ഭ്രാന്തൻ തലകൊണ്ട് കഥകളെഴുതിയ ബഷീർ;
ആ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ട്...

ഭ്രാന്തൻ തലകൊണ്ട് കഥകളെഴുതിയ ബഷീർ; ആ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ട്...

കൃത്രിമമില്ലാത്ത തന്റെ വാമൊഴികളെ രചനയ്ക്കായി സ്വീകരിച്ചതായിരുന്നു ബഷീറിയൻ കഥകളുടെ മുഖമുദ്ര

ഏതൊരു മലയാളിയെയും അനായാസം വായനയിലേക്ക് കൈപിടിച്ചു കയറ്റിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീ‍ർ. ബേപ്പൂർ സുൽത്താനെന്ന് മലയാളികൾ ഏറെ സ്നേഹത്തോടെ വിളിക്കുകയും ഹൃദയത്തോട് ചേർക്കുകയും ചെയ്ത ബഷീർ, കഥാകൃത്തും നോവലിസ്റ്റും എന്നതിലുപരി സ്വാതന്ത്ര്യ സമരസേനാനി കൂടിയാണ്. തന്റേതായ വാക്കുകളും ശൈലികളും കൊണ്ട് അനുവാചകരെ വിസ്മയിപ്പിച്ച പ്രതിഭ. ആ രചനാ രീതി ബഷീറിയൻ ശൈലിയായി സാഹിത്യ ലോകം അടയാളപ്പെടുത്തി. നാട്ടുമൊഴിയിൽ കൃത്രിമമില്ലാതെ തന്റെ വാമൊഴികളെ രചനയ്ക്കായി സ്വീകരിച്ചതായിരുന്നു ബഷീറിയൻ കഥകളുടെ മുഖമുദ്ര.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ബഷീ‍‍റിനെ ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജയിലിലാക്കി. 1942 ൽ സർ സി പിയുടെ പോലീസ് അദ്ദേഹത്തെ തുറുങ്കിലടച്ചു. നോവലിസ്റ്റ് എന്ന പേരോടെയാണ് ജയിലിൽ നിന്നും ബഷീ‍ർ പുറത്ത് വരുന്നത്. 1942ൽ ജയിലിൽ കിടന്ന് അദ്ദേഹം എഴുതിയ നോവലായിരുന്നു 'പ്രേമലേഖനം'. സാറാമ്മയും കേശവൻ നായരും തമ്മിലുളള മതാതീത പ്രണയം മാത്രമായിരുന്നില്ല ബഷീർ പ്രേമലേഖനത്തിലൂടെ പറയാനായി ശ്രമിച്ചത്. വിദ്യാഭ്യാസം ആർജിക്കാനും നല്ല ശമ്പളമുളള ജോലി നേടാനും ഇഷ്ടപ്പെട്ട ഇണയോടൊത്ത് ജീവിക്കാനുമുളള അവകാശത്തെയും 'പ്രേമലേഖന'ത്തിലൂടെ അടയാളപ്പെടുത്തിയപ്പോൾ, ആധുനികതയെ മലയാളികൾക്ക് ബഷീർ പരിച‍യപ്പെടുത്തുകയായിരുന്നു.

ബഷീറിന്റെ കൃതികളിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുളള കൃതിയായി മാറിയതും ചർച്ച ചെയ്യപ്പെട്ടതും 1947ൽ പ്രസിദ്ധീകരിച്ച 'ശബ്ദങ്ങൾ' ആയിരുന്നു. ഒട്ടേറെ വിമർശനങ്ങൾക്ക് ശേഷമാണ് ശബ്ദങ്ങൾ പുറം ലോകം കണ്ടത്.

1944 ലാണ് ബഷീറിന്റെ 'ബാല്യകാലസഖി' വെളിച്ചം കാണുന്നത്. തനിക്ക് ചുറ്റുമുളള ജീവിതങ്ങളെ കഥയ്ക്ക് പ്രമേയമാക്കിയപ്പോൾ കഥാപാത്രങ്ങൾക്ക് ജീവനുണ്ടായത് ബഷീറിന്റെ സരളമായ ഭാഷാ പ്രയോഗം കൊണ്ടുകൂടിയാണ്. മജീദിനെയും സുഹറയെയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അത്രമാത്രം അനുവാചകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ബഷീറിന്റെ കൃതിയായിരുന്നു 'ബാല്യകാലസഖി'. അതേസമയം ബഷീറിന്റെ കൃതികളിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുളള കൃതിയായി മാറിയതും ചർച്ച ചെയ്യപ്പെട്ടതും 1947ൽ പ്രസിദ്ധീകരിച്ച 'ശബ്ദങ്ങൾ' ആയിരുന്നു. ഒട്ടേറെ വിമർശനങ്ങൾക്ക് ശേഷമാണ് 'ശബ്ദങ്ങൾ' പുറം ലോകം കണ്ടത്.

നർമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളായിരുന്നില്ല 'ശബ്ദങ്ങൾ' കൈകാര്യം ചെയ്തത്. നോവലിൽ അശ്ലീലം ഉണ്ടെന്നും പറഞ്ഞ് നോവൽ നിരോധിക്കുകയും ചെയ്തിരുന്നു. പിന്നെയുളള അഞ്ച് വർഷം ബഷീർ എഴുത്തിൽ നിന്നും വിട്ടുനിന്നു

യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം, സ്വവർഗരതി തുടങ്ങി രാഷ്ട്രീയ കാമ്പുളള വിഷയങ്ങളായിരുന്നു 'ശബ്ദങ്ങളി'ലൂടെ ബഷീർ വരച്ചിട്ടത്. ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. എഴുത്തുകാരനും സൈനികനും തമ്മിലുളള സംഭാഷണ രൂപത്തിലുളള ഈ കഥ പറച്ചിൽ രീതി അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമർശിക്കുന്നതായിരുന്നു. എന്നാൽ, 'ശബ്ദങ്ങൾ' ബഷീറിന്റെ മറ്റ് കൃതികളിൽ നിന്നും വ്യത്യസ്തമായിരുന്നു. നർമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളായിരുന്നില്ല 'ശബ്ദങ്ങൾ' കൈകാര്യം ചെയ്തത്. നോവലിൽ അശ്ലീലം ഉണ്ടെന്നാരോപിച്ച് നോവൽ നിരോധിക്കുകയും ചെയ്തു. പിന്നെയുളള അഞ്ച് വർഷം ബഷീർ എഴുത്തിൽ നിന്നും വിട്ടുനിന്നു.

1959ൽ 'പാത്തുമ്മയുടെ ആടി'ലൂടെയാണ് പിന്നെയുളള തിരിച്ച് വരവ്. തന്റെ കുടുംബത്തിന്റെ തന്നെ കഥയാണ് 'പാത്തുമ്മയുടെ ആടി'ലൂടെ ബഷീർ പറയുന്നത്. ഫലിതത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ബഷീർ കഴിഞ്ഞേ മറ്റാരുമുളളൂ എന്ന് കൈയ്യൊപ്പ് ചാർത്തിയ കൃതി. 'പാത്തുമ്മയുടെ ആട്' 'ശബ്ദങ്ങളെ'ന്ന കൃതി തിന്നുന്നത് വരെ ബഷീർ എഴുതിച്ചേർക്കുമ്പോൾ ആ പ്രതിഭയിലെ വിമർശകനെക്കൂടിയാണ് കാട്ടിത്തന്നത്.

1962 ആയപ്പോഴേക്കും ബഷീർ തന്റെ എഴുത്തിന്റെ സാമ്രാജ്യത്തെ കോഴിക്കോട്ടേക്ക് പറിച്ചുനട്ടു. അതോടെ വൈക്കം മുഹമ്മദ് ബഷീർ 'ബേപ്പൂർ സുൽത്താൻ' ആയി അറിയപ്പെടാൻ തുടങ്ങി

