറ്റിയുടെ പഠന-ഗവേഷണ- പ്രസിദ്ധീകരണവിഭാഗത്തിലായിരുന്നു. അതുകഴിഞ്ഞാണ് പിളര്‍പ്പിനെത്തുടര്‍ന്ന് സി പി എം മുഖപത്രമായിത്തീര്‍ന്ന ദേശാഭിമാനിയുടെ പത്രാധിപരാകുന്നത്.)

സ്‌കൂള്‍വിദ്യാഭ്യാസകാലത്താണ് പി ജിയുടെ ഒരു പുസ്തകം ആദ്യമായി വായിക്കുന്നത്, 'ഇസങ്ങള്‍ക്കിപ്പുറം.' പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നയസമീപനങ്ങള്‍ക്കെതിരെ (അക്കാലത്ത് പുരോഗമനകലാസാഹിത്യസംഘം രൂപീകൃതമായിട്ടില്ല. മുപ്പതുകളിലെ ജീവത്‌സാഹിത്യപ്രസ്ഥാനത്തിന്റെയും നാല്പതുകളിലെ പുരോഗമസാഹിത്യപ്രസ്ഥാനത്തിന്റെയും പാരമ്പര്യവുമായി ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ എളിയനിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതേയുള്ളൂ). എസ്. ഗുപ്തന്‍നായര്‍ എഴുതിയ ഇസങ്ങള്‍ക്കപ്പുറം എന്ന പുസ്തകത്തിനുള്ള മറുപടിയായാണ് ഇസങ്ങള്‍ക്കിപ്പുറം പ്രസിദ്ധപ്പെടുത്തിയത്. അതിശക്തമായ ഭാഷയില്‍ യാഥാസ്ഥിതികപക്ഷത്തെ തൊലിയുരിച്ചുകാട്ടുന്ന തരത്തിലുള്ള കൃതിയായിരുന്നു അത്. പില്‍ക്കാലത്ത് ആ കൃതി വേണ്ടത്ര പരിഗണക്കപ്പെട്ടില്ലെന്നത് മറ്റൊരു കാര്യം. ദേശാഭിമാനിയിലും ചിന്തയിലും പി ജി എഴുതിക്കൊണ്ടിരുന്ന സാര്‍വദേശീയകുറിപ്പുകളാണ് അക്കാലത്ത് ലോകത്തെ അറിയാന്‍ മലയാളികള്‍ക്ക് ആശ്രയമെന്നുപറഞ്ഞാല്‍ അധികപ്പറ്റല്ല. ദേശാഭിമാനിക്ക് അക്കാലത്ത് സര്‍ക്കുലേഷന്‍ കുറവായിരുന്നെങ്കിലും പി ജിയുടെ വിവരണങ്ങള്‍ പാര്‍ട്ടിയോഗങ്ങളിലും പൊതുയോഗങ്ങളിലും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമായിരുന്നു. അതിനാല്‍ മറ്റേതൊരു പത്രത്തിലെയും ലേഖനങ്ങളേക്കാള്‍ അതിന് പ്രചുരപ്രചാരവും ലഭിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കെ ഒരു ഇന്‍സര്‍വീസ് പരിശീലനത്തിന് എ കെ ജി സെന്ററില്‍പോയത് ഓര്‍മയിലെത്തുന്നു. പ്രധാനമായും പി ജിയുടെ ക്ലാസായിരുന്നു. രാഷ്ട്രീയ ഭൂമിശാസ്ത്രം. ഭൂപടത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തിയ ആ ക്ലാസ് തീരരുതേയെന്ന് ആഗ്രഹിച്ചുപോയി. കയ്യില്‍ ഭൂപടമില്ലാതെതന്നെ സ്ഥലങ്ങളെവിടെയെന്ന് നിര്‍ദേശിക്കാനാവുന്ന സവിശേഷ ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്.

തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ വായനക്കാരനും വിജ്ഞാനദാഹിയുമായിരുന്നെങ്കിലും കൃത്യാന്തരബാഹുല്യത്തിനിടയില്‍ കഴിയുമായിരുന്നത്ര ഗ്രന്ഥരചനനടത്താന്‍ പി ജിക്ക് സാധിച്ചില്ല. കേരളത്തിനകത്തും പുറത്തും സ്ഥിരമായി സഞ്ചരിച്ച് പ്രസംഗം നടത്തേണ്ട രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു

