ചടയന്‍ സ്മരണ@25; സിപിഎം 
സംഘടനാ ചരിത്രത്തിലെ സ്വാധീന ശക്തി

ചടയന്‍ സ്മരണ@25; സിപിഎം സംഘടനാ ചരിത്രത്തിലെ സ്വാധീന ശക്തി

പാവപ്പെട്ട തൊഴിലാളിയായിരുന്നയാള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതനേതാവായി വളര്‍ന്ന സവിശേഷതയാണ് ചടയന്റെ കാര്യത്തില്‍

ചടയന്‍ ഗോവിന്ദന്റെ 25-ാമത് ചരമവാര്‍ഷികമാണ് സെപ്റ്റംബര്‍ ഒമ്പതിന്. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും നിര്‍ണായകവും പ്രയാസമേറിയതുമായ ഒരു ഘട്ടത്തില്‍ വലിയ പോറലേല്‍ക്കാതെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ ശ്രമിച്ച നേതാവ്. കേവലം 27 മാസം മാത്രമാണ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്, അതില്‍ത്തന്നെ മാസങ്ങളോളം രോഗശയ്യയിലും. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനവുമാകുമ്പോള്‍ സിപിഎമ്മിന്റെ സംഘടനാചരിത്രത്തിലെ വലിയ സ്വാധീനശക്തിയിലൊന്നായി അദ്ദേഹം നിറഞ്ഞുനിന്നു.

ചടയന്‍ ഗോവിന്ദന്‍ ഒരു നെയ്ത്തുതൊഴിലാളിയായിരുന്നു. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച, പാവപ്പെട്ട ഒരു തൊഴിലാളിയായിരുന്നയാള്‍ സംസ്ഥാനത്തെ ഏറ്റവുംവലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതനേതാവായി വളര്‍ന്ന സവിശേഷതയാണ് ചടയന്റെ കാര്യത്തില്‍. ഈ ലേഖകന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഗോവിന്ദേട്ടനെ ആദ്യം കാണുന്നത്. ഞങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ മൈതാനത്ത് ഒരു ജീപ്പുജാഥയെത്തി. ചെറിയൊരു ഹാന്‍ഡ് മൈക്ക് കെട്ടിയ ആ ജീപ്പിന് മുന്നില്‍ ഒരു ബാനര്‍. ചിറക്കല്‍ താലൂക്ക് ഹാന്‍ഡ്‌ലൂം വര്‍ക്കേഴ്‌സ് യൂണിയന്‍. ജീപ്പില്‍നിന്നും തടിച്ച് ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങുന്നു. അവിടെ കൂടിനില്‍ക്കുന്ന പത്തോ പതിനഞ്ചോ പേരില്‍നിന്ന് ഒരാള്‍ മുന്നോട്ടുവന്ന് ഒരു രൂപയുടെ നോട്ടുകള്‍ തുന്നിക്കെട്ടിയ ഒരു ചുവപ്പുമാല ആ ദീര്‍ഘകായനെ അണിയിക്കുന്നു. അയാള്‍ ഹാന്‍ഡ് മൈക്കുപയോഗിച്ച് പ്രസംഗിക്കുന്നത് നെയ്ത്തുതൊഴിലാളികളുടെ ദുരിതത്തെക്കുറിച്ചാണ്, മാറ്റിവയ്ക്കപ്പെട്ട വേതനമെന്നനിലയില്‍ ബോണസ് അനുവദിക്കണമെന്നാണ്. ഒരു നെയ്ത്തു തൊഴിലാളിയുടെ മകനെന്ന നിലയില്‍ ആ പ്രസംഗത്തിന്റെ ഉള്ളടക്കം നന്നായി അറിയാമായിരുന്നു.

ലേഖകൻ ചടയൻ ഗോവിന്ദനൊപ്പം
ലേഖകൻ ചടയൻ ഗോവിന്ദനൊപ്പം

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന് ചടയന്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അടിയന്തരാവസ്ഥക്ക് ഇളവുവരുത്തി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്റെ ജന്മദേശമായ നാറാത്തുള്‍പ്പെട്ട അഴീക്കോട് മണ്ഡലത്തില്‍ ചടയന്‍ ഇടതു സ്ഥാനാര്‍ഥിയായി. അഴീക്കോട് മണ്ഡലത്തിലെ ആദ്യത്തെ എംഎല്‍എയായ ചടയന് ആകെ മൂന്നുവര്‍ഷത്തില്‍താഴെ മാത്രമാണ് എംഎല്‍എയായി പ്രവര്‍ത്തിക്കാനായത്. പാട്യം ഗോപാലന്റെ അകാല മരണത്തെതുടര്‍ന്ന് സിപിഐഎമ്മിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ചടയന്‍ പാര്‍ലമെന്ററി രംഗത്തുനിന്നൊഴിയുകയായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്ന് ചടയന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു

ചടയനുമായി വ്യക്തിപരമായി അടുത്തുബന്ധപ്പെടുന്നതിന് ആദ്യം ഇടയാക്കിയത് അദ്ദേഹത്തിന്റെ മകന്‍ സത്യനുമായുള്ള ബന്ധമാണ്. ദേശാഭിമാനി ബാലസംഘത്തിന്റെ നാറാത്ത് വില്ലേജിലെ നേതാവായിരുന്നു സത്യന്‍. കണ്ണൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍. ക്യാമ്പുകള്‍ക്കും യോഗങ്ങള്‍ക്കുമെല്ലാം പോയാല്‍ ചില ദിവസങ്ങളില്‍ ബസ്സുകിട്ടാതെ കുടുങ്ങിപ്പോകും. അങ്ങനെയുള്ള ചില ദിവസങ്ങളില്‍ ചടയന്റെ കമ്പിലെ വീട്ടില്‍ സത്യനോടൊപ്പം പോയി താമസിക്കും. ആ ദിവസങ്ങളില്‍ ചടയനുമായി ഏറെനേരം സംസാരിക്കാറുണ്ട്. കണ്ണൂരില്‍നിന്ന് രാത്രി മടങ്ങുമ്പോള്‍ പലദിവസങ്ങളിലും ചടയനുമുണ്ടാവും. മറ്റുള്ളവര്‍ ആദരപൂര്‍വം സീറ്റ് ഒഴിഞ്ഞുകൊടുത്താലും ചടയന്‍ വഴങ്ങില്ല. നിന്നു തന്നെ പോകും.

ചടയന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച 1978 മുതല്‍ 86വരെയുള്ള കാലത്താണ്, ആദ്യം ബാലസംഘത്തിന്റെയും പിന്നീട് എസ്എഫ്ഐയുടെയും പ്രധാന പ്രവര്‍ത്തകരിലൊരാളായി ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ അടുത്തുബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത്. ഒന്നിച്ചുയാത്ര ചെയ്യുമ്പോഴും വീട്ടില്‍വെച്ചും പലതവണ നടത്തിയ സംഭാഷണത്തിലൂടെയാണ് ചിറക്കല്‍ താലൂക്കിലെ, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ചുവന്ന ഫര്‍ക്കയെന്ന് ചൊല്‍ക്കൊണ്ട ഇരിക്കൂര്‍ ഫര്‍ക്കയിലെ പ്രസ്ഥാനത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ചെറിയൊരു ചിത്രം ലഭിച്ചത്.

അഞ്ചാം ക്ലാസ് പഠനം കഴിഞ്ഞശേഷം കൈത്തറിതൊഴിലാളിയായി ജീവിതമാരംഭിക്കാന്‍ നിര്‍ബന്ധിതനായ വ്യക്തിയാണ് ഗോവിന്ദന്‍. ആദ്യം നല്ലി ചുറ്റ്, പിന്നീട് പാവുപിരിക്കുന്നതിന്റെ സഹായി, അടുത്തഘട്ടത്തില്‍ കുഴിത്തറിയില്‍ നെയ്ത്ത്. 13 വയസ്സുകഴിഞ്ഞപ്പോഴേക്കും പൂര്‍ണനെയ്ത്തുകാരനായി മാറിയ ഗോവിന്ദന്‍ കമ്പിലെ ഷണ്‍മുഖവിലാസം നെയ്ത്തുകമ്പനിയിലെ അംഗീകൃത തൊഴിലാളിയായി. ഈ സമയത്താണ് ചടയന്‍ നാട്ടിലെ മറ്റ് സമപ്രായക്കാരോടൊപ്പം സിദ്ധസമാജത്തിന്റെ അനുഭാവിയാകുന്നത്. സിദ്ധ വിദ്യാര്‍ഥി. ജാതിഭേദവും മതദ്വേഷവുമില്ലാതെ സമ്പൂര്‍ണ സമത്വമാണ് സിദ്ധസമാജത്തിന്റെ ആദര്‍ശം. ആഴ്ചയിലൊരിക്കല്‍ ഭജനയുണ്ടാകും. അന്ന് മൃഷ്ടാന്നഭോജനവും. വലിയ ഇലയിട്ട് അതില്‍ വിളമ്പുന്ന ചോറ് എല്ലാവരും ഒന്നിച്ചുവാരിയുണ്ണുകയാണ്. ചടയനെയും സൃഹൃത്തുക്കളെയും ഭക്ഷണമാണ് ഹഠാദാകര്‍ഷിച്ചതെന്ന് പറയേണ്ടതില്ല. പക്ഷേ ക്രമേണ നിയന്ത്രണങ്ങള്‍ കൂടാന്‍ തുടങ്ങി. ഷര്‍ട്ട് പാടില്ല എന്നുതുടങ്ങി പല അരുതുകള്‍. സിദ്ധമതാദര്‍ശത്തോട് അങ്ങേയറ്റത്തെ കൂറുനിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ സംഘടനയില്‍നിന്ന് അകലുകയും കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടുക്കുകയുമായിരുന്നു.

