'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ

'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ

കളിക്കാരുമായുള്ള കെമിസ്ട്രിയാവണം ചാത്തുണ്ണിയെ വർഷങ്ങളോളം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഡിമാൻഡുള്ള പരിശീലകനാക്കി നിലനിർത്തിയത്.

കാഴ്ചയിൽ പരുക്കൻ, റഫ് ആൻഡ് ടഫ്. പക്ഷേ സംസാരിച്ചു തുടങ്ങിയാൽ ആ പരുക്കൻ എണീറ്റ് പൊടിയും തട്ടി സ്ഥലം വിടും. നർമബോധമുള്ള ഒരു ഗ്രാമീണൻ വന്നിരിക്കും അവിടെ. അസ്സൽ ചാലക്കുടിക്കാരൻ ചങ്ങാതി.

നമ്മുടെ ബംഗാളി പത്രലേഖകനുണ്ടോ ഇതു വല്ലതുമറിയുന്നു? ചാത്തുണ്യേട്ടനിലെ തമാശക്കാരനായ ആ ചങ്ങാതിയെയല്ല, ടി കെ ചാത്തുണ്ണി എന്ന കണ്ണിൽചോരയില്ലാത്ത ഫുട്ബാൾ കോച്ചിനെയാണ് അയാൾക്ക് കണ്ടും കേട്ടും ശീലം. കളിക്കളത്തിലെ സൈഡ് ബെഞ്ചിലിരുന്ന് മുഷ്ടി ചുരുട്ടി ആക്രോശിക്കുന്ന, പത്രസമ്മേളനങ്ങളിൽ പൊട്ടിത്തെറിക്കുന്ന, അഭിമുഖങ്ങളിൽ മനസ്സിൽ തോന്നുന്നതെന്തും മുഖം നോക്കാതെ വിളിച്ചുപറയുന്ന ഭീകരൻ.

ടി കെ ചാത്തുണ്ണി
ടി കെ ചാത്തുണ്ണി

"ചാത്തുന്നിദായുടെ ഒരു ഇന്റർവ്യൂ തരപ്പെടുത്തിത്തരണം," എന്ന അപേക്ഷയുമായി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പ്രസ് ഗ്യാലറിയിൽ വന്നുകണ്ടതായിരുന്നു ബംഗാളി ലേഖകൻ. അസാരം പരിഭ്രമമുണ്ട് മുഖത്ത്. നേരിട്ടുചെന്ന് ചോദിക്കയല്ലേ വേണ്ടൂ അദ്ദേഹം ഇന്റർവ്യൂ തരുമല്ലോയെന്ന് പറഞ്ഞപ്പോൾ ലേഖകന്റെ മറുപടി: "അയ്യോ, അത് പ്രശ്‌നമാകും. ആൾ മുൻകോപി ആണെന്നാണ് അറിവ്. പല റിപ്പോർട്ടർമാരെയും ചീത്തവിളിച്ച് ഇറക്കിവിട്ടിട്ടുണ്ടത്രേ. അറിഞ്ഞുകൊണ്ട് നമ്മൾ തലവെച്ചു കൊടുക്കേണ്ടല്ലോ. ഒരേ നാട്ടുകാരായതുകൊണ്ട് നിങ്ങൾ പറഞ്ഞാൽ അദ്ദേഹം സ്വഭാവം കുറച്ചൊന്നു മയപ്പെടുത്തിയേക്കാം..."

ഉള്ളിലൊരു ചിരിപൊട്ടിയെന്നത് സത്യം. യഥാർത്ഥ ചാത്തുണ്ണിയെ അറിയില്ലല്ലോ അയാൾക്ക്; ഇന്ത്യയൊട്ടുക്കും കറങ്ങിനടന്ന് വൻകിട ടീമുകളെ പരിശീലിപ്പിക്കുമ്പോഴും ശുദ്ധനായ ഒരു നാട്ടിൻപുറത്തുകാരനെ പോറലേൽക്കാതെ ഉള്ളിൽ കൊണ്ടുനടന്ന മ്മടെ ചാത്തുണ്യേട്ടനെ. റിപ്പോർട്ടർമാരെക്കാൾ കളിക്കാർക്കാണ് ആ ചാത്തുണ്ണിയെ അടുത്തു പരിചയം.