1996-ല്‍ മൂന്നാം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ടി കെ രാമകൃഷ്ണന്‍ സംസ്‌കാരികമന്ത്രിയായിരിക്കെ കേരളാ ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി പി ജിയെ നിയോഗിച്ചു. കെ എസ് എഫ് ഡി സിയെ മികച്ച സ്ഥാപനമാക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം പരക്കെ ശ്ലാഘിക്കപ്പെട്ടു. പുതിയ തീയേറ്ററുകളുണ്ടാക്കാനും നിലവിലുള്ള തീയേറ്ററുകള്‍ മെച്ചപ്പെടുത്താനും പദ്ധതി നടപ്പാക്കിയെന്നതിനെല്ലാമപ്പുറം സെന്റര്‍ ഫോര്‍ ഇമേജിങ്ങ് ടെക്‌നോളജി (സി ഡിറ്റ്) തുടങ്ങിയെന്നതാണ് ഏറ്റവും നിര്‍ണായകം. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആതിഥ്യമരുളുന്ന ദേശീയ ചലച്ചിത്രോത്സവം 1997 ജനുവരിയില്‍ നടന്നത് തിരുവനന്തപുരത്താണ്. അതിന്റെ സംഘാടനത്തില്‍ പി ജി വഹിച്ച പങ്ക് നിസ്തുലമാണ്. പിന്നീടാണ് ഗോവ ദേശീയചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയായത്. 1996 മേയ് മുതല്‍ ഏതാനും മാസം ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാന്‍ സാധിച്ചു. കേരളത്തിലെ ഗ്രാമ-നഗരങ്ങളിലൂടെ സാംസ്‌കാരിക പര്യടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലേഖകന്‍ 2001 ആദ്യമാണ് ദേശാഭിമാനി വാരികയില്‍ കേരളപര്യടനം തുടങ്ങിയത്. മഞ്ചേശ്വരത്തുനിന്നാരംഭിച്ച ആ പര്യടനത്തിന്റെ സ്ഥിരം വായനക്കാരിലൊരാളായിരുന്നു പി ജി. പലതവണ അദ്ദേഹം അഭിനന്ദനമറിയിക്കുകയും ചില കാര്യങ്ങളില്‍ വിശദാംശങ്ങള്‍ ആരായുകയുമുണ്ടായി. 2004 ഒടുവില്‍ ദേശാഭിമാനി വാരികയുടെ ചുമതലക്കാരനായി മാറിയപ്പോള്‍ പര്യടനം തുടരാനായില്ല. അത് നിലച്ചപ്പോള്‍ തുടരണമെന്ന് പി ജി ആവശ്യപ്പെടുകയുണ്ടായി.

കേരളപര്യടനത്തിലെ ആദ്യ പുസ്തകമായ കാസര്‍ക്കോടന്‍ ഗ്രാമങ്ങളിലൂടെ മാതൃഭൂമിബുക്‌സാണ് പ്രസിദ്ധപ്പെടുത്തിയത് ( രണ്ടും മൂന്നും ഭാഗമായ ഏഴിമല, കണ്ണൂര്‍കോട്ട എന്നിവയാണ് ആദ്യം പുറത്തുവന്നത്). തിരുവനന്തപുരത്ത് കേസരിസ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പി ജിയാണ് എം എ.റഹിമാന് നല്‍കി പുസ്തകം പ്രകാശിപ്പിച്ചത്. പ്രാദേശിക ചരിത്രരചനയുടെ, ജനകീയ ചരിത്രരചനയുടെ പ്രധാന്യത്തില്‍ ഊന്നിയും അതിനുദാഹരണമായി കേരളപര്യടനത്തെ എടുത്തുകാട്ടിയുമാണ് പി ജി പ്രഭാഷണം നടത്തിയത്.

തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ വായനക്കാരനും വിജ്ഞാനദാഹിയുമായിരുന്നെങ്കിലും കൃത്യാന്തരബാഹുല്യത്തിനിടയില്‍ കഴിയുമായിരുന്നത്ര ഗ്രന്ഥരചനനടത്താന്‍ പി ജിക്ക് സാധിച്ചില്ല. കേരളത്തിനകത്തും പുറത്തും സ്ഥിരമായി സഞ്ചരിച്ച് പ്രസംഗം നടത്തേണ്ട രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ദീര്‍ഘനേരം ഇരിക്കാനുള്ള പ്രയാസം, കാഴ്ച കുറഞ്ഞുകൊണ്ടിരുന്നത്- ഇതെല്ലാം പ്രശ്‌നമായിരുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം തയ്യാറാക്കിയ 'വൈജഞാനികവിപ്ലവം- ഒരു സാംസ്‌കാരികചരിത്രം' എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ രചനാകാലത്തൊരിക്കല്‍ അദ്ദേഹത്തിന്റെ വള്ളക്കടവിലെ വീട്ടില്‍പോയ അനുഭവമുണ്ട്. ഒരു കണ്ണടക്കുളളില്‍ മറ്റൊരു കണ്ണടവെച്ച് എത്രമാത്രം കഷ്ടപ്പെട്ടാണ് വായിക്കുന്നത്. എന്നിരുന്നാലും വലിയ തിരക്കുകള്‍ക്കിടയിലും രചനയ്ക്കായി സമയംനീക്കിവെച്ചു. കേരള നവോത്ഥാനത്തിന്റെ ചരിത്രം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ അവലോകനംചെയ്തുകൊണ്ട് രചിച്ച ബൃഹദ് ഗ്രന്ഥം അതിന്റെ ഭാഗമാണ്.