അഞ്ചാം ക്ലാസ് പഠനംകഴിഞ്ഞശേഷം കൈത്തറിതൊഴിലാളിയായി ജീവിതമാരംഭിക്കാന്‍ നിര്‍ബന്ധിതനായ വ്യക്തിയാണ് ഗോവിന്ദന്‍

നാട്ടുകാരനായ പി കെ കുഞ്ഞനന്തന്‍നായര്‍ (പില്‍ക്കാലത്തെ ബെര്‍ലിന്‍) ഒരുദിവസം ഷണ്‍മുഖവിലാസം നെയ്ത്തുകമ്പനിയിലെത്തി ഗോവിന്ദനെ വിളിച്ചു. ''ഗോവിന്ദാ നമുക്കിവിടെ കുട്ടികളുടെ ഒരു സംഘമുണ്ടാക്കണ്ടേ. നിന്റെ കൂട്ടുകാരെയൊക്കെ വിളിച്ചുചേര്‍ക്കണം''. ചടയനും കൂട്ടുകാരും ബാലസഘത്തിന്റെ പ്രവര്‍ത്തകരാവുന്നു. മറ്റൊരു ദിവസം കുഞ്ഞനന്തന്‍നായര്‍ പറയുന്നു, കുട്ടികളുടെ ഒരു ജാഥ നടത്തണം. നമ്മുടെ കെപിആറിനെ തൂക്കുമരത്തില്‍നിന്ന് രക്ഷിക്കണമെന്ന മുദ്രാവാക്യം വിളിച്ച് ജാഥ നടത്തണം. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരവേ പ്രദേശത്ത് ഒളിവില്‍ പ്രവര്‍ത്തിക്കാനെത്തുന്ന നേതാക്കളുടെ വഴികാട്ടികളായും അവര്‍ക്ക് പത്രവും ബീഡിയുമൊക്കെ എത്തിക്കുന്നവരായും പ്രവര്‍ത്തനം.

ചടയന്‍ സ്മരണ@25; സിപിഎം 
സംഘടനാ ചരിത്രത്തിലെ സ്വാധീന ശക്തി
ഭരണഘടനയില്‍നിന്ന് മോദി സര്‍ക്കാര്‍ 'ഇന്ത്യയെ' പുറത്താക്കുമോ? പേര് തര്‍ക്കത്തിന്റെ നാള്‍വഴികള്‍

1941-ല്‍ പാപ്പിനിശ്ശേരിയിലെ ആറാേണ്‍ മില്ലില്‍ നീണ്ടുനിന്ന പണിമുടക്കം. തൊഴിലാളികള്‍ പട്ടിണിയിലാകുന്ന സാഹചര്യം. വിവിധ പ്രദേശങ്ങളില്‍നിന്ന് കൃഷിക്കാരും ഇതരജനവിഭാഗങ്ങളും അരിയും മറ്റ് ഉല്പന്നങ്ങളും പിരിച്ചെടുത്ത് കാല്‍നടയായി സമരകേന്ദ്രത്തിലെത്തിക്കുന്നു. ചടയനും സുഹൃത്തുക്കളും ചക്കയും കുമ്പളങ്ങയുമെല്ലാം ശേഖരിച്ച് തലച്ചുമടായി സമരകേന്ദ്രത്തിലെത്തിച്ചത് ഒന്നിലേറെത്തവണയാണ്. തന്റെ ജന്മദേശമായ കമ്പില്‍മേഖലയില്‍ ഒരു വായനശാല ഉണ്ടാക്കുന്നതിലായി ചടയന്റെ അടുത്ത പ്രവര്‍ത്തനം. എകെജി ഒരിക്കല്‍ കമ്പില്‍ വന്നപ്പോള്‍ വായശാലയില്ലാത്തത് വലിയ കുറച്ചിലാണെന്ന് പരസ്യമായി പറഞ്ഞതാണ് വായനശാലയുണ്ടാക്കിയേ തീരൂവെന്ന വാശിയുണ്ടാക്കിയത്.

കമ്പില്‍ തെരുവും അങ്ങാടിയും കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമാണ്. അതിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വഴി നടക്കാനാവുമായിരുന്നില്ല

