കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌

കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ 'അച്ഛന്‍ ശങ്കരന്റെ സ്വാധീനവും വി എസില്‍ പ്രകടമായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി നാല്പത് മുതലുള്ള ഒരു പതിറ്റാണ്ടാണ് വി എസിലെ കമ്യൂണിസ്റ്റുകാരനെ പരുവപ്പെടുത്തിയത്. സാധാരണ യുവാക്കള്‍ ആര്‍ത്തുല്ലസിച്ചു നടക്കേണ്ട കാലമാണല്ലോ യൗവനത്തിന്റെ നാളുകള്‍. ദാരിദ്ര്യവും പട്ടിണിയുമൊക്കെ അനുഭവിക്കുന്നവരാണെങ്കില്‍ അതെല്ലാം മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഏതെങ്കിലുമൊക്കെ ജോലി നേടി മറ്റിടങ്ങളിലേക്കു പോകാം. അന്ന് പലരും പട്ടാളത്തില്‍ ചേരാന്‍ നാടുവിടുന്നത് സാധാരണമായിരുന്നു. എന്നാല്‍ ഇത്തരം നാട്ടുനടപ്പുകളിലേക്കൊന്നുമല്ല വി എസ് നടന്നു നീങ്ങിയത്. പട്ടിണിയും ദാരിദ്ര്യവും സ്വന്തം ജീവിതാനുഭവം മാത്രമായിരുന്നില്ല അദ്ദേഹത്തിന്. നാട്ടിലെങ്ങും ഇതുതന്നെയായിരുന്നു അവസ്ഥ. അതുകൊണ്ട് താന്‍ നേരിടുന്ന ദുരിതങ്ങള്‍ കേവലമൊരു വ്യക്തിയുടെയോ അയാളുടെ കുടുംബത്തിന്റേയോ പ്രശ്‌നമായി ചുരുക്കി കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചുറ്റുപാടുമുള്ള സാധാരണ മനുഷ്യരാകെ ജീവിതദുരിതങ്ങളില്‍പ്പെട്ടുഴലുന്നത് അവരുടെ കുഴപ്പം കൊണ്ടാകണമെന്നില്ലല്ലോ എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഈ ചിന്തയാണ് ദുരിതങ്ങളുടെ കാരണങ്ങള്‍ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇരുപത്തിയേഴോ ഇരുപത്തിയെട്ടോ വയസ്സിനുള്ളില്‍ സാധാരണ ഒരു മനുഷ്യന്‍ അനുഭവിക്കാവുന്ന എല്ലാ തിക്താനുഭവങ്ങളിലൂടെയും നടന്നുനീങ്ങിയയാളായിരുന്നു വി എസ്