മാര്‍ക്‌സിസത്തിന്റെ പുതിയ വികാസത്തെ സംഘടനാബന്ധമില്ലാത്ത ചിന്തകന്മാരാണ് മലയാളത്തില്‍ പരിചയപ്പെടുത്തിപ്പോന്നത്. അന്റോണിയോ ഗ്രാംഷിയുടെ ചിന്തകളെക്കുറിച്ചും അങ്ങനെയാണ്. സോവിയറ്റ്- ചൈനീസ് തര്‍ക്കവും ഭരണകൂടത്തെക്കുറിച്ചുള്ള പില്‍ക്കാല സംശയവുമെല്ലാം കാരണം സാവധാനത്തിലാണ് പുതിയ ചിന്തയെ നോക്കിയതെന്ന് അക്കാലത്ത് ആരോപണുണ്ടായിരുന്നതാണ്. ഗ്രാംഷിയെക്കുറിച്ച് ഇ എം എസുമായി ചേര്‍ന്ന് ഒരു ചെറുപുസ്തകം പി ഗോവിന്ദപിള്ള തയ്യാറാക്കിയതിനെ ഈ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി കാണാവുന്നതാണ്. ഗ്രാംഷിയന്‍ വിചാരവിപ്ലവം എന്ന പുസ്തകം.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍ സി പി ഐ. പക്ഷത്തെ നയിച്ച പ്രമുഖനായിരുന്നു കെ ദാമോദരന്‍. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മഹാനായ പ്രചാരകനും അധ്യാപകനും കെ ദാമോദരനായിരുന്നു. പിളര്‍പ്പിനെത്തുടര്‍ന്ന് പരസ്പരനിരാസമുണ്ടായതിനാല്‍ ദാമോദരനെയും എന്‍ ഇ ബാലറാമിനെയും പോലുള്ളവരുടെ സൈദ്ധാന്തികരംഗത്തെ സംഭാവനകള്‍ വിസ്മരിക്കപ്പെടുന്നതില്‍ പി ജിക്ക് വലിയ ഖേദമുണ്ടായിരുന്നു. ജീവിതസായാഹ്നത്തില്‍ കെ ദാമോദരന്റെ ധൈഷണികജീവചരിത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ പി ജി സമയംകണ്ടെത്തിയത് യുക്തമായ ആദരാഞ്ജലിയായി. മരിക്കുന്നതിന് ഏതാനും മാസംമുമ്പ് വീട്ടില്‍ച്ചെന്ന് പി ജിയെ കണ്ടപ്പോള്‍ അദ്ദേഹം ആരാഞ്ഞത് വിദ്വാന്‍ പി കേളുനായരെക്കുറിച്ചാണ്. ''കേളുനായരെപ്പോലുള്ളവരുടെ മഹത്തായ സംഭാവനകളെക്കുറിച്ച് കേരളം എത്ര വൈകിയാണറിയുന്നത്, നമ്മുടെയൊക്കെ പരിമിതിയാണത്,'' പി ജി പറഞ്ഞു. കേളുനായരുടെ ജീവചരിത്രം കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ട്, നിരൂപകനായ ഇ പി രാജഗോപാലന്റെ ഭാര്യപിതാവാണ് അദ്ദേഹമെന്ന് ഞാന്‍ പി ജി യോട് പറഞ്ഞു. കേളു നാടകം വായിച്ചിട്ടുണ്ടെന്നും ജീവചരിത്രം രാജഗോപാലനോട് പറഞ്ഞ് സംഘടിപ്പിക്കാമെന്നുംകൂടി പി ജി പറയുകയുണ്ടായി. ഓരോ പ്രദേശത്തും പ്രസംഗിക്കാന്‍ പോകുമ്പോള്‍ ആ സ്ഥലത്തെക്കുറിച്ച് വിശാലമായി മനസ്സിലാക്കാനുള്ള ശ്രമം പി ജി നടത്താറുണ്ടായിരുന്നു. ആ കാലത്ത് പ്രസക്തമായതും ചിന്ത പ്രസിദ്ധപ്പെടുത്തിയതുമായ പുസ്തകങ്ങളുടെ ഒരു കെട്ടുമായാണ് പി ജി പ്രസംഗിക്കാന്‍ പോയിരുന്നത്.

logo
The Fourth
www.thefourthnews.in