ഗ്രന്ഥശാലാസംഘം നേതാവായ പി എന്‍ പണിക്കരെ ചടയനും സുഹൃത്തുക്കളും നേരിട്ടുചെന്നുകണ്ടാണ് വായനശാലയ്ക്ക് രജിസ്‌ട്രേഷന്‍ നേടിയത്. കമ്പില്‍ യുവജനവായനശാല. നെയ്ത്തും വായനശാലാ പ്രവര്‍ത്തനവും നാടകാഭിനയവും നാടകസംവിധാനവുമൊക്കെയായി അങ്ങനെ പോകവേയാണ് കമ്പില്‍ വലിയൊരു സംഘര്‍ഷമുണ്ടായത്. കമ്പില്‍ തെരുവും അങ്ങാടിയും കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമാണ്. അതിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വഴി നടക്കാനാവില്ല. അതിനൊരു പ്രതിരോധമുയര്‍ത്താന്‍ തീരുമാനിച്ച് നേതാക്കളായ ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, ഇ കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ ഒരുദിവസം അങ്ങാടിയിലൂടെ നടന്നു. സംഘര്‍ഷമുണ്ടായാല്‍ ഓടിയെത്താന്‍ കുറുവടികളുമായി വോളന്റിയര്‍ സംഘം അല്‍പ്പം അപ്പുറത്തുണ്ട്. പക്ഷേ അങ്ങാടിയിലൂടെ നടന്ന രണ്ടു നേതാക്കളെയും ഗുണാസംഘം പിടിച്ചു മര്‍ദിക്കുകയും ഇ പി കൃഷ്ണന്‍ നമ്പ്യാരുടെ തലയില്‍ ആസിഡൊഴിക്കുകയുമെല്ലാം ചെയ്തിട്ടും വോളന്റിയര്‍ സംഘം എത്തിയില്ല, ആശയവിനിമയത്തിലെ പാളിച്ച കാരണം അവര്‍ അല്പം വൈകിപ്പോയി. എന്നാല്‍ സംഭവസ്ഥലത്തിന് വിളിപ്പാടകലെയുള്ള കമ്പനിയില്‍നിന്ന് കാര്യം മനസ്സിലാക്കി ചടയനും സഹോദരനും വടികളുമായി ഓടിയെത്തുകയും ഗുണ്ടകളെ നേരിടാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് നേരത്തെ ഒരുക്കിനിര്‍ത്തിയ വോളന്റിയര്‍മാര്‍ എത്തിയത്.

ചടയന്‍ സ്മരണ@25; സിപിഎം 
സംഘടനാ ചരിത്രത്തിലെ സ്വാധീന ശക്തി
പെരിയാറില്‍നിന്ന് ഉദയനിധി സ്റ്റാലിന്‍ വരെ, സനാതന ധര്‍മത്തിനെതിരായ ദ്രാവിഡ കലാപങ്ങള്‍

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വോളന്റിയര്‍ സംഘത്തിലെ പ്രധാനിയായ ചടയന്‍ പ്രതിരോധത്തിലും കടന്നാക്രമണത്തിലും ഒന്നുപോലെ ശോഭിച്ചു

ആ സംഭവത്തെ തുടര്‍ന്ന് ചടയന്റെ ജന്മനാട് എംഎസ്പിയുടെയും ഗുണ്ടകളുടെയും വലയത്തിലായി. ചടയന്റെ വീട്ടിലെ നെയ്ത്തുമഘങ്ങള്‍ തകര്‍ക്കപ്പെട്ടു, പാവുകള്‍ തറിച്ചുമുറിച്ചു. തൊട്ടടുത്ത ഗ്രാമത്തിലേക്ക് അഭയം പ്രാപിച്ച ചടയന്‍ അവിടെ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു. ചേലേരി എന്ന ആ ഗ്രമത്തിലെ അനന്തന്‍ നമ്പ്യാര്‍ എന്ന ജന്മിയുടെ പത്തായം കുത്തിത്തുറന്ന് നെല്ലെടുത്ത് പാവങ്ങള്‍ക്ക് വിതരണംചെയ്ത സംഭവത്തില്‍ പങ്കാളിയാകുന്നത് ആ ഘട്ടത്തിലാണ്. 1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വോളന്റിയര്‍ സംഘത്തിലെ പ്രധാനിയായ ചടയന്‍ പ്രതിരോധത്തിലും കടന്നാക്രമണത്തിലും ഒന്നുപോലെ ശോഭിച്ചു.

1950-ലെ ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയായി പോലീസ്-ഗുണ്ടാ ഭീകരവാഴ്ചയാണ് നടമാടിയത്. ആ വര്‍ഷം മെയ് നാലിന് ചടയന്റെ ജന്മഗ്രാമത്തോടു ചേര്‍ന്ന പാടിക്കുന്നില്‍ മൂന്ന് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ പോലീസ് വെടിവച്ചുകൊന്നു. ജയിലില്‍നിന്നും പോലീസ് ക്യാമ്പില്‍നിന്നും കൊണ്ടുപോയായിരുന്നു കൂട്ടക്കൊല. കാട്ടില്‍ ഒളിവില്‍കഴിയവേ അറസ്‌റ്റിലായ ചടയന് ക്രൂരമായ മര്‍ദനമേറ്റു. ആഴ്ചകളോളം ജയിലില്‍... നാട്ടില്‍നില്‍ക്കാനാവാത്തവിധം സ്ഥിതി ഭയാനകമായതോടെ ചടയന്‍ വീരാജ്‌പേട്ടയിലേക്ക് നടന്നുപോയി. അവിടെ ഉരുട്ടുകട്ടയുണ്ടാക്കുന്ന ജോലി. ഭക്ഷണംമാത്രമാണ് കൂലി. മൂന്നുമാസം അങ്ങനെ. പിന്നീട് വീണ്ടും നാട്ടിലേക്ക് നടത്തം. തിരകെയെത്തിയ ചടയന്‍ 1952-ല്‍ സിപിഐയുടെ ഇരിക്കൂര്‍ ഫര്‍ക്കാ കമ്മിറ്റിയില്‍ അംഗമായി മുഴവന്‍സമയ പ്രവര്‍ത്തകനായി.