'അമർ മാരബാ തുമി ഹാരെ യാബേ'; ഇന്ത്യൻ ഫുട്‍ബോളിലെ ഒറ്റയാൻ
നിലപാടുകൾ എഡിറ്റ് ചെയ്യാത്ത ബി ആർ പി

ശബ്ദത്തിന്റെ ടോൺ കേട്ടാൽ മതി, ബംഗാളിക്കും പഞ്ചാബിക്കും ഗോവക്കാരനുമെല്ലാം എളുപ്പം പിടികിട്ടും ചാത്തുണ്യേട്ടൻ ഉദ്ദേശിച്ച കാര്യം. ഭാഷയുടെ അതിർവരമ്പൊക്കെ അതിന്റെ പാട്ടിനു പോകും. "എന്തുട്ട് കള്യാൺഡാ കളിക്കണെ നീയ്യ്," എന്ന് ചാത്തുണ്യേട്ടൻ ചോദിച്ചാൽ ആ ചോദ്യം അതിന്റെ സ്പിരിറ്റിലേ എടുക്കൂ ഇന്ത്യയിലെ ഏതു കളിക്കാരനും. "വെച്ചലക്കെടാ ശവീ" എന്ന ചാത്തുണ്യേട്ടന്റെ കൽപ്പന കേട്ടാൽ ഏതു നൈജീരിയക്കാരൻ ചീമ ഒകേരിയുടെ കാലുകളാണ് മുന്നോട്ടുകുതിക്കാതെ പോകുക? അല്ലെങ്കിലും ഗോളിനു ലോകത്തെ എല്ലാ ഭാഷയിലും ഒരൊറ്റ അർത്ഥമല്ലേ ഉള്ളൂ.

കളിക്കാരുമായുള്ള ഈ കെമിസ്ട്രിയാവണം (ലവ് ഹേറ്റ് റിലേഷൻഷിപ്പ് എന്നും പറയാം) ചാത്തുണ്ണിയെ വർഷങ്ങളോളം ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഡിമാൻഡുള്ള പരിശീലകനാക്കി നിലനിർത്തിയത്. പുകൾപെറ്റ മലയാളി കോച്ചുമാർ യഥേഷ്ടമുണ്ട് ചരിത്രത്തിൽ. ദേശീയടീമിനെ പരിശീലിപ്പിച്ചവർ വരെ. പക്ഷെ കൊൽക്കത്തയിലും ഗോവയിലുമൊക്കെ ചെന്ന് അവരുടെ സ്വന്തം തട്ടകത്തിൽ മഹാമേരുവായി വിലസിയ മലയാളി കോച്ചുമാർ വേറെയുണ്ടാവില്ല. കൊലകൊമ്പന്മാരായ മോഹൻ ബഗാനെ സൈഡ് ബെഞ്ചിലിരുന്ന് നിയന്ത്രിക്കാനും ദേശീയ ഫുട്ബാൾ ലീഗ് ചാമ്പ്യന്മാരാക്കാനും യോഗമുണ്ടായ മറ്റേത് മലയാളിയുണ്ട്? ബാനർജിമാരും ചാറ്റർജിമാരും ഭട്ടാചാർജിമാരും തൊട്ട് സർദാർജിമാർ വരെ ഒരു ചാലക്കുടിക്കാരന്റെ ചൊൽപ്പടിക്കുനിൽക്കുന്നതു കണ്ട ആ കാലത്തിന്റെ സാക്ഷിയാകാൻ കഴിഞ്ഞത് എന്നിലെ കളിയെഴുത്തുകാരന്റെ ഭാഗ്യം.

ഇന്ത്യൻ ഫുട്ബോളിൽ എന്നും ഒറ്റയാനായിരുന്നു ചാത്തുണ്ണി. കളിക്കളത്തിൽ അവസാനശ്വാസം വരെ വിയർപ്പൊഴുക്കാൻ മടിയില്ലാത്ത അസ്സൽ പോരാളി.

തീർന്നില്ല. "അമർ മാരബാ തുമി ഹാരെ യാബേ" (ഞങ്ങൾ നിങ്ങളെ അടിച്ചു പാളീസാക്കും മക്കളേ) എന്ന് തൊണ്ട പൊട്ടുമാറ് ആർത്തുവിളിച്ചുകൊണ്ടിരുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ഒന്നേകാൽ ലക്ഷം ആരാധകർക്ക് മുന്നിൽ സാക്ഷാൽ ഈസ്റ്റ് ബംഗാളിനെ നാണം കെടുത്തിക്കൊണ്ട് സാൽഗോക്കറിനെ ഐതിഹാസികമായ ഫെഡറേഷൻ കപ്പ് വിജയത്തിലേക്ക് നയിച്ച മറ്റേത് കോച്ചുണ്ട്?

