മൃതദേഹത്തെയും തടവിലിടുന്ന ഇസ്രയേൽ; ആരാണ് വാലിദ് ദഖ?

പലസ്തീന്‍ തടവുകാരോട് സയണിസ്റ്റ് ഭരണകൂടം ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രമാണ് വാലിദ് ദഖയുടെ ജീവിതം

തടവുകാലം പൂർത്തിയായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജയിലിൽ കിടന്ന് മരിച്ചിട്ടും മൃതദേഹം കുടുംബത്തിന് കൈമാറാത്തൊരു ഭരണകൂടമുണ്ട്, അതാണ് ഇസ്രയേൽ. പലസ്തീൻ വിമോചനത്തിന് വേണ്ടി പോരാടിയ എഴുത്തുകാരൻ വാലിദ് ദഖയുടെ ചേതനയറ്റ ശരീരമാണ് സയണിസ്റ്റ് ഭരണകൂടം ഇപ്പോഴും ഇസ്രയേലില്‍ പിടിച്ചുവച്ചിരിക്കുന്നത്.

2024 ഏപ്രില്‍ ഏഴിന് മരിച്ച ആ മനുഷ്യന്റെ ജീവനറ്റ ശരീരം ശിക്ഷ കാലാവധി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ ഇന്നു ഈ നിമിഷവും ഇസ്രയേല്‍ തടവിലാണ്.

ആരാണ് വാലിദ് ദഖ ?

ഒരു ഇസ്രയേല്‍ സൈനികന്‍ കൊലചെയ്യപ്പെട്ട കേസില്‍ 1986-ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വാലിദ് ദഖയ്ക്ക് പ്രായം വെറും 24 വയസായിരുന്നു. തീവ്ര ഇടതുപക്ഷ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്‌ ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ ആയിരുന്നു ഇസ്രയേലി സൈനികന്റെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വാലിദ് ദഖയ്ക്ക് ഇതില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്താന്‍ ഒരിക്കല്‍ പോലും ഇസ്രയേലിന് കഴിഞ്ഞിട്ടില്ല.

സംഘടനയുടെ ഭാഗമായി ഉത്തരവുകള്‍ കൈമാറി എന്നാണ് വാലിദിനെ തുറുങ്കിലടയ്‌ക്കാന്‍ സയണിസ്റ്റ് ഭരണകൂടം പറഞ്ഞ ന്യായീകരണം. അങ്ങനെ വാലിദിനെ ജീവപര്യന്തം ശിക്ഷിച്ചു. വാലിദ് പുനരന്വേഷണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. വാലിദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗോളതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

2012-ലെ, കടുത്ത ജനകീയ സമരത്തിനൊടുവില്‍, വാലിദിന്റെയും കേസിലെ മറ്റ് കുറ്റാരോപിതരുടെയും ശിക്ഷ 37 വര്‍ഷമായി കുറച്ചു. ജയിലറയ്‌ക്കുള്ളില്‍ ഇസ്രയേലി സൈനികരുടെ കൊടിയ മര്‍ദ്ദന മുറകള്‍ക്കും മാനസിക പീഡനങ്ങള്‍ക്കുമാണ് വാലിദ് ഉള്‍പ്പെടെയുള്ളവര്‍ അക്കാലത്ത് ഇരയായത്.

പലസ്തീന്‍ തടവുകാരോട് സയണിസ്റ്റ് ഭരണകൂടം ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ ചിത്രമാണ് വാലിദ് ദഖയുടെ ജീവിതം

2022ല്‍ അസ്ഥി മജ്ജയില്‍ പടര്‍ന്നുപിടിക്കുന്ന അത്യപൂര്‍വ കാന്‍സര്‍ വാലിദിനുണ്ടെന്ന് കണ്ടെത്തിയെങ്കിലും ആവശ്യമായ ചികിത്സ നല്‍കാന്‍ പോലും ജയില്‍ അധികൃതര്‍ തയാറായിരുന്നില്ല. ഏറ്റവുമൊടുവില്‍ ജയിലിലേക്ക് ഫോണ്‍ കടത്തിയെന്ന പേരില്‍ 2023ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന വാലിദിന്റെ ശിക്ഷ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടുകയും ചെയ്തു.