ആ സംഭവത്തെ തുടര്‍ന്ന് ചടയന്റെ ജന്മനാട് എംഎസ്പിയുടെയും ഗുണ്ടകളുടെയുംവലയത്തിലായി. ചടയന്റെ വീട്ടിലെ നെയ്ത്തുമഘങ്ങള്‍ തകര്‍ക്കപ്പെട്ടു, പാവുകള്‍ തറിച്ചുമുറിച്ചു. തൊട്ടടുത്ത ഗ്രാമത്തിലേക്ക് അഭയം പ്രാപിച്ച ചടയന്‍ അവിടെ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു.

ഇ പി കൃഷണന്‍ നമ്പ്യാര്‍ സെക്രട്ടറി എ കുഞ്ഞിക്കണ്ണന്‍, എ വി കുഞ്ഞപ്പന്‍, കെ കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍, ഇ കുഞ്ഞിരാമന്‍ നായര്‍ സി പി മൂസാന്‍കുട്ടി, എം പി ദാമോദരന്‍ന്നപ്യാര്‍, ടി ആര്‍ നാരായണന്‍നായര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങള്‍. 1962-ല്‍ ചടയന്‍ ആ ഘടകത്തിന്റെ സെക്രട്ടറിയായി. ഇരിക്കൂര്‍ താലൂക്കുകമ്മിറ്റിയെന്നാണന്ന് സംഘടനാപ്പേര്. ചടയനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ എന്നും ആവേശംപകര്‍ന്ന നേതാവായ ടി സി നാരായണന്‍ നമ്പ്യാര്‍ പിളര്‍പ്പോടെ സിപിഐയില്‍ നിലകൊണ്ടത് ചടയന് വലിയ ആഘാതമായി. അതുപോലെ സംഘടനാപ്രവര്‍ത്തനത്തിലെ തുടക്കംമുതലുള്ള ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ സി പി മൂസാന്‍ കുട്ടി സിഎംപിയിലെത്തിയതും ആഘാതം.

ചടയന്‍ ഗോവിന്ദന്‍ എന്ന നേതാവ് ഏറ്റവും അടിത്തട്ടില്‍നിന്ന് ഏറ്റവും ത്യാഗനിര്‍ഭരമായ, ഏറ്റവും ധീരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഉയര്‍ന്നുവന്നതെന്നതിലേക്ക് ഒരെത്തിനോട്ടമാണിവിടെ നടത്തിയത്. അദ്ദേഹത്തില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും മനസ്സിലാക്കിയ കഥകളിലൊരംശം മാത്രമാണിവിടെ വിവരിച്ചത്. ലാളിത്യമായിരുന്നു ചടയന്റെ മുഖമുദ്ര. സംഘടനാകാര്യങ്ങളില്‍ കൃഷ്ണപിള്ളയുടെയും സി.എച്ച്. കണാരന്റെയും നിരയിലാണ് ചടയന്റെ സ്ഥാനമെന്ന് ചടയനെ പന്തുടര്‍ന്ന് സംസ്ഥാനസെക്രട്ടറിയായ പിണറായി പലവട്ടം പറഞ്ഞിട്ടുണ്ട്.

സീതാറം യെച്ചൂരി നയിച്ച അഞ്ചംഗ സിപിഎം. പ്രതിനിധിസംഘത്തില്‍ അംഗമായി ചടയന്‍ ചൈന സന്ദര്‍ശിച്ചത് 1995-ലാണ്

സിപിഎമ്മിന്റെ ഇപ്പോഴത്തെ പലനേതാക്കളെയും ഇകഴ്ത്തുകയെന്ന ലക്ഷ്യത്തോടെ നവമാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചരണം ചടയന്റെ അന്ത്യകാലവുമായി ബന്ധപ്പെട്ടാണ്. രോഗശയ്യയില്‍ ചടയന്‍ വളരെ വിഷാദവാനായി കാണപ്പെട്ടപ്പോള്‍ കാരണമാരാഞ്ഞ ഡോ. എം കൃഷ്ണന്‍ നായരോട്( ആര്‍സിസി) ചടയന്‍ പറഞ്ഞതായി പറയുന്ന ഒരു കള്ളക്കഥ. ചടയന്റെ മക്കള്‍ക്കാര്‍ക്കും ജോലിയില്ലെന്നതാണാ കഥ. ഡോ.കൃഷ്ണന്‍ നായരുടെ പേരുപയോഗിച്ച് നടത്തുന്ന ദുഷ്പ്രചരണമാണത്. ചടയന്റെ മൂത്ത മകന്‍ സുരേന്ദ്രന്‍ കാല്‍നൂറ്റാണ്ടോളംകാലം മന്ത്രിമാരുടെയോ പ്രതിപക്ഷനേതാവിന്റെയോ സ്റ്റാഫില്‍ ജീവനക്കാരനായിരുന്നു. രണ്ടാമത്തെ മകന്‍ രാജന്‍ ഒരു സഹകരണ ബാങ്കില്‍ ജീവനക്കാരനായിരുന്നു. മൂന്നാമത്തെ മകന്‍ സത്യന്‍ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ജോലിയുണ്ടായിരുന്നത് രാജിവെച്ച് ഗള്‍ഫില്‍ പോവുകയായിരുന്നു. ഇളയ മകന്‍ സുഭാഷും ഗള്‍ഫില്‍തന്നെ.