കല്‍ക്കട്ട തീസിസിന്റെ സംഘര്‍ഷഭരിതമായ നാളുകളിലെ അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം 1940 കളുടെ അവസാനത്തോടെ ജയില്‍ മോചിതനായി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജ്യേഷ്ഠന്‍ ഗംഗാധര്‍ അടക്കമുള്ള സഹോദരങ്ങളും ബന്ധുക്കളും അല്പമൊന്ന് ആശ്വസിച്ചു. അവര്‍ക്ക് നേരിയ പ്രതീക്ഷയും ഉണ്ടായിരുന്നു. ഇനി അച്യുതാനന്ദന്‍ 'കുഴപ്പങ്ങളി'ലൊന്നും പോയി തലയിടില്ല. മാനം മര്യാദയ്ക്ക് ജീവിച്ച് കുടുംബത്തിന് അത്താണിയായിമാറുമെന്ന് അവര്‍ കരുതി. പ്രായം മുപ്പതുകളിലെത്തുന്നതിനു മുമ്പേതന്നെ അച്യുതാനന്ദന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അവര്‍ക്കു നല്ല ബോദ്ധ്യമുള്ളതാണ്. പട്ടിണിയും ദാരിദ്ര്യവും സഹിച്ചുള്ള സംഘടനാ പ്രവര്‍ത്തനം, ജന്മി ഗുണ്ടകളുടെയും പൊലീസിന്റെയും നോട്ടപ്പുള്ളി, അറസ്റ്റും മര്‍ദ്ദനവും, കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള പൊലീസിന്റെ മൂന്നാംമുറ, മരണത്തിന്റെ വക്കോളമെത്തിയ ജീവിത സംത്രാസങ്ങള്‍, ജയിലുകളില്‍ നിന്ന് കോടതികളിലേക്കും കോടതികളില്‍ നിന്ന് തിരിച്ച് തടവറകളിലേക്കുമുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞ യാത്ര, ഉറ്റവരുടെ പലരുടെയും അകാലത്തിലുള്ള മരണവും ചിലരുടെയെല്ലാം രക്തസാക്ഷിത്വവും. അങ്ങനെ ഇരുപത്തിയേഴോ ഇരുപത്തിയെട്ടോ വയസ്സിനുള്ളില്‍ സാധാരണ ഒരു മനുഷ്യന്‍ അനുഭവിക്കാവുന്ന എല്ലാ തിക്താനുഭവങ്ങളിലൂടെയും നടന്നുനീങ്ങിയയാളായിരുന്നു വി എസ്. തല്‍ക്കാലം കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് സ്വസ്ഥമായ ജീവിതത്തിലേക്കു തിരിച്ചു വന്നതുകൊണ്ട് ഇനി അച്യുതാനന്ദന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചു. അതിന് വി എസിനെ പ്രേരിപ്പിക്കുന്ന തരത്തില്‍ ജ്യേഷ്ഠന്റെ ഭാഗത്തുനിന്ന് ചില നീക്കങ്ങളും ഉണ്ടായി.

ആയിരത്തിത്തൊള്ളായിരത്തി നാല്പത് മുതലുള്ള ഒരു പതിറ്റാണ്ടാണ് വി എസിലെ കമ്യൂണിസ്റ്റുകാരനെ പരുവപ്പെടുത്തിയത്.

വീണ്ടും ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ തിരിച്ചുവരിക. അതത്ര സ്വീകാര്യമല്ലെങ്കില്‍ സ്വന്തമായി കട നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാം. പക്ഷേ, സ്വന്തം കാര്യവും വീട്ടുകാര്യവും നോക്കി അച്ചടക്കത്തോടെ ജീവിക്കണം, അതായിരുന്നു ഗംഗാധരന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. വ്യക്തിയും കുടുംബവുമൊക്കെയായി സ്വസ്ഥമായിരിക്കുക എന്ന പരിമിതമായ കാഴ്ചപ്പാടേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ സാധാരണക്കാരായ ആളുകള്‍ക്കൊക്കെ അങ്ങനെ ചിന്തിക്കാനേ കഴിയുമായിരുന്നുമുള്ളൂ. പ്രത്യേകിച്ച് പൊലീസിന്റെ ഭീകരമര്‍ദ്ദനം ഏറ്റുവാങ്ങി, നിവര്‍ന്നു നടക്കാനോ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയില്‍ വി എസിനെ ആശുപത്രിയിലും ജയിലിലും കണ്ടതിന്റെ കരള്‍ പിളരുന്ന ഓര്‍മ്മകളും അവരിലുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത്തരം പൊല്ലാപ്പുകളിലൊന്നും പോയി തലയിടേണ്ടതില്ല എന്ന് അവര്‍ ചിന്തിക്കുന്നതില്‍ തെറ്റുപറയാനാവില്ല.

എന്നാല്‍, ഒരു പതിറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തനം വി എസിനെ മറ്റൊരു തലത്തില്‍ എത്തിച്ചിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ മാത്രമായി ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഉള്ള പ്രശ്‌നങ്ങള്‍ തനിക്കു ചുറ്റുമുള്ള മുഴുവന്‍ സാധാരണക്കാരും പാവപ്പെട്ടവരും നേരിടുന്നവയാണു താനും. അത് ഭക്ഷണം, തൊഴില്‍, കൂലി, പാര്‍പ്പിടം, സാമൂഹ്യ അനാചാരങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകും. കയര്‍ ഫാക്ടറി തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയുമൊക്കെ സംഘടിപ്പിക്കുകയും, പി കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുടെ പാര്‍ട്ടി ക്ലാസുകളില്‍ പഠിതാവായി പോവുകയും ചെയ്തതില്‍നിന്ന്, വ്യക്തിക്കും കുടുംബത്തിനും അപ്പുറമുള്ള സമൂഹത്തെക്കുറിച്ചും വിശാലമായ ലോകത്തെക്കുറിച്ചുമൊക്കെ വി എസ് ധാരാളം മനസ്സിലാക്കിയിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക വഴിയല്ലാതെ ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാവുകയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌
വി എസ് എന്ന വലിയ രാഷ്ട്രീയ ശരി 