ജോർജ് റോസ്മൊണ്ട്, പീറ്റർ തങ്കരാജ്, ഭരതൻ,ബെർണാഡ് പെരെയ്‌ര എന്നിവർക്കൊപ്പം ടികെ ചാത്തുണ്ണി
ജോർജ് റോസ്മൊണ്ട്, പീറ്റർ തങ്കരാജ്, ഭരതൻ,ബെർണാഡ് പെരെയ്‌ര എന്നിവർക്കൊപ്പം ടികെ ചാത്തുണ്ണി

ഇന്ത്യൻ ഫുട്ബോളിൽ എന്നും ഒറ്റയാനായിരുന്നു ചാത്തുണ്ണി. കളിക്കളത്തിൽ അവസാനശ്വാസം വരെ വിയർപ്പൊഴുക്കാൻ മടിയില്ലാത്ത അസ്സൽ പോരാളി. നാടൻ ഭാഷയിൽ 'കുപ്പിക്കണ്ടം'. ടെക്സ്റ്റ് ബുക്ക് തന്ത്രങ്ങൾക്കുറത്തായിരുന്നു ചാത്തുണ്ണിയുടെ ഡിഫൻസീവ് ടാക്റ്റിക്സ്. കരുത്തരായ ആർ എ സി ബിക്കാനീറിനെതിരെ വാസ്കോ ഗോവക്ക് കളിക്കുമ്പോൾ ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും ആപൽക്കാരിയായ സ്‌ട്രൈക്കർ മഗൻസിങ്ങിനെ 90 മിനുട്ട് നേരം അനങ്ങാൻ വിടാതെ തളച്ചു നിർത്തിയ കഥ ആവേശപൂർവം അദ്ദേഹം വിവരിച്ചു കേട്ടിട്ടുണ്ട്. എ-ബി-സി-ഡി എന്ന് വിഖ്യാതമായ ആൻഡ്രൂ-- ബെർണാഡ്-ഡൊമിനിക്-- കറ്റാവോ സഖ്യം വാസ്‌കോയുടെ മുന്നേറ്റനിരയിൽ ജ്വലിച്ചു നിൽക്കുന്ന സമയം. പക്ഷേ അന്നത്തെ പോരാട്ടം മഗൻ സിംഗും ചാത്തുണ്ണിയും തമ്മിലായിരുന്നു. ജയിച്ചത് ചാത്തുണ്ണിയും.

വിജയലഹരിയിൽ ഇരമ്പിമറിയുന്ന സാൾട്ട്ലേക്ക് സ്റ്റേഡിയം ഗാലറികൾക്ക് മുന്നിൽ നമ്രശീർഷനായി നിൽക്കുന്ന ചാത്തുണ്ണിയെ കണ്ടിട്ടുണ്ട്. സ്വന്തം ചോരയ്ക്കുവേണ്ടി ആർത്തുവിളിക്കുന്ന ഗാലറികൾക്കു മുന്നിൽ പരാജയഭാരവുമായി നിൽക്കുന്ന ചാത്തുണ്ണിയേയും. രണ്ടു ചാത്തുണ്ണിമാർക്കും ഒരേ ഭാവം, ഒരേ വികാരം. അമിതാഹ്ളാദമില്ല; അമിതമായ നിരാശയും. "കളിക്കാരൻ എന്ന നിലയിലും കോച്ച് എന്ന നിലയിലും വിജയപരാജയങ്ങൾ ഒരുപോലെ നേരിടാൻ എന്നെ പഠിപ്പിച്ചത് ഫുട്ബോൾ ജീവിതമാണ്," ചാത്തുണ്ണി ഒരിക്കൽ പറഞ്ഞു. "അതുകൊണ്ടു തന്നെ വിജയങ്ങളിൽ മതിമറക്കാറില്ല. തിരിച്ചടികളിൽ പതറുന്ന ശീലവുമില്ല. എന്തിനെയും ഏതിനെയും സമചിത്തതയോടെ, പോസിറ്റിവ് ആയി കാണാൻ കഴിയുന്നത് എന്റെ ഭാഗ്യം."

ഫുട്‍ബോളിന്റെയും എന്ന് കൂട്ടിച്ചേർക്കണം നാം.

logo
The Fourth
www.thefourthnews.in