ഭ്രാന്ത് വരാനും യോഗ്യത വേണമെന്ന് കൽപ്പിച്ച എഴുത്തുകാരനാണ് ബഷീർ. ഉന്മാദം എത്രത്തോളം സർഗാത്മക രചനയ്ക്ക് സഹായകരമാകുമെന്ന് ബഷീറിന്റെ കൃതികള്‍ പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുളളൂ. ഭ്രാന്ത് വരുമ്പോൾ ബഷീർ നാടുവിട്ട് പോകാറാണ് പതിവ്. അങ്ങനെ ഇന്ത്യയുടെ മിക്കഭാഗങ്ങളിലും അറബിരാജ്യങ്ങളിലും ആഫ്രിക്കൻ തീരപ്രദേശങ്ങളിലും ബഷീർ ചുറ്റിസഞ്ചരിച്ചു. ജീവിക്കാനായി പല തൊഴിലുകളിലും ഏർപ്പെട്ടു. ഹൈന്ദവ സന്ന്യാസിമാരുടേയും സൂഫിവര്യന്മാരുടെയും കൂടെ കുറേക്കാലം കഴിച്ചുകൂട്ടി. അങ്ങനെ യാത്രകളിലൂടെ ജീവിതത്തിനും സർഗശേഷിക്കും പുതിയ മാനം തീർത്ത പ്രതിഭയാണ് ബഷീർ. ഒടുവിൽ 1962 ആയപ്പോഴേക്കും ബഷീർ തന്റെ എഴുത്തിന്റെ സാമ്രാജ്യത്തെ കോഴിക്കോട്ടേക്ക് പറിച്ചുനട്ടു. അതോടെ വൈക്കം മുഹമ്മദ് ബഷീർ 'ബേപ്പൂർ സുൽത്താൻ' ആയി അറിയപ്പെടാൻ തുടങ്ങി. മറ്റൊരർത്ഥത്തിൽ സാഹിത്യലോകത്തിന്റെ മുഴുവന്‍ സുൽത്താനായിരുന്നു ബഷീർ.

ഭാര്യ ഫാബിക്കൊപ്പം
ഭാര്യ ഫാബിക്കൊപ്പം

1965ൽ മതിലുകൾ പുറത്ത് വന്നപ്പോഴേക്കും ബഷീർ തന്റെ സാന്നിധ്യം സിനിമാരംഗത്തും അറിയിച്ചു. ബഷീറിന്റെ കഥയായ 'നീലവെളിച്ച'വും 'ഭാർഗ്ഗവീനിലയ'വും വെളളിത്തിരയിലും എത്തി. അടൂരിന്റെ വിരൽസ്പർശമേറ്റ് മതിലുകളും സിനിമയായതോടെ അതുവരെ ബഷീറിനെ വായിക്കാത്തവരും തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. ഇന്ന് ബഷീറിനെ അറിയാത്ത, വായിക്കാത്ത മലയാളികള്‍ വിരളമാണ്.

കുന്ത്രാപ്പി ബുസാട്ടോ, ഡ്രങ്ക്‌ ഡിങ്കാഹോ, ഹുലീ ഹലീയോ ഹുലി, ഹുലാലോ, ഹൻധോന്തു തുടങ്ങിയ വാക്കുകളും 'പാത്തുമ്മയുടെ ആട് പെറ്റു, ഡും' പോലുളള ശബ്ദപ്രയോഗങ്ങളും കൊണ്ട് ബഷീർ മലയാള സാഹിത്യത്തിൽ വേറിട്ട് നിന്നപ്പോൾ അത് വരെ നിലനിന്ന് പോന്നിരുന്ന വ്യാകരണത്തിന്റെ സവർണ പരിവേഷങ്ങളെയാണ് തന്റെ പ്രതിഭയിലൂടെ പൊളിച്ചടുക്കിയത്. ജീവിതത്തിന്റെ വ്യാകരണമാണ് തന്റെ രചനകൾക്ക് ആധാരമെന്ന് ബഷീർ സാഹിത്യലോകത്തെ മാടമ്പികളോട് ഉച്ചത്തിൽ വിളിച്ച് പറയാനും മടികാണിച്ചിരുന്നില്ല. നർമം തുളുമ്പുന്ന ഭാഷയ്ക്കുള്ളിൽ മർമസ്പർശിയായ വിമർശനങ്ങളെയും, കണ്ണീരിനെയും ബഷീർ കൊണ്ടുവന്നു. ഇന്നും മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാൻ കഴിയാത്ത ആ പ്രതിഭയുടെ അസാന്നിധ്യം നമുക്കനുഭവിക്കാന്‍ കഴിയും. അപ്പോഴും നാം വീണ്ടും വീണ്ടും ബഷീറിയൻ ഫലിതങ്ങൾ ഓർത്ത് ചിരിച്ചുകൊണ്ടേയിരിക്കുന്നു!

logo
The Fourth
www.thefourthnews.in