ആദ്യം പേരക്കുട്ടിയടക്കമുള്ളവരെ, ഇപ്പോള്‍ മകനെയും ഇസ്രയേല്‍ കൊന്നു; മാധ്യമ പ്രവര്‍ത്തനത്തിനായി വാഇല്‍ ദഹ്ദൂഹിന്റെ ജീവിതം

ആദ്യം പേരക്കുട്ടിയടക്കമുള്ളവരെ, ഇപ്പോള്‍ മകനെയും ഇസ്രയേല്‍ കൊന്നു; മാധ്യമ പ്രവര്‍ത്തനത്തിനായി വാഇല്‍ ദഹ്ദൂഹിന്റെ ജീവിതം

ഒരു ദുരന്ത നായകപരിവേഷം നല്‍കി ഒഴിവാക്കാവുന്ന പേരല്ല ദഹ്ദൂഹ്. അയാള്‍ തന്റെ ജീവിതത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക
ഒരു വേദനകള്‍ക്കും ഞങ്ങളെ തടയാനാകില്ല. ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും
വാഇല്‍ ദഹ്ദൂഹ്

വായിച്ചറിയുന്നതോ പറഞ്ഞ് കേള്‍ക്കുന്നതോ ആയ പല കാര്യങ്ങളും ഒരാള്‍ ചിന്തിക്കുന്നതിനും അപ്പുറമാണെങ്കില്‍ ചിലപ്പോള്‍ അതൊരു കെട്ടുകഥ മാത്രമായി അനുഭവപ്പെടാറുണ്ട്. അങ്ങനെയൊരു അവിശ്വസനീയമായ കഥയാണ് വാഇല്‍ ദഹ്ദൂഹിന്റേത്. കുടുംബത്തെ മുഴുവന്‍ ഇസ്രയേല്‍ സേന കവര്‍ന്നെടുത്തിട്ടും അചഞ്ചലമായ മനോധൈര്യത്താല്‍ ഗാസയിലെ യുദ്ധഭൂമിയില്‍ അക്ഷോഭ്യനായി മാധ്യമപ്രവര്‍ത്തനം തുടരുന്ന മാധ്യമപ്രവര്‍ത്തകന്‍. കുടുംബത്തിലെ ഒട്ടേറെ പേരെ ഇസ്രയേല്‍ അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളില്‍ ദഹ്ദൂഹിന് നഷ്ടമായി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മകനെയും.

ഇസ്രയേലി യുദ്ധത്തിന്റെ വാര്‍ത്തകള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ അറബി കാഴ്ചക്കാര്‍ക്കായി എത്തിക്കുന്ന അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫും 24 മണിക്കൂര്‍ കവറേജിന്റെ മുഖവുമാണ് വാഇല്‍ ദഹ്ദൂഹ്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഇസ്രയേല്‍ ആക്രമണങ്ങളുടെ നേര്‍ചിത്രം പുറം ലോകത്തെത്തിക്കുക എന്ന നിശ്ചയ ദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളാണ് വാഇല്‍. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് നഷ്ടമായത് ഏറ്റവും ഉറ്റവരായ കുടുംബത്തെയാണ്. ഒക്ടോബറില്‍ ഭാര്യയും രണ്ടുമക്കളും പേരക്കുട്ടിയുമടക്കം നാലുപേര്‍ ഒരൊറ്റ ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം തന്റെ പ്രാണനായിരുന്ന മകന്‍ ഹംസ ദഹ്ദൂഹും ബോംബാക്രമണത്തില്‍ നഷ്ടമായി. അല്‍ജസീറയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയായിരുന്നു ഹംസ.

