കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

പി സുബ്ബയ്യാപിള്ളയെയും വേളൂര്‍ കൃഷ്ണന്‍കുട്ടിയെയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെയും പോലെ മൗലികമായ നര്‍മം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് സുകുമാര്‍

ചിരിപ്പിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെയാവും കണ്ടും കേട്ടും വായിച്ചും ശീലം. എന്നാല്‍ എന്റെ ഓര്‍മകളിലെ സുകുമാര്‍ ചിരിക്കുന്നേയില്ല; കരയുകയാണ്; കരയിക്കുകയും.

സ്‌കൂള്‍ ജീവിതകാലത്തുനിന്നുള്ള ആര്‍ദ്രസ്മരണ. 'കുട്ടികളുടെ ദീപിക' എന്നൊരു ബാലമാസിക വീട്ടില്‍ വരുത്തിയിരുന്നു അന്ന്. കാര്‍ട്ടൂണിസ്റ്റ് സുകുമാറിന് ഒരു കോളമുണ്ട് അതില്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദോഷ ഫലിതങ്ങള്‍ ഉള്‍ക്കൊള്ളുന്ന രസികന്‍ പംക്തി. പൂച്ചയും പട്ടിയും കുരങ്ങനും മുതലയുമൊക്കെ കഥാപത്രങ്ങളായി വരും അതില്‍. മാസിക വന്നാല്‍ ആദ്യം വായിച്ചു തീര്‍ക്കുക സുകുമാറിന്റെ കുറിപ്പ് തന്നെ.

കടപ്പാട്: കാർട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണൻ

ഒരിക്കല്‍ മാത്രം പക്ഷേ സുകുമാര്‍ പതിവ് തെറ്റിച്ചു. തമാശക്കഥ വായിച്ചു പൊട്ടിച്ചിരിക്കാന്‍ കാത്തിരുന്ന അന്നത്തെ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തേടിവന്നത് ചിരികൊണ്ട് പൊതിഞ്ഞ ഒരു കണ്ണീരനുഭവം. 'കുട്ടികളേ, ഇപ്രാവശ്യം നിങ്ങളെ ചിരിപ്പിക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല' എന്ന വരിയില്‍ നിന്നാണ് പംക്തിയുടെ തുടക്കം എന്നോര്‍ക്കുന്നു. ചിരിപ്പിക്കണമെന്നുമുണ്ട്, പക്ഷേ ചിരി വരുന്നില്ല. കരയുകയാണ് മനസ്സ്.

അപ്രതീക്ഷിതമായ ഒരു വേര്‍പാടിന്റെ ആഘാതത്തിലായിരുന്നു ആ സമയത്ത് സുകുമാര്‍. പ്രിയപ്പെട്ട മകള്‍ ലോകത്തുനിന്ന് യാത്രയായിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ. എന്നെപ്പോലെ സ്‌കൂള്‍ കുട്ടിയായിരുന്നു അവളും. മകളുടെ വിയോഗത്തിന്റെ വേദനയാണ് ആ കുറിപ്പില്‍ അദ്ദേഹം ഹൃദയസ്പര്‍ശിയായി പങ്കുവച്ചത്. എങ്കിലും ഉള്ളിലൊരു ഹാസസാഹിത്യകാരന്‍ ഉള്ളതിനാലാകാം, തീവ്രദുഃഖത്തെ നേര്‍ത്ത ചിരികൊണ്ട് പൊതിഞ്ഞാണ് അദ്ദേഹം ആ കുറിപ്പെഴുതിയത്. വായിച്ചുതീര്‍ന്നപ്പോള്‍ ആ ചെറുപ്രായത്തിലും കണ്ണുനിറഞ്ഞുപോയി.

കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

എത്രയോ ആവര്‍ത്തി വായിച്ചിട്ടുണ്ടാകും ആ കുറിപ്പ്. അതുകൊണ്ടു തന്നെ അതിലെ പല വാചകങ്ങളും എനിക്ക് മനഃപാഠം. മകള്‍ പങ്കുവച്ച പല ആഗ്രഹങ്ങളും തനിക്ക് നിറവേറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖവുമുണ്ടായിരുന്നു ആ തുറന്നെഴുത്തില്‍. അടുത്ത മാസത്തെ കോളത്തില്‍ പഴയ സുകുമാര്‍ കുസൃതികളും തമാശകളുമായി വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും പഴയപോലെ അതു വായിച്ച് പൊട്ടിച്ചിരിക്കാന്‍ തോന്നിയില്ല. വരികള്‍ക്കിടയില്‍, വാക്കുകള്‍ക്കിടയില്‍ എങ്ങോ ഒരു കണ്ണുനീര്‍ത്തുള്ളി പറ്റിപ്പിടിച്ചു നില്‍ക്കുന്നതു പോലെ.

കാര്‍ട്ടൂണിസ്റ്റ് സുകുമാർ വരച്ച മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, വി എസ് അച്യുതാനന്ദൻ, എ കെ ആന്റണി എന്നിവരുടെ കാരിക്കേച്ചറുകൾ
കാര്‍ട്ടൂണിസ്റ്റ് സുകുമാർ വരച്ച മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, വി എസ് അച്യുതാനന്ദൻ, എ കെ ആന്റണി എന്നിവരുടെ കാരിക്കേച്ചറുകൾ

പി സുബ്ബയ്യാപിള്ളയെയും വേളൂര്‍ കൃഷ്ണന്‍കുട്ടിയെയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെയും പോലെ മൗലികമായ നര്‍മം കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് സുകുമാര്‍. അതിപ്രഗത്ഭനായ കാര്‍ട്ടൂണിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം; മികച്ച പ്രഭാഷകനും. ചിരിക്കാതെയാണ് ഫലിതം പറയുക. പില്‍ക്കാലത്തെ പല 'ട്രോളര്‍മാ'രെയും പോലെ ആളുകളെ രസിപ്പിക്കാന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയോ അശ്ലീലത്തേയോ ആശ്രയിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്. പരിഹസിക്കപ്പെടുന്നവനെപ്പോലും അറിയാതെ ചിരിപ്പിക്കും ആ പരിഹാസോക്തികള്‍.

പല തവണ കണ്ടിട്ടുണ്ട് സുകുമാറിനെ. പക്ഷേ ഒരിക്കലും നേരില്‍ സംസാരിച്ചിട്ടില്ല. കൗമുദിയുടെയും മാതൃഭൂമിയുടെയും വരാന്തകളിലൂടെ ഒരുകെട്ട് പുസ്തകം മാറോടടുക്കിപ്പിടിച്ച്, വളഞ്ഞകാലന്‍ കുട നിലത്തുകുത്തി നടന്നുനീങ്ങുന്ന മെലിഞ്ഞുനീണ്ട മനുഷ്യനെ കാണുമ്പോഴെല്ലാം ആദ്യം ഓര്‍മവരിക വേദനയില്‍ ചാലിച്ച ആ പഴയ കുറിപ്പാണ്. ഉള്ളില്‍ വേദനയുമായി മുന്നിലെ സദസ്സിനെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ വിദൂഷകര്‍.

logo
The Fourth
www.thefourthnews.in