കമ്യൂണിസ്റ്റ് മാനവികതയുടെ ആശയപരിസരങ്ങളിലേക്ക് അദ്ദേഹം നടന്നടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ 'അച്ഛന്‍ ശങ്കരന്റെ സ്വാധീനവും വി എസില്‍ പ്രകടമായിരുന്നു.

പ്രിയമപരന്റെയതെന്‍ പ്രിയം, സ്വകീയ

പ്രിയമപരപ്രിയമിപ്രകാരമാകുംനയ-

മതിനാലെ, നരനു നന്മനല്കും ക്രിയ

അപരപ്രിയ ഹേതുവായ് വരേണം

എന്ന ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ വരികളുടെ അര്‍ത്ഥവും ആഴവും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പില്ക്കാലങ്ങളിലും ഗുരുവിന്റേയും കുമാരനാശാന്റെയും കൃതികള്‍ വായിക്കുന്നത് വി എസിന്റെ ശീലമായിരുന്നു. ചുറ്റുപാടുമുള്ള മനുഷ്യരുടെ ദുരിതങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിലല്ല തന്റെ ജീവിതം കുടികൊള്ളുന്നത് എന്ന ധാരണ ഇതുമൂലം രൂഢമൂലമായിരുന്നു. അതുകൊണ്ട്, ജ്യേഷ്ഠന്‍ ചൂണ്ടിക്കാട്ടുന്ന വഴിയിലൂടെ പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വേദനകളുടെയും ദുരിതങ്ങളുടെയും കടലിരമ്പത്തിനു കാതോര്‍ക്കാന്‍ തന്നെ തീരുമാനിച്ചു. ജ്യേഷ്ഠന്റെയും വീട്ടുകാരുടെയും ആഗ്രഹങ്ങളോടും പ്രതീക്ഷകളോടും നീതിപുലര്‍ത്താന്‍ വി എസിനു കഴിഞ്ഞില്ല. പക്ഷേ, ആ ഘട്ടത്തില്‍പ്പോലും അതിന്റെ കുറ്റബോധമൊന്നും തോന്നിയിരുന്നില്ല. പൊതു ജീവിതത്തിലും അതിലെ കയറ്റിറക്കങ്ങളിലും നിറഞ്ഞു നില്ക്കുന്ന ഒരാള്‍ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നിനും തടസ്സമാകാറില്ല. മനുഷ്യവംശത്തെ മുഴുവന്‍ സ്‌നേഹിക്കുകയും അതിന്റെ മോചനത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും അയാളെ അലട്ടാറില്ല. മാനവികതയുടെ സത്ത ഉള്‍ച്ചേര്‍ന്നിരിക്കുന്നത് സാമൂഹ്യബന്ധങ്ങളുടെ സമഷ്ടിയിലാണെന്ന മാര്‍ക്‌സിനെ വചനമായിരുന്നു വി എസിന്റെ മനസ്സിന് വെളിച്ചം പകര്‍ന്നത് (Human essence is the ensemble of social relations) ആ ഒരു മാനസികാവസ്ഥയില്‍ അന്നു തന്നെ വി എസ് എത്തിയിരുന്നു. പോരാട്ടമല്ലാതെ മറ്റൊന്നും മുന്നിലില്ല എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിനുശേഷം രാജ്യം സ്വതന്ത്രമാവുകയും, ദിവാന്‍ രാമസ്വാമി അയ്യര്‍ മൂക്കിനു വെട്ടേറ്റ് നാടുവിടുകയും ചെയ്തപ്പോള്‍, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പൊലീസ് ഭീകരത ഏറക്കുറെ അവസാനിച്ചുവെന്നു പറയാം. ഇതിനിടയില്‍ 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു-കൊച്ചിയായി; ഇതേ കാലഘട്ടത്തില്‍ തന്നെ ചൈനീസ് വിപ്ലവം സാക്ഷാല്‍ക്കരിക്കപ്പെട്ടു. 1951 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപ്രഖ്യാപനമുണ്ടായി. ഇതോടനുബന്ധിച്ച് വിപ്ലവമാര്‍ഗ്ഗത്തെപ്പറ്റിയുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി പരിപാടിയും രൂപീകരിക്കപ്പെട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജവും ഉന്മേഷവും നല്കുന്നതായിരുന്നു. ഒളിഞ്ഞിരുന്ന് ഭയാശങ്കകളോടുകൂടി നടത്തിയിരുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് അവസാനം കുറിക്കുന്ന സ്ഥിതി സംജാതമായി. ഇതിന് അനുബന്ധമായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാനുള്ള തീരുമാനംകൂടി വന്നതോടെ, ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഗതിവേഗം ഉണ്ടായി. പാര്‍ലമെന്റിനെ സമരായുധമായി ഉപയോഗിക്കണം എന്ന ലെനിന്റെ (ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത) വാക്കുകളുടെ ഊര്‍ജ്ജവും ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി. 

കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌
വി എസ്- പ്രായോഗിക്കവൽക്കരിക്കപ്പെട്ട വിമതത്വം

ഈ ഘട്ടത്തിലാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണമെന്ന ആശയത്തിന് മൂര്‍ത്തമായ ചില സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 1953 ലായിരുന്നു അത്. തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ക്കായി സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പോട്ടി ശ്രീരാമലു നിരാഹാര സമരം നടത്തി. 54 ദിവസം നീണ്ടുനിന്ന നിരാഹാരത്തിനൊടുവില്‍ ശ്രീരാമലു രക്തസാക്ഷിയായി. ഇതിനെ തുടര്‍ന്നായിരുന്നു 1953 ല്‍ ആന്ധ്രസംസ്ഥാനം രൂപീകരിച്ചത്.

പിന്നീട് ജസ്റ്റിസ് ഫസല്‍ അലി ചെയര്‍മാനും ഹൃദയനാഥ് കുണ്‍സ്രു, മലയാളിയായ സര്‍ദാര്‍ കെ എം പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായി സ്റ്റേറ്റ് റീ ഓര്‍ഗനൈസിങ് കമ്മിറ്റി (SRC) ഉണ്ടാക്കി. പണ്ഡിറ്റ് നെഹ്‌റു ആയിരുന്നു ഇതിനു മുന്‍കൈ എടുത്തത്. 1954 ല്‍ രൂപീകരിക്കപ്പെട്ട SRC 56 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് പാര്‍ലമെന്റ് പാസാക്കി. ഇതിനെ തുടര്‍ന്നാണ് 1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറന്നത്. അന്ന് 14 സംസ്ഥാനങ്ങളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. ഇവിടങ്ങളിലെ 14 ഭാഷകളെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.

ഐക്യകേരള രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ നാനാതലങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന ഘട്ടത്തില്‍ വി എസ് ആലപ്പുഴയിലാകെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായി മാറിക്കഴിഞ്ഞിരുന്നു