ഒരു ദുരന്ത നായകപരിവേഷം നല്‍കി ഒഴിവാക്കാവുന്ന പേരല്ല ദഹ്ദൂഹ്. അയാള്‍ തന്റെ ജീവിതത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക

ഗാസയില്‍നിന്ന് ലൈവായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ടവര്‍ കൊല്ലപ്പെട്ട വിവരം വാഇല്‍ അറിയുന്നത്. അന്ന് കൊല്ലപ്പെട്ടവരില്‍ വാഇല്‍-ന്റെ ഒന്നരവയസുള്ള പേരക്കുട്ടിയുമുണ്ടായിരുന്നു. അവരെ വന്നുകണ്ട് അന്ത്യകര്‍മങ്ങള്‍ എല്ലാം നടത്തി, തൊട്ടടുത്ത ദിവസംമൈക്കുമേന്തി തന്റെ ജനതയുടെ വേദന വിളിച്ചുപറയാന്‍ വാഇല്‍ ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഗാസ ഇത്രവലിയ ദുരിതമനുഭവിക്കുമ്പോള്‍ വെറുതെ ഇരിക്കാന്‍ കഴിയില്ലെന്നായിരുന്നു വാഇല്‍ ദഹ്ദൂഹ് കുടുംബാംഗങ്ങളുടെ മരണശേഷം നല്‍കിയ ആദ്യ ലൈവില്‍ പറഞ്ഞത്.

ആദ്യം പേരക്കുട്ടിയടക്കമുള്ളവരെ, ഇപ്പോള്‍ മകനെയും ഇസ്രയേല്‍ കൊന്നു; മാധ്യമ പ്രവര്‍ത്തനത്തിനായി വാഇല്‍ ദഹ്ദൂഹിന്റെ ജീവിതം
'പലസ്തീനികൾ പരീക്ഷണ വസ്തുക്കൾ, ഗാസ ആയുധ പ്രദർശന വേദി'; ആയുധക്കച്ചവടത്തിലെ ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ ഫോർമുല

നൊമ്പരത്തിന്റെ ആ മുറിവൊന്ന് ഉണങ്ങും മുന്‍പാണ് ഇസ്രയേലി ഷെല്ലുകള്‍ വാഇലിനെയും തേടി വന്നത്. അന്ന് അദ്ദേഹത്തിന്റെ കണ്മുന്നില്‍ ചോരവാര്‍ന്ന് മരിച്ചത് കൂടെ എപ്പോഴുമുണ്ടായിരുന്ന കാമറമാന്‍ സമെര്‍ അബു ധക്ക ആയിരുന്നു. ആക്രമണത്തില്‍ വാഇലിനും പരുക്കേറ്റിരുന്നു. അവിടെനിന്നും മുക്തി നേടി വീണ്ടുമെത്തിയപ്പോള്‍ വീണ്ടും ഹൃദയഭേദകമായ വാര്‍ത്ത. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു ഹംസ അല്‍-ദഹ്ദൂഹ് കൊല്ലപ്പെട്ടത്. എന്നാല്‍ പിന്നെയും വാഇല്‍ പഴയ ആ പല്ലവി ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. 'ജനത ജീവനായി പായുമ്പോള്‍ വെറുതെ ഇരിക്കാനാകില്ല'. ഓരോ പലസ്തീനിയെയും പോലെ പിറന്ന നാടിന് വേണ്ടിയുള്ള അനശ്വരമായ പോരാട്ടവീര്യമാണ് 53 കാരനായ വാഇലിനും.

ഒരു ദുരന്ത നായകപരിവേഷം നല്‍കി ഒഴിവാക്കാവുന്ന പേരല്ല ദഹ്ദൂഹ്. മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെയായി അയാള്‍ തന്റെ ജീവിതത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക. ഇതിനോടകം 70 മാധ്യമപ്രവര്‍ത്തകരാണ് ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്. എന്നിട്ടും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരെയോ ഐക്യരാഷ്ട്ര സഭയെയോ ഒന്നും എവിടെയും കാണാനില്ല. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് പലവിധ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും എവിടെയും ഇസ്രയേലിനെതിരെ നടപടികളൊന്നും ഉണ്ടാവുന്നതായി അറിയുന്നില്ല. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് പറയുന്ന രാജ്യങ്ങള്‍ നിശബ്ദത തുടരുന്നു.

logo
The Fourth
www.thefourthnews.in