കെ ജി ജോർജ് - എം ബി എസ്; ചരിത്രം സൃഷ്ടിച്ച കൂട്ടുകെട്ട്

കെ ജി ജോർജ് - എം ബി എസ്; ചരിത്രം സൃഷ്ടിച്ച കൂട്ടുകെട്ട്

"സംവിധായകനും സംഗീത സംവിധായകനുമിടയിലെ അപൂർവമായ "ടെലിപ്പതിക്" ബന്ധമാണ് ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യം" രവി മേനോന്‍

ഉൾക്കടൽ, യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ, കോലങ്ങൾ... എം ബി ശ്രീനിവാസന്റെ ഏറ്റവും മികച്ച മ്യൂസിക്കൽ വർക്കുകളിൽ ഭൂരിഭാഗവും കെ ജി ജോർജ്ജ് ചിത്രങ്ങളായത് യാദൃച്ഛികമാകാൻ ഇടയില്ല. സംവിധായകനും സംഗീത സംവിധായകനുമിടയിലെ അപൂർവമായ "ടെലിപ്പതിക്" ബന്ധമാണ് ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യം.

"ഞാൻ പ്രതീക്ഷിക്കുന്നത് എന്തെന്ന് വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു എം ബി എസ്സിന്. അദ്ദേഹത്തിന് ജോലിയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകാനുള്ള മനസ്സ് എനിക്കും." -- ജോർജിന്റെ വാക്കുകൾ. "അപൂർവമായേ ഞാൻ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെട്ടിട്ടുള്ളൂ. പിന്നീട് അതിന്റെ പേരിൽ പശ്ചാത്തപിക്കേണ്ടി വന്നിട്ടുമുണ്ട്. ഇരകൾ എന്ന ചിത്രത്തിൽ ഗണേശന്റെ മനസ്സിന്റെ പതർച്ച പശ്ചാത്തലത്തിലെ ഇലക്ട്രോണിക് ശബ്ദങ്ങളിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുമെന്ന് എനിക്ക് തോന്നി. അത്തരം ശബ്ദങ്ങൾ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരുന്ന കാലമാണ്. എന്റെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് മനസ്സില്ലാമനസ്സോടെ എം ബി എസ് ഇലക്ട്രോണിക് ഉപകരണങ്ങൾ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. പിന്നീട് സിനിമ കണ്ടപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നി."

കോലങ്ങളുടെ അവസാന ഘട്ടത്തിൽ തിലകന്റെ കഥാപാത്രം മേനകയേയും കൊണ്ടുപോകുന്ന സീനിന്റെ പശ്ചാത്തലത്തിൽ "ട്രയംഫന്റ് നോട്ട്" ഉചിതമായിരിക്കും എന്നായിരുന്നു ജോർജ്ജിന്റെ അഭിപ്രായം. പക്ഷേ പടത്തിൽ അത് മുഴച്ചു നിന്നു. സംഗീതം സിനിമയുടെ പൊതുഗതിയിൽ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ തിരിക്കും മട്ടിൽ ആവരുതെന്ന് എം ബി എസിന് നിർബന്ധമുണ്ടായിരുന്നു.

തന്റെ ചിത്രത്തിൽ എം ബി എസ്സിന്റെ ഏറ്റവും തികവാർന്ന വർക്കായി ജോർജ്ജ് എടുത്തുപറയുന്നത് "ആദാമിന്റെ വാരിയെല്ല്" ആണ്. ആ ചിത്രത്തിൽ സുഹാസിനിയും ശ്രീവിദ്യയും സൂര്യയും അവതരിപ്പിച്ച മുഖ്യ കഥാപാത്രങ്ങൾക്ക് അവരുടെ വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളും മാനസിക നിലകളുമെല്ലാം പ്രതിഫലിക്കുന്ന വ്യത്യസ്തങ്ങളായ മ്യൂസിക്കൽ തീമുകൾ തന്നെ നൽകി എം ബി എസ്. ഇന്ത്യൻ സിനിമയിൽ തന്നെ അതൊരു അപൂർവത ആയിരുന്നു.

logo
The Fourth
www.thefourthnews.in