ചടയന്‍ സ്മരണ@25; സിപിഎം 
സംഘടനാ ചരിത്രത്തിലെ സ്വാധീന ശക്തി
മറവി തൻ മാറിടത്തിൽ പ്രിയതാരം

സീതാറം യെച്ചൂരി നയിച്ച അഞ്ചംഗ സിപിഎം. പ്രതിനിധിസംഘത്തില്‍ അംഗമായി ചടയന്‍ ചൈന സന്ദര്‍ശിച്ചത് 1995-ലാണ്. അന്ന് സംസ്ഥാന സെക്രട്ടറിയായിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ എണ്‍പതുകളുടെ അവസാനം മുതല്‍തന്നേ പാര്‍ട്ടി സംസ്ഥാനകേന്ദ്രത്തിലെ പ്രധാന ചുമതലക്കാരന്‍ ചടയനായിരുന്നു. 12- ദിവസത്തെ പര്യടനംകഴിഞ്ഞുവന്ന ശേഷം അതിനെക്കുറിച്ച് വിശദീകരിച്ച് ലേഖനമെഴുതാന്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷില്‍ വളരെ പരിമിതമായ അറിവുമാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാല്‍ രേഖകള്‍ വായിച്ച് കൃത്യമായി മനസ്സിലാക്കി എഴുതുക വിഷമമാണെന്നതിനാല്‍ ചടയന്‍ മടി കാണിച്ചു. പിന്നീട് ദേശാഭിമാനിയില്‍നിന്ന് നിര്‍ബന്ധമുണ്ടായപ്പോള്‍ ചടയന്‍ സമ്മതിച്ചു. ചടയനുമായി സംസാരിച്ചും ചൈനയില്‍നിന്നും ലഭിച്ച രേഖകള്‍ വായിച്ചും യാത്രാവിവരണ പരമ്പര തയ്യാറാക്കാന്‍ ഈ ലേഖകനെയാണ് നിയോഗിച്ചത്. ചടയനുമായുള്ള അടുപ്പവും അതിനൊരു കാരണമാണ്. കോടിയേരിയാണ് എന്നെ വിളിച്ച് അക്കാര്യം പറഞ്ഞത്. പിന്നെ അന്ന് ദേശാഭിമാനി കണ്ണൂര്‍ മാനേജരായിരുന്ന പി ശശിയും. ഇംഗ്ലീഷ് നല്ലവിശമില്ലെങ്കിലും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ചടയന് സാധിച്ചിരുന്നുവെന്ന് അദ്ദേഹവുമായുള്ള ദീര്‍ഘസംഭാഷണത്തില്‍ മനസ്സിലായി.

ചൈനയുടെ പുരോഗതി കണ്ണഞ്ചിക്കുന്നതാണെങ്കിലും നിഷേധാത്മക പ്രവണതയേറെയേറെയാണെന്നാണ് ചടയന്‍ പറഞ്ഞത്. 1995- ആഗസ്റ്റ്-സെപ്‌റ്റംബറിലായി നാല് ലക്കം വാരാന്തത്തില്‍ വന്ന പരമ്പരയില്‍ ഒരിടത്ത് അദ്ദേഹം പറഞ്ഞു. ''അസമമായ വളര്‍ച്ച, വരുമാനത്തിലെ അന്തരം, വിതരണത്തിലെ വ്യത്യാസം എന്നിവ കാണാനുണ്ട്. പൊതുവേ എല്ലാവര്‍ക്കും ക്ഷേമം ഉറപ്പുവരുമ്പോള്‍ത്തന്നെ ചിലര്‍ക്ക് അമിതവേതനം കിട്ടുന്ന സ്ഥിതിയുണ്ട്. ഇത് ജീവിതനിലവാരത്തിലും മാറ്റമുണ്ടാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരന് അഥവാ തൊഴിലാളിക്ക് കിട്ടുന്ന വേതനവും വിദേശസംയുക്ത സ്ഥാപനത്തിലെ ജീവനക്കാരനോ തൊഴിലാളിക്കോ കിട്ടുന്ന വേതനവുമായി 15 , 20 മടങ്ങുവരെ വ്യത്യാസമുണ്ട്. വരുമാനത്തിലെ ഈ വമ്പിച്ച അന്തരം ജനങ്ങളില്‍ വലിയ വിഭാഗത്തെ പ്രലോഭനങ്ങളില്‍ കുടുക്കുന്നു'' -എന്നു തുടങ്ങിയ നിരീക്ഷണങ്ങളാണ് നടത്തിയത്.

