Saji Cherian
Saji Cherian

അതിവേ​ഗം വളർച്ച; 'ഭരണഘടന'യിൽ തട്ടി വീഴ്ച

ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായ സജി ചെറിയാന്‍ ജനകീയനായ എംഎല്‍എയും മികച്ച സംഘാടകനുമാണ്

അതികായന്‍മാരായ നേതാക്കളെ കേരളത്തിന് സമ്മാനിച്ച ആലപ്പുഴയില്‍ സിപിഎമ്മിന്‍റെ അവസാനവാക്കാണ് ഇന്ന് സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ നിന്ന് ആലപ്പുഴയിലെ സിപിഎമ്മിന്റെ അമരത്തേക്കും,സംസ്ഥാനത്തെ പ്രമുഖനായ മന്ത്രി എന്ന നിലയിലേക്കും വളര്‍ന്ന വ്യക്തിത്വം. ജി സുധാകരന്‍ പാര്‍ട്ടിയില്‍ ശക്തനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പടനായകനായും, പിന്നീട് പിണറായി വിജയന്റെ വിശ്വസ്തനായും മാറിയ നേതാവ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഉള്‍പ്പെടെ അതിവേഗത്തിലുള്ള രാഷ്ട്രീയ വളര്‍ച്ച. എതിരാളികള്‍ പോലും ബഹുമാനത്തോടെ കണ്ടിരുന്ന സാക്ഷാല്‍ ജി സുധാകരനെ വരെ മറികടന്ന് ആലപ്പുഴയില്‍ സര്‍വ ശക്തനായി. തുടരെത്തുടരെ വിവാദങ്ങള്‍ സൃഷ്ടിച്ച പരാമര്‍ശങ്ങള്‍, ഒടുവില്‍ ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് പരിധി വിട്ടെത്തി നില്‍ക്കുന്നു സജി ചെറിയാന്‍ എന്ന സിപിഎം നേതാവ്.

കാര്‍ക്കശ്യമുള്ള മുഖം, അടുപ്പക്കാര്‍ക്ക് പ്രിയപ്പെട്ട നേതാവ്

ഗൗരവക്കാരന്‍, എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് പ്രിയപ്പെട്ട നേതാവ് അതാണ് സജി ചെറിയാന്‍ എന്ന പൊതു പ്രവര്‍ത്തകന്‍. വിഭാഗീയതയുടെ നാളുകളില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച സംഘടനാ പാടവമാണ് സജി ചെറിയാനെ നേതൃത്വത്തിന് പ്രിയങ്കരനാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധേയനായ അദ്ദേഹം ജനകീയനായ എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ജീവിതം, രാഷ്ട്രീയം

ആലപ്പുഴയിലെ കൊഴുവല്ലൂരില്‍ ടി ടി ചെറിയാന്റെയും ശോശാമ്മ ചെറിയാന്റെയും മകനായി 1965 മേയ് 28 ന് ആയിരുന്നു സജി ചെറിയാന്റെ ജനനം. സ്‌കൂള്‍ പഠന കാലത്ത് തന്നെ ഇടത് ആശയങ്ങളുടെ സഹയാത്രികനായ സജി എസ്എഫ്‌ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ഇക്കാലയളവിലും, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പഠനകാലത്തും എസ്എഫ്‌ഐ നേതാവെന്ന നിലയിലേക്ക് വളരുകയായിരുന്നു.

ഡിവൈഎഫ്‌ഐയിലൂടെ സിപിഎമ്മിലേക്ക് എത്തിയ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായാണ് പാര്‍ട്ടി നേതൃ പദവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. കാര്‍ഷിക-സഹകരണ രംഗമാണ് സജി ചെറിയാന്റെ ശക്തമായ മറ്റൊരു പ്രവര്‍ത്തന മേഖല. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സിഐടിയു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. മികച്ച സംഘാടകനായ അദ്ദേഹം കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങള്‍ക്ക് പ്രിയങ്കരനായി.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സിഐടിയു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നി സ്ഥാനങ്ങളിലും സജി ചെറിയാന്‍ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയുടെ നേര്‍ സാക്ഷ്യമായി മാറിയ സജി ചെറിയാന്റെ വിലാപം.

സജി ചെറിയാന്‍ എന്ന ജനപ്രതിനിധി

കേരളം ചരിത്രത്തില്‍ അന്ന് വരെ നേരിടാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ മഹാ പ്രളയത്തിന്‍റെ ദിനങ്ങള്‍. 2018 ഓഗസ്റ്റ് 17ന്, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന സജി ചെറിയാന്‍ മാധ്യമങ്ങളിലുടെ നടത്തിയ പ്രതികരണം ആലപ്പുഴ ജില്ലയും കുട്ടനാടും നേരിടുന്ന വലിയ ദുരിതം തുറന്നു കാട്ടുന്നതായിരുന്നു.