സനാ സലാമ, മിലാദ്
സനാ സലാമ, മിലാദ്

1999-ല്‍, ജയിലില്‍ ആയിരിക്കുമ്പോള്‍ തന്നെയാണ് അഭിഭാഷകയായ സനാ സലാമയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ദാമ്പത്യ സന്ദര്‍ശനവും സന്താനോല്പാദനത്തിനുള്ള അവസരവും ഇസ്രയേലി നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കിലും വാലിദിന്റെ കാര്യത്തില്‍ അതെല്ലാം മാറിനിന്നു. പലസ്തീനിലെ പല തടവുകാരെയും പോലെ ബീജം കടത്തല്‍ വഴിയാണ് ഒടുവില്‍ സനയ്ക്കും വാലിദിനും കുട്ടിജനിക്കുന്നത്. അവള്‍ക്ക് അവര്‍ ജനനം എന്നര്‍ത്ഥം വരുന്ന 'മിലാദ്' എന്ന പേരും നല്‍കി.

ജയിലില്‍ കഴിയവേ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് വാലിദ് പോരാടിക്കൊണ്ടേടെയിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്തകളും കത്തുകളും കുട്ടികള്‍ക്കായുള്ള നോവലുകളും ഇന്നും ജീവിക്കുന്നു.

'കാലത്തിന്റെ തരിമ്പും വിട്ടുവീഴ്ചയില്ലാത്ത മുന്നേറ്റത്തെ ആര്‍ക്ക് തടയാനാകും?

എന്തുകൊണ്ടെന്നാല്‍ ഇറ്റുവീണില്ലാതാകുന്നത് വെറും നിമിഷങ്ങള്‍ മാത്രമല്ല,

എന്റെ ജീവിതരക്തം തന്നെയാണ്. പറന്നുയരുന്നത് നാഴികമണിയുടെ കാര്യങ്ങള്‍ മാത്രമല്ല,

എന്റെ സഖാക്കളുടെ ആത്മാക്കളാണ്

അദ്ദേഹത്തിന്റെ ഇത്തരം വാക്കുകള്‍ ഇന്ന് പലസ്തീന്‍ പോരാട്ടത്തിന് പകരുന്ന ഊര്‍ജ്ജം ചെറുതല്ല '

മൃതദേഹത്തെയും തടവിലിടുന്ന ഇസ്രയേൽ; ആരാണ് വാലിദ് ദഖ?
വിദേശത്തെ അപകടങ്ങളിൽ എന്തുകൊണ്ട് മലയാളികൾ കൂടുതലായി മരിക്കുന്നു?

ഇസ്രയേല്‍ നടപ്പിലാക്കുന്ന സ്ലോ കില്ലിങ്

പലസ്തീന്‍ തടവുകാരോട് സയണിസ്റ്റ് ഭരണകൂടം ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രമാണ് വാലിദ് ദഖയുടെ ജീവിതം. നീണ്ട 38 വര്‍ഷം തടവറകള്‍ക്കുള്ളില്‍ മാത്രമായി കഴിച്ച് കൂട്ടിയ ആളാണ് വാലിദ്. അടിയന്തിര അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് ശേഷം പോലും വാലിദിന് വിദഗ്ധ ചികിത്സ നല്‍കാനോ അദ്ദേഹത്തെ പുറത്ത് വിടാനോ ഇസ്രയേല്‍ തയാറായില്ല. മനപ്പൂര്‍വ്വം, വളരെ പതുക്കെ അവര്‍ വാലിദിനെ മരണത്തിന് വിട്ടുകൊടുത്തു. മതിയായ വൈദ്യസഹായം കൂടാതെ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് അദ്ദേഹം അവസാന കാലം കഴിച്ച് കൂട്ടുന്നു എന്നവര്‍ ഉറപ്പുവരുത്തി.

മരണം പോലും ഇസ്രയേല്‍ ഭരണകൂടം വാലിദിന്റെ കുടുംബാംഗങ്ങളില്‍നിന്നും മറച്ചുപിടിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആശുപത്രിവാസവും മരണവും അവര്‍ അറിഞ്ഞത്. അദ്ദേഹത്തിന്റെ വീടിന് പുറത്ത് സ്ഥാപിച്ച വിലാപ കൂടാരം പോലും പോലീസ് അക്രമാസക്തമായി തകര്‍ത്തെറിഞ്ഞു. വാലിദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഓരോരുത്തരും ഇന്നും വേട്ടയാടപ്പെടുന്നു. നിലവില്‍ ഹമാസുമായുള്ള ബന്ദി കൈമാറ്റ ഇടപാടില്‍ ഒരു പിടിവള്ളിയെന്ന പോലെ വാലിദിന്റെ മൃതദേഹം കൈവശം വച്ചിരിക്കുകയാണ് സയണിസ്‌റ് ഭരണകൂടം.

logo
The Fourth
www.thefourthnews.in