ഒരാഴ്ചയോളം പട്‌നയില്‍ താമസിക്കേണ്ടിവന്ന ആ ഘട്ടത്തില്‍ ചടയനുമായി പലദിവസവും ദീര്‍ഘനേരം സംസാരിക്കുയുണ്ടായി. അന്ന് ദേശാഭിമാനിയുടെ പ്രതിനിധിയായി ഈ ലേഖനവും പട്നയിൽ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ അനുഭവിച്ച കൊടിയ ദാരിദ്ര്യത്തെക്കുറിച്ച് അപ്പോഴാണ് അയവിറക്കിയത്. വീട്ടില്‍ പപ്പടം കാച്ചിയതുപോലും നാട്ടില്‍ ചര്‍ച്ചയാകുന്നത്ര ദാരിദ്ര്യമായിരുന്നു നാട്ടില്‍.

1995-ല്‍ പട്‌നയില്‍ നടന്ന സിഐടിയു അഖിലേന്ത്യാസമ്മേളനത്തില്‍ ഉടനീളം ചടയന്‍ പങ്കെടുത്തിരുന്നു- കൈത്തറി തൊഴിലാളികളുടെ നേതാവെന്നനിലയില്‍ സിഐടിയു നേതൃനിരയില്‍ തുടക്കം മുതലേ അദ്ദേഹമുണ്ടായിരുന്നു. ഒരാഴ്ചയോളം പട്‌നയില്‍ താമസിക്കേണ്ടിവന്ന ആ ഘട്ടത്തില്‍ ചടയനുമായി ദിവസേന പലദിവസവും ദീര്‍ഘനേരം സംസാരിക്കുയുണ്ടായി. ചെറുപ്പത്തില്‍ അനുഭവിച്ച കൊടിയ ദാരിദ്ര്യത്തെക്കുറിച്ച് അപ്പോഴാണയവിറക്കിയത്. വീട്ടില്‍ പപ്പടം കാച്ചിയതുപോലും നാട്ടില്‍ ചര്‍ച്ചയാകുന്നത്ര ദാരിദ്ര്യമായിരുന്നു നാട്ടില്‍. അത്തരത്തില്‍ അക്കാലത്തും പില്‍ക്കാലത്തുമുണ്ടായ ചില ചില പ്രശ്‌നങ്ങള്‍.

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന യോഗങ്ങളിലെ ചര്‍ച്ചകള്‍ മുഴവന്‍ കേട്ട് ഒരുവരി പോലും കുറിപ്പെടുക്കാതെ എല്ലാ പോയന്റും പരമാര്‍ശിച്ചു മറുപടി പറഞ്ഞ് മണിക്കൂറുകളോളം പ്രസംഗിക്കുന്ന വൈഭവം ചടയനുണ്ടായിരുന്നു. കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള വൈഭവവും. ചടയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായത് സവിശേഷമായ ഒരു സാഹചര്യത്തിലാണ്. പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് പിളര്‍പ്പുവരെ സംഭവിച്ചേക്കാവുന്ന അവസ്ഥ. 1996-ലെനിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അപ്രതീക്ഷിതമായി പരാജയപ്പടുകയും മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ആരാകണം മുഖ്യമന്ത്രിയെന്ന് നിര്‍ദേശിക്കാന്‍ പി ബി തയ്യാറായില്ല. ജനാധിപത്യപരമായി തീരുമാനിക്കാന്‍ തീരുമാനം. നിയമസഭാംഗമല്ലാത്ത നായനാരും നിയമസഭാംഗമായ സുശീലാ ഗോപാലനും തമ്മില്‍ സംസ്ഥാന കമ്മറ്റിയില്‍ മത്സരം. ഒരു വോട്ടിന് നായനാര്‍ ജയിക്കുന്നു. നായനാര്‍ മുഖ്യമന്ത്രി. നായനാര്‍ ഒഴിവാകുന്ന സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ കെ എന്‍ രവീന്ദ്രനാഥിനെ വലിയ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി ചടയന്‍ തിരഞ്ഞെടുക്കപ്പെടുന്നു. അതോടെ വിഭാഗീയത കൂടുതല്‍ ശക്തിപ്പെടാന്‍ തുടങ്ങുന്നു.

ഇഎംഎസിന്റെ വിയോഗത്തോടെ സിപിഎമ്മിന്റെ കഥകഴിഞ്ഞുവെന്ന നിലയില്‍ അക്കാലത്ത് കൊണ്ടുപിടിച്ച പ്രചരണമുണ്ടായിരുന്നു