അടിയന്തര സഹായം എത്തിയില്ലെങ്കില്‍ ആലപ്പുഴയില്‍ ആയിരങ്ങള്‍ മരിച്ചുപോകുമെന്നു പരസ്യമായി പറഞ്ഞ സജി ചെറിയാന്‍ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. സജി ചെറിയാന്റെ ശബ്ദം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്തു. വികാര നിര്‍ഭരമായിരുന്നു ആ വാക്കുകള്‍.

"എന്റെ നാട്ടിലെ പതിനായിരങ്ങള്‍ മരിച്ചു പോവും, ഞങ്ങളെ സഹായിക്കണം"

''എന്റെ നാട്ടുകാര്‍ മരിച്ച് പോവും, എന്റെ നാട്ടിലെ പതിനായിരങ്ങള്‍ മരിച്ചു പോവും. ഞങ്ങളെ സഹായിക്കണം. ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ അനുവദിക്കണം. ഞാന്‍ കാലുപിടിച്ചു പറയാം. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വേറെ വഴിയില്ല. മല്‍സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്. പ്ലീസ്..!" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ആലപ്പുഴ ജില്ലയിലെ പ്രളയക്കെടുതിയുടെ നേര്‍ സാക്ഷ്യമായിമാറി സജി ചെറിയാന്റെ വിലാപം. ഇതിന് ശേഷമായിരുന്നു ചെങ്ങന്നൂര്‍ ഉള്‍പ്പെട്ട മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായത്. സജി ചെറിയാന്റെ വാക്കുകള്‍ പിന്നീട് വലിയ ചര്‍ച്ചയായി. എതിരാളികളും, സ്വന്തം പാളയത്തിലുള്ളവരും ഈ വാക്കുകള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്തു. സജി ചെറിയാന്‍ വാവിട്ട് കരഞ്ഞത് സ്വന്തം കാര്‍ പോയ വിഷമത്തിലാണ് എന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു.

ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന നേതാവ് എന്ന ഇമേജാണ് സജി ചെറിയാനെ ചെങ്ങന്നൂരില്‍ ശക്തനാക്കുന്നത്. ഇതിന് ഉദാഹരണമായിരുന്നു സില്‍വല്‍ ലൈന്‍ വിഷയത്തിലെ ചെങ്ങന്നൂരിലെ സമര രംഗത്ത് നിന്ന് കണ്ടത്. സജി ചെറിയാന്റെ വീടിനായി സില്‍വര്‍ ലൈനിന്റെ അലൈമെന്റ് ഉള്‍പ്പെടെ മാറ്റിയന്ന് ആരോപണം ഉയര്‍ന്നു. ഈ ആരോപണത്തില്‍ പ്രതിഷേധവും ശക്തമായിരുന്നു.

സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും, നേതാക്കളും നേരിട്ടെത്തി പിഴുതുമാറ്റിയത് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. സജി ചെറിയാന് എതിരെ രൂക്ഷമായ വിമര്‍ശനവും ജനങ്ങള്‍ പരസ്യമായി ഉന്നയിച്ചു.

എന്നാല്‍, അടുത്ത ദിവസം കാഴ്ചകള്‍ മാറുകയായിരുന്നു. പ്രതിഷേധവും സമരവും നടന്ന ഇടങ്ങളില്‍ സജി ചെറിയാന്‍ നേരിട്ടെത്തി. മുണ്ടും മടക്കിക്കുത്തി പ്രതിഷേധം ഉയര്‍ന്ന വീടുകളിലേക്ക് നടന്ന് ചെന്നു അദ്ദേഹം. പ്രതിപക്ഷ നേതാക്കള്‍ പിഴുതുമാറ്റിയ അടയാളക്കല്ലുകള്‍ സ്ഥലമുടമകള്‍ തന്നെ തിരികെ സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സജി ചെറിയാന്റെ വാക്കുകള്‍ അത്ര വിശ്വാസമായിരുന്നു നാട്ടുകാര്‍ക്ക്.

ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന നേതാവ് എന്നതാണ് സജി ചെറിയാനെ ചെങ്ങന്നൂരില്‍ ശക്തനാക്കുന്നത്.

തെരഞ്ഞെടുപ്പ് പോരാട്ടം

ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു സജി ചെറിയാന്‍. 2006 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ യുവ നേതാവ് പിസി വിഷ്ണുനാഥ് ആയിരുന്നു അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

2016 ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രനായരെ ഇറക്കി ചെങ്ങന്നൂര്‍ സിപിഎം പിടിച്ചെടുത്തു. അക്കാലത്ത് സിപിഎം ജില്ലാ സെക്രട്ടറിയിരുന്നു സജി ചെറിയാന്‍.