1950 കളുടെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ ഐക്യകേരള രൂപീകരണത്തിനുള്ള മുന്നേറ്റങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ തുടങ്ങിയിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു ഭൂഖണ്ഡങ്ങളെ കേവലമായി യോജിപ്പിച്ച് ഒറ്റ സംസ്ഥാനമാക്കുക എന്നതുമാത്രമായിരുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം, അങ്ങനെ രൂപീകരിക്കപ്പെടുന്ന കേരളം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിഭാവന ചെയ്യുന്ന രേഖ 1956 ജൂണ്‍ 22 മുതല്‍ 24 വരെ തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം അംഗീകരിക്കുകയും ചെയ്തു. കേരളത്തിന്റെ വരും നാളുകളിലെ ജീവിതത്തിന്റെ മാനിഫെസ്റ്റോ തന്നെയായിരുന്നു ആ രേഖ. അതിലെ കേന്ദ്ര ബിന്ദുവാകട്ടെ, സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരുമായിരുന്നു. ജന്മിത്തം ഇല്ലാതാക്കണം. അടിസ്ഥാന വ്യവസായങ്ങള്‍ പൊതുഉടമസ്ഥതയില്‍ കൊണ്ടുവരണം, ജനകീയ പങ്കാളിത്തത്തോടെയാവണം വികസനപ്രവര്‍ത്തനങ്ങള്‍ സാക്ഷാല്‍ക്കരിക്കേണ്ടത്, അടിസ്ഥാനമേഖലകള്‍ വിദ്യാഭ്യാസ രംഗം, ആരോഗ്യരംഗം, അധികാര വികേന്ദ്രീകരണം, കാര്‍ഷിക പരിഷ്‌ക്കരണം, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവയ്ക്ക് സവിശേഷമായ പ്രാധാന്യം നല്കണം, പിന്നോക്ക പ്രദേശമായ മലബാറിന്റെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്കണം എന്നിവയായിരുന്നു ആ രേഖയിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍. ഈ രേഖ നല്കിയ വെളിച്ചം ഉള്‍ക്കൊണ്ടായിരുന്നു 1957 ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ച ആദ്യ ഗവണ്‍മെന്റ് കേരളീയ ജീവിതത്തിന്റെ അലകും പിടിയും മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌
വി എസിന്റെ നര്‍മത്തിനും രാഷ്ട്രീയമുണ്ട്, അതില്‍ ജീവിതമുണ്ട്

ഐക്യകേരള രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ നാനാതലങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന ഘട്ടത്തില്‍ വി എസ് ആലപ്പുഴയിലാകെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. ഇതിനു മുമ്പുതന്നെ അനുഭവിക്കേണ്ടി വന്ന ഒളിവുജീവിതവും ജയില്‍ ജീവിതവും അദ്ദേഹത്തെ ആശയപരമായി കൂടുതല്‍ കരുത്തനാക്കുകയും ചെയ്തിരുന്നു. ഇക്കാലത്ത് തികഞ്ഞ കമ്യൂണിസ്റ്റുകാരന്റെ സഹജാവബോധത്തോടെ വായനയിലും പഠനത്തിലും മുഴുകാന്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികവും പ്രായോഗികവുമായ കാര്യങ്ങള്‍ കൂടുതലായി മനസ്സിലാക്കാന്‍ അവസരം ലഭിച്ചത് ഈ ഘട്ടത്തിലായിരുന്നു. പി കൃഷ്ണപിള്ളയുടെയും ഇ എം എസിന്റെയുമൊക്കെ ലേഖനങ്ങളും കുറിപ്പുകളും ഇതിനു കൂടുതല്‍ തെളിച്ചം പകരുകയും ചെയ്തു. വായിച്ചും കേട്ടും മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് ആഴത്തില്‍ മനനം ചെയ്യാനുള്ള അവസരവും ഈ സന്ദര്‍ഭത്തിലുണ്ടായി. ഇതെല്ലാം അച്യുതാനന്ദനിലെ കമ്യൂണിസ്റ്റുകാരന് കൂടുതല്‍ കരുത്തു പകര്‍ന്നു നല്കി.

ഇത്തരമൊരു തെളിച്ചത്തോടെയാണ് അദ്ദേഹം ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കളുടെയിടയിലേക്ക് നടന്നുകയറിയത്. പി ടി പുന്നൂസും ആര്‍ സുഗതനും ടി വി തോമസും കെ ആര്‍ ഗൗരിയമ്മയും സി ജി സദാശിവനുമൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തില്‍.

(വി എസിന്റെ നൂറാം ജന്മദിനമായ ഇന്ന്  ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ഒരു സമര നൂറ്റാണ്ട് എന്ന പുസ്തകത്തിലെ ഒരു അധ്യായം) 

logo
The Fourth
www.thefourthnews.in