സംഘടനാപരമായ തകര്‍ച്ച സംഭവിക്കാതെ കഴിയാവുന്നത്ര എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ചടയന്റെ അശ്രാന്ത പരിശ്രമം. എന്നാല്‍ ചടയന് കടുത്ത അസുഖം ബാധിച്ചു. നേതൃരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തവിധം പ്രശ്‌നങ്ങള്‍. ചെന്നൈയിലും ഡല്‍ഹിയിലും ലണ്ടനിലുമായി ചികിത്സകള്‍. 1998- ജനുവരിയില്‍ പാലക്കാട്ട് സംസ്ഥാനസമ്മേളനം നടക്കുന്നതിന് രണ്ടോ മൂന്നോദിവസംമുമ്പുമാത്രമാണ് ആശുപത്രിയില്‍നിന്ന് വിടുതല്‍ നേടി ചടയന്‍ എത്തുന്നത്. സിപിഎം സംസ്ഥാന സമ്മേളനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ണീര്‍ വീണ സമ്മേളനം. സംഘടന പിടിച്ചെടുക്കുന്നതിനുള്ള മത്സരങ്ങള്‍. എം എ ലോറന്‍സും കെഎന്‍ രവീന്ദ്രനാഥുമടക്കം തോല്‍പ്പിക്കപ്പെട്ടു. ചടയനെയല്ലാതെ മറ്റാരെ സെക്രട്ടറിയാക്കിയാലും പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നതിനാല്‍ ചടയനെ ഏകകണ്ഠമായി സെക്രട്ടറിയായി തിരഞ്ഞെടുത്തു. അതിനുശേഷം വിഭാഗീയത രൂക്ഷമായതും സേവ് സിപിഎം ഫോറം സംഘടിപ്പിക്കപ്പെട്ടതും വി ബി ചെറിയാനെയും അപ്പുക്കുട്ടന്‍ വളളിക്കുന്നിനെയുമടക്കം പുറത്താക്കിയതും ചരിത്രം.

ആരാകണം മുഖ്യമന്ത്രിയെന്ന് നിര്‍ദേശിക്കാന്‍ പി ബി തയ്യാറായില്ല. ജനാധിപത്യപരമായി തീരുമാനിക്കാന്‍ തീരുമാനം. നിയമസഭാംഗമല്ലാത്ത നായനാരും നിയമസഭാംഗമായ സുശീലാ ഗോപാലനും തമ്മില്‍ സംസ്ഥാന കമ്മറ്റിയില്‍ മത്സരം

സമ്മേളനം കഴിഞ്ഞ് നാലുമാസത്തിന് ശേഷമാണെന്ന് തോന്നുന്നു, ചടയന്‍ ഒരാഴ്ചത്തെ വിശ്രമത്തിന് കമ്പിലെ വീട്ടിലെത്തി. തനിക്ക് കാര്യമായ രോഗമുണ്ടെന്ന തോന്നല്‍ ചടയനെ വിട്ടുമാറിയിരുന്നില്ല. പക്ഷേ തത്കാലം പ്രശ്‌നങ്ങളൊന്നുമില്ല. ആ വരവില്‍ ചടയന്‍ വിളിച്ചു- ബാലകൃഷ്ണന് തിരക്കില്ലെങ്കില്‍ വീട്ടിലേക്കു വാ...നമുക്ക് കുറേ സഖാക്കളെ കാണാനുണ്ട്, ഫോട്ടോഗ്രാഫറെയും കൂട്ടിക്കോളൂ.. അവരോടൊന്നിച്ചുള്ള ഫോട്ടോ എടുക്കണം...അങ്ങനെ ഞാനും ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ മോഹനനും കമ്പിലെ വീട്ടില്‍പോയി, അവിടെനിന്ന് ചടയന്റെ സഹപ്രവര്‍ത്തകരുടെ വീടുകളില്‍, പി സി മാധവന്‍ നായരടക്കമുള്ള സഖാക്കള്‍. തൊള്ളായിരത്ത് നാല്പത്തെട്ട് മുതല്‍ കുറേ വര്‍ഷക്കാലം ഒന്നിച്ചുപ്രവര്‍ത്തിച്ചവരുമായി പഴയ കാര്യങ്ങളെല്ലാം ചോദിച്ചും പറഞ്ഞും...

ഇഎംഎസ് അന്തരിച്ചിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളു. ഇഎംഎസിന്റെ വിയോഗത്തോടെ സിപിഎമ്മിന്റെ കഥകഴിഞ്ഞുവെന്ന നിലയില്‍ അക്കാലത്ത് കൊണ്ടുപിടിച്ച പ്രചരണമുണ്ടായിരുന്നു. ആ പ്രചരണത്തെ ചെറുക്കാതെ മുന്നോട്ടുപോകാനാവില്ലായിരുന്നു. അതുസംബന്ധിച്ച് ഒരു ലേഖനം തയ്യാറാക്കി പ്രിസിദ്ധപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന ചര്‍ച്ചയുണ്ടായി. ചടയന്‍ പറഞ്ഞുതന്ന പോയന്റുകള്‍വെച്ച് അത് തയ്യാറാക്കിനല്‍കി. ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിക്കും എന്ന പേരില്‍ അത് പ്രസിദ്ധപ്പെടുത്തി.

1998 സെപ്റ്റംബര്‍ ഒമ്പതിന് ആ ജീവിതത്തിന് തിരശ്ശീല വീണു. ചടയന്റെ രാഷ്ട്രീയജീവിതത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുന്ന ചെറിയ ഒരു ജീവചരിത്ര പ്രുസ്തകം ചടയന്‍ -തേരാളിയും പോരാളിയും എന്ന പേരില്‍ ഈ ലേഖകന്‍ തയ്യാറാക്കിയത് ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധപ്പെടുത്തിയത് ചടയന്റെ ഒന്നാം ചരമവാര്‍ഷികവേളയിലാണ്. പിണറായിയാണ് അതിന് അവതാരികയഴുതിയത്.

logo
The Fourth
www.thefourthnews.in