2018 വരെ മാത്രമായിരുന്നു കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കാനായത്. 2018 ജനുവരി 14 ന് കരള്‍ രോഗ ബാധയെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാനല്ലാതെ മറ്റൊരു പേരും സിപിഎമ്മിന് മുന്നില്‍ ഉണ്ടായിരുന്നില്ല.

2018 മേയ് 31ന് ഫലം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സജി ചെറിയാന്‍ വിജയിച്ചത്. 2022 ലും നിയമസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ ശക്തനായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നു വരവ്. ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രിയായി അദ്ദേഹത്തെ പാര്‍ട്ടി നിയോഗിച്ചു.

ആലപ്പുഴയിലെ വളര്‍ച്ച

പകരക്കാരനായിട്ടായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും സജി ചെറിയാന്‍ കടന്നുവരുന്നത്. സി ബി ചന്ദ്രബാബു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴായിരുന്നു സജി ചെറിയാന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

ജി സുധാകരന്‍ എന്ന മുതിര്‍ന്ന നേതാവിനെ അപ്രസക്തമാക്കിയായിരുന്നു സജി ചെറിയാന്റെ ആലപ്പുഴയിലെ വളര്‍ച്ച. 2022 ലെ സമ്മേളന കാലത്ത് ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം വരുന്ന ലോക്കല്‍, ഏരിയ കമ്മിറ്റികളെ കൂടെ നിര്‍ത്തിയാണ് സജി ചെറിയാന്‍ പക്ഷം ആലപ്പുഴയില്‍ ശക്തരായത്. ജില്ലാ സെക്രട്ടറി എച്ച് നാസറും സജി ചെറിയാനൊപ്പം ഉറച്ചു നില്‍ക്കുന്നു. സെക്രട്ടേറിയേറ്റ് അംഗമായി കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ ആലപ്പുഴയില്‍ ശക്തനായ അധികാര കേന്ദ്രമായി തന്നെ സജി ചെറിയാന്‍ മാറി

വിഎസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ആലപ്പുഴയെ പിണറായി പക്ഷത്ത് ഉറച്ചുനിന്ന് നയിക്കാനായിരുന്നു സജി ചെറിയാന്‍ ശ്രമിച്ചത്. നിയമസഭാ സമാജികനാവാനും മന്ത്രിയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തുന്നതിനും ഈ നിലപാട് അദ്ദേഹത്തെ സഹായിച്ചു.

വിവാദങ്ങള്‍

വിവാദങ്ങളുടെ തോഴനായിരുന്നു സജി ചെറിയാന്‍. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ നിരവധി സന്ദര്‍ഭങ്ങള്‍ സജി ചെറിയാനില്‍ നിന്നുണ്ടായി. ഭരണഘടനയെ വിമര്‍ശിച്ചതില്‍ എത്തിനില്‍ക്കുന്നു ആ പരാമര്‍ശങ്ങള്‍.

തിരുവനന്തപുരത്ത് സിപിഎമ്മിനെ വലിയ വിവാദത്തിലേക്ക് തള്ളിവിട്ട ദത്ത് വിഷയം നേരിട്ട് പരാമര്‍ശിക്കാതെ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായി. വന്‍ വിമര്‍ശനം ആയിരുന്നു ഈ വാക്കുകള്‍ ഏറ്റുവാങ്ങിയത്.

"കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ. ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം". എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

സില്‍വര്‍ ലൈന്‍

സില്‍വര്‍ ലൈന്‍ ഡിപിആറില്‍ ബഫര്‍ സോണില്ലെന്നായിരുന്നു സജി ചെറിയാന്റെ വിവാദമായ മറ്റൊരു നിലപാട്. ബഫര്‍ സോണും സേഫ്റ്റി സോണും ഉണ്ട്. രണ്ടും രണ്ടാണ്. 5 മീറ്റര്‍ സേഫ്റ്റി സോണാണ്. ഇത് അപകടങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ്. എന്ന് സജി ചെറിയാന്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കും, പാര്‍ട്ടിയും, കെ റെയില്‍ അധികൃതരും തള്ളുന്ന നിലയും ഉണ്ടായി.

സില്‍വര്‍ ലൈന്‍ സമരത്തിന് തീവ്രവാദികളുടെ സഹായം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന് തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നുവെന്നായിരുന്നു സജി ചെറിയാന്റെ മറ്റൊരു ആരോപണം. ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ നടന്നതെന്നും തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in